വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദീർഘായുസ്സിനായുള്ള നമ്മുടെ തീവ്രാന്വേഷണം

ദീർഘായുസ്സിനായുള്ള നമ്മുടെ തീവ്രാന്വേഷണം

ദീർഘാ​യു​സ്സി​നാ​യുള്ള നമ്മുടെ തീവ്രാ​ന്വേ​ഷ​ണം

“സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പാ​യു​സ്സു​ള്ള​വ​നും കഷ്ടസമ്പൂർണ്ണ​നും ആകുന്നു. അവൻ പൂപോ​ലെ വിടർന്നു പൊഴി​ഞ്ഞു​പോ​കു​ന്നു; നിലനി​ല്‌ക്കാ​തെ നിഴൽപോ​ലെ ഓടി​പ്പോ​കു​ന്നു.”—ഇയ്യോബ്‌ 14:1, 2.

ഏകദേശം 3,500 വർഷം മുമ്പ്‌ എഴുത​പ്പെ​ട്ട​താ​ണെ​ങ്കി​ലും, ജീവി​ത​ത്തി​ന്റെ ഹ്രസ്വ​തയെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ഈ ആശയ​ത്തോട്‌ ഇന്നും ആരും​തന്നെ വിയോ​ജി​ക്കില്ല. ജീവി​ത​ത്തി​ന്റെ വസന്തകാ​ലം നുകർന്നു മതിവ​രാ​തെ വാർധ​ക്യം പ്രാപി​ച്ചു മരണമ​ട​യു​ന്ന​തിൽ ആളുകൾ ഒരിക്ക​ലും തൃപ്‌ത​രാ​യി​രു​ന്നി​ട്ടില്ല. തന്മൂലം, ആയുസ്സു വർധി​പ്പി​ക്കാ​നുള്ള നിരവധി മാർഗങ്ങൾ ചരി​ത്ര​ത്തി​ലു​ട​നീ​ളം ആളുകൾ പരീക്ഷി​ച്ചു നോക്കി​യി​ട്ടുണ്ട്‌.

ഇയ്യോ​ബി​ന്റെ നാളിൽ ഈജി​പ്‌തു​കാർ യുവത്വം നിലനിർത്തു​ന്ന​തി​നു മൃഗങ്ങ​ളു​ടെ വൃഷണങ്ങൾ ഭക്ഷിച്ചി​രു​ന്നു. പക്ഷേ, അതു യാതൊ​രു ഫലവും ചെയ്‌തില്ല. മധ്യയു​ഗ​ത്തി​ലെ രസത​ന്ത്ര​ശാ​സ്‌ത്ര​ത്തി​ന്റെ ഒരു പ്രധാന ഉദ്ദേശ്യം ആയുസ്സു വർധി​പ്പി​ക്കാ​നുള്ള ഒരു ഔഷധം ഉത്‌പാ​ദി​പ്പി​ക്കുക എന്നതാ​യി​രു​ന്നു. കൃത്രി​മ​മാ​യി ഉണ്ടാക്കിയ സ്വർണം അമർത്യ ജീവൻ പ്രദാനം ചെയ്യു​മെ​ന്നും സ്വർണം കൊണ്ടുള്ള പാത്ര​ത്തിൽ ഭക്ഷണം കഴിക്കു​ന്നത്‌ ആയുസ്സു വർധി​പ്പി​ക്കാൻ ഉതകു​മെ​ന്നും നിരവധി രസത​ന്ത്രജ്ഞർ വിശ്വ​സി​ച്ചി​രു​ന്നു. ധ്യാനം, ശ്വസന വ്യായാ​മങ്ങൾ, ഭക്ഷണ​ക്രമം എന്നിവ​യി​ലൂ​ടെ ശരീര​ത്തി​ന്റെ രാസ​പ്ര​വർത്തനം മാറ്റി​യെ​ടു​ക്കാൻ സാധി​ക്കു​മെ​ന്നും അങ്ങനെ അമർത്യത കൈവ​രി​ക്കാ​നാ​കു​മെ​ന്നും പുരാതന ചൈന​യി​ലെ താവോ മതക്കാർ വിശ്വ​സി​ച്ചി​രു​ന്നു.

