വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ക്രിസ്‌ത്യാനികൾ വിവാ​ഹ​നി​ശ്ച​യത്തെ എത്ര ഗൗരവ​മാ​യി കാണണം?

വിവാ​ഹ​നി​ശ്ചയം അഥവാ വിവാഹം ഉറപ്പിക്കൽ സന്തോ​ഷ​പ്ര​ദ​വും അതേസ​മയം ഗൗരവാ​വ​ഹ​വു​മായ ഒരു സംഗതി​യാണ്‌. പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യും വിവാ​ഹ​നി​ശ്ച​യത്തെ നിസ്സാ​ര​പ്ര​ശ്‌നത്തെ പ്രതി ഏതു സമയത്തും അവസാ​നി​പ്പി​ക്കാ​വുന്ന ഒന്നായി കരുതി​ക്കൊണ്ട്‌ ലഘുവാ​യി എടുക്ക​രുത്‌. വിവാ​ഹ​ത്തി​നു മുമ്പു ദമ്പതി​കൾക്കു കൂടുതൽ അടുത്ത്‌ അറിയാ​നുള്ള ഒരു അവസരം കൂടി​യാണ്‌ വിവാ​ഹ​നി​ശ്ച​യത്തെ തുടർന്നുള്ള കാലം.

ഈ വിഷയം ചർച്ച ചെയ്യു​മ്പോൾ നാം തിരി​ച്ച​റി​യേണ്ട ഒരു സംഗതി, വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട ആചാര​ങ്ങ​ളും അതി​ലേക്കു നയിക്കുന്ന നടപടി​ക്ര​മ​ങ്ങ​ളും സ്ഥലത്തി​നും കാലത്തി​നും അനുസ​രി​ച്ചു വളരെ​യേറെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതാണ്‌. ബൈബി​ളിൽ അതിന്റെ ദൃഷ്ടാ​ന്തങ്ങൾ കാണാ​വു​ന്ന​താണ്‌.

“ഒരിക്ക​ലും ഒരു പുരു​ഷ​നു​മാ​യി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാത്ത” (NW) രണ്ടു പുത്രി​മാർ ലോത്തി​നു​ണ്ടാ​യി​രു​ന്നു. ആ സ്ഥലത്തുള്ള രണ്ട്‌ പുരു​ഷ​ന്മാ​രു​മാ​യി ഏതോ രീതി​യിൽ അവരുടെ വിവാഹം ഉറപ്പി​ച്ചി​രു​ന്നു. ലോത്തി​ന്റെ ‘മരുമക്കൾ അവന്റെ പുത്രി​മാ​രെ വിവാഹം ചെയ്‌വാ​നു​ള്ളവർ’ ആയിരു​ന്നു. എന്നാൽ, വിവാ​ഹ​നി​ശ്ചയം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നോ അത്‌ എങ്ങനെ നടത്ത​പ്പെ​ട്ടെ​ന്നോ ബൈബിൾ പറയു​ന്നില്ല. പുത്രി​മാർ പ്രായ​പൂർത്തി​യാ​യവർ ആയിരു​ന്നോ? വിവാഹ പങ്കാളി​യെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ അവർക്ക്‌ ഒരു മുഖ്യ പങ്ക്‌ ഉണ്ടായി​രു​ന്നോ? പരസ്യ​മായ എന്തെങ്കി​ലും പടികൾ സ്വീക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നോ അവരുടെ വിവാഹം ഉറപ്പി​ച്ചത്‌? നമുക്ക്‌ അറിയില്ല. (ഉല്‌പത്തി 19:8-14) എന്നാൽ, റാഹേ​ലി​ന്റെ പിതാ​വി​നു വേണ്ടി ഏഴു വർഷം ജോലി ചെയ്‌ത ശേഷം അവളെ വിവാഹം ചെയ്യാൻ യാക്കോബ്‌ അവനു​മാ​യി സ്വയം ഉടമ്പടി ചെയ്‌തു എന്ന്‌ നമുക്ക്‌ അറിയാം. യാക്കോബ്‌ റാഹേ​ലി​നെ കുറിച്ച്‌ “എന്റെ ഭാര്യ” എന്നു പറഞ്ഞെ​ങ്കി​ലും, ആ വർഷങ്ങ​ളി​ലൊ​ന്നും അവർ തമ്മിൽ ലൈം​ഗിക ബന്ധം ഉണ്ടായി​രു​ന്നില്ല. (ഉല്‌പത്തി 29:18-21) ഇനി, മറ്റൊരു ദൃഷ്ടാന്തം പരിചി​ന്തി​ക്കാം, ശൗലിന്റെ മകളായ മീഖളി​നെ വിവാഹം കഴിക്ക​ണ​മെ​ങ്കിൽ ദാവീദ്‌ ഫെലി​സ്‌ത്യ​രു​ടെ​മേൽ ഒരു വിജയം നേടണ​മാ​യി​രു​ന്നു. ശൗലിന്റെ ആ നിബന്ധന പാലി​ച്ച​പ്പോൾ ദാവീ​ദിന്‌ അവളെ വിവാഹം കഴിക്കാൻ സാധിച്ചു. (1 ശമൂവേൽ 18:20-28) മേൽപ്പറഞ്ഞ “വിവാ​ഹ​നി​ശ്ച​യങ്ങൾ” എല്ലാം വ്യത്യസ്‌ത രീതി​ക​ളിൽ ഉള്ളവയാ​യി​രു​ന്നു. മാത്രമല്ല, അവ ഇന്നു മിക്കയി​ട​ങ്ങ​ളി​ലു​മുള്ള രീതി​ക​ളിൽനി​ന്നു വിഭി​ന്ന​വു​മാ​യി​രു​ന്നു.

