നിങ്ങളുടെ ജീവിതം വിജയപ്രദമാക്കുവിൻ!
നിങ്ങളുടെ ജീവിതം വിജയപ്രദമാക്കുവിൻ!
“ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടന്നിട്ടില്ലാത്ത മനുഷ്യൻ സന്തുഷ്ടനാകുന്നു . . . അവൻ ചെയ്യുന്നതൊക്കയും വിജയിക്കും.”—സങ്കീർത്തനം 1:1-3, NW.
1. (എ) വിജയത്തെ കുറിച്ചു ലോകത്തിലെ പല യുവജനങ്ങൾക്കുമുള്ള വീക്ഷണം എന്ത്? (ബി) വിജയപ്രദനായ ഒരു വ്യക്തിയെ ബൈബിൾ എങ്ങനെ വർണിക്കുന്നു?
വിജയം—നിങ്ങളെ സംബന്ധിച്ചിടത്തോളം ആ വാക്കിന്റെ അർഥം എന്താണ്? “ബിസിനസ് രംഗത്തു വിജയം കൊയ്യുക എന്നതാണ് എന്റെ സുപ്രധാന ജീവിതലക്ഷ്യം” എന്ന് ഒരു യുവാവ് പറഞ്ഞു. ഒരു യുവതി പറഞ്ഞതു നോക്കുക: “സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.” എന്നാൽ മറ്റൊരു യുവതി ഇങ്ങനെ പറഞ്ഞു: “നല്ലൊരു ഫ്ളാറ്റ്, നല്ലൊരു കാറ്, . . . അതാണ് എന്റെ സ്വപ്നം, എനിക്ക് എന്റെ കാര്യത്തിൽ മാത്രമേ താത്പര്യമുള്ളൂ.” എങ്കിലും, പണമോ കുടുംബജീവിതമോ നല്ല വരുമാനമുള്ള ഒരു ജോലിയോ യഥാർഥ വിജയത്തിന്റെ അളവുകോലല്ല എന്നതാണു പ്രശ്നം. സങ്കീർത്തനം 1:1-3-ൽ നാം ഇങ്ങനെ വായിക്കുന്നു: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടന്നിട്ടില്ലാത്ത മനുഷ്യൻ സന്തുഷ്ടനാകുന്നു . . . അവന്റെ പ്രമോദം യഹോവയുടെ നിയമത്തിൽ ആകുന്നു . . . അവൻ ചെയ്യുന്നതൊക്കയും വിജയിക്കും.”
2. യഥാർഥ വിജയം ലഭിക്കുന്നത് എപ്പോൾ, അതു നേടാനുള്ള ഏക മാർഗം എന്ത്?
2 യാതൊരു മനുഷ്യനും നൽകാൻ കഴിയാത്ത ഒന്ന് ബൈബിൾ ഇവിടെ വാഗ്ദാനം ചെയ്യുന്നു—യഥാർഥ വിജയം! എന്നാൽ സാമ്പത്തിക നേട്ടത്തെ കുറിച്ചല്ല ഇവിടെ പറയുന്നത്. “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ” എന്നു ബൈബിൾതന്നെ മുന്നറിയിപ്പ് നൽകുന്നു. (1 തിമൊഥെയൊസ് 6:10) ദൈവത്തെ പ്രസാദിപ്പിക്കുമ്പോഴാണ് യഥാർഥ വിജയം ലഭിക്കുന്നത്. യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നത് അതിൽ ഉൾപ്പെടുന്നു. അതിനു മാത്രമേ യഥാർഥ സംതൃപ്തിയും സന്തുഷ്ടിയും നൽകാനാകൂ! യഹോവയുടെ നിയമത്തിനു കീഴ്പെടുകയും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്യുകയെന്നത് അത്ര ആകർഷകമായ ഒരാശയം അല്ലായിരിക്കാം. എന്നാൽ, യേശു ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:3, NW) നിങ്ങൾ ഒരുപക്ഷേ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ആത്മീയ ആവശ്യങ്ങളോടെ, അതായത് ദൈവത്തെ അറിയുകയും അവന്റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുകയെന്ന ആഴമായ ഒരു ആവശ്യത്തോടെ, ആണ് നാം സൃഷ്ടിക്കപ്പെട്ടത്. ആയതിനാൽ, പ്രസ്തുത ആവശ്യങ്ങൾ നിറവേറ്റുകയും ‘യഹോവയുടെ നിയമം’ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ നമുക്കു യഥാർഥ സന്തുഷ്ടി അനുഭവിക്കാനാകൂ.
നമുക്കു ദൈവനിയമങ്ങൾ ആവശ്യമായിരിക്കുന്നതിന്റെ കാരണം
3. ‘നമ്മുടെ കാലടികളെ’ നയിക്കാൻ യഹോവയെ അനുവദിക്കുന്നതിൽ നാം സന്തോഷിക്കേണ്ടത് എന്തുകൊണ്ട്?
