തിമൊഥെയൊസ്—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ”
തിമൊഥെയൊസ്—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ”
തിമൊഥെയൊസിനെ ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് തന്റെ സഞ്ചാര കൂട്ടാളിയായി തിരഞ്ഞെടുത്തപ്പോൾ അവൻ താരതമ്യേന ചെറുപ്പമായിരുന്നു. ഏകദേശം 15 വർഷം നീണ്ടുനിന്ന ഒരു പങ്കാളിത്വത്തിന് അതു തുടക്കം കുറിച്ചു. പൗലൊസിന് തിമൊഥെയൊസിനെ “കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ”വൻ എന്നും “വിശ്വാസത്തിൽ എന്റെ യഥാർഥ പുത്രനായ”വൻ എന്നും വിളിക്കാൻ കഴിയത്തക്കവിധമുള്ള ഒരു ബന്ധം അവരുടെ ഇടയിൽ വളർന്നുവന്നു.—1 കൊരിന്ത്യർ 4:17; 1 തിമൊഥെയൊസ് 1:2, ഓശാന ബൈബിൾ.
പൗലൊസിന് പ്രിയം തോന്നാൻ ഇടയാക്കിയ തിമൊഥെയൊസിന്റെ വ്യക്തിത്വ സവിശേഷതകൾ എന്തായിരുന്നു? തിമൊഥെയൊസ് അത്തരമൊരു ഉത്തമ സഹകാരി ആയിത്തീർന്നത് എങ്ങനെ? തിമൊഥെയൊസിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള നിശ്വസ്ത രേഖയിൽ നിന്നും പ്രയോജനകരമായ എന്തു പാഠം ഉൾക്കൊള്ളാൻ നമുക്കു കഴിയും?
പൗലൊസ് തിരഞ്ഞെടുത്തവൻ
പൊ.യു 50-ലോ മറ്റോ തന്റെ രണ്ടാമത്തെ മിഷനറി യാത്രാവേളയിൽ ലുസ്ത്ര (ഇപ്പോഴത്തെ ടർക്കി) സന്ദർശിച്ചപ്പോഴാണ് പൗലൊസ് യുവശിഷ്യനായ തിമൊഥെയൊസിനെ കണ്ടെത്തിയത്. സാധ്യതയനുസരിച്ച്, തന്റെ കൗമാരപ്രായത്തിന്റെ ഒടുവിൽ അല്ലെങ്കിൽ 20-കളുടെ തുടക്കത്തിൽ ആയിരുന്ന തിമൊഥെയൊസിനെ കുറിച്ച് ലുസ്ത്രയിലും ഇക്കോന്യയിലും ഉള്ള ക്രിസ്ത്യാനികൾക്ക് നല്ല അഭിപ്രായം ഉണ്ടായിരുന്നു. (പ്രവൃത്തികൾ 16:1-3) “ദൈവത്തെ ബഹുമാനിക്കുന്നവൻ” എന്നർഥമുള്ള തന്റെ പേരിനൊപ്പം അവൻ ജീവിച്ചു. ബാല്യം മുതൽ അവന്റെ വല്യമ്മ ലോവീസും അമ്മ യൂനീക്കയും തിരുവെഴുത്തുകളിൽനിന്നും അവനെ പഠിപ്പിച്ചിരുന്നു. (2 തിമൊഥെയൊസ് 1:5; 3:14, 15) രണ്ടുവർഷം മുമ്പ് അവരുടെ നഗരത്തിലെ പൗലൊസിന്റെ ഒന്നാമത്തെ സന്ദർശന സമയത്താകാം അവർ ക്രിസ്ത്യാനിത്വം സ്വീകരിച്ചത്. ഇപ്പോൾ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മുഖാന്തരം തിമൊഥെയൊസിന്റെ ഭാവി എന്താകുമെന്ന് ഒരു പ്രവചനം സൂചിപ്പിച്ചു. (1 തിമൊഥെയൊസ് 1:18) ആ മാർഗനിർദേശത്തിനു ചേർച്ചയിൽ, പൗലൊസും സഭയിലെ മൂപ്പന്മാരും ആ യുവാവിന്റെ മേൽ കൈവെച്ചു, അങ്ങനെ അവനെ ഒരു പ്രത്യേക സേവനത്തിനായി വേർതിരിച്ചു, അപ്പൊസ്തലൻ അവനെ തന്റെ മിഷനറിവേലയിലെ സഹകാരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.—1 തിമൊഥെയൊസ് 4:14; 2 തിമൊഥെയൊസ് 1:6.
