യുവജനങ്ങളേ—നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുവിൻ!
യുവജനങ്ങളേ—നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുവിൻ!
“കട്ടിയായ ആഹാരം പക്വമതികൾക്ക്, ശരിയും തെറ്റും തിരിച്ചറിയാൻ തക്കവണ്ണം ഉപയോഗത്താൽ തങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിച്ചിരിക്കുന്നവർക്ക്, ഉള്ളതാണ്.”—എബ്രായർ 5:14, NW.
1, 2. (എ) ഇന്നത്തെ സാഹചര്യം പുരാതന എഫെസൊസിലെ ക്രിസ്ത്യാനികളുടെ സാഹചര്യത്തോടു സമാനമായിരിക്കുന്നത് എങ്ങനെ? (ബി) ഏതു പ്രാപ്തികൾക്ക് അപകടത്തിൽനിന്നു നിങ്ങളെ സംരക്ഷിക്കാനാകും, നിങ്ങൾക്ക് അവ എങ്ങനെ വളർത്തിയെടുക്കാനാകും?
“ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെസ്യർ 5:15, 16) ഏകദേശം രണ്ടായിരം വർഷം മുമ്പ് പൗലൊസ് അപ്പൊസ്തലൻ ആ വാക്കുകൾ എഴുതിയതു മുതൽ ‘ദുഷ്ട മനുഷ്യരും കാപട്യക്കാരും അടിക്കടി അധഃപതിച്ചിരി’ക്കുന്നു. “ഇടപെടാൻ പ്രയാസമായ ദുർഘടകാലങ്ങ”ളിൽ, അഥവാ ഫിലിപ്സ് ഭാഷാന്തരം പറയുന്നതുപോലെ “അപകടം നിറഞ്ഞ” കാലത്താണു നാം ജീവിക്കുന്നത്.—2 തിമൊഥെയൊസ് 3:1-5, 13, NW.
2 എന്നാൽ, “സൂക്ഷ്മബുദ്ധിയും . . . പരിജ്ഞാനവും വകതിരിവും” വളർത്തി എടുക്കുന്നതിലൂടെ നിങ്ങൾക്ക്, വഴിയിൽ പതിയിരുന്നേക്കാവുന്ന അപകടങ്ങളാൽ ഹാനി തട്ടുന്നത് ഒഴിവാക്കാവുന്നതാണ്. (സദൃശവാക്യങ്ങൾ 1:4) സദൃശവാക്യങ്ങൾ 2:10-12 പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.” എന്നാൽ നിങ്ങൾക്ക് എങ്ങനെയാണ് ഈ കഴിവുകൾ വളർത്തിയെടുക്കാൻ കഴിയുക? എബ്രായർ 5:14 പറയുന്നു: “കട്ടിയായ ആഹാരം പക്വമതികൾക്ക്, ശരിയും തെറ്റും തിരിച്ചറിയാൻ തക്കവണ്ണം ഉപയോഗത്താൽ തങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിച്ചിരിക്കുന്നവർക്ക്, ഉള്ളതാണ്.” ഏതൊരു പ്രാപ്തിയുടെയും കാര്യത്തിൽ എന്നപോലെ, ഒരുവന്റെ ഗ്രഹണപ്രാപ്തികളുടെ ഉപയോഗത്തിലും വൈദഗ്ധ്യം നേടുന്നതിന് പരിശീലനം ആവശ്യമാണ്. പൗലൊസ് ഉപയോഗിച്ച ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം ‘ഒരു ജിംനാസ്റ്റിനെ പോലെ പരിശീലിപ്പിക്കപ്പെടുക’ എന്നാണ്. എങ്ങനെയാണു നിങ്ങൾ അത്തരമൊരു പരിശീലനം ആരംഭിക്കുക?
നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കൽ
3. ഒരു തീരുമാനം എടുക്കേണ്ടതുള്ളപ്പോൾ നിങ്ങൾക്ക് ഗ്രഹണപ്രാപ്തികൾ എങ്ങനെ ഉപയോഗിക്കാനാകും?
3 നിങ്ങളുടെ ഗ്രഹണപ്രാപ്തികൾ അതായത്, ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ്, “ഉപയോഗത്താൽ” പരിശീലിപ്പിക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കുക. ഒരു തീരുമാനം എടുക്കേണ്ടത് ഉള്ളപ്പോൾ, ഊഹാപോഹത്താലോ പെട്ടെന്നുള്ള ഉൾപ്രേരണയാലോ പ്രവർത്തിക്കുകയോ മറ്റുള്ളവർ ചെയ്യുന്നതു വെറുതയങ്ങു പിൻപറ്റുകയോ ആണെങ്കിൽ നിങ്ങളുടെ തീരുമാനം ജ്ഞാനപൂർവകമായിരിക്കാൻ ഒട്ടും സാധ്യതയില്ല. ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങൾ ഗ്രഹണപ്രാപ്തികൾ ഉപയോഗിക്കണം. എങ്ങനെ? ഒന്നാമതായി, സാഹചര്യം കൂലങ്കഷമായി പരിശോധിച്ച് സകല വസ്തുതകളും മനസ്സിലാക്കിക്കൊണ്ട്. ആവശ്യമെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക. എന്തെല്ലാം മാർഗങ്ങളാണ് മുന്നിലുള്ളതെന്നു നിർണയിക്കുക. സദൃശവാക്യങ്ങൾ 13:16 പറയുന്നു: “സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു.” അടുത്തതായി, പ്രസ്തുത വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ നിയമങ്ങളോ തത്ത്വങ്ങളോ ഏവയെന്നു നിർണയിക്കാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 3:5) ഇതു ചെയ്യുന്നതിന് നിങ്ങൾക്കു തീർച്ചയായും ബൈബിൾ പരിജ്ഞാനം ഉണ്ടായിരിക്കണം. അതുകൊണ്ടാണ്, “കട്ടിയായ ആഹാരം” കഴിക്കാൻ, സത്യത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും” ഗ്രഹിക്കാൻ, പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.—എഫെസ്യർ 3:18.
