വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കൽ

സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കൽ

സ്‌നേ​ഹ​ത്തി​ന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കൽ

കൊസൊവൊ, ലബനോൻ, അയർലൻഡ്‌. സമീപ വർഷങ്ങ​ളിൽ നിത്യേ​ന​യെ​ന്നോ​ണം ഈ സ്ഥലങ്ങൾ വാർത്ത​ക​ളിൽ സ്ഥാനം പിടി​ച്ചി​രി​ക്കു​ന്നു. രക്തച്ചൊ​രി​ച്ചി​ലി​ന്റെ​യും ബോം​ബു​വർഷ​ത്തി​ന്റെ​യും നരഹത്യ​യു​ടെ​യും ഭീകര ദൃശ്യ​ങ്ങ​ളാണ്‌ അവ മനുഷ്യ മനസ്സു​ക​ളി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. മതപര​വും വർഗീ​യ​വും വംശീ​യ​വു​മായ കാരണ​ങ്ങ​ളോ മറ്റു ഭിന്നത​ക​ളോ തിരി​കൊ​ളു​ത്തി​യി​ട്ടുള്ള പോരാ​ട്ടങ്ങൾ തീർച്ച​യാ​യും പുത്തരി​യല്ല, ചരി​ത്ര​ത്തി​ന്റെ ഏടുക​ളിൽ അവ നിറഞ്ഞു​നിൽക്കു​ന്നു എന്നതാണു വാസ്‌തവം. കയ്യും​ക​ണ​ക്കു​മി​ല്ലാത്ത ദുരി​ത​ങ്ങ​ളാണ്‌ അവ മനുഷ്യ​വർഗ​ത്തി​നു സമ്മാനി​ച്ചി​രി​ക്കു​ന്നത്‌.

ചരി​ത്ര​ത്തിൽ ഉടനീളം യുദ്ധങ്ങൾ നടന്നി​രി​ക്കു​ന്ന​തി​നാൽ, അവ വാസ്‌ത​വ​ത്തിൽ ഒഴിവാ​ക്കാ​നാ​വി​ല്ലെ​ന്നും മനുഷ്യർ അന്യോ​ന്യം ദ്വേഷി​ക്കു​ന്നതു സ്വാഭാ​വി​ക​മാ​ണെ​ന്നും അനേകർ നിഗമനം ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ, അത്തരം വീക്ഷണങ്ങൾ ദൈവ​വ​ച​ന​മായ ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലു​കൾക്കു കടകവി​രു​ദ്ധ​മാണ്‌. തിരു​വെ​ഴു​ത്തു​കൾ സുസ്‌പ​ഷ്ട​മാ​യി ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “സ്‌നേ​ഹി​ക്കാ​ത്തവൻ ദൈവത്തെ അറിഞ്ഞി​ട്ടില്ല; ദൈവം സ്‌നേഹം തന്നേ.” (1 യോഹ​ന്നാൻ 4:8) മനുഷ്യർ അന്യോ​ന്യം സ്‌നേ​ഹി​ക്കാ​നാ​ണു സ്രഷ്ടാവ്‌ ഇച്ഛിക്കു​ന്നത്‌ എന്നു വ്യക്തം.

ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യി​ലാ​ണു മനുഷ്യൻ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ എന്നും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. (ഉല്‌പത്തി 1:26, 27, ഓശാന ബൈബിൾ) ദൈവ​ത്തി​ന്റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാ​നുള്ള പ്രാപ്‌തി മനുഷ്യർക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ അത്‌ അർഥമാ​ക്കു​ന്നു. അവയിൽ ഏറ്റവും പ്രമുഖം സ്‌നേ​ഹ​മാണ്‌. ആ സ്ഥിതിക്ക്‌, ചരി​ത്ര​ത്തിൽ ഉടനീളം അന്യോ​ന്യം സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തിൽ മനുഷ്യർ തികച്ചും ദയനീ​യ​മാ​യി പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നു കാരണ​മെ​ന്താണ്‌? വീണ്ടും ബൈബിൾ ഉൾക്കാഴ്‌ച നൽകുന്നു. ആദ്യ മാനുഷ ജോടി ആയിരുന്ന ആദാമും ഹവ്വായും ദൈവ​ത്തി​നെ​തി​രെ മത്സരിച്ചു പാപത്തി​ലേക്കു വീണതാണ്‌ അതിനു കാരണം. തത്‌ഫ​ല​മാ​യി, അവരുടെ സകല സന്തതി​കൾക്കും പാപവും അപൂർണ​ത​യും പാരമ്പ​ര്യ​മാ​യി ലഭിച്ചു. റോമർ 3:23 ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “എല്ലാവ​രും പാപം ചെയ്‌തു ദൈവ​തേ​ജസ്സു ഇല്ലാത്ത​വ​രാ​യി​ത്തീർന്നു.” പാരമ്പ​ര്യ​സി​ദ്ധ​മായ പാപവും അപൂർണ​ത​യും, സ്‌നേ​ഹി​ക്കാ​നുള്ള നമ്മുടെ ദൈവദത്ത പ്രാപ്‌തി ക്ഷയിപ്പി​ച്ചി​രി​ക്കു​ന്നു. മനുഷ്യർ അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ മേലാൽ പ്രാപ്‌തരല്ല എന്നാണോ അതിന്റെ അർഥം? സഹമനു​ഷ്യ​രു​മാ​യി നമുക്കു സമാധാ​ന​പൂർണ​വും സ്‌നേ​ഹ​നിർഭ​ര​വു​മായ ഒരു ബന്ധം ആസ്വദി​ക്കാ​വുന്ന ഒരു കാലം വരു​മെ​ന്ന​തിന്‌ എന്തു പ്രത്യാ​ശ​യാണ്‌ ഉള്ളത്‌?

ദൈവത്തെ സ്‌നേ​ഹി​ക്കാൻ നാം പഠിക്കണം

അപൂർണ​രെ​ങ്കി​ലും സ്‌നേഹം പ്രകട​മാ​ക്കാൻ മനുഷ്യർ ഇപ്പോ​ഴും പ്രാപ്‌ത​രാണ്‌ എന്ന്‌ യഹോ​വ​യാം ദൈവ​ത്തിന്‌ അറിയാം. തന്നെ പ്രീതി​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കുന്ന സകലരും കഴിവി​ന്റെ പരമാ​വധി സ്‌നേഹം പ്രകടി​പ്പി​ക്കാൻ അവൻ നിഷ്‌കർഷി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു ഈ നിബന്ധന വ്യക്തമാ​ക്കി. ഇസ്രാ​യേ​ല്യർക്കു നൽകപ്പെട്ട നിയമ​ത്തിൽ ഏറ്റവും വലിയ കൽപ്പന ഏതാ​ണെന്ന്‌ ഒരു വ്യക്തി ചോദി​ച്ച​പ്പോ​ഴാ​യി​രു​ന്നു അത്‌. അവൻ പറഞ്ഞു: “നിന്റെ ദൈവ​മായ കർത്താ​വി​നെ നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും [“മുഴു ദേഹി​യോ​ടും,” NW] പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കേണം. ഇതാകു​ന്നു വലിയ​തും ഒന്നാമ​ത്തേ​തു​മായ കല്‌പന.” അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “രണ്ടാമ​ത്തേതു അതി​നോ​ടു സമം: കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം. ഈ രണ്ടു കല്‌പ​ന​ക​ളിൽ സകലന്യാ​യ​പ്ര​മാ​ണ​വും പ്രവാ​ച​ക​ന്മാ​രും അടങ്ങി​യി​രി​ക്കു​ന്നു.”—മത്തായി 22:37-40.

എന്നാൽ, തങ്ങൾ ഒരിക്ക​ലും കണ്ടിട്ടി​ല്ലാത്ത ഒരാളെ സ്‌നേ​ഹി​ക്കു​ന്നതു വളരെ ബുദ്ധി​മു​ട്ടുള്ള സംഗതി​യാ​ണെന്ന്‌ അനേക​രും വിചാ​രി​ക്കു​ന്നു. യഹോ​വ​യാം ദൈവം ആത്മ വ്യക്തി ആയിരി​ക്കു​ന്ന​തി​നാൽ മനുഷ്യ​രായ നമുക്ക്‌ അവനെ കാണാൻ സാധി​ക്കില്ല. (യോഹ​ന്നാൻ 4:24) എങ്കിലും, നാം എല്ലാവ​രും ദൈവം ചെയ്യുന്ന കാര്യ​ങ്ങ​ളാൽ അനുദി​നം ബാധി​ക്ക​പ്പെ​ടു​ക​യും നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി അവൻ സൃഷ്ടി​ച്ചി​രി​ക്കുന്ന നിരവധി നല്ല സംഗതി​കളെ ആശ്രയി​ക്കു​ക​യും ചെയ്യുന്നു. പിൻവ​രുന്ന പ്രകാരം പറഞ്ഞ​പ്പോൾ പൗലൊസ്‌ അപ്പൊ​സ്‌തലൻ ആ വസ്‌തുത വ്യക്തമാ​ക്കി: “എങ്കിലും [ദൈവം] നന്മചെ​യ്‌ക​യും ആകാശ​ത്തു​നി​ന്നു മഴയും ഫലപു​ഷ്ടി​യുള്ള കാലങ്ങ​ളും നിങ്ങൾക്കു തരിക​യും ആഹാര​വും സന്തോ​ഷ​വും നല്‌കി നിങ്ങളെ തൃപ്‌ത​രാ​ക്കു​ക​യും ചെയ്‌തു​പോ​ന്ന​തി​നാൽ തന്നെക്കു​റി​ച്ചു സാക്ഷ്യം തരാതി​രു​ന്നി​ട്ടില്ല.”—പ്രവൃ​ത്തി​കൾ 14:17.

