വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദീർഘായുസ്സിനായുള്ള മനുഷ്യന്റെ തീവ്രാന്വേഷണം എങ്ങനെ വിജയിച്ചേക്കാം?

ദീർഘായുസ്സിനായുള്ള മനുഷ്യന്റെ തീവ്രാന്വേഷണം എങ്ങനെ വിജയിച്ചേക്കാം?

ദീർഘാ​യു​സ്സി​നാ​യുള്ള മനുഷ്യ​ന്റെ തീവ്രാ​ന്വേ​ഷണം എങ്ങനെ വിജയി​ച്ചേ​ക്കാം?

ആയുസ്സ്‌ വർധി​പ്പി​ക്കാ​നുള്ള മനുഷ്യ ശ്രമങ്ങൾ പുതിയ സഹസ്രാ​ബ്ദ​ത്തിൽ വിജയം വരിക്കും എന്നു ചിലർ പ്രത്യാ​ശി​ക്കു​ന്നു. അവരിൽ ഒരാളാണ്‌ ഡോ. റോണൾഡ്‌ ക്ലേറ്റ്‌സ്‌. മനുഷ്യ​ന്റെ ആയുർ​ദൈർഘ്യം വർധി​പ്പി​ക്കാൻ സമർപ്പി​ത​രാ​യി​രി​ക്കുന്ന ഡോക്ടർമാ​രു​ടെ​യും ശാസ്‌ത്ര​ജ്ഞ​രു​ടെ​യും സംഘട​ന​യായ അമേരി​ക്കൻ അക്കാഡമി ഓഫ്‌ ആന്റി ഏജിങ്‌ മെഡി​സി​ന്റെ പ്രസി​ഡ​ന്റാണ്‌ അദ്ദേഹം. ദീർഘ​കാ​ലം ജീവി​ക്കാൻ അദ്ദേഹ​വും സഹപ്ര​വർത്ത​ക​രും ലക്ഷ്യമി​ടു​ന്നു. “ചുരു​ങ്ങി​യത്‌ 130 വയസ്സു വരെ​യെ​ങ്കി​ലും ജീവി​ച്ചി​രി​ക്കാം എന്നാണ്‌ എന്റെ പ്രതീക്ഷ,” ഡോ. ക്ലേറ്റ്‌സ്‌ പറയുന്നു. “വാർധ​ക്യം പ്രാപി​ക്കൽ ഒഴിവാ​ക്കാ​നാ​കും എന്നു ഞങ്ങൾക്ക്‌ ഉറച്ച ബോധ്യ​മുണ്ട്‌. ഇപ്പോൾ സ്വാഭാ​വിക വാർധ​ക്യം പ്രാപി​ക്കൽ എന്നു വിളി​ക്ക​പ്പെ​ടുന്ന ശാരീ​രിക അപക്ഷയ​ത്തെ​യും രോഗ​ത്തെ​യും മന്ദഗതി​യി​ലാ​ക്കാ​നോ ഇല്ലായ്‌മ ചെയ്യാ​നോ ഒരുപക്ഷേ ശ്രദ്ധേ​യ​മാം​വി​ധം നേരെ തിരി​ച്ചാ​ക്കാ​നോ കഴിവുള്ള സാങ്കേ​തിക വിദ്യ ഇന്നു നിലവി​ലുണ്ട്‌.” ദീർഘാ​യു​സ്സി​നാ​യുള്ള തീവ്രാ​ഭി​ലാ​ഷം നിമിത്തം ഡോ. ക്ലേറ്റ്‌സ്‌ ദിവസ​വും 60-ഓളം ഗുളി​കകൾ കഴിക്കു​ന്നുണ്ട്‌.

ഹോർമോൺ ചികി​ത്സ​യും ജനിതക ശാസ്‌ത്ര​വും—പ്രത്യാ​ശ​യ്‌ക്കു വകയേ​കു​ന്നു​വോ?

പ്രത്യാശ ഉണർത്തുന്ന ഒരു മണ്ഡലമാ​ണു ഹോർമോൺ ചികിത്സ. ഡിഎച്ച്‌ഇഎ എന്ന്‌ അറിയ​പ്പെ​ടുന്ന ഹോർമോൺ ഉപയോ​ഗി​ച്ചു പരീക്ഷ​ണ​ശാ​ല​ക​ളി​ലെ മൃഗങ്ങ​ളിൽ നടത്തിയ പരീക്ഷ​ണ​ങ്ങ​ളിൽ അവയുടെ വാർധക്യ പ്രക്രിയ മന്ദീഭ​വി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു.