4. ദൈവിക തത്ത്വങ്ങളെ കുറിച്ചുള്ള പരിജ്ഞാനം അത്യന്താപേക്ഷിതം ആയിരിക്കുന്നത് എന്തുകൊണ്ട്?
4 നാം അപൂർണരും പാപം ചെയ്യാൻ ചായ്വ് ഉള്ളവരും ആയതിനാൽ അപ്രകാരം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. (ഉല്പത്തി 8:21; റോമർ 5:12) “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവു”മുള്ളത് ആണെന്ന് യിരെമ്യാവു 17:9 പറയുന്നു. നമ്മെ നയിക്കാൻ ദൈവിക തത്ത്വങ്ങളില്ലെങ്കിൽ, തെറ്റായ ഒരു സംഗതി നമ്മുടെ ജഡത്തിന്റെ അഭിലാഷംകൊണ്ടു മാത്രം ശരിയാണെന്നു ചിന്തിക്കാൻ തക്കവണ്ണം നാം സ്വയം വഞ്ചിതരായേക്കാം. (യെശയ്യാവു 5:20 താരതമ്യം ചെയ്യുക.) സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.”—സങ്കീർത്തനം 119:9, 104.
5. (എ) ചില യുവജനങ്ങൾ തെറ്റായ വഴികൾ പിന്തുടരുന്നത് എന്തുകൊണ്ട്? (ബി) ഒരു യുവതി സത്യം സ്വന്തമാക്കിയത് എങ്ങനെ?
5 ക്രിസ്തീയ കുടുംബങ്ങളിൽ വളർത്തപ്പെട്ട ചില യുവജനങ്ങൾ തെറ്റായ വഴികൾ സ്വീകരിച്ചിട്ടുള്ളത് എന്തുകൊണ്ടാണ്? അവർ ഒരിക്കലും, ‘നല്ലതും സ്വീകാര്യവും പൂർണവുമായ ദൈവേഷ്ടം എന്തെന്നു സ്വയം ഉറപ്പുവരുത്താത്തതിനാൽ’ ആണോ? (റോമർ 12:2, NW) ചിലർ മാതാപിതാക്കളോടൊപ്പം യോഗങ്ങൾക്കു ഹാജരായേക്കാം. ബൈബിളിലെ ചില അടിസ്ഥാന പഠിപ്പിക്കലുകൾ കാണാപ്പാഠം പറയാനും അവർക്കു സാധിച്ചേക്കാം. എന്നാൽ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തെ കുറിച്ചോ ദൈവവചനത്തിലെ ഗഹനമായ ചില കാര്യങ്ങളെ കുറിച്ചോ വിശദീകരിക്കാൻ ആവശ്യപ്പെടുമ്പോൾ, അവരുടെ അറിവ് നിരാശപ്പെടുത്തും വിധം തുച്ഛമാണെന്നു വ്യക്തമാകുന്നു. അത്തരം യുവജനങ്ങൾ എളുപ്പം വഴിതെറ്റിക്കപ്പെട്ടേക്കാം. (എഫെസ്യർ 4:14) നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണെങ്കിൽ മാറ്റങ്ങൾ വരുത്താൻ ദൃഢനിശ്ചയം ചെയ്യരുതോ? ഒരു യുവസഹോദരി ഓർമിക്കുന്നു: “ഞാൻ ഗവേഷണം നടത്തുകതന്നെ ചെയ്തു. ഞാൻ എന്നോടുതന്നെ ചോദിച്ചു, ‘ഇതാണ് ശരിയായ മതം എന്ന് എനിക്ക് എങ്ങനെ അറിയാം? യഹോവ എന്ന് പേരുള്ള ഒരു ദൈവം ഉണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം?’” a മാതാപിതാക്കളിൽ നിന്നു പഠിച്ച കാര്യങ്ങൾ തീർച്ചയായും സത്യമായിരുന്നെന്ന് തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പഠിച്ചപ്പോൾ അവൾക്കു ബോധ്യമായി.—പ്രവൃത്തികൾ 17:11 താരതമ്യം ചെയ്യുക.
6. യഹോവയായ “കർത്താവിന്നു പ്രസാദമായതു എന്തെന്നു” നിങ്ങൾക്ക് എങ്ങനെ ഉറപ്പു വരുത്താനാകും?
