യഹോവ വഴി ഒരുക്കുന്നു
യഹോവ വഴി ഒരുക്കുന്നു
‘രാജ്യത്തിന്റെ ഈ സുവിശേഷം പ്രസംഗിക്കപ്പെടും.’—മത്തായി 24:14.
1. ഒന്നും ഇരുപതും നൂറ്റാണ്ടുകളിലെ പ്രസംഗ വേലയാൽ എന്തു നിർവഹിക്കപ്പെട്ടിരിക്കുന്നു?
യഹോവ സ്നേഹത്തിന്റെ ദൈവം ആയതിനാൽ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 2:4) ഇത് ഒരു സാർവദേശീയ പ്രസംഗ-പഠിപ്പിക്കൽ പരിപാടി ആവശ്യമാക്കിയിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ ഈ പ്രസംഗവേല ക്രിസ്തീയ സഭയെ “സത്യത്തിന്റെ തൂണും താങ്ങുമാ”ക്കി. (1 തിമൊഥെയൊസ് 3:15, NW) അതിനുശേഷം, സത്യത്തിന്റെ പ്രകാശം മങ്ങിപ്പോകാൻ ഇടയായ വിശ്വാസത്യാഗത്തിന്റെ ദീർഘമായൊരു കാലഘട്ടം ഉണ്ടായി. ഈ അടുത്ത കാലത്ത്, അതായത് ‘അന്ത്യകാലത്ത്,’ ദശലക്ഷക്കണക്കിന് ആളുകൾക്കു നിത്യ രക്ഷയുടെ ബൈബിൾ അധിഷ്ഠിത പ്രത്യാശ പ്രദാനം ചെയ്തുകൊണ്ട് “യഥാർഥ പരിജ്ഞാനം” വീണ്ടും സമൃദ്ധമായി തീർന്നിരിക്കുന്നു.—ദാനീയേൽ 12:4, NW.
2. പ്രസംഗ പ്രവർത്തനത്തോടുള്ള ബന്ധത്തിൽ യഹോവ എന്തു ചെയ്തിരിക്കുന്നു?
2 ദൈവോദ്ദേശ്യത്തെ പരാജയപ്പെടുത്താനുള്ള സാത്താന്റെ അശ്രാന്ത പരിശ്രമം ഉണ്ടായിരുന്നിട്ടും, സുവാർത്താ പ്രസംഗ പ്രവർത്തനത്തിന് ഒന്നും ഇരുപതും നൂറ്റാണ്ടുകളിൽ അതിശയകരമായ വിജയം ഉണ്ടായിട്ടുണ്ട്. അത് യെശയ്യാവിന്റെ പ്രവചനത്തെ ഓർമിപ്പിക്കുന്നു. യഹൂദയിലേക്കുള്ള, യഹൂദ പ്രവാസികളുടെ പൊ.യു.മു. ആറാം നൂറ്റാണ്ടിലെ തിരിച്ചു വരവിനെ കുറിച്ച് യെശയ്യാവ് എഴുതി: “എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.” (യെശയ്യാവു 40:4) ഒന്നും ഇരുപതും നൂറ്റാണ്ടുകളിൽ യഹോവ വലിയ പ്രസംഗ പരിപാടികൾക്കുള്ള വഴി ഒരുക്കുകയും നിരപ്പാക്കുകയും ചെയ്തു.
3. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ യഹോവ ഏതു വിധങ്ങളിൽ പ്രാപ്തനാണ്?
3 സുവാർത്താ പ്രസംഗം ഉന്നമിപ്പിക്കാനായി ഭൂമിയിലെ എല്ലാ സംഭവവികാസങ്ങളെയും യഹോവ നേരിട്ട് സ്വാധീനിച്ചെന്നോ സംഭവിക്കാനിരുന്ന എല്ലാ കാര്യങ്ങളുടെയും കൃത്യമായ വിശദാംശങ്ങൾ അറിയാനായി അവൻ മുൻകൂട്ടി കാണാനുള്ള തന്റെ പ്രാപ്തി ഉപയോഗിച്ചെന്നോ ഇതിന് അർഥമില്ല. ഭാവി സംഭവങ്ങൾ മുൻകൂട്ടി കാണാനും അവയെ രൂപപ്പെടുത്താനും അവൻ തീർച്ചയായും പ്രാപ്തനാണ്. (യെശയ്യാവു 46:9-11) എന്നാൽ സംഭവങ്ങൾ ഇതൾവിരിയവെ, അവയോടു പ്രതികരിക്കാനും അവൻ പ്രാപ്തനാണ്. തന്റെ ആട്ടിൻകൂട്ടത്തെ എങ്ങനെ നയിക്കണമെന്നും സംരക്ഷിക്കണമെന്നും അറിയാവുന്ന പരിചയ സമ്പന്നനായ ഒരു ഇടയനെപ്പോലെ യഹോവ തന്റെ ജനത്തെ നയിക്കുന്നു. അവരുടെ ആത്മീയത സംരക്ഷിച്ചുകൊണ്ടും ലോകവ്യാപക പ്രസംഗ പ്രവർത്തനത്തിന്റെ വിജയത്തെ ഉന്നമിപ്പിക്കുന്ന സാഹചര്യങ്ങളും സംഭവവികാസങ്ങളും പ്രയോജനപ്പെടുത്താൻ അവരെ പ്രേരിപ്പിച്ചുകൊണ്ടും അവൻ അവരെ രക്ഷയിലേക്കു വഴിനടത്തുന്നു.—സങ്കീർത്തനം 23:1-4.