ചെടി​ക​ളിൽ കാണുന്ന കൈ​നെ​റ്റിൻ എന്ന ഹോർമോ​ണി​നെ കുറിച്ചു ഡെന്മാർക്കി​ലെ ഒർഹൂസ്‌ സർവക​ലാ​ശാ​ല​യിൽ പ്രവർത്തി​ക്കുന്ന പ്രൊ​ഫസർ, ഡോ. സുരേഷ്‌ രത്തൻ ഇങ്ങനെ പറയു​ന്ന​താ​യി സ്വീഡ​നി​ലെ ദിനപ​ത്ര​മായ ആഫ്‌റ്റൊൻബ്ലാ​ഡെറ്റ്‌ ഉദ്ധരിച്ചു: “കൈ​നെ​റ്റി​നിൽ വളർത്തി​യെ​ടുത്ത മനുഷ്യ ചർമ കോശ​ങ്ങൾക്ക്‌ സാധാരണ വാർധക്യ പ്രക്രി​യ​യി​ലൂ​ടെ​യുള്ള മാറ്റം ഉണ്ടാകു​ന്നി​ല്ലെന്നു ഞങ്ങളുടെ പരീക്ഷ​ണ​ശാ​ല​യിൽ നടത്തിയ പരീക്ഷ​ണങ്ങൾ കാണി​ക്കു​ന്നു. ജീവി​ത​കാ​ലം മുഴുവൻ അവ യൗവന​യു​ക്ത​മാ​യി നില​കൊ​ള്ളു​ന്നു.” പ്രസ്‌തുത ഹോർമോൺ ചികി​ത്സ​യ്‌ക്കു വിധേ​യ​മാ​ക്കുന്ന പ്രാണി​കൾ സാധാരണ ആയുസ്സി​നെ​ക്കാൾ 30 മുതൽ 40 വരെ ശതമാനം കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു.

മെല​റ്റോ​നിൻ ഹോർമോൺ ചികി​ത്സകൾ എലിക​ളു​ടെ ആയുസ്സ്‌ 25 ശതമാനം വരെ വർധി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. കൂടാതെ, എലികൾ കൂടുതൽ ചെറു​പ്പ​മാ​യും ആരോ​ഗ്യ​വും ചുറു​ചു​റു​ക്കും ഉള്ളവയാ​യും കാണ​പ്പെട്ടു.

മനുഷ്യ വളർച്ചയെ ഉദ്ദീപി​പ്പി​ക്കുന്ന ഹോർമോൺ (എച്ച്‌ജി​എച്ച്‌), ചർമത്തി​നു തിളക്ക​വും പേശി​കൾക്കു ബലവും ശക്തമായ ലൈം​ഗിക ഉത്തേജ​ന​വും സന്തോ​ഷ​ഭാ​വ​വും കൂർമ​മായ മാനസിക പ്രാപ്‌തി​യും ഒരു കൗമാ​ര​പ്രാ​യ​ക്കാ​ര​ന്റേ​തി​നു തുല്യ​മായ ഉപാപചയ പ്രവർത്ത​ന​വും പ്രദാനം ചെയ്യു​ന്ന​താ​യി അതിന്റെ വക്താക്കൾ അവകാ​ശ​പ്പെ​ടു​ന്നു.

അനേകർ ജനിതക ശാസ്‌ത്ര​ത്തി​ലേ​ക്കും ഉറ്റു​നോ​ക്കു​ന്നു. ജീനു​കൾക്കു വ്യതി​യാ​നം വരുത്തി​ക്കൊണ്ട്‌ ഉരുളൻ വിരയു​ടെ ആയുർ​ദൈർഘ്യം തങ്ങൾക്കു നിയ​ന്ത്രി​ക്കാൻ സാധി​ക്കു​മെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ കരുതു​ന്നു. വാസ്‌ത​വ​ത്തിൽ, ചില വിരകൾക്ക്‌ സാധാരണ ആയുർ​ദൈർഘ്യ​ത്തി​ന്റെ ആറിരട്ടി ആയുസ്സു നൽകു​ന്ന​തിൽ അവർ വിജയി​ച്ചി​രി​ക്കു​ന്നു. അത്‌ മനുഷ്യ​രി​ലെ സമാന​മായ ജീനുകൾ കണ്ടെത്തി അവയ്‌ക്കു വ്യതി​യാ​നം വരുത്താൻ കഴിയു​മെ​ന്നുള്ള പ്രതീക്ഷ ഉണർത്തി​യി​രി​ക്കു​ന്നു. മോൺട്രി​യോ​ളി​ലെ മക്‌ഗിൽ സർവക​ലാ​ശാ​ല​യി​ലെ ഡോക്ടർ സിഗ്‌ഫ്രിഡ്‌ ഹെക്കിമി ഇങ്ങനെ പറഞ്ഞതാ​യി ടൈം മാസിക ഉദ്ധരിച്ചു: “മനുഷ്യ​ന്റെ ആയുർ​ദൈർഘ്യം നിർണ​യി​ക്കുന്ന എല്ലാ ജീനു​ക​ളെ​യും—ഘടികാര ജീനുകൾ—നാം കണ്ടുപി​ടി​ക്കു​ന്ന​പക്ഷം ആയുസ്സു വർധി​പ്പി​ക്കും വിധം നമുക്ക്‌ അവയുടെ പ്രവർത്ത​നത്തെ കുറ​ച്ചൊ​ന്നു മന്ദീഭ​വി​പ്പി​ക്കാൻ സാധി​ക്കും.”