6 നിങ്ങൾക്ക് യഹോവയുടെ തത്ത്വങ്ങൾ സംബന്ധിച്ചു നല്ല പരിജ്ഞാനം ഉണ്ടെങ്കിൽ “കർത്താവിന്നു പ്രസാദമായതു എന്തെന്നു” നിങ്ങൾ എളുപ്പം ഉറപ്പുവരുത്തും. (എഫെസ്യർ 5:9) എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ സ്വീകരിക്കേണ്ട ജ്ഞാനപൂർവകമായ ഗതി എന്താണെന്നു നിങ്ങൾക്ക് ഉറപ്പില്ലെങ്കിലോ? മാർഗനിർദേശത്തിനായി യഹോവയോടു പ്രാർഥിക്കുക. (സങ്കീർത്തനം 119:144) കാര്യങ്ങൾ മാതാപിതാക്കളോടോ പക്വതയുള്ള ഒരു ക്രിസ്ത്യാനിയോടോ സംസാരിച്ചു നോക്കുക. (സദൃശവാക്യങ്ങൾ 15:22; 27:17) ബൈബിളിലും വാച്ച്ടവർ പ്രസിദ്ധീകരണങ്ങളിലും ഗവേഷണം നടത്തുന്നതിനാലും സഹായകമായ മാർഗനിർദേശം കണ്ടെത്താനാകും. (സദൃശവാക്യങ്ങൾ 2:3-5) നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ നിങ്ങൾ എത്രയധികം ഉപയോഗിക്കുന്നുവോ അത്രയധികം അവ സൂക്ഷ്മതയുള്ളതായിത്തീരും.
വിനോദത്തിന്റെ കാര്യത്തിൽ വിവേകം പ്രകടമാക്കൽ
7, 8. (എ) ഒരു കൂടിവരവിൽ പങ്കെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ നിങ്ങൾക്കു നിങ്ങളുടെ ഗ്രഹണപ്രാപ്തികൾ ഉപയോഗിക്കാൻ കഴിയുന്നത് എങ്ങനെ? (ബി) വിനോദത്തെ കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്?
7 ചില പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഗ്രഹണപ്രാപ്തികളെ എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം. ദൃഷ്ടാന്തത്തിന്, നിങ്ങളെ ഒരു കൂടിവരവിനു ക്ഷണിച്ചിരിക്കുന്നു എന്നു കരുതുക. കൂടിവരവു പരസ്യപ്പെടുത്തുന്ന അച്ചടിച്ച ഒരു നോട്ടീസ് പോലും നിങ്ങൾക്കു ലഭിച്ചേക്കാം. സാക്ഷികളായ യുവജനങ്ങളുടെ വലിയൊരു കൂട്ടം അവിടെ ഉണ്ടായിരിക്കുമെന്ന് നിങ്ങളെ അറിയിച്ചിരിക്കുന്നു. എന്നാൽ ചെലവുകൾക്കായി ഒരു തുക ഈടാക്കുന്നതായിരിക്കും. നിങ്ങൾ പങ്കെടുക്കണമോ?
8 നിങ്ങളുടെ ഗ്രഹണപ്രാപ്തികൾ ഉപയോഗിക്കുക. ആദ്യമായി, വസ്തുതകൾ ശേഖരിക്കുക. ആ കൂടിവരവ് എത്ര വലുതായിരിക്കും? ആരെല്ലാമായിരിക്കും അവിടെ ഉണ്ടായിരിക്കുക? അത് എപ്പോൾ തുടങ്ങും? എപ്പോൾ അവസാനിക്കും? എന്തൊക്കെ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്? മേൽനോട്ടം വഹിക്കുന്നത് എങ്ങനെ ആയിരിക്കും? അടുത്തതായി, വാച്ച് ടവർ പ്രസിദ്ധീകരണ സൂചികയിലെ (ഇംഗ്ലീഷ്) “സാമൂഹിക കൂടിവരവുകൾ,” (“Social Gatherings”) “വിനോദം” (“Entertainment”) എന്നീ ഭാഗങ്ങൾ പരിശോധിച്ചുകൊണ്ട് കുറച്ചു ഗവേഷണം നടത്തുക. b നിങ്ങളുടെ ഗവേഷണത്തിന്റെ ഫലം എന്തായിരുന്നേക്കാം? ഒരു സംഗതി, ആസ്വാദനത്തിനായി കൂടിവരുന്നതിനെ യഹോവ കുറ്റം വിധിക്കുന്നില്ല എന്നതാണ്. വാസ്തവത്തിൽ, കഠിനാധ്വാനം ചെയ്യുന്നതോടൊപ്പം “തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറെറാരു നന്മയുമില്ലല്ലോ” എന്ന് സഭാപ്രസംഗി 8:15 പറയുന്നു. എന്തിന്, യേശുക്രിസ്തുതന്നെ വിരുന്നുകളിൽ പങ്കെടുത്തു, കുറഞ്ഞത് ഒരു വിവാഹത്തിലെങ്കിലും അവൻ സംബന്ധിച്ചു. (ലൂക്കൊസ് 5:27-29; യോഹന്നാൻ 2:1-10) സമനില പാലിക്കുന്ന പക്ഷം സാമൂഹിക കൂടിവരവുകൾ പ്രയോജനകരം ആയിരുന്നേക്കാം.
