വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ഒരുവൻ ഉണ്ട്‌

യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ഒരുവൻ ഉണ്ട്‌

യഥാർഥ​ത്തിൽ കരുതൽ പ്രകട​മാ​ക്കുന്ന ഒരുവൻ ഉണ്ട്‌

തങ്ങൾ മറ്റുള്ള​വരെ കുറിച്ച്‌ യഥാർഥ​ത്തിൽ കരുത​ലു​ള്ള​വ​രാ​ണെന്ന്‌ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ പ്രകട​മാ​ക്കു​ന്നു. മറ്റുള്ള​വ​രു​ടെ പ്രശ്‌നങ്ങൾ തങ്ങളെ ഒരു തരത്തി​ലും ബാധി​ക്കു​ന്നില്ല എന്ന നിർവി​കാ​ര​വും സ്വാർഥ​വു​മായ വീക്ഷണമല്ല അവർക്കു​ള്ളത്‌. പകരം, മറ്റുള്ള​വ​രു​ടെ യാതനകൾ ലഘൂക​രി​ക്കാൻ അവർ തങ്ങളാൽ ആവതെ​ല്ലാം ചെയ്യുന്നു, ചില​പ്പോൾ സ്വന്തം ജീവൻ തൃണവ​ത്‌ക​രി​ച്ചു പോലും. തങ്ങളുടെ പിടി​യിൽ ഒതുങ്ങാത്ത പ്രബല​ശ​ക്തി​ക​ളാൽ സങ്കീർണ​മാ​കുന്ന ഒരു ഭാരിച്ച വേലയാ​ണത്‌.

അത്യാഗ്രഹം, രാഷ്‌ട്രീയ ഉപജാപം, യുദ്ധങ്ങൾ, പ്രകൃതി വിപത്തു​കൾ എന്നിങ്ങ​നെ​യുള്ള ഘടകങ്ങൾക്ക്‌ “ഭക്ഷ്യക്ഷാ​മം ഉന്മൂലനം ചെയ്യാ​നുള്ള ഏറ്റവും പ്രബു​ദ്ധ​ത​യോ​ടും നിശ്ചയ​ദാർഢ്യ​ത്തോ​ടും കൂടെ​യുള്ള പ്രയത്‌ന​ങ്ങളെ” പോലും നിഷ്‌ഫ​ല​മാ​ക്കാൻ കഴിയു​മെന്ന്‌ ഒരു ദുരി​താ​ശ്വാ​സ പ്രവർത്തകൻ പറയുന്നു. കരുതൽ പ്രകട​മാ​ക്കു​ന്നവർ അഭിമു​ഖീ​ക​രി​ക്കുന്ന പല പ്രശ്‌ന​ങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ ഭക്ഷ്യക്ഷാമ നിർമാർജനം. രോഗം, ദാരി​ദ്ര്യം, അനീതി, യുദ്ധത്തി​ന്റെ കൊടും യാതനകൾ എന്നിവ​യ്‌ക്കെ​തി​രെ​യും അവർ പോരാ​ടു​ന്നു. എങ്കിലും അവർ വിജയി​ക്കു​ന്നു​ണ്ടോ?

ഭക്ഷ്യക്ഷാമവും വേദന​യും ദൂരീ​ക​രി​ക്കാൻ ‘പ്രബു​ദ്ധ​ത​യോ​ടും നിശ്ചയ​ദാർഢ്യ​ത്തോ​ടും കൂടെ’ പ്രയത്‌നി​ക്കു​ന്നവർ യേശു​വി​ന്റെ ഉപമയി​ലെ കൃപാ​ലു​വായ ശമര്യ​ക്കാ​ര​നെ​പോ​ലെ​യാണ്‌ എന്ന്‌ ഒരു ദുരി​താ​ശ്വാ​സ ഏജൻസി​യു​ടെ ചീഫ്‌ എക്‌സി​ക്യൂ​ട്ടീവ്‌ പറയു​ക​യു​ണ്ടാ​യി. (ലൂക്കൊസ്‌ 10:29-37) അവർ എന്തെല്ലാം ചെയ്‌താ​ലും, യാതന അനുഭ​വി​ക്കു​ന്ന​വ​രു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു എന്നും അദ്ദേഹം പറഞ്ഞു. അതു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ ചോദി​ച്ചു: “നല്ല ശമര്യ​ക്കാ​രൻ അതേ വഴിയി​ലൂ​ടെ വർഷങ്ങ​ളാ​യി ദിവസ​വും യാത്ര​ചെ​യ്യു​ക​യും കൊള്ള​യ​ടി​ക്ക​പ്പെട്ടു കിടക്കുന്ന ഓരോ​രു​ത്തരെ ആഴ്‌ച​തോ​റും വഴിയ​രു​കിൽ കാണു​ക​യും ചെയ്യു​ന്നെ​ങ്കിൽ അയാൾ എന്തു ചെയ്യണം?”