ടെലൊ​മിർ എന്നു വിളി​ക്ക​പ്പെ​ടുന്ന ക്രോ​മ​സോ​മി​ന്റെ അഗ്രഭാ​ഗ​ത്തിന്‌, കോശങ്ങൾ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന ഓരോ അവസര​ത്തി​ലും നീളം കുറഞ്ഞു​വ​രു​ന്നു എന്നതു ജീവശാ​സ്‌ത്ര​ജ്ഞർക്കു ദീർഘ​കാ​ല​മാ​യി അറിവു​ള്ള​താണ്‌. ഒരു ടെലൊ​മി​റിന്‌ 20 ശതമാനം നീളം കുറയു​മ്പോൾ പുനരു​ത്‌പാ​ദന പ്രാപ്‌തി നഷ്ടപ്പെട്ടു കോശം നശിക്കു​ന്നു. ടെലൊ​മി​റാസ്‌ എന്നു വിളി​ക്കുന്ന ഒരു പ്രത്യേക എൻ​സൈ​മി​നു ടെലൊ​മി​റി​ന്റെ യഥാർഥ നീളം പുനഃ​സ്ഥാ​പി​ക്കാൻ കഴിവുണ്ട്‌, അങ്ങനെ കോശ​ങ്ങൾക്കു വിഭജി​ച്ചു​കൊ​ണ്ടി​രി​ക്കാൻ കഴിയും. മിക്ക കോശ​ങ്ങ​ളി​ലും ഈ എൻസൈം അമർത്ത​പ്പെട്ട, നിഷ്‌ക്രി​യ​മായ അവസ്ഥയി​ലാണ്‌. എന്നാൽ, സജീവ ടെലൊ​മി​റാ​സി​നെ ചില കോശ​ങ്ങ​ളി​ലേക്കു വിജയ​പ്ര​ദ​മാ​യി കടത്തി​വി​ട്ട​തി​ന്റെ ഫലമായി കോശങ്ങൾ വളരു​ക​യും സാധാ​ര​ണ​യി​ലും പലയി​ര​ട്ടി​യാ​യി വിഭജി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

ഇത്‌, വാർധക്യ സഹജമായ രോഗ​ങ്ങ​ളോ​ടു പൊരു​തു​ന്ന​തി​നുള്ള വിസ്‌മ​യാ​വ​ഹ​മായ സാധ്യ​ത​കൾക്കു വഴിതു​റ​ക്കു​ന്നു എന്നു ഗവേഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ശരീര​ത്തി​ന്റെ മൂല​കോ​ശ​ങ്ങ​ളു​ടെ (ശരീര കലകളു​ടെ പുതുക്കൽ പ്രക്രി​യ​യ്‌ക്ക്‌ ഉതകുന്ന കോശങ്ങൾ) സ്ഥാനത്തു സജീവ ടെലൊ​മി​റാ​സു​കൊണ്ട്‌ “അമർത്യ​മാ​ക്ക​പ്പെട്ട” മൂല​കോ​ശങ്ങൾ സ്ഥാപി​ക്കു​ന്ന​തി​നെ കുറി​ച്ചെന്ത്‌? ഡോ. വില്യം ഹസെൽറ്റിൻ ഇങ്ങനെ പറയുന്നു: “അടുത്ത 50 വർഷക്കാ​ലം കൊണ്ടു സാവധാ​നം സാധ്യ​മാ​യി​ത്തീ​രുന്ന മാനുഷ അമർത്യ​ത​യു​ടെ സുവ്യക്ത ദൃശ്യ​മാ​ണിത്‌.”—ദ ന്യൂ​യോർക്ക്‌ ടൈംസ്‌.

നാനോ സാങ്കേ​തിക വിദ്യ​യും ക്രയോ​ണി​ക്‌സും—പരിഹാ​ര​മാർഗ​മോ?