അവന്റെ പിതാവ് ഒരു അവിശ്വാസിയായ ഗ്രീക്കുകാരൻ ആയിരുന്നതുകൊണ്ട് തിമൊഥെയൊസിനെ പരിച്ഛേദന ചെയ്തിരുന്നില്ല. വ്യക്തമായും, അത് ഒരു ക്രിസ്തീയ വ്യവസ്ഥ ആയിരുന്നില്ലതാനും. എങ്കിലും, അവർ സന്ദർശിക്കാനിരുന്ന യഹൂദന്മാർക്ക് ഒരു ഇടർച്ചക്കല്ല് ആകാതിരിക്കാൻ തിമൊഥെയൊസ് വേദനാകരമായ ഈ നടപടിക്കു വഴങ്ങി.—പ്രവൃത്തികൾ 16:3.
തിമൊഥെയൊസിനെ നേരത്തെ ഒരു യഹൂദനായി പരിഗണിച്ചിരുന്നോ? ചില പണ്ഡിതന്മാർ വാദിക്കുന്നത് റബ്ബിമാരുടെ ആധികാരിക രേഖകളനുസരിച്ച്, “മിശ്രവിവാഹത്തിൽ ജനിക്കുന്ന കുട്ടിയുടെ വംശം മാതാവിന്റേത് ആയിരിക്കും, പിതാവിന്റേതല്ല” എന്നാണ്. അതായത്, “ഒരു യഹൂദ സ്ത്രീക്കു ജനിക്കുന്ന കുട്ടികൾ യഹൂദരാണ്.” എങ്കിലും, “വ്യക്തികളെ സംബന്ധിച്ച റബ്ബിമാരുടെ അത്തരം നിയമം പൊ.യു. ഒന്നാം നൂറ്റാണ്ടിൽ നിലവിലിരുന്നോ” എന്നതിനെയും ഏഷ്യാമൈനറിൽ ഉള്ള യഹൂദർ അത് അനുഷ്ഠിച്ചിരുന്നോ എന്നതിനെയും എഴുത്തുകാരനായ ഷേ കോഹെൻ ചോദ്യം ചെയ്യുന്നു. ചരിത്രപരമായ തെളിവു പരിശോധിച്ച ശേഷം അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്യുന്നു: വിജാതീയരായ പുരുഷന്മാർ ഇസ്രായേല്യ സ്ത്രീകളെ വിവാഹം കഴിക്കുമ്പോൾ “ആ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾ ഇസ്രായേല്യരായി പരിഗണിക്കപ്പെട്ടിരുന്നത് ആ കുടുംബം ഇസ്രായേല്യരുടെ കൂടെ താമസിച്ചാൽ മാത്രമായിരുന്നു. അമ്മയുടെ രാജ്യത്തായിരുന്നെങ്കിൽ വംശപരമ്പര തായ്വഴിയിലൂടെ ആയിരുന്നു. തന്റെ പുറജാതീയ ഭർത്താവിന്റെ കൂടെ പാർക്കാൻ അവൾ പരദേശത്തേക്കു പോയാൽ അവളുടെ മക്കളെ പുറജാതീയരായി കരുതിയിരുന്നു.” സംഗതി എന്തുതന്നെ ആയിരുന്നാലും, തിമൊഥെയൊസിന്റെ മാതാവ് യിസ്രായേല്യയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നത് അവന്റെ പ്രസംഗ വേലയിൽ ഒരു മുതൽക്കൂട്ടായിരുന്നിരിക്കണം. യഹൂദന്മാരുമായോ പുറജാതീയരുമായോ ഒത്തുപോകുന്നതിൽ അവനു പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കുമായിരുന്നില്ല. അവർക്കിടയിലെ ഭിന്നതകൾ മറികടക്കാൻ അത് അവനെ പ്രാപ്തനാക്കിയിരിക്കാം.