വിവാ​ഹ​ത്തോ​ടും വിവാ​ഹ​നി​ശ്ച​യ​ത്തോ​ടും ഉള്ള ബന്ധത്തിൽ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ ചില നിബന്ധ​നകൾ ഉണ്ടായി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു പുരു​ഷന്‌ ഒന്നില​ധി​കം ഭാര്യ​മാർ ആകാമാ​യി​രു​ന്നു. പല കാരണ​ങ്ങളെ പ്രതി അയാൾക്കു വിവാ​ഹ​മോ​ചനം നേടാ​മാ​യി​രു​ന്നു, പ്രത്യ​ക്ഷ​ത്തിൽ ഭാര്യക്ക്‌ അതിനു കഴിഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും. (പുറപ്പാ​ടു 22:16, 17; ആവർത്ത​ന​പു​സ്‌തകം 24:1-4) വിവാ​ഹ​നി​ശ്ചയം കഴിയാത്ത ഒരു കന്യകയെ ഒരുവൻ വശീക​രി​ച്ചാൽ, അവളുടെ പിതാവ്‌ സമ്മതി​ക്കുന്ന പക്ഷം അവളെ അയാൾ വിവാഹം കഴിക്ക​ണ​മാ​യി​രു​ന്നു, ഒരിക്ക​ലും അയാൾക്ക്‌ അവളെ ഉപേക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. (ആവർത്ത​ന​പു​സ്‌തകം 22:28, 29) ലൈം​ഗിക ബന്ധം എപ്പോൾ ഒഴിവാ​ക്കണം എന്നതു​പോ​ലുള്ള, വിവാഹ ജീവി​ത​ത്തി​നു ബാധക​മായ മറ്റു നിയമ​ങ്ങ​ളും ഉണ്ടായി​രു​ന്നു. (ലേവ്യ​പു​സ്‌തകം 12:2, 5; 15:24; 18:19) എന്നാൽ വിവാ​ഹ​നി​ശ്ച​യ​ത്തി​ന്റെ കാര്യ​ത്തിൽ എന്തു നിബന്ധ​ന​ക​ളാണ്‌ ഉണ്ടായി​രു​ന്നത്‌?