ദുഷ്കരമായ ഒരു നിയമനം
4, 5. സുവാർത്താ പ്രസംഗം വെല്ലുവിളി നിറഞ്ഞ ഒരു നിയമനം ആയിരുന്നിട്ടുള്ളത് എന്തുകൊണ്ട്?
4 നോഹയുടെ നാളിലെ പെട്ടകം പണിയുടെ കാര്യത്തിൽ എന്നപോലെ, ഒന്നാം നൂറ്റാണ്ടിലും ആധുനിക കാലത്തും രാജ്യ പ്രസംഗം അതിബൃഹത്തായ ഒരു പദ്ധതി ആയിരുന്നിട്ടുണ്ട്. ഏതൊരു സന്ദേശവും സകലരുടെയും പക്കൽ എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഈ രാജ്യപ്രസംഗ വേല വിശേഷാൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ ശിഷ്യന്മാർ താരതമ്യേന ചുരുക്കമായിരുന്നു. അവരുടെ നായകനായ യേശുവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ചു. യഹൂദ മതം സുസ്ഥാപിതമായിരുന്നു. പ്രൗഢമായ ഒരു ആലയം യെരൂശലേമിൽ സ്ഥിതി ചെയ്തിരുന്നു. ക്ഷേത്രങ്ങളും പൂജാരികളുമൊക്കെയുള്ള യഹൂദേതര മതങ്ങളും മെഡിറ്ററേനിയൻ പ്രദേശത്തു സുസ്ഥാപിതമായിരുന്നു. സമാനമായി 1914-ൽ ‘അന്ത്യകാലം’ തുടങ്ങിയപ്പോൾ, അഭിഷിക്ത ക്രിസ്ത്യാനികൾ ചുരുക്കമായിരുന്നു. ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന മറ്റു മതക്കാർ അനേകരുണ്ടായിരുന്നുതാനും.—ദാനീയേൽ 12:9.
5 തന്റെ അനുഗാമികൾ പീഡിപ്പിക്കപ്പെടുമെന്ന് യേശു അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. അവൻ പറഞ്ഞു: “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” (മത്തായി 24:9) അത്തരം പ്രശ്നങ്ങൾക്കു പുറമേ, വിശേഷിച്ചും “അന്ത്യനാളുകളിൽ,” “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളെ ക്രിസ്ത്യാനികൾ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നു. (2 തിമൊഥെയൊസ് 3:1, NW) വേലയുടെ ബാഹുല്യം, പീഡനം ഉണ്ടാകുമെന്ന ഉറപ്പ്, കാലത്തിന്റേതായ ബുദ്ധിമുട്ടുകൾ എന്നിവ പ്രസംഗ പ്രവർത്തനത്തെ വെല്ലുവിളിപരവും പ്രയാസകരവും ആക്കിയിരിക്കുന്നു. ശക്തമായ വിശ്വാസം എല്ലായ്പോഴും ആവശ്യമായിരുന്നിട്ടുണ്ട്.
6. യഹോവ തന്റെ ജനത്തിനു വിജയം സംബന്ധിച്ച് എന്ത് ഉറപ്പു നൽകി?
6 പ്രയാസങ്ങൾ ഉണ്ടാകുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. എന്നാൽ യാതൊന്നും ആ വേലയെ നിറുത്തിക്കളയില്ലെന്നും അവന് അറിയാമായിരുന്നു. ഒന്നും ഇരുപതും നൂറ്റാണ്ടുകളിൽ ശ്രദ്ധേയമായ നിവൃത്തി ഉണ്ടായിരുന്നിട്ടുള്ള വിഖ്യാതമായ ഒരു പ്രവചനത്തിൽ ഈ വിജയം മുൻകൂട്ടി പറഞ്ഞിരുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം . . . ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—മത്തായി 24:14.
7. ഒന്നാം നൂറ്റാണ്ടിലെ പ്രസംഗ പ്രവർത്തനം എത്ര വ്യാപകമായിരുന്നു?
7 വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞവരായി ഒന്നാം നൂറ്റാണ്ടിലെ ദൈവദാസന്മാർ തങ്ങളുടെ നിയമനം നിവർത്തിക്കാൻ പുറപ്പെട്ടു. വ്യക്തമായും യഹോവ അവരോടു കൂടെ ഉണ്ടായിരുന്നതിനാൽ ഒരുപക്ഷേ തങ്ങൾ പ്രതീക്ഷിച്ചതിലും വളരെയേറെ വിജയം അവർ നേടി. യേശു മരിച്ച് 27 വർഷം കഴിഞ്ഞ്, പൗലൊസ് കൊലൊസ്സ്യർക്ക് എഴുതിയപ്പോൾ, സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചു”വെന്ന് അവനു പറയാൻ കഴിഞ്ഞു. (കൊലൊസ്സ്യർ 1:23) സമാനമായി, ഇരുപതാം നൂറ്റാണ്ടിന്റെ ഈ അവസാന ഘട്ടത്തിൽ സുവാർത്ത 233 രാജ്യങ്ങളിൽ പ്രസംഗിക്കപ്പെടുന്നു.