പൗലൊസിന്റെ ലുസ്ത്രയിലെ സന്ദർശനം തിമൊഥെയൊസിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം പിൻപറ്റാനും
ക്രിസ്തീയ മൂപ്പന്മാരോടു താഴ്മയോടെ സഹകരിക്കാനുമുള്ള ആ ചെറുപ്പക്കാരന്റെ മനസ്സൊരുക്കം ഹേതുവായി അവനു മഹത്തായ അനുഗ്രഹങ്ങളും സേവന പദവികളും ലഭിച്ചു. ആ സമയത്ത് തിമൊഥെയൊസ് മനസ്സിലാക്കിയിരുന്നാലും ഇല്ലെങ്കിലും, അവന്റെ സ്വദേശത്തു നിന്ന് സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ റോം വരെപോലും ഉള്ള പ്രദേശങ്ങളിലെ സുപ്രധാനമായ ദിവ്യാധിപത്യ നിയമനങ്ങളിൽ പൗലൊസിന്റെ നിർദേശത്തിൻ കീഴിൽ അവൻ പിന്നീട് ഉപയോഗിക്കപ്പെടുമായിരുന്നു.തിമൊഥെയൊസ് രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിച്ചു
തിമൊഥെയൊസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച ഭാഗികമായ വിവരങ്ങളേ നമുക്കുള്ളൂ. എന്നിരുന്നാലും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാനായി അവൻ വ്യാപകമായ യാത്രകൾ നടത്തിയതായി നമുക്ക് അറിയാം. പൊ.യു. 50-ൽ പൗലൊസിനോടും ശീലാസിനോടും ഒപ്പമുള്ള തിമൊഥെയൊസിന്റെ ഒന്നാമത്തെ യാത്രയിൽ അവൻ ഏഷ്യാമൈനറിൽ ഉടനീളം സഞ്ചരിച്ചു, യൂറോപ്പിലും എത്തി. അവിടെ അവൻ ഫിലിപ്പിയിലും തെസ്സലൊനീക്യയിലും ബെരോവയിലും സുവാർത്താ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടു. എതിർപ്പു നിമിത്തം പൗലൊസിന് ഏഥൻസിലേക്കു പോകേണ്ടിവന്നു. ബെരോവയിൽ രൂപീകൃതമായ ഒരു കൂട്ടം ശിഷ്യന്മാരുടെ ആത്മീയാവശ്യങ്ങൾക്കു ശ്രദ്ധ കൊടുക്കാനായി തിമൊഥെയൊസും ശീലാസും അവിടെ തങ്ങി. (പ്രവൃത്തികൾ 16:6-17:14) പിന്നീട്, തെസ്സലൊനീക്യയിലുള്ള പുതിയ സഭയെ ബലപ്പെടുത്താനായി പൗലൊസ് തിമൊഥെയൊസിനെ അങ്ങോട്ടയച്ചു. കൊരിന്തിൽവെച്ച് പൗലൊസിനെ കണ്ടുമുട്ടുമ്പോൾ സഭയുടെ പുരോഗതി സംബന്ധിച്ച നല്ല വാർത്തകളാണ് തിമൊഥെയൊസിനു പറയാനുണ്ടായിരുന്നത്.—പ്രവൃത്തികൾ 18:5; 1 തെസ്സലൊനീക്യർ 3:1-7.