3 യിരെമ്യാ പ്രവാചകൻ പിൻവരുന്ന പ്രകാരം എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) പ്രായഭേദമന്യേ സകല മനുഷ്യരുടെയും കാര്യത്തിൽ അതു സത്യമാണ്. നമ്മുടെ കാലടികളെ നയിക്കാനുള്ള ജ്ഞാനവും അനുഭവപരിചയവും അറിവും നമുക്കു കുറവാണെന്നു മാത്രമല്ല അങ്ങനെ ചെയ്യുന്നതിനുള്ള അവകാശവും നമുക്കില്ല. വെളിപ്പാടു 4:11-ൽ ബൈബിൾ ഇപ്രകാരം പറയുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ [നീ] യോഗ്യൻ.” നമ്മുടെ സ്രഷ്ടാവ് എന്ന നിലയിൽ, യഹോവയാണ് ‘ജീവന്റെ ഉറവ്.’ (സങ്കീർത്തനം 36:9) അക്കാരണത്താൽ, നമ്മുടെ ജീവിതം എങ്ങനെയാണു നയിക്കേണ്ടത് എന്ന് മറ്റാരെക്കാളും മെച്ചമായി അറിയാവുന്നത് അവനാണ്. അതുകൊണ്ട് അവൻ നിയമങ്ങൾ ഉണ്ടാക്കിയത് നമ്മുടെ ജീവിതാസ്വാദനം കവർന്നുകളയാനല്ല, പിന്നെയോ നമ്മുടെ പ്രയോജനത്തിനാണ്. (യെശയ്യാവു 48:17) ദൈവനിയമം അവഗണിക്കുന്നതിനാൽ നാം നമുക്കുതന്നെ ഹാനി വരുത്തുകയായിരിക്കും ചെയ്യുന്നത്.
4. നിരവധി യുവജനങ്ങളും തങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് എന്തുകൊണ്ട്?
4 ദൃഷ്ടാന്തത്തിന്, മയക്കുമരുന്നു ദുരുപയോഗത്തിലും ലൈംഗിക ദുർന്നടത്തയിലും മോശമായ മറ്റു കാര്യങ്ങളിലുമൊക്കെ ഏർപ്പെട്ട് നിരവധി യുവജനങ്ങൾ തങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് എന്തുകൊണ്ടെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സങ്കീർത്തനം 36:1, 2 ഇങ്ങനെ വിവരിക്കുന്നു: “ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. തന്റെ കുററം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവൻ തന്നോടു തന്നേ മധുരവാക്കു പറയുന്നു.” ആരോഗ്യാവഹമായ ‘ദൈവഭയം’ ഇല്ലാത്തതിനാൽ, തങ്ങളുടെ ആപത്കരമായ പെരുമാറ്റത്തിനു ഭവിഷ്യത്തുകൾ ഉണ്ടാകുകയില്ല എന്ന് അവർ മൂഢമായി വിശ്വസിക്കുന്നു. എങ്കിലും, ഒടുവിൽ അവർ പിൻവരുന്ന ശാശ്വത തത്ത്വം അഭിമുഖീകരിക്കേണ്ടിവരും: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.”—ഗലാത്യർ 6:7, 8.
‘നാളുകളെ എണ്ണൽ’
5, 6. (എ) യുവജനങ്ങൾ എന്തുകൊണ്ട് തങ്ങളുടെ ‘നാളുകളെ എണ്ണണം,’ അങ്ങനെ ചെയ്യുന്നതിന്റെ അർഥമെന്ത്? (ബി) ‘നമ്മുടെ സ്രഷ്ടാവിനെ ഓർക്കുക’ എന്നതിന്റെ അർഥമെന്ത്?
5 നിങ്ങളുടെ ജീവിതം വിജയപ്രദമാക്കാനും ‘നിത്യജീവനെ കൊയ്യാനും’ എങ്ങനെ സാധിക്കും? മോശെ ഇങ്ങനെ എഴുതി: “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; . . . അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.” (സങ്കീർത്തനം 90:10) നിങ്ങൾ മരണത്തെ കുറിച്ചു ചിന്തിക്കുന്നെങ്കിൽത്തന്നെ, അത് വളരെ അപൂർവമായിട്ടായിരിക്കാം. വാസ്തവത്തിൽ, തങ്ങളെ ആർക്കും നശിപ്പിക്കാനാവില്ല എന്ന തോന്നൽ ഉള്ളതു പോലെയാണ് അനേകം യുവജനങ്ങളും പെരുമാറുന്നത്. പക്ഷേ, ജീവിതം ഹ്രസ്വമാണ് എന്ന വേദനാകരമായ യാഥാർഥ്യം മോശെ നമ്മുടെ മുമ്പാകെ അവതരിപ്പിക്കുന്നു. നാം 70-ഓ 80-ഓ വർഷം പോലും ജീവിച്ചിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. ‘കാലത്തിനും മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവത്തിനും’ ആരോഗ്യമുള്ള യുവപ്രായക്കാരുടെ പോലും ആയുസ്സു വെട്ടിച്ചുരുക്കാൻ കഴിയും. (സഭാപ്രസംഗി 9:11, NW) അങ്ങനെയെങ്കിൽ, ഇപ്പോൾ നിങ്ങൾ ആസ്വദിക്കുന്ന അമൂല്യമായ ജീവൻ നിങ്ങൾ എങ്ങനെ ഉപയോഗിക്കും? മോശെ ഇങ്ങനെ പ്രാർഥിച്ചു: “ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.”—സങ്കീർത്തനം 90:12.
