യഹോവ അർഹിക്കുന്നത് അവനു നൽകുന്നു
യഹോവ അർഹിക്കുന്നത് അവനു നൽകുന്നു
തിമൊലിയൊൻ വാസിലിയൂ പറഞ്ഞപ്രകാരം
ഐഥോനോഹൊറി ഗ്രാമത്തിൽ ബൈബിൾ പഠിപ്പിച്ചതിന്റെ പേരിൽ എന്നെ അറസ്റ്റു ചെയ്തു. പൊലീസുകാർ എന്റെ ഷൂസ് ഊരിമാറ്റിയിട്ട് കാൽവെള്ളയിൽ അടിക്കാൻ തുടങ്ങി. തുടർച്ചയായി അടിച്ചതുകൊണ്ടു പാദങ്ങൾ മരവിച്ചതിനാൽ എനിക്കു വേദന അനുഭവപ്പെട്ടില്ല. അത്തരം ദുഷ്പെരുമാറ്റങ്ങൾ അന്നൊക്കെ ഗ്രീസിൽ സാധാരണം ആയിരുന്നു. അതിലേക്കു നയിച്ചത് എന്താണെന്നു വിശദീകരിക്കുന്നതിനു മുമ്പ്, ഞാൻ ഒരു ബൈബിൾ അധ്യാപകൻ ആയിത്തീർന്നത് എങ്ങനെയെന്നു വിവരിക്കട്ടെ.
ഞാൻ ജനിച്ചത് 1921-ൽ ആണ്. താമസിയാതെ, ഉത്തര ഗ്രീസിലെ റൊഡൊലിവൊസ് പട്ടണത്തിലേക്കു ഞങ്ങളുടെ കുടുംബം താമസം മാറ്റി. യൗവന നാളുകളിൽ ഞാൻ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നു. 11 വയസ്സായപ്പോൾ ഞാൻ പുകവലിക്കാൻ തുടങ്ങി. പിന്നീട്, ഞാൻ മദ്യപനും ചൂതാട്ടക്കാരനും ആയിമാറി. മിക്ക രാത്രികളിലും ഞാൻ വന്യമായ പാർട്ടികളിൽ പങ്കെടുത്തിരുന്നു. സംഗീതത്തിൽ സാമാന്യം നല്ല അഭിരുചി ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഒരു പ്രാദേശിക ബാൻഡുവാദ്യ സംഘത്തിൽ ചേർന്നു. ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ സംഘത്തിലെ ഉപകരണങ്ങൾ എല്ലാംതന്നെ വായിക്കാൻ ഞാൻ പഠിച്ചു. അതേസമയം ഞാൻ പഠനത്തിലും ശുഷ്കാന്തി കാട്ടിയിരുന്നു. നീതി നടപ്പാക്കി കാണാനും ഞാൻ ആഗ്രഹിച്ചിരുന്നു.
1940-ന്റെ തുടക്കത്തിൽ, രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഒരു കൊച്ചു പെൺകുട്ടിയുടെ ശവസംസ്കാരത്തിൽ വാദ്യപരിപാടിക്കായി ഞങ്ങളുടെ സംഘത്തെ ക്ഷണിച്ചു. ശവക്കുഴിയുടെ അരികെ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും അടക്കാനാകാത്ത ദുഃഖത്തോടെ കരയുന്നുണ്ടായിരുന്നു. അവരുടെ തികഞ്ഞ നിസ്സഹായാവസ്ഥ എന്നെ ആഴത്തിൽ സ്പർശിച്ചു. ‘നാം മരിക്കുന്നത് എന്തുകൊണ്ട്? ജീവിതം ഇത്ര ഹ്രസ്വമാണോ അതോ ഇതിൽ കവിഞ്ഞ എന്തെങ്കിലും ഉണ്ടോ? എവിടെ ഉത്തരം കണ്ടെത്താനാകും?’ എന്നിങ്ങനെ ഞാൻ ചിന്തിക്കാൻ തുടങ്ങി.
