യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ആരെങ്കിലും ഉണ്ടോ?
യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ആരെങ്കിലും ഉണ്ടോ?
“പീഡിതരുടെ കണ്ണീർ” പ്രവാഹം ഒരു കുത്തൊഴുക്കായി മാറിയിരിക്കുന്നു. ഇത്, ലോകമെമ്പാടും എണ്ണമറ്റ “പീഡനങ്ങൾക്ക്” ഇരകളാകുന്നവർ പൊഴിക്കുന്ന കണ്ണുനീരാണ്. പീഡനങ്ങൾക്ക് ഇരകളാകുന്നവർ, തങ്ങൾക്ക് “ആശ്വാസപ്രദൻ” ഇല്ലെന്ന്—ആരും തങ്ങളെ സംബന്ധിച്ചു കരുതൽ ഉള്ളവരല്ലെന്ന്—പലപ്പോഴും ചിന്തിക്കുന്നു.—സഭാപ്രസംഗി 4:1.
ഇത്തരം കണ്ണുനീർ കുത്തിയൊഴുകുമ്പോഴും, സഹമനുഷ്യരുടെ യാതനകൾ ചിലരിൽ തെല്ലും മനസ്സലിവ് ഉളവാക്കുന്നില്ല. അവർ മറ്റാളുകളുടെ നൊമ്പരങ്ങൾക്കു പുറം തിരിഞ്ഞുകളയുന്നു. ആക്രമിക്കപ്പെട്ട്, കൊള്ളയടിക്കപ്പെട്ട്, അർധപ്രാണനായി വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യനെ കുറിച്ചുള്ള യേശുക്രിസ്തുവിന്റെ ഉപമയിലെ പുരോഹിതനും ലേവ്യനും അതുതന്നെയാണു ചെയ്തത്. (ലൂക്കൊസ് 10:30-32) തങ്ങളുടെയും കുടുംബത്തിന്റെയും കാര്യം വലിയ കുഴപ്പമൊന്നുമില്ലാതെ പോകുന്നിടത്തോളം കാലം മറ്റുള്ളവരെ കുറിച്ച് അവർ ചിന്തിക്കാറില്ല. ഫലത്തിൽ, “ഇതൊക്കെ അന്വേഷിക്കാൻ ആർക്കാണു നേരം?” എന്നാണ് അവരുടെ പക്ഷം.
ഇതിൽ നാം അന്ധാളിച്ചുപോകരുത്. ‘അന്ത്യനാളുകളി’ൽ അനേകരും ‘സ്വഭാവിക പ്രിയം’ ഇല്ലാത്തവരായിരിക്കും എന്ന് അപ്പൊസ്തലനായ പൗലൊസ് മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ് 3:1, 3, NW) ഇന്നു വികാസം പ്രാപിച്ചിരിക്കുന്ന കരുതലില്ലായ്മയെ പ്രതി ഒരു നിരീക്ഷകൻ ഖേദം പ്രകടിപ്പിച്ചു. “പരസ്പരം കരുതുകയും പങ്കുവെക്കുകയും ചെയ്യുക എന്ന അയർലണ്ടിലെ പണ്ടത്തെ തത്ത്വചിന്തയുടെയും പാരമ്പര്യത്തിന്റെയും സ്ഥാനത്ത് ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന പുതിയ ഒരു രീതിയാണ് ഇപ്പോഴുള്ളത്.” ലോകമെമ്പാടും, ആളുകൾ മറ്റുള്ളവരുടെ ദുരവസ്ഥയ്ക്കു നേരെ കണ്ണടച്ചുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കുന്നു.
കരുതൽ പ്രകടമാക്കുന്ന ഒരുവൻ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം
കരുതൽ പ്രകടമാക്കുന്ന ഒരുവന്റെ ആവശ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഉദാഹരണത്തിന്, “ടിവിയുടെ മുമ്പിലിരിക്കുന്നതായി കണ്ടെത്തപ്പെട്ട—അഞ്ചുവർഷം മുമ്പ് ഒരു ക്രിസ്തുമസ് ദിനത്തിൽ മരിച്ച”—ഏകാന്തനായ ഒരു ജർമൻകാരനെ കുറിച്ചു ചിന്തിക്കുക. ജീവിതത്തിലെ തിക്താനുഭവങ്ങൾ നിമിത്തം നിരാശിതനായ, “ഭാര്യ ഉപേക്ഷിച്ചുപോയ, ഒറ്റയ്ക്കു കഴിയുന്ന, ആരോഗ്യം ക്ഷയിച്ച” അദ്ദേഹത്തെ വാടക കൊടുത്തുകൊണ്ടിരുന്ന ബാങ്ക് അക്കൗണ്ടിലെ പണം തീർന്നതുവരെ ആരും ഓർത്തില്ല. ആരും യഥാർഥത്തിൽ അദ്ദേഹത്തെ കുറിച്ചു കരുതൽ പ്രകടമാക്കിയില്ല.
