വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ സഹോദരനെ നേടിയേക്കാം

നിങ്ങൾ സഹോദരനെ നേടിയേക്കാം

നിങ്ങൾ സഹോ​ദ​രനെ നേടി​യേ​ക്കാം

“നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോ​ദ​രനെ നേടി.”—മത്തായി 18:15.

1, 2. തെറ്റുകൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ യേശു എന്തു പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേ​ശ​മാ​ണു നൽകി​യത്‌?

 യേശു​വി​ന്റെ ശുശ്രൂഷ അവസാ​നി​ക്കാൻ ഒരു വർഷത്തിൽ കുറഞ്ഞ സമയമേ ശേഷി​ച്ചി​രു​ന്നു​ള്ളൂ. ജീവത്‌പ്ര​ധാ​ന​മായ പല പാഠങ്ങ​ളും അവനു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാ​നു​ണ്ടാ​യി​രു​ന്നു. മത്തായി 18-ാം അധ്യാ​യ​ത്തിൽ നിങ്ങൾക്ക്‌ അതു വായി​ക്കാൻ കഴിയും. അതിൽ ഒരെണ്ണം, നാം കുട്ടി​കളെ പോലെ താഴ്‌മ ഉള്ളവർ ആയിരി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ കുറി​ച്ചു​ള്ള​താണ്‌. അടുത്ത​താ​യി, “ഈ ചെറി​യ​വ​രിൽ ഒരുത്തന്നു” ഇടർച്ച വരുത്താ​തെ നാം ശ്രദ്ധി​ക്ക​ണ​മെ​ന്നും വഴി​തെ​റ്റി​പ്പോ​കുന്ന ‘ചെറി​യവർ’ നശിക്കാ​തി​രി​ക്കേ​ണ്ട​തി​നു നാം അവരെ വീണ്ടെ​ടു​ക്കാൻ ശ്രമി​ക്ക​ണ​മെ​ന്നും അവൻ ഊന്നി​പ്പ​റഞ്ഞു. തുടർന്ന്‌, ക്രിസ്‌ത്യാ​നി​കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നുള്ള മൂല്യ​വ​ത്തും പ്രാ​യോ​ഗി​ക​വു​മായ ബുദ്ധി​യു​പ​ദേ​ശ​വും യേശു നൽകി.

2 അവന്റെ ഈ വാക്കുകൾ നിങ്ങൾ അനുസ്‌മ​രി​ച്ചേ​ക്കാം: “നിന്റെ സഹോ​ദരൻ നിന്നോ​ടു പിഴെ​ച്ചാൽ [“ഒരു പാപം ചെയ്‌താൽ,” NW] നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോ​ദ​രനെ നേടി. കേൾക്കാ​ഞ്ഞാ​ലോ രണ്ടു മൂന്നു സാക്ഷി​ക​ളു​ടെ വായാൽ സകലകാ​ര്യ​വും ഉറപ്പാ​കേ​ണ്ട​തി​ന്നു ഒന്നു രണ്ടു പേരെ കൂട്ടി​ക്കൊ​ണ്ടു ചെല്ലുക. അവരെ കൂട്ടാ​ക്കാ​ഞ്ഞാൽ സഭയോ​ടു അറിയിക്ക; സഭയെ​യും കൂട്ടാ​ക്കാ​ഞ്ഞാൽ അവൻ നിനക്കു പുറജാ​തി​ക്കാ​ര​നും ചുങ്കക്കാ​ര​നും എന്നപോ​ലെ ഇരിക്കട്ടെ.” (മത്തായി 18:15-17) എപ്പോ​ഴാ​ണു നാം ആ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കേ​ണ്ടത്‌? അങ്ങനെ ചെയ്യു​ന്ന​തി​ന്റെ പിന്നിലെ നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം?

3. മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളോ​ടു നാം പൊതു​വായ എന്തു സമീപ​ന​മാ​ണു സ്വീക​രി​ക്കേ​ണ്ടത്‌

3 നാമെ​ല്ലാം അപൂർണ​രും തെറ്റു ചെയ്യാൻ പ്രവണ​ത​യു​ള്ള​വ​രും ആയതി​നാൽ ക്ഷമിക്കുന്ന കാര്യ​ത്തിൽ നാം ശ്രമം ചെലു​ത്തേ​ണ്ട​തു​ണ്ടെന്നു മുൻ ലേഖനം ഊന്നി​പ്പ​റഞ്ഞു. ഒരു സഹക്രി​സ്‌ത്യാ​നി പറഞ്ഞതോ ചെയ്‌ത​തോ ആയ കാര്യങ്ങൾ നമ്മെ വ്രണ​പ്പെ​ടു​ത്തു​മ്പോൾ അതു പ്രത്യേ​കി​ച്ചും വാസ്‌ത​വ​മാണ്‌. (1 പത്രൊസ്‌ 4:8) മിക്ക​പ്പോ​ഴും, തെറ്റു കണക്കി​ലെ​ടു​ക്കാ​തി​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌, അതായത്‌, ക്ഷമിക്കു​ക​യും മറക്കു​ക​യും ചെയ്യുക. അപ്രകാ​രം ചെയ്യു​ന്നതു ക്രിസ്‌തീയ സഭയിൽ സമാധാ​നം ഉന്നമി​പ്പി​ക്കാൻ സഹായി​ക്കും. (സങ്കീർത്തനം 133:1; സദൃശ​വാ​ക്യ​ങ്ങൾ 19:11) എന്നിരു​ന്നാ​ലും, നിങ്ങളെ വേദനി​പ്പിച്ച ഒരു സഹോ​ദ​ര​നു​മാ​യോ ഒരു സഹോ​ദ​രി​യു​മാ​യോ ഉള്ള പ്രശ്‌നം ചർച്ച​ചെ​യ്‌തു പരിഹ​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു നിങ്ങൾക്കു തോന്നുന്ന സന്ദർഭ​വും ഉയർന്നു​വ​ന്നേ​ക്കാം. അത്തര​മൊ​രു സന്ദർഭ​ത്തിൽ യേശു​വി​ന്റെ മേലു​ദ്ധ​രിച്ച വാക്കുകൾ മാർഗ​നിർദേശം പ്രദാനം ചെയ്യുന്നു.

4. മറ്റുള്ളവർ തെറ്റു ചെയ്യു​മ്പോൾ മത്തായി 18:15-ലെ തത്ത്വം നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാ​നാ​കും?

