ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്താൽ ജീവിക്കൽ
ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്താൽ ജീവിക്കൽ
“ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു.”—യെശയ്യാവു 46:9, 10.
1, 2. ഭൂമിയിലെ കാര്യങ്ങളിലുള്ള ദൈവത്തിന്റെ ഉൾപ്പെടൽ സംബന്ധിച്ച വ്യത്യസ്തങ്ങളായ ചില വീക്ഷണങ്ങൾ ഏവ?
ഭൂമിയിലെ കാര്യങ്ങളിൽ ദൈവം എത്രമാത്രം ഉൾപ്പെടുന്നു? അതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അവൻ ഉൾപ്പെടുന്നതേ ഇല്ല എന്നതാണ് ഒരു വീക്ഷണം. അതനുസരിച്ച്, മനുഷ്യരെ സൃഷ്ടിച്ച ശേഷം അവർക്കു വേണ്ടി പ്രവർത്തിക്കാൻ അവന് ഒന്നുകിൽ മനസ്സില്ല അല്ലെങ്കിൽ പ്രാപ്തിയില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തന്റെ പുത്രനെ ഒരു പുതിയ സൈക്കിളിൽ നേരെ ഇരുത്തിയിട്ട് ഇറക്കത്തിലേക്കു തള്ളിവിടുന്ന ഒരു പിതാവിനെ പോലെയാണ് ദൈവം. തള്ളിവിട്ട ശേഷം പിതാവ് നടന്നകലുന്നു. കുട്ടി സ്വന്തമായി സൈക്കിൾ ഓടിക്കണം; അവൻ വീണേക്കാം, വീഴാതിരുന്നേക്കാം. എന്തു സംഭവിച്ചാലും, സംഗതി പിതാവിന്റെ നിയന്ത്രണത്തിന് അതീതമാണ്.
2 നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സജീവമായി നയിച്ചുകൊണ്ട് ദൈവം തന്റെ സൃഷ്ടികളെ ബാധിക്കുന്ന ഓരോ സംഭവത്തിലും നേരിട്ട് ഉൾപ്പെടുന്നു എന്നതാണു മറ്റൊരു വീക്ഷണം. എന്നാൽ അതു ശരിയാണെങ്കിൽ, നല്ല കാര്യങ്ങൾ മാത്രമല്ല മറിച്ച് മനുഷ്യവർഗത്തിനു യാതന ഉളവാക്കുന്ന കുറ്റകൃത്യവും ദുരന്തവുമൊക്കെ ദൈവം വരുത്തുന്നതാണെന്നു ചിലർ നിഗമനം ചെയ്യും. ദൈവത്തിന്റെ ഇടപെടലുകൾ സംബന്ധിച്ച സത്യം അറിയുന്നത് അവനിൽനിന്ന് എന്തു പ്രതീക്ഷിക്കാമെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. അവന്റെ വാഗ്ദാനങ്ങളുടെ സുനിശ്ചിത നിവൃത്തിയിലുള്ള നമ്മുടെ വിശ്വാസത്തെ അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യും.—എബ്രായർ 11:1.
3. (എ) യഹോവ ഉദ്ദേശ്യമുള്ള ഒരു ദൈവമാണെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) യഹോവ തന്റെ ഉദ്ദേശ്യത്തെ ‘രൂപപ്പെടുത്തുക’യോ ‘വാർത്തെടുക്കുക’യോ ചെയ്യുന്നുവെന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
3 മാനുഷ കാര്യങ്ങളിലുള്ള ദൈവത്തിന്റെ ഉൾപ്പെടൽ സംബന്ധിച്ച ചോദ്യത്തിൽ, പരിഗണിക്കേണ്ട മുഖ്യ സംഗതി യഹോവ ഉദ്ദേശ്യമുള്ള ഒരു ദൈവമാണ് എന്ന വസ്തുതയാണ്. ആ വസ്തുത അവന്റെ പേരിൽത്തന്നെ അടങ്ങിയിരിക്കുന്നു. “യഹോവ” എന്നാൽ “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ് അർഥം. ക്രമാനുഗതമായ നടപടികളിലൂടെ യഹോവ തന്നെത്തന്നെ തന്റെ സകല വാഗ്ദാനങ്ങളും നിവർത്തിക്കുന്നവൻ ആക്കിത്തീർക്കുന്നു. തത്ഫലമായി, ഭാവി സംഭവങ്ങളോടോ പ്രവർത്തനങ്ങളോടോ ബന്ധപ്പെട്ട തന്റെ ഉദ്ദേശ്യങ്ങൾ അവൻ ‘രൂപപ്പെടുത്തുക’യോ ‘വാർത്തെടുക്കുക’യോ ചെയ്യുന്നതായി പറയപ്പെട്ടിരിക്കുന്നു. (2 രാജാക്കന്മാർ 19:25; യെശയ്യാവു 46:11; NW) “കുശവൻ” എന്ന് അർഥമുള്ള വാക്കിനോടു ബന്ധപ്പെട്ട യാറ്റ്സാർ എന്ന എബ്രായ വാക്കിൽ നിന്നാണ് ഈ പദപ്രയോഗങ്ങൾ ഉണ്ടായിരിക്കുന്നത്. (യിരെമ്യാവു 18:4) വിദഗ്ധനായ ഒരു കുശവന് കളിമണ്ണിനെ മനോഹരമായൊരു അലങ്കാരപാത്രമായി രൂപപ്പെടുത്താൻ സാധിക്കുന്നതു പോലെ, യഹോവയ്ക്കു തന്റെ ഹിതം നിറവേറ്റാനായി കാര്യങ്ങളെ രൂപപ്പെടുത്താനോ വിദഗ്ധമായി കൈകാര്യം ചെയ്യാനോ സാധിക്കും.—എഫെസ്യർ 1:11.