തിമൊഥെയൊസ് കൊരിന്ത്യരോടൊപ്പം എത്ര നാൾ താമസിച്ചെന്നു തിരുവെഴുത്തുകൾ പറയുന്നില്ല. (2 കൊരിന്ത്യർ 1:19) എന്നുവരികിലും, കൊരിന്ത്യരുടെ അവസ്ഥയെ കുറിച്ച് അലോസരപ്പെടുത്തുന്ന വാർത്തകൾ ലഭിച്ചതിനെ തുടർന്ന് പൊ.യു. 55-ൽ ആയിരിക്കാം തിമൊഥെയൊസിനെ അവരുടെ അടുക്കലേക്ക് അയയ്ക്കുന്ന കാര്യം പൗലൊസ് പരിചിന്തിച്ചത്. (1 കൊരിന്ത്യർ 4:17; 16:10) പിന്നെ, എരസ്തൊസിനോടു കൂടെ തിമൊഥെയൊസിനെ എഫെസൂസിൽ നിന്നും മക്കെദോന്യയിലേക്ക് അയച്ചു. പൗലൊസ് കൊരിന്തിൽ നിന്നു റോമർക്കുള്ള തന്റെ ലേഖനമെഴുതുന്ന അവസരത്തിലും അവനോടു കൂടെ തിമൊഥെയൊസ് ഉണ്ടായിരുന്നു.—പ്രവൃത്തികൾ 19:22; റോമർ 16:21.
പൗലൊസ് യെരൂശലേമിലേക്കു യാത്ര തിരിച്ചപ്പോൾ തിമൊഥെയൊസും മറ്റുചിലരും അവനോടൊപ്പം കൊരിന്തു വിട്ടു, ത്രോവാസ് വരെയെങ്കിലും അവർ അപ്പൊസ്തലന്റെകൂടെ പോയിരിക്കാം. തിമൊഥെയൊസ് യെരൂശലേമിലേക്കു പോയോ എന്ന് അറിയില്ല. പൗലൊസ് റോമിൽ തടവിലായിരിക്കെ, സാധ്യതയനുസരിച്ച് പൊ.യു. 60-61 കാലയളവിൽ അവൻ എഴുതിയ മൂന്ന് ലേഖനങ്ങളുടെയും തുടക്കത്തിൽ തിമൊഥെയൊസിന്റെ പേരു കാണാം. a (പ്രവൃത്തികൾ 20:4; ഫിലിപ്പിയർ 1:1; കൊലൊസ്സ്യർ 1:1; ഫിലേമോൻ 1) തിമൊഥെയൊസിനെ റോമിൽ നിന്നും ഫിലിപ്പിയിലേക്ക് അയയ്ക്കാനുള്ള ഉദ്ദേശ്യം പൗലൊസിന് ഉണ്ടായിരുന്നു. (ഫിലിപ്പിയർ 2:19) പൗലൊസ് തടവിൽ നിന്നു വിടുവിക്കപ്പെട്ടശേഷം അപ്പൊസ്തലന്റെ നിർദേശപ്രകാരം തിമൊഥെയൊസ് എഫെസൂസിൽ തന്നെ തങ്ങി.—1 തിമൊഥെയൊസ് 1:4.
ഒന്നാം നൂറ്റാണ്ടിലെ യാത്ര എളുപ്പമോ സുഖകരമോ അല്ലാഞ്ഞതിനാൽ, സഭകൾക്കു വേണ്ടി അനവധി യാത്രകൾ നടത്താനുള്ള തിമൊഥെയൊസിന്റെ സന്നദ്ധത യഥാർഥത്തിൽ അഭിനന്ദനാർഹമായിരുന്നു. (1996 ആഗസ്റ്റ് 15 വീക്ഷാഗോപുരത്തിന്റെ 29-ാം പേജിലെ ചതുരം കാണുക.) തിമൊഥെയൊസ് നടത്തിയ ഒരു യാത്രയെയും അത് അവനെ കുറിച്ച് നൽകുന്ന സന്ദേശത്തെയും പറ്റി പരിചിന്തിക്കുക.