വിവാ​ഹ​നി​ശ്ച​യം കഴിഞ്ഞ ഒരു ഇസ്രാ​യേല്യ സ്‌ത്രീ​യു​ടെ നിയമ​പ​ര​മായ നില വിവാ​ഹ​നി​ശ്ചയം കഴിയാത്ത ഒരു സ്‌ത്രീ​യു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 22:23-29; മത്തായി 1:18, 19) ഇസ്രാ​യേ​ല്യർക്ക്‌ അവരുടെ ചില ബന്ധുക്ക​ളു​മാ​യി വിവാ​ഹ​നി​ശ്ചയം നടത്താ​നോ അവരെ വിവാഹം കഴിക്കാ​നോ സാധി​ക്കു​മാ​യി​രു​ന്നില്ല. അവർ തമ്മിൽ രക്തബന്ധ​മു​ണ്ടാ​യി​രു​ന്നു എന്നതാ​യി​രു​ന്നു ഒരു മുഖ്യ കാരണം. എന്നാൽ ചില കേസു​ക​ളിൽ അതു നിരോ​ധി​ച്ചി​രു​ന്നത്‌ സ്വത്തവ​കാ​ശ​ത്തോ​ടു ബന്ധപ്പെട്ട കാരണ​ങ്ങ​ളാൽ ആയിരു​ന്നു. (ലേവ്യ​പു​സ്‌തകം 18:6-20; 1978 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 25-8 പേജുകൾ കാണുക.) ദൈവ​ദാ​സ​ന്മാർ വിവാ​ഹ​നി​ശ്ച​യത്തെ നിസ്സാ​ര​മാ​യി കാണരു​താ​യി​രു​ന്നു എന്നതു വ്യക്തമാണ്‌.

ഇസ്രാ​യേ​ല്യർ ന്യായ​പ്ര​മാ​ണ​ത്തി​ലെ അത്തരം നിബന്ധ​ന​ക​ളു​ടെ എല്ലാം കീഴി​ലാ​യി​രു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ​യോ വിവാ​ഹ​നി​ശ്ച​യ​ത്തെ​യും അല്ലെങ്കിൽ വിവാ​ഹ​ത്തെ​യും കുറി​ച്ചുള്ള അതിന്റെ നിബന്ധ​ന​ക​ളു​ടെ​യോ കീഴിലല്ല. (റോമർ 7:4, 6; എഫെസ്യർ 2:14; എബ്രായർ 8:6, 13) വാസ്‌ത​വ​ത്തിൽ, വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട ക്രിസ്‌തീയ നിലവാ​രം ന്യായ​പ്ര​മാ​ണ​ത്തി​ന്റേ​തിൽ നിന്നു വ്യത്യ​സ്‌ത​മാ​ണെന്ന്‌ യേശു പഠിപ്പി​ച്ചു. (മത്തായി 19:3-9) പക്ഷേ, അവൻ വിവാ​ഹ​ത്തി​ന്റെ​യോ വിവാ​ഹ​നി​ശ്ച​യ​ത്തി​ന്റെ​യോ ഗൗരവം കുറച്ചു​കാ​ണി​ച്ചില്ല. അതു​കൊണ്ട്‌, ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ വിവാഹം ഉറപ്പിക്കൽ എത്രമാ​ത്രം ഗൗരവ​മുള്ള സംഗതി​യാണ്‌?

അനേകം രാജ്യ​ങ്ങ​ളി​ലും ആരെ വിവാഹം കഴിക്ക​ണ​മെന്നു വ്യക്തികൾ സ്വയം തീരു​മാ​നി​ക്കു​ന്നു. ഒരു പുരു​ഷ​നും സ്‌ത്രീ​യും പരസ്‌പരം വിവാഹം കഴിക്കാ​മെന്നു വാഗ്‌ദാ​നം ചെയ്‌താൽ, അവർ വിവാ​ഹ​നി​ശ്ചയം ചെയ്‌ത​വ​രാ​യി കരുത​പ്പെ​ടു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ, ഒരു വിവാ​ഹ​നി​ശ്ചയം പ്രാബ​ല്യ​ത്തി​ലാ​കാൻ കൂടു​ത​ലായ ഔദ്യോ​ഗിക നടപടി​കൾ ഒന്നും ആവശ്യ​മില്ല. തങ്ങളുടെ വിവാ​ഹ​നി​ശ്ച​യത്തെ സൂചി​പ്പി​ക്കാൻ ചില സ്ഥലങ്ങളിൽ പുരുഷൻ തന്റെ പ്രതി​ശ്രുത വധുവിന്‌ ഒരു മോതി​രം നൽകു​ന്നതു സാധാ​ര​ണ​മാ​ണെ​ന്നു​ള്ളതു ശരിയാണ്‌. അല്ലെങ്കിൽ, ഒരു കുടുംബ ഭക്ഷണ​വേ​ള​യി​ലോ മറ്റൊരു ചെറിയ കൂടി​വ​ര​വി​ലോ വിവാ​ഹ​നി​ശ്ചയം ബന്ധുക്ക​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും അറിയി​ക്കു​ന്നത്‌ ഒരു പതിവാണ്‌. ഇവയെ​ല്ലാം വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങ​ളാണ്‌, തിരു​വെ​ഴു​ത്തു​പ​ര​മായ നിബന്ധ​നകൾ അല്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു കരാറാണ്‌ വിവാ​ഹ​നി​ശ്ച​യ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. a