ഒന്നല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ സ്രഷ്ടാ​വി​ന്റെ കരുത​ലു​ക​ളിൽ നിന്നു സകലരും പ്രയോ​ജനം അനുഭ​വി​ക്കു​ന്നു എങ്കിലും, താരത​മ്യേന ചുരുക്കം ചിലരേ അവനോ​ടു കൃതജ്ഞത കാട്ടു​ക​യോ നന്ദി പ്രകാ​ശി​പ്പി​ക്കു​ക​യോ ചെയ്യു​ന്നു​ള്ളൂ. തന്മൂലം നാം, ദൈവം നമുക്കാ​യി ചെയ്‌തി​രി​ക്കുന്ന എല്ലാ നല്ല കാര്യ​ങ്ങ​ളും പുനര​വ​ലോ​കനം ചെയ്യു​ക​യും അവന്റെ എല്ലാ പ്രവൃ​ത്തി​ക​ളി​ലും പ്രതി​ഫ​ലി​ക്കുന്ന അത്ഭുത​ക​ര​മായ ഗുണങ്ങളെ കുറിച്ചു ധ്യാനി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. അങ്ങനെ ചെയ്യു​ന്നത്‌, നമ്മുടെ മഹാ സ്രഷ്ടാ​വി​ന്റെ ഭയഗം​ഭീര ജ്ഞാനവും ശക്തിയും വിവേ​ചി​ച്ച​റി​യാൻ നമ്മെ പ്രാപ്‌ത​രാ​ക്കേ​ണ്ട​താണ്‌. (യെശയ്യാ​വു 45:18) സർവോ​പരി, അവൻ എത്ര സ്‌നേ​ഹ​വാ​നായ ദൈവ​മാണ്‌ എന്നു മനസ്സി​ലാ​ക്കാ​നും അതു നമ്മെ സഹായി​ക്കേ​ണ്ട​താണ്‌. കാരണം, അവൻ നമുക്കു ജീവൻ നൽകുക മാത്രമല്ല അനവധി ജീവി​തോ​ല്ലാ​സങ്ങൾ ആസ്വദി​ക്കുക സാധ്യ​മാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, ദൈവം ഭൂമി​യിൽ സൃഷ്ടിച്ച അനന്ത​വൈ​വി​ധ്യ​മാർന്ന മനോഹര പുഷ്‌പ​ങ്ങ​ളു​ടെ കാര്യ​മെ​ടു​ക്കാം. സൗന്ദര്യ​ത്തി​ന്റെ പര്യാ​യ​മായ ഈ വസ്‌തു​ക്കൾ കണ്ട്‌ ആസ്വദി​ക്കാ​നുള്ള പ്രാപ്‌തി​യും അവൻ നമുക്കു നൽകി എന്നത്‌ എത്ര മഹത്തായ സംഗതി​യാണ്‌! അതു​പോ​ലെ​തന്നെ, നമ്മുടെ ജീവസ​ന്ധാ​ര​ണ​ത്തി​നാ​യി പോഷക സമൃദ്ധ​മായ നാനാ​തരം ഭക്ഷ്യവ​സ്‌തു​ക്കൾ ദൈവം നമുക്കു നൽകി. ഭക്ഷണം ആസ്വദി​ക്ക​ത്ത​ക്ക​വണ്ണം സ്വാദ​റി​യാ​നുള്ള പ്രാപ്‌തി സഹിതം നമ്മെ സൃഷ്ടി​ച്ച​തും അവൻ എത്രമാ​ത്രം കരുതൽ ഉള്ളവനാ​ണെ​ന്നാ​ണു കാണി​ക്കു​ന്നത്‌! ഇതെല്ലാം, ദൈവം നമ്മെ യഥാർഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും നമ്മിൽ അതീവ തത്‌പ​ര​നാ​ണെ​ന്നും ഉള്ളതിന്റെ വാചാ​ല​മായ തെളി​വു​ക​ളല്ലേ?—സങ്കീർത്തനം 145:16, 17; യെശയ്യാ​വു 42:5, 8.

