നിങ്ങൾക്ക് അവസാനത്തോളം സഹിച്ചുനിൽക്കാനാകും
നിങ്ങൾക്ക് അവസാനത്തോളം സഹിച്ചുനിൽക്കാനാകും
“നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടം നമുക്കു സഹിഷ്ണുതയോടെ ഓടാം.”—എബ്രായർ 12:1, NW.
1, 2. സഹിച്ചുനിൽക്കുക എന്നാൽ അർഥമെന്ത്?
“സഹിഷ്ണുത നിങ്ങൾക്കു ആവശ്യം,” അപ്പൊസ്തലനായ പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതി. (എബ്രായർ 10:36) ഈ ഗുണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ പത്രൊസ് ക്രിസ്ത്യാനികളെ സമാനമായി ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ വിശ്വാസത്തിന് . . . സഹിഷ്ണുത . . . പ്രദാനം ചെയ്യുക.” (2 പത്രൊസ് 1:5, 6, NW) എന്നാൽ, കൃത്യമായും എന്താണ് സഹിഷ്ണുത?
2 “സഹിച്ചുനിൽക്കുക” എന്നതിന്റെ ഗ്രീക്കു ക്രിയാപദത്തെ ഒരു ഗ്രീക്ക്-ഇംഗ്ലീഷ് നിഘണ്ടു “ഓടിരക്ഷപ്പെടുന്നതിനു പകരം അവിടെത്തന്നെ തുടരുക . . ., ഉറച്ചുനിൽക്കുക, കീഴടക്കപ്പെടാതെ നിലകൊള്ളുക” എന്നിങ്ങനെ നിർവചിക്കുന്നു. “സഹിഷ്ണുത” എന്നതിന്റെ ഗ്രീക്കു നാമപദത്തെ കുറിച്ച് ഒരു പരാമർശ ഗ്രന്ഥം പറയുന്നു: “അതു കാര്യങ്ങൾ സഹിക്കാൻ കഴിവുള്ള മാനസികഭാവമാണ്, വെറുതെ കീഴടങ്ങിക്കൊണ്ടല്ല മറിച്ച്, തീക്ഷ്ണമായ പ്രത്യാശയോടെ . . . അത് ഒരു മനുഷ്യനെ കാറ്റിന് എതിരെ പിടിച്ചുനിർത്തുന്ന ഗുണമാണ്. അത് ഏറ്റവും കഠിനമായ പരിശോധനയെ മഹത്ത്വമാക്കി മാറ്റാൻ കഴിയുന്ന സദ്ഗുണമാണ്, കാരണം അത് വേദനയ്ക്കപ്പുറം ലക്ഷ്യം കാണുന്നു.” ആ സ്ഥിതിക്ക്, പ്രതിബന്ധങ്ങളുടെയും കഷ്ടപ്പാടുകളുടെയും മധ്യേ ഉറച്ചുനിൽക്കാനും പ്രത്യാശ കൈവെടിയാതിരിക്കാനും സഹിഷ്ണുത ഒരുവനെ പ്രാപ്തനാക്കുന്നു. എന്നാൽ ആർക്കാണ് വിശേഷിച്ചും ഈ ഗുണം ആവശ്യമുള്ളത്?
3, 4. (എ) ആർക്കാണ് സഹിഷ്ണുത ആവശ്യമുള്ളത്? (ബി) നാം അവസാനത്തോളം സഹിച്ചുനിൽക്കേണ്ടത് എന്തുകൊണ്ട്?
3 ആലങ്കാരികമായി പറഞ്ഞാൽ, എല്ലാ ക്രിസ്ത്യാനികളും സഹിഷ്ണുത ആവശ്യമുള്ള ഒരു ഓട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഏകദേശം പൊ.യു. 65-ൽ അപ്പൊസ്തലനായ പൗലൊസ് തന്റെ സഹപ്രവർത്തകനും വിശ്വസ്ത സഞ്ചാര കൂട്ടാളിയും ആയിരുന്ന തിമൊഥെയൊസിന് പിൻവരുന്ന, ഉറപ്പേകുന്ന വാക്കുകൾ എഴുതി: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.” (2 തിമൊഥെയൊസ് 4:7) “ഓട്ടം തികെച്ചു” എന്ന പദപ്രയോഗത്തിലൂടെ പൗലൊസ്, ക്രിസ്ത്യാനി എന്ന നിലയിലുള്ള തന്റെ ജീവിതത്തെ ഒരു നിശ്ചിത ഗതിയും പൂർത്തീകരണ രേഖയുമുള്ള ഒരു ഓട്ടമത്സരത്തോട് ഉപമിക്കുകയായിരുന്നു. ആ സമയത്ത് പൗലൊസ് ആ ഓട്ടത്തിന്റെ അവസാനത്തോട് വിജയപൂർവം അടുക്കുകയായിരുന്നു, സമ്മാനം കരസ്ഥമാക്കുന്നതിലേക്ക് അവൻ ഉറപ്പോടെ നോക്കിപ്പാർത്തിരിക്കുകയായിരുന്നു. അവൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും.” (2 തിമൊഥെയൊസ് 4:8) സമ്മാനം ലഭിക്കുമെന്നു പൗലൊസിന് ഉറപ്പായിരുന്നു. കാരണം അവൻ അവസാനത്തോളം സഹിച്ചുനിന്നു. എന്നാൽ നമ്മുടെ കാര്യത്തിലോ?