ഒരു ക്രിസ്‌ത്യാ​നി കോർട്ടി​ങ്ങി​നോ വിവാ​ഹ​നി​ശ്ച​യ​ത്തി​നോ വിവാ​ഹ​ത്തി​നോ എടുത്തു​ചാ​ടി തീരു​മാ​നം എടുക്ക​രുത്‌. കോർട്ടിങ്‌ തുടങ്ങു​ന്ന​തോ വിവാ​ഹ​നി​ശ്ച​യ​ത്തി​ലേ​ക്കോ വിവാ​ഹ​ത്തി​ലേ​ക്കോ ഉള്ള പടികൾ സ്വീക​രി​ക്കു​ന്ന​തോ ജ്ഞാനപൂർവ​ക​മാ​ണോ എന്നു തീരു​മാ​നി​ക്കാൻ അവിവാ​ഹി​തരെ സഹായി​ക്കുന്ന ബൈബിൾ അധിഷ്‌ഠിത വിവരങ്ങൾ ഞങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. b ആ ബുദ്ധി​യു​പ​ദേ​ശ​ത്തി​ലെ ഒരു മുഖ്യ ആശയം ക്രിസ്‌തീയ വിവാഹം ശാശ്വ​ത​മാ​ണെ​ന്നു​ള്ള​താണ്‌.—ഉല്‌പത്തി 2:24; മർക്കൊസ്‌ 10:6-9.

രണ്ടു ക്രിസ്‌ത്യാ​നി​കൾ വിവാ​ഹ​നി​ശ്ച​യത്തെ കുറിച്ചു ചിന്തി​ക്കു​ന്ന​തി​നു മുമ്പ്‌ പരസ്‌പരം നന്നായി മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. ഇരുവർക്കും സ്വയം ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌, ‘ആ വ്യക്തി​യു​ടെ ആത്മീയ​ത​യും ദൈവ​ഭ​ക്തി​യും സംബന്ധിച്ച്‌ എനിക്ക്‌ ഉറപ്പു​ണ്ടോ? ആയുഷ്‌കാ​ലം മുഴു​വ​നും ആ വ്യക്തി​യോ​ടൊ​പ്പം ദൈവത്തെ സേവി​ക്കു​ന്നത്‌ എനിക്കു വിഭാവന ചെയ്യാൻ കഴിയു​മോ? ഞങ്ങൾ ഇരുവ​രും വ്യക്തിത്വ സവി​ശേ​ഷ​തകൾ പരസ്‌പരം വേണ്ടവി​ധം മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടോ? ഞങ്ങൾ എക്കാല​വും ഇണങ്ങി​ക്ക​ഴി​യാ​വു​ന്നവർ ആയിരി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പു​ണ്ടോ? ഇരുവ​രു​ടെ​യും കഴിഞ്ഞ​കാല പ്രവൃ​ത്തി​കളെ കുറി​ച്ചും ഇപ്പോ​ഴത്തെ സാഹച​ര്യ​ങ്ങളെ കുറി​ച്ചും ഞങ്ങൾക്കു വേണ്ടത്ര അറിയാ​മോ?’

