‘സമാധാനത്തിനുള്ള കാലം’ ആസന്നം!
‘സമാധാനത്തിനുള്ള കാലം’ ആസന്നം!
‘എല്ലാറ്റിനും ഒരു സമയമുണ്ട് [“നിയമിത സമയമുണ്ട്,” NW], . . . യുദ്ധത്തിന്നു ഒരു കാലവും, സമാധാനത്തിന്നു ഒരു കാലവും ഉണ്ട്.’—സഭാപ്രസംഗി 3:1, 8.
1. യുദ്ധത്തോടും സമാധാനത്തോടും ഉള്ള ബന്ധത്തിൽ 20-ാം നൂറ്റാണ്ടിൽ എന്തു വിരോധാഭാസമാണ് ഉണ്ടായിട്ടുള്ളത്?
മിക്ക ആളുകളും സമാധാനത്തിനായി വാഞ്ഛിക്കുന്നതിനു മതിയായ കാരണമുണ്ട്. ചരിത്രത്തിലെ മറ്റേതൊരു നൂറ്റാണ്ടിനെയും അപേക്ഷിച്ച് സമാധാനം ഏറ്റവും കുറവായിരുന്നിട്ടുള്ളത് 20-ാം നൂറ്റാണ്ടിലാണ്. അത് ഒരു വിരോധാഭാസമാണ്. കാരണം, സമാധാനം ഉറപ്പു വരുത്താൻ ഇത്രയധികം ശ്രമങ്ങൾ മുമ്പ് ഒരിക്കലും നടന്നിട്ടില്ല. 1920-ൽ സർവരാജ്യ സഖ്യം രൂപീകൃതമായി. 1928-ൽ, “ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സമാധാന ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും മഹത്തായത്” എന്ന് ഒരു പരാമർശ ഗ്രന്ഥം വിശേഷിപ്പിച്ച കെല്ലോഗ്-ബ്രിയൻഡ് ഉടമ്പടിയെ, ‘യുദ്ധം ദേശീയ നയത്തിന്റെ ഒരു ഘടകമല്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിലെ മിക്കവാറും എല്ലാ രാഷ്ട്രങ്ങളും’ പിന്താങ്ങി. പിന്നീട് 1945-ൽ, നിഷ്ക്രിയമായിത്തീർന്ന സർവരാജ്യ സഖ്യത്തിന്റെ സ്ഥാനത്ത് ഐക്യരാഷ്ട്ര സംഘടന സ്ഥാപിതമായി.
2. ഐക്യരാഷ്ട്രങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം എന്താണ്, അത് എത്രമാത്രം വിജയിച്ചിട്ടുണ്ട്?
2 സഖ്യത്തെപ്പോലെ തന്നെ ഐക്യരാഷ്ട്രങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യം ലോക സമാധാനം ഉറപ്പുവരുത്തുകയാണ്. എന്നാൽ അതു പരിമിത വിജയമേ കൈവരിച്ചിട്ടുള്ളൂ. രണ്ടു ലോകമഹായുദ്ധങ്ങളുടെ അത്രയും വലിയ ഒരു യുദ്ധം ലോകത്തിൽ ഒരിടത്തും നടക്കുന്നില്ലെന്നതു ശരിതന്നെ. എന്നിരുന്നാലും, താരതമ്യേന ചെറിയ, ഡസൻ കണക്കിനു പോരാട്ടങ്ങൾ ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സമാധാനവും വസ്തുവകകളും മിക്കപ്പോഴും ജീവൻ തന്നെയും കവർന്നെടുക്കുന്നു. ഐക്യരാഷ്ട്രങ്ങൾക്ക് 21-ാം നൂറ്റാണ്ടിനെ ‘സമാധാനത്തിനുള്ള ഒരു കാലം’ ആക്കിമാറ്റാൻ സാധിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാകുമോ?
യഥാർഥ സമാധാനത്തിനുള്ള അടിസ്ഥാനം
3. വിദ്വേഷമുള്ളിടത്ത് യഥാർഥ സമാധാനം ഉണ്ടായിരിക്കുക സാധ്യമല്ലാത്തത് എന്തുകൊണ്ട്?