8. ഏതെല്ലാം സാഹചര്യങ്ങളിലാണ് അനേകർ സുവാർത്ത സ്വീകരിച്ചിട്ടുള്ളത്? ഉദാഹരണങ്ങൾ നൽകുക.
8 അടുത്ത കാലത്ത് ദശലക്ഷക്കണക്കിന് ആളുകൾ സുവാർത്ത സ്വീകരിച്ചിട്ടുണ്ട്. അവരിൽ അനേകരും അതു ചെയ്തിട്ടുള്ളത് യുദ്ധം, നിരോധനം, കടുത്ത പീഡനം എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളിലാണ്. ഒന്നാം നൂറ്റാണ്ടിലും അതു സത്യമായിരുന്നു. ഒരു അവസരത്തിൽ പൗലൊസിനെയും ശീലാസിനെയും വടികൊണ്ടു മൃഗീയമായി അടിച്ചശേഷം തടവിലാക്കി. ശിഷ്യരെ ഉളവാക്കാൻ എത്ര അസാധ്യമായ ഒരു സാഹചര്യം! എന്നിട്ടും, യഹോവ ആ സാഹചര്യം അതിനായി ഉപയോഗിച്ചു. പൗലൊസും ശീലാസും വിടുവിക്കപ്പെട്ടു. കാരാഗൃഹപ്രമാണിയും കുടുംബവും വിശ്വാസികൾ ആയിത്തീരുകയും ചെയ്തു. (പ്രവൃത്തികൾ 16:19-33) സുവാർത്തയെ എതിർക്കുന്നവർക്ക് അതിനെ നിശബ്ദമാക്കാൻ കഴിയില്ലെന്ന് അത്തരം അനുഭവങ്ങൾ പ്രകടമാക്കുന്നു. (യെശയ്യാവു 54:17) എങ്കിലും, ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രത്തിൽ എക്കാലത്തും നിരന്തരമായ എതിർപ്പും പീഡനവും ഉണ്ടായിരുന്നിട്ടില്ല. ഒന്നും ഇരുപതും നൂറ്റാണ്ടുകളിൽ സുവാർത്തയുടെ വിജയപ്രദമായ പ്രസംഗത്തിനുള്ള വഴി നിരപ്പുള്ളതാക്കാൻ സഹായിച്ച ചില അനുകൂലമായ സംഭവവികാസങ്ങളിൽ നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കാം.
മതപരമായ ചുറ്റുപാട്
9, 10. ഒന്നും ഇരുപതും നൂറ്റാണ്ടുകളിൽ യഹോവ സുവാർത്താ പ്രസംഗത്തിനായുള്ള പ്രതീക്ഷ ഉളവാക്കിയത് എങ്ങനെ?
9 ആഗോള പ്രസംഗ പരിപാടിയുടെ സമയത്തെ കുറിച്ചു പരിചിന്തിക്കുക. ഒന്നാം നൂറ്റാണ്ടിലെ പശ്ചാത്തലം സംബന്ധിച്ചാണെങ്കിൽ, ദാനീയേൽ 9:24-27-ൽ കാണുന്ന വർഷങ്ങളുടെ 70 ആഴ്ചവട്ടത്തെ കുറിച്ചുള്ള പ്രവചനം മിശിഹാ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന വർഷമായ പൊ.യു. 29-ലേക്കു വിരൽചൂണ്ടി. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർക്ക് കാര്യങ്ങളുടെ കൃത്യ സമയം മനസ്സിലായില്ലെങ്കിലും, അവർക്കു പ്രതീക്ഷ ഉണ്ടായിരുന്നു. അവർ മിശിഹായെ കാത്തിരിക്കുകയായിരുന്നു. (ലൂക്കൊസ് 3:15) ഫ്രഞ്ച് മാനുവൽ ബിബ്ലിക് ഇപ്രകാരം പ്രസ്താവിക്കുന്നു: “ദാനീയേൽ വ്യക്തമായി പ്രസ്താവിച്ച വർഷങ്ങളുടെ എഴുപത് ആഴ്ചകൾ അവസാനത്തോട് അടുക്കുകയാണെന്ന് ആളുകൾക്ക് അറിയാമായിരുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് സ്നാപക യോഹന്നാൻ പ്രഖ്യാപിക്കുന്നത് കേട്ട് ആരും അത്ഭുതപ്പെട്ടില്ല.”