രണ്ടു ക്രിസ്‌ത്യാ​നി​കൾ തമ്മിൽ ഒരിക്കൽ വിവാഹം കഴിക്കാ​മെന്നു വാക്കു കൊടു​ത്താൽ, തുടർന്ന്‌ ആ വിവാഹം നടക്കു​മെന്ന്‌ അവർക്കും മറ്റുള്ള​വർക്കും ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാ​നാ​കും. യേശു ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “നിങ്ങളു​ടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരി​ക്കട്ടെ.” (മത്തായി 5:37) വിവാ​ഹ​നി​ശ്ചയം നടത്തുന്ന ക്രിസ്‌ത്യാ​നി​കൾ അതിനെ ഗൗരവ​മാ​യെ​ടു​ക്കണം. എന്നിരു​ന്നാ​ലും അപൂർവം ചില കേസു​ക​ളിൽ, വിവാഹം കഴിക്കാ​മെന്നു വാക്കു കൊടു​ക്കു​ന്ന​തി​നു മുമ്പ്‌ ഗൗരവ​മുള്ള ഒരു സംഗതി പറഞ്ഞി​രു​ന്നി​ല്ലെ​ന്നോ മറച്ചു​വെ​ച്ചി​രു​ന്നു​വെ​ന്നോ വിവാ​ഹ​നി​ശ്ചയ ശേഷം ഒരു ക്രിസ്‌ത്യാ​നി മനസ്സി​ലാ​ക്കി​യേ​ക്കാം. അത്‌ ഒരുപക്ഷേ മറ്റേയാ​ളി​ന്റെ മുൻകാല പ്രവൃ​ത്തി​കളെ കുറി​ച്ചുള്ള പ്രധാ​ന​പ്പെട്ട ഒരു സംഗതി ആയിരി​ക്കാം, കുറ്റകൃ​ത്യ​ങ്ങ​ളോ അധാർമിക പ്രവൃ​ത്തി​ക​ളോ പോലു​മാ​കാം. ഇതേക്കു​റിച്ച്‌ അറിയുന്ന ക്രിസ്‌ത്യാ​നി താൻ എന്തു ചെയ്യണം എന്നു തീരു​മാ​നി​ക്കണം. ഒരുപക്ഷേ ഇരുവ​രും പ്രസ്‌തുത സംഗതി ഒരുമി​ച്ചു ചർച്ച ചെയ്‌ത്‌ വിവാഹം കഴിക്കാ​നുള്ള കരാർ തുടരാ​നോ അല്ലെങ്കിൽ അത്‌ അവസാ​നി​പ്പി​ക്കാ​നോ പരസ്‌പര സമ്മത​ത്തോ​ടെ തീരു​മാ​നി​ച്ചേ​ക്കാം. അപ്രകാ​രം ചെയ്യു​ന്നത്‌, മറ്റുള്ളവർ തലയി​ടു​ക​യോ പോം​വ​ഴി​കൾ നിർദേ​ശി​ക്കു​ക​യോ ചെയ്യേ​ണ്ട​തി​ല്ലാത്ത ഒരു സ്വകാര്യ സംഗതി​യാ​ണെ​ങ്കി​ലും വളരെ ഗൗരവ​മുള്ള ഒരു തീരു​മാ​ന​മാണ്‌. നേരെ​മ​റിച്ച്‌, വിവാ​ഹ​നി​ശ്ച​യ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന മറ്റേ വ്യക്തി അതു തുടരാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കി​ലും ആ ഗുരു​ത​ര​മായ പ്രശ്‌നത്തെ കുറിച്ച്‌ മനസ്സി​ലാ​ക്കുന്ന പ്രതി​ശ്രുത വ്യക്തി അത്‌ അവസാ​നി​പ്പി​ക്ക​ണ​മെന്നു ശക്തമായി കരുതുന്ന സാഹച​ര്യ​വു​മു​ണ്ടാ​കാം.—1975 ജൂൺ 15 വീക്ഷാ​ഗോ​പു​ര​ത്തി​ലെ [ഇംഗ്ലീഷ്‌] “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