4 ‘നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക’ എന്ന്‌ യേശു ബുദ്ധി​യു​പ​ദേ​ശി​ച്ചു. അതു ജ്ഞാനപൂർവ​ക​മായ ഗതിയാണ്‌. ചില ജർമൻ പരിഭാ​ഷ​ക​ളിൽ കൊടു​ത്തി​രി​ക്കു​ന്നത്‌, “നാലു കണ്ണുകൾക്കു കീഴെ,” അതായത്‌ നിന്റെ​യും അവന്റെ​യും കണ്ണുകൾക്കു കീഴെ, അവന്റെ തെറ്റു ബോധ്യ​പ്പെ​ടു​ത്തുക എന്നാണ്‌. ഒരു പ്രശ്‌നം സ്വകാ​ര്യ​മാ​യി ചർച്ച ചെയ്യു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ പരിഹ​രി​ക്കാൻ എളുപ്പ​മാണ്‌. മുറി​പ്പെ​ടു​ത്തു​ന്ന​തോ ദയാര​ഹി​ത​മോ ആയ എന്തെങ്കി​ലും ഒരു സഹോ​ദരൻ പറയു​ക​യോ ചെയ്യു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾ തനിച്ചാ​യി​രി​ക്കു​മ്പോൾ അദ്ദേഹം അതു സമ്മതി​ക്കാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌. മറ്റുള്ള​വ​രു​ടെ സാന്നി​ധ്യ​ത്തിൽ ആയിരി​ക്കു​മ്പോൾ, താൻ തെറ്റു ചെയ്‌തു​വെന്നു സമ്മതി​ക്കാ​തി​രി​ക്കാ​നോ തന്റെ പ്രവൃ​ത്തി​യെ ന്യായീ​ക​രി​ക്കാ​നോ മാനുഷ അപൂർണത അദ്ദേഹത്തെ പ്രേരി​പ്പി​ച്ചേ​ക്കാം. മാത്രമല്ല, “നാലു കണ്ണുകൾക്കു കീഴെ”യാണു പ്രശ്‌നം ചർച്ച ചെയ്യു​ന്ന​തെ​ങ്കിൽ, അതൊരു തെറ്റി​ദ്ധാ​രണ മാത്ര​മാ​യി​രു​ന്നു, അല്ലാതെ പാപമോ മനപ്പൂർവം ചെയ്‌ത ഒരു തെറ്റോ ആയിരു​ന്നി​ല്ലെന്നു നിങ്ങൾക്കു മനസ്സി​ലാ​കു​ക​യും ചെയ്‌തേ​ക്കാം. തെറ്റി​ദ്ധാ​ര​ണ​യാ​ണു കാരണം എന്ന്‌ ഇരുവ​രും മനസ്സി​ലാ​ക്കു​മ്പോൾ അതു നിങ്ങൾക്കു പരിഹ​രി​ക്കാ​നാ​കും. അങ്ങനെ, നിസ്സാ​ര​മായ ഒരു സംഗതി വളർന്നു വലുതാ​യി നിങ്ങളു​ടെ ബന്ധത്തെ തകരാ​റി​ലാ​ക്കു​ക​യില്ല. അതു​കൊണ്ട്‌, മത്തായി 18:15-ലെ തത്ത്വം അനുദിന ജീവി​ത​ത്തി​ലെ കൊച്ചു​കൊ​ച്ചു പിഴവു​ക​ളോ​ടുള്ള ബന്ധത്തി​ലും ബാധക​മാ​ക്കാ​വു​ന്ന​താണ്‌.

അവൻ എന്താണ്‌ അർഥമാ​ക്കി​യത്‌?

5, 6. സന്ദർഭ​മ​നു​സ​രിച്ച്‌, മത്തായി 18:15 ഏതു തരം പാപങ്ങ​ളെ​യാണ്‌ അർഥമാ​ക്കു​ന്നത്‌, നമുക്കത്‌ എങ്ങനെ മനസ്സി​ലാ​ക്കാ​നാ​കും?

5 കർശന​മാ​യി പറഞ്ഞാൽ, യേശു​വി​ന്റെ ഈ ബുദ്ധി​യു​പ​ദേശം കൂടുതൽ ഗൗരവാ​വ​ഹ​മായ കാര്യ​ങ്ങൾക്കാ​ണു ബാധക​മാ​കു​ന്നത്‌. “നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ” എന്നാണ്‌ യേശു പറഞ്ഞത്‌. വിശാ​ല​മായ അർഥത്തിൽ, ഏതൊരു തെറ്റും അല്ലെങ്കിൽ പിഴവും “ഒരു പാപം” ആണ്‌. (ഇയ്യോബ്‌ 2:10; സദൃശ​വാ​ക്യ​ങ്ങൾ 21:4; യാക്കോബ്‌ 4:17) എന്നാൽ, യേശു അർഥമാ​ക്കിയ പാപം ഗൗരവാ​വ​ഹ​മായ ഒന്നായി​രി​ക്കണം എന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു. തെറ്റു​കാ​രനെ “പുറജാ​തി​ക്കാ​ര​നും ചുങ്കക്കാ​ര​നും എന്നപോ​ലെ” വീക്ഷി​ക്കു​ന്ന​തി​ലേക്കു നയിക്ക​ത്ത​ക്ക​വണ്ണം ഗൗരവാ​വ​ഹ​മാ​യി​രു​ന്നു അത്‌. ആ പ്രയോ​ഗ​ത്തി​ന്റെ അർഥ​മെ​ന്താണ്‌?

6 തങ്ങളുടെ നാട്ടു​കാർ പുറജാ​തി​ക്കാ​രു​മാ​യി സഹവസി​ക്കു​ക​യി​ല്ലെന്ന്‌ ആ വാക്കുകൾ കേട്ട യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 4:9; 18:28; പ്രവൃ​ത്തി​കൾ 10:28) യഹൂദ​രാ​യി പിറന്ന​വ​രെ​ങ്കി​ലും ജനങ്ങളെ ചൂഷണം ചെയ്‌തി​രുന്ന ചുങ്കക്കാ​രെ അവർ തീർച്ച​യാ​യും ഒഴിവാ​ക്കി​യി​രു​ന്നു. തന്മൂലം, കർശന​മാ​യി പറഞ്ഞാൽ, മത്തായി 18:15-17-ൽ സൂചി​പ്പി​ക്കു​ന്നതു ഗൗരവാ​വ​ഹ​മായ പാപങ്ങ​ളെ​യാണ്‌, അല്ലാതെ കേവലം ക്ഷമിക്കാ​നും മറക്കാ​നും സാധി​ക്കുന്ന പിഴവു​ക​ളെ​യോ വ്രണ​പ്പെ​ടു​ത്ത​ലു​ക​ളെ​യോ അല്ല.—മത്തായി 18:21, 22. a

7, 8. (എ) ഏതു തരത്തി​ലുള്ള പാപങ്ങൾ മൂപ്പന്മാർ കൈകാ​ര്യം ചെയ്യണം? (ബി) മത്തായി 18:15-17-നു ചേർച്ച​യിൽ ഏതു തരത്തി​ലുള്ള പാപങ്ങൾ രണ്ടു ക്രിസ്‌ത്യാ​നി​കൾക്കു പരസ്‌പരം പരിഹ​രി​ക്കാ​നാ​കും?