4 ഓട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി പൗലൊസ് എഴുതി: “നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടം നമുക്കു സഹിഷ്ണുതയോടെ ഓടാം.” (എബ്രായർ 12:1, NW) ക്രിസ്ത്യാനികൾ എന്ന നിലയിൽ, യഹോവയാം ദൈവത്തിന് യേശുക്രിസ്തുവിലൂടെ നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ നാം സഹിഷ്ണുത ആവശ്യമുള്ള ഈ ഓട്ടത്തിൽ പ്രവേശിക്കുന്നു. ശിഷ്യത്വത്തിന്റെ ഗതിയിൽ നല്ലൊരു തുടക്കം പ്രധാനമാണ്. എന്നാൽ ആത്യന്തികമായി കണക്കിലെടുക്കുന്നത്, നാം ആ ഗതി പൂർത്തിയാക്കുന്നുവോ എന്നതാണ്. യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:13) ഓട്ടം വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്ന സമ്മാനം നിത്യജീവനാണ്! അതുകൊണ്ട്, ഒരു ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ട് നാം അവസാനത്തോളം സഹിച്ചു നിൽക്കണം. ആ ലക്ഷ്യം നേടാൻ നമ്മെ എന്തു സഹായിക്കും?
ശരിയായ പോഷണം—അത്യന്താപേക്ഷിതം
5, 6. (എ) ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ സഹിച്ചുനിൽക്കണമെങ്കിൽ നാം എന്തിനു ശ്രദ്ധ കൊടുക്കണം? (ബി) ഏത് ആത്മീയ കരുതലുകൾ നാം പ്രയോജനപ്പെടുത്തണം, എന്തുകൊണ്ട്?
5 പുരാതന നാളുകളിലെ വിഖ്യാതമായ ഇസ്മിയൻ കായിക മത്സരങ്ങൾ നടന്നിരുന്ന സ്ഥലം ഗ്രീസിലെ കൊരിന്ത്യ നഗരത്തിന് അടുത്തായിരുന്നു. അവിടെ നടന്നിരുന്ന അത്ലറ്റിക് മത്സരങ്ങളെ കുറിച്ചും മറ്റും കൊരിന്ത്യ ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നെന്നു പൗലൊസിനു തീർച്ചയായും ബോധ്യമുണ്ടായിരുന്നു. അവരുടെ ആ അറിവിനെ അടിസ്ഥാനപ്പെടുത്തി, അവർ ഏർപ്പെട്ടിരുന്ന ജീവനുവേണ്ടിയുള്ള ഓട്ടത്തെ കുറിച്ച് അവൻ അവരെ ഓർമിപ്പിച്ചു: “ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.” ഓട്ടത്തിൽ നിന്നു പിന്മാറാതെ അവസാനം വരെ മുന്നോട്ടു കുതിക്കേണ്ടതിന്റെ പ്രാധാന്യം പൗലൊസ് ഊന്നിപ്പറഞ്ഞു. എന്നാൽ അതിന് അവരെ എന്തു സഹായിക്കുമായിരുന്നു? “അങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു” എന്ന് അവൻ കൂട്ടിച്ചേർത്തു. അതെ, പുരാതന കാലത്ത് മത്സര കളികളിൽ പങ്കെടുത്തിരുന്നവർ ജയിക്കാൻ വേണ്ടി സ്വയം കഠിനമായ പരിശീലനത്തിന് വിധേയരാകുകയും ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധപുലർത്തുകയും തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും നിയന്ത്രണം പാലിക്കുകയും ചെയ്തിരുന്നു.—1 കൊരിന്ത്യർ 9:24, 25.
6 ക്രിസ്ത്യാനികൾ ഏർപ്പെട്ടിരിക്കുന്ന ഓട്ടത്തിന്റെ കാര്യമോ? “ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ സഹിച്ചുനിൽക്കണമെങ്കിൽ ആത്മീയ പോഷണത്തിനു ശ്രദ്ധ കൊടുക്കണം” എന്ന് യഹോവയുടെ സാക്ഷികളുടെ സഭയിലെ ഒരു മൂപ്പൻ പറയുന്നു. “സഹിഷ്ണുത നൽകുന്ന ദൈവ”മായ യഹോവ എന്ത് ആത്മീയ ആഹാരമാണു പ്രദാനം ചെയ്തിരിക്കുന്നത് എന്നു പരിഗണിക്കുക. (റോമർ 15:5, 6, NW) നമ്മുടെ ആത്മീയ പോഷണത്തിന്റെ മുഖ്യ ഉറവ് അവന്റെ വചനമായ ബൈബിൾ ആണ്. നല്ലൊരു ബൈബിൾ വായനാ പട്ടിക നാം പിൻപറ്റേണ്ടതല്ലേ? കൂടാതെ, “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ യഹോവ സമയോചിത മാസികകളായ വീക്ഷാഗോപുരവും ഉണരുക!യും മറ്റു ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പ്രദാനം ചെയ്തിരിക്കുന്നു. (മത്തായി 24:45, NW) ഇവ ഉത്സാഹപൂർവം പഠിക്കുന്നത് നമ്മെ ആത്മീയമായി ബലിഷ്ഠരാക്കും. അതുകൊണ്ട് വ്യക്തിപരമായ പഠനത്തിനു നാം സമയം എടുക്കേണ്ടതുണ്ട്. അതെ, ‘സമയം തക്കത്തിൽ ഉപയോഗിക്കേണ്ടതുണ്ട്.’—എഫെസ്യർ 5:16.