4. യഹോവ ഭൂമിയെ മനുഷ്യ നിവാസത്തിനായി ഒരുക്കിയത് എങ്ങനെ?
4 ദൃഷ്ടാന്തത്തിന്, അനുസരണമുള്ള പൂർണ മനുഷ്യർ നിവസിക്കുന്ന അതിവിശിഷ്ട സൗന്ദര്യത്തിന്റെ ഒരു സ്ഥലമായിരിക്കണം ഭൂമിയെന്ന് ദൈവം ഉദ്ദേശിച്ചിരുന്നു. (യെശയ്യാവു 45:18) ആദ്യ പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുന്നതിനു വളരെ മുമ്പ് യഹോവ അവർക്കു വേണ്ടി സ്നേഹപൂർവകമായ ഒരുക്കങ്ങൾ ചെയ്തു. യഹോവ രാവും പകലും, കരയും കടലും ഉളവാക്കിയത് എങ്ങനെയെന്ന് ഉല്പത്തി പുസ്തകത്തിന്റെ പ്രാരംഭ അധ്യായങ്ങൾ വിവരിക്കുന്നു. അടുത്തതായി, അവൻ സസ്യ-മൃഗജാലങ്ങളെ സൃഷ്ടിച്ചു. മനുഷ്യ നിവാസത്തിനു വേണ്ടി ഭൂമിയെ ഇപ്രകാരം ഒരുക്കാൻ ആയിരക്കണക്കിനു വർഷങ്ങൾ എടുത്തു. ആ പദ്ധതി വിജയകരമായി പൂർത്തിയായി. ആദ്യ പുരുഷനും സ്ത്രീയും തങ്ങൾക്കു ജീവിതം ആസ്വദിക്കാൻ ആവശ്യമായ സകലതും ഉണ്ടായിരുന്ന ഉല്ലാസപ്രദമായ ഒരു പറുദീസയിൽ, ഏദെനിൽ, ജീവിതം ആരംഭിച്ചു. (ഉല്പത്തി 1:31) യഹോവ അങ്ങനെ തന്റെ പ്രവർത്തനങ്ങളെ തന്റെ ഉത്കൃഷ്ട ഉദ്ദേശ്യത്തിന് അനുസൃതമായി രൂപപ്പെടുത്തിക്കൊണ്ട് ഭൂമിയിലെ കാര്യങ്ങളിൽ നേരിട്ട് ഉൾപ്പെടുകയായിരുന്നു. എന്നാൽ മനുഷ്യ കുടുംബം വലുതായപ്പോൾ അവന്റെ ഉൾപ്പെടലിനു മാറ്റം വന്നോ?
യഹോവ മനുഷ്യരോടുള്ള തന്റെ ഇടപെടലുകൾ പരിമിതപ്പെടുത്തുന്നു
5, 6. മനുഷ്യരുമായുള്ള ഇടപെടലുകളെ ദൈവം പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ട്?
5 മാനുഷ പ്രവർത്തനത്തിന്റെ സകല വിശദാംശങ്ങളെയും നയിക്കാനും നിയന്ത്രിക്കാനുമുള്ള പ്രാപ്തി യഹോവയ്ക്ക് ഉണ്ടെങ്കിലും അവൻ അപ്രകാരം ചെയ്യുന്നില്ല. അതിനു ചില കാരണങ്ങൾ ഉണ്ട്. ദൈവം മനുഷ്യരെ സൃഷ്ടിച്ചത് തന്റെ പ്രതിച്ഛായയിൽ, ഇച്ഛാസ്വാതന്ത്ര്യവും ധാർമികസ്വാതന്ത്യവും ഉള്ളവരായിട്ടാണ് എന്നതാണ് ഒരു കാരണം. തന്റെ കൽപ്പനകൾ അനുസരിക്കാൻ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല; നാം വെറും കളിപ്പാവകളല്ല. (ആവർത്തനപുസ്തകം 30:19, 20; യോശുവ 24:15) നമ്മുടെ പ്രവൃത്തികൾക്കു നാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടത് ഉണ്ടെങ്കിലും, നാം നമ്മുടെ ജീവിതം എങ്ങനെ നയിക്കുമെന്നു തീരുമാനിക്കാൻ അവൻ സ്നേഹപൂർവം നമുക്കു ഗണ്യമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.—റോമർ 14:12; എബ്രായർ 4:13.