7 ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ, ചില പാപങ്ങൾ വ്രണിത വ്യക്തി ക്ഷമിച്ച​തു​കൊ​ണ്ടു മാത്രം പരിഹ​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നില്ല. ദൈവ​ദൂ​ഷണം, വിശ്വാ​സ​ത്യാ​ഗം, വിഗ്ര​ഹാ​രാ​ധന എന്നിവ​യും പരസംഗം, വ്യഭി​ചാ​രം, സ്വവർഗ​സം​ഭോ​ഗം എന്നിങ്ങ​നെ​യുള്ള ലൈം​ഗിക പാപങ്ങ​ളും മൂപ്പന്മാ​രെ (അല്ലെങ്കിൽ പുരോ​ഹി​ത​ന്മാ​രെ) അറിയി​ക്ക​ണ​മാ​യി​രു​ന്നു. അവരാ​യി​രു​ന്നു അത്തരം പാപങ്ങൾ കൈകാ​ര്യം ചെയ്യേ​ണ്ടി​യി​രു​ന്നത്‌. ക്രിസ്‌തീയ സഭയി​ലും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. (ലേവ്യ​പു​സ്‌തകം 5:1; 20:10-13; സംഖ്യാ​പു​സ്‌തകം 5:30; 35:12; ആവർത്ത​ന​പു​സ്‌തകം 17:9; 19:16-19; സദൃശ​വാ​ക്യ​ങ്ങൾ 29:24) എങ്കിലും, യേശു ഇവിടെ സൂചി​പ്പിച്ച പാപങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന രണ്ടു വ്യക്തി​കൾക്കു പരസ്‌പരം ചർച്ച​ചെ​യ്‌തു പരിഹ​രി​ക്കാ​നാ​കു​മാ​യി​രു​ന്നു എന്നതു ശ്രദ്ധി​ക്കുക. പിൻവ​രു​ന്നവ അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌: കോപ​ത്താ​ലോ അസൂയ​യാ​ലോ ഒരുവൻ സഹമനു​ഷ്യ​നെ കുറിച്ച്‌ അപവാദം പറഞ്ഞു പരത്തുന്നു. പ്രത്യേക നിർമാണ വസ്‌തു​ക്കൾ ഉപയോ​ഗിച്ച്‌ കൃത്യ തീയതി​ക്കു​ള്ളിൽ പണി തീർക്കാ​മെന്നു സമ്മതി​ച്ചു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി പണി ഏറ്റെടു​ക്കു​ന്നു. ഒരു പട്ടിക​പ്ര​കാ​ര​മോ ഒരു നിശ്ചിത തീയതി​യി​ലോ തിരികെ കൊടു​ക്കാ​മെന്നു പറഞ്ഞു​കൊ​ണ്ടു മറ്റൊരു ക്രിസ്‌ത്യാ​നി പണം കടം വാങ്ങുന്നു. തന്നെ പരിശീ​ലി​പ്പി​ക്കു​ന്ന​പക്ഷം, തൊഴി​ലു​ട​മ​യു​മാ​യി മത്സരി​ക്കു​ക​യോ ഒരു നിർദിഷ്ട കാലയ​ള​വിൽ അല്ലെങ്കിൽ നിർദിഷ്ട സ്ഥലത്തുള്ള അദ്ദേഹ​ത്തി​ന്റെ ഇടപാ​ടു​കാ​രെ തന്റെ ബിസി​ന​സി​നാ​യി എടുക്കു​ക​യോ ചെയ്യി​ല്ലെന്ന്‌ ഒരുവൻ വാക്കു കൊടു​ക്കു​ന്നു. b ഇത്തരം കാര്യ​ങ്ങ​ളിൽ ഒരു സഹോ​ദരൻ വാക്കു പാലി​ക്കാ​തി​രി​ക്കു​ക​യും തന്റെ തെറ്റു​കളെ കുറിച്ച്‌ അനുത​പി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അതു തീർച്ച​യാ​യും ഗുരു​ത​ര​മായ പാപമാ​യി​രി​ക്കും. (വെളി​പ്പാ​ടു 21:8) എങ്കിലും, അത്തരത്തി​ലുള്ള പാപങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന രണ്ടു പേർക്കു പരസ്‌പരം ചർച്ച​ചെ​യ്‌തു പരിഹ​രി​ക്കാ​വു​ന്നതേ ഉള്ളൂ.

8 എന്നാൽ, പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു നിങ്ങൾ എന്തു ചെയ്യും? യേശു​വി​ന്റെ ആ വാക്കു​ക​ളിൽ മൂന്നു പടികൾ ഉള്ളതായി പൊതു​വെ പരിഗ​ണി​ക്ക​പ്പെ​ടു​ന്നു. നമുക്ക്‌ അത്‌ ഓരോ​ന്നാ​യി പരി​ശോ​ധി​ക്കാം. വഴക്കമി​ല്ലാത്ത നിയമ നടപടി​കൾ എന്ന നിലയിൽ വീക്ഷി​ക്കു​ന്ന​തി​നു പകരം, അവയുടെ അർഥം ഗ്രഹി​ക്കാൻ ശ്രമി​ക്കുക. നിങ്ങളു​ടെ സ്‌നേ​ഹ​നിർഭ​ര​മായ ലക്ഷ്യം മറന്നു​ക​ള​യ​രുത്‌.

സഹോ​ദ​രനെ നേടാൻ ശ്രമി​ക്കു​ക

9. മത്തായി 18:15 ബാധക​മാ​ക്കു​മ്പോൾ എന്തു സംഗതി നാം മനസ്സിൽപ്പി​ടി​ക്കണം?

9 യേശു ഇങ്ങനെ തുടങ്ങി: “നിന്റെ സഹോ​ദരൻ നിന്നോ​ടു പിഴെ​ച്ചാൽ [“ഒരു പാപം ചെയ്‌താൽ,” NW] നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോ​ദ​രനെ നേടി.” ഇത്‌ വെറും ഊഹാ​പോ​ഹ​ത്തിൽ അധിഷ്‌ഠി​ത​മായ ഒരു പടിയല്ല എന്നതു വ്യക്തമാണ്‌. സഹോ​ദരൻ തെറ്റു ചെയ്‌തെ​ന്നും കാര്യങ്ങൾ നേരെ​യാ​ക്ക​ണ​മെ​ന്നും അദ്ദേഹത്തെ ബോധ്യ​പ്പെ​ടു​ത്താൻ പര്യാ​പ്‌ത​മായ തെളി​വോ വ്യക്തമായ വിവര​മോ നിങ്ങളു​ടെ പക്കൽ ഉണ്ടായി​രി​ക്കണം. പ്രശ്‌നം കൂടുതൽ ഗൗരവ​മാ​കു​ന്ന​തി​നു മുമ്പ്‌ അല്ലെങ്കിൽ സഹോ​ദ​രന്റെ മനോ​ഭാ​വം കഠിന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ഉടനടി നടപടി സ്വീക​രി​ക്കു​ന്ന​താ​ണു നല്ലത്‌. അതേക്കു​റി​ച്ചു സദാ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു നിങ്ങൾക്കും ഹാനി​ക​ര​മാ​ണെന്ന കാര്യം മറക്കരുത്‌. ചർച്ച, നിങ്ങളും മറ്റേയാ​ളും തമ്മിൽ മാത്ര​മാ​യി​രി​ക്കണം. ആയതി​നാൽ സഹതാപം പിടി​ച്ചു​പ​റ്റാ​നോ നിങ്ങളു​ടെ പ്രതി​ച്ഛായ വർധി​പ്പി​ക്കാ​നോ വേണ്ടി അതേക്കു​റി​ച്ചു മറ്റുള്ള​വ​രു​മാ​യി മുന്നമേ ചർച്ച ചെയ്യരുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 12:25; 17:9) എന്തു​കൊണ്ട്‌? നിങ്ങളു​ടെ ലക്ഷ്യം തന്നെ കാരണം.