6 നിങ്ങളുടെ നാളുകളെ എണ്ണുക എന്നതിന്റെ അർഥം എന്താണ്? നിങ്ങൾ എത്ര കാലം ജീവിച്ചിരുന്നേക്കാം എന്ന കാര്യത്തിൽ അമിതമായ താത്പര്യം എടുക്കണമെന്നല്ല അതിനർഥം. തങ്ങളുടെ ശേഷിക്കുന്ന നാളുകൾ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന വിധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അവന്റെ ജനത്തെ പഠിപ്പിക്കാൻ മോശെ അവനോടു പ്രാർഥിക്കുകയായിരുന്നു. ദൈവത്തിനു സ്തുതി കരേറ്റാനുള്ള അമൂല്യമായ അവസരമായി ഓരോ ദിവസത്തെയും വീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ നാളുകളെ നിങ്ങൾ എണ്ണുന്നുവോ? യുവജനങ്ങൾക്കു ബൈബിൾ ഈ പ്രോത്സാഹനം നൽകുന്നു: “ആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകററി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ. നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” (സഭാപ്രസംഗി 11:10-12:1) നമ്മുടെ സ്രഷ്ടാവിനെ ഓർക്കുന്നതിൽ, അവൻ അസ്തിത്വത്തിലുണ്ട് എന്ന കാര്യം മറക്കാതിരിക്കുന്നതിലും അധികം ഉൾപ്പെടുന്നു. “നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്ന് ഒരു കുറ്റവാളി യേശുവിനോട് അപേക്ഷിച്ചപ്പോൾ, യേശു തന്റെ പേര് ഓർമിക്കുന്നതിലും അധികം ചെയ്യാൻ അവൻ ആഗ്രഹിച്ചു. യേശു പ്രവർത്തിക്കാൻ, തന്നെ ഉയിർപ്പിക്കാൻ, അവൻ ആഗ്രഹിച്ചു! (ലൂക്കൊസ് 23:42; ഉല്പത്തി 40:14, 23-ഉം ഇയ്യോബ് 14:13-ഉം താരതമ്യം ചെയ്യുക.) സമാനമായ വിധത്തിൽ, യഹോവയെ ഓർക്കുന്നതിൽ പ്രവൃത്തി, അവനു പ്രസാദകരമായതു ചെയ്യുന്നത്, ഉൾപ്പെടുന്നു. നിങ്ങൾ യഹോവയെ ഓർമിക്കുന്നു എന്നു പറയാൻ കഴിയുമോ?
ദുഷ്പ്രവൃത്തിക്കാരോട് അസൂയപ്പെടാതിരിക്കുക
7. ചില യുവജനങ്ങൾ തങ്ങളുടെ സ്രഷ്ടാവിനെ ബോധപൂർവം മറക്കുന്നത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
7 യുവജനങ്ങളിൽ പലരും യഹോവയെ മനഃപൂർവം മറക്കുന്നു. കാരണം, ഒരു സാക്ഷിയായിരിക്കുന്നത് അനേകം നിയന്ത്രണങ്ങൾ വരുത്തിവെക്കുന്നുവെന്ന് അവർ കരുതുന്നു. കൗമാരപ്രായത്തിലെ തന്റെ തോന്നലിനെ കുറിച്ച് സ്പെയിനിലെ ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “ഞാൻ ലോകത്തിലേക്ക് ആകർഷിതനായി, കാരണം സത്യം ദുഷ്കരവും കഠിനവുമായി എനിക്കു തോന്നി. ഒരിടത്ത് ഇരിക്കൽ, കാര്യങ്ങൾ പഠിക്കൽ, യോഗങ്ങൾക്കു ഹാജരാകൽ, ടൈ ധരിക്കൽ എന്നിങ്ങനെ പല കാര്യങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. അതൊന്നും ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.” ദൈവത്തെ സേവിക്കുന്നതു നിമിത്തം എന്തോ നഷ്ടം സംഭവിക്കുന്നതായി ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നാറുണ്ടോ? ബൈബിൾ എഴുത്തുകാരിൽ ഒരാൾക്കു സമാനമായ വികാരങ്ങൾ അനുഭവപ്പെട്ടു എന്നറിയുന്നത് ഒരുപക്ഷേ നിങ്ങളെ അമ്പരപ്പിച്ചേക്കാം. ദയവായി നിങ്ങളുടെ ബൈബിൾ തുറന്ന് 73-ാം സങ്കീർത്തനം വായിക്കുക.