6 എല്ലാ സംഭവങ്ങളെയും ദൈവം നിയന്ത്രിക്കാത്തതിന്റെ മറ്റൊരു കാരണം സാത്താൻ ഏദെനിൽ ഉയർത്തിയ വിവാദപ്രശ്നങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. സാത്താൻ ദൈവത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചു. സ്വാതന്ത്ര്യത്തിനുള്ള ഒരു അവസരമായി തോന്നിച്ച ഒന്ന് അവൻ ഹവ്വായ്ക്കു വാഗ്ദാനം ചെയ്തു. അവളും പിന്നീട് ഭർത്താവായ ആദാമും ആ വാഗ്ദാനം സ്വീകരിച്ചു. (ഉല്പത്തി 3:1-6) അതിനോടുള്ള പ്രതികരണമായി, സാത്താന്റെ വെല്ലുവിളി നീതീകരിക്കത്തക്കത് ആണോ എന്നു തെളിയിക്കാൻ ഒരു കാലഘട്ടത്തേക്കു സ്വയം ഭരിക്കുന്നതിന് ദൈവം മനുഷ്യരെ അനുവദിച്ചിരിക്കുന്നു. ഈ കാരണത്താൽ, ഇന്ന് ആളുകൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾക്കു ദൈവത്തെ പഴിക്കാനാവില്ല. മത്സരികളായ ആളുകളെ കുറിച്ച് മോശെ എഴുതി: “അവർ നാശകരമായി പ്രവർത്തിച്ചിരിക്കുന്നു; അവർ [ദൈവത്തിന്റെ] മക്കളല്ല, കുറ്റം അവരുടേതുതന്നെയാണ്.”—ആവർത്തനപുസ്തകം 32:5, NW.
7. ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്ത്?
7 സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനും സ്വതന്ത്ര ഭരണം പരീക്ഷിച്ചു നോക്കാനും യഹോവ മനുഷ്യരെ അനുവദിക്കുന്നുവെങ്കിലും, ഭൂമിയിലെ കാര്യങ്ങളിൽ ദൈവം ഒരു ‘ഇടപെടാതിരിക്കൽ നയം’ കൈക്കൊള്ളുന്നില്ല. അങ്ങനെ ചെയ്യുന്നപക്ഷം ദൈവം തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുമെന്ന യാതൊരു പ്രതീക്ഷയും നമുക്ക് ഉണ്ടായിരിക്കാൻ കഴിയില്ല. ആദാമും ഹവ്വായും ദൈവത്തിന്റെ പരമാധികാരത്തിന് എതിരെ മത്സരിച്ചെങ്കിലും, ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച തന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യത്തിനു യഹോവ മാറ്റം വരുത്തിയില്ല. അവൻ സുനിശ്ചിതമായും ഭൂമിയെ പൂർണരും അനുസരണമുള്ളവരും സന്തുഷ്ടരുമായ ആളുകൾ നിവസിക്കുന്ന ഒരു പറുദീസയാക്കി മാറ്റും. (ലൂക്കൊസ് 23:42, 43, NW) ആ ലക്ഷ്യം സാക്ഷാത്കരിക്കാനായി യഹോവ പടിപടിയായി പ്രവർത്തിച്ചുകൊണ്ടിരുന്നത് എങ്ങനെയെന്ന് ഉല്പത്തി മുതൽ വെളിപ്പാടു വരെയുള്ള ബൈബിൾ രേഖ വിവരിക്കുന്നു.
തന്റെ ഹിതം നിറവേറ്റാൻ ദൈവം പ്രവർത്തിക്കുന്നു
8. ഇസ്രായേല്യരെ വാഗ്ദത്ത ദേശത്തേക്കു കൊണ്ടുവരുന്നതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
8 ദൈവം തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇസ്രായേൽ ജനതയോടുള്ള അവന്റെ ഇടപെടൽ വ്യക്തമാക്കി. ദൃഷ്ടാന്തത്തിന്, താൻ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിച്ച് പാലും തേനും ഒഴുകുന്ന വാഗ്ദത്ത ദേശത്തു കൊണ്ടുവരുമെന്ന് യഹോവ മോശെക്ക് ഉറപ്പു നൽകി. (പുറപ്പാടു 3:8) അതു സുപ്രധാനവും ആശ്വാസകരവുമായ ഒരു പ്രഖ്യാപനമായിരുന്നു. കൂട്ടാളികളോടൊപ്പം ഏകദേശം 30 ലക്ഷം പേർ വരുമായിരുന്ന ആ ഇസ്രായേല്യരെ, അവർ വിട്ടുപോകുന്നതിനെ ശക്തമായി എതിർത്തിരുന്ന ഒരു പ്രബല രാഷ്ട്രത്തിൽനിന്നു വിടുവിക്കുന്നത് അതിൽ ഉൾപ്പെട്ടിരുന്നു. (പുറപ്പാടു 3:19) അവരുടെ ആഗമനത്തെ ശക്തമായി എതിർക്കുമായിരുന്ന പ്രബല ജനതകൾ അധിവസിക്കുന്ന ഒരു പ്രദേശത്തേക്ക് ആയിരുന്നു അവരെ കൊണ്ടുവരേണ്ടിയിരുന്നത്. (ആവർത്തനപുസ്തകം 7:1) ഒരു മരുഭൂമിയിലൂടെ വേണമായിരുന്നു അവർക്ക് അവിടെ എത്തിച്ചേരാൻ. മരുഭൂമിയിൽ അവർക്ക് ഭക്ഷണവും വെള്ളവും കിട്ടേണ്ടതുണ്ടായിരുന്നു. യഹോവയ്ക്ക് തന്റെ അത്യുന്നത ശക്തിയും ദൈവത്വവും പ്രകടമാക്കാൻ അവസരമേകിയ ഒരു സന്ദർഭമായിരുന്നു അത്.—ലേവ്യപുസ്തകം 25:38.
