വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ജീവനെ സ്‌നേഹിക്കുന്നുവോ?

നിങ്ങൾ ജീവനെ സ്‌നേഹിക്കുന്നുവോ?

നിങ്ങൾ ജീവനെ സ്‌നേ​ഹി​ക്കു​ന്നു​വോ?

“ഞാൻ വെളിച്ചം കാണട്ടെ.” ഒരു ഇറ്റാലി​യൻ കവി ആയിരുന്ന ജാക്കോ​മോ ലേയൊ​പാർഡി മരണത്തി​നു തൊട്ടു​മുമ്പ്‌ തന്നെ ശുശ്രൂ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രോട്‌ പറഞ്ഞതാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടുന്ന വാക്കു​ക​ളാണ്‌ ഇവ. വെളി​ച്ച​ത്താൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന, ജീവ​നോ​ടുള്ള മനുഷ്യ​ന്റെ അടങ്ങാത്ത അഭിനി​വേ​ശ​മാണ്‌ ഈ വാക്കു​ക​ളിൽ നിഴലി​ക്കു​ന്നത്‌.

അപകടങ്ങൾ ഒഴിവാ​ക്കാ​നും ജീവ​നോ​ടി​രി​ക്കാൻ ആവതു ചെയ്യാ​നും അനേകരെ പ്രേരി​പ്പി​ക്കു​ന്നത്‌, അമൂല്യ​മായ ഒരു പ്രചോ​ദ​ന​മാ​യി വർത്തി​ക്കുന്ന ജീവ​നോ​ടുള്ള ഈ അഭിനി​വേ​ശ​മാണ്‌. ഇക്കാര്യ​ത്തിൽ ജീവി​ക്കാ​നുള്ള ശക്തമായ സഹജവാ​സ​ന​യുള്ള ജന്തുക്ക​ളിൽ നിന്നു മനുഷ്യൻ വ്യത്യ​സ്‌തനല്ല എന്നു പറയാം.

എന്നാൽ ഏതു തരത്തി​ലുള്ള ജീവനാണ്‌ യഥാർഥ​ത്തിൽ അമൂല്യ​മാ​യി കരുതാൻ തക്ക വിലയു​ള്ളത്‌? അതു ശ്വസന-ചലന പ്രക്രി​യകൾ മാത്രം നടക്കുന്ന കേവല​മായ ഒരു അസ്‌തി​ത്വ​മല്ല. കൂടാതെ, ജീവിതം പരമാ​വധി ആസ്വദി​ക്കുക എന്ന മനോ​ഭാ​വ​ത്തിൽ നിന്നു പൊതു​വെ സംതൃ​പ്‌തി ലഭിക്കു​ന്നു​മില്ല. “നാം തിന്നുക, കുടിക്ക നാളെ ചാകു​മ​ല്ലോ” എന്ന എപ്പിക്യൂ​രി​യൻ തത്ത്വചിന്ത ബഹുഭൂ​രി​പക്ഷം ആളുകൾക്കും സംതൃ​പ്‌തി കൈവ​രു​ത്തി​യി​ട്ടില്ല. (1 കൊരി​ന്ത്യർ 15:32) മനുഷ്യ​നു ധാരാളം അടിസ്ഥാന ഭൗതിക ആവശ്യങ്ങൾ ഉണ്ടായി​രി​ക്കെ​തന്നെ, അവന്‌ സാംസ്‌കാ​രി​ക​വും സാമൂ​ഹി​ക​വു​മായ ഒട്ടനവധി ആവശ്യ​ങ്ങ​ളു​മുണ്ട്‌. പരമോ​ന്ന​ത​നി​ലുള്ള വിശ്വാ​സ​വു​മാ​യി ബന്ധപ്പെട്ട ആത്മീയ ആവശ്യ​ങ്ങ​ളു​ടെ കാര്യം പറയു​കയേ വേണ്ട. സങ്കടക​ര​മെന്നു പറയട്ടെ, ഈ ഭൂമി​യി​ലെ അനേകം സ്ഥലങ്ങളി​ലെ​യും ദുരി​ത​പൂർണ​മായ സാമൂ​ഹി​ക​വും പാരി​സ്ഥി​തി​ക​വു​മായ അവസ്ഥകൾ നിമിത്തം കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു കഷ്ടിച്ചു ജീവി​ച്ചു​പോ​കാ​നേ കഴിയു​ന്നു​ള്ളു. മുഖ്യ​മാ​യും സ്വന്തം ശാരീ​രിക ആവശ്യങ്ങൾ—തീറ്റ, കുടി, ലൈം​ഗിക നിർവൃ​തി—മാത്രം തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിൽ മുഴു​കുന്ന ഏതൊ​രാ​ളും ഏറെക്കു​റെ മൃഗതു​ല്യ​മായ ജീവി​ത​മാ​ണു നയിക്കു​ന്നത്‌, അതിൽ നിന്നു ലഭിക്കുന്ന സംതൃ​പ്‌തി തുച്ഛമാ​ണു​താ​നും. ഫലത്തിൽ, മനുഷ്യ​ന്റെ ബൗദ്ധി​ക​വും വൈകാ​രി​ക​വു​മായ ആവശ്യ​ങ്ങളെ നിറ​വേ​റ്റാൻ തക്കവണ്ണം ജീവി​ത​ത്തി​ലെ കൂടുതൽ അർഥവ​ത്തായ കാര്യങ്ങൾ അവർ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നില്ല. കൂടാതെ, തങ്ങളുടെ സ്വാർഥ അഭിലാ​ഷങ്ങൾ മാത്രം തൃപ്‌തി​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നവർ ജീവിതം പരമാ​വധി ആസ്വദി​ക്കാൻ പരാജ​യ​പ്പെ​ടുക മാത്രമല്ല, സമൂഹ​ത്തി​നു ദ്രോഹം വരുത്തി​വെ​ക്കു​ക​യും ചെയ്യുന്നു. അവർ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​കയല്ല ചെയ്യു​ന്നത്‌.