10 ആധുനിക കാലത്തെ പശ്ചാത്തലത്തിന്റെ കാര്യമോ? സ്വർഗത്തിൽ യേശു സിംഹാസനാരോഹണം ചെയ്തതായിരുന്നു ഒരു സുപ്രധാന സംഭവവികാസം. രാജ്യ അധികാരത്തിലുള്ള അവന്റെ സാന്നിധ്യത്തിന് അതു തുടക്കം കുറിച്ചു. 1914-ൽ ആണ് അതു സംഭവിച്ചതെന്ന് ബൈബിൾ പ്രവചനം പ്രകടമാക്കുന്നു. (ദാനീയേൽ 4:13-17) ഈ സംഭവത്തിലുള്ള അതിയായ താത്പര്യം പ്രതീക്ഷാനിർഭരരായിരിക്കാൻ ആധുനിക കാലത്ത് ചില മതഭക്തരെ പ്രേരിപ്പിച്ചു. ഈ മാസിക 1879-ൽ സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും എന്ന പേരിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ആത്മാർഥരായ ബൈബിൾ വിദ്യാർഥികളുടെ ഇടയിലും അത്തരം പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെ, ഒന്നാം നൂറ്റാണ്ടിലും ആധുനിക നാളിലും ആളുകളുടെ മതപരമായ പ്രതീക്ഷകൾ സുവാർത്ത പ്രസംഗിക്കാൻ പറ്റിയ ഒരു സ്ഥിതിവിശേഷത്തിനു വഴിയൊരുക്കി. a
11. സുവാർത്താ പ്രസംഗത്തിനു സഹായകമായി വർത്തിച്ച മതപരമായ അടിസ്ഥാനങ്ങൾ ഏവ?
11 അനേകർക്ക് വിശുദ്ധ തിരുവെഴുത്തുകൾ പരിചിതമായിരുന്നു എന്നതാണ് ക്രിസ്ത്യാനികളുടെ പ്രവർത്തനത്തെ രണ്ടു യുഗങ്ങളിലും സഹായിച്ച മറ്റൊരു ഘടകം. ഒന്നാം നൂറ്റാണ്ടിൽ യഹൂദർ ചുറ്റുമുള്ള വിജാതീയ ദേശങ്ങളിലായി ചിതറിപ്പാർത്തിരുന്നു. തിരുവെഴുത്തുകൾ വായിച്ചു ചർച്ച ചെയ്യുന്നതു കേൾക്കാനായി ആളുകൾ പതിവായി കൂടിവന്നിരുന്ന സിന്നഗോഗുകൾ ആ യഹൂദന്മാർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട്, ആളുകൾക്ക് അപ്പോൾത്തന്നെ ഉണ്ടായിരുന്ന മതപരമായ അറിവിനെ ഒരു അടിസ്ഥാനമായി ഉപയോഗിക്കാൻ ആദിമ ക്രിസ്ത്യാനികൾക്കു കഴിഞ്ഞു. (പ്രവൃത്തികൾ 8:28-36; 17:1, 2) നമ്മുടെ കാലഘട്ടത്തിന്റെ തുടക്കത്തിൽ, അനേകം രാജ്യങ്ങളിൽ യഹോവയുടെ ജനം സമാനമായ ഒരു സ്ഥിതിവിശേഷം ആസ്വദിച്ചു. ക്രൈസ്തവലോക രാജ്യങ്ങളിൽ ഉടനീളം ബൈബിൾ സുലഭമായിരുന്നു, വിശേഷിച്ചും പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിൽ. അനേകം പള്ളികളിൽ അതു വായിച്ചിരുന്നു, ദശലക്ഷക്കണക്കിന് ആളുകൾക്ക് അതിന്റെ ഒരു പ്രതിയും ഉണ്ടായിരുന്നു. എങ്കിലും അതിലെ കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്കു സഹായം ആവശ്യമായിരുന്നു.
നിയമത്തിന്റെ പ്രയോജനങ്ങൾ
12. ഒന്നാം നൂറ്റാണ്ടിൽ റോമൻ നിയമം പൊതുവെ ഒരു സംരക്ഷണം ആയിരുന്നത് എങ്ങനെ?