7. (എ) അടിസ്ഥാന ക്രിസ്തീയ ഉപദേശങ്ങൾ കൊണ്ടു മാത്രം നാം തൃപ്തരായിരിക്കരുതാത്തത് എന്തുകൊണ്ട്? (ബി) നമുക്കു “പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ” കഴിയുന്നത് എങ്ങനെ?
7 ക്രിസ്തീയ ശിഷ്യത്വത്തിന്റെ ഗതിയിൽ നിലനിൽക്കുന്നതിന്, നാം അടിസ്ഥാനപരമായ “ആദ്യവചന”ത്തിന് അപ്പുറം പോയി “പരിജ്ഞാനപൂർത്തി പ്രാപി”ക്കേണ്ടതുണ്ട്. (എബ്രായർ 6:1, 2) അതുകൊണ്ട്, നാം സത്യത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും” ഗ്രഹിക്കുന്നതിലും “പക്വമതികൾക്കുള്ള കട്ടിയായ ആഹാര”ത്തിൽ നിന്നു പോഷണം ഉൾക്കൊള്ളുന്നതിലും താത്പര്യം വളർത്തിയെടുക്കണം. (എഫെസ്യർ 3:18; എബ്രായർ 5:12-14, NW) ദൃഷ്ടാന്തത്തിന്, യേശുവിന്റെ ഭൗമിക ജീവിതത്തെ കുറിച്ചുള്ള, മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ എന്നിവരുടെ ആശ്രയയോഗ്യമായ നാലു സുവിശേഷ വിവരണങ്ങളുടെ കാര്യമെടുക്കുക. ഈ സുവിശേഷ വിവരണങ്ങളുടെ ശ്രദ്ധാപൂർവകമായ ഒരു പഠനത്തിലൂടെ യേശുവിന്റെ പ്രവൃത്തികളും അവൻ ഏതുതരം ആളായിരുന്നു എന്നതും മാത്രമല്ല, പകരം അവന്റെ പ്രവർത്തനങ്ങൾക്കു പ്രചോദനമേകിയ ചിന്താരീതിയും നാം ഗ്രഹിക്കും. അങ്ങനെ നമുക്ക് “ക്രിസ്തുവിന്റെ മനസ്സുള്ളവ”രാകാൻ സാധിക്കും.—1 കൊരിന്ത്യർ 2:16.
8. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ സഹിച്ചുനിൽക്കാൻ ക്രിസ്തീയ യോഗങ്ങൾ നമ്മെ സഹായിക്കുന്നത് എങ്ങനെ?
8 പൗലൊസ് സഹക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) പ്രോത്സാഹനത്തിന്റെ എന്തൊരു ഉറവാണ് ക്രിസ്തീയ യോഗങ്ങൾ! നമ്മിൽ താത്പര്യം ഉള്ളവരും അവസാനത്തോളം സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നവരുമായ, സ്നേഹനിധികളായ സഹോദരീസഹോദരന്മാരോട് ഒപ്പമായിരിക്കുന്നത് എത്ര നവോന്മേഷപ്രദമാണ്! യഹോവയിൽ നിന്നുള്ള ഈ സ്നേഹപൂർവകമായ കരുതൽ നിസ്സാരമായെടുക്കുന്നത് ഹാനികരമായിരിക്കും. ഉത്സാഹപൂർവം വ്യക്തിപരമായി പഠിച്ചുകൊണ്ടും ക്രമമായി യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടും നമുക്കു “ഗ്രഹണപ്രാപ്തികളിൽ പൂർണ വളർച്ച പ്രാപിച്ചവർ” ആയിത്തീരാം.—1 കൊരിന്ത്യർ 14:20, NW.
പ്രചോദനമേകാൻ കാഴ്ചക്കാർ
9, 10. (എ) സഹിഷ്ണുത ആവശ്യമുള്ള ഒരു ഓട്ടത്തിൽ കാഴ്ചക്കാർക്ക് പ്രോത്സാഹനത്തിന്റെ ഉറവിടമായിരിക്കാൻ കഴിയുന്നതെങ്ങനെ? (ബി) എബ്രായർ 12:1-ൽ പറഞ്ഞിരിക്കുന്ന ‘നമുക്കു ചുറ്റുമുള്ള വലിയ മേഘം’ എന്താണ്?