8. ആസാഫിന് ‘വമ്പുപറയുന്നവരോട് അസൂയ തോന്നിയത്’ എന്തുകൊണ്ട്?
8 നമുക്ക് ഈ സങ്കീർത്തനം അൽപ്പം വിശദമായി പരിശോധിക്കാം. അതിന്റെ 2-ഉം 3-ഉം വാക്യങ്ങൾ ഇങ്ങനെ പറയുന്നു: “എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി. ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു [“വമ്പു പറയുന്നവരോട്,” NW] അസൂയ തോന്നി.” ആ സങ്കീർത്തനത്തിന്റെ മേലെഴുത്ത് പ്രകടമാക്കുന്നതു പോലെ, അത് എഴുതിയത് ആസാഫ് ആയിരുന്നു. അവൻ ഒരു ലേവ്യ സംഗീതജ്ഞനും ദാവീദ് രാജാവിന്റെ സമകാലികനും ആയിരുന്നു. (1 ദിനവൃത്താന്തം 25:1, 2; 2 ദിനവൃത്താന്തം 29:30) ദൈവത്തിന്റെ ആലയത്തിൽ സേവിക്കുകയെന്ന വിശിഷ്ടമായ പദവി അവന് ഉണ്ടായിരുന്നെങ്കിലും, തങ്ങളുടെ അധർമത്തെ കുറിച്ചു വമ്പു പറഞ്ഞിരുന്നവരോട് അവന് “അസൂയ തോന്നി.” അവരുടെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നതുപോലെ തോന്നി; അവർക്കു പ്രത്യക്ഷത്തിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരുന്നു. വാസ്തവത്തിൽ, പ്രത്യക്ഷത്തിലുള്ള അവരുടെ വിജയങ്ങൾ ‘അവരുടെ ഹൃദയത്തിലെ നിരൂപണങ്ങളെ കവിഞ്ഞുപോയി.’ (5, 7 വാക്യങ്ങൾ) തങ്ങളുടെ വീരകൃത്യങ്ങളെ കുറിച്ച് അവർ “ഉന്നതഭാവത്തോടെ,” അതായത് അഹങ്കാരത്തോടെ, സംസാരിക്കുമായിരുന്നു. (വാക്യം 8) ‘അവർ വായ് ആകാശത്തോളം ഉയർത്തുകയും അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുകയും ചെയ്യുമായിരുന്നു.’ അതായത് അവർ സ്വർഗത്തിലോ ഭൂമിയിലോ ഉള്ള ആരെയും ആദരിച്ചിരുന്നില്ല.—വാക്യം 9.
9. ഇന്നത്തെ ചില ക്രിസ്തീയ യുവജനങ്ങൾക്ക് ആസാഫിനെ പോലെ തോന്നാൻ ഇടയായേക്കാവുന്നത് എങ്ങനെ?
9 ഒരുപക്ഷേ സ്കൂളിലുള്ള നിങ്ങളുടെ സമപ്രായക്കാരെ കുറിച്ചും അതുതന്നെ പറയാൻ കഴിയും. തങ്ങളുടെ ലൈംഗിക വീരകൃത്യങ്ങളെയോ വന്യമായ പാർട്ടികളെയോ ലഹരിപാനീയങ്ങളുടെയും മയക്കുമരുന്നുകളുടെയും ഉപയോഗത്തെയോ കുറിച്ച് അവർ നിർലജ്ജം പൊങ്ങച്ചം പറയുന്നതു നിങ്ങൾ കേട്ടിരിക്കാം. സുഖാസക്തമായി തോന്നിയേക്കാവുന്ന അവരുടെ ജീവിതരീതിയെ ഒരു ക്രിസ്ത്യാനിക്കു നടക്കേണ്ട ഇടുങ്ങിയ പാതയോടു താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്കു ചിലപ്പോൾ ‘വമ്പുപറയുന്നവരോട് അസൂയ ഉണ്ടായേക്കാം.’ (മത്തായി 7:13, 14) “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ. ഞാൻ ഇടവിടാതെ ബാധിതനായിരുന്നു” എന്നു പറയുന്ന ഘട്ടത്തോളം ആസാഫ് എത്തി. (13, 14 വാക്യങ്ങൾ) അതെ, ദൈവത്തെ സേവിക്കുകയും നേരായ ജീവിതം നയിക്കുകയും ചെയ്യുന്നതിന്റെ മൂല്യത്തെ അവൻ ചോദ്യം ചെയ്തു.