3 സഹിഷ്ണുതകൊണ്ടു മാത്രം ആളുകൾക്ക് ഇടയിലും രാഷ്ട്രങ്ങൾക്ക് ഇടയിലും സമാധാനം ഉണ്ടാകില്ല. താൻ വെറുക്കുന്ന ഒരു വ്യക്തിയുമായി വാസ്തവത്തിൽ ഒരുവനു സമാധാനത്തിൽ ആയിരിക്കാൻ കഴിയുമോ? 1 യോഹന്നാൻ 3:15 പറയുന്നത് അനുസരിച്ച് സാധ്യമല്ല. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു.” അടുത്ത കാലത്തെ ചരിത്രം തെളിയിക്കുന്നതു പോലെ രൂഢമൂലമായ വിദ്വേഷത്തിന് അക്രമ പ്രവൃത്തികൾ എളുപ്പം ഇളക്കിവിടാനാകും.
4. ആർക്കു മാത്രമേ സമാധാനം അനുഭവിക്കാൻ സാധിക്കൂ, എന്തുകൊണ്ട്?
4 യഹോവ “സമാധാനത്തിന്റെ ദൈവം” ആയതിനാൽ ദൈവത്തോടു സ്നേഹവും അവന്റെ നീതിയുള്ള തത്ത്വങ്ങളോട് ആഴമായ ആദരവും ഉള്ളവർക്കു മാത്രമേ സമാധാനം അനുഭവിക്കാൻ സാധിക്കൂ. വ്യക്തമായും, യഹോവ എല്ലാവർക്കും സമാധാനം നൽകുന്നില്ല. “ദുഷ്ടന്മാർക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു.” സമാധാനം എന്ന ഫലം ഉളവാക്കുന്ന, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ ദുഷ്ടന്മാർ തങ്ങളെ അനുവദിക്കാത്തതുകൊണ്ടാണ് അവർക്കു സമാധാനമില്ലാത്തത്.—റോമർ 15:33; യെശയ്യാവു 57:21; ഗലാത്യർ 5:22.
5. സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അചിന്തനീയം ആയിരിക്കുന്നത് എന്ത്?
5 ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നവർ വിശേഷിച്ചും 20-ാം നൂറ്റാണ്ടിൽ കൂടെക്കൂടെ ചെയ്തിട്ടുള്ളതുപോലെ, സഹമനുഷ്യരോടു യുദ്ധം ചെയ്യുന്നതു സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്. (യാക്കോബ് 4:1-4) അവർ ദൈവത്തെ തെറ്റായി പ്രതിനിധാനം ചെയ്യുന്ന പഠിപ്പിക്കലുകൾക്ക് എതിരെ യുദ്ധം ചെയ്യുന്നുവെന്നതു സത്യമാണ്. എന്നാൽ ഈ യുദ്ധം ആളുകളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അല്ലാതെ ദ്രോഹിക്കാനുള്ളതല്ല. മതപരമായ വ്യത്യാസങ്ങൾ നിമിത്തം മറ്റുള്ളവരെ പീഡിപ്പിക്കുന്നതോ ദേശീയത്വപരമായ കാരണങ്ങൾക്ക് അവരെ ശാരീരികമായി ഉപദ്രവിക്കുന്നതോ സത്യക്രിസ്ത്യാനിത്വത്തിനു നേർ വിപരീതമാണ്. “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്നാണ് പൗലൊസ് റോമിലെ ക്രിസ്ത്യാനികളെ ഉപദേശിച്ചത്.—റോമർ 12:17-19; 2 തിമൊഥെയൊസ് 2:24-26.
6. ഇന്ന് എവിടെ മാത്രമാണ് യഥാർഥ സമാധാനം കണ്ടെത്താൻ കഴിയുന്നത്?
6 ഇന്ന്, ദിവ്യ സമാധാനം യഹോവയാം ദൈവത്തിന്റെ സത്യാരാധകർക്ക് ഇടയിൽ മാത്രമേ ഉള്ളൂ. (സങ്കീർത്തനം 119:165; യെശയ്യാവു 48:18) അവർ എല്ലായിടത്തും രാഷ്ട്രീയമായി നിഷ്പക്ഷരായതിനാൽ യാതൊരു രാഷ്ട്രീയ ഭിന്നതയും അവരുടെ ഐക്യം താറുമാറാക്കുന്നില്ല. (യോഹന്നാൻ 15:19; 17:14) അവർ “ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരി”ക്കുന്നതിനാൽ യാതൊരു മത ഭിന്നതയും അവരുടെ സമാധാനത്തെ ഭീഷണിപ്പെടുത്തുന്നില്ല. (1 കൊരിന്ത്യർ 1:10) യഹോവയുടെ സാക്ഷികൾ അനുഭവിക്കുന്ന സമാധാനം ഒരു ആധുനികകാല അത്ഭുതമാണ്. “ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും” എന്ന തന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ ദൈവം കൈവരുത്തിയിരിക്കുന്നതാണ് ആ സമാധാനം.—യെശയ്യാവു 60:17; എബ്രായർ 8:10.