9 ഓട്ടക്കാരൻ എത്ര സജ്ജനാണെങ്കിലും, അയാൾ ഇടറിവീഴാൻ ഇടയാക്കിയേക്കാവുന്ന കാര്യങ്ങൾ ഓട്ടത്തിനിടയിൽ സംഭവിച്ചേക്കാം. “നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തുകളഞ്ഞു?” എന്ന് പൗലൊസ് ചോദിച്ചു. (ഗലാത്യർ 5:7) തെളിവനുസരിച്ച് ചില ഗലാത്യ ക്രിസ്ത്യാനികൾ മോശമായ സഹവാസത്തിൽ ഉൾപ്പെടുകയും തത്ഫലമായി ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ അവർക്കു ശ്രദ്ധ പതറുകയും ചെയ്തു. അതേസമയം, മറ്റുള്ളവരിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവും ഓട്ടത്തിൽ തുടരുക എളുപ്പമാക്കുന്നു. കളിക്കാരുടെമേൽ കാണികൾക്കുള്ള സ്വാധീനം പോലെയാണത്. ഉത്സാഹഭരിതരായ ജനക്കൂട്ടം ആവേശം വർധിപ്പിക്കുന്നു. അത് കളിക്കാരെ തുടക്കം മുതൽ ഒടുക്കം വരെ ഉത്തേജിതരാക്കി നിർത്തുന്നു. മിക്കപ്പോഴും ഉച്ചത്തിലുള്ള സംഗീതത്തോടും കരഘോഷത്തോടും കൂടിയ, കാണികളുടെ ഹർഷാരവം മത്സരത്തിൽ പങ്കെടുക്കുന്നവർക്കു കൂടുതൽ പ്രചോദനമേകുന്നു. പൂർത്തീകരണത്തോട് അടുക്കുന്തോറും അത് അവർക്ക് ആവശ്യമാണുതാനും. സഹാനുഭൂതിയുള്ള കാണികൾക്കു കളിക്കാരുടെമേൽ തീർച്ചയായും ഒരു ക്രിയാത്മക സ്വാധീനം ചെലുത്താനാകും.
10 ക്രിസ്ത്യാനികൾ ഏർപ്പെട്ടിരിക്കുന്ന ജീവനുവേണ്ടിയുള്ള ഓട്ടത്തിലെ കാണികൾ ആരാണ്? എബ്രായർ 11-ാം അധ്യായത്തിൽ, യഹോവയുടെ വിശ്വസ്ത ക്രിസ്തീയപൂർവ സാക്ഷികളെ കുറിച്ചു വിവരിച്ച ശേഷം പൗലൊസ് എഴുതി: “ആകയാൽ സാക്ഷികളുടെ ഇത്ര വലിയോരു മേഘം നമുക്കു ചുറ്റും ഉള്ളതിനാൽ . . . നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം നമുക്കു സഹിഷ്ണുതയോടെ ഓടാം.” (എബ്രായർ 12:1, NW) ഒരു മേഘത്തെ കുറിച്ചുള്ള അലങ്കാരം ഉപയോഗിച്ചപ്പോൾ, സുനിശ്ചിത വലിപ്പവും രൂപവുമുള്ള മേഘത്തെ പരാമർശിക്കുന്ന ഗ്രീക്കു പദമല്ല പൗലൊസ് ഉപയോഗിച്ചത്. പകരം, നിഘണ്ടു കർത്താവായ ഡബ്ലിയു. ഇ. വൈൻ പറയുന്നതനുസരിച്ച്, “ആകാശത്തെ മൂടുന്ന ഒരു രൂപരഹിത മേഘ സഞ്ചയത്തെ പരാമർശിക്കുന്ന” ഒരു പദമാണ് അവൻ ഉപയോഗിച്ചത്. വ്യക്തമായും, പൗലൊസിന്റെ മനസ്സിൽ സാക്ഷികളുടെ വലിയൊരു സമൂഹമുണ്ടായിരുന്നു—ഒരു മേഘ സഞ്ചയം പോലെ ആയിരിക്കത്ത വിധം അത്രയേറെ.
11, 12. (എ) ഓട്ടം സഹിഷ്ണുതയോടെ ഓടാൻ, ആലങ്കാരികമായ ഒരു അർഥത്തിൽ, ക്രിസ്തീയപൂർവ വിശ്വസ്ത സാക്ഷികൾക്ക് നമ്മെ പ്രചോദിപ്പിക്കാൻ കഴിയുന്നത് എങ്ങനെ? (ബി) ‘സാക്ഷികളുടെ വലിയ മേഘ’ത്തിൽനിന്ന് നാം കൂടുതൽ പൂർണമായി പ്രയോജനം അനുഭവിച്ചേക്കാവുന്നത് എങ്ങനെ?