9, 10. (എ) ദൈവത്തിന്റെ വാഗ്ദാനങ്ങൾ വിശ്വാസയോഗ്യം ആണെന്ന് യോശുവയ്ക്കു സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞത് എന്തുകൊണ്ടായിരുന്നു? (ബി) തന്റെ വിശ്വസ്തർക്കു പ്രതിഫലമേകാനുള്ള ദൈവത്തിന്റെ പ്രാപ്തിയിൽ വിശ്വാസം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണ്?
9 ദൈവം വീര്യപ്രവൃത്തികളുടെ ഒരു പരമ്പരയിലൂടെ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു പുറത്തേക്കു നയിച്ചു. ആദ്യം അവൻ ഈജിപ്തിന്മേൽ വിനാശകരമായ പത്തു ബാധകൾ വരുത്തി. അടുത്തതായി അവൻ ചെങ്കടൽ വിഭജിച്ച് അതിലൂടെ ഇസ്രായേല്യരെ രക്ഷപ്പെടുത്തുകയും പിന്തുടർന്നുവന്ന ഈജിപ്ഷ്യൻ സൈന്യത്തെ അതിൽ നശിപ്പിക്കുകയും ചെയ്തു. (സങ്കീർത്തനം 78:12, 13, 43-51) തുടർന്ന് ഇസ്രായേല്യർ മരുഭൂമിയിലായിരുന്ന 40 വർഷം അവൻ അവർക്കു ഭക്ഷിക്കാൻ മന്നായും കുടിക്കാൻ വെള്ളവും കൊടുത്ത് അവരെ പരിപാലിച്ചു. അവരുടെ വസ്ത്രം കീറിപ്പോകുകയോ കാൽപ്പാദങ്ങൾ നീരുവെച്ചു വീർക്കുകയോ ചെയ്യുന്നില്ലെന്നു പോലും അവൻ ഉറപ്പുവരുത്തി. (ആവർത്തനപുസ്തകം 8:3, 4) ഇസ്രായേല്യർ വാഗ്ദത്ത ദേശത്തു പ്രവേശിച്ച് ശത്രുക്കളുടെ മേൽ വിജയം വരിക്കാൻ തക്കവണ്ണം യഹോവ കാര്യങ്ങളെ നയിച്ചു. യഹോവയുടെ വാഗ്ദാനങ്ങളിൽ ശക്തമായ വിശ്വാസം അർപ്പിച്ച യോശുവ അതിന്റെയെല്ലാം ഒരു ദൃക്സാക്ഷി ആയിരുന്നു. അതുകൊണ്ട് അവനു തന്റെ നാളിലെ പ്രായമേറിയ പുരുഷന്മാരോട് ഇങ്ങനെ പറയാൻ കഴിഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.”—യോശുവ 23:14.
10 തന്നെ സേവിക്കുന്നവർക്കു വേണ്ടി പ്രവർത്തിക്കാൻ യഹോവ മനസ്സൊരുക്കം ഉള്ളവനും പ്രാപ്തനും ആണെന്ന് പുരാതനകാലത്തെ യോശുവയെപ്പോലെ ഇന്നത്തെ ക്രിസ്ത്യാനികൾക്കും പൂർണ ബോധ്യമുണ്ട്. നമ്മുടെ വിശ്വാസത്തിന്റെ ഒരു അത്യന്താപേക്ഷിത ഭാഗമാണ് ഈ ബോധ്യം. പൗലൊസ് അപ്പൊസ്തലൻ എഴുതി: ‘വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം, തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്ന് വിശ്വസിക്കേണ്ടതാണ്.’—എബ്രായർ 11:6.
ദൈവം ഭാവി മുൻകൂട്ടിക്കാണുന്നു
11. തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ ദൈവത്തെ പ്രാപ്തനാക്കുന്ന ഘടകങ്ങൾ ഏവ?