9, 10. (എ) ചില കൂടിവരവുകൾ ഏത് അപകടങ്ങൾ ഉളവാക്കിയേക്കാം? (ബി) ഒരു കൂടിവരവിൽ പങ്കെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങൾക്ക് നിങ്ങളോടുതന്നെ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
9 എന്നിരുന്നാലും, ശരിയായ സംഘാടനം ഇല്ലെങ്കിൽ കൂടിവരവുകൾ പ്രശ്നങ്ങൾ വരുത്തിവെച്ചേക്കാം. ജ്ഞാനപൂർവകമല്ലാത്ത സഹവാസം പരസംഗത്തിലേക്കും “ഒറ്റ ദിവസത്തിൽ ഇരുപത്തിമൂവായിരം” അവിശ്വസ്ത ഇസ്രായേല്യർ വധിക്കപ്പെടുന്നതിലേക്കും നയിച്ചത് എങ്ങനെയെന്ന് 1 കൊരിന്ത്യർ 10:8-ൽ നാം വായിക്കുന്നു. റോമർ 13:13-ൽ ഗൗരവാവഹമായ മറ്റൊരു മുന്നറിയിപ്പു കാണാം: “പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.” (1 പത്രൊസ് 4:3 താരതമ്യം ചെയ്യുക.) ഒരു കൂടിവരവിൽ ഇത്ര പേരേ പാടുള്ളൂ എന്നു പറയാനാവില്ല എന്നതു ശരിതന്നെ. എന്നാൽ, പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്തോറും അതിനു മേൽനോട്ടം വഹിക്കുന്നതിലെ ബുദ്ധിമുട്ടും വർധിക്കുന്നു എന്ന് അനുഭവം പ്രകടമാക്കുന്നു. ചെറിയ, നല്ല മേൽനോട്ടമുള്ള കൂടിവരവുകൾ സാധാരണഗതിയിൽ “വന്യമായ പാർട്ടികൾ” ആയിത്തീരാറില്ല.—ഗലാത്യർ 5:21, ബയിങ്ടൺ.
10 നിങ്ങളുടെ ഗവേഷണം നിശ്ചയമായും പിൻവരുന്നതു പോലുള്ള കൂടുതലായ ചോദ്യങ്ങളും ഉയർത്തും: “പ്രസ്തുത കൂടിവരവിൽ പക്വതയുള്ള, പ്രായപൂർത്തിയായ ക്രിസ്ത്യാനികൾ ആരെങ്കിലും ഉണ്ടായിരിക്കുമോ? അത് ഏറ്റെടുത്തു നടത്തുന്നത് ആരാണ്? കൂടിവരവിന്റെ ഉദ്ദേശ്യം ആരോഗ്യാവഹമായ സഹവാസം ഉന്നമിപ്പിക്കുക എന്നതാണോ അതോ ആർക്കെങ്കിലും ലാഭം ഉണ്ടാക്കുക എന്നതാണോ? ആർക്കൊക്കെ പങ്കെടുക്കാനാകും എന്ന കാര്യത്തിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടോ? കൂടിവരവ് വാരാന്തത്തിൽ ആണെങ്കിൽ, പങ്കെടുക്കുന്നവർക്ക് അടുത്ത ദിവസം ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിയത്തക്ക വിധം ന്യായമായ ഒരു സമയത്ത് അത് അവസാനിക്കുമോ? സംഗീതവും നൃത്തവും ഉണ്ടെങ്കിൽ, അത് ക്രിസ്തീയ നിലവാരങ്ങൾക്കു ചേർച്ചയിലുള്ളത് ആയിരിക്കുമോ? (2 കൊരിന്ത്യർ ) അത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് എളുപ്പമല്ലായിരിക്കാം. എന്നാൽ 6:3സദൃശവാക്യങ്ങൾ 22:3 ഈ മുന്നറിയിപ്പു തരുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” അതെ, നിങ്ങളുടെ ഗ്രഹണപ്രാപ്തികൾ ഉപയോഗിക്കുന്നതിനാൽ നിങ്ങൾക്ക് അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കും.
വിദ്യാഭ്യാസ കാര്യത്തിൽ വിവേകം പ്രകടമാക്കൽ
11. ഭാവിക്കായി ആസൂത്രണം ചെയ്യുന്നതിൽ യുവജനങ്ങൾക്കു തങ്ങളുടെ ഗ്രഹണപ്രാപ്തികൾ എങ്ങനെ ഉപയോഗിക്കാനാകും?