11 ക്രിസ്തീയപൂർവ വിശ്വസ്ത സാക്ഷികൾക്ക് ഇക്കാലത്ത് യഥാർഥ കാണികൾ ആയിരിക്കാൻ കഴിയുമോ? ഇല്ല. പുനരുത്ഥാന പ്രതീക്ഷയോടെ അവർ എല്ലാവരും മരണത്തിൽ നിദ്രകൊള്ളുകയാണ്. എന്നിരുന്നാലും, ജീവിച്ചിരുന്നപ്പോൾ അവർ വിജയപ്രദരായ ഓട്ടക്കാരായിരുന്നു. അവരുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിന്റെ ഏടുകളിൽ സജീവമാണ്. നാം തിരുവെഴുത്തുകൾ പഠിക്കുമ്പോൾ, ആലങ്കാരികമായി പറഞ്ഞാൽ, ഈ വിശ്വസ്തർക്ക് നമ്മുടെ മനസ്സുകളിൽ ജീവിക്കാനും അവസാനത്തോളം ഓടുന്നതിനു നമ്മെ പ്രചോദിപ്പിക്കാനും സാധിക്കും.—റോമർ 15:4. a
12 ദൃഷ്ടാന്തത്തിന്, ലൗകിക അവസരങ്ങൾ നമ്മെ പ്രലോഭിപ്പിക്കുമ്പോൾ, ഈജിപ്തിലെ മഹത്ത്വമെല്ലാം മോശെ നിരസിച്ചത് എങ്ങനെയെന്നു പരിചിന്തിക്കുന്നത് ഉറച്ചു നിലനിൽക്കാൻ നമ്മെ പ്രചോദിപ്പിക്കില്ലേ? നാം നേരിടുന്ന ഒരു പരിശോധന വളരെ കഠിനമാണെന്നു തോന്നുന്നെങ്കിൽ, തന്റെ പുത്രനായ യിസ്ഹാക്കിനെ യാഗം കഴിക്കാൻ അബ്രാഹാമിനോട് ആവശ്യപ്പെട്ടപ്പോൾ അവൻ അഭിമുഖീകരിച്ച കഠിന പരിശോധന ഓർമിക്കുന്നത് വിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നു പിന്മാറാതിരിക്കാൻ നമ്മെ തീർച്ചയായും പ്രോത്സാഹിപ്പിക്കും. സാക്ഷികളുടെ ഈ ‘വലിയ മേഘം’ നമ്മെ ഈ വിധത്തിൽ എത്രമാത്രം ഉണർവുള്ളവരാക്കും എന്നത്, നമ്മുടെ ഗ്രാഹ്യത്തിന്റെ കണ്ണുകൾകൊണ്ട് നാം അവരെ എത്ര നന്നായി കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
13. യഹോവയുടെ ആധുനിക കാല സാക്ഷികൾ ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നമുക്കു പ്രചോദനമേകുന്നത് ഏതു വിധത്തിൽ?
13 യഹോവയുടെ ആധുനികകാല സാക്ഷികളുടെ വലിയൊരു ഗണം നമുക്കു ചുറ്റുമുണ്ട്. അഭിഷിക്ത ക്രിസ്ത്യാനികളും അതുപോലെതന്നെ “മഹാപുരുഷാര”ത്തിലെ സ്ത്രീപുരുഷന്മാരും വിശ്വാസത്തിന്റെ എത്ര വലിയ മാതൃകയാണു വെച്ചിരിക്കുന്നത്! (വെളിപ്പാടു 7:9) ഈ മാസികയിലും മറ്റു വാച്ച്ടവർ പ്രസിദ്ധീകരണങ്ങളിലും കൂടെക്കൂടെ നമുക്ക് അവരുടെ ജീവിത കഥകൾ വായിക്കാൻ കഴിയും. b അവരുടെ വിശ്വാസത്തെ കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ, അവസാനത്തോളം സഹിച്ചുനിൽക്കാൻ നാം പ്രോത്സാഹിതർ ആയിത്തീരുന്നു. യഹോവയെ വിശ്വസ്തമായി സേവിക്കുന്ന ഉറ്റ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ ഉണ്ടായിരിക്കുന്നത് എത്ര മഹത്തരമാണ്! അതെ, ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ നമുക്കു പ്രചോദനമേകാൻ അനേകരുണ്ട്.