തിമൊഥെയൊസിന്റെ വ്യക്തിത്വം സംബന്ധിച്ച ഗ്രാഹ്യം
ഫിലിപ്പിയിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികൾക്ക് തടവിലായിരുന്ന പൗലൊസ് അപ്പൊസ്തലൻ പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ തിമൊഥെയൊസ് അവന്റെ കൂടെ ഉണ്ടായിരുന്നു: “എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മററാരുമില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.”—ഫിലിപ്പിയർ 1:1, 13, 28-30; 2:19-22.
സഹവിശ്വാസികളോടുള്ള തിമൊഥെയൊസിന്റെ താത്പര്യത്തെയാണ് ആ വാക്കുകൾ ഊന്നിപ്പറയുന്നത്. പൗലൊസ് പരാമർശിച്ച ആ യാത്ര, അവൻ ഒരു ബോട്ടിൽ പോകാത്തപക്ഷം, റോമിൽ നിന്നും ഫിലിപ്പിയിലേക്കുള്ള 40 ദിവസത്തെ കാൽനടയാത്ര ആയിരുന്നു. അതിൽ അഡ്രിയാറ്റിക് കടലിന്റെ കുറച്ചു ഭാഗം കുറുകെ കടക്കുന്നതും ഉൾപ്പെട്ടിരുന്നു. റോമിലേക്കുള്ള മടക്കയാത്രയ്ക്കും വേണമായിരുന്നു അത്രയും തന്നെ ദിവസം. സഹോദരങ്ങളെ സേവിക്കാനായി അതെല്ലാം ചെയ്യാൻ തിമൊഥെയൊസ് തയ്യാറായിരുന്നു.
വ്യാപകമായി യാത്രകൾ നടത്തിയെങ്കിലും ചിലപ്പോഴൊക്കെ അവന്റെ ആരോഗ്യനില മോശമായിരുന്നു. അവന് വയറ്റിലസുഖവും “കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളും” ഉണ്ടായിരുന്നു. (1 തിമൊഥെയൊസ് 5:, ഓശാന ബൈബിൾ) എന്നിട്ടും സുവാർത്തയ്ക്കുവേണ്ടി അവൻ കഠിനവേല ചെയ്തു. പൗലൊസിന് അവനുമായി ഒരു ഉറ്റബന്ധം ഉണ്ടായിരുന്നതിൽ അതിശയമില്ല! 23
പൗലൊസിന്റെ രക്ഷാകർത്തൃത്വത്തിൽ ആയിരുന്നപ്പോഴും അവന്റെ കൂടെ പ്രവർത്തിച്ചപ്പോഴും പൗലൊസിന്റെ വ്യക്തിത്വത്തെ തിമൊഥെയൊസ് വ്യക്തമായും പ്രതിഫലിപ്പിച്ചിരിക്കണം. അതുകൊണ്ട്, പൗലൊസിന് അവനെ കുറിച്ചു പിൻവരുന്ന പ്രകാരം പറയാൻ കഴിഞ്ഞു: “നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും അന്ത്യൊക്ക്യയിലും ഇക്കൊന്യയിലും ലുസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു.” തിമൊഥെയൊസ് പൗലൊസിനോടൊപ്പം കണ്ണുനീർ പൊഴിച്ചിരുന്നു, തിമൊഥെയൊസിനു വേണ്ടി പൗലൊസ് പ്രാർഥിച്ചിരുന്നു, രാജ്യ താത്പര്യങ്ങളുടെ ഉന്നമനത്തിനായി തിമൊഥെയൊസ് അവനോടൊത്ത് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തിരുന്നു.—2 തിമൊഥെയൊസ് 1:3, 4; 3:10, 11.