“പ്രകൃ​തി​യാ​കുന്ന പുസ്‌തക”ത്തിലൂടെ തന്നെ കുറിച്ചു വെളി​പ്പെ​ടു​ത്തു​ന്ന​തി​നു പുറമേ, താൻ ഏതുതരം ദൈവ​മാ​ണെന്നു തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യും സ്രഷ്ടാവു വ്യക്തമാ​ക്കു​ന്നു. കാരണം, യഹോ​വ​യാം ദൈവം പോയ​കാ​ല​ങ്ങ​ളിൽ ചെയ്‌ത സ്‌നേ​ഹ​നിർഭ​ര​മായ അനേകം കാര്യ​ങ്ങ​ളും ഭാവി​യിൽ മനുഷ്യ​വർഗ​ത്തി​ന്മേൽ ചൊരി​യു​മെന്നു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന നിരവധി അനു​ഗ്ര​ഹ​ങ്ങ​ളും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (ഉല്‌പത്തി 22:17, 18; പുറപ്പാ​ടു 3:17; സങ്കീർത്തനം 72:6-16; വെളി​പ്പാ​ടു 21:4, 5) സർവോ​പരി, മനുഷ്യ​വർഗ​ത്തോ​ടുള്ള ദൈവ​സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും വലിയ പ്രകട​നത്തെ കുറി​ച്ചും ബൈബിൾ വ്യക്തമാ​ക്കു​ന്നു—പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ബന്ധനത്തിൽ നിന്നു നമുക്കു മോചനം ലഭി​ക്കേ​ണ്ട​തി​നു നമ്മുടെ വീണ്ടെ​ടു​പ്പു​കാ​ര​നാ​യി അവൻ തന്റെ ഏകജാത പുത്രനെ നൽകി​യി​രി​ക്കു​ന്നു. (റോമർ 5:8) നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാ​വി​നെ കുറിച്ച്‌ അറിയു​ന്തോ​റും ഹൃദയ​ത്തിൽനിന്ന്‌ അവനെ സ്‌നേ​ഹി​ക്കാൻ നാം പൂർവാ​ധി​കം പ്രേരി​ത​രാ​കു​ന്നു.

സഹമനു​ഷ്യ​രെ സ്‌നേ​ഹി​ക്കാൻ പഠിക്കൽ

യേശു ചൂണ്ടി​ക്കാ​ട്ടിയ പ്രകാരം, ദൈവത്തെ മുഴു ഹൃദയ​ത്തോ​ടും ദേഹി​യോ​ടും മനസ്സോ​ടും കൂടെ സ്‌നേ​ഹി​ക്കു​ന്ന​തോ​ടൊ​പ്പം നാം നമ്മെ​പ്പോ​ലെ​തന്നെ നമ്മുടെ അയൽക്കാ​രെ​യും സ്‌നേ​ഹി​ക്കേ​ണ്ട​തുണ്ട്‌. വാസ്‌ത​വ​ത്തിൽ ദൈവ​ത്തോ​ടുള്ള സ്‌നേഹം അയൽക്കാ​രെ സ്‌നേ​ഹി​ക്കാൻ നമ്മെ ബാധ്യ​സ്ഥ​രാ​ക്കു​ന്നു. യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “പ്രിയ​മു​ള്ള​വരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേ​ഹി​ച്ചു എങ്കിൽ നാമും അന്യോ​ന്യം സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു.” അവൻ കൂടു​ത​ലാ​യി ഇങ്ങനെ ഊന്നി​പ്പ​റഞ്ഞു: “ഞാൻ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു എന്നു പറകയും തന്റെ സഹോ​ദ​രനെ പകെക്ക​യും ചെയ്യു​ന്നവൻ കള്ളനാ​കു​ന്നു. താൻ കണ്ടിട്ടുള്ള സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​ത്ത​വന്നു കണ്ടിട്ടി​ല്ലാത്ത ദൈവത്തെ സ്‌നേ​ഹി​പ്പാൻ കഴിയു​ന്നതല്ല. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നവൻ സഹോ​ദ​ര​നെ​യും സ്‌നേ​ഹി​ക്കേണം എന്നീ കല്‌പന നമുക്കു അവങ്കൽനി​ന്നു ലഭിച്ചി​രി​ക്കു​ന്നു.”—1 യോഹ​ന്നാൻ 4:11, 20, 21.

ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ പ്രകാരം, മനുഷ്യർ ‘സ്വസ്‌നേ​ഹി​കൾ’ ആയിരി​ക്കുന്ന, ‘ഞാൻ-മുമ്പെ’ മനോ​ഭാ​വം പ്രബല​മാ​യി​രി​ക്കുന്ന, ഒരു ലോക​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:2) അതു​കൊണ്ട്‌, സ്‌നേ​ഹ​ത്തി​ന്റെ ഉത്‌കൃഷ്ട മാർഗം പഠിക്ക​ണ​മെ​ങ്കിൽ മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടാ​നും ആളുകൾ പൊതു​വെ പിൻപ​റ്റുന്ന സ്വാർഥ മാർഗങ്ങൾ പിൻപ​റ്റു​ന്ന​തി​നു പകരം നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാ​വി​നെ അനുക​രി​ക്കാ​നും നാം കഠിന​മാ​യി ശ്രമി​ക്കേ​ണ്ട​തുണ്ട്‌. (റോമർ 12:2; എഫെസ്യർ 5:1) ദൈവം “നന്ദി​കെ​ട്ട​വ​രോ​ടും ദുഷ്ടന്മാ​രോ​ടും [പോലും] ദയ” കാട്ടുന്നു. അവൻ “ദുഷ്ടന്മാ​രു​ടെ​മേ​ലും നല്ലവരു​ടെ​മേ​ലും തന്റെ സൂര്യനെ ഉദിപ്പി​ക്ക​യും നീതി​മാ​ന്മാ​രു​ടെ​മേ​ലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്ക​യും ചെയ്യുന്നു.” നമ്മുടെ സ്വർഗീയ പിതാവ്‌ നമുക്കു​വേണ്ടി അത്തരം ഒരു മഹത്തായ മാതൃക വെക്കുന്ന സ്ഥിതിക്ക്‌, നാമും എല്ലാവ​രോ​ടും ദയ കാണി​ക്കാ​നും അവരെ സഹായി​ക്കാ​നും കഠിന​മാ​യി ശ്രമി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ, നമുക്ക്‌ ‘സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗസ്ഥ പിതാ​വി​ന്റെ പുത്ര​ന്മാ​രാ​യി തീരാ​നാ​കും.’—ലൂക്കൊസ്‌ 6:35; മത്തായി 5:45.

ചില​പ്പോ​ഴെ​ല്ലാം, സ്‌നേ​ഹ​നിർഭ​ര​മായ അത്തരം പ്രവൃ​ത്തി​കൾ സത്യ ദൈവ​ത്തി​ന്റെ ആരാധ​ക​രാ​കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ കലാശി​ക്കു​ന്നു. കുടും​ബി​നി​യായ ഒരു യഹോ​വ​യു​ടെ സാക്ഷി ഏതാനും വർഷങ്ങൾക്കു മുമ്പ്‌ തന്റെ അയൽക്കാ​രി​യു​മാ​യി ബൈബിൾ സന്ദേശം പങ്കിടാൻ ശ്രമിച്ചു. പക്ഷേ, തനിക്കു തെല്ലും താത്‌പ​ര്യ​മി​ല്ലെന്ന്‌ അയൽക്കാ​രി തുറന്ന​ടി​ച്ചു. എന്നിരു​ന്നാ​ലും, അയൽക്കാ​രി​യു​ടെ പ്രതി​ക​രണം സഹോ​ദ​രി​യെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യില്ല. പകരം, സഹോ​ദരി അയൽക്കാ​രി​യോ​ടു തുടർന്നും ദയാപു​ര​സ്സരം പെരു​മാ​റി​യെന്നു മാത്രമല്ല, വേണ്ട​പ്പോ​ഴൊ​ക്കെ അവരെ സഹായി​ക്കാ​നും ശ്രമിച്ചു. ഒരിക്കൽ, മറ്റൊരു വീട്ടി​ലേക്കു താമസം മാറ്റാൻ അയൽക്കാ​രി​യെ ആ സഹോ​ദരി സഹായി​ച്ചു. മറ്റൊ​രി​ക്കൽ, ബന്ധുക്കളെ സ്വീക​രി​ക്കു​ന്ന​തി​നു വിമാ​ന​ത്താ​വ​ള​ത്തി​ലേക്ക്‌ അവരോ​ടൊ​പ്പം പോകാൻ സഹോ​ദരി ആളെ ക്രമീ​ക​രി​ച്ചു. പിന്നീട്‌, ആ അയൽക്കാ​രി ബൈബിൾ അധ്യയ​ന​ത്തി​നു സമ്മതി​ക്കു​ക​യും ഭർത്താ​വി​ന്റെ കൊടിയ എതിർപ്പു​കൾ ഗണ്യമാ​ക്കാ​തെ ഒടുവിൽ തീക്ഷ്‌ണ​ത​യുള്ള ക്രിസ്‌ത്യാ​നി ആയിത്തീ​രു​ക​യും ചെയ്‌തു. അതെ, സ്‌നേ​ഹ​നിർഭ​ര​മായ അത്തരം പ്രവൃ​ത്തി​കൾ നിത്യാ​നു​ഗ്ര​ഹ​ങ്ങൾക്ക്‌ അടിത്തറ പാകി.