ഗതിവേഗം ജ്ഞാനപൂർവം നിർണയിക്കുക
14, 15. (എ) നമ്മുടെ ഗതിവേഗം ജ്ഞാനപൂർവം നിർണയിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ലക്ഷ്യങ്ങൾ വെക്കുന്നതിൽ നാം ന്യായയുക്തത ഉള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
14 മാരത്തോൺ പോലെയുള്ള ദീർഘദൂര ഓട്ടത്തിൽ ഏർപ്പെടുമ്പോൾ ഓട്ടക്കാരൻ തന്റെ ഗതിവേഗം ജ്ഞാനപൂർവം നിർണയിക്കേണ്ടതാണ്. “തുടക്കത്തിൽ വളരെ വേഗം ഓടുന്നതിന്റെ ഫലം പരാജയമായിരിക്കാം” എന്ന് ന്യൂയോർക്ക് റണ്ണർ എന്ന മാസിക പറയുന്നു. “അവസാനത്തെ കുറെ കിലോമീറ്ററുകളിൽ തീവ്രശ്രമം നടത്തേണ്ടിവരുകയോ ഓട്ടം പൂർത്തിയാക്കാതെ പിൻവാങ്ങേണ്ടിവരുകയോ ചെയ്തേക്കാം.” ഒരു മാരത്തോൺ ഓട്ടക്കാരൻ അനുസ്മരിക്കുന്നു: “ഓട്ടത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിൽ ഞാൻ സംബന്ധിച്ച ഒരു പ്രഭാഷണത്തിലെ പ്രസംഗകൻ ഈ വ്യക്തമായ മുന്നറിയിപ്പു നൽകി: ‘വേഗത കൂടിയ ഓട്ടക്കാരുടെ ഒപ്പത്തിനൊപ്പം ഓടാൻ ശ്രമിക്കരുത്. നിങ്ങളുടെ ഗതിവേഗം അനുസരിച്ച് ഓടുക. അല്ലാത്തപക്ഷം നിങ്ങൾ ആകെ തളർന്ന് ഒരുപക്ഷേ ഓട്ടത്തിൽ നിന്നു പിൻവാങ്ങേണ്ടിവന്നേക്കാം.’ ഈ ഉപദേശം പിൻപറ്റിയത് ഓട്ടം പൂർത്തിയാക്കാൻ എന്നെ സഹായിച്ചു.”
15 ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ ദൈവദാസന്മാർ തീവ്രയത്നം നടത്തണം. (ലൂക്കൊസ് 13:24) എന്നിരുന്നാലും ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . ന്യായയുക്തമാണ്.” (യാക്കോബ് 3:17, NW) മറ്റുള്ളവരുടെ ദൃഷ്ടാന്തം കൂടുതൽ ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിച്ചേക്കാമെങ്കിലും, നമ്മുടെ പ്രാപ്തികൾക്കും സാഹചര്യങ്ങൾക്കും ചേർന്ന വസ്തുനിഷ്ഠമായ ലക്ഷ്യങ്ങൾ വെക്കാൻ ന്യായയുക്തത നമ്മെ സഹായിക്കും. തിരുവെഴുത്തുകൾ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “ഓരോരുത്തരും താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നേ അഭിമാനിക്കാം; ഓരോരുത്തൻ സ്വന്തം ഭാരം വഹിക്കേണ്ടതാണല്ലോ.”—ഗലാത്യർ 6:4, 5, NIBV.
16. നമ്മുടെ ഗതിവേഗം നിർണയിക്കാൻ എളിമ നമ്മെ സഹായിക്കുന്നത് എങ്ങനെ?
16 മീഖാ 6:8 ചിന്തോദ്ദീപകമായ ഈ ചോദ്യം ഉന്നയിക്കുന്നു: ‘താഴ്മയോടെ [“എളിമയോടെ,” NW] നടപ്പാൻ അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?’ എളിമയിൽ നമ്മുടെ പരിമിതികളെ കുറിച്ചുള്ള ബോധം ഉൾപ്പെടുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യമോ പ്രായാധിക്യമോ ദൈവസേവനത്തിൽ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കുറെയൊക്കെ പരിമിതപ്പെടുത്തിയിട്ടുണ്ടോ? നമുക്കു നിരുത്സാഹപ്പെടാതിരിക്കാം. “പ്രാപ്തിയില്ലാത്തതുപോലെയല്ല,” മറിച്ച് നമ്മുടെ “പ്രാപ്തിക്കനുസരണമായി” നാം ചെയ്യുന്ന ശ്രമങ്ങളെയും ത്യാഗങ്ങളെയും യഹോവ അംഗീകരിക്കുന്നു.—2 കൊരിന്ത്യർ 8:12, NIBV; ലൂക്കൊസ് 21:1-4 താരതമ്യം ചെയ്യുക.
ദൃഷ്ടികൾ സമ്മാനത്തിൽ പതിപ്പിക്കുക
17, 18. ദൃഷ്ടിപഥത്തിൽ എന്തു നിലനിർത്തിയത് ദണ്ഡന സ്തംഭം സഹിക്കാൻ യേശുവിനെ സഹായിച്ചു?
