വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എന്റെ ശൈലം ആയിരിക്കുന്നു

യഹോവ എന്റെ ശൈലം ആയിരിക്കുന്നു

യഹോവ എന്റെ ശൈലം ആയിരി​ക്കു​ന്നു

ഇമ്മാനുവൽ ലിയോ​നൂ​ദാ​ക്കിസ്‌ പറഞ്ഞ പ്രകാരം

അമ്മ എന്നെ രോഷ​ത്തോ​ടെ നോക്കി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ തീരു​മാ​നം അതാ​ണെ​ങ്കിൽ, ഇനി ഒരുനി​മി​ഷം പോലും ഇവിടെ കണ്ടു​പോ​ക​രുത്‌.” ദൈവ​രാ​ജ്യ പ്രസം​ഗ​വേ​ല​യിൽ മുഴു​സ​മ​യ​വും പ്രവർത്തി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചി​രു​ന്നു. എങ്കിലും, എന്നെ കൂടെ​ക്കൂ​ടെ അറസ്റ്റ്‌ ചെയ്യു​ന്നതു മൂലം കുടും​ബ​ത്തി​നു​ണ്ടാ​കുന്ന നാണ​ക്കേട്‌ വീട്ടു​കാർക്കു സഹിക്കാ​നാ​യില്ല.

താഴ്‌മ​യും ദൈവ​വി​ചാ​ര​വും ഉള്ളവരാ​യി​രു​ന്നു എന്റെ മാതാ​പി​താ​ക്കൾ. ഗ്രീക്ക്‌ ദ്വീപായ ക്രേത്ത​യു​ടെ പടിഞ്ഞാ​റൻ ഭാഗത്തുള്ള ദൂലി​യാന എന്ന ഗ്രാമ​ത്തി​ലാണ്‌ അവർ താമസി​ച്ചി​രു​ന്നത്‌. അവിടെ, 1908-ലായി​രു​ന്നു എന്റെ ജനനം. ചെറുപ്പം മുതലേ ദൈവത്തെ ഭയപ്പെ​ടാ​നും ബഹുമാ​നി​ക്കാ​നും അവർ എന്നെ പഠിപ്പി​ച്ചി​രു​ന്നു. ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാ​രോ അധ്യാ​പ​ക​രോ ബൈബിൾ കൈകാ​ര്യം ചെയ്യു​ന്നത്‌ ഞാൻ ഒരിക്ക​ലും കണ്ടിട്ടി​ല്ലെ​ങ്കി​ലും എനിക്കു ദൈവ​വ​ചനം വളരെ ഇഷ്ടമാ​യി​രു​ന്നു.

സി. റ്റി. റസ്സൽ എഴുതിയ വേദാ​ധ്യ​യന പത്രി​ക​യു​ടെ ആറു വാല്യ​ങ്ങ​ളും ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌ത​ക​വും ഒരു അയൽവാ​സി എന്നെ വായി​ച്ചു​കേൾപ്പി​ക്കു​ക​യും അതിലെ കണ്ണുതു​റ​പ്പി​ക്കുന്ന തിരു​വെ​ഴു​ത്തു വിവരങ്ങൾ എന്നോ​ടൊത്ത്‌ ഉത്സാഹ​ത്തോ​ടെ പങ്കു​വെ​ക്കു​ക​യും ചെയ്‌തു. ബൈബിൾ വിദ്യാർഥി​കൾ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ ആ പേരി​ലാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—ആയിരു​ന്നു ആ പുസ്‌ത​ക​ങ്ങ​ളു​ടെ പ്രസാ​ധകർ. ഞാൻ സന്തോ​ഷ​ത്തോ​ടെ ഒരു ബൈബി​ളും കുറെ പുസ്‌ത​ക​ങ്ങ​ളും ഏഥൻസി​ലെ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഓഫീ​സിൽ നിന്നും വാങ്ങി. രാത്രി വളരെ വൈകി​യും മെഴു​കു​തി​രി​യു​ടെ അരണ്ട വെളി​ച്ച​ത്തിൽ, ആ അയൽവാ​സി​യു​മൊത്ത്‌ ആ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ തിരു​വെ​ഴു​ത്തു​കൾ ഗഹനമാ​യി പഠിക്കു​ന്ന​തും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തു​മൊ​ക്കെ എനിക്ക്‌ ഇപ്പോ​ഴും ഓർമി​ക്കാൻ കഴിയും.

പുതു​താ​യി കണ്ടെത്തിയ ബൈബിൾ പരിജ്ഞാ​നം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ തുടങ്ങുന്ന സമയത്ത്‌ എനിക്ക്‌ 20 വയസ്സു​ണ്ടാ​യി​രു​ന്നു. അന്ന്‌, ഞാൻ അടുത്തുള്ള ഒരു ഗ്രാമ​ത്തിൽ സ്‌കൂൾ അധ്യാ​പ​ക​നാ​യി ജോലി നോക്കു​ക​യാ​യി​രു​ന്നു. താമസി​യാ​തെ ഞങ്ങൾ നാലു പേർ ബൈബിൾ പഠിക്കാ​നാ​യി ദൂലി​യാ​ന​യിൽ നിരന്തരം കൂടി​വ​രാൻ തുടങ്ങി. മനുഷ്യ​വർഗ​ത്തി​ന്റെ ഏക പ്രത്യാ​ശ​യായ ദൈവ​രാ​ജ്യ​ത്തെ കുറിച്ചു പഠിക്കാൻ മറ്റാളു​കളെ സഹായി​ക്കാ​നാ​യി ഞങ്ങൾ ലഘു​ലേ​ഖ​ക​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും പുസ്‌ത​ക​ങ്ങ​ളും ബൈബി​ളു​ക​ളും വിതരണം ചെയ്‌തു.