നാനോ​മീ​റ്റർ (ഒരു മീറ്ററി​ന്റെ നൂറു​കോ​ടി​യിൽ ഒന്ന്‌) തലത്തി​ലുള്ള എഞ്ചിനീ​യ​റിങ്‌ ശാസ്‌ത്ര​മായ നാനോ സാങ്കേ​തിക വിദ്യ​യും പ്രതീക്ഷ ഉണർത്തു​ന്നു. വാർധ​ക്യം പ്രാപി​ക്കുന്ന കോശ​ങ്ങ​ളെ​യും കലക​ളെ​യും അവയവ​ങ്ങ​ളെ​യും കേടു​പോ​ക്കി പുനരു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു വേണ്ടി തന്മാത്രാ തലത്തിൽ ഉപയോ​ഗി​ക്കാൻ കഴിയുന്ന, കോശ​ങ്ങ​ളെ​ക്കാൾ തീരെ ചെറിയ കമ്പ്യൂ​ട്ടർവ​ത്‌കൃത തന്മാത്രാ യന്ത്രങ്ങൾ ഭാവി​യിൽ വികസി​പ്പി​ച്ചെ​ടു​ക്കാൻ സാധി​ച്ചേ​ക്കു​മെന്ന്‌ ഈ രംഗത്തെ ദാർശ​നി​കർ പറയുന്നു. ശാരീ​രിക അമർത്യത കൈവ​രി​ക്കു​ന്ന​തിന്‌ 21-ാം നൂറ്റാ​ണ്ടി​ലെ ശാസ്‌ത്ര​ജ്ഞ​ന്മാർ നാനോ സാങ്കേ​തിക വിദ്യ ഉപയോ​ഗി​ച്ചേ​ക്കാ​മെന്ന്‌ ഒരു വാർധക്യ പ്രതി​രോധ സമ്മേള​ന​ത്തിൽ ഒരു ഗവേഷകൻ അഭി​പ്രാ​യ​പ്പെട്ടു.

മൃത​കോ​ശ​ങ്ങ​ളെ പുനരു​ജ്ജീ​വി​പ്പിച്ച്‌, മരിച്ച​വരെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രാൻ ശാസ്‌ത്ര​ത്തി​നു കഴിയും എന്ന പ്രത്യാ​ശ​യിൽ മൃതശ​രീ​രം മരവി​പ്പി​ച്ചു സൂക്ഷി​ക്കുന്ന നടപടി​യാ​ണു ക്രയോ​ണി​ക്‌സ്‌. മുഴു ശരീര​മോ മസ്‌തി​ഷ്‌കം മാത്ര​മോ മരവി​പ്പി​ച്ചു സൂക്ഷി​ക്കാ​നാ​കും. ഒരു മനുഷ്യൻ ഒരു പുതപ്പു​പോ​ലും മരവി​പ്പി​ച്ചു സൂക്ഷി​ക്കു​ന്നു. കാരണം? കാണാതെ പോയ ഒരു സുഹൃ​ത്തി​ന്റെ പ്രസ്‌തുത പുതപ്പിൽ അയാളു​ടെ കുറച്ചു ചർമ കോശ​ങ്ങ​ളും ഏതാനും തലമു​ടി​യും ഉണ്ടത്രേ. ഏതാനും കോശ​ങ്ങ​ളിൽ നിന്ന്‌, ഒരു കോശ​ത്തിൽ നിന്നു​പോ​ലും, ആളുകളെ പുനർജീ​വി​പ്പി​ക്കുന്ന ഘട്ടത്തോ​ളം ശാസ്‌ത്രം വളരു​ന്ന​പക്ഷം, തന്റെ സുഹൃ​ത്തി​നു ജീവനി​ലേക്കു തിരികെ വരുന്ന​തിന്‌ ഒരു അവസരം ലഭിക്കാൻ അദ്ദേഹം ആഗ്രഹി​ക്കു​ന്നു.

നാം എവിടെ ആശ്രയം വെക്കണം?

മനുഷ്യ​ന്റെ സ്വാഭാ​വിക ആഗ്രഹം ജീവി​ക്കാ​നാണ്‌, മരിക്കാ​നല്ല. തന്മൂലം, ഈ രംഗത്തെ ശാസ്‌ത്രീയ പുരോ​ഗതി അത്യന്തം പുകഴ്‌ത്ത​പ്പെ​ടു​ന്നു. ആളുകൾ അതു സംബന്ധി​ച്ചു വലിയ പ്രതീ​ക്ഷകൾ വെച്ചു​പു​ലർത്തു​ക​യും ചെയ്യുന്നു. എന്നാൽ, ഡിഎച്ച്‌ഇഎ, കൈ​നെ​റ്റിൻ, മെല​റ്റോ​നിൻ, എച്ച്‌ജി​എച്ച്‌ എന്നിവ​യ്‌ക്കോ മറ്റേ​തെ​ങ്കി​ലും പദാർഥ​ത്തി​നോ മനുഷ്യ​രു​ടെ വാർധക്യ പ്രക്രി​യയെ മന്ദീഭ​വി​പ്പി​ക്കാ​നാ​കും എന്നതിന്‌ ഇന്നുവ​രെ​യും ഈടുറ്റ തെളി​വൊ​ന്നു​മില്ല. കോശ​ങ്ങ​ളി​ലെ ടെലൊ​മി​റാ​സിൽ മാറ്റങ്ങൾ വരുത്തു​ന്നതു കാൻസർ കോശങ്ങൾ വളരാ​നുള്ള സാധ്യത വർധി​പ്പി​ക്കു​കയേ ഉള്ളൂ എന്നു സന്ദേഹ​വാ​ദി​കൾ ആശങ്ക പുലർത്തു​ന്നു. നാനോ സാങ്കേ​തിക വിദ്യ​യു​ടെ ഉപയോ​ഗ​വും ക്രയോ​ണി​ക്‌സും ഇപ്പോ​ഴും ഒരു വസ്‌തു​ത​യെ​ക്കാൾ ഏറെ കെട്ടു​ക​ഥ​യാണ്‌.

