“ഭൂമിയുടെ അതിവിദൂര ഭാഗത്തോളം” പ്രകാശം പരത്തുന്നതിന് അദ്ദേഹം സഹായിച്ചു
“ഭൂമിയുടെ അതിവിദൂര ഭാഗത്തോളം” പ്രകാശം പരത്തുന്നതിന് അദ്ദേഹം സഹായിച്ചു
“ഭൂമിയുടെ അതിവിദൂര ഭാഗത്തോളം” ആത്മീയ പ്രകാശം പരത്തുന്നതിന് അപ്പൊസ്തലനായ പൗലൊസിനെ ഉപയോഗിക്കുകയുണ്ടായി. തത്ഫലമായി, “നിത്യജീവനായി ശരിയായ മനോനിലയുള്ള” അനേകർ “വിശ്വാസികളായി തീർന്നു.”—പ്രവൃത്തികൾ 13:47, 48, NW; യെശയ്യാവു 49:6.
ആത്മീയ പ്രകാശം പരത്തുന്നതിനുള്ള അതിയായ ആഗ്രഹം യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായിരുന്ന വില്യം ലോയ്ഡ് ബാരിയുടെ അർപ്പിത ജീവിതത്തിലും അക്ഷീണ ക്രിസ്തീയ ശ്രമങ്ങളിലും പ്രകടമായിരുന്നു. ഹവായിയിൽ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, 1999 ജൂലൈ 2-ന് ബാരി സഹോദരൻ മരണമടഞ്ഞു.
ലോയ്ഡ് ബാരി 1916 ഡിസംബർ 20-ന് ന്യൂസിലൻഡിൽ ജനിച്ചു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി വിതരണം ചെയ്ത, സി. റ്റി. റസ്സലിന്റെ പുസ്തകങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ബൈബിൾ സത്യങ്ങളിൽ ബാരി സഹോദരന്റെ മാതാപിതാക്കൾ തുടക്കത്തിൽ തന്നെ താത്പര്യം കാണിക്കുകയും സത്യത്തിന് അനുകൂലമായ ഒരു നിലപാട് എടുക്കുകയും ചെയ്തിരുന്നു. അതിനാൽ അദ്ദേഹം ഒരു സമർപ്പിത ക്രിസ്തീയ കുടുംബത്തിലാണു വളർന്നുവന്നത്.
സ്പോർട്സിലും വിദ്യാഭ്യാസത്തിലും—സയൻസിൽ ഒരു ബിരുദം സമ്പാദിക്കുന്നതിൽ പോലും—തത്പരൻ ആയിരുന്നെങ്കിലും ബാരി സഹോദരൻ ആത്മീയ കാര്യങ്ങളിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ 1939 ജനുവരി 1-ന് സൊസൈറ്റിയുടെ ഓസ്ട്രേലിയയിലെ ബെഥേൽ കുടുംബത്തിൽ അംഗമായിക്കൊണ്ട് അദ്ദേഹം മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. 1941-ൽ ഗവൺമെന്റ് സൊസൈറ്റിയുടെ പ്രവർത്തനം നിരോധിച്ചതിനു ശേഷവും ബാരി സഹോദരൻ അദ്ദേഹത്തിന്റെ ജോലിയിൽ തിരക്കോടെ തുടർന്നു. ചില സമയങ്ങളിൽ, സഹവിശ്വാസികൾക്കു പ്രോത്സാഹനമേകുന്ന വിവരങ്ങൾ എഴുതുന്നതിനുള്ള നിയമനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. പരസ്യശുശ്രൂഷയിലും അദ്ദേഹം മാതൃകാപരമായ നേതൃത്വം വഹിച്ചു.
1942 ഫെബ്രുവരിയിൽ ബാരി സഹോദരൻ തന്നെപ്പോലെതന്നെ മുഴുസമയ സേവനത്തിലായിരുന്ന മെൽബയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ സ്നേഹസമ്പന്നയായ ഭാര്യ, ഈ വർഷങ്ങളിലെല്ലാം അദ്ദേഹത്തോടൊപ്പം ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ വിശ്വസ്തതയോടെ സേവിച്ചിരിക്കുന്നു. ഐക്യനാടുകളിൽ വെച്ചു നടത്തപ്പെട്ട വാച്ച്ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദിന്റെ 11-ാമത് ക്ലാസ്സിൽ സംബന്ധിച്ചുകൊണ്ട് വിദേശ വയലിൽ സേവിക്കുന്നതിനോടുള്ള ബന്ധത്തിൽ അവർ ഒരു വലിയ ചുവടുവയ്പു നടത്തി. ‘ഭൂമിയുടെ അതിവിദൂര ഭാഗം’ എന്നു പലരും കരുതിയിരുന്ന ജപ്പാനിൽ ആയിരുന്നു അവരുടെ നിയമനം. 1949 നവംബറിൽ അവിടെ എത്തിച്ചേർന്ന അവർ തുറമുഖ പട്ടണമായ കോബെയിൽ മിഷനറിമാരായി സേവിച്ചുതുടങ്ങി. ആ സമയത്ത് ജപ്പാനിൽ 12 പേരേ സുവാർത്ത പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നുള്ളൂ. ബാരി സഹോദരൻ ജാപ്പനീസ് ഭാഷയും തന്റെ പുതിയ ഭവനത്തിന്റെ രീതികളും പഠിക്കുകയും ജപ്പാൻകാരോട് അഗാധമായ സ്നേഹം വളർത്തിയെടുക്കുകയും ചെയ്തു. തുടർന്നു വന്ന 25 വർഷം അദ്ദേഹം അവിടെ സേവിച്ചു. “നിത്യജീവനായി ശരിയായ മനോനിലയുള്ള”വരോട് അദ്ദേഹത്തിനുള്ള സ്നേഹം ജപ്പാനിലെ വർധിച്ചുകൊണ്ടിരുന്ന ക്രിസ്തീയ സഹോദരവർഗത്തിനു വ്യക്തമായിരുന്നു. പതിറ്റാണ്ടുകളോളം ബ്രാഞ്ചിന്റെ മേൽനോട്ടം ഫലപ്രദമായി നടത്താൻ അത് അദ്ദേഹത്തെ സഹായിച്ചു.