17 ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ സഹിച്ചുനിൽക്കേണ്ടതിന്റെ ആവശ്യം കൊരിന്ത്യ ക്രിസ്ത്യാനികളെ ചൂണ്ടിക്കാണിച്ചപ്പോൾ പൗലൊസ്, അവരുടെ ശ്രദ്ധ അർഹിക്കുന്ന, ഇസ്മിയൻ കായിക മത്സരങ്ങളുടെ മറ്റൊരു വശവും പരാമർശിച്ചു. ആ മത്സര കളികളിൽ പങ്കെടുക്കുന്നവരെ കുറിച്ച് പൗലൊസ് എഴുതി: “അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ [ഓടുന്നത്]. ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:25, 26) ആ പുരാതന മത്സര കളികളിലെ വിജയിക്കു ലഭിച്ചിരുന്ന സമ്മാനം പൈൻ ഇലകൾകൊണ്ടോ മറ്റു ചെടികളുടെ ഇലകൾകൊണ്ടോ ഉണങ്ങിയ കാട്ടു സെലറികൊണ്ടുപോലുമോ ഉള്ള കിരീടം ആയിരുന്നു —തീർച്ചയായും ‘വാടുന്ന കിരീടം’ തന്നെ. എന്നാൽ, അവസാനത്തോളം സഹിച്ചുനിൽക്കുന്ന ക്രിസ്ത്യാനികളെ എന്താണു കാത്തിരിക്കുന്നത്?
18 നമ്മുടെ മാതൃകാ പുരുഷനായ യേശുക്രിസ്തുവിനെ പരാമർശിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ എഴുതി: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രായർ 12:2) തന്റെ ദണ്ഡന സ്തംഭത്തിന് അപ്പുറമുള്ള സമ്മാനത്തിലേക്കു നോക്കിക്കൊണ്ട് യേശു തന്റെ മാനുഷ ജീവിതത്തിന്റെ അവസാനത്തോളം സഹിച്ചു നിന്നു. യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനു സംഭാവന ചെയ്യുന്നതും മാനുഷ കുടുംബത്തെ മരണത്തിൽനിന്നു വീണ്ടെടുക്കുന്നതും അനുസരണമുള്ള മനുഷ്യരെ ഒരു പറുദീസാ ഭൂമിയിലെ അനന്തമായ ജീവനിലേക്കു പുനഃസ്ഥിതീകരിച്ചുകൊണ്ട് രാജാവും മഹാപുരോഹിതനുമായി സേവിക്കുന്നതും അവന് ഉളവാക്കുന്ന സന്തോഷം ആ സമ്മാനത്തിൽ ഉൾപ്പെടുന്നു.—മത്തായി 6:9, 10; 20:28; എബ്രായർ 7:23-26.
19. ക്രിസ്തീയ ശിഷ്യത്വത്തിന്റെ ഗതി പിൻപറ്റവെ നാം എന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം?
19 ക്രിസ്തീയ ശിഷ്യത്വത്തിന്റെ ഗതി പിൻപറ്റവെ, നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന സന്തോഷം പരിഗണിക്കുക. ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയും ബൈബിളിലെ ജീവരക്ഷാകരമായ അറിവു മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയും ചെയ്യുക എന്ന അങ്ങേയറ്റം സംതൃപ്തികരമായ വേല യഹോവ നമുക്കു നൽകിയിരിക്കുന്നു. (മത്തായി 28:19, 20) സത്യദൈവത്തിൽ താത്പര്യമുള്ള ഒരുവനെ കണ്ടെത്തുകയും ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ പ്രവേശിക്കാൻ ആ വ്യക്തിയെ സഹായിക്കുകയും ചെയ്യുന്നത് എത്ര ആനന്ദകരമാണ്! നാം പ്രസംഗിക്കുമ്പോൾ ആളുകളുടെ പ്രതികരണം എന്തായിരുന്നാലും, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തോടു ബന്ധപ്പെട്ട വേലയിൽ പങ്കുണ്ടായിരിക്കുന്നത് ഒരു പദവിയാണ്. നമ്മുടെ സാക്ഷീകരണ പ്രദേശത്തുള്ള ആളുകളുടെ താത്പര്യമില്ലായ്മയോ എതിർപ്പോ ഗണ്യമാക്കാതെ നാം ശുശ്രൂഷയിൽ സഹിച്ചുനിൽക്കുന്നുവെങ്കിൽ, യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതു കൈവരുത്തുന്ന ആനന്ദം നമുക്ക് ആസ്വദിക്കാനാവും. (സദൃശവാക്യങ്ങൾ 27:11) അവൻ നമുക്കു വാഗ്ദാനം ചെയ്യുന്ന മഹത്തായ സമ്മാനം നിത്യജീവനാണ്. അത് എത്ര സന്തോഷകരമായിരിക്കും! നാം ഈ അനുഗ്രഹങ്ങളെ ദൃഷ്ടിപഥത്തിൽ വെച്ചുകൊണ്ട് ഓട്ടം തുടരേണ്ടതുണ്ട്.
അന്ത്യം അടുത്തുവരവെ
20. അവസാനത്തോട് അടുക്കവെ ജീവനുവേണ്ടിയുള്ള പോരാട്ടം കൂടുതൽ ദുഷ്കരമാകുന്നത് എങ്ങനെ?