12 ഗവൺമെന്റ് നിയമം മിക്കപ്പോഴും ക്രിസ്തീയ പ്രസംഗത്തിനു ഗുണകരമായിരുന്നിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ലോകത്തിൽ റോമാ സാമ്രാജ്യം ആധിപത്യം പുലർത്തിയിരുന്നു. അതിന്റെ ലിഖിത നിയമങ്ങൾക്ക് ആളുകളുടെ അനുദിന ജീവിതത്തിൽ ആഴമായ സ്വാധീനം ഉണ്ടായിരുന്നു. ആ നിയമങ്ങൾ സംരക്ഷണം പ്രദാനം ചെയ്തിരുന്നു. ആദിമ ക്രിസ്ത്യാനികൾ അതിൽനിന്നു പ്രയോജനം അനുഭവിച്ചു. ദൃഷ്ടാന്തത്തിന്, പൗലൊസ് റോമൻ നിയമാനുസരണം അപ്പീൽ നൽകിയതിന്റെ ഫലമായി അവൻ തടവിൽനിന്നു വിടുവിക്കപ്പെടുകയും ചാട്ടവാറടിയിൽനിന്നു മുക്തനാകുകയും ചെയ്തു. (പ്രവൃത്തികൾ 16:37-39; 22:25, 29) റോമൻ നിയമ വ്യവസ്ഥയിലെ വകുപ്പുകളെ പരാമർശിച്ചത് എഫെസൊസിലെ ക്രോധാകുലരായ ഒരു ജനക്കൂട്ടത്തെ ശാന്തരാക്കാൻ സഹായിച്ചു. (പ്രവൃത്തികൾ 19:35-41) ഒരിക്കൽ, പൗലൊസ് ഒരു റോമൻ പൗരനായിരുന്നതു നിമിത്തം യെരൂശലേമിലെ അക്രമത്തിൽനിന്നു വിടുവിക്കപ്പെട്ടു. (പ്രവൃത്തികൾ 23:27) പിന്നീട്, കൈസറുടെ മുമ്പാകെ തന്റെ വിശ്വാസത്തിനു വേണ്ടി വാദിക്കാൻ റോമൻ നിയമം അവനെ അനുവദിച്ചു. (പ്രവൃത്തികൾ 25:11, 12) പല കൈസർമാരും സ്വേച്ഛാധിപതികളായിട്ടാണു വാണതെങ്കിലും, ഒന്നാം നൂറ്റാണ്ടിലെ നിയമങ്ങൾ പെതുവെ ‘സുവാർത്തയ്ക്കു വേണ്ടി പ്രതിവാദം നടത്താനും അതു നിയമപരമായി സ്ഥാപിക്കാനും’ സഹായകമായിരുന്നു.—ഫിലിപ്പിയർ 1:7, NW.
13. നമ്മുടെ കാലത്തെ പ്രസംഗ വേലയ്ക്കു മിക്കപ്പോഴും നിയമത്തിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത് എങ്ങനെ?
13 അനേകം രാജ്യങ്ങളിൽ ഇന്നും അതു സത്യമാണ്. “ഉത്തരവുകളാൽ ദുരിതമുണ്ടാക്കുന്ന”വർ ഉണ്ടായിരുന്നിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം രാജ്യങ്ങളിലെയും ലിഖിത നിയമങ്ങൾ മതസ്വാതന്ത്ര്യത്തെ ഒരു അടിസ്ഥാന അവകാശമായി പരിഗണിക്കുന്നു. (സങ്കീർത്തനം 94:20, ഓശാന ബൈബിൾ) യഹോവയുടെ സാക്ഷികൾ സാമൂഹിക വ്യവസ്ഥിതിക്കു യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്നു തിരിച്ചറിയുന്ന അനേകം ഭരണകൂടങ്ങൾ നമുക്കു നിയമാംഗീകാരം നൽകിയിട്ടുണ്ട്. സാക്ഷികളുടെ അച്ചടി കൂടുതലായും നടന്നിട്ടുള്ള ഐക്യനാടുകളിലെ നിയമങ്ങൾ 120 വർഷമായി വീക്ഷാഗോപുരം മാസിക തുടർച്ചയായി പ്രസിദ്ധീകരിക്കാൻ സഹായിച്ചിരിക്കുന്നു. ആ മാസിക ലോകവ്യാപകമായി വായിക്കപ്പെടുന്നു.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും കാലഘട്ടങ്ങൾ
14, 15. ഒന്നാം നൂറ്റാണ്ടിൽ പൊതുവെ ഉണ്ടായിരുന്ന സാമൂഹിക സുസ്ഥിരത പ്രസംഗ പ്രവർത്തനത്തിനു സഹായകമായി വർത്തിച്ചത് എങ്ങനെ?
14 താരതമ്യേന സമാധാനമുള്ള കാലഘട്ടങ്ങളും പ്രസംഗ പ്രവർത്തനത്തിനു ഗുണകരമായിരുന്നിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലും നമ്മുടെ കാലത്തും ‘രാജ്യം രാജ്യത്തോട് എതിർക്കു’മെന്ന് യേശു കൃത്യമായി മുൻകൂട്ടി പറഞ്ഞെങ്കിലും, തീവ്രമായ രാജ്യപ്രസംഗം സാധ്യമാക്കിത്തീർത്ത സ്ഥിരതയുള്ള കാലഘട്ടങ്ങളും ഉണ്ടായിരുന്നു. (മത്തായി 24:7) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ പാക്സ് റൊമാനയുടെ, അഥവാ റോമൻ സമാധാനത്തിന്റെ, കാലത്തായിരുന്നു ജീവിച്ചിരുന്നത്. ഒരു ചരിത്രകാരൻ ഇങ്ങനെ എഴുതി: “മെഡിറ്റനേറിയൻ ലോകത്തിലെ ജനതയെ റോം പൂർണമായിത്തന്നെ കീഴടക്കി. അങ്ങനെ അവരെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ നിരന്തരമായിരുന്ന യുദ്ധത്തിന്റെ നാളുകൾക്ക് അത് അറുതി വരുത്തി.” ആദിമ ക്രിസ്ത്യാനികൾക്കു റോമൻ ലോകത്ത് ഉടനീളം താരതമ്യേന സുരക്ഷിതമായി യാത്ര ചെയ്യാൻ ഈ സ്ഥിതിവിശേഷം അവസരമേകി.
