നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾക്കു പ്രായോഗിക മൂല്യമുള്ളവയാണെന്നു നിങ്ങൾ ശ്രദ്ധിച്ചുവോ? എങ്കിൽ പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഓർമ പരിശോധിച്ചുകൂടേ?
□ തൊഴിൽ സംബന്ധമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന അനേകം ക്രിസ്ത്യാനികളെ വ്യക്തിപരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സഹായിച്ചിരിക്കുന്ന രണ്ടു ചോദ്യങ്ങൾ ഏവ?
ഒന്നാമത്തെ പ്രധാന ചോദ്യം: ബൈബിൾ ഈ ലൗകിക തൊഴിലിനെ കുറ്റം വിധിക്കുന്നുണ്ടോ? രണ്ടാമത്തെ ചോദ്യം: പ്രസ്തുത തൊഴിൽ ചെയ്യുന്നത് കുറ്റം വിധിക്കപ്പെട്ട ഒരു നടപടിയിൽ ഒരുവനെ പങ്കുകാരനാക്കുമോ?—4/15, പേജ് 28.
□ ‘മനുഷ്യ സൃഷ്ടി വ്യർഥതയ്ക്കു കീഴ്പെടുത്തപ്പെട്ടത്’ ഏതു വിധത്തിൽ? (റോമർ 8:20, NW)
നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും നടപടികളുടെ ഫലമായാണ് നാം “വ്യർഥതയ്ക്കു കീഴ്പെ”ട്ടിരിക്കുന്നത്. അല്ലാതെ “[നമ്മുടെ] സ്വന്ത ഹിതപ്രകാര”മോ വ്യക്തിപരമായ തിരഞ്ഞെടുപ്പിനാലോ അല്ല. അതു പാരമ്പര്യസിദ്ധമാണ്. അപൂർണതയും പാപവും മരണവും മാത്രമേ നമ്മുടെ ആദ്യ മാതാപിതാക്കൾക്കു കൈമാറാനായി ഉണ്ടായിരുന്നുള്ളൂ എങ്കിലും, അവർക്കു മക്കളുണ്ടാകാൻ യഹോവ കരുണാപുരസ്സരം അനുവദിച്ചു. “മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.” ആ അർഥത്തിൽ ദൈവം ‘[സൃഷ്ടിയെ] വ്യർഥതയ്ക്കു കീഴ്പെടുത്തി.’—5/1, പേജ് 5.
□ ഭാവിയിൽ “മ്ലേച്ഛത” ‘വിശുദ്ധ സ്ഥലത്തു’ നിൽക്കുമെന്നു പറയുന്നത് ന്യായയുക്തം ആയിരിക്കുന്നത് എന്തുകൊണ്ട്? (മത്തായി 24:15)
പുരാതന കാലത്ത്, ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛത’ പൊ.യു. 66-ൽ ജനറൽ ഗാലസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട റോമൻ ആക്രമണത്തോടു ബന്ധപ്പെട്ടിരുന്നു. ആ ആക്രമണത്തിനു സമാനമായ ആധുനിക ആക്രമണം—“മഹോപദ്രവ”ത്തിന്റെ തുടക്കം—ഭാവിയിലാണു സംഭവിക്കാൻ പോകുന്നത്. (മത്തായി 24:21, NW) അതുകൊണ്ട്, “ശൂന്യമാക്കുന്ന മ്ലേച്ഛത” വിശുദ്ധ സ്ഥലത്തു നിൽക്കാനിരിക്കുന്നതേ ഉള്ളൂ.—5/1 പേജ് 16, 17.
□ ജോലിക്കാരായ മാതാപിതാക്കൾക്ക് കുട്ടികൾക്കായി എങ്ങനെ സമയം കണ്ടെത്താനാകും?
ഒരു പ്രവൃത്തിദിവസം കഴിയുമ്പോൾ വല്ലാത്ത ക്ഷീണം തോന്നുന്ന മാതാവിന് ആഹാരം തയ്യാറാക്കുന്നതിൽ തന്നെ സഹായിക്കാൻ കുട്ടികളോട് ആവശ്യപ്പെടാവുന്നതാണ്. വാരാന്തങ്ങളിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനുള്ള ഒരു പിതാവിന് അവയിൽ ചിലത് കുട്ടികളോടൊത്തു ചെയ്യാവുന്നതാണ്.—5/15, പേജ് 6.