20 ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ നാം നമ്മുടെ മുഖ്യ ശത്രുവായ പിശാചായ സാത്താനുമായി പോരാടേണ്ടതുണ്ട്. അവസാനത്തോട് അടുക്കവെ, നമ്മെ ഇടറിക്കാനോ നമ്മുടെ ഓട്ടം മന്ദഗതിയിലാക്കാനോ അവൻ കിണഞ്ഞു പരിശ്രമിക്കുന്നു. (വെളിപ്പാടു 12:12, 17) യുദ്ധം, ക്ഷാമം, പകർച്ചവ്യാധികൾ, “അന്ത്യകാല”ത്തിന്റെ മുഖമുദ്രയായ മറ്റു ദുരിതങ്ങൾ എന്നിവയുടെ എല്ലാം മധ്യേ വിശ്വസ്തരും അർപ്പിതരുമായ രാജ്യ ഘോഷകരായി തുടരുക എളുപ്പമല്ല. (ദാനീയേൽ 12:4; മത്തായി 24:3-14; ലൂക്കൊസ് 21:11; 2 തിമൊഥെയൊസ് 3:1-5) അന്ത്യം നാം വിചാരിച്ചിരുന്നതിനെക്കാൾ അകലെയാണെന്നു ചില അവസരങ്ങളിൽ തോന്നുകയും ചെയ്തേക്കാം, വിശേഷിച്ചും നാം ഓട്ടം തുടങ്ങിയത് പതിറ്റാണ്ടുകൾക്കു മുമ്പാണെങ്കിൽ. എങ്കിലും, അന്ത്യം വരുമെന്നു ദൈവ വചനം നമുക്ക് ഉറപ്പു തരുന്നു. അതു വരാൻ താമസിക്കില്ലെന്ന് യഹോവ പറയുന്നു. അന്ത്യം ആസന്നമാണ്.—ഹബക്കൂക് 2:3; 2 പത്രൊസ് 3:9, 10.
21. (എ) ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ തുടരവെ നമ്മെ ശക്തരാക്കുന്നത് എന്ത്? (ബി) അന്ത്യം പൂർവാധികം അടുത്തുവരവെ നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
21 അതുകൊണ്ട്, ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കണമെങ്കിൽ, നമ്മുടെ ആത്മീയ പോഷണത്തിനായി യഹോവ സ്നേഹപൂർവം നൽകിയിരിക്കുന്ന കാര്യങ്ങളിൽനിന്നു നാം ശക്തി നേടണം. ഓട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹവിശ്വാസികളുമായുള്ള പതിവായ സഹവാസത്തിൽ നിന്നു ലഭിക്കാവുന്ന പ്രോത്സാഹനവും നമുക്ക് ആവശ്യമാണ്. ഓട്ടത്തിന് ഇടയിൽ ഉണ്ടായേക്കാവുന്ന കൊടിയ പീഡനവും മുൻകൂട്ടി കാണാത്ത സംഭവങ്ങളും നമ്മുടെ ഓട്ടം കൂടുതൽ ദുഷ്കരമാക്കിയാൽ പോലും നമുക്ക് അന്ത്യത്തോളം സഹിച്ചുനിൽക്കാനാവും. കാരണം യഹോവ “സാധാരണയിൽ കവിഞ്ഞ ശക്തി” നമുക്കു തരുന്നു. (2 കൊരിന്ത്യർ 4:7, NW) നാം ഈ ഓട്ടം വിജയകരമായി പൂർത്തീകരിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! “തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യു”മെന്ന പൂർണ ബോധ്യത്തോടെയും ശക്തമായ നിശ്ചയദാർഢ്യത്തോടെയും നമുക്ക് ‘നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടാം.’—എബ്രായർ 12:1; ഗലാത്യർ 6:9.
[അടിക്കുറിപ്പുകൾ]
a എബ്രായർ 11:1-12:3-ന്റെ ഒരു ചർച്ചയ്ക്ക് 1988 ഫെബ്രുവരി 1, ലക്കം വീക്ഷാഗോപുരത്തിന്റെ 10-20 പേജുകൾ കാണുക.
b 1998 ജൂൺ 1 ലക്കത്തിന്റെ 28-31 പേജുകളിലും 1998 സെപ്റ്റംബർ 1 ലക്കത്തിന്റെ 24-8 പേജുകളിലും 1999 ഫെബ്രുവരി 1 ലക്കത്തിന്റെ 25-9 പേജുകളിലും പ്രോത്സാഹജനകമായ അത്തരം ചില സമീപകാല അനുഭവങ്ങൾ കാണാവുന്നതാണ്.
നിങ്ങൾ ഓർമിക്കുന്നുവോ?
□ നാം അന്ത്യത്തോളം സഹിച്ചുനിൽക്കേണ്ടത് എന്തുകൊണ്ട്?
□ യഹോവയുടെ ഏതു കരുതലുകൾ നാം അവഗണിക്കരുത്?
□ ഗതിവേഗം ജ്ഞാനപൂർവം നിർണയിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
□ ഓട്ടത്തിൽ തുടരവെ നമ്മുടെ മുമ്പാകെ എന്തു സന്തോഷമാണ് ഉള്ളത്?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
ക്രിസ്തീയ യോഗങ്ങളിൽനിന്ന് പ്രോത്സാഹനം ഉൾക്കൊള്ളുക