‘ദാതാ​വി​ന്റെ മടുപ്പെന്ന മാരക രോഗം’ എന്നു പൊതു​വെ വിളി​ക്ക​പ്പെ​ടുന്ന അവസ്ഥയ്‌ക്കു വശംവ​ദ​രാ​യി നിരാ​ശ​യോ​ടെ എല്ലാം ഇട്ടെറി​ഞ്ഞിട്ട്‌ പോകാൻ എളുപ്പ​മാണ്‌. എങ്കിലും, യഥാർഥ​ത്തിൽ കരുതൽ പ്രകട​മാ​ക്കു​ന്നവർ ശ്രമം ഉപേക്ഷി​ക്കു​ന്നില്ല എന്നത്‌ പ്രശം​സാർഹ​മായ സംഗതി​യാണ്‌. (ഗലാത്യർ 6:9, 10) ഉദാഹ​ര​ണ​ത്തിന്‌, ബ്രിട്ട​നി​ലെ ജ്യൂയീഷ്‌ ടെലി​ഗ്രാ​ഫിന്‌ എഴുതിയ ഒരാൾ, നാസി ജർമനി​യിൽ “ഓഷ്‌വി​റ്റ്‌സി​ലെ കൊടും യാതന​കളെ അതിജീ​വി​ക്കാൻ ആയിര​ക്ക​ണ​ക്കിന്‌ യഹൂദ​ന്മാ​രെ സഹായിച്ച” യഹോ​വ​യു​ടെ സാക്ഷി​കളെ അഭിന​ന്ദി​ച്ചു. “ഭക്ഷണം വേണ്ടത്ര ഇല്ലാതി​രു​ന്ന​പ്പോ​ഴും അവർ [ഞങ്ങളുടെ] യഹൂദ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു തങ്ങളുടെ ഭക്ഷണം പങ്കു​വെച്ചു!” എന്ന്‌ ആ എഴുത്തു​കാ​രൻ പറഞ്ഞു. തങ്ങളുടെ പക്കൽ ഉണ്ടായി​രുന്ന വിഭവ​ങ്ങ​ളെ​ല്ലാം ഉപയോ​ഗിച്ച്‌ ആ സാക്ഷികൾ ആവതു​പോ​ലെ സഹായി​ച്ചു.

എങ്കിലും, ഭക്ഷണം എത്രതന്നെ പങ്കു​വെ​ച്ചാ​ലും മാനു​ഷ​ദു​രി​ത​ങ്ങൾക്ക്‌ പൂർണ​മായ അറുതി വരില്ല എന്നതാണു യാഥാർഥ്യം. അനുക​മ്പ​യു​ള്ളവർ ചെയ്‌തി​രി​ക്കുന്ന നല്ല കാര്യ​ങ്ങളെ ഒരു പ്രകാ​ര​ത്തി​ലും താഴ്‌ത്തി​ക്കെ​ട്ടാ​നല്ല ഇതു പറഞ്ഞത്‌. ദുരി​ത​ങ്ങളെ ശരിയായ വിധത്തിൽ ലഘൂക​രി​ക്കുന്ന ഏതു പ്രവൃ​ത്തി​യും വില​പ്പെ​ട്ട​താണ്‌. ആ സാക്ഷികൾ സഹതട​വു​കാ​രു​ടെ വേദന കുറെ​യൊ​ക്കെ ലഘൂക​രി​ച്ചു, കാല​ക്ര​മേണ നാസിസം നിർമൂ​ല​മാ​കു​ക​യും ചെയ്‌തു. എന്നുവ​രി​കി​ലും, അത്തരം അടിച്ച​മർത്ത​ലി​നു കാരണ​മാ​കുന്ന ലോക അവസ്ഥ ഇന്നും നിലനിൽക്കു​ന്നു. കരുതൽ പ്രകട​മാ​ക്കാത്ത ആളുകൾ വർധി​ച്ചു​വ​രി​ക​യും ചെയ്യുന്നു. യഥാർഥ​ത്തിൽ, ഇന്നുള്ളത്‌ “എളിയ​വരെ ഭൂമി​യിൽനി​ന്നും ദരി​ദ്രരെ മനുഷ്യ​രു​ടെ ഇടയിൽനി​ന്നും തിന്നു​ക​ള​വാൻ തക്കവണ്ണം മുമ്പല്ലു വാളാ​യും അണപ്പല്ലു കത്തിയാ​യും ഇരിക്കു​ന്നോ​രു തലമുറ”യാണ്‌! (സദൃശ​വാ​ക്യ​ങ്ങൾ 30:14) സ്ഥിതി​വി​ശേഷം ഇങ്ങനെ ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കാം.