വിവാ​ഹ​ത്തി​നു മുമ്പ്‌ അത്തരം പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു നല്ല കാരണങ്ങൾ ഉണ്ട്‌. പുനർവി​വാ​ഹ​ത്തിന്‌ ഒരുവനെ സ്വത​ന്ത്ര​നാ​ക്കുന്ന വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഏക അടിസ്ഥാ​നം പോർണിയ, അതായത്‌ മറ്റേ വിവാഹ ഇണയുടെ ഭാഗത്തെ കടുത്ത ലൈം​ഗിക അധാർമി​കത, ആണെന്ന്‌ യേശു പറഞ്ഞു. (മത്തായി 5:32; 19:9) വിവാ​ഹ​ത്തി​നു മുമ്പുള്ള ഗുരു​ത​ര​മായ ഒരു പ്രശ്‌ന​ത്തെ​യോ ദുഷ്‌പ്ര​വൃ​ത്തി​യെ​യോ കുറിച്ച്‌ അറിയു​മ്പോൾ വിവാ​ഹ​മോ​ച​ന​ത്തി​ലൂ​ടെ നിയമ​പ​ര​മായ ബന്ധം അവസാ​നി​പ്പി​ക്കാ​വു​ന്ന​താ​ണെന്ന്‌ അവൻ പറഞ്ഞില്ല.

ദൃഷ്ടാ​ന്ത​ത്തിന്‌, യേശു​വി​ന്റെ നാളിൽ ആളുകൾക്കു കുഷ്‌ഠം പിടി​പെ​ടാൻ വളരെ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. വിവാ​ഹ​സ​മ​യത്ത്‌ തന്റെ ഭാര്യക്കു കുഷ്‌ഠ​രോ​ഗം ഉണ്ടായി​രു​ന്നെന്ന്‌—ഭാര്യക്ക്‌ അത്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ഇല്ലെങ്കി​ലും—ഒരു യഹൂദ ഭർത്താവ്‌ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ അയാൾക്കു വിവാ​ഹ​മോ​ച​ന​ത്തി​നുള്ള അടിസ്ഥാ​നം ഉണ്ടായി​രു​ന്നോ? ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ലുള്ള ഒരു യഹൂദൻ അങ്ങനെ ചെയ്‌തെ​ന്നു​വ​രാം. എന്നാൽ, അത്‌ തന്റെ അനുഗാ​മി​കൾക്കു ചേർന്ന​താ​ണെന്ന്‌ യേശു പറഞ്ഞില്ല. ചില ആധുനി​ക​കാല സാഹച​ര്യ​ങ്ങൾ പരിഗ​ണി​ക്കാം. സിഫി​ലി​സോ ജനനേ​ന്ദ്രി​യ​ങ്ങ​ളിൽ ഉണ്ടാകുന്ന ഹെർപ്പിസ്‌ രോഗ​മോ എച്ച്‌ഐവി-യോ ഗുരു​ത​ര​മായ മറ്റെ​ന്തെ​ങ്കി​ലും പകർച്ച​വ്യാ​ധി​യോ ഉള്ള ഒരുവൻ ആ വസ്‌തുത വെളി​പ്പെ​ടു​ത്താ​തെ വിവാഹം കഴി​ച്ചേ​ക്കാം. വിവാ​ഹ​നി​ശ്ച​യ​ത്തി​നു ശേഷമോ അതിനു മുമ്പോ ഉള്ള ലൈം​ഗിക അധാർമി​ക​ത​യി​ലൂ​ടെ ആയിരി​ക്കാം ഒരുപക്ഷേ രോഗ​ബാധ ഉണ്ടായത്‌. അയാളു​ടെ രോഗ​മോ കഴിഞ്ഞ​കാല അധാർമി​ക​ത​യോ (വന്ധ്യത പോലു​മോ) ഭാര്യ പിന്നീട്‌ അറിയു​ന്നത്‌, അവർ ഇപ്പോൾ വിവാ​ഹി​ത​രാണ്‌ എന്ന വസ്‌തു​ത​യ്‌ക്കു മാറ്റം വരുത്തു​ന്നില്ല. വിവാ​ഹ​ത്തി​നു മുമ്പുള്ള മോശ​മായ ജീവി​ത​രീ​തി വിവാഹം അവസാ​നി​പ്പി​ക്കാ​നുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ ഒരു അടിസ്ഥാ​നമല്ല. വിവാഹം കഴിക്കുന്ന സമയത്ത്‌ ഭാര്യക്കു ചില രോഗങ്ങൾ ഉണ്ടായി​രി​ക്കു​ക​യോ അവൾ മറ്റൊരു പുരു​ഷ​നാൽ ഗർഭി​ണി​യാ​യി​രു​ന്നു എന്നത്‌ മറച്ചു​വെ​ക്കു​ക​യോ ചെയ്‌തി​രു​ന്നു​വെ​ങ്കിൽ പോലും വസ്‌തു​ത​യ്‌ക്കു മാറ്റമില്ല. അവർ ഇപ്പോൾ വിവാ​ഹി​ത​രാണ്‌, പരസ്‌പരം പ്രതി​ജ്ഞാ​ബ​ദ്ധ​രാണ്‌.