□ യഹോവയുടെ മാർഗത്തിൽ നടക്കുന്നവർ എന്തു ചെയ്യണം? (യിരെമ്യാവു 7:23)
യഹോവയുടെ മാർഗത്തിൽ നടക്കുന്നതിനു വിശ്വസ്തത—അവനെ മാത്രം സേവിക്കാനുള്ള നിശ്ചയദാർഢ്യം—ആവശ്യമാണ്. അതിനു വിശ്വാസം—യഹോവയുടെ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമാണെന്നും അതു നിവൃത്തിയേറുമെന്നുമുള്ള തികഞ്ഞ ബോധ്യം—ഉണ്ടായിരിക്കണം. യഹോവയുടെ മാർഗത്തിൽ നടക്കുന്നതിന് അനുസരണവും—വിട്ടുവീഴ്ച കൂടാതെ അവന്റെ നിയമങ്ങൾ പിൻപറ്റുന്നതും അവന്റെ ഉന്നതമായ നിലവാരങ്ങൾ പാലിക്കുന്നതും—അനിവാര്യമാണ്. (സങ്കീർത്തനം 11:7)—5/15, പേജ് 14.
□ ‘മനുഷ്യരാം ദാനങ്ങൾ’ക്കു നിറവേറ്റാൻ കഴിയുന്ന പ്രധാനപ്പെട്ട നാല് ഉത്തരവാദിത്വങ്ങൾ ഏവ? (എഫെസ്യർ 4:8)
അവർക്ക് ആർദ്രതയോടെ നമ്മെ യഥാസ്ഥാനപ്പെടുത്താൻ കഴിയും, സ്നേഹപൂർവം കെട്ടുപണി ചെയ്യാനാകും, സഭയോടുള്ള നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കാനാകും, നമ്മെ സധീരം സംരക്ഷിക്കാനാകും. (എഫെസ്യർ 4:12-14)—6/1, പേജ് 14.
□ പ്രവൃത്തികളുടെ പുസ്തകത്തിലും പൗലൊസിന്റെ ലേഖനങ്ങളിലും പരാമർശിച്ചിരിക്കുന്ന നൂറോളം വ്യക്തികളുമായുള്ള അവന്റെ സഹവാസത്തിൽ നിന്നു നമുക്കെന്തു പഠിക്കാൻ കഴിയും?
നാം എല്ലായ്പോഴും ദൈവത്തിന്റെ സംഘടനയോടും പ്രാദേശിക സഭയോടും സഹവിശ്വാസികളോടും കൂടെ പ്രവർത്തിക്കേണ്ടതാണ്. നല്ല കാലത്തും കഷ്ടകാലത്തും നമുക്ക് അവരുടെ സഹായവും പിന്തുണയും ആശ്വാസവും ആവശ്യമാണ്.—6/1, പേജ് 31.
□ സ്രഷ്ടാവിനെ കുറിച്ചു ചിന്തിക്കാൻ മറ്റുള്ളവരെ സഹായിച്ചേക്കാവുന്ന മൂന്നു ന്യായവാദങ്ങൾ ഏവ?
ബൃഹത്തായ പ്രപഞ്ചത്തിൽ പ്രതിഫലിച്ചു കാണുന്ന കൃത്യത, ഭൂമിയിലെ ജീവന്റെ ഉത്ഭവം, മനുഷ്യ മസ്തിഷ്കത്തിന്റെ അനിഷേധ്യമായ അതുല്യതയും അതിന്റെ വൈവിധ്യമാർന്ന പ്രാപ്തികളും.—6/15, പേജ് 18.
□ സ്രഷ്ടാവിന്റെ വ്യക്തിനാമത്തിന്റെ അർഥം മനസ്സിലാക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ദൈവനാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. അത് അവന് ഉദ്ദേശ്യങ്ങളുണ്ടെന്നും അവൻ പ്രവർത്തിക്കുന്നുവെന്നും ഊന്നിപ്പറയുന്നു. ദൈവത്തിന്റെ നാമം അറിയുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ, അവൻ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുകയും തന്റെ ഉദ്ദേശ്യങ്ങൾ സജീവമായിത്തന്നെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു എന്നു നാം മെച്ചമായി മനസ്സിലാക്കുന്നു.—6/15, പേജ് 21.