ഏതാനും ദിവസങ്ങൾക്കു ശേഷം, വീട്ടിലെ ഒരു അലമാരയിൽ പുതിയ നിയമത്തിന്റെ ഒരു പ്രതി ഇരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ഉടനെ അതെടുത്തു വായിക്കാൻ തുടങ്ങി. തന്റെ സാന്നിധ്യത്തോടു ബന്ധപ്പെട്ട അടയാളത്തിന്റെ ഭാഗമായി വലിയ അളവിൽ സംഭവിക്കുന്ന യുദ്ധത്തെ കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ മത്തായി 24:7-ൽ വായിച്ചപ്പോൾ അവന്റെ വാക്കുകൾ നമ്മുടെ കാലത്താണു ബാധകമാകുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു. തുടർന്നുള്ള വാരങ്ങളിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ആ പ്രതി ഞാൻ പലതവണ വായിച്ചു.
പിന്നീട്, 1940 ഡിസംബറിൽ, ഞാൻ അടുത്തുള്ള ഒരു കുടുംബത്തെ സന്ദർശിച്ചു. ഒരു വിധവയും അഞ്ചു മക്കളും അടങ്ങുന്നതായിരുന്നു ആ കുടുംബം. അവരുടെ വീടിന്റെ മേൽമുറിയിൽ ഒരുകെട്ടു ചെറുപുസ്തകങ്ങൾ വെച്ചിരിക്കുന്നതു ഞാൻ കണ്ടു. അവയിൽ ഒരെണ്ണത്തിന്റെ ശീർഷകം ഒരു അഭികാമ്യ ഗവൺമെന്റ് എന്നതായിരുന്നു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് 2 തിമൊഥെയൊസ് 3:1-5; 2 പത്രൊസ് 3:13.
സൊസൈറ്റി പ്രസിദ്ധീകരിച്ചതായിരുന്നു അത്. ഞാൻ ആ മേൽമുറിയിൽ ഇരുന്നുതന്നെ പ്രസ്തുത ചെറുപുസ്തകം മുഴുവൻ വായിച്ചുതീർത്തു. ബൈബിൾ ‘അന്ത്യനാളുകൾ’ എന്നു വിളിക്കുന്ന കാലത്താണു നാം വാസ്തവത്തിൽ ജീവിക്കുന്നതെന്നും യഹോവയാം ദൈവം ഈ വ്യവസ്ഥിതി ഉടനടി അവസാനിപ്പിച്ചിട്ട് അതിന്റെ സ്ഥാനത്തു നീതിനിഷ്ഠമായ ഒരു പുതിയ ലോകം സ്ഥാപിക്കുമെന്നും വായിച്ച കാര്യങ്ങളിൽ നിന്ന് എനിക്കു പൂർണമായി ബോധ്യപ്പെട്ടു.—വിശ്വസ്ത മനുഷ്യർ ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കും എന്നും ദൈവരാജ്യ ഭരണത്തിൻ കീഴിലുള്ള പുതിയ ലോകത്തിൽ യാതനയും മരണവും മേലാൽ ഉണ്ടായിരിക്കുകയില്ല എന്നുമുള്ള തിരുവെഴുത്തു തെളിവുകളാണ് എന്നിൽ പ്രത്യേകിച്ചും മതിപ്പുളവാക്കിയത്. (സങ്കീർത്തനം 37:9-11, 29; വെളിപ്പാടു 21:3, 4) വായിക്കുന്നതിനിടയിൽ അക്കാര്യങ്ങളെ പ്രതി ഞാൻ ദൈവത്തിനു നന്ദി നൽകി. അവന്റെ വ്യവസ്ഥകൾ എന്തെല്ലാമാണ് എന്നു കാണിച്ചുതരാൻ ഞാൻ അവനോട് അപേക്ഷിച്ചു. യഹോവയാം ദൈവം സമ്പൂർണ ഭക്തി അർഹിക്കുന്നു എന്ന് എനിക്കു വ്യക്തമായി.—മത്തായി 22:37.