എന്തുകൊണ്ട് ‘യുദ്ധത്തിനുള്ള ഒരു കാലം’?
7, 8. (എ) യഹോവയുടെ സാക്ഷികൾക്ക് സമാധാന പൂർണമായ ഒരു നിലയുണ്ടെങ്കിലും അവർ ഈ കാലത്തെ എങ്ങനെ വീക്ഷിക്കുന്നു? (ബി) ഒരു ക്രിസ്ത്യാനിയുടെ മുഖ്യ യുദ്ധായുധം ഏതാണ്?
7 യഹോവയുടെ സാക്ഷികൾക്കു സമാധാന പൂർണമായ ഒരു നിലയുണ്ടെങ്കിലും അവർ ഈ കാലത്തെ മുഖ്യമായും ‘യുദ്ധത്തിനുള്ള ഒരു കാല’മായി വീക്ഷിക്കുന്നു. തീർച്ചയായും അക്ഷരീയ യുദ്ധമല്ല. കാരണം സായുധ ശക്തി ഉപയോഗിച്ചു ബൈബിൾ സന്ദേശം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ‘ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ’ എന്ന ദൈവത്തിന്റെ ക്ഷണത്തിനു വിരുദ്ധമായിരിക്കും. (വെളിപ്പാടു 22:17) യാതൊരു നിർബന്ധിത മതപരിവർത്തനവുമില്ല! യഹോവയുടെ സാക്ഷികൾ നടത്തുന്ന യുദ്ധം കർശനമായും ആത്മീയമാണ്. പൗലൊസ് എഴുതി: “പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല, നേരെമറിച്ച് കോട്ടകളെ തകർത്തുകളയുവാൻതക്ക ദിവ്യ ശക്തിയുള്ളവയാണ്.”—2 കൊരിന്ത്യർ 10:4, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം (NIBV); 1 തിമൊഥെയൊസ് 1:18.
8 ‘നമ്മുടെ പോരിന്റെ ആയുധങ്ങ’ളിൽ മുഖ്യം ‘ദൈവവചനം എന്ന ആത്മാവിന്റെ വാൾ’ ആണ്. (എഫെസ്യർ 6:17) ഈ വാൾ ശക്തിയേറിയതാണ്. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രായർ 4:12) ഈ വാൾ ഉപയോഗിച്ച് ക്രിസ്ത്യാനികൾക്കു “ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഉന്നതഭാവങ്ങളെയും” തകർത്തുകളയാൻ സാധിക്കുന്നു. (2 കൊരിന്ത്യർ 10:5, NIBV) വ്യാജ പഠിപ്പിക്കലുകളെയും ഉപദ്രവകരമായ നടപടികളെയും ദിവ്യ ജ്ഞാനത്തിനു പകരം മാനുഷ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്ന തത്ത്വചിന്തകളെയും വെളിച്ചത്തു കൊണ്ടുവരാൻ അത് അവരെ പ്രാപ്തരാക്കുന്നു.—1 കൊരിന്ത്യർ 2:6-8; എഫെസ്യർ 6:11-13.
9. പാപപൂർണമായ ജഡത്തിന് എതിരെയുള്ള നമ്മുടെ യുദ്ധത്തിനു തെല്ലും അയവു വരുത്താൻ പാടില്ലാത്തത് എന്തുകൊണ്ട്?
9 പാപപൂർണമായ ജഡത്തിന് എതിരായ പോരാട്ടമാണു മറ്റൊരു ആത്മീയ യുദ്ധം. ക്രിസ്ത്യാനികൾ ഇക്കാര്യത്തിൽ പൗലൊസിന്റെ മാതൃക പിൻപറ്റുന്നു. അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “മററുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:27) “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ” എന്നു കൊലൊസ്സ്യയിലെ ക്രിസ്ത്യാനികൾ ഉദ്ബോധിപ്പിക്കപ്പെട്ടു. (കൊലൊസ്സ്യർ 3:5) ‘വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടാൻ’ ബൈബിൾ എഴുത്തുകാരനായ യൂദാ ക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചു. (യൂദാ 3) എന്തുകൊണ്ടാണ് നാം അങ്ങനെ ചെയ്യേണ്ടത്? പൗലൊസ് ഉത്തരം നൽകുന്നു: “നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.” (റോമർ 8:13) ഈ വ്യക്തമായ പ്രസ്താവനയുടെ വീക്ഷണത്തിൽ, നമ്മുടെ മോശമായ ചായ്വുകൾക്ക് എതിരെയുള്ള നമ്മുടെ യുദ്ധത്തിനു തെല്ലും അയവു വരുത്താൻ പാടില്ല.