15 ജനങ്ങളെ തങ്ങളുടെ കരുത്തുറ്റ കൈക്കീഴിൽ ഒന്നിച്ചു നിർത്താൻ റോമാ സാമ്രാജ്യം കഠിനമായി യത്നിച്ചു. ഈ നയം ഹേതുവായി സഞ്ചാരത്തിനും സഹിഷ്ണുതയ്ക്കും ആശയ കൈമാറ്റത്തിനും അതുപോലെതന്നെ സാർവദേശീയ സാഹോദര്യം എന്ന ആശയത്തിനും ഉന്നമനം ലഭിച്ചു. സംസ്കാരത്തിലേക്കുള്ള പാത (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “[റോമാ] സാമ്രാജ്യത്തിന്റെ ഐക്യം [ക്രിസ്തീയ പ്രസംഗത്തിനുള്ള] പ്രവർത്തന മണ്ഡലത്തെ അനുകൂലമായ ഒന്നാക്കിത്തീർത്തു. ദേശീയ അതിർവരമ്പുകൾ തകർന്നിരുന്നു. റോമാ പൗരൻ ലോക പൗരനായിരുന്നു. . . . അതിനു പുറമേ, സാർവലൗകിക പൗരത്വം എന്ന ആശയം വികസിപ്പിച്ചെടുത്ത ഒരു രാഷ്ട്രത്തിൽ മാനവ സാഹോദര്യം പഠിപ്പിച്ചിരുന്ന ഒരു മതം അംഗീകരിക്കപ്പെടുമായിരുന്നു.”—പ്രവൃത്തികൾ 10:34, 35; 1 പത്രൊസ് 2:17 എന്നിവ താരതമ്യം ചെയ്യുക.
16, 17. ആധുനിക കാലങ്ങളിൽ സമാധാനത്തെ ഉന്നമിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പ്രചോദനമേകിയിരിക്കുന്നത് എന്താണ്, അനേകർ ഏതു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു?
16 നമ്മുടെ കാലത്തിന്റെ കാര്യമോ? ചരിത്രത്തിലെ ഏറ്റവും നാശകരമായ യുദ്ധങ്ങൾക്ക് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചിരിക്കുന്നു. പ്രാദേശിക യുദ്ധങ്ങൾ ചില രാജ്യങ്ങളിൽ ഇപ്പോഴും കൊടുമ്പിരികൊള്ളുന്നു. (വെളിപ്പാടു 6:4) എന്നിട്ടും, താരതമ്യേന സമാധാനമുള്ള കാലഘട്ടങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. കഴിഞ്ഞ 50 വർഷങ്ങളിൽ ലോകത്തിലെ പ്രമുഖ ശക്തികൾ ഒരു സമഗ്ര യുദ്ധത്തിൽ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ഈ സാഹചര്യം പ്രസ്തുത രാജ്യങ്ങളിൽ സുവാർത്താ പ്രസംഗത്തിനു വളരെയേറെ സഹായകമായിരുന്നിട്ടുണ്ട്.
17 ഇരുപതാം നൂറ്റാണ്ടിലെ യുദ്ധത്തിന്റെ ഭീകരതകൾ ഒരു ലോക ഗവൺമെന്റിന്റെ ആവശ്യം അനേകം ആളുകൾ തിരിച്ചറിയാൻ ഇടയാക്കിയിരിക്കുന്നു. ലോക യുദ്ധത്തെ കുറിച്ചുള്ള ഭീതി സർവരാജ്യ സഖ്യത്തിന്റെയും ഐക്യരാഷ്ട്രങ്ങളുടെയും രൂപീകരണത്തിലേക്കു നയിച്ചു. (വെളിപ്പാടു 13:14) സാർവദേശീയ സഹകരണവും സമാധാനവും ഉന്നമിപ്പിക്കുക എന്നതാണ് ഈ രണ്ടു സംഘടനകളുടെയും ഒരു പ്രഖ്യാപിത ലക്ഷ്യം. അത്തരം ഒരു ആവശ്യം മനസ്സിലാക്കുന്ന ആളുകൾ, ശാശ്വതമായ യഥാർഥ സമാധാനം കൈവരുത്തുന്ന ലോക ഗവൺമെന്റായ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്തയോടു മിക്കപ്പോഴും അനുകൂലമായി പ്രതികരിക്കുന്നു.
18. മതത്തോടുള്ള ഏതു മനോഭാവമാണ് പ്രസംഗ വേലയ്ക്ക് അനുകൂലമായിരുന്നിട്ടുള്ളത്?