പഠിച്ചതനുസരിച്ചു പ്രവർത്തിക്കുന്നു
അന്നു മുതൽ ഞാൻ പുകവലിയും മദ്യപാനവും ചൂതാട്ടവും നിർത്തി. ആ വിധവയുടെ അഞ്ചു മക്കളെയും എന്റെ അനുജനെയും രണ്ടു പെങ്ങന്മാരെയും കൂട്ടിവരുത്തി, ആ ചെറുപുസ്തകത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ അവരോടു വിശദീകരിച്ചു. ഉടനെതന്നെ ഞങ്ങളെല്ലാം ആ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി. ഞങ്ങൾ ആ പ്രദേശത്ത് യഹോവയുടെ സാക്ഷികളായി അറിയപ്പെടാൻ തുടങ്ങി. എന്നാൽ, സാക്ഷികളായ ആരെയും ഞങ്ങൾ അന്നോളം കണ്ടുമുട്ടിയിരുന്നില്ല എന്നതാണു വാസ്തവം. തുടക്കം മുതലേ ഞാൻ, പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് ഓരോ മാസവും നൂറിലധികം മണിക്കൂറുകൾ ചെലവിട്ടു.
സ്ഥലത്തെ ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതൻ ഞങ്ങളെ കുറിച്ചു പരാതിപ്പെടാൻ മേയറെ ചെന്നുകണ്ടു. എന്നാൽ, ഏതാനും ദിവസങ്ങൾ മുമ്പായിരുന്നു ഒരു യുവ സാക്ഷി, കാണാതെപോയ ഒരു കുതിരയെ അതിന്റെ ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചത്. ആ കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. അത്തരം സത്യസന്ധതയുടെ പേരിൽ മേയർ സാക്ഷികളെ ആദരിച്ചിരുന്നതുകൊണ്ട് പുരോഹിതൻ പറയുന്നതു കേൾക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.
1941 ഒക്ടോബറിൽ ഒരു ദിവസം ചന്തസ്ഥലത്തു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ അടുത്ത പട്ടണത്തിൽ താമസിക്കുന്ന ഒരു യഹോവയുടെ സാക്ഷിയെ കുറിച്ച് ഒരാൾ എന്നോടു പറഞ്ഞു. ക്രിസ്റ്റൊസ് ട്രിയാന്റാഫിലൂ എന്നു പേരുള്ള അദ്ദേഹം മുമ്പ് ഒരു പൊലീസുകാരൻ ആയിരുന്നു. ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. 1932 മുതൽ അദ്ദേഹം ഒരു സാക്ഷിയാണെന്നു ഞാൻ മനസ്സിലാക്കി. പഴയ പല വാച്ച് ടവർ പ്രസിദ്ധീകരണങ്ങളും അദ്ദേഹം എനിക്കു നൽകി. ഞാനതിൽ എത്ര സന്തുഷ്ടൻ ആയിരുന്നെന്നോ! ആത്മീയ പുരോഗതി കൈവരിക്കാൻ അവ എന്നെ വളരെ സഹായിച്ചു.
1943-ൽ ദൈവത്തിനുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. അതിനോടകം ഞാൻ സമീപത്തുള്ള മൂന്നു ഗ്രാമങ്ങളിൽ—ദ്രാവിസ്കോസ്, പാലിയൊക്കൊമി, മാവ്റൊലൊഫൊസ്—ബൈബിൾ അധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഞാൻ അധ്യയന സഹായിയായി ഉപയോഗിച്ചിരുന്നത് ദൈവത്തിന്റെ കിന്നരം എന്ന പുസ്തകമാണ്. ക്രമേണ, ആ മേഖലയിൽ നാലു സഭകൾ രൂപീകൃതമാകുന്നതു കാണാനുള്ള പദവി എനിക്കു ലഭിച്ചു.