10. സഹോ​ദ​രനെ നേടാൻ നമ്മെ എന്തു സഹായി​ക്കും?

10 സഹോ​ദ​രനെ നേടുക എന്നതാ​യി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം. അല്ലാതെ, ശിക്ഷി​ക്കു​ക​യോ അപമാ​നി​ക്കു​ക​യോ അദ്ദേഹ​ത്തി​നു ദോഷം വരുത്തു​ക​യോ ആയിരി​ക്ക​രുത്‌. അദ്ദേഹം ഉറപ്പാ​യും തെറ്റു ചെയ്‌തെ​ങ്കിൽ യഹോ​വ​യു​മാ​യുള്ള അദ്ദേഹ​ത്തി​ന്റെ ബന്ധം അപകട​ത്തി​ലാണ്‌. അദ്ദേഹത്തെ ക്രിസ്‌തീയ സഹോ​ദ​ര​നാ​യി കണക്കാ​ക്കാൻ നിങ്ങൾ തീർച്ച​യാ​യും ആഗ്രഹി​ക്കു​ന്നു. സ്വകാര്യ ചർച്ചയിൽ നിങ്ങൾ അക്ഷോ​ഭ്യ​നാ​യി​രി​ക്കു​ക​യും പരുഷ​മായ വാക്കു​ക​ളോ കുറ്റ​പ്പെ​ടു​ത്തുന്ന സ്വരത്തി​ലുള്ള സംസാ​ര​മോ ഒഴിവാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ വിജയി​ക്കാൻ ഏറെ സാധ്യ​ത​യുണ്ട്‌. സ്‌നേ​ഹ​നിർഭ​ര​മായ ഈ കൂടി​ക്കാ​ഴ്‌ച​യിൽ ഇത്‌ ഓർത്തി​രി​ക്കുക: നിങ്ങൾ ഇരുവ​രും പാപി​ക​ളും അപൂർണ​രു​മാണ്‌. (റോമർ 3:23, 24) നിങ്ങൾ അദ്ദേഹത്തെ കുറിച്ചു കുശു​കു​ശുപ്പ്‌ നടത്തി​യി​ട്ടി​ല്ലെ​ന്നും ആത്മാർഥ​മാ​യി സഹായി​ക്കാ​നാണ്‌ ആഗ്രഹി​ക്കു​ന്ന​തെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കു​മ്പോൾ ഉടനടി പ്രശ്‌നം പരിഹ​രി​ക്ക​പ്പെ​ട്ടേ​ക്കാം. ഇരുവ​രും തെറ്റു ചെയ്‌ത​താ​യി സമ്മതി​ക്കു​ക​യും തെറ്റി​ദ്ധാ​ര​ണ​യാ​യി​രു​ന്നു പ്രശ്‌ന​ത്തി​ന്റെ യഥാർഥ കാരണം എന്നു മനസ്സി​ലാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ദയാപു​ര​സ്സ​ര​വും വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തു​മായ ഈ സമീപനം വിശേ​ഷാൽ ജ്ഞാനപൂർവ​ക​മായ ഗതിയാ​യി​രു​ന്നെന്നു വ്യക്തമാ​കും.—സദൃശ​വാ​ക്യ​ങ്ങൾ 25:9, 10; 26:20; യാക്കോബ്‌ 3:5, 6.

11. തെറ്റു ചെയ്‌ത വ്യക്തി നമ്മുടെ നിർദേശം കണക്കാ​ക്കു​ന്നി​ല്ലെ​ങ്കിൽ നാം എന്തു ചെയ്യണം?

11 സഹോ​ദരൻ തെറ്റു ചെയ്‌തെ​ന്നും അതു ഗൗരവാ​വ​ഹ​മാ​ണെ​ന്നും തിരി​ച്ച​റി​യാൻ അദ്ദേഹത്തെ സഹായി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നെ​ങ്കിൽ അദ്ദേഹം പശ്ചാത്ത​പി​ക്കാൻ ഇടയുണ്ട്‌. അഹങ്കാരം വിലങ്ങു​തടി ആയിരു​ന്നേ​ക്കാം എന്നത്‌ ഒരു വസ്‌തു​ത​യാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 16:18; 17:19) തന്മൂലം, തുടക്ക​ത്തിൽ തന്നെ അദ്ദേഹം തെറ്റു സമ്മതിച്ച്‌ അനുത​പി​ക്കു​ന്നി​ല്ലെ​ങ്കിൽ പോലും അടുത്ത​പടി സ്വീക​രി​ക്കു​ന്ന​തി​നു മുമ്പു നിങ്ങൾക്കു കാത്തി​രി​ക്കാ​വു​ന്ന​താണ്‌. ‘ഒരേ ഒരു തവണ ചെന്നു കുററം അവന്നു ബോധം വരുത്തുക’ എന്ന്‌ യേശു പറഞ്ഞില്ല. അതു നിങ്ങൾക്കു പരിഹാ​രം കണ്ടെത്താ​വുന്ന ഒരു പാപം ആയിരി​ക്കുന്ന സ്ഥിതിക്ക്‌, ഗലാത്യർ 6:1-ന്റെ ആത്മാവിൽ, “നാലു കണ്ണുകൾക്കു കീഴെ” അദ്ദേഹത്തെ വീണ്ടും സന്ദർശി​ക്കു​ന്ന​തി​നെ കുറിച്ചു പരിചി​ന്തി​ക്കുക. നിങ്ങൾ അതിൽ വിജയി​ച്ചേ​ക്കാം. (യൂദാ 22, 23 താരത​മ്യം ചെയ്യുക.) എന്നാൽ അദ്ദേഹം പാപം ചെയ്‌തെ​ന്നും അതി​നോട്‌ അദ്ദേഹം പ്രതി​ക​രി​ക്കു​ക​യി​ല്ലെ​ന്നും നിങ്ങൾക്ക്‌ ഉറപ്പാ​ണെ​ങ്കി​ലോ?

പക്വത​യാർന്ന സഹായം തേടുക

12, 13. (എ) തെറ്റു തിരു​ത്തു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ യേശു വിവരിച്ച രണ്ടാമത്തെ പടി എന്ത്‌? (ബി) ഈ പടി സ്വീക​രി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട അനു​യോ​ജ്യ​മായ ചില ഉപദേ​ശങ്ങൾ ഏവ?