□ കുടുംബ ബൈബിളധ്യയനത്തിൽ കുട്ടികളെ എങ്ങനെ ഉൾപ്പെടുത്താവുന്നതാണ്?
സാധ്യമെങ്കിൽ, ഓരോ കുട്ടിക്കും സ്വന്തമായി ബൈബിളും പഠിക്കാനുള്ള പ്രസിദ്ധീകരണവും ഉണ്ടായിരിക്കാൻ ക്രമീകരണം ചെയ്യുക. പഠന ഭാഗത്തുള്ള ഒരു ചിത്രത്തെ കുറിച്ചു വിശദീകരിക്കാൻ ഒരു കുട്ടിയോട് ആവശ്യപ്പെടാവുന്നതാണ്. മറ്റൊരു കുട്ടിക്ക് ഒരു വാക്യം വായിക്കാൻ മുന്നമേ നിയമനം കൊടുക്കാവുന്നതാണ്. പഠിക്കുന്ന വിഷയം ബാധകമാക്കാൻ കഴിയുന്ന മണ്ഡലങ്ങൾ ഏതൊക്കെയെന്നു പറയാനുള്ള നിയമനം കുറെക്കൂടി മുതിർന്ന ഒരു കുട്ടിക്കു നൽകാവുന്നതാണ്.—7/1, പേജ് 15.
□ യോഗങ്ങൾക്കു തയ്യാറാകുമ്പോൾ ഒരു കുടുംബത്തിന് ഉൾപ്പെടുത്താവുന്ന ചില ലക്ഷ്യങ്ങൾ ഏവ?
(1) കുടുംബത്തിലെ ഓരോ അംഗവും സഭായോഗങ്ങളിൽ ഉത്തരം പറയാൻ തയ്യാറാകുക; (2) സ്വന്തം വാക്കുകളിൽ ഉത്തരം പറയുന്ന കാര്യത്തിൽ ഓരോരുത്തരും പുരോഗമിക്കുക; (3) ഉത്തരങ്ങൾ പറയുമ്പോൾ തിരുവെഴുത്തുകൾ ഉൾപ്പെടുത്തുക; (4) പഠിക്കുന്ന കാര്യങ്ങൾ വ്യക്തിപരമായി ബാധകമാക്കുക എന്ന ഉദ്ദേശ്യത്തോടെ വിശകലനം ചെയ്യുക.—7/1, പേജ് 20.
□ നല്ല ദാമ്പത്യജീവിതത്തിന്റെ ഒരു താക്കോൽ എന്താണ്?
ഒരു നല്ല ദാമ്പത്യബന്ധത്തിലെ വിലതീരാത്ത സന്തോഷം നുകരുന്നതിന് അത്യാവശ്യമായിരിക്കുന്ന ഒരു സംഗതി ആരോഗ്യകരമായ ആശയവിനിമയമാണ്. ആശയങ്ങളും വികാരങ്ങളും പങ്കുവെക്കുന്നത് അതിൽ ഉൾപ്പെടുന്നു. കെട്ടുപണി ചെയ്യുന്ന, നവോന്മേഷദായകമായ, സദ്ഗുണമുള്ള, സ്തുത്യർഹമായ, ആശ്വാസദായകമായ കാര്യങ്ങൾ ആരോഗ്യകരമായ ആശയവിനിമയത്തിൽ ഉൾപ്പെടുന്നു. (എഫെസ്യർ 4:29-32; ഫിലിപ്പിയർ 4:8)—7/15, പേജ് 21.
□ ‘യഹോവയുടെ വഴി’ എന്താണ്? (സങ്കീർത്തനം 25:8, 9, 12)
ആ വഴി സ്നേഹത്തിന്റെ മാർഗമാണ്. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ചുള്ള ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽ അധിഷ്ഠിതമാണ് അത്. ഈ തത്ത്വാധിഷ്ഠിത സ്നേഹത്തിന്റെ ബാധകമാക്കലിനെ ബൈബിൾ ‘അതിശ്രേഷ്ഠ മാർഗം’ എന്നു വിളിക്കുന്നു. (1 കൊരിന്ത്യർ 12:31)—8/1, പേജ് 12.