ഇതിനെ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ ബാലജന കുറ്റകൃ​ത്യ​ങ്ങൾ കൈകാ​ര്യം ചെയ്യുന്ന ഒരു ജഡ്‌ജി പിൻവ​രുന്ന പ്രകാരം പറയുന്നു: “മൂല്യ​ച്യു​തി, സദ്‌ഗു​ണ​ങ്ങ​ളി​ല്ലാ​ത്ത​വരെ മാതൃ​കാ​യോ​ഗ്യ​രാ​യി വാഴ്‌ത്തൽ, ക്ഷിപ്ര പണസമ്പാ​ദന മാർഗ​ങ്ങ​ളി​ലൂ​ടെ​യുള്ള നേട്ടം എന്നിവ​യൊ​ക്കെ അതിരു​ക​വിഞ്ഞ മത്സരാ​ത്മാ​വി​നു” വളം​വെ​ച്ചു​കൊ​ടു​ക്കു​ന്നു. ഇതു സമൂഹ​ത്തി​നു ദ്രോ​ഹ​ക​ര​മായ പെരു​മാ​റ്റ​ത്തി​ലേ​ക്കും തങ്ങൾക്കു​തന്നെ നാശക​ര​മായ സ്വഭാ​വ​ത്തി​ലേ​ക്കും ചെറു​പ്പ​ക്കാ​രെ നയിക്കു​ന്നു. വിശേ​ഷാൽ, ചെറു​പ്പ​ക്കാർ മയക്കു​മ​രു​ന്നി​ലേക്കു തിരി​യു​മ്പോൾ.

എന്നാൽ നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, ആനന്ദക​ര​മായ അനവധി കാര്യങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലുണ്ട്‌. രമണീ​യ​മായ സ്ഥലങ്ങളി​ലെ അവധി​ക്കാ​ലം, രസകര​മായ വായന അല്ലെങ്കിൽ ഗവേഷണം, ഹൃദ്യ​മായ സൗഹൃദം, ശ്രുതി​മ​ധു​ര​മായ സംഗീതം എന്നിങ്ങനെ പലതും. ചെറു​തും വലുതു​മായ അളവിൽ സംതൃ​പ്‌തി കൈവ​രു​ത്തുന്ന മറ്റു പ്രവർത്ത​ന​ങ്ങ​ളു​മുണ്ട്‌. ദൈവ​ത്തിൽ, പ്രത്യേ​കി​ച്ചും ബൈബി​ളി​ലെ ദൈവ​മായ യഹോ​വ​യിൽ, അടിയു​റച്ച വിശ്വാ​സ​മു​ള്ള​വർക്ക്‌ ജീവനെ സ്‌നേ​ഹി​ക്കാൻ കൂടു​ത​ലായ കാരണ​ങ്ങ​ളുണ്ട്‌. ദുരി​ത​പൂർണ​മായ സമയങ്ങ​ളിൽ സഹായ​മേ​കുന്ന ശക്തിയു​ടെ​യും പ്രശാ​ന്തി​യു​ടെ​യും ഉറവാണു യഥാർഥ വിശ്വാ​സം. സത്യ​ദൈ​വ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വർക്ക്‌ ഉത്തമ വിശ്വാ​സ​ത്തോ​ടെ ഇങ്ങനെ പറയാൻ കഴിയും: “യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെ​ടു​ക​യില്ല.” (എബ്രായർ 13:6, NW) ദൈവ​ത്തി​ന്റെ സ്‌നേ​ഹത്തെ മനസ്സി​ലാ​ക്കു​ന്ന​വർക്ക്‌ അവന്റെ സ്‌നേഹം അനുഭ​വ​വേ​ദ്യ​മാ​കു​ന്നു. അവർ അവന്റെ സ്‌നേ​ഹ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്നു, അത്‌ അവർക്കു വളരെ​യ​ധി​കം സന്തോഷം കൈവ​രു​ത്തു​ക​യും ചെയ്യുന്നു. (1 യോഹ​ന്നാൻ 4:7, 8, 16) സംതൃ​പ്‌തി​യേ​കുന്ന, ക്രിയാ​ത്‌മ​ക​വും നിസ്വാർഥ​വു​മായ ജീവിതം നയിക്കാൻ അവർക്കു കഴിയു​ന്നു. അത്‌ യേശു​ക്രി​സ്‌തു പറഞ്ഞതു പോ​ലെ​യാണ്‌: “സ്വീക​രി​ക്കു​ന്ന​തിൽ ഉള്ളതി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌.”—പ്രവൃ​ത്തി​കൾ 20:35, NW.