ശാസ്‌ത്രം ചിലർക്കു ദീർഘാ​യു​സ്സും ആരോ​ഗ്യാ​വ​ഹ​മായ ജീവി​ത​വും ഇപ്പോൾത്തന്നെ നൽകി​യി​രി​ക്കു​ന്നു, ഭാവി​യി​ലും അതിനുള്ള സാധ്യ​ത​യുണ്ട്‌. എന്നാൽ, അത്‌ ആർക്കും ഒരിക്ക​ലും നിത്യ​ജീ​വൻ നൽകു​ക​യില്ല. എന്തു​കൊ​ണ്ടില്ല? ലളിത​മാ​യി പറഞ്ഞാൽ, വാർധ​ക്യ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും മൂലകാ​രണം മനുഷ്യ ശാസ്‌ത്ര​ത്തി​ന്റെ കൈപ്പി​ടി​യിൽ ഒതുങ്ങുന്ന ഒന്നല്ല.

വാർധ​ക്യ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും മൂലകാ​ര​ണം

വാർധ​ക്യ​വും മരണവും എങ്ങനെ​യോ നമ്മുടെ ജീനു​ക​ളിൽ പ്രോ​ഗ്രാം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു എന്നു മിക്ക ശാസ്‌ത്ര​ജ്ഞ​ന്മാ​രും സമ്മതി​ക്കു​ന്നു. എന്നാൽ ചോദ്യം ഇതാണ്‌: ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, എന്ന്‌, എങ്ങനെ, എന്തു​കൊണ്ട്‌ വാർധ​ക്യ​വും മരണവും നമ്മുടെ ജനിതക കോഡിൽ കടന്നു​കൂ​ടി?

ജനിതക ശാസ്‌ത്ര​ത്തെ​യോ ഡിഎൻഎ-യെയോ പരാമർശി​ച്ചു​കൊണ്ട്‌ അല്ലെങ്കി​ലും, ബൈബിൾ നമുക്കു ലളിത​മായ ഉത്തരം നൽകുന്നു. റോമർ 5:12 ഇങ്ങനെ പറയുന്നു: “അതു​കൊ​ണ്ടു ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.”

ആദ്യ മനുഷ്യ​നായ ആദാമിന്‌ എന്നേക്കും ജീവി​ക്കു​ന്ന​തി​നുള്ള പ്രത്യാശ ഉണ്ടായി​രു​ന്നു. നിത്യ​കാ​ലം ജീവി​ക്കാ​നും അത്‌ ആസ്വദി​ക്കാ​നും ഉള്ള പ്രാപ്‌തി​കൾ സഹിത​മാണ്‌ അവന്റെ ശരീരം രൂപകൽപ്പന ചെയ്യ​പ്പെ​ട്ടത്‌. എന്നുവ​രി​കി​ലും, നിത്യ​ജീ​വൻ ആസ്വദി​ക്കാൻ അവൻ ചില വ്യവസ്ഥകൾ പാലി​ക്കേ​ണ്ടി​യി​രു​ന്നു. ജീവൻ എന്നേക്കും നിലനിർത്തു​ന്ന​തിന്‌ ആദാം തന്റെ ജീവന്റെ ഉറവി​ട​മായ സ്രഷ്ടാ​വി​നോ​ടു സഹകരി​ച്ചു പ്രവർത്തി​ക്കു​ക​യും അവനു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു.—ഉല്‌പത്തി 1:31; 2:15-17.