10, 11. (എ) തന്റെ മനോഭാവത്തിനു മാറ്റം വരുത്താൻ ആസാഫിനെ പ്രേരിപ്പിച്ചത് എന്ത്? (ബി) ദുഷ്പ്രവൃത്തിക്കാർ ‘വഴുവഴുപ്പിൽ’ ആയിരിക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം നൽകുക.
10 ആസാഫ് ദീർഘകാലം നിരാശനായി കഴിഞ്ഞില്ല എന്നതു സന്തോഷകരമാണ്. ദുഷ്ടന്മാർക്ക് ഉണ്ടെന്നു തോന്നുന്ന സമാധാനം മിഥ്യ ആണെന്ന്, ക്ഷണികമായ ഒന്നാണെന്ന്, അവൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ആസാഫ് ഇങ്ങനെ പറഞ്ഞു: “നിശ്ചയമായി നീ വഴുവഴുപ്പിൽ അവരെ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ [“പെട്ടെന്നുള്ള ഭീകരതകളാൽ,” NW] അശേഷം മുടിഞ്ഞുപോയിരിക്കുന്നു.” (18, 19 വാക്യങ്ങൾ) സമാനമായി, നിങ്ങളുടെ സമപ്രായക്കാരിൽ പലരും “വഴുവഴുപ്പിൽ” ആണ്. ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ ഭക്തികെട്ട നടത്തയുടെ ഫലം, അവിഹിത ഗർഭത്തിന്റെയോ ലൈംഗികമായി പകരുന്ന രോഗങ്ങളുടെയോ തടവുശിക്ഷയുടെയോ മരണത്തിന്റെയോ പോലും രൂപത്തിൽ അവർ അനുഭവിക്കും! അതിലും മോശമായ സംഗതി ദൈവവുമായുള്ള ബന്ധം അവർക്കു നഷ്ടപ്പെടുന്നു എന്നതാണ്.—യാക്കോബ് 4:4.
11 സ്പെയിനിലുള്ള ഒരു യുവ സാക്ഷി ഈ സത്യം സ്വന്ത അനുഭവത്തിലൂടെ മനസ്സിലാക്കി. യുവതിയായിരിക്കെ, ഒരു കപട ജീവിതം നയിച്ചിരുന്ന അവൾ ഭക്തികെട്ട കുറെ യുവജനങ്ങളുമായി അടുത്ത സമ്പർക്കത്തിൽ വന്നു. ഏറെ കഴിയുന്നതിനു മുമ്പ്, അവൾ അവരിൽ ഒരാളുമായി പ്രേമത്തിലായി. അയാൾ മയക്കുമരുന്നിന് അടിമയായിരുന്നു. അവൾ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നില്ലെങ്കിലും അയാൾക്ക് അവ വാങ്ങി കൊടുക്കുമായിരുന്നു. “മയക്കുമരുന്ന് കുത്തിവെക്കാൻ പോലും ഞാൻ സഹായിച്ചിരുന്നു,” അവൾ സമ്മതിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, ഈ സഹോദരി സുബോധത്തിലേക്കു വരുകയും ആത്മീയ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ കുറെ കാലത്തിനു ശേഷം, തന്റെ കാമുകൻ എയ്ഡ്സ് പിടിപെട്ട് മരിച്ചു എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. അതേ, സങ്കീർത്തനക്കാരൻ പറഞ്ഞതു പോലെ ഭക്തികെട്ടവർ ‘വഴുവഴുപ്പിലാണ്.’ കുത്തഴിഞ്ഞ ജീവിതരീതിയുടെ ഫലമായി ചിലർ അപ്രതീക്ഷിതമായി മരണമടഞ്ഞേക്കാം. ശേഷിക്കുന്നവർ തങ്ങളുടെ ജീവിതരീതിക്കു മാറ്റം വരുത്താത്തപക്ഷം, സമീപ ഭാവിയിൽ “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ” നശിപ്പിക്കപ്പെടും.—2 തെസ്സലൊനീക്യർ 1:6, 7.
12. ദുഷ്പ്രവൃത്തിക്കാരോട് അസൂയപ്പെടുന്നതിലെ ഭോഷത്വം ജപ്പാനിലെ ഒരു യുവാവ് മനസ്സിലാക്കിയത് എങ്ങനെ?