11 ഭാവിക്കായി ആസൂത്രണം ചെയ്യുന്നതു ജ്ഞാനമാണെന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 21:5, NW) നിങ്ങളുടെ ഭാവിയെ കുറിച്ച് നിങ്ങളും മാതാപിതാക്കളും കൂടി ചർച്ച ചെയ്തിട്ടുണ്ടോ? ഒരു പയനിയർ എന്ന നിലയിൽ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കാൻ നിങ്ങൾക്കു പദ്ധതി ഉണ്ടായിരിക്കാം. തീർച്ചയായും മറ്റൊരു ജീവിതവൃത്തിക്കും അതിലേറെ സംതൃപ്തി കൈവരുത്താൻ സാധിക്കില്ല. നല്ല പഠന ശീലങ്ങൾ നട്ടുവളർത്തുകയും ശുശ്രൂഷയിലെ പ്രാപ്തികൾ വികസിപ്പിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ പുളകപ്രദമായ ഈ ജീവിതവൃത്തിക്കായി ഒരുങ്ങുകയാണ്. എന്നാൽ അതിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ചെലവുകൾ എങ്ങനെ വഹിക്കാനാകുമെന്നു ചിന്തിച്ചിട്ടുണ്ടോ? ഭാവിയിൽ ഒരു കുടുംബ ജീവിതം നയിക്കാൻ നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ, ആ കൂടുതലായ ഉത്തരവാദിത്വം വഹിക്കാൻ നിങ്ങൾക്കു സാധിക്കുമോ? അത്തരം കാര്യങ്ങളെ കുറിച്ച് സന്തുലിതവും വസ്തുനിഷ്ഠവുമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഗ്രഹണപ്രാപ്തികൾ ഉപയോഗിക്കേണ്ടതുണ്ട്.
12. (എ) മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തോടു പൊരുത്തപ്പെടാൻ ചില കുടുംബങ്ങൾ കരുതൽ ചെയ്തിട്ടുള്ളത് എങ്ങനെ? (ബി) ഏതെങ്കിലും അനുബന്ധ വിദ്യാഭ്യാസം നേടുന്നത് അനിവാര്യമായും പയനിയറിങ് ലക്ഷ്യത്തിനു വിരുദ്ധമാണോ? വിശദീകരിക്കുക.
12 ചില സ്ഥലങ്ങളിൽ പ്രയോജനപ്രദമായ ഒരു തൊഴിൽ ചെയ്യുമ്പോൾ തന്നെ അതിൽ പരിശീലനവും നേടുക സാധ്യമാണ്. ചില യുവജനങ്ങൾ കുടുംബ ബിസിനസ് പഠിക്കുകയോ ബിസിനസുകളുള്ള മുതിർന്ന സുഹൃത്തുക്കളിൽനിന്നു പരിശീലനം നേടുകയോ ചെയ്യുന്നു. മറ്റു ചിലർ പിൽക്കാലത്ത് ഒരു വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന സ്കൂൾ കോഴ്സുകളിൽ ചേരുന്നു. അത്തരം അവസരങ്ങൾ ഇല്ലാത്തിടത്ത്, ഹൈസ്കൂൾ കഴിഞ്ഞ് കുട്ടികൾക്ക് ഏതെങ്കിലും അനുബന്ധ വിദ്യാഭ്യാസം നൽകാൻ ശ്രദ്ധാപൂർവകമായ വിചിന്തനത്തിനു ശേഷം മാതാപിതാക്കൾ ക്രമീകരിച്ചേക്കാം. പ്രായപൂർത്തിയായ ശേഷമുള്ള ഉത്തരവാദിത്വങ്ങൾ വഹിക്കാനും വിശേഷിച്ച് ദീർഘകാലത്തേക്കു പയനിയർ സേവനത്തിൽ തുടരാനും കഴിയേണ്ടതിന് ഇത്തരത്തിൽ മുന്നമേ ആസൂത്രണം ചെയ്യുന്നത് ദൈവരാജ്യം ഒന്നാമതു വെക്കുന്നതിനു നിരക്കാത്ത സംഗതിയല്ല. (മത്തായി 6:33) അനുബന്ധ വിദ്യാഭ്യാസം പയനിയറിങ് അസാധ്യമാക്കുന്നില്ല. ദൃഷ്ടാന്തത്തിന്, ഒരു യുവ സാക്ഷി ദീർഘകാലം പയനിയറിങ് ചെയ്യാൻ ആഗ്രഹിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ സാധാരണ പയനിയർമാരായ മാതാപിതാക്കൾ അവൾക്കു വേണ്ടി അനുബന്ധ വിദ്യാഭ്യാസത്തിനു ക്രമീകരണം ചെയ്തു. പഠിച്ചുകൊണ്ടിരിക്കെത്തന്നെ അവൾക്കു പയനിയറിങ് ചെയ്യാൻ സാധിച്ചു. പയനിയറിങ്ങിൽ തുടരവെ സ്വന്തം ചെലവുകൾ വഹിക്കാൻ സഹായിക്കുന്ന ഒരു തൊഴിൽ വൈദഗ്ധ്യം ഇപ്പോൾ അവൾക്കുണ്ട്.
13. കുടുംബങ്ങൾ അനുബന്ധ വിദ്യാഭ്യാസത്തിന്റെ വില നിർണയിക്കേണ്ടത് എങ്ങനെ?