11 ദൈവം ഇച്ഛാസ്വാതന്ത്ര്യവും സ്വതന്ത്ര മാനുഷ ഭരണാധിപത്യവും അനുവദിക്കുന്നു എങ്കിലും തന്റെ ഉദ്ദേശ്യം നിവർത്തിക്കാനുള്ള ശക്തിയും ആഗ്രഹവും അവനുണ്ടെന്നു നാം ഇപ്പോൾ കണ്ടുകഴിഞ്ഞു. എന്നിരുന്നാലും, ദൈവിക വാഗ്ദാനങ്ങളുടെ സുനിശ്ചിത നിവൃത്തി സാധ്യമാക്കുന്ന മറ്റൊരു ഘടകവുമുണ്ട്. യഹോവയ്ക്കു ഭാവി മുൻകൂട്ടി കാണാൻ കഴിയും. (യെശയ്യാവു 42:9) തന്റെ പ്രവാചകനിലൂടെ ദൈവം പറഞ്ഞു: “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” (യെശയ്യാവു 46:9, 10) പരിചയസമ്പന്നനായ ഒരു കർഷകന് എപ്പോൾ എവിടെ വിത്തു നടണമെന്ന് അറിയാമെങ്കിലും, സംഗതികളുടെ പരിണതി സംബന്ധിച്ചു കുറച്ചൊക്കെ അനിശ്ചിതത്വം ഉണ്ടായിരിക്കാം. എന്നാൽ, തന്റെ ഉദ്ദേശ്യം നടപ്പാക്കാൻ എപ്പോൾ എവിടെ പ്രവർത്തിക്കണമെന്നു മുൻകൂട്ടി കാണാനുള്ള സൂക്ഷ്മ പരിജ്ഞാനം ‘നിത്യരാജാ’വിനുണ്ട്.—1 തിമൊഥെയൊസ് 1:17.
12. നോഹയുടെ നാളിൽ, മുൻകൂട്ടി കാണാനുള്ള തന്റെ കഴിവ് യഹോവ ഏതു വിധത്തിലാണ് ഉപയോഗിച്ചത്?
12 നോഹയുടെ നാളിൽ, മുൻകൂട്ടി കാണാനുള്ള തന്റെ കഴിവ് ദൈവം ഉപയോഗിച്ചത് എങ്ങനെയെന്നു പരിചിന്തിക്കുക. ഭൂമിയിൽ ദുഷ്ടത നിറഞ്ഞതിനാൽ, അനുസരണംകെട്ട മനുഷ്യവർഗത്തിന് അന്തം വരുത്താൻ ദൈവം തീരുമാനിച്ചു. അതു ചെയ്യാനുള്ള സമയം അവൻ നിർണയിച്ചു. 120 വർഷമായിരുന്നു അതിനുള്ള സമയ പരിധി. (ഉല്പത്തി 6:3) അങ്ങനെ ഒരു നിശ്ചിത കാലഘട്ടം വെച്ചപ്പോൾ, ദുഷ്ടന്മാരുടെ സംഹാരം മാത്രമായിരുന്നില്ല ദൈവം പരിഗണനയിൽ എടുത്തത്. അത് അവന് ഏതു സമയത്തും ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഹോവയുടെ സമയപ്പട്ടികയിൽ നീതിമാന്മാരുടെ സംരക്ഷണത്തിനുള്ള സമയവും അനുവദിച്ചിരുന്നു. (ഉല്പത്തി 5:29 താരതമ്യം ചെയ്യുക.) ആ ലക്ഷ്യത്തിലേക്കു നയിക്കുന്ന വേല നിയമിച്ചു കൊടുക്കേണ്ടത് എപ്പോഴെന്ന് തന്റെ ജ്ഞാനം നിമിത്തം ദൈവം മുൻകൂട്ടി മനസ്സിലാക്കി. അവൻ നോഹയ്ക്കു വേണ്ടത്ര വിശദാംശങ്ങൾ നൽകി. “തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു” നോഹ ഒരു പെട്ടകം പണിയണമായിരുന്നു. ദുഷ്ടന്മാർ ഒരു ആഗോള ജലപ്രളയത്താൽ നശിപ്പിക്കപ്പെടുകയും ചെയ്യുമായിരുന്നു.—എബ്രായർ 11:7; ഉല്പത്തി 6:13, 14, 18, 19.
അതിബൃഹത്തായ ഒരു നിർമാണ പദ്ധതി
13, 14. പെട്ടകനിർമാണം വെല്ലുവിളി നിറഞ്ഞ ഒരു നിയമനം ആയിരുന്നത് എന്തുകൊണ്ട്?