യഹോ​വ​യു​ടെ സാക്ഷികൾ എന്ന തിരു​വെ​ഴുത്ത്‌ അധിഷ്‌ഠി​ത​മായ പേര്‌ സ്വീക​രിച്ച 1931-ൽ ലോക​മൊ​ട്ടാ​കെ​യുള്ള ആയിര​ങ്ങ​ളു​ടെ കൂടെ ഞങ്ങളും ഉണ്ടായി​രു​ന്നു. (യെശയ്യാ​വു 43:10) അടുത്ത വർഷം, ഞങ്ങൾ ഒരു പ്രചരണ പരിപാ​ടി​യിൽ പങ്കെടു​ത്തു. ഞങ്ങളുടെ പുതിയ പേരും അതിന്റെ പ്രാധാ​ന്യ​വും അധികാ​രി​കൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക എന്നതാ​യി​രു​ന്നു അതിന്റെ ഉദ്ദേശ്യം. അതിൽ ഞങ്ങളുടെ പ്രദേ​ശ​ത്തുള്ള ബിസി​ന​സു​കാർ, പൊലീസ്‌ അധികാ​രി​കൾ, ന്യായാ​ധി​പ​ന്മാർ, പുരോ​ഹി​ത​ന്മാർ എന്നിവർക്ക്‌ അതുമാ​യി ബന്ധപ്പെട്ട ഒരു ചെറു​പു​സ്‌തകം വിതരണം ചെയ്യു​ന്നത്‌ ഉൾപ്പെ​ട്ടി​രു​ന്നു.

പ്രതീ​ക്ഷി​ച്ച​തു​പോ​ലെ, വൈദി​കർ പീഡന​ത്തി​ന്റെ അലകൾ ഇളക്കി​വി​ട്ടു. അറസ്റ്റു ചെയ്യപ്പെട്ട ആദ്യത്തെ പ്രാവ​ശ്യം എന്നെ 20 ദിവസത്തെ ജയിൽ ശിക്ഷയ്‌ക്കു വിധിച്ചു. ജയിലിൽ നിന്ന്‌ ഇറങ്ങിയ ഉടനെ, വീണ്ടും എന്നെ അറസ്റ്റ്‌ ചെയ്‌ത്‌ ഒരു മാസത്തെ തടവിനു വിധിച്ചു. ഞങ്ങളുടെ പ്രസംഗ പ്രവർത്തനം നിർത്താൻ ജഡ്‌ജി ആവശ്യ​പ്പെ​ട്ട​പ്പോൾ പ്രവൃ​ത്തി​കൾ 5:29-ലെ ഈ വാക്കുകൾ ഉപയോ​ഗി​ച്ചാണ്‌ ഞങ്ങൾ ഉത്തരം പറഞ്ഞത്‌: “മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കേ​ണ്ട​താ​കു​ന്നു.” പിന്നെ, 1932-ൽ ഒരു വാച്ച്‌ടവർ പ്രതി​നി​ധി ദൂലി​യാ​ന​യി​ലുള്ള ഞങ്ങളുടെ ചെറിയ കൂട്ടത്തെ സന്ദർശിച്ച അവസര​ത്തിൽ ഞങ്ങൾ നാലു പേരും സ്‌നാ​പ​ന​മേറ്റു.

ഒരു ആത്മീയ കുടും​ബത്തെ കണ്ടെത്തു​ന്നു

പ്രസം​ഗ​വേ​ല​യിൽ കൂടുതൽ ചെയ്യാ​നുള്ള എന്റെ ആഗ്രഹം നിമിത്തം, അധ്യാ​പ​ന​വൃ​ത്തി ഞാൻ രാജി​വെച്ചു. അത്‌ അമ്മയ്‌ക്ക്‌ ഒട്ടും സഹിക്കാ​നാ​വു​മാ​യി​രു​ന്നില്ല. വീട്ടിൽ നിന്നും ഇറങ്ങി​ക്കൊ​ള്ളാൻ അമ്മ എന്നോട്‌ ആവശ്യ​പ്പെട്ടു. ഏഥൻസി​ലുള്ള വാച്ച്‌ ടവർ ബ്രാഞ്ച്‌ ഓഫീ​സി​ന്റെ അനുമ​തി​യോ​ടെ ഇറാക്ലി​യോൺ നഗരത്തി​ലുള്ള ഉദാര​നായ ഒരു ക്രിസ്‌തീയ സഹോ​ദരൻ തന്റെ ഭവനത്തിൽ എന്നെ സസന്തോ​ഷം സ്വീക​രി​ച്ചു. അങ്ങനെ 1933 ആഗസ്റ്റിൽ എന്റെ ഗ്രാമ​ത്തി​ലുള്ള സഹോ​ദ​ര​ങ്ങ​ളും ഏതാനും താത്‌പ​ര്യ​ക്കാ​രും ബസ്‌ സ്റ്റോപ്പിൽ വന്ന്‌ എന്നെ യാത്ര​യാ​ക്കി. വളരെ ഹൃദയ​സ്‌പർശി​യായ നിമിഷം ആയിരു​ന്നു അത്‌. വീണ്ടും എന്നു കണ്ടുമു​ട്ടും എന്ന്‌ ആർക്കും നിശ്ചയ​മി​ല്ലാ​യി​രു​ന്നു. അതോർത്ത്‌ എല്ലാവ​രും കരഞ്ഞു.