പ്രതിബന്ധങ്ങൾക്കു മധ്യേയും സുവാർത്ത പ്രസംഗിക്കുന്നു
1944-ൽ ജർമനിയുടെ അധീനതയിൽ നിന്നു ഗ്രീസ് സ്വതന്ത്രമായി. കുറച്ചു നാളുകൾക്കു ശേഷം, വാച്ച് ടവർ സൊസൈറ്റിയുടെ ഏഥൻസിലുള്ള ബ്രാഞ്ച് ഓഫീസുമായി ബന്ധം സ്ഥാപിക്കപ്പെട്ടു. രാജ്യസന്ദേശത്തെ കുറിച്ച് ആരുംതന്നെ കേട്ടിട്ടില്ലാത്ത ഒരു പ്രദേശത്തു സുവാർത്ത പ്രസംഗിക്കാൻ ബ്രാഞ്ച് ഓഫീസ് എന്നോട് ആവശ്യപ്പെട്ടു. അങ്ങോട്ടു മാറിയശേഷം മൂന്നു മാസം ഞാൻ ഒരു കൃഷിയിടത്തിൽ പണിയെടുത്തു, ആ വർഷം ശേഷിച്ച സമയം മുഴുവൻ ശുശ്രൂഷയിലും ചെലവഴിച്ചു.
അതേ വർഷം എന്റെ അമ്മയും മുമ്പു പറഞ്ഞ വിധവയും അവരുടെ കുട്ടികളും—ഇളയ മകൾ ഒഴികെ—സ്നാപനമേൽക്കുന്നതു കാണാനുള്ള അനുഗ്രഹം എനിക്കുണ്ടായി. അവരുടെ ഇളയ മകൾ മാരിയാൻതി സ്നാപനമേറ്റത് 1943-ൽ ആയിരുന്നു. ആ വർഷം നവംബറിൽ മാരിയാൻതിയുമായി എന്റെ വിവാഹം നടന്നു. 30 വർഷത്തിനു ശേഷം, അതായത് 1974-ൽ, എന്റെ പിതാവും സ്നാപനമേറ്റ സാക്ഷിയായി.
1945-ന്റെ ആരംഭത്തിൽ ബ്രാഞ്ച് ഓഫീസിൽ നിന്നു ഞങ്ങൾക്കു മിമിയോഗ്രാഫ് യന്ത്രത്തിൽ ഉണ്ടാക്കിയ വീക്ഷാഗോപുരത്തിന്റെ ആദ്യത്തെ പ്രതി ലഭിച്ചു. “നിങ്ങൾ പുറപ്പെട്ട്, സകല ജനതകളെയും ശിഷ്യരാക്കുക” എന്നതായിരുന്നു അതിലെ മുഖ്യ ലേഖനത്തിന്റെ ശീർഷകം. (മത്തായി 28:19, ദി എംഫാറ്റിക് ഡയഗ്ലട്ട്) സ്ട്രൈമാൻ നദിയുടെ കിഴക്കുള്ള വിദൂര പ്രദേശങ്ങളിൽ പ്രവർത്തിക്കേണ്ടതിനു ഞാനും മാരിയാൻതിയും ഉടനടി വീടുവിട്ടു. പിന്നീട്, സാക്ഷികളിൽ വേറെയും ചിലർ ഞങ്ങളോടു ചേർന്നു.
മിക്കപ്പോഴും, മലയിടുക്കുകളും മലകളും കടന്ന് കിലോമീറ്ററുകളോളം നഗ്നപാദരായി നടന്നാണു ഞങ്ങൾ ഓരോ ഗ്രാമത്തിലും എത്തിയിരുന്നത്. ഷൂസുകൾ തേഞ്ഞുപോകാതിരിക്കാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്. കാരണം, അവ ചീത്തയായി പോയാൽ ഇടാൻ വേറൊരു ജോടി ഞങ്ങളുടെ പക്കൽ
ഉണ്ടായിരുന്നില്ല. 1946 മുതൽ 1949 വരെ ആഭ്യന്തര യുദ്ധം ഗ്രീസിനെ പിച്ചിച്ചീന്തി. യാത്ര ചെയ്യുന്നതു വളരെ അപകടകരം ആയിരുന്നു. റോഡുകളിൽ മൃതശരീരങ്ങൾ കിടക്കുന്നതു സാധാരണ ദൃശ്യം ആയിരുന്നു.ദുഷ്കരമായ സാഹചര്യങ്ങൾ നിമിത്തം നിരുത്സാഹിതരാകുന്നതിനു പകരം ഞങ്ങൾ തീക്ഷ്ണതയോടെ സേവനം തുടർന്നു. “കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു” എന്ന് എഴുതിയ സങ്കീർത്തനക്കാരനെ പോലെ പലപ്പോഴും എനിക്ക് അനുഭവപ്പെട്ടു. (സങ്കീർത്തനം 23:4) ഈ കാലഘട്ടത്തിൽ ഞങ്ങൾ മിക്കപ്പോഴും ആഴ്ചകളോളം വീട്ടിൽ നിന്ന് അകലെ ആയിരിക്കുമായിരുന്നു. ചില മാസങ്ങളിൽ ഞാൻ 250 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചിരുന്നു.