‘ആരും നിന്റെ യൗവനം തുച്ഛീകരിക്കാതിരിക്കട്ടെ’ എന്നു പൗലൊസ് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. തന്റെ അധികാരം ശക്തമായി ഉപയോഗിക്കുന്നതിൽ മടിയുള്ളവനും ഏറെക്കുറെ നാണംകുണുങ്ങിയുമായ ഒരുവനായിരുന്നു തിമൊഥെയൊസ് എന്നായിരിക്കാം ഇതു സൂചിപ്പിക്കുന്നത്. (1 തിമൊഥെയൊസ് 4:12; 1 കൊരിന്ത്യർ 16:10, 11) എന്നുവരികിലും, പരസഹായം കൂടാതെ കാര്യങ്ങൾ നിർവഹിക്കാൻ അവൻ പ്രാപ്തനായിരുന്നു. ഉത്തരവാദിത്വമേറിയ ദൗത്യങ്ങൾക്കായി അവനെ പൂർണബോധ്യത്തോടെ അയയ്ക്കാൻ പൗലൊസിനു സാധിക്കുകയും ചെയ്തിരുന്നു. (1 തെസ്സലൊനീക്യർ 3:1, 2) എഫെസൂസിലെ സഭയ്ക്ക് ശക്തമായ ദിവ്യാധിപത്യ മേൽവിചാരണയുടെ ആവശ്യമുണ്ടെന്നു പൗലൊസ് തിരിച്ചറിഞ്ഞപ്പോൾ ‘അന്യഥാ ഉപദേശിക്കരുതെന്ന് ചിലരോട് ആജ്ഞാപിക്കാൻ’ അവിടെ താമസിക്കാൻ അവൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. (1 തിമൊഥെയൊസ് 1:3) അനേകം ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെട്ടെങ്കിലും തിമൊഥെയൊസ് വിനയമുള്ളവൻ ആയിരുന്നു. കുറെയൊക്കെ ലജ്ജാശീലമുള്ള വ്യക്തി ആയിരുന്നെങ്കിലും അവൻ ധൈര്യമുള്ളവൻ ആയിരുന്നു. ഉദാഹരണത്തിന്, വിശ്വാസത്തെ പ്രതി വിചാരണ ചെയ്യപ്പെടുന്ന പൗലൊസിനെ സഹായിക്കാൻ അവൻ റോമിലേക്കു പോയി. വാസ്തവത്തിൽ, മിക്കവാറും അതേ കാരണത്താൽ തിമൊഥെയൊസും കുറെക്കാലം തടവിൽ കഴിഞ്ഞു.—എബ്രായർ 13:23.
തിമൊഥെയൊസ് വളരെ കാര്യങ്ങൾ പൗലൊസിൽ നിന്നും പഠിച്ചു എന്നതിനു സംശയമില്ല. തന്റെ സഹപ്രവർത്തകനോട് അപ്പൊസ്തലനുണ്ടായിരുന്ന മതിപ്പിന്റെ മതിയായ തെളിവാണ് ദിവ്യനിശ്വസ്തമായ രണ്ടു ലേഖനങ്ങൾ അവൻ തിമൊഥെയൊസിന് എഴുതി എന്ന വസ്തുത. ഇന്ന് അവ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഭാഗമാണ്. തന്റെ രക്തസാക്ഷിത്വം ആസന്നമാണെന്നു തിരിച്ചറിഞ്ഞ പൗലൊസ് സാധ്യതയനുസരിച്ച് പൊ.യു. 65-ൽ തിമൊഥെയൊസിനെ തന്റെ അടുക്കലേക്കു വീണ്ടും വിളിച്ചു. (2 തിമൊഥെയൊസ് 4:6, 9) അപ്പൊസ്തലൻ വധിക്കപ്പെടുന്നതിനു മുമ്പു തിമൊഥെയൊസ് അവനെ കണ്ടോ ഇല്ലയോ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല.