ഇറാക്ലി​യോ​ണിൽ ഞാൻ സ്‌നേ​ഹ​സ​മ്പ​ന്ന​മായ ഒരു ആത്മീയ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നു. ആ പ്രദേ​ശത്ത്‌ വേറെ മൂന്നു സഹോ​ദ​ര​ന്മാ​രും ഒരു സഹോ​ദ​രി​യും ഉണ്ടായി​രു​ന്നു. പഠനത്തി​നും ആരാധ​ന​യ്‌ക്കു​മാ​യി ഞങ്ങൾ ഒരുമി​ച്ചു കൂടി​വ​രിക പതിവാ​യി​രു​ന്നു. ‘എന്റെ നിമി​ത്ത​വും സുവി​ശേഷം നിമി​ത്ത​വും വീടോ സഹോ​ദ​രൻമാ​രെ​യോ സഹോ​ദ​രി​ക​ളെ​യോ അമ്മയെ​യോ അപ്പനെ​യോ മക്കളെ​യോ നിലങ്ങ​ളെ​യോ വിട്ടാൽ, ഈ ലോക​ത്തിൽ തന്നേ, ഉപദ്ര​വ​ങ്ങ​ളോ​ടും​കൂ​ടെ നൂറു മടങ്ങു വീടു​ക​ളെ​യും സഹോ​ദ​രൻമാ​രെ​യും സഹോ​ദ​രി​ക​ളെ​യും അമ്മമാ​രെ​യും ലഭിക്കും’ എന്ന യേശു​വി​ന്റെ വാഗ്‌ദാ​ന​ത്തി​ന്റെ നേരി​ട്ടുള്ള നിവൃത്തി എനിക്കു കാണാൻ കഴിഞ്ഞു. (മർക്കൊസ്‌ 10:29, 30) ആ നഗരത്തി​ലും അടുത്തുള്ള ഗ്രാമ​ങ്ങ​ളി​ലും പ്രസം​ഗി​ക്കാ​നാ​യി​രു​ന്നു എന്റെ നിയമനം. നഗരത്തിൽ പ്രവർത്തി​ച്ചു തീർന്ന​പ്പോൾ ഞാൻ, ഇറാക്ലി​യോൺ, ലസിതി​യോൻ എന്നീ രണ്ടു പ്രവി​ശ്യ​ക​ളിൽ പ്രസം​ഗി​ക്കാ​നാ​യി പോയി.

ഒറ്റയ്‌ക്കൊ​രു പയനിയർ

ഗ്രാമങ്ങൾ തോറും സഞ്ചരി​ച്ചു​കൊണ്ട്‌ ഞാൻ അനേകം മണിക്കൂർ പ്രവർത്തി​ച്ചു. കൂടാതെ, സാഹി​ത്യ​ങ്ങൾ ക്രമമാ​യി ലഭിക്കാ​തി​രു​ന്ന​തി​നാൽ കിലോ​ക്ക​ണ​ക്കി​നു സാഹി​ത്യ​ങ്ങ​ളു​മാ​യി​ട്ടു വേണമാ​യി​രു​ന്നു പോകാൻ. കിടന്നു​റ​ങ്ങാൻ ഇടമി​ല്ലാ​ഞ്ഞ​തി​നാൽ അടുത്തുള്ള ഒരു ചായക്ക​ട​യിൽ പോയി അവസാ​നത്തെ ആളും പോകു​ന്ന​തു​വരെ—മിക്ക​പ്പോ​ഴും പാതിരാ കഴിയും വരെ—കാത്തി​രി​ക്കും. പിന്നെ സോഫ​യിൽ കിടന്നു​റ​ങ്ങും. കച്ചവടം തുടങ്ങു​ന്ന​തി​നു മുമ്പ്‌, അതിരാ​വി​ലെ തന്നെ ഉണരു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഒരു പറ്റം ഈച്ചക​ളാണ്‌ ഉറങ്ങുന്ന എനിക്കു കൂട്ടി​നാ​യി ഉണ്ടായി​രു​ന്നത്‌.

മിക്ക​പ്പോ​ഴും ആളുക​ളു​ടെ പ്രതി​ക​രണം തണുപ്പൻ മട്ടിൽ ആയിരു​ന്നെ​ങ്കി​ലും എന്റെ യുവ​ചൈ​ത​ന്യം യഹോ​വ​യ്‌ക്കാ​യി മാറ്റി​വെ​ക്കു​ന്ന​തിൽ എനിക്കു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മു​ണ്ടാ​യി​രുന്ന ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടു​ന്നത്‌ ജീവര​ക്ഷാ​ക​ര​മായ വേല തുടർന്നും ചെയ്യാ​നുള്ള എന്റെ തീരു​മാ​ന​ത്തിന്‌ പുതു​ജീ​വൻ ലഭിക്കു​ന്നതു പോലെ ആയിരു​ന്നു. ആത്മീയ സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള സഹവാ​സ​വും ഉന്മേഷ​ദാ​യ​ക​മാ​യി​രു​ന്നു. 20-50 ദിവസ​ത്തി​നു ശേഷമാണ്‌ അവരെ കണ്ടുമു​ട്ടി​യി​രു​ന്നത്‌, ഇറാക്ലി​യോ​ണിൽ നിന്ന്‌ എന്തുമാ​ത്രം ദൂരെ​യാ​ണോ ഞാൻ പ്രസം​ഗി​ക്കു​ന്നത്‌ എന്നതിനെ ആശ്രയി​ച്ചി​രു​ന്നു അത്‌.