സ്രഷ്ടാ​വി​നോട്‌ അനുസ​ര​ണ​ക്കേടു കാട്ടു​ന്ന​തി​നാണ്‌ ആദാം തീരു​മാ​നി​ച്ചത്‌. ഫലത്തിൽ, ദൈവ​സ​ഹാ​യം കൂടാതെ സ്വത​ന്ത്ര​മാ​യി ഭരിക്കു​ന്ന​താ​ണു മനുഷ്യ​നു നല്ലത്‌ എന്ന്‌ ആദാം അവകാ​ശ​പ്പെട്ടു. അങ്ങനെ അവൻ പാപം ചെയ്‌തു. അന്നു മുതൽ, അവന്റെ ജനിതക കോഡി​നു മാറ്റം വന്നതു​പോ​ലെ​യാ​യി. തന്റെ സന്തതി​കൾക്ക്‌ ഒരു പാരമ്പര്യ അവകാ​ശ​മാ​യി നിത്യ​ജീ​വൻ കൈമാ​റു​ന്ന​തി​നു പകരം, ആദാം പാപവും മരണവും കൈമാ​റി.—ഉല്‌പത്തി 3:6, 19; റോമർ 6:23.

യഥാർഥ പ്രത്യാശ

എന്നാൽ, ആ സ്ഥിതി​വി​ശേഷം ശാശ്വതം ആയിരി​ക്കു​മാ​യി​രു​ന്നില്ല. റോമർ 8:20 ഇങ്ങനെ പറയുന്നു: “സൃഷ്ടി ദ്രവത്വ​ത്തി​ന്റെ ദാസ്യ​ത്തിൽനി​ന്നു വിടു​ത​ലും ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യ​വും പ്രാപി​ക്കും എന്നുള്ള ആശയോ​ടെ മായെക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു.” മനുഷ്യർ തനി​ക്കെ​തി​രെ പാപം ചെയ്‌ത​തു​കൊണ്ട്‌, മരണം മനുഷ്യ​വർഗത്തെ കീഴട​ക്കാൻ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവം അനുവ​ദി​ച്ചു. എങ്കിലും, അങ്ങനെ ചെയ്യു​മ്പോൾത്തന്നെ അവൻ പ്രത്യാ​ശ​യ്‌ക്ക്‌ അടിസ്ഥാ​ന​മേകി.

യേശു​ക്രി​സ്‌തു ഭൂമി​യിൽ വന്നപ്പോൾ ഈ അടിസ്ഥാ​നം വ്യക്തമാ​യി വെളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. യോഹ​ന്നാൻ 3:16 ഇങ്ങനെ പറയുന്നു: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു.” എന്നാൽ, യേശു​ക്രി​സ്‌തു​വിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്നതു നമ്മെ എങ്ങനെ​യാ​ണു മരണത്തിൽ നിന്നു രക്ഷിക്കു​ന്നത്‌?

മരണത്തി​നു കാരണം പാപം ആണെങ്കിൽ, മരണം ഇല്ലായ്‌മ ചെയ്യു​ന്ന​തി​നു മുമ്പു പാപത്തെ നീക്കി​ക്ക​ള​യണം. ക്രിസ്‌തു എന്ന നിലയി​ലുള്ള യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആദ്യ ഘട്ടത്തിൽ സ്‌നാപക യോഹ​ന്നാൻ പറഞ്ഞു: “ഇതാ ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!” (യോഹ​ന്നാൻ 1:29, ഓശാന ബൈബിൾ) യേശു​ക്രി​സ്‌തു തികച്ചും പാപ രഹിതൻ ആയിരു​ന്നു. തന്മൂലം, അവൻ പാപത്തി​ന്റെ ശിക്ഷയായ മരണത്തി​നു വിധേ​യ​നാ​യി​രു​ന്നില്ല. എന്നുവ​രി​കി​ലും, തന്നെ വധിക്കാൻ അവൻ മറ്റുള്ള​വരെ അനുവ​ദി​ച്ചു. എന്തു​കൊണ്ട്‌? എന്തെന്നാൽ, അങ്ങനെ ചെയ്‌തു​കൊണ്ട്‌ അവൻ നമ്മുടെ പാപത്തി​നുള്ള വില നൽകി.—മത്തായി 20:28; 1 പത്രൊസ്‌ 3:18.

ആ വില നൽക​പ്പെ​ട്ട​തോ​ടെ, യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന സകലർക്കും ഒരിക്ക​ലും മരിക്കാ​തെ ജീവി​ക്കു​ന്ന​തി​നുള്ള അവസരം ലഭ്യമാ​യി. പരിമി​ത​മായ ഒരു കാലയ​ള​വി​ലേക്കു നമ്മുടെ ജീവിതം ദീർഘി​പ്പി​ക്കാൻ ശാസ്‌ത്ര​ത്തി​നു കഴി​ഞ്ഞേ​ക്കാം. എന്നാൽ, യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​താ​ണു നിത്യ​ജീ​വ​നുള്ള യഥാർഥ മാർഗം. സ്വർഗ​ത്തിൽ അത്തര​മൊ​രു ജീവിതം യേശു​വി​നു ലഭ്യമാ​യി. അവന്റെ വിശ്വസ്‌ത അപ്പൊ​സ്‌ത​ല​ന്മാർക്കും മറ്റു ചിലർക്കും കൂടി അതു ലഭ്യമാ​യി​രി​ക്കും. എങ്കിലും, യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന നമ്മിൽ ഭൂരി​പക്ഷം പേരും യഹോ​വ​യാം ദൈവം ഭൂമിയെ പറുദീ​സ​യാ​യി പുനഃ​സ്ഥാ​പി​ക്കു​മ്പോൾ ഭൂമി​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കും.—യെശയ്യാ​വു 25:8; 1 കൊരി​ന്ത്യർ 15:48, 49; 2 കൊരി​ന്ത്യർ 5:1.

