രോഗത്തിന്റെ പിന്നിലെ നിഗൂഢത
രോഗത്തിന്റെ പിന്നിലെ നിഗൂഢത
ഓമാജി എന്ന കൊച്ചു പെൺകുട്ടിക്ക് അതിസാരമാണ്. അവളുടെ അമ്മയായ ഹാവ തന്റെ കുട്ടിക്കു നിർജലീകരണം സംഭവിച്ചേക്കുമോ എന്നു ഭയപ്പെടുന്നു. ഗ്രാമത്തിലുള്ള തന്റെ ഒരു ബന്ധുവിന്റെ കുഞ്ഞ് അടുത്തയിടെ അങ്ങനെ മരിച്ചുപോയെന്ന് അവൾ കേട്ടിരുന്നു. ഓമാജിയുടെ വല്യമ്മ, അതായത് ഹാവയുടെ അമ്മാവിയമ്മ, കുട്ടിയെ ഒരു ഗോത്ര മന്ത്രവാദിനിയുടെ അടുക്കൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. “കുട്ടിയുടെ രോഗകാരണം ഒരു ദുരാത്മാവാണ്, സംരക്ഷണാർഥം കുട്ടിക്ക് ഒരു ഏലസ്സ് കെട്ടാൻ നിങ്ങൾ കൂട്ടാക്കിയില്ല, കുഴപ്പങ്ങൾ തുടങ്ങിയിട്ടേയുള്ളൂ!” എന്ന് അവർ പറയുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ഥിതി ഇതുതന്നെ. രോഗത്തിന്റെ നിഗൂഢ കാരണം ദുരാത്മാക്കളാണെന്നു കോടിക്കണക്കിന് ആളുകൾ വിശ്വസിക്കുന്നു. അതു ശരിയാണോ?
ദുരൂഹത മെനഞ്ഞെടുക്കുന്നു
അദൃശ്യാത്മാക്കളാണു രോഗകാരണമെന്നു നിങ്ങൾ വ്യക്തിപരമായി വിശ്വസിക്കുന്നില്ലായിരിക്കാം. മിക്ക രോഗങ്ങളുടെയും കാരണം ബാക്ടീരിയയും വൈറസ്സുകളുമാണെന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നതിനാൽ ആരെങ്കിലും അങ്ങനെ ചിന്തിക്കുന്നതെന്തിന് എന്നു നിങ്ങൾ വാസ്തവത്തിൽ അതിശയിച്ചേക്കാം. എങ്കിലും ഈ അതിസൂക്ഷ്മ രോഗകാരികളെ കുറിച്ച് മനുഷ്യവർഗത്തിന് എക്കാലത്തും അറിയില്ലായിരുന്നു എന്നത് ഓർമിക്കണം. 17-ാം നൂറ്റാണ്ടിൽ ആന്റോണി വാൻ ലേവൻഹുക്ക് സൂക്ഷ്മദർശിനി വികസിപ്പിച്ചെടുക്കുന്നതുവരെ സൂക്ഷ്മാണുലോകം മനുഷ്യ നേത്രങ്ങൾക്കു ദൃശ്യമായിരുന്നില്ല. എന്നിട്ടും, ലൂയി പാസ്ചറുടെ 19-ാം നൂറ്റാണ്ടിലെ കണ്ടുപിടിത്തങ്ങളോടെയാണ് രോഗകാരികളും രോഗങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രം മനസ്സിലാക്കി തുടങ്ങിയത്.
മനുഷ്യചരിത്രത്തിൽ ഏറിയ കാലത്തും രോഗങ്ങളുടെ കാരണങ്ങൾ അജ്ഞാതമായിരുന്നതുകൊണ്ട്, എല്ലാ രോഗങ്ങളുടെയും നിദാനം ദുരാത്മാക്കളാണ് എന്നതുൾപ്പെടെയുള്ള അന്ധവിശ്വാസപരമായ നിരവധി ആശയങ്ങൾ വികാസം പ്രാപിച്ചു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അതു വികാസം പ്രാപിച്ചിരിക്കാൻ സാധ്യതയുള്ള ഒരു വിധം പറയുന്നുണ്ട്. ആദ്യകാല വൈദ്യന്മാർ വിവിധയിനം വേരുകൾ, ഇലകൾ എന്നിങ്ങനെ തങ്ങൾക്കു ലഭ്യമായിരുന്ന സകലതും ഉപയോഗിച്ച് രോഗികളെ ചികിത്സിക്കാൻ ശ്രമിച്ചു എന്ന് അതു പറയുന്നു. വല്ലപ്പോഴും ചിലതൊക്കെ ഫലിക്കുകയും ചെയ്തു. പിന്നെ, തന്റെ ചികിത്സയോട് അന്ധവിശ്വാസപരമായ നിരവധി ആചാരാനുഷ്ഠാനങ്ങൾ വൈദ്യൻ കൂട്ടിച്ചേർക്കുമായിരുന്നു. വാസ്തവത്തിൽ രോഗം മാറാനുള്ള കാരണം മറയ്ക്കാനായിരുന്നു അത്. അങ്ങനെ ആളുകൾ തന്റെ സേവനം തുടർന്നും ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഈ വിധത്തിൽ, ചികിത്സയ്ക്ക് ആചാരാനുഷ്ഠാനപരമായ ഒരു നിഗൂഢ പരിവേഷം ലഭിച്ചു. തന്മൂലം ആളുകൾ സഹായത്തിനായി പ്രകൃത്യതീത ശക്തികളിൽ ആശ്രയിക്കാൻ പ്രേരിതരാകുകയും ചെയ്തു.
ഇത്തരം പരമ്പരാഗത ചികിത്സാരീതികൾ ഇന്നും അനേകം നാടുകളിലുണ്ട്. പൂർവികരുടെ ആത്മാക്കളാണ് രോഗം വരുത്തുന്നത് എന്നാണു പലരും പറയുന്നത്. അതല്ല, ദൈവമാണു നമ്മെ രോഗികളാക്കുന്നത് എന്നും രോഗം നമ്മുടെ പാപങ്ങളുടെ ശിക്ഷയാണെന്നും മറ്റു ചിലർ പറയുന്നു. രോഗത്തിന്റെ ജീവശാസ്ത്രപരമായ സ്വഭാവം വിവരമുള്ള ആളുകൾക്ക് അറിയാമെങ്കിലും, അവരും പ്രകൃത്യതീത ശക്തികളെ ഭയന്നേക്കാം.
ഈ ഭയത്തെ മുതലെടുത്തുകൊണ്ട് ആളുകളെ ചൂഷണം ചെയ്യാൻ മന്ത്രവാദികളും പരമ്പരാഗത വൈദ്യന്മാരും ശ്രമിക്കുന്നു. അപ്പോൾ, നാം എന്താണു വിശ്വസിക്കേണ്ടത്? ആരോഗ്യ രക്ഷയ്ക്കായി മരിച്ചവരുടെ ആത്മാക്കളിലേക്കു തിരിയുന്നതു ഗുണം ചെയ്യുമോ? ബൈബിൾ എന്തു പറയുന്നു?