1975-ന്റെ മധ്യത്തോടെ ബാരി ദമ്പതികളെ ന്യൂയോർക്കിലെ ബ്രുക്ലിനിലേക്കു സ്ഥലം മാറ്റുമ്പോൾ ജപ്പാനിൽ ഏതാണ്ട് 30,000 സാക്ഷികളുണ്ടായിരുന്നു. ഒരു ആത്മാഭിഷിക്ത ക്രിസ്ത്യാനിയെന്ന നിലയിൽ ബാരി സഹോദരനെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായി സേവിക്കാൻ ക്ഷണിക്കുകയുണ്ടായി. (റോമർ 8:16, 17) എഴുതുന്നതിലെ അദ്ദേഹത്തിന്റെ അനുഭവ പരിചയം എഴുത്തു വിഭാഗത്തിലെ അദ്ദേഹത്തിന്റെ പുതിയ നിയമനത്തിന് വളരെ ഉപകാരപ്രദമെന്നു തെളിഞ്ഞു. ബ്രാഞ്ചിലും അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന നല്ല അനുഭവപരിചയം ഭരണസംഘത്തിന്റെ പ്രസാധക കമ്മിറ്റിയിൽ മൂല്യവത്തായ സേവനം അനുഷ്ഠിക്കുന്നതിന് അദ്ദേഹത്തെ സജ്ജനാക്കി.
കഴിഞ്ഞുപോയ കാലങ്ങളിലെല്ലാം ബാരി സഹോദരൻ പൗരസ്ത്യദേശത്തോടും അവിടുത്തെ ആളുകളോടും തനിക്കുള്ള സ്നേഹം നിലനിർത്തി. മിഷനറി വേലയിൽ പ്രവർത്തിച്ച അനേകരുടെ ഹൃദയാവർജകമായ കഥകൾ വിശേഷവത്കരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിപ്രായങ്ങളും എന്ന് ഗിലെയാദ് സ്കൂളിലെ വിദ്യാർഥികൾക്കും അതുപോലെ തന്നെ ബെഥേൽ കുടുംബാംഗങ്ങൾക്കും നന്നായി അറിയാം. ബാരി സഹോദരൻ തന്റെ തന്നെ അനുഭവങ്ങൾ ഉത്സാഹപൂർവം വിവരിച്ചപ്പോൾ ‘ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിൽ’ നടക്കുന്ന രാജ്യപ്രസംഗ വേല നന്നായി ചിത്രീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അനുഭവം പ്രസിദ്ധീകരിച്ച 1960 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) ഇവയിൽ ചിലത് പരാമർശിച്ചിരിക്കുന്നു.
“ക്രിസ്തുവിന്റെ കൂട്ടവകാശി” എന്ന നിലയിൽ ബാരി സഹോദരൻ തുടർന്നും “നിത്യജീവനായി ശരിയായ മനോനിലയുള്ള”വരോടുള്ള തന്റെ താത്പര്യം നിലനിർത്തുമെന്നു നമുക്ക് ഉറപ്പുണ്ട്. യഹോവയ്ക്കു പൂർണമായി സമർപ്പിച്ച ഒരു ആത്മീയ മനുഷ്യൻ എന്ന നിലയിലും ദൈവത്തിന്റെ ആളുകളോട് ഊഷ്മള സ്നേഹം പ്രകടമാക്കിയവനെന്ന നിലയിലും അദ്ദേഹത്തെ സ്നേഹിക്കുകയും അടുത്തറിയുകയും ചെയ്തവർക്ക് ഈ വേർപാട് തീർച്ചയായും ഒരു തീരാ നഷ്ടമായിരിക്കും. എന്നിരുന്നാലും ബാരി സഹോദരൻ തന്റെ ഭൗമിക ഗതിയുടെ അവസാനം വരെയും വിശ്വസ്തനായി നിലകൊണ്ടു എന്നതിൽ നാം സന്തോഷിക്കുന്നു.—വെളിപ്പാടു 2:10.
[16-ാം പേജിലെ ചിത്രം]
1988-ൽ, “തിരുവെഴുത്തുകളിൽ നിന്നുള്ള ഉൾക്കാഴ്ച” പുസ്തകത്തിന്റെ പ്രകാശന വേളയിൽ ലോയ്ഡ് ബാരിയും ജോൺ ബാറും
[16-ാം പേജിലെ ചിത്രം]
11-ാമതു ഗിലെയാദ് ക്ലാസ്സിന്റെ ബിരുദധാരികൾ 40 വർഷത്തിനു ശേഷം ജപ്പാനിൽ വെച്ചു കണ്ടുമുട്ടുന്നു