10. 1914-ൽ എന്തു സംഭവിച്ചു, അതു സമീപ ഭാവിയിൽ എന്തിലേക്കു നയിക്കും?
10 ഈ കാലത്തെ യുദ്ധത്തിനുള്ള ഒരു കാലമായി വീക്ഷിക്കാൻ കഴിയുന്നതിന്റെ മറ്റൊരു കാരണം ‘നമ്മുടെ ദൈവത്തിന്റെ പ്രതികാര ദിവസം’ ആസന്നമാണെന്നുള്ളതാണ്. (യെശയ്യാവു 61:1, 2) 1914-ൽ, മിശിഹൈക രാജ്യം സ്ഥാപിക്കാനും സാത്താന്റെ ലോകത്തിന് എതിരായി സജീവ യുദ്ധം നടത്താൻ അതിനെ അധികാരപ്പെടുത്താനുമുള്ള യഹോവയുടെ നിയമിത സമയം വന്നെത്തി. ദിവ്യ ഇടപെടൽ കൂടാതെ ഭരണ പരീക്ഷണം നടത്താൻ മനുഷ്യർക്ക് അനുവദിച്ചിരുന്ന കാലം അന്ന് അവസാനിച്ചു. ദൈവത്തിന്റെ മിശിഹൈക ഭരണാധിപനെ അംഗീകരിക്കുന്നതിനു പകരം ഒന്നാം നൂറ്റാണ്ടിലെപ്പോലെ തന്നെ ഇന്നും മിക്ക ആളുകളും അവനെ തള്ളിക്കളയുന്നു. (പ്രവൃത്തികൾ 28:27) ദൈവ രാജ്യത്തോടുള്ള എതിർപ്പിന്റെ ഫലമായി തന്റെ “ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ട് പുറപ്പെടാൻ’ ക്രിസ്തു നിർബന്ധിതനായിരിക്കുന്നു. (സങ്കീർത്തനം 110:2, NW) സന്തോഷകരമെന്നു പറയട്ടെ, അവൻ “തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കു”മെന്നു വെളിപ്പാടു 6:2 (NW) വാഗ്ദാനം ചെയ്യുന്നു. അവൻ അതു ചെയ്യുന്നത് “എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള”, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തി”ൽ വെച്ച് ആയിരിക്കും.—വെളിപ്പാടു 16:14, 16.
‘സംസാരിപ്പാനുള്ള കാലം’ ഇപ്പോൾ
11. യഹോവ അങ്ങേയറ്റം ക്ഷമ കാണിച്ചിരിക്കുന്നത് എന്തുകൊണ്ട്, എന്നാൽ ഒടുവിൽ എന്തു സംഭവിക്കും?
11 മാനുഷ കാര്യാദികളിലെ ഒരു വഴിത്തിരിവ് ആയിരുന്ന 1914 കഴിഞ്ഞ് ഇപ്പോൾ 85 വർഷം പിന്നിട്ടിരിക്കുന്നു. യഹോവ മനുഷ്യവർഗത്തോട് അങ്ങേയറ്റം ക്ഷമ കാണിച്ചിരിക്കുന്നു. തന്റെ സാക്ഷികൾ സാഹചര്യത്തിന്റെ അടിയന്തിരത പൂർണമായും മനസ്സിലാക്കാൻ അവൻ ഇടയാക്കിയിരിക്കുന്നു. കോടിക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാണ്. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ [യഹോവ] ഇച്ഛി”ക്കുന്നതിനാൽ ഈ ജനകോടികൾക്കു മുന്നറിയിപ്പു നൽകേണ്ടതുണ്ട്. (2 പത്രൊസ് 3:9) എന്നിരുന്നാലും, “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനാ”കുന്ന ദിനം ഉടൻ വന്നെത്തും. അപ്പോൾ, ദൈവരാജ്യത്തിന്റെ സുവാർത്ത മനപ്പൂർവം നിരസിച്ച സകലരും “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും” യേശു നൽകുന്ന “പ്രതികാരം” അനുഭവിക്കും.—2 തെസ്സലൊനീക്യർ 1:6-9.