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, ഇന്നത്തെ ജീവി​ത​ത്തി​നു മറ്റൊരു വശം കൂടി​യുണ്ട്‌. വ്യാപ​ക​മായ ദുരി​തങ്ങൾ, അനീതി, ദാരി​ദ്ര്യം, രോഗം, മരണം എന്നിവ. മിക്ക​പ്പോ​ഴും ജീവി​തത്തെ ദുഷ്‌ക​ര​മാ​ക്കുന്ന വേദനാ​ജ​ന​ക​മായ സംഗതി​ക​ളിൽ ചിലവ മാത്ര​മാണ്‌ ഇവ. ധനിക​നും അധികാ​ര​മു​ള്ള​വ​നും പുരാതന ഇസ്രാ​യേ​ലി​ന്റെ രാജാ​വു​മാ​യി​രുന്ന ജ്ഞാനി​യായ ശലോ​മോന്‌ ആളുകളെ സന്തോ​ഷി​പ്പി​ക്കുന്ന സർവത്ര വിഭവ​ങ്ങ​ളും ഉണ്ടായി​രു​ന്നു. എന്നിരു​ന്നാ​ലും അദ്ദേഹത്തെ വിവശ​നാ​ക്കിയ ഒരു കാര്യ​മു​ണ്ടാ​യി​രു​ന്നു—“ജ്ഞാന​ത്തോ​ടും അറി​വോ​ടും സാമർഥ്യ​ത്തോ​ടും​കൂ​ടെ” താൻ പ്രയത്‌നി​ച്ചു നേടി​യ​തെ​ല്ലാം മരണത്തി​ങ്കൽ അന്യാ​ധീ​ന​പ്പെട്ടു പോകു​മ​ല്ലോ എന്നുള്ള തിരി​ച്ച​റിവ്‌.—സഭാ​പ്ര​സം​ഗി 2:17-21.

ക്ഷണിക​മാ​യ ജീവി​ത​ത്തി​ന്റെ ഹ്രസ്വത സംബന്ധിച്ച്‌ ശലോ​മോ​നെ പോലെ ഇന്ന്‌ മിക്കവ​രും ബോധ​വാ​ന്മാ​രാണ്‌. ദൈവം നമ്മുടെ ‘ഹൃദയ​ത്തിൽ നിത്യത വെച്ചി​രി​ക്കു​ന്നു’ എന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:11) നിത്യ​തയെ കുറി​ച്ചുള്ള ഈ അവബോ​ധം ജീവി​ത​ത്തി​ന്റെ ഹ്രസ്വ​തയെ കുറിച്ച്‌ ചിന്തി​ക്കാൻ മനുഷ്യ​നെ പ്രേരി​പ്പി​ക്കു​ന്നു. കാലാ​ന്ത​ര​ത്തിൽ, ജീവി​ത​ത്തി​ന്റെ​യും മരണത്തി​ന്റെ​യും അർഥം സംബന്ധിച്ച്‌ തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ ലഭിക്കാ​താ​കു​മ്പോൾ വിഷാ​ദ​ത്തി​ന്റെ​യും നിഷ്‌ഫ​ല​ത​യു​ടെ​യും ചിന്തകൾ ഒരുവനെ ഭാര​പ്പെ​ടു​ത്തി​യേ​ക്കാം. ഇതിനു ജീവി​തത്തെ അസന്തു​ഷ്ട​മാ​ക്കാൻ കഴിയും.

മനുഷ്യ​നെ ആകുല​പ്പെ​ടു​ത്തുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരങ്ങ​ളു​ണ്ടോ? ജീവി​തത്തെ കൂടുതൽ ആസ്വാ​ദ്യ​വും ശാശ്വ​ത​വു​മാ​ക്കുന്ന അവസ്ഥകൾ എന്നെങ്കി​ലും ഉണ്ടാകു​മോ?