13 ഈ നിയമനത്തെ കുറിച്ച് നോഹയുടെ സ്ഥാനത്തുനിന്നു പരിചിന്തിക്കുക. ദൈവത്തിനു ഭക്തികെട്ടവരെ നശിപ്പിക്കാൻ കഴിയുമെന്ന് ദൈവഭക്തൻ ആയിരുന്നതിനാൽ നോഹയ്ക്ക് അറിയാമായിരുന്നു. എന്നാൽ അതിനു മുമ്പ് ഒരു വേല ചെയ്യാനുണ്ടായിരുന്നു. അത് വിശ്വാസം ആവശ്യമാക്കിത്തീർക്കുന്ന ഒന്നായിരുന്നു. പെട്ടകം പണി അതിബൃഹത്തായ ഒരു പദ്ധതി ആയിരിക്കുമായിരുന്നു. ദൈവം അതിന്റെ അളവുകൾ വിശദീകരിച്ചു കൊടുത്തിരുന്നു. ആ പെട്ടകം ഇന്നത്തെ ചില കളിക്കളങ്ങളെക്കാൾ നീളമുള്ളതും അഞ്ചു നില കെട്ടിടത്തിന്റെ അത്രയും ഉയരമുള്ളതും ആയിരിക്കുമായിരുന്നു. (ഉല്പത്തി 6:15) പണിക്കാരാകട്ടെ, അനുഭവപരിചയം ഇല്ലാത്തവരും എണ്ണത്തിൽ ചുരുക്കവും. അവർക്ക്, ഇന്നു ലഭ്യമായ സങ്കീർണ ഉപകരണങ്ങൾ ഉണ്ടായിരിക്കുമായിരുന്നില്ല. അതിനു പുറമേ, യഹോവയെ പോലെ ഭാവി അറിയാനുള്ള പ്രാപ്തി നോഹയ്ക്ക് ഇല്ലാതിരുന്നതിനാൽ, തുടർന്നുവരുന്ന വർഷങ്ങളിൽ നിർമാണ പദ്ധതിയെ സഹായിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഏതെല്ലാം സാഹചര്യങ്ങൾ വികാസം പ്രാപിക്കുമെന്ന് അറിയാനുള്ള മാർഗവും അവനില്ലായിരുന്നു. നോഹ നിരവധി പ്രശ്നങ്ങളെ കുറിച്ചു ചിന്തിച്ചിട്ടുണ്ടാകണം. നിർമാണ വസ്തുക്കൾ എങ്ങനെയാണു ശേഖരിക്കുക? മൃഗങ്ങളെ എങ്ങനെ കൂട്ടിവരുത്തും? എന്തു ഭക്ഷണമായിരിക്കും വേണ്ടത്, അതും എത്രമാത്രം? മുൻകൂട്ടി പറഞ്ഞ ജലപ്രളയം കൃത്യമായും എന്നായിരിക്കും സംഭവിക്കുക?
14 സാമൂഹിക അവസ്ഥകളും ഒരു പ്രശ്നമായിരുന്നു. ദുഷ്ടത കൊടികുത്തി വാണിരുന്നു. ദുഷ്ട ദൂതന്മാരുടെയും സ്ത്രീകളുടെയും സങ്കര സന്തതികളായ, ശക്തരായ നെഫിലിമുകൾ അഥവാ മല്ലന്മാർ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരുന്നു. (ഉല്പത്തി 6:1-4, 13) തന്നെയുമല്ല, പെട്ടകം പണി രഹസ്യമായി ചെയ്യാവുന്ന ഒരു സംഗതി അല്ലായിരുന്നു. നോഹ എന്താണു ചെയ്യുന്നതെന്ന് ആളുകൾ ചോദിക്കുകയും അവൻ ഉത്തരം നൽകുകയും വേണമായിരുന്നു. (2 പത്രൊസ് 2:5) അവർ അത് അംഗീകരിക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നോ? തീർച്ചയായുമില്ല! കുറെ വർഷങ്ങൾ മുമ്പ് വിശ്വസ്തനായ ഹാനോക്ക് ദുഷ്ടന്മാർ നശിപ്പിക്കപ്പെടുമെന്നു പ്രഖ്യാപിച്ചിരുന്നു. അവന്റെ സന്ദേശം ആളുകൾക്ക് ഇഷ്ടപ്പെടാത്തത് ആയതിനാൽ അവൻ ശത്രുക്കളാൽ മൃഗീയമായി കൊല്ലപ്പെടാതിരിക്കേണ്ടതിന് ദൈവം അവനെ “എടുത്തു,” അഥവാ അവന്റെ ജീവിതകാലം വെട്ടിച്ചുരുക്കി. (ഉല്പത്തി 5:24; എബ്രായർ 11:5; യൂദാ 14, 15) സമാനമായി നോഹയും ആളുകൾക്ക് ഇഷ്ടപ്പെടാത്ത ഒരു സന്ദേശം ഘോഷിക്കുകയും അതേസമയം ഒരു പെട്ടകം പണിയുകയും വേണമായിരുന്നു. പണിയപ്പെട്ടുകൊണ്ടിരുന്ന ആ പെട്ടകം സമകാലിക ദുഷ്ട തലമുറയുടെ മധ്യേ നോഹ പ്രകടമാക്കിയ വിശ്വസ്തതയുടെ ശക്തമായ ഒരു ഓർമിപ്പിക്കലായി ഉതകുമായിരുന്നു!