12. (എ) “മഹോപദ്രവം” എന്ന് ആരംഭിച്ചേക്കും എന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ നിരർഥകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഇതിനോടുള്ള ബന്ധത്തിൽ ഏത് അപകടത്തെ കുറിച്ച് യേശു മുന്നറിയിപ്പു നൽകി?
12 ദൈവത്തിന്റെ ക്ഷമ എന്നായിരിക്കും അവസാനിക്കുക? “മഹോപദ്രവം” (NW) എന്ന് ആരംഭിച്ചേക്കാം എന്നതിനെ കുറിച്ചുള്ള ഏതൊരു ഊഹാപോഹവും നിരർഥകമാണ്. ‘ആ നാളും നാഴികയും ആരും അറിയുന്നില്ല’ എന്ന് യേശു വ്യക്തമായി പറഞ്ഞു. അതേസമയം അവൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. . . . നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു . . . ഒരുങ്ങിയിരിപ്പിൻ.” (മത്തായി 24:21, 36, 42, 44) വ്യക്തമായി പറഞ്ഞാൽ, ഓരോ ദിവസവും നാം ലോക സംഭവങ്ങളെ കുറിച്ചു ജാഗ്രതയുള്ളവരും മഹോപദ്രവത്തിന്റെ പൊട്ടിപ്പുറപ്പെടൽ സംബന്ധിച്ചു ശ്രദ്ധയുള്ളവരും ആയിരിക്കണമെന്ന് ഇത് അർഥമാക്കുന്നു. (1 തെസ്സലൊനീക്യർ 5:1-5) സാധാരണ ജീവിതം എന്ന് വിളിക്കപ്പെടുന്ന ഒരു ജീവിതം നയിച്ചുകൊണ്ട്, കാര്യങ്ങൾ എങ്ങനെ വികാസം പ്രാപിച്ചേക്കാം എന്നു കാണാൻ കാത്തിരുന്നുകൊണ്ട്, ഒരു മെല്ലെപ്പോക്കു നയം സ്വീകരിക്കാമെന്നു കരുതുന്നത് എത്ര അപകടകരമാണ്! യേശു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ് 21:34, 35) ഇക്കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും: ഇപ്പോൾ യഹോവയുടെ “നാലു ദൂതന്മാർ” തടഞ്ഞു നിറുത്തുന്ന നാശത്തിന്റെ “നാലു കാററു”കൾ എന്നും തടഞ്ഞു നിറുത്തപ്പെടില്ല.—വെളിപ്പാടു 7:1-3.
13. ഏകദേശം 60 ലക്ഷം ആളുകൾ എന്തു തിരിച്ചറിഞ്ഞിരിക്കുന്നു?
13 കണക്കുതീർപ്പിനുള്ള ദിനം അതിവേഗം അടുത്തു വരുന്നതിനാൽ, “സംസാരിപ്പാൻ ഒരു കാലം” ഉണ്ടെന്നുള്ള ശലോമോന്റെ വാക്കുകൾക്ക് പ്രത്യേക അർഥമുണ്ട്. (സഭാപ്രസംഗി 3:7) ഇതു സംസാരിക്കാനുള്ള കാലമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഏകദേശം 60 ലക്ഷം യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ രാജത്വത്തിന്റെ മഹത്ത്വത്തെ കുറിച്ച് ഉത്സാഹപൂർവം സംസാരിക്കുകയും അവന്റെ പ്രതികാര ദിവസത്തെ കുറിച്ചു മുന്നറിയിപ്പു മുഴക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ഈ സേനാദിവസത്തിൽ അവർ തങ്ങളെത്തന്നെ സ്വമേധയാ അതിനായി അർപ്പിക്കുന്നു.—സങ്കീർത്തനം 110:3; 145:10-12.
“സമാധാനം ഇല്ലാതെയിരിക്കെ സമാധാനം” എന്നു പറയുന്നവർ
14. പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ ഏതു വ്യാജ പ്രവാചകന്മാർ ഉണ്ടായിരുന്നു?
14 പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ ദൈവത്തിന്റെ പ്രവാചകന്മാരായ യിരെമ്യാവും യെഹെസ്കേലും, ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ടുള്ള യെരൂശലേമിന്റെ വഴിപിഴച്ച ഗതി നിമിത്തം അതിന് എതിരെ ദിവ്യ ന്യായവിധി സന്ദേശങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖരും സ്വാധീനമുള്ളവരും ആയിരുന്ന മത നേതാക്കന്മാർ ദൈവത്തിന്റെ സന്ദേശവാഹകരോടു വിയോജിച്ചെങ്കിലും അവർ മുൻകൂട്ടി പറഞ്ഞ നാശം പൊ.യു.മു. 607-ൽ സംഭവിച്ചു. ‘സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു [ദൈവ] ജനത്തെ ചതിച്ച’ ആ മത നേതാക്കന്മാർ “ബുദ്ധികെട്ട പ്രവാചകന്മാർ” ആണെന്നു തെളിഞ്ഞു.—യെഹെസ്കേൽ 13:1-16; യിരെമ്യാവു 6:14, 15; 8:8-12.