അത്തരം ദുഃഖ​ക​ര​മായ സാഹച​ര്യ​ങ്ങൾ അപൂർവ​മാ​ണെ​ന്നു​ള്ളതു ശരിതന്നെ. എന്നാൽ, ഈ ദൃഷ്ടാ​ന്തങ്ങൾ അടിസ്ഥാന ആശയത്തി​നു മൂർച്ച​കൂ​ട്ടു​ന്നു: വിവാ​ഹ​നി​ശ്ചയം നിസ്സാ​ര​മാ​യി എടുക്കാ​വു​ന്നതല്ല. വിവാ​ഹ​നി​ശ്ച​ത്തി​നു മുമ്പും ആ കാലത്തും പരസ്‌പരം നന്നായി അടുത്ത​റി​യാൻ ക്രിസ്‌ത്യാ​നി​കൾ പരി​ശ്ര​മി​ക്കണം. മറ്റേ വ്യക്തിക്ക്‌ അറിയാൻ ആഗ്രഹ​മു​ള്ള​തോ അർഹത​യു​ള്ള​തോ ആയ കാര്യങ്ങൾ സംബന്ധിച്ച്‌ അവർ നിശ്ചയ​മാ​യും സത്യസ​ന്ധ​രാ​യി​രി​ക്കണം. (വിവാ​ഹ​ത്തി​നു മുമ്പ്‌ ദമ്പതികൾ വൈദ്യ​പ​രി​ശോ​ധന നടത്തണ​മെന്ന്‌ ചില രാജ്യ​ങ്ങ​ളിൽ നിയമം ഉണ്ട്‌. മറ്റുള്ളവർ സ്വന്തം അറിവി​ലേ​ക്കാ​യി അത്തര​മൊ​രു പരി​ശോ​ധന നടത്താൻ ആഗ്രഹി​ച്ചേ​ക്കാം.) അങ്ങനെ, ഇരുവ​രും കൂടുതൽ സന്തുഷ്ടി​യേ​കു​ന്ന​തും ഗൗരവ​ത​ര​വു​മായ വിവാ​ഹ​മെന്ന പടിയി​ലേക്കു നീങ്ങവെ, വിവാ​ഹ​നി​ശ്ച​യ​ത്തി​ന്റെ സന്തോ​ഷ​വും ഗൗരവ​വും ആദരണീ​യ​മായ ഒരു ഉദ്ദേശ്യം നിവർത്തി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 5:18, 19; എഫെസ്യർ 5:33.

[അടിക്കു​റി​പ്പു​കൾ]

a ചില സമൂഹ​ങ്ങ​ളിൽ ഇപ്പോ​ഴും മാതാ​പി​താ​ക്ക​ളാണ്‌ മക്കളുടെ വിവാഹം ഉറപ്പി​ക്കു​ന്നത്‌. ഇരുവ​രും വിവാ​ഹി​ത​രാ​കാൻ പറ്റിയ നിലയിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ ഏറെനാൾ മുമ്പാ​യി​രി​ക്കാം അത്‌. പ്രസ്‌തുത ഇടവേ​ള​യിൽ അവർ വിവാ​ഹ​നി​ശ്ചയം ചെയ്‌ത​വ​രാ​യി അല്ലെങ്കിൽ പരസ്‌പരം വിവാഹ വാഗ്‌ദാ​നം നടത്തി​യ​വ​രാ​യി പരിഗ​ണി​ക്ക​പ്പെ​ടു​ന്നു, എന്നാൽ അവർ അപ്പോ​ഴും വിവാ​ഹി​തരല്ല.