18 ക്രിസ്ത്യാനികൾ ചിലപ്പോഴൊക്കെ മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഒന്നും ഇരുപതും നൂറ്റാണ്ടുകളിൽ മതപരമായ സഹിഷ്ണുത പ്രകടമായിരുന്ന കാലഘട്ടങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. (യോഹന്നാൻ 15:20; പ്രവൃത്തികൾ 9:31) റോമാക്കാർ തങ്ങൾ കീഴടക്കിയ ജനതകളുടെ ദേവീദേവന്മാരെ യഥേഷ്ടം സ്വീകരിക്കുകയും അവയോടു പൊരുത്തപ്പെടുകയും ചെയ്തു. പ്രൊഫസർ റോഡ്നി സ്റ്റാർക്ക് എഴുതി: “അനേക വിധങ്ങളിൽ റോം വർധിച്ച അളവിലുള്ള മതസ്വാതന്ത്ര്യം നൽകിയിരുന്നു, പിന്നീട് അമേരിക്കൻ വിപ്ലവത്തിനു ശേഷം മാത്രമാണ് അത്രയധികം മതസ്വാതന്ത്ര്യം ലഭ്യമായത്.” ആധുനിക കാലങ്ങളിൽ പല ദേശങ്ങളിലെയും ആളുകൾ മറ്റുള്ളവരുടെ വീക്ഷണങ്ങൾ പരിശോധിച്ചുനോക്കാൻ കൂടുതൽ ചായ്വു കാണിച്ചിട്ടുണ്ട്. തത്ഫലമായി, യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന ബൈബിൾ സന്ദേശം ശ്രവിക്കാൻ അവർ മനസ്സൊരുക്കം ഉള്ളവരായിരുന്നിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ പങ്ക്
19. ആദിമ ക്രിസ്ത്യാനികൾ കോഡക്സ് പ്രയോജനപ്പെടുത്തിയത് എങ്ങനെ?
19 അവസാനമായി, സാങ്കേതികവിദ്യയിലെ പുരോഗതികളിൽ നിന്നു പ്രയോജനം അനുഭവിക്കാൻ യഹോവ തന്റെ ജനത്തെ പ്രാപ്തരാക്കിയിരിക്കുന്നത് എങ്ങനെയെന്നു നോക്കുക. സാങ്കേതികവിദ്യ ത്വരിതഗതിയിൽ മുന്നേറിയിരുന്ന ഒരു കാലഘട്ടത്തിലല്ല ആദിമ ക്രിസ്ത്യാനികൾ ജീവിച്ചിരുന്നത് എങ്കിലും, അവർ തീർച്ചയായും ഉപയോഗപ്പെടുത്തിയ ഒരു കണ്ടുപിടിത്തമായിരുന്നു കോഡക്സ് അഥവാ താളുകളോടുകൂടിയ കൈയെഴുത്തുപുസ്തകം. വളരെ ഭാരമുള്ള ചുരുളിന്റെ സ്ഥാനത്ത് കോഡക്സ് കടന്നുവന്നു. കോഡക്സിന്റെ പിറവി (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നു: “ലൗകിക സാഹിത്യരംഗത്ത് ചുരുളുകളുടെ സ്ഥാനം കോഡക്സ് കയ്യടക്കിയത് വളരെ സാവധാനത്തിലായിരുന്നു. എന്നാൽ, ക്രിസ്ത്യാനികൾ ത്വരിതഗതിയിലും വ്യാപകമായും കോഡക്സ് ഉപയോഗിച്ചതായി തോന്നുന്നു.” ഈ ആധികാരിക ഗ്രന്ഥം ഇങ്ങനെയും പറയുന്നു: “കോഡക്സ് രംഗത്തു വന്നത് ഏ.ഡി. 100-ന് വളരെ മുമ്പ് ആയിരിക്കണം, കാരണം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ അതു വ്യാപകമായി ഉപയോഗിച്ചിരുന്നു.” ചുരുളിനെ അപേക്ഷിച്ച് കോഡക്സ് ഉപയോഗിക്കാൻ എളുപ്പമായിരുന്നു. തിരുവെഴുത്തുകൾ എളുപ്പം കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. തിരുവെഴുത്തുകൾ വിശദീകരിക്കുക മാത്രമല്ല, തങ്ങൾ പഠിപ്പിച്ചിരുന്ന കാര്യങ്ങൾ ‘പരാമർശനങ്ങളിലൂടെ തെളിയിക്കുകയും’ ചെയ്തിരുന്ന പൗലൊസിനെ പോലുള്ള ആദിമ ക്രിസ്ത്യാനികളെ അതു തീർച്ചയായും സഹായിച്ചു.—പ്രവൃത്തികൾ 17:2, 3, NW.
20. ആഗോള പ്രസംഗ പ്രവർത്തനത്തിൽ ദൈവജനം ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നത് എങ്ങനെ, എന്തുകൊണ്ട്?