ഒരു ദിവസം ഉച്ചകഴിഞ്ഞ സമയത്ത്‌ എനിക്ക്‌ അനുഭ​വ​പ്പെട്ട ഏകാന്തത ഞാൻ ഇപ്പോ​ഴും നന്നായി ഓർമി​ക്കു​ന്നു, പ്രത്യേ​കി​ച്ചും ഇറാക്ലി​യോ​ണി​ലുള്ള എന്റെ ക്രിസ്‌തീയ സഹോ​ദ​രങ്ങൾ ആ ദിവസം വൈകു​ന്നേരം യോഗ​ത്തി​നു സംബന്ധി​ക്കു​മ​ല്ലോ എന്ന ചിന്ത നിമിത്തം. സഹോ​ദ​ര​ങ്ങളെ കാണാൻ വളരെ ആഗ്രഹി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവരുടെ അടു​ത്തേക്ക്‌ 25 കിലോ​മീ​റ്റ​റി​ല​ധി​കം നടക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അത്രയും വേഗത്തിൽ ഞാൻ ഒരിക്ക​ലും നടന്നി​ട്ടില്ല. ആ സായാ​ഹ്ന​ത്തിൽ എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ ഹൃദ്യ​മായ സഹവാസം ആസ്വദി​ക്കു​ന്ന​തും ആത്മീയ ഇന്ധനം വീണ്ടും നിറയ്‌ക്കു​ന്ന​തും എത്ര ആശ്വാ​സ​ദാ​യ​ക​മാ​യി​രു​ന്നു!

അധിക നാൾ കഴിയു​ന്ന​തി​നു മുമ്പു​തന്നെ, എന്റെ തീക്ഷ്‌ണ​മായ പ്രസം​ഗ​ത്തി​നു ഫലം ലഭിക്കാൻ തുടങ്ങി. അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കാല​ത്തെ​ന്ന​പോ​ലെ ‘രക്ഷിക്ക​പ്പെ​ടു​ന്ന​വരെ യഹോവ ഞങ്ങളോ​ടു ചേർത്തു​കൊ​ണ്ടേ​യി​രു​ന്നു.’ (പ്രവൃ​ത്തി​കൾ 2:47) ക്രേത്ത​യിൽ യഹോ​വ​യു​ടെ ആരാധ​ക​രു​ടെ എണ്ണം വർധി​ക്കാൻ തുടങ്ങി. മറ്റുള്ള​വ​രും ശുശ്രൂ​ഷ​യിൽ എന്നോ​ടൊ​ത്തു ചേർന്ന​തിൽ പിന്നെ എനിക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ട്ടി​ട്ടേ​യില്ല. ഞങ്ങൾ ശാരീ​രിക ക്ലേശങ്ങ​ളും കടുത്ത എതിർപ്പും അനുഭ​വി​ച്ചു. ദിവസ​വും ഞങ്ങളുടെ ഭക്ഷണം ഞങ്ങൾ കൊടു​ക്കുന്ന സാഹി​ത്യ​ങ്ങൾക്കു പകരമാ​യി ആളുകൾ തന്നിരുന്ന ബ്രഡ്‌, മുട്ട, ഒലീവ്‌ പഴങ്ങൾ, പച്ചക്കറി​കൾ എന്നിവ​യാ​യി​രു​ന്നു.

ക്രേത്ത​യു​ടെ തെക്കു​കി​ഴക്കൻ ഭാഗത്തുള്ള ഇയേരാ​പെ​ട്രാ എന്ന പട്ടണത്തിൽവെച്ച്‌ മിനോസ്‌ കൊക്കി​നാ​ക്കിസ്‌ എന്ന വസ്‌ത്ര​വ്യാ​പാ​രിക്ക്‌ ഞാൻ സാക്ഷ്യം കൊടു​ത്തു. അദ്ദേഹ​ത്തിന്‌ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങാൻ ഞാൻ പലതവണ ശ്രമി​ച്ചെ​ങ്കി​ലും, തന്റെ തിരക്കു​പി​ടിച്ച ജീവിതം നിമിത്തം അദ്ദേഹ​ത്തിന്‌ ഒട്ടും സമയം ഇല്ലായി​രു​ന്നു. എങ്കിലും, ഒടുവിൽ തന്റെ അധ്യയനം ഗൗരവ​പൂർവം എടുത്ത അദ്ദേഹം ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾതന്നെ വരുത്തി. പിന്നീട്‌ വളരെ തീക്ഷ്‌ണ​ത​യും ഊർജ്വ​സ്വ​ല​ത​യു​മുള്ള ഒരു സുവാർത്താ ഘോഷ​ക​നും ആയിത്തീർന്നു അദ്ദേഹം. കൊക്കി​നാ​ക്കി​സി​ന്റെ തൊഴി​ലാ​ളി​യായ 18 വയസ്സു​കാ​രൻ ഇമ്മാനു​വൽ പറ്റെര​ക്കി​സിന്‌ ആ മാറ്റങ്ങൾ കണ്ടപ്പോൾ വളരെ മതിപ്പു തോന്നി. പെട്ടെ​ന്നു​തന്നെ അയാളും ബൈബിൾ സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെട്ടു. നല്ല ആത്മീയ പുരോ​ഗതി വരുത്തി അയാൾ പിൽക്കാ​ലത്ത്‌ ഒരു മിഷനറി ആയിത്തീർന്നത്‌ എന്നെ എത്ര സന്തുഷ്ട​നാ​ക്കി​യെ​ന്നോ! a