സത്യസന്ധർ ആയിരി​ക്കു​ന്ന​പക്ഷം നാം ഒരു കാര്യം തുറന്നു സമ്മതി​ക്കും: അഭില​ഷ​ണീ​യ​മായ അനവധി ഗുണങ്ങൾ ഉള്ളതു​കൊ​ണ്ടൊ​ന്നു​മല്ല ദൈവം നമ്മെ സ്‌നേ​ഹി​ക്കു​ന്നത്‌. നാം ചെയ്യുന്ന നിരവധി തെറ്റു​ക​ളും പിഴവു​ക​ളും ഗണ്യമാ​ക്കാ​തെ അവൻ നമ്മെ സ്‌നേ​ഹി​ക്കു​ന്നു എന്നതാണു വാസ്‌തവം. ആ സ്ഥിതിക്ക്‌, നാമും സഹമനു​ഷ്യ​രെ അവരുടെ പിഴവു​കൾ ഗണ്യമാ​ക്കാ​തെ സ്‌നേ​ഹി​ക്കാൻ പഠിക്കണം. മറ്റുള്ള​വ​രിൽ തെറ്റു കണ്ടെത്താൻ ശ്രമി​ക്കു​ന്ന​തി​നു പകരം അവരുടെ നല്ല ഗുണങ്ങൾ തിരി​ച്ച​റി​ഞ്ഞു വിലമ​തി​ക്കാൻ പരിശീ​ലി​ക്കുന്ന പക്ഷം അവരെ സ്‌നേ​ഹി​ക്കുക വളരെ എളുപ്പ​മാ​ണെന്നു നാം മനസ്സി​ലാ​ക്കും. അവരോ​ടു നമുക്കു തോന്നുന്ന സ്‌നേഹം തത്ത്വാ​ധി​ഷ്‌ഠിത സ്‌നേഹം മാത്ര​മാ​യി​രി​ക്കില്ല. മറിച്ച്‌, ഉറ്റ സുഹൃ​ത്തു​ക്ക​ളു​ടെ ഇടയിൽ നിലവി​ലുള്ള ഊഷ്‌മള വാത്സല്യ​വും പ്രീതി​യും അതിൽ ഉൾപ്പെ​ടും.