15. സമാന വ്യാജ പ്രവാചകന്മാർ ഇന്നുണ്ടോ? വിശദീകരിക്കുക.
15 ആ കാലത്തെ “ബുദ്ധികെട്ട പ്രവാചകന്മാ”രെപ്പോലെ, ഇന്നത്തെ മിക്ക മത നേതാക്കന്മാരും ദൈവത്തിന്റെ ആഗതമാകുന്ന ന്യായവിധി ദിവസത്തെ കുറിച്ച് ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ പരാജയപ്പെടുന്നു. പകരം, രാഷ്ട്രീയ സംഘങ്ങൾ ആത്യന്തികമായി സമാധാനവും സുരക്ഷിതത്ത്വവും കൈവരുത്തുമെന്ന ശുഭാപ്തി വിശ്വാസത്തിനു നിറം കൊടുക്കാൻ അവർ ശ്രമിക്കുന്നു. ദൈവത്തെക്കാൾ അധികം മനുഷ്യരെ പ്രീതിപ്പെടുത്താൻ താത്പര്യപ്പെടുന്ന അവർ, ദൈവരാജ്യം സ്ഥാപിതം ആയിരിക്കുന്നുവെന്നും മിശിഹൈക രാജാവ് ഉടൻതന്നെ തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കുമെന്നും വിശദീകരിക്കുന്നതിനു പകരം തങ്ങളുടെ ഇടവകാംഗങ്ങളോട് അവർ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പറയുന്നു. (ദാനീയേൽ 2:44; 2 തിമൊഥെയൊസ് 4:3, 4; വെളിപ്പാടു 6:2) വ്യാജ പ്രവാചകന്മാരെ പോലെ അവരും “സമാധാനം ഇല്ലാതെയിരിക്കെ സമാധാന”ത്തെ കുറിച്ച് പറയുന്നു. എന്നാൽ അവർ ആരെ തെറ്റായി പ്രതിനിധീകരിക്കുകയും ആരുടെ നാമത്തിന്മേൽ എണ്ണിയാൽ ഒടുങ്ങാത്ത നിന്ദ വരുത്തുകയും ചെയ്തിരിക്കുന്നുവോ ആ ഒരുവന്റെ ക്രോധത്തെ അവർ നേരിടേണ്ടി വരുമ്പോൾ സമാധാനം സംബന്ധിച്ച അവരുടെ ബോധ്യം പെട്ടെന്നുതന്നെ ഒരു അപ്രതീക്ഷിത ഭീതിയായി മാറും. ബൈബിളിൽ ഒരു അധാർമിക സ്ത്രീയായി വർണിച്ചിരിക്കുന്ന വ്യാജ മത ലോക സാമ്രാജ്യത്തിലെ നേതാക്കന്മാർക്ക് സമാധാനത്തെ കുറിച്ചുള്ള വഴിതെറ്റിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുമ്പോൾതന്നെ മരണകരമായ പ്രഹരമേൽക്കും.—വെളിപ്പാടു 18:7, 8.
16. (എ) യഹോവയുടെ സാക്ഷികൾ ആരായി തിരിച്ചറിയിക്കപ്പെടുന്നു? (ബി) “സമാധാനം ഇല്ലാതെയിരിക്കെ സമാധാനം” എന്നു പറയുന്നവരിൽ നിന്ന് അവർ എപ്രകാരം വ്യത്യസ്തരായിരിക്കുന്നു?