12 നിങ്ങൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്യു​ന്ന​പക്ഷം മറ്റുള്ളവർ പെട്ടെന്നു ശ്രമം ഉപേക്ഷി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​മോ? തീർച്ച​യാ​യു​മില്ല. സമാന​മാ​യി, സഹോ​ദ​രനെ നേടാ​നും സ്വീകാ​ര്യ​മായ വിധത്തിൽ ദൈവത്തെ ആരാധി​ക്കാൻ നിങ്ങ​ളോ​ടും മറ്റുള്ള​വ​രോ​ടു​മൊ​പ്പം അദ്ദേഹത്തെ ഐക്യ​ത്തി​ലാ​ക്കാ​നും ഉള്ള ആദ്യ പടി സ്വീക​രി​ച്ച​ശേഷം നിങ്ങൾ ശ്രമം ഉപേക്ഷി​ക്ക​രുത്‌ എന്ന്‌ യേശു പറഞ്ഞു. സ്വീക​രി​ക്കേണ്ട രണ്ടാമത്തെ പടി യേശു വിവരി​ച്ചു: “കേൾക്കാ​ഞ്ഞാ​ലോ രണ്ടു മൂന്നു സാക്ഷി​ക​ളു​ടെ വായാൽ സകലകാ​ര്യ​വും ഉറപ്പാ​കേ​ണ്ട​തി​ന്നു ഒന്നു രണ്ടു പേരെ കൂട്ടി​ക്കൊ​ണ്ടു ചെല്ലുക.”

13 “ഒന്നു രണ്ടു പേരെ” കൂട്ടി​ക്കൊ​ണ്ടു ചെല്ലാൻ യേശു പറഞ്ഞു. ആദ്യ പടി സ്വീക​രിച്ച ശേഷം മറ്റു പലരു​മാ​യി നിങ്ങൾക്കു പ്രശ്‌നം ചർച്ച​ചെ​യ്യാ​മെ​ന്നോ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നു​മാ​യി ബന്ധപ്പെ​ടാ​മെ​ന്നോ പ്രശ്‌നത്തെ കുറിച്ചു മറ്റു സഹോ​ദ​ര​ങ്ങളെ എഴുതി അറിയി​ക്കാ​മെ​ന്നോ അവൻ പറഞ്ഞില്ല. തെറ്റിനെ കുറിച്ചു നിങ്ങൾക്കു ബോധ്യ​മു​ണ്ടാ​യി​രി​ക്കാ​മെ​ങ്കി​ലും, അത്‌ അപ്രകാ​ര​മാ​ണെന്നു സ്ഥാപി​ക്ക​പ്പെ​ട്ടി​ട്ടില്ല. ഏഷണി ആയിത്തീർന്നേ​ക്കാ​വുന്ന തെറ്റായ വിവരങ്ങൾ പരത്താൻ നിങ്ങൾ ആഗ്രഹി​ക്കു​ക​യില്ല. (സദൃശ​വാ​ക്യ​ങ്ങൾ 16:28; 18:8) എന്നാൽ, ഒന്നു രണ്ടു പേരെ കൂട്ടി​ക്കൊ​ണ്ടു ചെല്ലാൻതന്നെ യേശു പറഞ്ഞു. എന്തിനാ​ണത്‌? ആരെയാ​ണു കൂട്ടി​ക്കൊ​ണ്ടു ചെല്ലേ​ണ്ടത്‌?

14. രണ്ടാമത്തെ പടി സ്വീക​രി​ക്കു​മ്പോൾ നമുക്ക്‌ ആരെ കൂട്ടി​ക്കൊ​ണ്ടു ചെല്ലാ​വു​ന്ന​താണ്‌?

14 പാപം ചെയ്‌തി​രി​ക്കു​ന്ന​താ​യി സഹോ​ദ​രനെ ബോധ്യ​പ്പെ​ടു​ത്തു​ക​യും നിങ്ങ​ളോ​ടും ദൈവ​ത്തോ​ടും സമാധാ​ന​ത്തിൽ ആയിരി​ക്കേ​ണ്ട​തിന്‌ അനുത​പി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടു നിങ്ങൾ സഹോ​ദ​രനെ നേടാൻ ശ്രമി​ക്കു​ക​യാണ്‌. തെറ്റിനു സാക്ഷ്യം വഹിച്ച “ഒന്നു രണ്ടു പേരെ” കൂട്ടി​ക്കൊ​ണ്ടു ചെല്ലു​ന്ന​താ​യി​രി​ക്കും ആ ലക്ഷ്യം സാധി​ക്കാൻ ഏറ്റവും മെച്ചമായ മാർഗം. സംഭവം നടന്ന​പ്പോൾ അവർ അവിടെ ഉണ്ടായി​രു​ന്നി​രി​ക്കും. ഒരു ബിസി​ന​സി​ന്റെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ ചെയ്‌ത​തി​നെ (അല്ലെങ്കിൽ ചെയ്‌തി​ട്ടി​ല്ലാ​ത്ത​തി​നെ) കുറിച്ച്‌ അവരുടെ പക്കൽ സാധു​ത​യുള്ള വിവരം ഉണ്ടായി​രി​ക്കും. സാക്ഷികൾ ആരും ലഭ്യമ​ല്ലെ​ങ്കിൽ തർക്കത്തിൽ ആയിരി​ക്കുന്ന വിഷയം സംബന്ധിച്ച്‌ അനുഭ​വ​പ​രി​ച​യ​മുള്ള ആളുകളെ കൂട്ടി​ക്കൊ​ണ്ടു ചെല്ലാ​വു​ന്ന​താണ്‌. സംഭവി​ച്ചതു ശരിക്കും തെറ്റു​ത​ന്നെ​യാ​ണോ എന്നു തിട്ട​പ്പെ​ടു​ത്താൻ അതു സഹായി​ക്കും. കൂടാതെ, പിന്നീട്‌ വേണ്ടി​വ​രു​ന്ന​പക്ഷം, അവതരി​പ്പിച്ച വസ്‌തു​ത​ക​ളും കൈ​ക്കൊണ്ട ശ്രമങ്ങ​ളും സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌, പറഞ്ഞ കാര്യ​ങ്ങൾക്കു സാക്ഷി​ക​ളാ​യി​രി​ക്കാൻ അവർക്കു സാധി​ക്കും. (സംഖ്യാ​പു​സ്‌തകം 35:30; ആവർത്ത​ന​പു​സ്‌തകം 17:6) അതു​കൊണ്ട്‌, അവർ വെറുതെ നിഷ്‌ക്രി​യ​മാ​യി കേട്ടി​രി​ക്കാൻ വരുന്ന​വ​രോ റഫറി​ക​ളോ അല്ല. മറിച്ച്‌, നിങ്ങളു​ടെ​യും അവരു​ടെ​യും സഹോ​ദ​രനെ നേടാൻ സഹായി​ക്കാ​നാണ്‌ അവർ സന്നിഹി​ത​രാ​കു​ന്നത്‌.

15. രണ്ടാമത്തെ പടി സ്വീക​രി​ക്കേ​ണ്ടത്‌ ഉണ്ടെങ്കിൽ ക്രിസ്‌തീയ മൂപ്പന്മാർ ഒരു സഹായം ആയിരു​ന്നേ​ക്കാ​വു​ന്നത്‌ എങ്ങനെ?