അത്യാഗ്രഹികളും ശക്തരുമായ മേലാളന്മാരുടെ നിസ്സഹായരായ ഇരകളെ കുറിച്ചും ചിന്തിക്കുക. ഒരു സ്ഥലത്ത്, 2,00,000-ത്തോളം പേർ (ജനസംഖ്യയുടെ നാലിൽ ഒന്ന്) അവരുടെ സ്ഥലം ബലാൽക്കാരമായി അപഹരിക്കപ്പെട്ട ശേഷം “പട്ടിണിയും അടിച്ചമർത്തലും” നിമിത്തം മരണമടഞ്ഞു. അവിശ്വസനീയമായ കിരാത കൃത്യങ്ങൾക്ക് ദൃക്സാക്ഷികൾ ആകേണ്ടിവന്ന കുട്ടികളെ കുറിച്ച് ചിന്തിക്കുക. ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “മിക്കപ്പോഴും മറ്റു കൗമാരപ്രായക്കാർ ചെയ്യുന്ന കൊല, പ്രഹരം, ബലാത്സംഗം എന്നിങ്ങനെ ഒന്നിലധികം ക്രൂരകൃത്യങ്ങൾക്ക് ദൃക്സാക്ഷികളായ [ഒരു രാജ്യത്തെ] കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.” “എന്നെക്കുറിച്ച് യഥാർഥത്തിൽ കരുതുന്ന ആരെങ്കിലും ഉണ്ടോ?” എന്ന് അത്തരം അനീതികൾക്ക് ഇരയായ ഒരാൾ കണ്ണീരോടെ ചോദിക്കുന്നതിന്റെ കാരണം മനസ്സിലാക്കാനാകും.
ഒരു ഐക്യരാഷ്ട്ര റിപ്പോർട്ട് അനുസരിച്ച് വികസ്വര രാജ്യങ്ങളിലെ 130 കോടി ആളുകൾ ഒരു യു.എസ്. ഡോളറിന്റെ മൂല്യത്തിലും കുറഞ്ഞ വരുമാനം കൊണ്ടാണ് ഒരു ദിവസം കഴിഞ്ഞുകൂടുന്നത്. കരുതലുള്ള ആരെങ്കിലും ഉണ്ടോ എന്ന് അവർ അതിശയിക്കുകതന്നെ ചെയ്യും. അങ്ങനെ ചിന്തിക്കുന്നവരാണ് ആയിരക്കണക്കിന് അഭയാർഥികളും. ഐറിഷ് ടൈംസ് എന്ന വർത്തമാനപ്പത്രത്തിലെ ഒരു റിപ്പോർട്ടനുസരിച്ച് അവർ “അങ്ങേയറ്റം പരിതാപകരമായ ഒരു അഭയാർഥി ക്യാമ്പിൽ അല്ലെങ്കിൽ ആളുകൾ ഒട്ടും സൗഹൃദഭാവം കാണിക്കാത്ത ഒരു രാജ്യത്തു തങ്ങണമോ അതോ ഇപ്പോഴും യുദ്ധം അല്ലെങ്കിൽ വംശീയ പോരാട്ടം പിച്ചിച്ചീന്തുന്ന മാതൃരാജ്യത്തേക്കു പോകണമോ എന്ന സുഖകരമല്ലാത്ത തീരുമാനത്തെ അഭിമുഖീകരിക്കുന്നു.” ആ റിപ്പോർട്ടിൽ മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന പിൻവരുന്ന കാര്യവും പറഞ്ഞിരിക്കുന്നു: “കണ്ണടയ്ക്കുക, എന്നിട്ട് മൂന്നുവരെ എണ്ണുക, ഒരു കുട്ടി മരിച്ചുകഴിഞ്ഞിരിക്കുന്നു. വികല പോഷണവും പ്രതിരോധിക്കാമായിരുന്ന രോഗവും നിമിത്തം ഇന്നു മരിക്കാൻ പോകുന്ന 35,000 കുട്ടികളിൽ ഒന്നു മാത്രമാണ് അത്.” അരിഷ്ടതയും യാതനകളും നിമിത്തം നിരവധി പേർ മുറവിളി കൂട്ടുന്നതിൽ അതിശയിക്കാനില്ല!—ഇയ്യോബ് 7:11 താരതമ്യം ചെയ്യുക.
ഈ കാര്യങ്ങളെല്ലാം യഥാർഥത്തിൽ ഇതുപോലെതന്നെ നടക്കേണ്ടതാണോ? കരുതൽ പ്രകടമാക്കാൻ മാത്രമല്ല യാതനകൾക്ക് അറുതി വരുത്താനും ആളുകൾ അനുഭവിച്ചിരിക്കുന്ന സകല വേദനകളും തുടച്ചുനീക്കാനും ശക്തിയുള്ള ആരെങ്കിലും വാസ്തവത്തിൽ ഉണ്ടോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Cover and page 32: Reuters/Nikola Solic/Archive Photos
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
A. Boulat/Sipa Press