ദാരിദ്ര്യവും അടിച്ച​മർത്ത​ലും എന്തു​കൊണ്ട്‌?

ഒരിക്കൽ യേശു​ക്രി​സ്‌തു ഇങ്ങനെ പറഞ്ഞു: “ദരിദ്രർ നിങ്ങൾക്കു എല്ലായ്‌പോ​ഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കു​മ്പോൾ അവർക്കു നൻമ ചെയ്‌വാൻ നിങ്ങൾക്കു കഴിയും.” (മർക്കൊസ്‌ 14:7) ദാരി​ദ്ര്യ​വും അടിച്ച​മർത്ത​ലും ഒരിക്ക​ലും അവസാ​നി​ക്കില്ല എന്നാണോ യേശു അർഥമാ​ക്കി​യത്‌? ചില ആളുകൾ വിശ്വ​സി​ക്കു​ന്ന​തു​പോ​ലെ അനുക​മ്പ​യുള്ള ആളുകൾ എത്രമാ​ത്രം കരുതു​മെന്നു കാണി​ക്കാ​നാ​യി അവർക്ക്‌ അവസര​മേ​കാ​നുള്ള ദൈവ​ത്തി​ന്റെ പദ്ധതി​യു​ടെ ഭാഗമാണ്‌ അത്തരം ദുരി​തങ്ങൾ എന്ന്‌ യേശു വിശ്വ​സി​ച്ചോ? ഇല്ല! യേശു അങ്ങനെ വിശ്വ​സി​ച്ചില്ല. ഈ വ്യവസ്ഥി​തി നിലനിൽക്കു​ന്നി​ട​ത്തോ​ളം കാലം ദാരി​ദ്ര്യം ജീവി​ത​ത്തി​ന്റെ ഒരു ഭാഗമാ​യി തുടരും എന്ന സംഗതി പറയുക മാത്ര​മാ​യി​രു​ന്നു അവൻ. ഭൂമി​യിൽ അത്തരം അവസ്ഥകൾ ഉണ്ടായി​രി​ക്കുക എന്നതു തന്റെ സ്വർഗീയ പിതാ​വി​ന്റെ ആദിമ ഉദ്ദേശ്യ​മ​ല്ലാ​യി​രു​ന്നു എന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു​താ​നും.