നിങ്ങളെത്തന്നെ ലഭ്യരാക്കുക!
തിമൊഥെയൊസിന്റെ നല്ല മാതൃകയിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാൻ കഴിയും. പൗലൊസുമായുള്ള സഹവാസത്തിൽ നിന്നും അവൻ വളരെയധികം പ്രയോജനം അനുഭവിച്ചു, ഒരു നാണംകുണുങ്ങി യുവാവായിരുന്ന അവൻ ഒരു മേൽവിചാരകനായി പുരോഗതി പ്രാപിച്ചു. ചെറുപ്പക്കാരായ ക്രിസ്തീയ സ്ത്രീപുരുഷന്മാർക്ക് ഇക്കാലത്ത് സമാനമായ സഹവാസത്തിൽ നിന്നും അനവധി പ്രയോജനങ്ങൾ നേടാൻ സാധിക്കും. യഹോവയുടെ സേവനത്തിന് അവർ തങ്ങളുടെ ജീവിതത്തിൽ മുന്തിയ സ്ഥാനം കൊടുക്കുന്നെങ്കിൽ, മൂല്യവത്തായ ധാരാളം വേല ചെയ്യാൻ അവർക്കുണ്ടായിരിക്കും. (1 കൊരിന്ത്യർ 15:58) അവർ തങ്ങളുടെ മാതൃസഭയിൽ പയനിയർമാരോ മുഴുസമയ പ്രസംഗകരോ ആയിത്തീർന്നേക്കാം, അല്ലെങ്കിൽ രാജ്യഘോഷകരെ കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ പോയി സേവിക്കാൻ അവർക്കു കഴിഞ്ഞേക്കാം. മറ്റൊരു രാജ്യത്തുള്ള മിഷനറി വേല, വാച്ച് ടവർ സൊസൈറ്റിയുടെ ലോക ആസ്ഥാനത്തോ ഒരു ബ്രാഞ്ചിലോ ഉള്ള സേവനം തുടങ്ങി അനേകം സേവന അവസരങ്ങൾ അതിൽ ഉൾപ്പെട്ടേക്കാം. തീർച്ചയായും, യഹോവയ്ക്കു മുഴു ദേഹിയോടെ സേവനമർപ്പിച്ചുകൊണ്ട് എല്ലാ ക്രിസ്ത്യാനികൾക്കും തിമൊഥെയൊസ് പ്രകടമാക്കിയ അതേ ആത്മാവ് പ്രകടിപ്പിക്കാനാവും.
ആത്മീയമായി വളരുന്നതിൽ തുടരാൻ, യഹോവ ഉചിതമെന്നു കരുതുന്ന നിലകളിൽ സേവിച്ചുകൊണ്ട് അവന്റെ സംഘടനയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ തിമൊഥെയൊസിനെ പോലെ പ്രവർത്തിക്കുക. സാധ്യമാകുന്നിടത്തോളം നിങ്ങളെത്തന്നെ ലഭ്യരാക്കുക. ഭാവിയിൽ ഏതൊക്കെ സേവനപദവികളാണ് നിങ്ങൾക്കു ലഭിക്കാൻ പോകുന്നതെന്ന് ആർക്കറിയാം?
[അടിക്കുറിപ്പുകൾ]
a പൗലൊസ് എഴുതിയ മറ്റു നാലു ലേഖനങ്ങളിലും തിമൊഥെയൊസിനെ കുറിച്ചുള്ള പരാമർശങ്ങൾ കാണാം.—റോമർ 16:21; 2 കൊരിന്ത്യർ 1:1; 1 തെസ്സലൊനീക്യർ 1:1; 2 തെസ്സലൊനീക്യർ 1:1.
[31-ാം പേജിലെ ചിത്രം]
“തുല്യചിത്തനായി എനിക്കു മററാരുമില്ല”