15 നിങ്ങൾ കൂട്ടി​ക്കൊ​ണ്ടു ചെല്ലു​ന്നതു സഭയിലെ മൂപ്പന്മാ​രെ ആയിരി​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല. എന്നിരു​ന്നാ​ലും, പക്വത​യുള്ള മൂപ്പന്മാർക്കു തങ്ങളുടെ ആത്മീയ യോഗ്യ​തകൾ നിമിത്തം നല്ലൊരു സഹായ​മാ​യി​രി​ക്കാൻ കഴി​ഞ്ഞേ​ക്കും. അത്തരം മൂപ്പന്മാർ “കാററി​ന്നു ഒരു മറവും പിശറി​ന്നു ഒരു സങ്കേത​വും ആയി വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെ​യും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറ​യു​ടെ തണൽപോ​ലെയു”മാണ്‌. (യെശയ്യാ​വു 32:1, 2) സഹോ​ദ​ര​ങ്ങ​ളോ​ടു ന്യായ​വാ​ദം ചെയ്യു​ന്ന​തി​ലും അവരെ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​ന്ന​തി​ലും അവർക്ക്‌ അനുഭവ പരിച​യ​മുണ്ട്‌. തെറ്റു ചെയ്‌ത വ്യക്തിക്ക്‌ അത്തരം ‘മനുഷ്യ​രാം ദാനങ്ങ​ളിൽ’ c വിശ്വാ​സം പ്രകടി​പ്പി​ക്കു​ന്ന​തി​നു നല്ല കാരണ​മുണ്ട്‌. (എഫെസ്യർ 4:8, 11, 12, NW) പക്വത​യുള്ള അത്തരം വ്യക്തി​ക​ളു​ടെ സാന്നി​ധ്യ​ത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യു​ന്ന​തും അവരോ​ടൊ​ത്തു പ്രാർഥി​ക്കു​ന്ന​തും ഒരു പുതിയ അന്തരീക്ഷം സൃഷ്ടി​ക്കു​മെന്നു മാത്രമല്ല, അപരി​ഹാ​ര്യം എന്നു കാണപ്പെട്ട പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നും സഹായി​ക്കും.—യാക്കോബ്‌ 5:14, 15 താരത​മ്യം ചെയ്യുക.

സഹോ​ദ​രനെ നേടാ​നുള്ള അന്തിമ ശ്രമം

16. യേശു വിവരിച്ച മൂന്നാ​മത്തെ പടി എന്താണ്‌?

16 രണ്ടാമത്തെ പടി സ്വീക​രി​ച്ചി​ട്ടും പ്രശ്‌നം പരിഹ​രി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ, മൂന്നാ​മത്തെ പടിയിൽ സഭാ മേൽവി​ചാ​ര​ക​ന്മാർ തീർച്ച​യാ​യും ഉൾപ്പെ​ടും. “അവരെ കൂട്ടാ​ക്കാ​ഞ്ഞാൽ സഭയോ​ടു അറിയിക്ക; സഭയെ​യും കൂട്ടാ​ക്കാ​ഞ്ഞാൽ അവൻ നിനക്കു പുറജാ​തി​ക്കാ​ര​നും ചുങ്കക്കാ​ര​നും എന്നപോ​ലെ ഇരിക്കട്ടെ.” അത്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

17, 18. (എ) ‘സഭയോ​ടു അറിയി​ക്കുക’ എന്നതിന്റെ അർഥം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ഏത്‌ ഉദാഹ​രണം നമ്മെ സഹായി​ക്കു​ന്നു? (ബി) ഇന്നു നാം ഈ പടി ബാധക​മാ​ക്കു​ന്നത്‌ എങ്ങനെ?

17 പാപമോ തെറ്റോ, മുഴു സഭയു​ടെ​യും പതിവു യോഗ​ത്തി​ലോ പ്രത്യേക യോഗ​ത്തി​ലോ അവതരി​പ്പി​ക്കാ​നുള്ള ഒരു നിർദേ​ശ​മാ​യി നാം ആ നടപടി​യെ വീക്ഷി​ക്കു​ന്നില്ല. ഉചിത​മായ നടപടി​ക്രമം നിർണ​യി​ക്കാൻ ദൈവ​വ​ചനം നമ്മെ സഹായി​ക്കു​ന്നു. മത്സരം, അമിത​ഭോ​ജനം, മദ്യാ​സക്തി എന്നിവ​യോ​ടുള്ള ബന്ധത്തിൽ പുരാതന ഇസ്രാ​യേ​ലിൽ ഒരു സംഭവം നടന്നാൽ അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യണ​മാ​യി​രു​ന്നു എന്നതു ശ്രദ്ധി​ക്കുക: “അപ്പന്റെ​യോ അമ്മയു​ടെ​യോ വാക്കു കേൾക്കാ​തെ​യും അവർ ശാസി​ച്ചാ​ലും അനുസ​രി​ക്കാ​തെ​യു​മി​രി​ക്കുന്ന ശഠനും മത്സരി​യു​മായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ അമ്മയപ്പ​ന്മാർ അവനെ പിടിച്ചു പട്ടണത്തി​ലെ മൂപ്പന്മാ​രു​ടെ അടുക്കൽ പട്ടണവാ​തി​ല്‌ക്ക​ലേക്കു കൊണ്ടു​പോ​യി: ഞങ്ങളുടെ ഈ മകൻ ശഠനും മത്സരി​യും ഞങ്ങളുടെ വാക്കു കേൾക്കാ​ത്ത​വ​നും തിന്നി​യും കുടി​യ​നും ആകുന്നു എന്നു പട്ടണത്തി​ലെ മൂപ്പന്മാ​രോ​ടു പറയേണം. പിന്നെ അവന്റെ പട്ടണക്കാർ എല്ലാവ​രും അവനെ കല്ലെറി​ഞ്ഞു​കൊ​ല്ലേണം.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.)—ആവർത്ത​ന​പു​സ്‌തകം 21:18-21.

18 അയാളു​ടെ പാപങ്ങൾ കേട്ടു വിധി​കൽപ്പി​ച്ചി​രു​ന്നത്‌ മുഴു ജനതയോ അയാളു​ടെ ഗോ​ത്ര​ത്തി​ലുള്ള എല്ലാവ​രും ചേർന്നോ ആയിരു​ന്നില്ല; മറിച്ച്‌, സഭയുടെ പ്രതി​നി​ധി​കൾ എന്ന നിലയിൽ അംഗീ​കൃത ‘മൂപ്പന്മാർ’ ആയിരു​ന്നു. (‘അന്നുള്ള പുരോ​ഹി​ത​ന്മാ​രും ന്യായാ​ധി​പ​ന്മാ​രും’ കൈകാ​ര്യം ചെയ്‌തി​രുന്ന ഒരു കേസിനെ കുറിച്ച്‌ ആവർത്ത​ന​പു​സ്‌തകം 19:16, 17-ൽ പറഞ്ഞി​രി​ക്കു​ന്നതു താരത​മ്യം ചെയ്യുക.) സമാന​മാ​യി ഇന്ന്‌, മൂന്നാ​മത്തെ പടി സ്വീക​രി​ക്കേ​ണ്ടത്‌ അത്യാ​വ​ശ്യ​മാ​യി വരു​മ്പോൾ, സഭയെ പ്രതി​നി​ധീ​ക​രി​ക്കുന്ന മൂപ്പന്മാർ സംഗതി കൈകാ​ര്യം ചെയ്യും. എങ്ങനെ​യും തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​രനെ നേടുക എന്നതാണ്‌ അവരു​ടെ​യും ലക്ഷ്യം. മുൻവി​ധി​യോ പക്ഷപാ​ത​മോ കൂടാതെ, നീതി​പൂർവ​ക​മാ​യി പ്രശ്‌നം കൈകാ​ര്യം ചെയ്‌തു​കൊണ്ട്‌ അവർ അതു പ്രകട​മാ​ക്കു​ന്നു.