യഹോവയാം ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌, അത്‌ ഒരു പറുദീസ ആയിരി​ക്കാ​നാണ്‌. ദാരി​ദ്ര്യ​വും അനീതി​യും അടിച്ച​മർത്ത​ലും ഉള്ള ഒരു ഇടമാ​യി​രി​ക്കാ​നല്ല. ജീവി​താ​സ്വാ​ദനം വർധി​പ്പി​ക്കു​മാ​യി​രുന്ന അത്ഭുത​ക​ര​മായ കരുത​ലു​കൾ ചെയ്‌തു​കൊണ്ട്‌ മാനവ​കു​ടും​ബ​ത്തി​നാ​യി താൻ എത്രമാ​ത്രം കരുതൽ ചെയ്‌തി​രി​ക്കു​ന്നു​വെന്ന്‌ അവൻ പ്രകട​മാ​ക്കി. എന്തിന​ധി​കം, നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമും ഹവ്വായും കഴിഞ്ഞി​രുന്ന ഉദ്യാ​ന​ത്തി​ന്റെ പേരി​നെ​കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​നോ​ക്കുക! “ഉല്ലാസം” എന്നർഥ​മുള്ള ഏദെൻ എന്നാണ്‌ അതു വിളി​ക്ക​പ്പെ​ട്ടത്‌. (ഉല്‌പത്തി 2:8, 9) വിരസ​വും പ്രയാ​സ​പൂ​രി​ത​വു​മായ ചുറ്റു​പാ​ടു​ക​ളിൽ മനുഷ്യൻ ജീവി​ത​ത്തി​ലെ അവശ്യ സംഗതി​കൾ മാത്രം നിറ​വേറ്റി കഴിഞ്ഞു​കൂ​ടാ​നല്ല ദൈവം ഉദ്ദേശി​ച്ചി​രു​ന്നത്‌. സൃഷ്ടി​ക്രിയ പൂർത്തി​യാ​യ​പ്പോൾ താൻ നിർമി​ച്ച​തി​നെ ദൈവം നോക്കി​യിട്ട്‌ “വളരെ നല്ലത്‌” എന്നു പ്രഖ്യാ​പി​ച്ചു.—ഉല്‌പത്തി 1:31, NW.

അപ്പോൾ ദാരി​ദ്ര്യ​വും അടിച്ച​മർത്ത​ലും കഷ്ടപ്പാ​ടു​ക​ളു​ടെ മറ്റു കാരണ​ങ്ങ​ളും ലോക​മെ​മ്പാ​ടും വ്യാപ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നമ്മുടെ ആദ്യമാ​താ​പി​താ​ക്കൾ ദൈവ​ത്തി​നെ​തി​രെ മത്സരി​ച്ചതു നിമി​ത്ത​മാണ്‌ ഇപ്പോ​ഴത്തെ ദുഷ്ട വ്യവസ്ഥി​തി നിലവിൽ വന്നത്‌. (ഉല്‌പത്തി 3:1-5) ആ മത്സരം, തന്റെ സൃഷ്ടി​ക​ളിൽ നിന്ന്‌ അനുസ​രണം ആവശ്യ​പ്പെ​ടാ​നുള്ള അവകാശം ദൈവ​ത്തിന്‌ ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചു. അതു​കൊണ്ട്‌ ആദാമി​ന്റെ സന്തതി​കൾക്ക്‌ യഹോവ ഒരു നിശ്ചിത കാലഘ​ട്ട​ത്തേക്ക്‌ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​കൊ​ടു​ത്തു. മാനവ​കു​ടും​ബ​ത്തി​നു സംഭവി​ക്കുന്ന കാര്യ​ങ്ങ​ളിൽ ദൈവം അപ്പോ​ഴും കരുതൽ പ്രകട​മാ​ക്കി. തനിക്ക്‌ എതി​രെ​യുള്ള മത്സരം ഉളവാ​ക്കു​മാ​യി​രുന്ന സകല ഹാനി​യും ഇല്ലായ്‌മ ചെയ്യാൻ ദൈവം കരുതൽ ചെയ്‌തു. പെട്ടെ​ന്നു​തന്നെ, യഹോവ അടിച്ച​മർത്ത​ലും ദാരി​ദ്ര്യ​വും—വാസ്‌ത​വ​ത്തിൽ സകല യാതന​ക​ളും—നിർമാർജനം ചെയ്യും.—എഫെസ്യർ 1:8-10.