12 അപ്പോൾ, ‘ദൈവത്തെ അറിയാത്തവരോട്’ അസൂയ തോന്നുന്നത് എത്രയോ ഭോഷത്വമാണ്! വാസ്തവത്തിൽ, അസൂയയ്ക്കു പാത്രമാകേണ്ടത് യഹോവയെ അറിയുന്ന, നിത്യജീവന്റെ പ്രത്യാശയുള്ള ആളുകളാണ്. ജപ്പാനിലെ ഒരു യുവ സഹോദരൻ അതു തിരിച്ചറിഞ്ഞു. യുവാവായിരിക്കെ തനിക്കു “കൂടുതൽ സ്വാതന്ത്ര്യം വേണ”മെന്ന് അദ്ദേഹവും ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: “എനിക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നതായി തോന്നി. എന്നാൽ സത്യം ഉപേക്ഷിച്ചുകൊണ്ടുള്ള എന്റെ ജീവിതം എങ്ങനെയുള്ളത് ആയിരിക്കുമെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. 70-ഓ 80-ഓ വർഷം മാത്രം ജീവിച്ചിട്ട് ഞാൻ മരിക്കുന്നതായി എനിക്കു ഭാവനയിൽ കാണാൻ കഴിഞ്ഞു. എന്നാൽ യഹോവ നിത്യജീവന്റെ പ്രതീക്ഷ വെച്ചുനീട്ടുന്നു! വാസ്തവത്തിൽ എനിക്ക് ഉണ്ടായിരുന്നതു വിലമതിക്കാൻ ഈ തിരിച്ചറിവ് എന്നെ സഹായിച്ചു.” എങ്കിലും, യഹോവയുടെ നിയമങ്ങൾ അനുസരിക്കാത്ത ആളുകളാൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ വിശ്വസ്തത പാലിക്കുന്നത് അത്ര എളുപ്പമല്ല. അത്തരം സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സംഗതികൾ എന്തെല്ലാമാണ്?
സഹവാസങ്ങൾ സൂക്ഷിക്കുക!
13, 14. സഹവാസങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 വിജയിയായ മനുഷ്യനെ കുറിച്ച് സങ്കീർത്തനം 1:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്ന വർണന നമുക്കു വീണ്ടുമൊന്നു പരിശോധിക്കാം: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ [“മന്ദസ്വരത്തിൽ വായിക്കുന്നവൻ സന്തുഷ്ടനാകുന്നു,” NW]. അവൻ, ആററരികത്തു [“നീർത്തോടുകളുടെ അരികെ,” NW] നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും [“വിജയിക്കും,” NW].”
14 നിങ്ങളുടെ സഹവാസങ്ങൾക്കു വലിയൊരു പങ്കുണ്ട് എന്നത് ആദ്യം തന്നെ ശ്രദ്ധിക്കുക. സദൃശവാക്യങ്ങൾ 13:20 ഇങ്ങനെ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” അതിനർഥം യഹോവയുടെ സാക്ഷികൾ അല്ലാത്ത യുവജനങ്ങളോടു നിർവികാരമായോ സ്നേഹശൂന്യമായോ പരുക്കൻ മട്ടിലോ ഇടപെടണമെന്നല്ല. നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും ‘സകല മനുഷ്യരോടും സമാധാനമായിരിക്കാനും’ ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നു. (റോമർ 12:18; മത്തായി 22:39) എന്നിരുന്നാലും, അവരോടു വളരെ അടുത്ത് സഹവസിക്കുന്നെങ്കിൽ നിങ്ങൾ ബൈബിൾ നിലവാരങ്ങൾ അനുസരിക്കാത്തവരുടെ ‘ആലോചനപ്രകാരം നടക്കുകയാണെന്ന്’ നിങ്ങൾ കണ്ടെത്തിയേക്കാം.
ബൈബിൾ വായനയുടെ പ്രയോജനങ്ങൾ
15. യുവജനങ്ങൾക്കു ബൈബിൾ വായനയോട് എങ്ങനെ ഒരു വാഞ്ഛ വളർത്തിയെടുക്കാൻ കഴിയും?
15 വിജയപ്രദനായ മനുഷ്യൻ ദൈവത്തിന്റെ ന്യായപ്രമാണം “രാവും പകലും ഒരു മന്ദസ്വരത്തിൽ” വായിക്കുന്നതിൽ സന്തോഷിക്കുന്നു എന്നും സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 1:1, 2, NW) ബൈബിൾ എളുപ്പം വായിച്ചു മനസ്സിലാക്കാനാവില്ല എന്നതു ശരിതന്നെ. അതിൽ ‘ഗ്രഹിക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ’ ഉണ്ട്. (2 പത്രൊസ് 3:16) എന്നാൽ ബൈബിൾ വായിക്കുന്നതു ക്ലേശകരമായ ഒരു സംഗതി ആയിരിക്കണമെന്നില്ല. ദൈവവചനമാകുന്ന ‘മായമില്ലാത്ത പാലിനോടുള്ള വാഞ്ഛ’ വളർത്തിയെടുക്കുക സാധ്യമാണ്. (1 പത്രൊസ് 2:2, 3) ദിവസവും അതിന്റെ കുറച്ചു ഭാഗം വായിക്കാൻ ശ്രമിക്കുക. നിങ്ങൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ആശയങ്ങൾ അതിൽ ഉണ്ടെങ്കിൽ അൽപ്പം ഗവേഷണം നടത്തി നോക്കുക. എന്നിട്ട്, നിങ്ങൾ വായിച്ച കാര്യങ്ങളെ കുറിച്ചു ചിന്തിക്കുക. (സങ്കീർത്തനം 77:11, 12) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ, “ഒരു മന്ദസ്വരത്തിൽ” ഉച്ചത്തിൽ വായിക്കാൻ ശ്രമിക്കുക. ക്രമേണ ബൈബിൾ വായനയോടുള്ള നിങ്ങളുടെ പ്രിയം വർധിക്കുമെന്ന് ഉറപ്പാണ്. ബ്രസീലിലെ ഒരു യുവ സഹോദരി ഇങ്ങനെ ഓർമിക്കുന്നു: “യഹോവ ഒരു വിദൂര വ്യക്തിയായിട്ടാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. എന്നാൽ കുറെ മാസങ്ങളായി ഞാൻ എന്റെ വ്യക്തിപരമായ പഠനവും ബൈബിൾ വായനയും മെച്ചപ്പെടുത്തിവരുന്നു. യഹോവയോടുള്ള എന്റെ ബന്ധം ഏറെ ശക്തമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. അവൻ എനിക്കു കൂടുതൽ യഥാർഥമായിരിക്കുന്നു.”