അതേസ​മയം, എന്റെ ഗ്രാമ​ത്തി​ലുള്ള സഭ വളരു​ക​യാ​യി​രു​ന്നു. 14 പ്രസാ​ധ​ക​രു​ണ്ടാ​യി​രു​ന്നു അപ്പോൾ. എന്റെ ചേച്ചി ദെസ്‌പിന മാത്രമല്ല എന്റെ മാതാ​പി​താ​ക്ക​ളും സത്യം സ്വീക​രിച്ച്‌, സ്‌നാ​പ​ന​മേറ്റ്‌ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്നി​രി​ക്കു​ന്നു എന്ന്‌ അറിയി​ച്ചു​കൊണ്ട്‌ ചേച്ചി എഴുതിയ ആ കത്തു വായിച്ച ദിവസം ഞാൻ ഒരിക്ക​ലും മറക്കില്ല!

പീഡന​വും നാടു​ക​ട​ത്ത​ലും സഹിച്ചു​നിൽക്കു​ന്നു

വിനാ​ശ​ക​ര​മായ ഒരു വെട്ടു​ക്കി​ളി ബാധ​പോ​ലെ ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ സഭ ഞങ്ങളുടെ പ്രസംഗ പ്രവർത്ത​നത്തെ വീക്ഷി​ക്കാൻ തുടങ്ങി. അവർ ഞങ്ങളെ അമർച്ച ചെയ്യാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. 1938-ൽ എന്നെ പബ്ലിക്ക്‌ പ്രോ​സി​ക്യൂ​ട്ട​റു​ടെ മുമ്പാകെ ഹാജരാ​ക്കി. എത്രയും പെട്ടെന്നു സ്ഥലം വിട്ടു​കൊ​ള്ളാൻ അദ്ദേഹം എന്നോട്‌ ആവശ്യ​പ്പെട്ടു. ഞങ്ങളുടെ പ്രസം​ഗ​പ്ര​വർത്തനം യഥാർഥ​ത്തിൽ പ്രയോ​ജ​ന​ക​ര​മാ​ണെ​ന്നും ഒരു ഉന്നത അധികാ​രി​യും ഞങ്ങളുടെ രാജാ​വു​മായ യേശു​ക്രി​സ്‌തു​വാണ്‌ ഈ വേല ചെയ്യാൻ കല്‌പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഞാൻ മറുപടി പറഞ്ഞു.—മത്തായി 28:19, 20; പ്രവൃ​ത്തി​കൾ 1:8.

അടുത്ത ദിവസം എന്നെ സ്ഥലത്തെ പൊലീസ്‌ സ്റ്റേഷനി​ലേക്കു വിളി​പ്പി​ച്ചിട്ട്‌ എന്നെ ഒരു രാജ്യ​ദ്രോ​ഹി​യാ​യി മുദ്ര കുത്തി, അമോർഗോസ്‌ എന്ന ഈജിയൻ ദ്വീപി​ലേക്ക്‌ ഒരു വർഷ​ത്തേക്കു നാടു​ക​ട​ത്തു​ന്ന​തി​നു വിധി​ച്ചി​രി​ക്കു​ന്ന​താ​യി അറിയി​ച്ചു. ഏതാനും ദിവസം കഴിഞ്ഞ്‌, കൈയിൽ വിലങ്ങു​വെച്ച്‌ ഒരു ബോട്ടിൽ എന്നെ ആ ദ്വീപി​ലേക്ക്‌ കൊണ്ടു​പോ​യി. അമോർഗോ​സിൽ മറ്റു യഹോ​വ​യു​ടെ സാക്ഷി​ക​ളാ​രും ഇല്ലായി​രു​ന്നു. ആറു മാസത്തി​നു​ശേഷം വേറൊ​രു സാക്ഷി​യും ആ ദ്വീപി​ലേക്ക്‌ നാടു​ക​ട​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു എന്നറി​ഞ്ഞ​പ്പോ​ഴുള്ള എന്റെ സന്തോഷം ഒന്നാ​ലോ​ചി​ച്ചു നോക്കൂ! ആരായി​രു​ന്നു അത്‌? ക്രേത്ത​യി​ലെ എന്റെ ബൈബിൾ വിദ്യാർഥി, മിനോസ്‌ കൊക്കി​നാ​ക്കിസ്‌ ആയിരു​ന്നു അത്‌. ഒരു ആത്മീയ സുഹൃ​ത്തി​നെ കിട്ടി​യ​തിൽ ഞാൻ എത്ര സന്തോ​ഷി​ച്ചെ​ന്നോ! കുറച്ചു നാൾ കഴിഞ്ഞ്‌, അദ്ദേഹത്തെ അമോർഗോ​സി​ലെ കടലിൽ സ്‌നാ​പ​ന​പ്പെ​ടു​ത്തു​ന്ന​തി​നുള്ള പദവി എനിക്കു ലഭിച്ചു. b