പറുദീ​സാ ഭൂമി​യിൽ നിത്യ​ജീ​വൻ

ഒരു വ്യക്തി ഇങ്ങനെ ചോദി​ച്ചു: “മരണമി​ല്ലാത്ത ജീവി​തത്തെ എത്രപേർ മൂല്യ​വ​ത്താ​യി കരുതും?” മരണമി​ല്ലാത്ത ജീവിതം വിരസം ആയിരി​ക്കു​മോ? അങ്ങനെ ആയിരി​ക്കി​ല്ലെന്നു ബൈബിൾ നമുക്ക്‌ ഉറപ്പേ​കു​ന്നു. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗി​യാ​യി ചെയ്‌തു നിത്യ​ത​യും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു; എങ്കിലും ദൈവം ആദി​യോ​ടന്തം ചെയ്യുന്ന പ്രവൃ​ത്തി​യെ ഗ്രഹി​പ്പാൻ അവർക്കു കഴിവില്ല.” (സഭാ​പ്ര​സം​ഗി 3:11) യഹോ​വ​യാം ദൈവ​ത്തി​ന്റെ സൃഷ്ടി അനവധി​യും സങ്കീർണ​വും ആയതി​നാൽ അതു നിരന്തരം നമ്മിൽ കൗതുകം ജനിപ്പി​ക്കു​ക​യും നമുക്കു പ്രചോ​ദ​ന​മേ​കു​ക​യും നാം ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം—അതെ, എന്നെ​ന്നേ​ക്കും—നമ്മെ സന്തുഷ്ട​രാ​ക്കു​ക​യും ചെയ്യും.

സൈബീ​രി​യൻ മണിക​ണ്‌ഠൻപ​ക്ഷി​യെ കുറിച്ചു പഠനം നടത്തിയ ഒരാൾ ആ പഠനത്തെ “അനിത​ര​സാ​ധാ​ര​ണ​വും ആനന്ദ​പ്ര​ദ​വു​മായ അനുഭവം” എന്നു വിശേ​ഷി​പ്പി​ച്ചു. തന്റെ ജീവി​ത​ത്തി​ലെ ഏറ്റവും ആസ്വാ​ദ്യ​മായ ഒരു അനുഭവം ആ പക്ഷിയെ വീക്ഷി​ക്കു​ന്ന​താണ്‌ എന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെട്ടു. ആ പക്ഷിയെ കുറിച്ചു പഠിക്കു​ന്തോ​റും അത്‌ തന്നിൽ കൂടുതൽ കൗതുകം ജനിപ്പി​ക്കു​ന്ന​താ​യി അദ്ദേഹം കണ്ടെത്തി. 18 വർഷത്തി​നു ശേഷവും തന്റെ പഠനം എങ്ങും എത്തിയി​ട്ടില്ല എന്ന്‌ അദ്ദേഹം പറഞ്ഞു. 18 വർഷം നീണ്ട സമഗ്ര പഠനകാ​ലത്തു ബുദ്ധി​ശാ​ലി​യായ ഒരു വ്യക്തി​യിൽ കൗതുകം ഉണർത്താ​നും അയാൾക്ക്‌ ഉന്മേഷം പകരാ​നും അയാളെ സന്തോ​ഷ​മു​ള്ള​വ​നാ​യി നിലനിർത്താ​നും പക്ഷിവർഗ​ത്തിൽ ഒരെണ്ണ​ത്തിന്‌ കഴിയു​മെ​ങ്കിൽ മുഴു ഭൗമിക സൃഷ്ടി​യെ​യും കുറി​ച്ചുള്ള പഠനം എത്രമാ​ത്രം സന്തോ​ഷ​വും സംതൃ​പ്‌തി​യും പ്രദാനം ചെയ്യു​മെന്ന്‌ ഒന്നു വിഭാവന ചെയ്യൂ.