13 അനുബന്ധ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഓരോ കുടുംബത്തിനും സ്വന്തമായ തീരുമാനം എടുക്കാനുള്ള അവകാശവും ഉത്തരവാദിത്വവും ഉണ്ട്. അത്തരം വിദ്യാഭ്യാസം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുമ്പോൾ അതു സഹായകമായിരിക്കാം. എന്നാൽ അതിന് ഒരു കെണി ആയിരിക്കാനും കഴിയും. നിങ്ങൾ അത്തരം വിദ്യാഭ്യാസത്തെ കുറിച്ചു പരിചിന്തിക്കുന്നെങ്കിൽ, എന്താണ് നിങ്ങളുടെ ലക്ഷ്യം? ഒരു മുതിർന്ന വ്യക്തി എന്ന നിലയിലുള്ള നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ ആദരണീയമായ ഒരു വിധത്തിൽ നിർവഹിക്കാൻ നിങ്ങളെത്തന്നെ ഒരുക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം? അതോ നിങ്ങൾ ‘നിങ്ങൾക്കായി വലിയ കാര്യങ്ങളെ ആഗ്രഹിക്കുകയാണോ?’ (യിരെമ്യാവു 45:5; 2 തെസ്സലൊനീക്യർ 3:10; 1 തിമൊഥെയൊസ് 5:8; 6:9) വീട്ടിൽനിന്നു വളരെ അകലെ, ഒരുപക്ഷേ ഹോസ്റ്റലിലോ മറ്റോ താമസിച്ചുകൊണ്ട് ഒരു അനുബന്ധ വിദ്യാഭ്യാസം തേടുന്ന കാര്യമോ? “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്നുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്റെ വീക്ഷണത്തിൽ അത് ജ്ഞാനപൂർവകം ആയിരിക്കുമോ? (1 കൊരിന്ത്യർ 15:33, NW; 2 തിമൊഥെയൊസ് 2:22) “ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നു” എന്നും ഓർമിക്കുക. (1 കൊരിന്ത്യർ 7:29, NW) അത്തരം വിദ്യാഭ്യാസത്തിനായി നിങ്ങൾ എത്രമാത്രം സമയം വിനിയോഗിക്കും? നിങ്ങളുടെ യൗവന വർഷങ്ങളുടെ ഏറിയ പങ്കും അതിന് ആവശ്യമായി വരുമോ? അങ്ങനെയെങ്കിൽ, “യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന ബൈബിളിന്റെ പ്രോത്സാഹനം നിങ്ങൾ എങ്ങനെ ബാധകമാക്കും? (സഭാപ്രസംഗി 12:1) അതിനു പുറമേ, നിങ്ങൾ ഏറ്റെടുക്കുന്ന പഠന കോഴ്സുകൾ നിമിത്തം മർമപ്രധാന ക്രിസ്തീയ പ്രവർത്തനങ്ങളായ യോഗങ്ങൾക്കു ഹാജരാകൽ, വയൽസേവനം, വ്യക്തിപരമായ പഠനം എന്നിവയ്ക്കു സമയം ലഭിക്കുമോ? (മത്തായി 24:14; എബ്രായർ 10:24, 25) നിങ്ങളുടെ ഗ്രഹണപ്രാപ്തികൾ സൂക്ഷ്മമാണെങ്കിൽ, നിങ്ങളും മാതാപിതാക്കളും നിങ്ങളുടെ ഭാവിക്കായി ആസൂത്രണം ചെയ്യുമ്പോൾ ഒരിക്കലും ആത്മീയ ലക്ഷ്യങ്ങൾക്കു ശ്രദ്ധ കൊടുക്കാതിരിക്കില്ല.
കോർട്ടിങ് മാന്യമായി നിലനിർത്തൽ
14. (എ) കോർട്ടിങ്ങിൽ ഏർപ്പെടുന്ന ഇണകൾ പരസ്പരം വാത്സല്യം കാട്ടുമ്പോൾ ഏതു തത്ത്വങ്ങൾ അവരെ വഴിനയിക്കണം? (ബി) ഇക്കാര്യത്തിൽ ചില ഇണകൾ വിവേകശൂന്യമായി പെരുമാറിയിട്ടുള്ളത് എങ്ങനെ?
14 ഗ്രഹണപ്രാപ്തികൾ ആവശ്യമുള്ള മറ്റൊരു മണ്ഡലമാണ് കോർട്ടിങ്. നിങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയോടു പ്രിയം കാട്ടാനുള്ള ആഗ്രഹം സ്വഭാവികം മാത്രമാണ്. ഉത്തമഗീതത്തിലെ ചാരിത്ര്യശുദ്ധി ഉണ്ടായിരുന്ന ഇണകൾ ചില വാത്സല്യ പ്രകടനങ്ങൾ നടത്തിയെന്നുള്ളതിനു സംശയമില്ല. (ഉത്തമഗീതം 1:2; 2:6; 8:5) സമാനമായി, ഇന്നു കോർട്ടിങ്ങിൽ ഏർപ്പെടുന്ന ചില ഇണകൾ, കരംഗ്രസിക്കുകയോ ചുംബിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യുന്നത് ഉചിതമാണെന്നു കരുതുന്നു, വിശേഷിച്ചും വിവാഹം ആസന്നമാണെന്നുള്ളപ്പോൾ. എന്നാൽ ഓർമിക്കുക: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ.” (സദൃശവാക്യങ്ങൾ 28:26) ദുഃഖകരമെന്നു പറയട്ടെ, ക്രിസ്തീയ തത്ത്വങ്ങൾ കൈവെടിയാൻ പ്രലോഭിതരായേക്കാവുന്ന സാഹചര്യങ്ങളിൽ തങ്ങളെത്തന്നെ ആക്കിവെച്ചുകൊണ്ട് പല ഇണകളും വിവേകശൂന്യമായി പെരുമാറിയിട്ടുണ്ട്. വാത്സല്യ പ്രകടനങ്ങൾ തീവ്രവും അനിയന്ത്രിതവും ആയിത്തീർന്നിട്ടുണ്ട്. തത്ഫലമായി, അശുദ്ധ കൃത്യങ്ങളിൽ ഏർപ്പെടുകയും ലൈംഗിക അധാർമികതയോളം പോലും അതു വഷളാകുകയും ചെയ്തിട്ടുണ്ട്.