ഐഥോനോഹൊറിയിലെ ഞങ്ങളുടെ ശുശ്രൂഷ
1946-ൽ ഞങ്ങൾ സന്ദർശിച്ച ഗ്രാമങ്ങളിൽ ഒന്നായിരുന്നു മലമുകളിൽ സ്ഥിതിചെയ്യുന്ന ഐഥോനോഹൊറി. ബൈബിൾ സന്ദേശത്തിൽ താത്പര്യമുള്ള രണ്ടു പുരുഷന്മാർ ആ ഗ്രാമത്തിലുണ്ടെന്ന് അവിടെ ഒരാൾ ഞങ്ങളോടു പറഞ്ഞു. എന്നാൽ, അയൽക്കാരെ പേടിച്ച് അവരുടെ അടുക്കലേക്കു ഞങ്ങളെ കൊണ്ടുപോകാൻ അയാൾ തയ്യാറായില്ല. ഞങ്ങൾ ഒരു വിധത്തിൽ അവരുടെ വീടു കണ്ടുപിടിച്ചു, അവർ ഞങ്ങളെ ആതിഥ്യമര്യാദയോടെ കൈക്കൊണ്ടു. ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ സ്വീകരണമുറി ആളുകളെ കൊണ്ടു നിറഞ്ഞു! അവരെല്ലാം ആ വീട്ടുകാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നു. ഞങ്ങൾ പറയുന്നത് അവർ അതീവ ശ്രദ്ധയോടെ കേട്ടിരുന്നത് എന്നെ അത്യന്തം ആശ്ചര്യപ്പെടുത്തി. യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരാൻ അവർ ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു എന്നു ഞങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കി. എന്നാൽ, ജർമൻ അധിനിവേശ സമയത്ത് ആ പ്രദേശത്തു സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. അവരുടെ താത്പര്യത്തെ ഉണർത്തിയത് എന്തായിരുന്നു?
ആ രണ്ടു കുടുംബനാഥന്മാരും സ്ഥലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാർ ആയിരുന്നു. അവർ ആ പ്രദേശത്തുള്ളവരുടെ ഇടയിൽ കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പ്രചരിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ, വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച ഗവൺമെന്റ് എന്ന പുസ്തകം അവർക്കു ലഭിക്കാൻ ഇടയായി. അതു വായിച്ചതോടെ, പൂർണവും നീതിനിഷ്ഠവുമായ ഗവൺമെന്റിനുള്ള ഏക പ്രത്യാശ ദൈവരാജ്യമാണെന്ന് അവർക്കു ബോധ്യപ്പെട്ടിരുന്നു.