നിങ്ങളു​ടെ സ്‌നേഹം വളരാൻ അനുവ​ദി​ക്കു​ക

സ്‌നേ​ഹ​വും സൗഹൃ​ദ​വും നട്ടുവ​ളർത്തി പരി​പോ​ഷി​പ്പി​ക്കേ​ണ്ട​തുണ്ട്‌. അതിന്‌ അനിവാ​ര്യ​മാ​യി​രി​ക്കുന്ന ഘടകങ്ങ​ളിൽ ആത്മാർഥ​ത​യും സത്യസ​ന്ധ​ത​യും ഉൾപ്പെ​ടു​ന്നു. ആരുടെ സൗഹൃദം സമ്പാദി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വോ അവർക്കു തങ്ങളോ​ടു മതിപ്പു തോ​ന്നേ​ണ്ട​തി​നു ചിലർ, അവരിൽ നിന്നു തങ്ങളുടെ പിഴവു​കൾ മറച്ചു​വെ​ക്കാൻ ശ്രമി​ക്കു​ന്നു. എന്നാൽ, അത്തര​മൊ​രു നടപടി മിക്ക​പ്പോ​ഴും വിപരീത ഫലമേ ഉളവാക്കൂ. കാരണം, മറ്റുള്ളവർ ക്രമേണ വസ്‌തു​തകൾ മനസ്സി​ലാ​ക്കു​ക​യും അത്തരം സത്യസ​ന്ധ​ത​യി​ല്ലായ്‌മ അവരിൽ വെറു​പ്പു​ള​വാ​ക്കു​ക​യും ചെയ്യും. തന്നിമി​ത്തം, തിരു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന പിഴവു​കൾ നമ്മിൽ ഉണ്ടെങ്കിൽ പോലും നാം ആയിരി​ക്കു​ന്ന​തു​പോ​ലെ മറ്റുള്ളവർ നമ്മെ അറിയു​ന്ന​തിൽ ഭയപ്പെ​ട​രുത്‌. മറ്റുള്ള​വ​രു​മാ​യി സുഹൃ​ദ്‌ബന്ധം സ്ഥാപി​ക്കാൻ അതു നമ്മെ സഹായി​ച്ചേ​ക്കും.

അതി​നൊ​രു ദൃഷ്ടാ​ന്ത​മാ​ണു വിദൂര പൗരസ്‌ത്യ ദേശത്തുള്ള, പ്രായം ചെന്ന ഒരു സഹോ​ദരി. അവർക്കു കാര്യ​മായ വിദ്യാ​ഭ്യാ​സ​മൊ​ന്നു​മില്ല. എങ്കിലും, സഹോ​ദരി ഒരിക്ക​ലും മറ്റുള്ള​വ​രിൽ നിന്ന്‌ ആ സത്യം മറച്ചു​വെ​ക്കാ​റില്ല. ഉദാഹ​ര​ണ​ത്തിന്‌, 1914-ൽ ജാതി​ക​ളു​ടെ കാലം അവസാനിച്ചു a എന്ന്‌ ബൈബിൾ പ്രവച​ന​ങ്ങ​ളും ചരിത്ര വസ്‌തു​ത​ക​ളും ഉപയോ​ഗിച്ച്‌ ആളുകൾക്കു കാണിച്ചു കൊടു​ക്കാൻ തനിക്കു സാധി​ക്കില്ല എന്നു സഹോ​ദരി തുറന്നു സമ്മതി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണത കാട്ടു​ന്ന​തി​ലും സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​വും ഔദാ​ര്യ​വും പ്രകട​മാ​ക്കു​ന്ന​തി​ലും സഹോ​ദരി ഉത്തമ ദൃഷ്ടാ​ന്ത​മാണ്‌. തന്മൂലം, സഭയിലെ രത്‌നം ആയിട്ടാ​ണു സഹോ​ദരി അറിയ​പ്പെ​ടു​ന്നത്‌.

ചില രാജ്യ​ങ്ങ​ളിൽ തുറന്ന സ്‌നേ​ഹ​പ്ര​ക​ടനം അഭികാ​മ്യ​മാ​യി കരുത​പ്പെ​ടു​ന്നില്ല. മറ്റുള്ള​വ​രു​മാ​യുള്ള ഇടപെ​ട​ലിൽ ആദരപൂർവ​ക​മായ ഒരു വ്യവസ്ഥാ​പിത രീതി നിലനിർത്താ​നാണ്‌ ആളുകൾ പഠിപ്പി​ക്ക​പ്പെ​ടു​ന്നത്‌. ആദരവും പരിഗ​ണ​ന​യും ഉള്ളവരാ​യി​രി​ക്കു​ന്നതു നല്ലതു​തന്നെ. എന്നാൽ, മറ്റുള്ള​വ​രോ​ടുള്ള നമ്മുടെ വികാ​രത്തെ അമർത്തി​വെ​ക്കാ​നോ അടച്ചു​വെ​ക്കാ​നോ അതി​നെ​യൊ​ന്നും നാം അനുവ​ദി​ക്ക​രുത്‌. തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനം ആയിരുന്ന പുരാതന ഇസ്രാ​യേ​ലി​നോ​ടു തനിക്കു വാത്സല്യ​മു​ണ്ടെന്നു തുറന്നു പറയാൻ യഹോ​വ​യ്‌ക്കു ലജ്ജ തോന്നി​യില്ല. അവരോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിത്യ​സ്‌നേഹം കൊണ്ടു ഞാൻ നിന്നെ സ്‌നേ​ഹി​ച്ചി​രി​ക്കു​ന്നു.” (യിരെ​മ്യാ​വു 31:3) സമാന​മാ​യി, പൗലൊസ്‌ അപ്പൊ​സ്‌തലൻ സഹവി​ശ്വാ​സി​ക​ളോ​ടു പറഞ്ഞു: “ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനി​ച്ചു​കൊ​ണ്ടു നിങ്ങൾക്കു ദൈവ​ത്തി​ന്റെ സുവി​ശേഷം പ്രസം​ഗി​പ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയ​രാ​ക​യാൽ ഞങ്ങളുടെ പ്രാണ​നും​കൂ​ടെ വെച്ചു​ത​രു​വാൻ ഒരുക്ക​മാ​യി​രു​ന്നു.” (1 തെസ്സ​ലൊ​നീ​ക്യർ 2:8) തന്മൂലം, സഹമനു​ഷ്യ​രോ​ടു നാം യഥാർഥ പ്രിയം നട്ടുവ​ളർത്താൻ ശ്രമി​ക്കവെ, അത്തരം വികാ​രങ്ങൾ അമർത്തി​വെ​ക്കു​ന്ന​തി​നു പകരം സ്വാഭാ​വി​ക​മാ​യി പ്രകടി​പ്പി​ക്കു​ന്നതു ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളോ​ടു തികച്ചും ചേർച്ച​യി​ലാണ്‌.