15, 16. തങ്ങളുടെ കോർട്ടിങ് ആദരണീയമായി തുടരുമെന്ന് ഉറപ്പുവരുത്താൻ ഇണകൾക്ക് ന്യായമായ ഏതു മുൻകരുതലുകൾ എടുക്കാനാകും?
15 നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടുന്നെങ്കിൽ, അനുചിത സാഹചര്യങ്ങളിൽ നിങ്ങളുടെ ഭാവി വിവാഹ ഇണയോടൊപ്പം തനിച്ചായിരിക്കുന്നത് ഒഴിവാക്കുന്നതു ജ്ഞാനമാണ്. ഒരു കൂട്ടത്തോടൊപ്പമോ പൊതു സ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ പരസ്പര സഹവാസം ആസ്വദിക്കുന്നതായിരിക്കാം ഏറ്റവും മെച്ചം. ചില ഇണകൾ മറ്റൊരു വ്യക്തി തങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിനു ക്രമീകരിക്കുന്നു. ഹോശേയ 4:11-ലെ വാക്കുകളും വിചിന്തനം ചെയ്യുക: “വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ [“നല്ല ആന്തരത്തെ,” NW] കെടുത്തിക്കളയുന്നു.” മദ്യം നല്ല ന്യായബോധത്തെ കെടുത്തിക്കളയുകയും പിന്നീടു ഖേദിക്കേണ്ടി വരുന്ന നടപടികളിലേക്ക് ഇണകളെ നയിക്കുകയും ചെയ്തേക്കാം.
16 സദൃശവാക്യങ്ങൾ 13:10 പറയുന്നു: “അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു.” അതെ, ‘ആലോചന ചോദിക്കുക,’ നിങ്ങൾ എങ്ങനെ പെരുമാറുമെന്നു ചർച്ച ചെയ്യുക. ഓരോ വ്യക്തിയും മറ്റേ വ്യക്തിയുടെ വികാരങ്ങളെയും മനസ്സാക്ഷിയെയും ആദരിച്ചുകൊണ്ട് വാത്സല്യ പ്രകടനങ്ങൾക്കു പരിധികൾ വെക്കുക. (1 കൊരിന്ത്യർ 13:5; 1 തെസ്സലൊനീക്യർ 4:3-7; 1 പത്രൊസ് 3:16) സങ്കോചമുളവാക്കുന്ന ഈ വിഷയത്തെ കുറിച്ചു സംസാരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരിക്കാം, എന്നാൽ പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതു തടയാൻ അതു മൂലം കഴിയും.
‘ബാല്യം മുതൽ’ പഠിപ്പിക്കപ്പെടൽ
17. ദാവീദ് ‘ബാല്യം മുതൽ യഹോവയെ തന്റെ ആശ്രയം’ ആക്കിയത് എങ്ങനെ, ഇന്നത്തെ യുവജനങ്ങൾക്ക് അതിൽനിന്ന് എന്തു പാഠം ഉൾക്കൊള്ളാനാകും?
17 സാത്താന്റെ കെണികളെ ഒഴിവാക്കുന്നതിനു നിങ്ങളുടെ ഭാഗത്ത് നിതാന്ത ജാഗ്രത ആവശ്യമാണ്, ചിലപ്പോഴൊക്കെ ശക്തമായ ധൈര്യവും. എന്തിന്, ചില അവസരങ്ങളിൽ നിങ്ങൾ കേവലം സമപ്രായക്കാരോടു മാത്രമല്ല മുഴു ലോകത്തോടും വിയോജിപ്പിലാണെന്നു കണ്ടെത്തിയേക്കാം. സങ്കീർത്തനക്കാരനായ ദാവീദ് പ്രാർഥിച്ചു: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ. ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.” (സങ്കീർത്തനം 71:5, 17) c ദാവീദ് ധീരതയ്ക്കു പേരുകേട്ടവനായിരുന്നു. എന്നാൽ അവൻ അത് എപ്പോഴാണു വളർത്തിയെടുത്തത്? ചെറുപ്പകാലത്ത്! ഗൊല്യാത്തുമായുള്ള അവന്റെ വിഖ്യാത ഏറ്റുമുട്ടലിനു മുമ്പു പോലും, ഒരു സിംഹത്തെയും ഒരു കരടിയെയും കൊന്നുകൊണ്ട് തന്റെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതിൽ അവൻ അസാധാരണമായ ധൈര്യം പ്രകടമാക്കിയിരുന്നു. (1 ശമൂവേൽ 17:34-37) എന്നിരുന്നാലും, ‘ബാല്യം മുതൽ തന്റെ ആശ്രയം’ യഹോവ ആണെന്നു പറഞ്ഞുകൊണ്ട് ദാവീദ് താൻ പ്രകടമാക്കിയ സകല ധീരതയ്ക്കുമുള്ള മഹത്ത്വം യഹോവയ്ക്കു നൽകി. യഹോവയിൽ ആശ്രയിക്കാനുള്ള കഴിവ് താൻ നേരിട്ട ഏതു പരീക്ഷണവും വിജയകരമായി തരണം ചെയ്യാൻ ദാവീദിനെ പ്രാപ്തനാക്കി. നിങ്ങൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, ‘ലോകത്തെ ജയിക്കാൻ’ വേണ്ട ധൈര്യവും ശക്തിയും അവൻ തരുമെന്ന് നിങ്ങൾക്കും ബോധ്യമാകും.—1 യോഹന്നാൻ 5:4.