ഞങ്ങൾ അവരോടും അവിടെ കൂടിയിരുന്ന മറ്റുള്ളവരോടും അർധരാത്രിവരെ സംസാരിച്ചിരുന്നു. തങ്ങളുടെ ചോദ്യങ്ങൾക്കു ലഭിച്ച ബൈബിൾ അധിഷ്ഠിത ഉത്തരങ്ങൾ അവരെ തികച്ചും തൃപ്തരാക്കി. എന്നാൽ, താമസിയാതെ ആ ഗ്രാമത്തിലുള്ള കമ്മ്യൂണിസ്റ്റുകാർ എന്നെ കൊല്ലാൻ പദ്ധതിയൊരുക്കി. തങ്ങളുടെ മുൻ നേതാക്കന്മാരെ മതപരിവർത്തനം ചെയ്യിക്കാൻ ഞാൻ ശ്രമിക്കുന്നതായി അവർ ആരോപിച്ചു. ഗ്രാമത്തിലെ താത്പര്യക്കാരെ കുറിച്ച് എന്നോടു പറഞ്ഞ ആ വ്യക്തിയും അന്നു രാത്രിയിൽ അവിടെ സന്നിഹിതനായിരുന്നു. ഒടുവിൽ അദ്ദേഹം ബൈബിൾ പരിജ്ഞാനത്തിൽ പുരോഗമിച്ചു സ്നാപനമേറ്റു. പിന്നീട് അദ്ദേഹം ഒരു ക്രിസ്തീയ മൂപ്പനും ആയിത്തീർന്നു.
കൊടിയ പീഡനം
ആ മുൻ കമ്മ്യൂണിസ്റ്റുകാരെ സന്ദർശിച്ച് അധികനാൾ കഴിയുന്നതിനു മുമ്പ്, ഞങ്ങൾ യോഗം നടത്തിക്കൊണ്ടിരുന്ന ഒരു വീട്ടിലേക്കു രണ്ടു പൊലീസുകാർ പാഞ്ഞുകയറി. ഞാനുൾപ്പെടെ നാലുപേരെ തോക്കു ചൂണ്ടി അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവെച്ച്, ഗ്രീക്ക് ഓർത്തഡോക്സ് വൈദികരുമായി വളരെ അടുപ്പമുണ്ടായിരുന്ന പൊലീസ് ലെഫ്റ്റനന്റ് ഞങ്ങളോടു ക്രുദ്ധിച്ചു സംസാരിച്ചു. ഒടുവിൽ അദ്ദേഹം ചോദിച്ചു, “ഞാൻ നിങ്ങളെ എന്തു ചെയ്യണം?”
“നമുക്ക് അവരെ ശരിക്കൊന്നു കൈകാര്യം ചെയ്യാം!” ഞങ്ങളുടെ പിന്നിൽ നിന്ന പൊലീസുകാർ ഒരേ സ്വരത്തിൽ പറഞ്ഞു.
അപ്പോഴേക്കും രാത്രിയേറെ ചെന്നിരുന്നു. ഞങ്ങളെ ബേസ്മെന്റിൽ ഇട്ടു പൂട്ടിയിട്ട് പൊലീസുകാർ അടുത്തുള്ള
ഒരു ഷാപ്പിലേക്കു പോയി. മദ്യപിച്ചു ലക്കുകെട്ടു മടങ്ങിയെത്തിയ അവർ എന്നെ മുകളിലത്തെ നിലയിലേക്കു കൊണ്ടുപോയി.അവരുടെ മട്ടു കണ്ടപ്പോൾ എന്നെ ഏതൊരു നിമിഷവും കൊന്നുകളഞ്ഞേക്കും എന്നു ഞാൻ കരുതി. എന്തു യാതന നേരിടേണ്ടിവന്നാലും അതു സഹിക്കാനുള്ള കരുത്തിനായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. അവർ കുറെ തടിക്കഷണങ്ങൾ എടുത്ത് ആരംഭത്തിൽ വിവരിച്ചതുപോലെ എന്റെ കാൽവെള്ളയിൽ അടിക്കാൻ തുടങ്ങി. അതിനു ശേഷം അവർ എന്റെ മുഴു ശരീരവും തല്ലിച്ചതച്ചു. എന്നിട്ട് അവർ വീണ്ടും എന്നെ ബേസ്മെന്റിൽ കൊണ്ടിട്ടു. അടുത്തതായി അവർ വേറൊരാളെ കൊണ്ടുപോയി അദ്ദേഹത്തെയും അടിക്കാൻ തുടങ്ങി.