മനുഷ്യനു പരിഹ​രി​ക്കാ​നാ​വാത്ത ഒരു പ്രശ്‌നം

മനുഷ്യ സൃഷ്ടി മുതൽ നൂറ്റാ​ണ്ടു​ക​ളിൽ ഉടനീളം, മനുഷ്യ​വർഗം യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളിൽ നിന്നു ബഹുദൂ​രം അകന്നു പോയി​രി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 32:4, 5) ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും തുടർന്നും തള്ളിക്കളഞ്ഞ മനുഷ്യർ പരസ്‌പരം പോര​ടി​ക്കു​ക​യും ‘ദോഷ​ത്തി​നാ​യി മനുഷ്യ​ന്റെ​മേൽ അധികാ​രം നടത്തു​ക​യും’ ചെയ്‌തി​രി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 8:9, NW) ദുരി​ത​മ​നു​ഭ​വി​ക്കുന്ന മാനവ​രാ​ശി​യെ ബാധി​ക്കുന്ന സകല തിന്മക​ളിൽ നിന്നും വിമു​ക്ത​മായ, യഥാർഥ​ത്തിൽ നീതി​നി​ഷ്‌ഠ​മായ ഒരു സമൂഹം കെട്ടി​പ്പ​ടു​ക്കാ​നുള്ള ശ്രമങ്ങൾക്കു തുരങ്കം വെച്ചി​രി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തി​നു കീഴ്‌പെ​ടു​ന്ന​തി​നു പകരം തങ്ങൾക്കു തോന്നി​യ​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ സ്വാർഥ​ത​യാണ്‌.

മറ്റൊരു പ്രശ്‌ന​വു​മുണ്ട്‌—അന്ധവി​ശ്വാ​സ​പ​ര​മായ അസംബന്ധം എന്നു പറഞ്ഞു മിക്കവ​രും തള്ളിക്ക​ള​യുന്ന ഒന്ന്‌. ദൈവ​ത്തി​നെ​തി​രെ മത്സരം ഇളക്കി​വി​ട്ടവൻ ഇന്നും ആളുകളെ വഷളവും സ്വാർഥ​വു​മായ പ്രവർത്ത​ന​ങ്ങൾക്കു പ്രേരി​പ്പി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. അവൻ പിശാ​ചായ സാത്താൻ ആണ്‌. യേശു അവനെ “ഈ ലോക​ത്തി​ന്റെ പ്രഭു [“ഭരണാ​ധി​പൻ,” NW]” എന്നു വിളിച്ചു. (യോഹ​ന്നാൻ 12:31; 14:30; 2 കൊരി​ന്ത്യർ 4:4; 1 യോഹ​ന്നാൻ 5:19) അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നു നൽകപ്പെട്ട വെളി​പ്പാ​ടിൽ അരിഷ്ട​ത​യു​ടെ പ്രമുഖ കാരണം—“ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന”തിന്‌ മുഖ്യ കാരണ​ക്കാ​രൻ—എന്ന നിലയിൽ സാത്താനെ തിരി​ച്ച​റി​യി​ച്ചി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 12:9-12.

ചിലർ സഹമനു​ഷ്യ​രോട്‌ എത്രതന്നെ കരുതൽ പ്രകട​മാ​ക്കി​യാ​ലും, പിശാ​ചായ സാത്താനെ നീക്കം ചെയ്യാ​നോ കൂടുതൽ കൂടുതൽ ആളുകൾക്ക്‌ യാതനകൾ ഉളവാ​ക്കുന്ന ഈ വ്യവസ്ഥി​തി​ക്കു മാറ്റം വരുത്താ​നോ അവർക്ക്‌ ഒരിക്ക​ലും കഴിയില്ല. അപ്പോൾ, മനുഷ്യ​വർഗ​ത്തി​ന്റെ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌? വെറുതെ, കരുത​ലുള്ള ഒരുവൻ ഉണ്ടായി​രി​ക്കു​ന്നത്‌ അല്ല പരിഹാ​രം. സാത്താ​നെ​യും അവന്റെ മുഴു നീതി​ര​ഹിത വ്യവസ്ഥി​തി​യെ​യും നീക്കം ചെയ്യാ​നുള്ള ആഗ്രഹ​വും അതിനു​തക്ക ശക്തിയു​മുള്ള ഒരുവൻ അതിന്‌ ആവശ്യ​മാണ്‌.

“നിന്റെ ഇഷ്ടം . . . ഭൂമി​യി​ലും ആകേണമേ”

ഈ ദുഷ്ട വ്യവസ്ഥി​തി​യെ നശിപ്പി​ക്കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്യുന്നു. അതു ചെയ്യാ​നുള്ള ആഗ്രഹ​വും ശക്തിയും അവനുണ്ട്‌. (സങ്കീർത്തനം 147:5, 6; യെശയ്യാ​വു 40:25-31) ദാനീ​യേൽ എന്ന പ്രാവ​ച​നിക ബൈബിൾ പുസ്‌ത​ക​ത്തിൽ ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു: “സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യില്ല; അതു ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും”—അതേ, എന്നേക്കും തന്നെ. (ദാനീ​യേൽ 2:44) “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ” എന്നു പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അപേക്ഷി​ക്കാൻ യേശു​ക്രി​സ്‌തു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​പ്പോൾ ശാശ്വ​ത​മായ, അനു​ഗ്രഹം ചൊരി​യുന്ന ഈ സ്വർഗീയ ഗവൺമെ​ന്റാണ്‌ അവന്റെ മനസ്സിൽ ഉണ്ടായി​രു​ന്നത്‌.—മത്തായി 6:9, 10.