15. തന്റെ നിയമനം നിർവഹിക്കാനാകുമെന്ന് നോഹയ്ക്ക് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
15 ആ പദ്ധതിക്ക് സർവശക്തനായ ദൈവത്തിന്റെ പിന്തുണയും അനുഗ്രഹവും ഉണ്ടെന്നു നോഹയ്ക്ക് അറിയാമായിരുന്നു. കാരണം യഹോവതന്നെ അല്ലായിരുന്നോ ആ ജോലി നൽകിയത്? നോഹയും കുടുംബവും പണി പൂർത്തിയായ ഒരു പെട്ടകത്തിൽ കയറുകയും ആഗോള പ്രളയത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് യഹോവ അവന് ഉറപ്പു നൽകിയിരുന്നു. ഒരു ഔപചാരിക ഉടമ്പടിയിലൂടെ യഹോവ അതിന്റെ സുനിശ്ചിതത്വത്തിന് അടിവരയിടുക പോലും ചെയ്തു. (ഉല്പത്തി 6:18, 19) നിയമനം നൽകുന്നതിനു മുമ്പ്, യഹോവ ഉൾപ്പെട്ടിരുന്ന സകല സംഗതികളും മുൻകൂട്ടി നിർണയിക്കുകയും വിലയിരുത്തുകയും ചെയ്തെന്നു നോഹ തിരിച്ചറിഞ്ഞിരിക്കാം. മാത്രമല്ല, ആവശ്യമുള്ളപ്പോൾ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് തന്നെ സഹായിക്കാനുള്ള പ്രാപ്തി യഹോവയ്ക്ക് ഉണ്ടെന്ന് നോഹയ്ക്ക് അറിയാമായിരുന്നു. അതിനാൽ നോഹയുടെ വിശ്വാസം അവനെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. അവന്റെ പിൻഗാമിയായ അബ്രാഹാമിനെ പോലെ നോഹ, “[ദൈവം] വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.”—റോമർ 4:21.
16. പെട്ടകനിർമാണം പുരോഗമിക്കവെ, നോഹയുടെ വിശ്വാസം ബലിഷ്ഠമായത് എങ്ങനെ?
16 വർഷങ്ങൾ കടന്നുപോയതോടെ പെട്ടകത്തിന് അതിന്റെ രൂപം കൈവന്നു. അത് നോഹയുടെ വിശ്വാസത്തെ ബലിഷ്ഠമാക്കി. നിർമാണ-ഗണനശാസ്ത്ര പ്രശ്നങ്ങൾ പരിഹൃതമായി. പരിശോധനകളെ അതിജീവിച്ചു. യാതൊരു എതിർപ്പിനും വേലയെ തടസ്സപ്പെടുത്താൻ കഴിഞ്ഞില്ല. നോഹയുടെ കുടുംബത്തിനു യഹോവയുടെ പിന്തുണയും സംരക്ഷണവും ലഭിച്ചു. നോഹ മുന്നേറവെ, ‘അവന്റെ വിശ്വാസത്തിന്റെ പരിശോധിത ഗുണം സഹിഷ്ണുത ഉളവാക്കി.’ (യാക്കോബ് 1:2-4, NW) ഒടുവിൽ, പെട്ടകം പൂർത്തിയായി, ജലപ്രളയം ഉണ്ടായി, നോഹയും കുടുംബവും അതിജീവിച്ചു. നോഹ ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിവൃത്തി അനുഭവിച്ചു, പിൽക്കാലത്ത് യോശുവ അനുഭവിച്ചതുപോലെ തന്നെ. നോഹയുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു.
യഹോവ വേലയെ പിന്താങ്ങുന്നു
17. ഏതു വിധങ്ങളിലാണ് നമ്മുടെ നാൾ നോഹയുടെ നാളിനോടു സമാനമായിരിക്കുന്നത്?
17 നമ്മുടെ നാൾ നോഹയുടെ നാളിനോടു സമാനമായിരിക്കുമെന്ന് യേശു മുൻകൂട്ടി പറഞ്ഞു. ദുഷ്ടന്മാരെ നശിപ്പിക്കാൻ ദൈവം വീണ്ടും നിശ്ചയിച്ചിരിക്കുന്നു, അവൻ അതിന് ഒരു സമയവും നിർണയിച്ചിട്ടുണ്ട്. (മത്തായി 24:36-39) നീതിമാന്മാരുടെ സംരക്ഷണത്തിനു വേണ്ട കരുതലുകളും അവൻ ചെയ്തിട്ടുണ്ട്. നോഹ ഒരു പെട്ടകം പണിയേണ്ടിയിരുന്നു. ഇന്നത്തെ ദൈവദാസന്മാരാകട്ടെ യഹോവയുടെ ഉദ്ദേശ്യങ്ങൾ ഘോഷിക്കുകയും അവന്റെ വചനം പഠിപ്പിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യേണ്ടതുണ്ട്.—മത്തായി 28:19, 20.
18, 19. സുവാർത്താ പ്രസംഗത്തിന് യഹോവയുടെ പിന്തുണ ഉണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം?