സമയ പരിമി​തി​യാൽ ബന്ധിത​ന​ല്ലാത്ത ഒരു വ്യക്തിക്കു തുറന്നു കിട്ടുന്ന ശാസ്‌ത്ര​ത്തി​ന്റെ രസകര​മായ വിവിധ മേഖല​കളെ കുറിച്ചു ചിന്തിച്ചു നോക്കൂ. പര്യ​വേ​ക്ഷണം നടത്താൻ സാധി​ക്കുന്ന സുന്ദര​മായ സകല സ്ഥലങ്ങളെ കുറി​ച്ചും കണ്ടുമു​ട്ടാൻ സാധി​ക്കുന്ന സകല ആളുകളെ കുറി​ച്ചും വിഭാവന ചെയ്യൂ. നാനാ​തരം വസ്‌തു​ക്കളെ കുറിച്ചു സങ്കൽപ്പി​ക്കാ​നും അവ സൃഷ്ടി​ക്കാ​നും രൂപകൽപ്പന ചെയ്യാ​നും ഉള്ള അനന്തമായ സാധ്യ​തകൾ ഉൾക്കൊ​ള്ളാൻ ശ്രമിക്കൂ. നമ്മുടെ സൃഷ്ടി​പരത വികസി​പ്പി​ക്കാ​നും അതു പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്താ​നും ഉള്ള അവസര​ങ്ങൾക്കു യാതൊ​രു പരിമി​തി​യും ഉണ്ടായി​രി​ക്കില്ല. സൃഷ്ടി​യു​ടെ ബാഹു​ല്യ​ത്തെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, ജീവിതം വാഗ്‌ദാ​നം ചെയ്യുന്ന വർധിച്ച അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു നിത്യത അനിവാ​ര്യ​മാണ്‌ എന്നതു വ്യക്തമാണ്‌.

പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ, മരിച്ച​വർക്കും നിത്യ​മാ​യി ജീവി​ക്കു​ന്ന​തി​നുള്ള അവസരം നൽക​പ്പെ​ടു​മെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. (യോഹ​ന്നാൻ 5:28, 29) ചരി​ത്ര​ത്തി​ലെ പല നിഗൂ​ഢ​ത​ക​ളും അവ അനുഭ​വി​ച്ച​റി​ഞ്ഞവർ വിശദാം​ശങ്ങൾ സഹിതം വിവരി​ക്കു​മ്പോൾ നമുക്കു വ്യക്തമാ​കും. പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ, വ്യത്യസ്‌ത കാലഘ​ട്ട​ങ്ങളെ കുറി​ച്ചുള്ള ചരിത്ര വിശദാം​ശങ്ങൾ നൽകു​ന്ന​തി​നെ കുറിച്ചു ചിന്തി​ച്ചു​നോ​ക്കൂ.—പ്രവൃ​ത്തി​കൾ 24:15.

ആ സമയത്തെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, ഇയ്യോബ്‌ 14:1-ലെ തന്റെ പ്രസ്‌താ​വന പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന ഇയ്യോബ്‌ തിരു​ത്താൻ ഇടയു​ള്ളത്‌ എന്തു​കൊ​ണ്ടെന്നു നിങ്ങൾക്കു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. അവൻ അത്‌ ഒരുപക്ഷേ ഇങ്ങനെ ആയിരി​ക്കും പറയുക: ‘സ്‌ത്രീ പ്രസവിച്ച മനുഷ്യൻ ഇപ്പോൾ നിത്യാ​യു​സ്സു​ള്ള​വ​നും സമ്പൂർണ സംതൃ​പ്‌ത​നും ആകുന്നു.’

സമയപ​രി​മി​തി ഇല്ലാതെ ജീവി​ക്കാൻ കഴിയു​മെ​ന്നത്‌, യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം കേവലം ഒരു സ്വപ്‌നമല്ല. അതു പെട്ടെ​ന്നു​തന്നെ യാഥാർഥ്യ​മാ​കും. വാർധ​ക്യ​വും മരണവും ഉണ്ടായി​രി​ക്കില്ല. അത്‌ സങ്കീർത്തനം 68:20-ന്‌ (ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ) ചേർച്ച​യി​ലാണ്‌. അവിടെ ഇങ്ങനെ പറയുന്നു: “മരണത്തിൽനി​ന്നുള്ള വിടുതൽ കർത്താ​വായ യഹോ​വ​യിൽ നിന്നു വരുന്നു.”—വെളി​പ്പാ​ടു 21:3, 4.

[4, 5 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ശാസ്‌ത്രീയ പുരോ​ഗ​തി​കൾ ദീർഘ​കാ​ലം ജീവി​ച്ചി​രി​ക്കു​ന്ന​തി​നെ കുറിച്ച്‌ പ്രതീക്ഷ ഉണർത്തി​യി​രി​ക്കു​ന്നു

[7-ാം പേജിലെ ചിത്രം]

ജീവിതം വാഗ്‌ദാ​നം ചെയ്യുന്ന വർധിച്ച അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു നിത്യത അനിവാ​ര്യ​മാണ്‌