മാനവ കുടും​ബ​ത്തി​നാ​യി യഹോവ യഥാർഥ​മാ​യും കരുതു​ന്ന​തു​കൊണ്ട്‌ അവൻ അത്തരം പ്രാർഥ​ന​കൾക്ക്‌ ഉത്തര​മേ​കും. 72-ാം സങ്കീർത്ത​ന​ത്തി​ലെ പ്രാവ​ച​നിക വാക്കു​ക​ള​നു​സ​രിച്ച്‌, യേശു​വി​ന്റെ ഭരണത്തെ പിന്താ​ങ്ങുന്ന ദരി​ദ്ര​രും കഷ്ടമനു​ഭ​വി​ക്കു​ന്ന​വ​രും പീഡി​ത​രും ആയവർക്ക്‌ നിത്യ ആശ്വാസം കൈവ​രു​ത്താൻ ദൈവം തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ അധികാ​ര​പ്പെ​ടു​ത്തും. അതേക്കു​റിച്ച്‌ നിശ്വസ്‌ത സങ്കീർത്ത​ന​ക്കാ​രൻ പാടി: “ജനത്തിൽ എളിയ​വർക്കു അവൻ [ദൈവ​ത്തി​ന്റെ മിശി​ഹൈക രാജാവ്‌] ന്യായം പാലി​ച്ചു​കൊ​ടു​ക്കട്ടെ; ദരി​ദ്ര​ജ​നത്തെ അവൻ രക്ഷിക്ക​യും പീഡി​പ്പി​ക്കു​ന്ന​വനെ തകർത്തു​ക​ള​ക​യും ചെയ്യട്ടെ; . . . അവൻ നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായ​മി​ല്ലാത്ത എളിയ​വ​നെ​യും വിടു​വി​ക്കു​മ​ല്ലോ. എളിയ​വ​നെ​യും ദരി​ദ്ര​നെ​യും അവൻ ആദരി​ക്കും; ദരി​ദ്ര​ന്മാ​രു​ടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസ​ത്തിൽനി​ന്നും വീണ്ടെ​ടു​ക്കും; അവരുടെ രക്തം അവന്നു വില​യേ​റി​യ​താ​യി​രി​ക്കും.”—സങ്കീർത്തനം 72:4, 12-14.

നമ്മുടെ ഈ കാലം ഉൾപ്പെ​ടുന്ന ഒരു ദർശന​ത്തിൽ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ, ദൈവം സ്ഥാപിച്ച തികച്ചും പുതു​തായ ഒരു വ്യവസ്ഥി​തി​യെ, ‘പുതിയ ആകാശ​ത്തെ​യും പുതിയ ഭൂമി​യെ​യും,’ കണ്ടു. ദുരി​ത​മ​നു​ഭ​വി​ക്കുന്ന മനുഷ്യ​വർഗ​ത്തിന്‌ എന്തൊ​ര​നു​ഗ്രഹം! യഹോവ ചെയ്യാൻ പോകുന്ന കാര്യം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “സിംഹാ​സ​ന​ത്തിൽനി​ന്നു ഒരു മഹാശബ്ദം പറയു​ന്ന​താ​യി ഞാൻ കേട്ടതു: ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും; ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി; സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ: ഇതാ, ഞാൻ സകലവും പുതു​താ​ക്കു​ന്നു എന്നു അരുളി​ച്ചെ​യ്‌തു. എഴുതുക, ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു എന്നും അവൻ കല്‌പി​ച്ചു.”—വെളി​പ്പാ​ടു 21:1-5.