16. സഭാ യോഗങ്ങളിൽനിന്ന് നമുക്ക് എങ്ങനെ കൂടുതൽ പ്രയോജനം നേടാനാകും?
16 സഭാ യോഗങ്ങൾക്കു ഹാജരാകുന്നതും നിങ്ങളുടെ ആത്മീയ വളർച്ചയ്ക്കു മർമപ്രധാനമാണ്. “നിങ്ങൾ എങ്ങനെ കേൾക്കുന്നു” എന്നതിന് ശ്രദ്ധ നൽകുന്നെങ്കിൽ, നിങ്ങൾക്കു ധാരാളം പ്രോത്സാഹനം ലഭിച്ചേക്കാം. (ലൂക്കൊസ് 8:18) യോഗങ്ങൾ രസകരമല്ലാത്തതായി നിങ്ങൾക്കു ചിലപ്പോൾ തോന്നാറുണ്ടോ? എങ്കിൽ, ‘യോഗങ്ങൾ രസകരമാക്കിത്തീർക്കാൻ ഞാൻ എന്താണു ചെയ്യുന്നത്? ഞാൻ ശ്രദ്ധ നൽകുന്നുണ്ടോ? ഞാൻ തയ്യാറാകാറുണ്ടോ? ഞാൻ ഉത്തരങ്ങൾ പറയാറുണ്ടോ?’ എന്നു സ്വയം ചോദിച്ചുനോക്കുക. “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക” എന്നു ബൈബിൾ നമ്മോടു പറയുന്നുണ്ടല്ലോ. (എബ്രായർ 10:24, 25) അതു ചെയ്യുന്നതിന് നിങ്ങൾ യോഗങ്ങളിൽ പങ്കു പറ്റേണ്ടതുണ്ട്! തീർച്ചയായും, യോഗങ്ങളിൽ പങ്കുപറ്റുന്നതിനു നിങ്ങൾ മുന്നമേ തയ്യാറാകേണ്ടതുണ്ട്. ഒരു യുവ സഹോദരി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “തയ്യാറായി വന്നാൽ യോഗങ്ങളിൽ പങ്കു പറ്റുന്നതു വാസ്തവത്തിൽ കൂടുതൽ എളുപ്പമായിത്തീരും.”
ദൈവിക മാർഗം വിജയത്തിലേക്കു നയിക്കുന്നു
17. ഉത്സാഹിയായ ഒരു ബൈബിൾ വായനക്കാരൻ ‘നീർത്തോടുകളുടെ അരികെ നട്ടിരിക്കുന്ന വൃക്ഷംപോലെ’ ആയിരിക്കുന്നത് എങ്ങനെ?
17 ‘നീർത്തോടുകളുടെ അരികെ നട്ടിരിക്കുന്ന വൃക്ഷംപോലെ’ എന്നു വിജയപ്രദനായ ഒരാളെ സങ്കീർത്തനക്കാരൻ വിവരിക്കുന്നു. ഫലവൃക്ഷത്തോപ്പുകളിലെ മരങ്ങൾക്കു വെള്ളം എത്തിക്കാനായി ഉപയോഗിച്ചിരുന്ന ചാലുകളെ ആയിരിക്കാം ഈ നീർത്തോടുകൾ ഒരുപക്ഷേ സൂചിപ്പിച്ചത്. (യെശയ്യാവു 44:4) പോഷണത്തിന്റെയും നവോന്മേഷത്തിന്റെയും നിലയ്ക്കാത്ത അത്തരമൊരു ഉറവുമായി ബന്ധമുണ്ടായിരിക്കുന്നതു പോലെയാണ് അനുദിനമുള്ള ബൈബിൾ വായന. (യിരെമ്യാവു 17:8) പരിശോധനകളുടെയും പ്രതികൂല സാഹചര്യങ്ങളുടെയും മധ്യേ സഹിച്ചുനിൽക്കാനുള്ള കരുത്ത് അങ്ങനെ ദിവസവും നിങ്ങൾക്കു ലഭിക്കും. യഹോവയുടെ ചിന്ത എന്താണെന്നു മനസ്സിലാക്കുമ്പോൾ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ട ജ്ഞാനം നിങ്ങൾക്കു കരഗതമാകും.