19. പ്രശ്‌നത്തെ കുറിച്ചു കേൾക്കാൻ നിയമി​ക്ക​പ്പെട്ട മൂപ്പന്മാർ എന്തു ചെയ്യാൻ ശ്രമി​ക്കും?

19 വസ്‌തു​തകൾ വിലയി​രു​ത്താ​നും വാസ്‌ത​വ​ത്തിൽ അയാൾ പാപം ചെയ്‌തോ എന്ന്‌ (അല്ലെങ്കിൽ ഇപ്പോ​ഴും അതിൽ തുടരു​ന്നു​വോ എന്ന്‌) സ്ഥാപി​ക്കാൻ ആവശ്യ​മായ സാക്ഷി​ക​ളു​ടെ മൊഴി​കൾ ശ്രദ്ധി​ക്കാ​നും അവർ ശ്രമി​ക്കും. ദുഷി​പ്പിൽ നിന്നു സഭയെ സംരക്ഷി​ക്കാ​നും ലോക​ത്തി​ന്റെ ആത്മാവി​നെ അകറ്റി നിർത്താ​നും അവർ ആഗ്രഹി​ക്കും. (1 കൊരി​ന്ത്യർ 2:12; 5:7) തങ്ങളുടെ തിരു​വെ​ഴു​ത്തു യോഗ്യ​ത​കൾക്ക​നു​സൃ​ത​മാ​യി, “പത്ഥ്യോ​പ​ദേ​ശ​ത്താൽ [“ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്ക​ലി​നാൽ,” NW] പ്രബോ​ധി​പ്പി​പ്പാ​നും വിരോ​ധി​കൾക്കു ബോധം വരുത്തു​വാ​നും” അവർ ശ്രമി​ക്കും. (തീത്തൊസ്‌ 1:9) തെറ്റു ചെയ്‌തവൻ, യഹോ​വ​യു​ടെ വാക്കുകൾ ശ്രദ്ധി​ക്കാഞ്ഞ ഇസ്രാ​യേ​ല്യ​രെ പോലെ ആയിരി​ക്കു​ക​യി​ല്ലെന്നു നാം പ്രത്യാ​ശി​ക്കു​ന്നു. അവരെ കുറിച്ച്‌ യഹോ​വ​യു​ടെ പ്രവാ​ചകൻ എഴുതി: ‘ഞാൻ വിളി​ച്ച​പ്പോൾ നിങ്ങൾ ഉത്തരം പറയാ​തെ​യും ഞാൻ അരുളി​ച്ചെ​യ്‌ത​പ്പോൾ കേൾക്കാ​തെ​യും എനിക്കു അനിഷ്ട​മാ​യു​ള്ളതു പ്രവർത്തി​ച്ചു എനിക്കു പ്രസാ​ദ​മ​ല്ലാ​ത്തതു തിര​ഞ്ഞെ​ടു​ത്തു.’—യെശയ്യാ​വു 65:12.

20. പാപി ബുദ്ധി​യു​പ​ദേശം കേട്ട്‌ അനുത​പി​ക്കാൻ വിസമ്മ​തി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യണ​മെ​ന്നാണ്‌ യേശു പറഞ്ഞത്‌?

20 ഒരു തെറ്റു​കാ​രൻ സമാന​മായ മനോ​ഭാ​വം പ്രകടി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങൾ വിരള​മാണ്‌. അത്തരം മനോ​ഭാ​വം പ്രകടി​പ്പി​ക്കു​ന്ന​പക്ഷം, യേശു വ്യക്തമാ​യി നിർദേ​ശി​ക്കു​ന്നു: “അവൻ നിനക്കു പുറജാ​തി​ക്കാ​ര​നും ചുങ്കക്കാ​ര​നും എന്നപോ​ലെ ഇരിക്കട്ടെ.” മനുഷ്യ​ത്വ രഹിത​മാ​യി​രി​ക്കാ​നോ ദ്രോ​ഹ​ക​ര​മാ​യി പ്രവർത്തി​ക്കാ​നോ അല്ല കർത്താവു ശുപാർശ ചെയ്‌തത്‌. അനുതാ​പ​മി​ല്ലാത്ത പാപി​കളെ സഭയിൽ നിന്നു പുറത്താ​ക്കണം എന്ന പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ നിർദേ​ശ​ത്തി​ലും തെല്ലും അവ്യക്തത നിഴലി​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 5:11-13) കാല​ക്ര​മ​ത്തിൽ, ഈ നടപടി പോലും പാപിയെ നേടുക എന്ന ലക്ഷ്യം കൈവ​രി​ക്കു​ന്ന​തിൽ കലാശി​ച്ചേ​ക്കാം.

21. സഭയിൽ നിന്നു പുറത്താ​ക്ക​പ്പെട്ട ഒരുവന്‌ എന്തിനുള്ള അവസര​മുണ്ട്‌?

21 ധൂർത്ത പുത്രനെ കുറി​ച്ചുള്ള യേശു​വി​ന്റെ ഉപമയിൽ നിന്ന്‌ അതിനുള്ള സാധ്യത നമുക്കു കാണാ​വു​ന്ന​താണ്‌. പിതാ​വി​ന്റെ ഭവനത്തി​ലെ സ്‌നേ​ഹ​നിർഭ​ര​മായ സഹവർത്തി​ത്വം അനുഭ​വി​ക്കാ​തെ വെളി​യിൽ കുറെ​ക്കാ​ലം കഴിഞ്ഞ ശേഷം ആ പാപിക്കു ‘സുബോ​ധം വന്നു.’ (ലൂക്കൊസ്‌ 15:11-18) ചില പാപികൾ ക്രമേണ അനുത​പി​ക്കു​ക​യും ‘സുബോ​ധം പ്രാപി​ച്ചു പിശാ​ചി​ന്റെ കെണി​യിൽനി​ന്നു ഒഴിയു’കയും ചെയ്യു​മെന്നു പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. (2 തിമൊ​ഥെ​യൊസ്‌ 2:24-26) പാപം ചെയ്‌തിട്ട്‌ അനുത​പി​ക്കാ​ത്ത​തി​ന്റെ ഫലമായി സഭയിൽ നിന്നു പുറത്താ​ക്ക​പ്പെ​ടുന്ന ഏതൊ​രാ​ളും തനിക്കു നേരി​ട്ടി​രി​ക്കുന്ന വലിയ നഷ്ടം—ദൈവാം​ഗീ​കാ​രം, വിശ്വസ്‌ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഊഷ്‌മ​ള​മായ സഹവർത്തി​ത്വം, അവരു​മാ​യുള്ള സാമൂ​ഹിക ബന്ധം എന്നിവ​യു​ടെ നഷ്ടം—തിരി​ച്ച​റിഞ്ഞ്‌ സുബോ​ധ​ത്തി​ലേക്കു വരു​മെന്ന്‌ നമുക്കു തീർച്ച​യാ​യും പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌.