16 പ്രമുഖരും സ്വാധീന ശക്തിയുള്ളവരുമായ ബഹുഭൂരിപക്ഷം നേതാക്കന്മാരും സമാധാനത്തെ കുറിച്ചുള്ള തങ്ങളുടെ കപട വാഗ്ദാനങ്ങൾ തുടരുന്നത്, യഥാർഥ സമാധാനത്തെ കുറിച്ചുള്ള ദൈവിക വാഗ്ദാനത്തിൽ വിശ്വസിക്കുന്നവരുടെ ബോധ്യത്തെ ഉലയ്ക്കുന്നില്ല. യഹോവയുടെ സാക്ഷികൾ ദൈവവചനത്തിന്റെ വിശ്വസ്ത വക്താക്കളും വ്യാജ മതത്തിന്റെ ധീര എതിരാളികളും ദൈവരാജ്യത്തിന്റെ ഉറച്ച പിന്തുണക്കാരുമായി അറിയപ്പെടാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിൽ ഏറെയായി. സമാധാനത്തെ കുറിച്ചുള്ള ചക്കരവാക്കുകൾകൊണ്ട് ആളുകളെ മയക്കുന്നതിനു പകരം ഇതു യുദ്ധത്തിനുള്ള ഒരു സമയം ആണെന്നുള്ള യാഥാർഥ്യം സംബന്ധിച്ച് ആളുകളെ ഉണർവുള്ളവർ ആക്കാൻ അവർ ഉത്സാഹപൂർവം പരിശ്രമിക്കുന്നു.—യെശയ്യാവു 56:10-12; റോമർ 13:11, 12; 1 തെസ്സലൊനീക്യർ 5:6.
യഹോവ മൗനം ഭഞ്ജിക്കുന്നു
17. യഹോവ പെട്ടെന്നുതന്നെ മൗനം ഭഞ്ജിക്കും എന്നതിന്റെ അർഥം എന്ത്?
17 ശലോമോൻ ഇങ്ങനെയും പറഞ്ഞു: “ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും . . . ഒരു കാലം ഉണ്ടല്ലോ.” (സഭാപ്രസംഗി 3:17) അതേ, വ്യാജ മതത്തിന്റെയും തന്റെ ‘അഭിഷിക്തനു വിരോധമായി എഴുന്നേൽക്കുന്ന ഭൂമിയിലെ രാജാക്കന്മാ’രുടെയും മേൽ ന്യായവിധി നടപ്പാക്കാൻ യഹോവയ്ക്ക് ഒരു നിയമിത സമയമുണ്ട്. (സങ്കീർത്തനം 2:1-6; വെളിപ്പാടു 16:13-16) ആ സമയം വരുമ്പോൾ, യഹോവ ‘മൗന’മായിരിക്കുന്ന ദിനങ്ങൾ അവസാനിച്ചിരിക്കും. (സങ്കീർത്തനം 83:1; യെശയ്യാവു 62:1; യിരെമ്യാവു 47:6, 7) സിംഹാസനസ്ഥനായിരിക്കുന്ന തന്റെ മിശിഹൈക രാജാവായ യേശുക്രിസ്തുവിലൂടെ യഹോവ തന്റെ ശത്രുക്കൾക്കു മനസ്സിലാകുന്ന ഏക ഭാഷയിൽ “സംസാരി”ക്കും: “യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൌനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കതെക്കും. ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വററിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—യെശയ്യാവു 42:13-16.
18. ദൈവജനം പെട്ടെന്നുതന്നെ ‘മിണ്ടാതിരിക്കു’ന്നത് ഏത് അർഥത്തിൽ?
18 യഹോവ തന്റെ ദൈവത്വത്തെ പിന്താങ്ങി ‘സംസാരിക്കു’മ്പോൾ നാം നമ്മുടെ സംരക്ഷണത്തിനായി മേലാൽ സംസാരിക്കേണ്ട ആവശ്യമില്ല. അത് നമുക്കു “മിണ്ടാതിരിപ്പാ”നുള്ള സമയം ആയിരിക്കും. “ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; . . . നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷകണ്ടുകൊൾവിൻ” എന്ന വാക്കുകൾ കഴിഞ്ഞകാലങ്ങളിലെ പോലെതന്നെ ഇന്നും ദൈവ ദാസന്മാർക്കു ബാധകമാകും.—2 ദിനവൃത്താന്തം 20:17.
19. ക്രിസ്തുവിന്റെ ആത്മീയ സഹോദരന്മാർക്ക് ഉടൻതന്നെ എന്തു പദവി ഉണ്ടായിരിക്കും?
19 സാത്താനും അവന്റെ സംഘടനയ്ക്കും എന്തൊരു കടുത്ത പരാജയം! “സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതെച്ചുകളയും” എന്ന വാഗ്ദാനത്തിനു ചേർച്ചയിൽ ക്രിസ്തുവിന്റെ മഹത്വീകരിക്കപ്പെട്ട സഹോദരന്മാർ നീതിക്കുവേണ്ടി ഒരു ശ്രദ്ധേയ വിജയം കൈവരിക്കുന്നതിൽ പങ്കുപറ്റും. (റോമർ 16:20) ദീർഘകാലമായി കാത്തിരുന്ന ആ സമാധാനത്തിനുള്ള കാലം ഒടുവിൽ അടുത്തെത്തിയിരിക്കുന്നു.
