ദൈവവചനത്തെ സ്നേഹിക്കുന്നതിന്റെ പ്രയോജനങ്ങൾ
ദൈവവചനത്തെ സ്നേഹിക്കുന്നതിന്റെ പ്രയോജനങ്ങൾ
“[ജ്ഞാനത്തെ] സ്നേഹിപ്പിൻ, അതു നിന്നെ കാത്തുസംരക്ഷിക്കും. . . . നീ അതിനെ ആലിംഗനം ചെയ്യുന്നതിനാൽ അതു നിന്നെ മഹത്ത്വപ്പെടുത്തും.”—സദൃശവാക്യങ്ങൾ 4:6, 8, NW.
1. ദൈവവചനത്തെ യഥാർഥമായും സ്നേഹിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
ബൈബിൾ വായന ഒരു ക്രിസ്ത്യാനിക്കു മർമപ്രധാനമാണ്. എന്നാൽ അതു കേവലം വായിക്കുന്നു എന്നതുകൊണ്ട് ദൈവവചനത്തോടു സ്നേഹം ഉണ്ടായിരിക്കണമെന്നില്ല. ഒരുവൻ ബൈബിൾ വായിച്ചിട്ട് ബൈബിൾ കുറ്റം വിധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നുവെങ്കിലോ? ദൈവവചനത്തെ 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ സ്നേഹിച്ച വിധത്തിൽ അയാൾ അതിനെ സ്നേഹിക്കുന്നില്ലെന്നു വ്യക്തം. ദൈവവചനത്തെ സ്നേഹിക്കുന്നത് അതിന്റെ നിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കുന്നതിലേക്ക് സങ്കീർത്തനക്കാരനെ നയിച്ചു.—സങ്കീർത്തനം 119:97, 101, 105.
2. ദൈവവചനത്തിൽ അധിഷ്ഠിതമായ ജ്ഞാനം എന്തു പ്രയോജനങ്ങൾ കൈവരുത്തുന്നു?
2 ദൈവവചനത്തിനു ചേർച്ചയിൽ ജീവിക്കുന്നതിന് ഒരുവന്റെ ചിന്തയിലും ജീവിത രീതിയിലും നിരന്തരമായ പൊരുത്തപ്പടുത്തലുകൾ വരുത്തേണ്ടതുണ്ട്. അത്തരമൊരു ഗതി ദൈവിക ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നു. ബൈബിൾ പഠനത്തിൽനിന്നു ലഭിക്കുന്ന അറിവും ഗ്രാഹ്യവും പ്രായോഗികമായി ബാധകമാക്കുന്നതാണ് ആ ജ്ഞാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. “[ജ്ഞാനത്തെ] സ്നേഹിപ്പിൻ, അതു നിന്നെ കാത്തുസംരക്ഷിക്കും. അതിനെ അങ്ങേയറ്റം ആദരിക്കുക, അതു നിന്നെ ഉയർത്തും. നീ അതിനെ ആലിംഗനം ചെയ്യുന്നതിനാൽ അതു നിന്നെ മഹത്വപ്പെടുത്തും. അതു നിന്റെ തലയ്ക്കു വശ്യമായൊരു ശിരോഭൂഷണമേകും; ഒരു ശോഭയുള്ള കിരീടം അതു നിന്നെ അണിയിക്കും.” (സദൃശവാക്യങ്ങൾ 4:6, 8, 9, NW) ദൈവവചനത്തോടു സ്നേഹം വളർത്താനും അതിനാൽ നയിക്കപ്പെടാനുമുള്ള എന്തൊരു നല്ല പ്രോത്സാഹനം! സംരക്ഷണവും ഉയർച്ചയും മഹത്ത്വവും ആഗ്രഹിക്കാത്തതായി ആരാണുള്ളത്?
നിത്യമായ നാശത്തിൽനിന്നു സംരക്ഷിക്കപ്പെടുന്നു
3. ക്രിസ്ത്യാനികൾ എന്നത്തേതിലും അധികമായി സംരക്ഷിക്കപ്പെടേണ്ടതുള്ളത് എന്തുകൊണ്ട്, ആരിൽനിന്ന്?