18. ദൈവഭക്തിയുള്ള ഇന്നത്തെ യുവജനങ്ങൾക്ക് എന്ത് ഉദ്ബോധനം നൽകപ്പെട്ടിരിക്കുന്നു?
18 നിങ്ങളെ പോലുള്ള ആയിരക്കണക്കിനു യുവജനങ്ങൾ ധീരമായ ഒരു നിലപാടു സ്വീകരിച്ചുകൊണ്ട് ഇപ്പോൾ സുവാർത്തയുടെ സ്നാപനമേറ്റ പ്രസാധകരായി സേവിക്കുന്നു. ചെറുപ്പക്കാരായ നിങ്ങളുടെ വിശ്വാസത്തിനും ധൈര്യത്തിനും ഞങ്ങൾ യഹോവയ്ക്കു നന്ദി കരേറ്റുന്നു! ലോകത്തിന്റെ ദുഷിപ്പിൽനിന്നു രക്ഷപ്പെടാൻ നിശ്ചയദാർഢ്യമുള്ളവർ ആയിരിക്കുക. (2 പത്രൊസ് 1:4) നിങ്ങളുടെ ബൈബിൾ പരിശീലിത ഗ്രഹണപ്രാപ്തികൾ ഉപയോഗിക്കുന്നതിൽ തുടരുവിൻ. അപ്രകാരം ചെയ്യുന്നത് ഇപ്പോൾ നിങ്ങളെ ആപത്തിൽനിന്ന് സംരക്ഷിക്കുകയും ആത്യന്തികമായി നിങ്ങളുടെ രക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. തീർച്ചയായും, അവസാന ലേഖനം പ്രകടമാക്കുന്നതുപോലെ, നിങ്ങൾ ജീവിതം വിജയപ്രദമാക്കുകയും ചെയ്യും.
[അടിക്കുറിപ്പുകൾ]
a 1998 ഒക്ടോബർ 22 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് സത്യം എങ്ങനെ സ്വന്തമാക്കാൻ സാധിക്കും?” എന്ന ലേഖനം കാണുക.
b വീക്ഷാഗോപുരത്തിന്റെ 1992 നവംബർ 15 ലക്കത്തിലെ “സാമൂഹികവിനോദം—പ്രയോജനങ്ങളനുഭവിക്കുക, കെണികൾ ഒഴിവാക്കുക” എന്ന ലേഖനത്തിൽ ഈ വിഷയത്തെ കുറിച്ച് ധാരാളം വിവരങ്ങൾ ഉണ്ട്.
c പ്രത്യക്ഷത്തിൽ 71-ാം സങ്കീർത്തനം, ദാവീദിന്റെ സങ്കീർത്തനം എന്ന് മേലെഴുത്തുള്ള 70-ാം സങ്കീർത്തനത്തിന്റെ ഒരു തുടർച്ചയാണ്.
പുനരവലോകന ചോദ്യങ്ങൾ
□ ഒരു യുവ വ്യക്തി തന്റെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുന്നത് എങ്ങനെ?
□ ക്രിസ്തീയ കൂടിവരവുകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഒരു ചെറുപ്പക്കാരന് എങ്ങനെ തന്റെ ഗ്രഹണപ്രാപ്തികൾ ഉപയോഗിക്കാനാകും?
□ ഒരുവന്റെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നതിൽ ഏതെല്ലാം ഘടകങ്ങൾ പരിഗണിക്കാവുന്നതാണ്?
□ കോർട്ടിങ് നടത്തുന്ന ഇണകൾക്ക് ലൈംഗിക അധാർമികത എന്ന കെണി എങ്ങനെ ഒഴിവാക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
ഗവേഷണം നടത്താൻ പഠിക്കുന്നതു ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കാൻ നിങ്ങളെ സഹായിക്കും
[16-ാം പേജിലെ ചിത്രം]
ചെറിയ കൂടിവരവുകൾ മേൽനോട്ടത്തിന് എളുപ്പമുള്ളതും അനിയന്ത്രിത കുടിച്ചുകൂത്താട്ടങ്ങൾ ആയിത്തീരാൻ സാധ്യത കുറഞ്ഞതുമാണ്
[16-ാം പേജിലെ ചിത്രം]
കുട്ടികളുടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യാൻ മാതാപിതാക്കൾ അവരെ സഹായിക്കണം
[17-ാം പേജിലെ ചിത്രം]
ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ ഡേറ്റിങ് നടത്തുന്നത് ഒരു സംരക്ഷണമാണ്