22. പുറത്താ​ക്ക​പ്പെ​ട്ടാൽ പോലും നാം സഹോ​ദ​രനെ നേടി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

22 പുറജാ​തി​ക്കാ​രെ​യും ചുങ്കക്കാ​രെ​യും വീണ്ടെ​ടു​ക്ക​പ്പെ​ടാൻ കഴിയാ​ത്ത​വ​രാ​യി യേശു വീക്ഷി​ച്ചില്ല. ഒരു ചുങ്കക്കാ​ര​നും ലേവ്യ​നും ആയിരുന്ന മത്തായി അനുത​പിച്ച്‌ ആത്മാർഥ​മാ​യി ‘യേശു​വി​നെ അനുഗ​മി​ച്ചു.’ അവൻ ഒരു അപ്പൊ​സ്‌ത​ല​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടുക പോലും ചെയ്‌തു. (മർക്കൊസ്‌ 2:15; ലൂക്കൊസ്‌ 15:1) തന്മൂലം, ഇന്ന്‌ ഒരു പാപി “സഭയെ​യും കൂട്ടാക്കാ”ത്തതിന്റെ ഫലമായി സഭയിൽ നിന്നു പുറത്താ​ക്ക​പ്പെ​ടു​ന്ന​പക്ഷം, അദ്ദേഹം അനുത​പി​ച്ചു തന്റെ കാലടി​കൾ നേരെ​യാ​ക്കു​ന്ന​തി​നാ​യി നമുക്കു കാത്തി​രി​ക്കാം. അങ്ങനെ ചെയ്‌ത്‌ അദ്ദേഹം വീണ്ടും സഭയിലെ അംഗം ആയിത്തീ​രു​മ്പോൾ, സത്യാ​രാ​ധ​ക​രു​ടെ കൂട്ട​ത്തോ​ടു തിരികെ ചേർക്ക​പ്പെ​ടു​ന്നു എന്നതി​നാൽ നാം സഹോ​ദ​രനെ നേടു​ക​യാ​യി​രി​ക്കും. അതിൽ നമുക്ക്‌ ആനന്ദി​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a മക്ലിന്റോക്കിന്റെയും സ്‌​ട്രോം​ഗി​ന്റെ​യും വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “പുതിയ നിയമ[ത്തിലെ] ചുങ്കക്കാർ രാജ്യ​ദ്രോ​ഹി​ക​ളും വിശ്വാ​സ​ത്യാ​ഗി​ക​ളും ആയിട്ടാ​ണു വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. മർദക​രു​ടെ ചട്ടുക​മാ​യി​രുന്ന വിജാ​തീ​യ​രോ​ടൊ​പ്പം പതിവാ​യി സഹവസി​ച്ചി​രു​ന്ന​തി​നാൽ അവർ കളങ്കി​ത​രാ​ക്ക​പ്പെ​ട്ടി​രു​ന്ന​ത്രേ. അവരെ പാപി​ക​ളു​ടെ കൂട്ടത്തി​ലാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌ . . . അങ്ങനെ അവർ ഒറ്റപ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നു. മാന്യ ജീവിതം നയിച്ചി​രു​ന്നവർ അത്തരക്കാ​രെ ഒഴിവാ​ക്കി. തങ്ങളെ പോലെ തന്നെ ഭ്രഷ്ടു കൽപ്പി​ക്ക​പ്പെ​ട്ടി​രു​ന്നവർ മാത്ര​മാ​യി​രു​ന്നു ചുങ്കക്കാ​രു​ടെ സുഹൃ​ത്തു​ക്കൾ അല്ലെങ്കിൽ സഹകാ​രി​കൾ.”

b ഒരു പരിധി​വരെ വഞ്ചനയും ചതിയും തന്ത്രങ്ങ​ളും ഉൾപ്പെ​ട്ടി​രി​ക്കുന്ന ബിസി​ന​സു​ക​ളും സാമ്പത്തിക ഇടപാ​ടു​ക​ളും യേശു അർഥമാ​ക്കിയ പാപത്തിൽ ഉൾപ്പെ​ടു​ന്നു. അതിന്റെ സൂചന​യെ​ന്നോ​ണം, മത്തായി 18:15-17-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നിർദേ​ശങ്ങൾ നൽകിയ ശേഷം, കടം തിരി​ച്ചു​കൊ​ടു​ക്കാൻ കഴിയാഞ്ഞ ദാസന്മാ​രു​ടെ (ജോലി​ക്കാ​രു​ടെ) ഒരു ദൃഷ്ടാന്തം യേശു നൽകി.

c ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പറഞ്ഞു: “തെറ്റു ചെയ്‌ത വ്യക്തി ഒരാളു​ടെ ബുദ്ധി​യു​പ​ദേശം കൈ​ക്കൊ​ള്ളു​ന്ന​തി​നെ​ക്കാൾ—പ്രത്യേ​കി​ച്ചും അയാളു​മാ​യി തെറ്റു​കാ​രന്‌ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായി​ട്ടു​ണ്ടെ​ങ്കിൽ—രണ്ടോ മൂന്നോ പേരുടെ (പ്രത്യേ​കി​ച്ചും അദ്ദേഹം ആദരി​ക്കു​ന്നവർ ആണെങ്കിൽ) ബുദ്ധി​യു​പ​ദേശം കൈ​ക്കൊ​ള്ളാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌.”

നിങ്ങൾ ഓർക്കു​ന്നു​വോ?

□ മുഖ്യ​മാ​യി, ഏതു തരം പാപത്തി​നാ​ണു മത്തായി 18:15-17 ബാധക​മാ​കു​ന്നത്‌?

□ ഒന്നാമത്തെ പടി സ്വീക​രി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ നാം എന്ത്‌ ഓർമി​ക്കണം?

□ രണ്ടാമത്തെ പടി സ്വീക​രി​ക്കേണ്ടി വരു​ന്നെ​ങ്കിൽ നമുക്ക്‌ ആരുടെ സഹായം തേടാ​നാ​കും?

□ മൂന്നാ​മത്തെ പടി സ്വീക​രി​ക്കു​ന്ന​തിൽ ആരെല്ലാം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, പുറത്താ​ക്ക​പ്പെ​ട്ടാൽ പോലും നാം സഹോ​ദ​രനെ നേടി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[18-ാം പേജിലെ ചിത്രം]

യഹൂദർ ചുങ്കക്കാ​രെ ഒഴിവാ​ക്കി​യി​രു​ന്നു. മത്തായി തന്റെ വഴികൾ വിട്ടു​തി​രിഞ്ഞ്‌ യേശു​വി​നെ അനുഗ​മി​ച്ചു

[20-ാം പേജിലെ ചിത്രം]

മിക്കപ്പോഴും “നാലു കണ്ണുക​ളു​ടെ കീഴിൽ” നമുക്കു പ്രശ്‌നം പരിഹ​രി​ക്കാ​നാ​കും