അതിനിടയിൽ, വരാനിരിക്കുന്ന പരിശോധനയെ നേരിടാൻ യുവ സാക്ഷികളായിരുന്ന മറ്റു രണ്ടു പേരെയും സജ്ജരാക്കുന്നതിനു ഞാൻ സമയം തക്കത്തിൽ വിനിയോഗിച്ചു. എന്നാൽ, അവർക്കു പകരം എന്നെയാണു പൊലീസുകാർ വീണ്ടും മുകളിലത്തെ നിലയിലേക്കു കൊണ്ടുപോയത്. അവർ എന്റെ വസ്ത്രം ഊരിമാറ്റി. ഒരു മണിക്കൂറോളം അഞ്ചു പൊലീസുകാർ എന്നെ അടിച്ചു, സൈനിക ബൂട്ടുകൾ അണിഞ്ഞിരുന്ന അവർ എന്റെ തലയിൽ ചവിട്ടുകയും ചെയ്തു. എന്നിട്ട് അവർ എന്നെ ബേസ്മെന്റിലേക്കു നടകളിലൂടെ തള്ളിയിട്ടു. 12 മണിക്കൂറോളം ബോധരഹിതനായി ഞാൻ അവിടെ കിടന്നു.
ഒടുവിൽ ഞങ്ങളെ മോചിപ്പിച്ചു. ഗ്രാമത്തിലെ ഒരു കുടുംബം ആ രാത്രി തങ്ങാൻ ഞങ്ങൾക്കു സൗകര്യമേകുകയും ഞങ്ങളെ ശുശ്രൂഷിക്കുകയും ചെയ്തു. പിറ്റേന്നു ഞങ്ങൾ വീട്ടിലേക്കു യാത്ര തിരിച്ചു. ഞങ്ങൾ അടികൊണ്ടു ക്ഷീണിച്ച് അവശരായിരുന്നതിനാൽ വീട്ടിൽ എത്താൻ എട്ടു മണിക്കൂർ എടുത്തു, സാധാരണഗതിയിൽ രണ്ടു മണിക്കൂർ കൊണ്ടു നടന്നെത്താവുന്ന ദൂരമേ ഉള്ളൂ. അടികൊണ്ടു ശരീരം മൊത്തം നീരുവെച്ചിരുന്നതിനാൽ മാരിയാൻതിക്ക് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
എതിർപ്പിന്മധ്യേ പുരോഗതി
1949-ൽ ഞങ്ങൾ തെസ്സലൊനീക്യയിലേക്കു താമസം മാറ്റി. ആഭ്യന്തരയുദ്ധം അപ്പോഴും അവസാനിച്ചിരുന്നില്ല. ആ നഗരത്തിലെ നാലു സഭകളിൽ ഒന്നിൽ സഹായ സഭാ ദാസനായി സേവിക്കാൻ എനിക്കു നിയമനം ലഭിച്ചു. നല്ല പുരോഗതി ഉണ്ടായിരുന്നതിനാൽ ഒരു വർഷത്തിനു ശേഷം ഞങ്ങളുടെ സഭ രണ്ടായി. അപ്പോൾ സഭാ ദാസൻ അഥവാ അധ്യക്ഷ മേൽവിചാരകൻ ആയി എനിക്കു നിയമനം ലഭിച്ചു. ഒരു വർഷത്തിനു ശേഷം ആ പുതിയ സഭയും രണ്ടായി. അങ്ങനെ വീണ്ടുമൊരു സഭ രൂപീകൃതമായി!
തെസ്സലൊനീക്യയിലെ യഹോവയുടെ സാക്ഷികളുടെ വളർച്ചയിൽ എതിരാളികൾ കോപാകുലരായി. 1952-ൽ ഒരു ദിവസം സേവനത്തിനു ശേഷം തിരിച്ചെത്തിയ ഞാൻ കണ്ടത് എന്റെ വീട് കത്തി ചാമ്പലായിരിക്കുന്നതാണ്. മാരിയാൻതി ജീവനുംകൊണ്ടു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അന്നു വൈകുന്നേരം യോഗങ്ങൾക്കു ചെന്നപ്പോൾ മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്നതിന്റെ കാരണം ഞങ്ങൾക്കു വിശദീകരിക്കേണ്ടിവന്നു—ധരിച്ചിരുന്ന വസ്ത്രമൊഴികെ മറ്റെല്ലാം ഞങ്ങൾക്കു നഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ വളരെ അനുകമ്പയുള്ളവരും സഹായമനസ്കരും ആയിരുന്നു.