ക്രേത്ത​യി​ലേ​ക്കു മടങ്ങി​വ​ന്ന​യു​ടനെ എന്നെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ഈ പ്രാവ​ശ്യം എന്നെ ആ ദ്വീപി​ലുള്ള കൊച്ചു പട്ടണമായ നിയ​പ്പൊ​ളി​സി​ലേക്ക്‌ ആറു മാസ​ത്തേ​ക്കാണ്‌ നാടു​ക​ട​ത്തി​യത്‌. ആറു മാസത്തെ ശിക്ഷ കഴിഞ്ഞ​പ്പോൾ എന്നെ പിന്നെ​യും അറസ്റ്റ്‌ ചെയ്‌ത്‌ പത്തു ദിവസ​ത്തേക്ക്‌ ജയിലി​ലാ​ക്കി. തുടർന്ന്‌, നാടു​ക​ട​ത്ത​പ്പെട്ട കമ്മ്യൂ​ണി​സ്റ്റു​കാർക്കാ​യി നീക്കി​വെ​ച്ചി​രുന്ന ഒരു ദ്വീപിൽ നാലു മാസ​ത്തേക്കു നാടു​ക​ട​ത്തു​ക​യും ചെയ്‌തു. അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ സത്യത ഞാൻ തിരി​ച്ച​റി​ഞ്ഞു: “ക്രിസ്‌തു​യേ​ശു​വിൽ ഭക്തി​യോ​ടെ ജീവി​പ്പാൻ മനസ്സു​ള്ള​വർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.”—2 തിമൊ​ഥെ​യൊസ്‌ 3:12.

എതിർപ്പി​ന്മ​ധ്യേ​യും വർധനവ്‌

1940-44 വരെയുള്ള കാലയ​ള​വിൽ ഗ്രീസി​ലെ ജർമൻ അധിനി​വേ​ശ​ത്തോ​ടെ ഞങ്ങളുടെ പ്രസംഗ പ്രവർത്തനം ഏതാണ്ട്‌ നിലച്ച​തു​പോ​ലെ​യാ​യി. എന്നുവ​രി​കി​ലും, ഗ്രീസി​ലെ യഹോ​വ​യു​ടെ ജനം പെട്ടെന്നു പുനഃ​സം​ഘ​ടി​ത​രാ​കു​ക​യും പ്രസംഗ പ്രവർത്തനം പുനരാ​രം​ഭി​ക്കു​ക​യും ചെയ്‌തു. വേല ചെയ്യാ​നാ​വാ​തി​രുന്ന സമയത്തി​ന്റെ നഷ്ടം നികത്താ​നാ​യി ഞങ്ങൾ തീക്ഷ്‌ണ​മാ​യും ഊർജ​സ്വ​ല​മാ​യും രാജ്യ​വേ​ല​യിൽ ഏർപ്പെട്ടു.

പ്രതീ​ക്ഷി​ച്ച​തു​പോ​ലെ, മതപര​മായ എതിർപ്പു വീണ്ടും ആളിക്കത്തി. ഒട്ടുമി​ക്ക​പ്പോ​ഴും, ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​തർ നിയമം കൈയി​ലെ​ടു​ക്കു​മാ​യി​രു​ന്നു. ഒരു ഗ്രാമ​ത്തിൽവെച്ച്‌, ഒരു പുരോ​ഹി​തൻ ഞങ്ങൾക്കെ​തി​രെ ഒരുപറ്റം ആളുകളെ ഇളക്കി​വി​ട്ടു. ആ പുരോ​ഹി​തൻ മുന്നിൽ നിന്നും അയാളു​ടെ മകൻ പിന്നിൽ നിന്നും എന്നെ തല്ലാൻ തുടങ്ങി. ഞാൻ സ്വയര​ക്ഷ​യ്‌ക്കാ​യി ഓടി അടുത്തുള്ള ഒരു വീട്ടിൽ കയറി. എന്റെ കൂടെ ഉണ്ടായി​രുന്ന ആളെ അവർ വലിച്ചി​ഴച്ച്‌ ഗ്രാമ​ത്തി​ലെ പൊതു സ്ഥലത്തേക്കു കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌, ജനക്കൂട്ടം അദ്ദേഹ​ത്തി​ന്റെ സാഹി​ത്യ​ങ്ങ​ളെ​ല്ലാം വലിച്ചു​കീ​റി​ക്ക​ളഞ്ഞു, തന്റെ വീടിന്റെ ബാൽക്ക​ണ​യിൽ നിന്ന്‌ ഒരു സ്‌ത്രീ “അവനെ കൊല്ല്‌”! എന്ന്‌ അലറി​വി​ളി​ച്ചു. അവസാനം, ഒരു ഡോക്ട​റും അതുവ​ഴി​വന്ന പൊലീ​സു​കാ​ര​നു​മാ​ണു ഞങ്ങളെ രക്ഷിച്ചത്‌.