18. ഏതു സംഗതികൾക്ക് യഹോവയെ സേവിക്കുന്നതിലെ ഒരു യുവ വ്യക്തിയുടെ വിജയം ഉറപ്പാക്കാനാകും?
18 യഹോവയെ സേവിക്കുന്നതു ചിലപ്പോഴൊക്കെ ദുഷ്കരമായി തോന്നിയേക്കാം. എന്നാൽ, ഒരിക്കലും അതിനെ തീർത്തും അസാധ്യമായ ഒരു സംഗതിയായി വീക്ഷിക്കരുത്. (ആവർത്തനപുസ്തകം 30:11) നിങ്ങളുടെ മുഖ്യ ലക്ഷ്യം യഹോവയെ പ്രസാദിപ്പിക്കുന്നതും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതും ആയിരിക്കുന്നിടത്തോളം കാലം ആത്യന്തികമായി, ‘നിങ്ങൾ ചെയ്യുന്നതൊക്കയും വിജയിക്കും’ എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു! (സദൃശവാക്യങ്ങൾ 27:11) നിങ്ങൾ ഒരിക്കലും തനിച്ചല്ല എന്നതു മറക്കാതിരിക്കുക. യഹോവയുടെയും യേശുക്രിസ്തുവിന്റെയും പിന്തുണ നിങ്ങൾക്കുണ്ട്. (മത്തായി 28:20; എബ്രായർ 13:5) നിങ്ങൾ അഭിമുഖീകരിക്കുന്ന സമ്മർദങ്ങൾ അവർക്ക് അറിയാം. അവർ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. (സങ്കീർത്തനം 55:22) ‘സഹോദരവർഗ’ത്തിന്റെയും നിങ്ങളുടെ മാതാപിതാക്കൾ ദൈവഭക്തരാണെങ്കിൽ അവരുടെയും പിന്തുണ കൂടി നിങ്ങൾക്കുണ്ട്. (1 പത്രൊസ് 2:17) നിങ്ങളുടെ ദൃഢനിശ്ചയത്തിനും പരിശ്രമത്തിനും പുറമേ, അത്തരം പിന്തുണ ഉള്ളതിനാൽ ഇപ്പോൾ മാത്രമല്ല നിത്യ ഭാവിയിലും വിജയപ്രദമായ ഒരു ജീവിതം ആസ്വദിക്കാൻ നിങ്ങൾക്കാകും!
പുനരവലോകന ചോദ്യങ്ങൾ
□ യഥാർഥ വിജയം എന്താണ്?
□ യഹോവ നമ്മുടെ കാലടികളെ നയിക്കേണ്ടതുള്ളത് എന്തുകൊണ്ട്?
□ യുവജനങ്ങൾക്ക് എങ്ങനെ ‘തങ്ങളുടെ നാളുകളെ എണ്ണാൻ’ കഴിയും?
□ ദുഷ്പ്രവൃത്തിക്കാരോട് അസൂയ തോന്നുന്നതു ഭോഷത്വമായിരിക്കുന്നത് എന്തുകൊണ്ട്?
□ അനുദിന ബൈബിൾ വായനയും മുടങ്ങാതെയുള്ള യോഗഹാജരും വിജയപ്രദമായ ജീവിതം നയിക്കാൻ യുവജനങ്ങളെ സഹായിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[20-ാം പേജിലെ ചിത്രം]
ആരോഗ്യാവഹമായ ‘ദൈവഭയം’ ഇല്ലാത്തതിനാൽ പല യുവജനങ്ങളും നാശകരമായി പ്രവർത്തിക്കുന്നു
[22-ാം പേജിലെ ചിത്രം]
തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഭവിഷ്യത്തുകൾ ഉണ്ടെന്ന കാര്യം യുവജനങ്ങൾ മിക്കപ്പോഴും മറക്കുന്നു
[23-ാം പേജിലെ ചിത്രം]
ബൈബിൾ വായനയിൽ താത്പര്യം വളർത്തിയെടുക്കുക
[23-ാം പേജിലെ ചിത്രം]
പങ്കുപറ്റുന്നപക്ഷം നിങ്ങൾ യോഗങ്ങൾ കൂടുതലായി ആസ്വദിക്കും