അതെ, നമുക്ക്‌ ഈ വാക്കുകൾ വിശ്വ​സി​ക്കാ​നാ​കും. കാരണം അവ വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആണ്‌. ദാരി​ദ്ര്യ​വും ഭക്ഷ്യക്ഷാ​മ​വും അടിച്ച​മർത്ത​ലും രോഗ​വും സർവ അനീതി​യും നിർമാർജനം ചെയ്യാൻ യഹോവ പെട്ടെ​ന്നു​തന്നെ നടപടി​യെ​ടു​ക്കും. ഈ മാസിക മിക്ക​പ്പോ​ഴും തിരു​വെ​ഴു​ത്തു​ക​ളിൽ നിന്നും ചൂണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​തു​പോ​ലെ, നിരവധി തെളി​വു​കൾ പ്രകട​മാ​ക്കു​ന്നത്‌ ഈ വാഗ്‌ദാ​നങ്ങൾ നിറ​വേ​റാൻ പോകുന്ന സമയത്താ​ണു നാം ജീവി​ക്കു​ന്നത്‌ എന്നാണ്‌. ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ലോകം സമീപി​ച്ചി​രി​ക്കു​ന്നു! (2 പത്രൊസ്‌ 3:13) പെട്ടെ​ന്നു​തന്നെ യഹോവ ‘മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യു​ക​യും സകലമു​ഖ​ങ്ങ​ളി​ലും​നി​ന്നു കണ്ണുനീർ തുടെ​ക്ക​യും’ ചെയ്യും.—യെശയ്യാ​വു 25:8.

അതു സംഭവി​ക്കും​വരെ നമുക്കു സന്തോ​ഷ​മു​ള്ളവർ ആയിരി​ക്കാം. കാരണം, ഇപ്പോൾ പോലും യഥാർഥ​മാ​യി കരുതുന്ന ആളുകൾ ഉണ്ട്‌. യഹോ​വ​യാം ദൈവം​തന്നെ യഥാർഥ​മാ​യി കരുതു​ന്നു എന്നുള്ള​താണ്‌ സന്തോ​ഷ​ത്തി​നുള്ള ഒരു വലിയ കാരണം. അവൻ താമസം​വി​നാ സകല കഷ്ടതയും അടിച്ച​മർത്ത​ലും ഇല്ലായ്‌മ ചെയ്യും.

യഹോവയുടെ വാഗ്‌ദാ​ന​ങ്ങ​ളിൽ നിങ്ങൾക്ക്‌ പരിപൂർണ​മാ​യി വിശ്വാ​സ​മർപ്പി​ക്കാം. അവന്റെ ദാസനായ യോശു​വ​യ്‌ക്ക്‌ തീർച്ച​യാ​യും അത്തരം വിശ്വാ​സം ഉണ്ടായി​രു​ന്നു. തികഞ്ഞ ബോധ്യ​ത്തോ​ടെ അവൻ ദൈവ​ത്തി​ന്റെ പുരാതന ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചു അരുളി​ച്ചെ​യ്‌തി​ട്ടുള്ള സകലന​ന്മ​ക​ളി​ലും​വെച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടി​ല്ലെന്നു നിങ്ങൾക്കു പൂർണ്ണ​ഹൃ​ദ​യ​ത്തി​ലും പൂർണ്ണ​മ​ന​സ്സി​ലും ബോധ​മാ​യി​രി​ക്കു​ന്നു.” (യോശുവ 23:14) അതിനാൽ, ഇപ്പോ​ഴത്തെ ഈ വ്യവസ്ഥി​തി​യിൽ നിങ്ങൾക്കു നേരി​ട്ടേ​ക്കാ​വുന്ന പരി​ശോ​ധ​നകൾ നിമിത്തം തളർന്നു പോക​രുത്‌. യഹോവ നിങ്ങൾക്കാ​യി കരുതു​ന്ന​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ആകുല​ത​യും അവന്റെ മേൽ ഇട്ടു​കൊൾക.—1 പത്രൊസ്‌ 5:7.

[7-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തിന്റെ വാഗ്‌ദത്ത പുതിയ ലോകം വരു​മ്പോൾ ഭൂമി​യിൽ ദാരി​ദ്ര്യ​വും അടിച്ച​മർത്ത​ലും രോഗ​വും അനീതി​യും ഉണ്ടായി​രി​ക്കു​ക​യില്ല