1961-ൽ എനിക്കു സഞ്ചാര വേലയ്ക്കുള്ള നിയമനം ലഭിച്ചു. വാരംതോറും വ്യത്യസ്ത സഭകൾ സന്ദർശിച്ചു സഹോദരങ്ങളെ ആത്മീയമായി ബലപ്പെടുത്തുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. തുടർന്നു വന്ന 27 വർഷം ഞാനും മാരിയാൻതിയും മാസിഡോണിയ, ത്രേസ്, തെസലി എന്നിവിടങ്ങളിലെ സർക്കിട്ടുകളും ഡിസ്ട്രിക്റ്റുകളും സന്ദർശിച്ചു. 1948-ൽ എന്റെ പ്രിയപ്പെട്ട മാരിയാൻതിക്കു കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും അവൾ വിശ്വാസത്തിന്റെ പല പരിശോധനകളും സഹിച്ച് എന്നോടൊപ്പം ധൈര്യപൂർവം സേവനമനുഷ്ഠിച്ചു. അവൾക്കും പല തവണ അറസ്റ്റും വിചാരണയും ജയിൽവാസവുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട്, അവളുടെ ആരോഗ്യസ്ഥിതി വഷളാകാൻ തുടങ്ങി. അങ്ങനെ ദീർഘകാലം കാൻസറുമായി മല്ലിട്ടശേഷം, 1988-ൽ അവൾ മരണമടഞ്ഞു.
അതേ വർഷം തെസ്സലൊനീക്യയിൽ പ്രത്യേക പയനിയറായി എനിക്കു നിയമനം ലഭിച്ചു. ഇന്ന്, യഹോവയുടെ സേവനത്തിൽ 56-ലധികം വർഷം ചെലവഴിച്ചശേഷം, എനിക്ക് ഇപ്പോഴും കഠിനാധ്വാനം ചെയ്യാനും ശുശ്രൂഷയുടെ എല്ലാ മണ്ഡലങ്ങളിലും പങ്കെടുക്കാനും സാധിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഓരോ വാരത്തിലും 20-ഓളം ബൈബിൾ അധ്യയനങ്ങൾ നടത്താൻ എനിക്കു കഴിഞ്ഞിട്ടുണ്ട്.
യഹോവയുടെ പുതിയ ലോകത്തിൽ—അതേ, ആയിരം വർഷക്കാലം—തുടരാൻ പോകുന്ന വലിയ പഠിപ്പിക്കൽ പരിപാടിയുടെ തുടക്കത്തിലാണു നാം എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. അതേസമയംതന്നെ, വേലയിൽ മന്ദീഭാവം കാട്ടാനോ അതു പിന്നത്തേക്കു നീട്ടിവെക്കാനോ ജഡിക അഭിലാഷങ്ങൾ നിവർത്തിക്കാനോ ഉള്ള സമയമല്ല ഇതെന്നും എനിക്കറിയാം. തുടക്കത്തിലേ ഞാൻ ചെയ്ത വാഗ്ദാനം നിവർത്തിക്കാൻ എന്നെ സഹായിച്ചതിനു ഞാൻ ദൈവത്തിനു നന്ദി പറയുന്നു. കാരണം, യഹോവ തീർച്ചയായും നമ്മുടെ മുഴു ഹൃദയത്തോടും ഭക്തിയോടും കൂടിയുള്ള സേവനം അർഹിക്കുന്നു.
[24-ാം പേജിലെ ചിത്രം]
സുവിശേഷവേല നിരോധിക്കപ്പെട്ടിരുന്നപ്പോൾ ഒരു പ്രസംഗം നടത്തുന്നു
[25-ാം പേജിലെ ചിത്രം]
മാരിയാൻ തിയോടൊപ്പം