പിന്നീട്‌, 1952-ൽ എന്നെ വീണ്ടും അറസ്റ്റ്‌ ചെയ്‌ത്‌ നാലു മാസ​ത്തേക്കു നാടു​ക​ട​ത്താൻ വിധിച്ചു. ക്രേത്ത​യി​ലെ കാസ്റ്റെല്ലി കിസാ​മോ​സി​ലേ​ക്കാണ്‌ എന്നെ നാടു കടത്തി​യത്‌. അതു കഴിഞ്ഞ​യു​ടനെ, സഭകൾ സന്ദർശിച്ച്‌ സഹോ​ദ​ര​ങ്ങളെ ആത്മീയ​മാ​യി ബലപ്പെ​ടു​ത്താ​നുള്ള പരിശീ​ലനം എനിക്ക്‌ കിട്ടി. ഇത്തരം സഞ്ചാര​വേ​ല​യിൽ രണ്ടു വർഷം ചെലവ​ഴിച്ച ശേഷം, ഇപ്പോ​ഴും യഹോ​വ​യു​ടെ ഒരു വിശ്വസ്‌ത ആരാധി​ക​യാ​യി തുടരുന്ന ദെസ്‌പിന—എന്റെ ചേച്ചി​യു​ടെ അതേ പേരു​തന്നെ—എന്ന ഒരു ക്രിസ്‌തീയ സഹോ​ദ​രി​യെ ഞാൻ വിവാഹം കഴിച്ചു. വിവാ​ഹാ​ന​ന്തരം, ക്രേത്ത​യി​ലെ ഹാനിയ എന്ന പട്ടണത്തിൽ എന്നെ ഒരു പ്രത്യേക പയനി​യ​റാ​യി നിയമി​ച്ചു. ഞാൻ ഇപ്പോ​ഴും അവി​ടെ​ത്ത​ന്നെ​യാണ്‌ സേവി​ക്കു​ന്നത്‌.

70 വർഷ​ത്തോ​ള​മുള്ള എന്റെ മുഴു​സമയ ശുശ്രൂ​ഷ​ക്കാ​ലത്ത്‌, ഏകദേശം 250 കിലോ​മീ​റ്റർ ദൈർഘ്യ​വും 8,300 ചതുരശ്ര കിലോ​മീ​റ്റർ വിസ്‌തീർണ​വു​മുള്ള ക്രേത്ത​യു​ടെ ഭൂരി​ഭാ​ഗം പ്രദേ​ശ​ത്തും ഞാൻ പ്രവർത്തി​ച്ചു കഴിഞ്ഞി​രി​ക്കു​ന്നു. 1930-കളിൽ ആ ദ്വീപി​ലു​ണ്ടാ​യി​രുന്ന ഏതാനും സാക്ഷികൾ ഇന്ന്‌ 1,100-ലധികം വരുന്ന സജീവ രാജ്യ​ഘോ​ഷ​ക​രാ​യി വർധി​ച്ചി​രി​ക്കു​ന്നു എന്നതാണ്‌ എനിക്ക്‌ ഏറ്റവും അധികം സന്തോഷം നൽകുന്ന സംഗതി. ഇവരിൽ അനേക​രെ​യും ബൈബി​ളിൽ നിന്നുള്ള സൂക്ഷ്‌മ പരിജ്ഞാ​ന​വും അത്ഭുത​ക​ര​മായ ഭാവി പ്രത്യാ​ശ​യും നേടാൻ സഹായി​ക്കു​ന്ന​തിന്‌ യഹോവ എനിക്ക്‌ അവസര​മേ​കി​യ​തിൽ ഞാൻ അവനു നന്ദി പറയുന്നു.

യഹോവ, ‘എന്റെ രക്ഷകൻ’

സത്യ​ദൈ​വത്തെ അറിയാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ സഹിഷ്‌ണു​ത​യും ക്ഷമയും ആവശ്യ​മാ​ണെന്ന്‌ അനുഭ​വ​ങ്ങ​ളി​ലൂ​ടെ ഞാൻ പഠിച്ചി​രി​ക്കു​ന്നു. ധാരാ​ള​മാ​യി വേണ്ട ഈ ഗുണങ്ങൾ യഹോവ ഔദാ​ര്യ​മാ​യി നൽകുന്നു. എന്റെ 67-വർഷ മുഴു​സമയ സേവന​കാ​ലത്ത്‌ ഞാൻ മിക്ക​പ്പോ​ഴും അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ പിൻവ​രുന്ന വാക്കുകൾ അനുസ്‌മ​രി​ച്ചി​ട്ടുണ്ട്‌: ‘ഞങ്ങൾ സകലത്തി​ലും ഞങ്ങളെ​ത്തന്നേ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​ന്മാ​രാ​യി കാണി​ക്കു​ന്നു; ബഹു സഹിഷ്‌ണുത, കഷ്ടം ബുദ്ധി​മു​ട്ടു, സങ്കടം, തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കി​ളെപ്പു, പട്ടിണി, നിർമ്മലത എന്നിവ​യി​ലും തന്നേ.’ (2 കൊരി​ന്ത്യർ 6:4, 5) പ്രത്യേ​കി​ച്ചും, ശുശ്രൂ​ഷ​യി​ലെ ആദ്യവർഷ​ങ്ങ​ളിൽ എന്റെ സാമ്പത്തിക അവസ്ഥ തീരെ മോശ​മാ​യി​രു​ന്നു. എങ്കിലും, യഹോവ ഒരിക്ക​ലും എന്നെയും എന്റെ കുടും​ബ​ത്തെ​യും ഉപേക്ഷി​ച്ചി​ട്ടില്ല. എല്ലായ്‌പോ​ഴും ശക്തനായ ഒരു സഹായി​യാണ്‌ അവൻ എന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. (എബ്രായർ 13:5, 6) തന്റെ ആടുകളെ കൂട്ടി​വ​രു​ത്തു​ന്ന​തി​ലും ഞങ്ങളുടെ ആവശ്യങ്ങൾ നിറ​വേ​റ്റു​ന്ന​തി​ലും എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായം ഞങ്ങൾ മനസ്സി​ലാ​ക്കി.

പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, ആത്മീയ അർഥത്തിൽ, മരുഭൂ​മി പൂത്തു​ല​ഞ്ഞി​രി​ക്കു​ന്ന​താ​യി എനിക്കു കാണാം. എന്റെ വേല നിഷ്‌ഫ​ല​മാ​യി​ട്ടില്ല എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. ഏറ്റവും പ്രയോ​ജ​ന​ക​ര​മായ വിധത്തിൽ ഞാൻ എന്റെ യുവ​ചൈ​ത​ന്യം ഉപയോ​ഗി​ച്ചു. എന്റെ ജീവി​ത​ത്തി​ലെ മുഴു​സമയ ശുശ്രൂ​ഷ​യാണ്‌ മറ്റേ​തൊ​രു വേല​യെ​ക്കാ​ളും കൂടുതൽ അർഥവ​ത്താ​യി​രി​ക്കു​ന്നത്‌. ഇപ്പോൾ എനിക്കു വയസ്സാ​യി​രി​ക്കു​ന്നു. എന്നാൽ ‘യൗവന​കാ​ലത്ത്‌ തങ്ങളുടെ സ്രഷ്ടാ​വി​നെ ഓർക്കാൻ’ ചെറു​പ്പ​ക്കാ​രെ മുഴു ഹൃദയ​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ എനിക്ക്‌ കഴിയും.—സഭാ​പ്ര​സം​ഗി 12:1.

91 വയസ്സാ​യെ​ങ്കി​ലും, ഓരോ മാസവും പ്രസം​ഗ​വേ​ല​യിൽ 120 മണിക്കൂർ ചെലവ​ഴി​ക്കാൻ എനിക്കു കഴിയു​ന്നുണ്ട്‌. ദിവസ​വും രാവിലെ 7:30-ന്‌ ഉണരുന്ന ഞാൻ തെരു​വു​ക​ളി​ലും കടകളി​ലും പാർക്കു​ക​ളി​ലും ഉള്ള ആളുക​ളോ​ടു സാക്ഷീ​ക​രി​ക്കു​ന്നു. ഓരോ മാസവും ശരാശരി 150 മാസി​കകൾ സമർപ്പി​ക്കു​ന്നുണ്ട്‌. കേൾവി​ക്കു​റ​വും ഓർമ​ത്ത​ക​രാ​റു​ക​ളും നിമി​ത്ത​മുള്ള ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ട്‌. എങ്കിലും എന്റെ സ്‌നേ​ഹ​നി​ധി​ക​ളായ ആത്മീയ സഹോ​ദ​ര​ങ്ങ​ളും—എന്റെ വലിയ ആത്മീയ കുടും​ബം—എന്റെ രണ്ടു പുത്രി​മാ​രു​ടെ കുടും​ബ​ങ്ങ​ളും എനിക്കു യഥാർഥ സഹായ​ത്തി​ന്റെ ഉറവാണ്‌.

സർവോ​പ​രി, യഹോ​വ​യിൽ ആശ്രയി​ക്കാൻ ഞാൻ പഠിച്ചി​രി​ക്കു​ന്നു. ഇക്കാല​മ​ത്ര​യും, ‘യഹോവ എന്റെ ശൈല​വും കോട്ട​യും രക്ഷകനും’ ആയിരി​ക്കു​ന്നു.’—സങ്കീർത്തനം 18:2.

[അടിക്കു​റി​പ്പു​കൾ]

a ഇമ്മാനുവൽ പറ്റെര​ക്കി​സി​ന്റെ ജീവി​തകഥ 1996 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 22-7 പേജു​ക​ളിൽ കാണാം.

b 1993 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 27-31 വരെയുള്ള പേജു​ക​ളിൽ മിനോസ്‌ കൊക്കി​നാ​ക്കിസ്‌ ഉൾപ്പെട്ട കേസിന്റെ വിജയ​ത്തെ​ക്കു​റിച്ച്‌ കാണാം. മിനോസ്‌ കൊക്കി​നാ​ക്കിസ്‌ 1999 ജനുവ​രി​യിൽ മരണമ​ടഞ്ഞു.

[26, 27 പേജു​ക​ളി​ലെ ചിത്രങ്ങൾ]

താഴെ: ഭാര്യ​യോ​ടൊത്ത്‌; ഇടത്ത്‌: 1927-ൽ; എതിർ പേജിൽ: 1939-ൽ ശിക്ഷ കഴിഞ്ഞ്‌ മടങ്ങി​വ​ന്ന​യു​ടനെ മിനോസ്‌ കൊക്കി​നാ​ക്കി​സി​നോ​ടും (ഇടത്ത്‌) അക്രോ​പോ​ളീ​സി​ലുള്ള മറ്റൊരു സാക്ഷി​യോ​ടും കൂടെ.