തുടർച്ച​യായ ശ്രമം ആവശ്യം

മറ്റുള്ള​വ​രോ​ടു സ്‌നേഹം തോന്നാ​നും അതു പ്രകടി​പ്പി​ക്കാ​നും പഠിക്കു​ന്നത്‌ ഒരു തുടർച്ച​യായ പ്രക്രി​യ​യാണ്‌. അതിനു നമ്മുടെ പക്ഷത്തു​നി​ന്നു ധാരാളം ശ്രമം ആവശ്യ​മാണ്‌. കാരണം, നമ്മു​ടെ​തന്നെ അപൂർണ​തയെ തരണം ചെയ്യു​ന്ന​തോ​ടൊ​പ്പം നാം സ്‌നേ​ഹ​ര​ഹി​ത​മായ ഈ ലോക​ത്തി​ന്റെ ശക്തമായ സ്വാധീ​നത്തെ ചെറുത്തു നിൽക്കേ​ണ്ട​തു​മുണ്ട്‌. എങ്കിലും, അതു കൈവ​രു​ത്തുന്ന സമൃദ്ധ​മായ പ്രതി​ഫ​ലങ്ങൾ ശ്രമത്തി​നു തക്ക മൂല്യ​മു​ള്ള​താണ്‌.—മത്തായി 24:12.

അപൂർണ​മാ​യ ഈ ലോക​ത്തിൽ പോലും, സഹമനു​ഷ്യ​രു​മാ​യി നമുക്കു മെച്ചപ്പെട്ട ബന്ധം ആസ്വദി​ക്കാൻ സാധി​ക്കും. അത്‌ നമുക്കും മറ്റുള്ള​വർക്കും വളരെ​യേറെ സന്തോ​ഷ​വും സമാധാ​ന​വും സംതൃ​പ്‌തി​യും കൈവ​രു​ത്തും. അത്തര​മൊ​രു ശ്രമം നടത്തു​ന്ന​തി​ലൂ​ടെ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നുള്ള മഹത്തായ പ്രത്യാ​ശ​യ്‌ക്കു നാം യോഗ്യ​രാ​ണെന്നു തെളി​യി​ക്കാ​നാ​കും. സർവോ​പരി, സ്‌നേ​ഹ​ത്തി​ന്റെ ഉത്‌കൃഷ്ട മാർഗങ്ങൾ പഠിക്കു​ന്ന​തി​ലൂ​ടെ നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാ​വി​ന്റെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​ങ്ങ​ളും നമുക്കു നേടാ​നാ​കും—അതെ, ഇപ്പോ​ഴും എന്നേക്കും!

[അടിക്കു​റി​പ്പു​കൾ]

a കൂടുതൽ വിശദാം​ശ​ത്തിന്‌, തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 1, പേജ്‌ 132-5 കാണുക.

[10-ാം പേജിലെ ചിത്രങ്ങൾ]

ദയാപ്രവൃത്തികളിലൂടെ ക്രിസ്‌തീയ സ്‌നേഹം പ്രകടി​പ്പി​ക്കാ​നാ​കും

[8-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

UN PHOTO 186226/M. Grafman