20 നമ്മുടെ നൂറ്റാണ്ടിൽ സാങ്കേതികവിദ്യയിൽ ഉണ്ടായ മുന്നേറ്റങ്ങൾ വിസ്മയാവഹമാണ്. ബൈബിൾ സാഹിത്യങ്ങൾ അനേകം ഭാഷകളിൽ ഒരേ സമയത്തു പ്രസിദ്ധീകരിക്കാൻ അതിവേഗ അച്ചടിയന്ത്രങ്ങൾ സഹായിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ബൈബിൾ പരിഭാഷാ വേലയെ ത്വരിതപ്പെടുത്തിയിരിക്കുന്നു. ട്രക്കുകൾ, ട്രെയിനുകൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുടെ സഹായത്താൽ ബൈബിൾ സാഹിത്യം ഭൂമിയിൽ എല്ലായിടത്തും വളരെ വേഗം എത്തിക്കാൻ കഴിയുന്നു. ടെലഫോണുകളും ഫാക്സ് മെഷീനുകളും തത്സമയ ആശയവിനിമയം യാഥാർഥ്യമാക്കിയിരിക്കുന്നു. ലോകത്തെങ്ങും സുവാർത്ത വ്യാപിപ്പിക്കാനായി അത്തരം സാങ്കേതികവിദ്യയെ പ്രായോഗികമായി പ്രയോജനപ്പെടുത്താൻ തന്റെ ആത്മാവ് മുഖാന്തരം യഹോവ തന്റെ ദാസന്മാരെ പ്രേരിപ്പിച്ചിരിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും പ്രയോഗത്തിൽ കൊണ്ടുവരാനുമുള്ള ആഗ്രഹം നിമിത്തമല്ല അവർ അവ ഉപയോഗിക്കുന്നത്. പകരം, ഏറ്റവും ഫലപ്രദമായി തങ്ങളുടെ പ്രസംഗ നിയമനം നിറവേറ്റുന്നതിൽ തങ്ങളെ സഹായിക്കുന്ന കാര്യങ്ങളിലാണ് അവരുടെ മുഖ്യ താത്പര്യം.
21. എന്തു സംബന്ധിച്ചു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
21 “രാജ്യത്തിന്റെ ഈ സുവിശേഷം . . . ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന് യേശു മുൻകൂട്ടി പറഞ്ഞു. (മത്തായി 24:14) ആദിമ ക്രിസ്ത്യാനികൾ ആ പ്രവചനത്തിന്റെ ഒരു നിവൃത്തി കണ്ടതുപോലെ, ഇന്നു നാം അതു വ്യാപകമായ അളവിൽ കാണുന്നു. വേലയുടെ ബാഹുല്യവും വൈഷമ്യവും ഗണ്യമാക്കാതെ, അനുകൂല കാലത്തും പ്രതികൂല കാലത്തും, മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളുടെയും മനോഭാവങ്ങളുടെയും മധ്യേയും, യുദ്ധകാലത്തും സമാധാനകാലത്തും, സങ്കേതികവിദ്യയുടെ സകലതരം മുന്നേറ്റങ്ങളുടെ മധ്യേയും സുവാർത്ത പ്രസംഗിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോൾ പ്രസംഗിക്കപ്പെടുകയും ചെയ്യുന്നു. ഇത് യഹോവയുടെ ജ്ഞാനത്തെയും ഭാവി മുൻകൂട്ടി കാണാനുള്ള ആശ്ചര്യകരമായ പ്രാപ്തിയെയും കുറിച്ചുള്ള ആദരാതിശയങ്ങൾ നിങ്ങളിൽ നിറയ്ക്കുന്നില്ലേ? പ്രസംഗ പ്രവർത്തനം ദൈവത്തിന്റെ സമയപ്പട്ടിക അനുസരിച്ചു പൂർത്തിയാകുമെന്നും നീതിമാന്മാരുടെ അനുഗ്രഹത്തിനായി അവന്റെ സ്നേഹപൂർവകമായ ഉദ്ദേശ്യം നിവൃത്തിയേറുമെന്നും നമുക്കു പൂർണമായി ഉറപ്പുള്ളവരായിരിക്കാം. അവർ ഭൂമിയെ കൈവശമാക്കി അതിൽ എന്നേക്കും ജീവിക്കും. (സങ്കീർത്തനം 37:29; ഹബക്കൂക് 2:3) യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിതം നയിക്കുന്നെങ്കിൽ നാമും അവരോടൊപ്പം ഉണ്ടായിരിക്കും.—1 തിമൊഥെയൊസ് 4:16.
[അടിക്കുറിപ്പുകൾ]
a ഈ രണ്ട് മിശിഹൈക പ്രവചനങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 36, 97, 98-107 എന്നീ പേജുകൾ കാണുക.
പുനരവലോകന ആശയങ്ങൾ
□ സുവാർത്താ പ്രസംഗ വേല വെല്ലുവിളി നിറഞ്ഞ ഒരു നിയമനം ആയിരുന്നിട്ടുള്ളത് എന്തുകൊണ്ട്?
□ ഗവൺമെന്റ് ക്രമീകരണങ്ങളും പൊതുവെയുള്ള സാമൂഹിക സുസ്ഥിരതയും ക്രിസ്ത്യാനികളുടെ വേലയ്ക്ക് ഗുണകരമായിരുന്നിട്ടുള്ളത് ഏതു വിധങ്ങളിൽ?
□ പ്രസംഗ പ്രവർത്തനത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹം ഏതു ഭാവി സംഭവവികാസങ്ങൾ സംബന്ധിച്ചു നമുക്ക് ഉറപ്പേകുന്നു?
[അധ്യയന ചോദ്യങ്ങൾ]