18 യഹോവ നോഹയെ പിന്തുണയ്ക്കുകയും പരിപാലിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ പെട്ടകനിർമാണം നടക്കുകയില്ലായിരുന്നു. (സങ്കീർത്തനം 127:1 താരതമ്യം ചെയ്യുക.) സമാനമായി, യഹോവയുടെ പിന്തുണ ഇല്ലാതെ സത്യക്രിസ്ത്യാനിത്വം അതിജീവിക്കാനിടയില്ല, അഭിവൃദ്ധി പ്രാപിക്കുന്ന കാര്യം പറയുകയും വേണ്ട. ഒന്നാം നൂറ്റാണ്ടിലെ ഒരു സമാദരണീയ പരീശനും ന്യായപ്രമാണ ഗുരുവുമായിരുന്ന ഗമാലിയേൽ അതു തിരിച്ചറിഞ്ഞു. യഹൂദ സൻഹെദ്രിം അപ്പൊസ്തലന്മാരെ നശിപ്പിക്കാൻ തുനിഞ്ഞപ്പോൾ അവൻ ആ ന്യായാധിപ സംഘത്തിന് ഈ മുന്നറിയിപ്പു നൽകി: “ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞു കൊൾവിൻ . . . ; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല.”—പ്രവൃത്തികൾ 5:38, 39.
19 ഒന്നാം നൂറ്റാണ്ടിലെയും ഇന്നത്തെയും പ്രസംഗ പ്രവർത്തനത്തിന്റെ വിജയം, ഈ വേല മാനുഷികമല്ല മറിച്ച്, ദൈവികമാണെന്നു തെളിയിച്ചിരിക്കുന്നു. ഈ വേലയെ ഇത്ര വ്യാപകമായ അളവിൽ വിജയപ്രദമാക്കാൻ സഹായിച്ച പുളകപ്രദമായ ചില സാഹചര്യങ്ങളെയും സംഭവവികാസങ്ങളെയും കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതാണ്.
ഒരിക്കലും പിന്മാറരുത്!
20. നാം സുവാർത്ത പ്രസംഗിക്കുമ്പോൾ ആരെല്ലാം നമ്മെ പിന്താങ്ങുന്നു?
20 “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളിലാണു നാം ജീവിക്കുന്നതെങ്കിലും കാര്യങ്ങൾ പൂർണമായും യഹോവയുടെ നിയന്ത്രണത്തിൽ ആണെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. ഈ ദുഷ്ട വ്യവസ്ഥിതിക്ക് അന്തം വരുത്താനുള്ള ദൈവത്തിന്റെ നിയമിത സമയം വരുന്നതിനു മുമ്പ് സുവാർത്താ പ്രസംഗം പൂർത്തിയാക്കാനായി ദൈവജനം പ്രവർത്തിക്കവെ അവൻ അവരെ പിന്താങ്ങുകയും പരിപാലിക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ് 3:1, NW; മത്തായി 24:14) തന്നോടൊപ്പം “കൂട്ടുവേലക്കാർ” ആയിരിക്കാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. (1 കൊരിന്ത്യർ 3:9) ഈ വേലയിൽ യേശുക്രിസ്തു നമ്മോടൊപ്പം ഉണ്ടെന്നും നമുക്കു ദൂത പിന്തുണയിലും മാർഗനിർദേശത്തിലും ആശ്രയിക്കാൻ കഴിയുമെന്നും ഉള്ളതിന് ഉറപ്പു ലഭിച്ചിരിക്കുന്നു.—മത്തായി 28:20; വെളിപ്പാടു 14:6.
21. ഏതു ബോധ്യം നാം ഒരിക്കലും വിട്ടുകളയരുത്?
21 നോഹയും കുടുംബവും യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിച്ചതിനാൽ അവർ പ്രളയജലത്തിൽ രക്ഷിക്കപ്പെട്ടു. ഇന്നു സമാനമായ വിശ്വാസം പ്രകടമാക്കുന്നവർ ആസന്നമായ “മഹോപദ്രവ”ത്തിലൂടെ രക്ഷിക്കപ്പെടും. (വെളിപ്പാടു 7:14) തികച്ചും പുളകപ്രദമായ നാളുകളിലാണു നാം ജീവിക്കുന്നത്. നിർണായക സംഭവങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്! നീതി വസിക്കുന്ന മഹത്ത്വപൂർണമായ പുതിയ ആകാശവും പുതിയ ഭൂമിയും ആനയിക്കാനായി ദൈവം ഉടൻ നടപടി സ്വീകരിക്കും. (2 പത്രൊസ് 3:13) ദൈവത്തിന് അവൻ പറയുന്ന എന്തും ചെയ്യാൻ കഴിയുമെന്നുള്ള നിങ്ങളുടെ ബോധ്യം ഒരിക്കലും, ഒരിക്കലും വിട്ടുകളയാതിരിക്കുക.—റോമർ 4:21.
ഓർമിക്കാനുള്ള ആശയങ്ങൾ
□ മാനുഷ പ്രവർത്തനത്തിന്റെ എല്ലാ വിശദാംശങ്ങളെയും യഹോവ നിയന്ത്രിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
□ ഇസ്രായേലിനോടുള്ള യഹോവയുടെ ഇടപെടലിൽ തന്റെ ഉദ്ദേശ്യം നിറവേറ്റാനുള്ള അവന്റെ പ്രാപ്തി വ്യക്തമായത് എങ്ങനെ?
□ ഭാവി കാണാനുള്ള ദൈവത്തിന്റെ പ്രാപ്തി നോഹയുടെ നാളിൽ പ്രകടമായത് എങ്ങനെ?
□ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നമുക്ക് എന്ത് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്?
[അധ്യയന ചോദ്യങ്ങൾ]