യുവത്വ​ത്തി​ന്റെ നീരുറവ കണ്ടെത്താ​നുള്ള തീവ്രാ​ന്വേ​ഷ​ണ​ത്തി​നു പുകൾപെറ്റ വ്യക്തി​യാ​ണു സ്‌പാ​നീഷ്‌ പര്യ​വേ​ക്ഷ​ക​നായ ജുവാൻ പോൺസ്‌ ദെ ലിയോൺ. വസന്തകാ​ല​ത്തിൽ യുവക​ന്യ​ക​കളെ ഒരു ചെറിയ മുറി​യിൽ താമസി​പ്പിച്ച്‌, അവരുടെ ഉച്ഛ്വാ​സ​വാ​യു ഒരു കുപ്പി​യി​ലാ​ക്കി ആയുർ​ദൈർഘ്യം വർധി​പ്പി​ക്കുന്ന ഔഷധ​മാ​യി ഉപയോ​ഗി​ക്കാൻ 18-ാം നൂറ്റാ​ണ്ടി​ലെ ഒരു ഡോക്ടർ ഹെർമി​പുസ്‌ റിഡി​വി​വുസ്‌ എന്ന തന്റെ ഗ്രന്ഥത്തിൽ ശുപാർശ​ചെ​യ്‌തു. ഈ രീതി​ക​ളൊ​ന്നും യാതൊ​രു ഫലവും ചെയ്‌തി​ല്ലെന്നു പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ.

ഇന്ന്‌, ഇയ്യോ​ബി​ന്റെ പ്രസ്‌താ​വന മോശെ രേഖ​പ്പെ​ടു​ത്തി 3,500-ഓളം വർഷത്തി​നു ശേഷം, മനുഷ്യർ ചന്ദ്രനിൽ പോകു​ക​യും കാറു​ക​ളും കമ്പ്യൂ​ട്ട​റു​ക​ളും കണ്ടുപി​ടി​ക്കു​ക​യും അണുവി​നെ​യും കോശ​ത്തെ​യും കുറിച്ചു ഗവേഷണം നടത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ, അത്തരം സാങ്കേ​തിക മുന്നേ​റ്റങ്ങൾ എല്ലാം കൈവ​രി​ച്ചി​ട്ടും നാം ഇപ്പോ​ഴും ‘അല്‌പാ​യു​സ്സു​ള്ള​വ​രും കഷ്ടസമ്പൂർണ​രും’ ആണ്‌. ഈ നൂറ്റാ​ണ്ടിൽ, വികസിത രാജ്യ​ങ്ങ​ളിൽ ആയുർപ്ര​തീക്ഷ വിസ്‌മ​യാ​വ​ഹ​മാം വിധം വർധി​ച്ചി​രി​ക്കു​ന്നു എന്നതു ശരിതന്നെ. എന്നാൽ അതു മുഖ്യ​മാ​യും, നല്ല ആരോ​ഗ്യ​ത്തി​ന്റെ​യും കാര്യ​ക്ഷ​മ​മായ ശുചിത്വ നടപടി​ക​ളു​ടെ​യും മെച്ചപ്പെട്ട പോഷക ആഹാര​ത്തി​ന്റെ​യും ഫലമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 19-ാം നൂറ്റാ​ണ്ടി​ന്റെ മധ്യഘട്ടം മുതൽ 1990-കളുടെ പ്രാരം​ഭ​ഘട്ടം വരെ സ്വീഡ​നി​ലെ ശരാശരി ആയുർ​ദൈർഘ്യം പുരു​ഷ​ന്മാ​രു​ടെ കാര്യ​ത്തിൽ 40-ൽ നിന്ന്‌ 75-ഉം സ്‌ത്രീ​ക​ളു​ടെ കാര്യ​ത്തിൽ 44-ൽ നിന്ന്‌ 80-ഉം ആയി ഉയർന്നു. എന്നാൽ, ദീർഘ​കാ​ലം ജീവി​ക്കാ​നുള്ള മനുഷ്യ​ന്റെ ആഗ്രഹം സഫലമാ​യി എന്ന്‌ അത്‌ അർഥമാ​ക്കു​ന്നു​ണ്ടോ?

ഇല്ല. എന്തെന്നാൽ, ചില രാജ്യ​ങ്ങ​ളിൽ കൂടുതൽ ആളുക​ളും വൃദ്ധരാ​കു​ന്നതു വരെ ജീവി​ച്ചി​രി​ക്കു​ന്നെ​ങ്കി​ലും നൂറ്റാ​ണ്ടു​കൾക്കു മുമ്പു മോശെ എഴുതിയ വാക്കുകൾ ഇന്നും ബാധക​മാണ്‌: “ഞങ്ങളുടെ ആയുഷ്‌കാ​ലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; . . .  അതു വേഗം തീരു​ക​യും ഞങ്ങൾ പറന്നു പോക​യും ചെയ്യുന്നു.” (സങ്കീർത്തനം 90:10) സമീപ ഭാവി​യിൽ നാം ഒരു മാറ്റം കാണു​മോ? മനുഷ്യ​നു ദീർഘ കാലം ജീവി​ച്ചി​രി​ക്കാ​നാ​കു​മോ? അടുത്ത ലേഖനം ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.