20. പെട്ടെന്നുതന്നെ എന്തിനുള്ള ഒരു കാലം ആഗതമാകും?
20 യഹോവയുടെ ശക്തിയുടെ ഈ അതിബൃഹത്തായ പ്രകടനത്തെ അതിജീവിക്കുന്ന ഭൂമിയിലുള്ള സകലരുടെയും ജീവിതം എത്രമാത്രം അനുഗൃഹീതമായിരിക്കും! അതിനുശേഷം പെട്ടെന്നുതന്നെ, പുരാതന കാലത്തെ വിശ്വസ്ത സ്ത്രീപുരുഷന്മാരുടെ പുനരുത്ഥാനത്തിനുള്ള നിയമിത സമയം എത്തിച്ചേരുമ്പോൾ, അവരും ഈ അതിജീവകരോടു ചേരും. ക്രിസ്തുവിന്റെ ആയിരം വർഷ വാഴ്ച തീർച്ചയായും ‘നടുവാനും സൗഖ്യമാക്കുവാനും പണിവാനും ചിരിപ്പാനും നൃത്തംചെയ്വാനും ആലിംഗനം ചെയ്വാനും സ്നേഹിപ്പാനുമുള്ള ഒരു കാലം’ ആയിരിക്കും. അതെ, അത് എന്നേക്കും ‘സമാധാനത്തിനുള്ള ഒരു കാലം’ ആയിരിക്കും!—സഭാപ്രസംഗി 3:1-8; സങ്കീർത്തനം 29:11; 37:11; 72:7.
നിങ്ങളുടെ ഉത്തരം എന്താണ്?
□ നിലനിൽക്കുന്ന സമാധാനത്തിന്റെ അടിസ്ഥാനം എന്താണ്?
□ യഹോവയുടെ സാക്ഷികൾ ഈ കാലത്തെ ‘യുദ്ധത്തിനുള്ള ഒരു കാല’മായി വീക്ഷിക്കുന്നത് എന്തുകൊണ്ട്?
□ ദൈവജനം ‘സംസാരിക്കേണ്ടത്’ എപ്പോൾ, ‘മിണ്ടാതിരിക്കേണ്ടത്’ എപ്പോൾ?
□ യഹോവ എപ്പോൾ എങ്ങനെ മൗനം ഭഞ്ജിക്കും?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
യഹോവയ്ക്ക് ഒരു നിയമിത സമയമുണ്ട്
□ ദൈവജനത്തിന്മേൽ ഒരു ആക്രമണം നടത്തുന്നതിലേക്കു ഗോഗിനെ പ്രേരിപ്പിക്കാൻ—യെഹെസ്കേൽ 38:3, 4, 10-12
□ മഹാബാബിലോനെ നശിപ്പിക്കാൻ മാനുഷ ഭരണാധിപന്മാരുടെ ഹൃദയത്തിൽ തോന്നിക്കാൻ—വെളിപ്പാടു 17:15-17; 19:2
□ കുഞ്ഞാടിന്റെ കല്യാണം നടത്താൻ—വെളിപ്പാടു 19:6, 7
□ ഹർമഗെദോൻ യുദ്ധം തുടങ്ങാൻ—വെളിപ്പാടു 19:11-16, 19-21
□ യേശുവിന്റെ ആയിരം വർഷ വാഴ്ച ആരംഭിക്കാനായി സാത്താനെ ബന്ധിക്കാൻ—വെളിപ്പാടു 20:1-3.
ഈ സംഭവങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നത് കേവലം അവ തിരുവെഴുത്തുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ക്രമത്തിലാണ്. ഈ അഞ്ചു സംഭവങ്ങളും യഹോവ നിശ്ചയിക്കുന്ന ക്രമത്തിലും അവൻ നിശ്ചയിക്കുന്ന കൃത്യ സമയത്തും നടക്കുമെന്നു നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്.
[15-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തുവിന്റെ ആയിരം വർഷ വാഴ്ച നിശ്ചയമായും . . .
ചിരിപ്പാനും . . .
ആലിംഗനം ചെയ്വാനും . . .
സ്നേഹിക്കാനും . . .
നടുവാനും . . .
നൃത്തം ചെയ്വാനും . . .
പണിവാനും . . . ഉള്ള സമയമായിരിക്കും