3 ദൈവവചനം പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിൽനിന്നു ലഭിക്കുന്ന ജ്ഞാനത്താൽ ഒരുവൻ സംരക്ഷിക്കപ്പെടുന്നത് ഏതു വിധത്തിലാണ്? അദ്ദേഹം പിശാചായ സാത്താനിൽനിന്നു സംരക്ഷിക്കപ്പെടുന്നു എന്നതാണ് ഒരു സംഗതി. ദുഷ്ടനായ സാത്താനിൽനിന്ന് ഉള്ള വിടുതലിനായി പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:13) നമ്മുടെ പ്രാർഥനകളിൽ ഈ അഭ്യർഥന ഉൾപ്പെടുത്തേണ്ടത് ഇന്നു വളരെ അടിയന്തിരമാണ്. 1914-നെ തുടർന്ന് സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗത്തിൽനിന്നു വലിച്ചെറിയപ്പെട്ടു. തത്ഫലമായി സാത്താൻ “തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ” പ്രവർത്തിക്കുന്നു. (വെളിപ്പാടു 12:9, 10, 12) “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ”വർക്ക് എതിരെ നിഷ്ഫല പോരാട്ടം നടത്തവെ ഈ അന്ത്യനാളുകളിൽ അവന്റെ ക്രോധം കത്തിജ്വലിക്കുക ആയിരിക്കണം.—വെളിപ്പാടു 12:17.
4 ക്രിസ്ത്യാനികൾ സാത്താന്യ സമ്മർദങ്ങളിൽനിന്നും കെണികളിൽനിന്നും സംരക്ഷിക്കപ്പെടുന്നത് എങ്ങനെ?
4 സാത്താൻ തന്റെ ക്രോധത്തിൽ, ഈ ക്രിസ്തീയ ശുശ്രൂഷകർക്കു പ്രശ്നങ്ങൾ സൃഷ്ടിക്കാനും അവരുടെ വേലയ്ക്ക് എതിരെ വന്യമായ പീഡനം ഇളക്കിവിടുകയോ മറ്റു തടസ്സങ്ങൾ ഉളവാക്കുകയോ ചെയ്യാനും നിരന്തരം ശ്രമിക്കുന്നു. രാജ്യപ്രസംഗ വേലയ്ക്കു പകരം ലൗകിക പ്രാമുഖ്യത, വിശ്രമ പ്രിയം, ഭൗതിക സ്വത്തു സമ്പാദനം, ഉല്ലാസ അനുധാവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു രാജ്യ ഘോഷകരെ പ്രലോഭിപ്പിക്കാനും അവൻ ആഗ്രഹിക്കുന്നു. സാത്താന്റെ സമ്മർദങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതിൽനിന്ന്, അല്ലെങ്കിൽ അവന്റെ കെണികളിൽ അകപ്പെടുന്നതിൽനിന്ന് ദൈവത്തിന്റെ വിശ്വസ്ത ദാസന്മാരെ സംരക്ഷിക്കുന്നത് എന്താണ്? പ്രാർഥനയും യഹോവയുമായുള്ള വ്യക്തിപരമായ അടുത്ത ബന്ധവും അവന്റെ വാഗ്ദാനങ്ങൾ സുനിശ്ചിതമായും നിവൃത്തിയേറുമെന്ന വിശ്വാസവും തീർച്ചയായും ജീവത്പ്രധാനമാണ്. എന്നാൽ ഇവയെല്ലാം ദൈവവചനത്തിലെ ഓർമിപ്പിക്കലുകളെ കുറിച്ചുള്ള അറിവിനോടും അവയ്ക്കു ശ്രദ്ധ കൊടുക്കാനുള്ള ദൃഢനിശ്ചയത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഈ ഓർമിപ്പിക്കലുകൾ ലഭ്യമാകുന്നത് ബൈബിളും ബൈബിൾ പഠന സഹായികളും വായിക്കുന്നതിലൂടെ, ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതിലൂടെ, ഒരു സഹവിശ്വാസിയുടെ തിരുവെഴുത്തുപരമായ ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നതിലൂടെ അല്ലെങ്കിൽ ദൈവാത്മാവ് മനസ്സിലേക്കു കൊണ്ടുവരുന്ന ബൈബിൾ തത്ത്വങ്ങളെ കുറിച്ചുള്ള പ്രാർഥനാപൂർവകമായ ധ്യാനത്തിലൂടെ ആണ്.—യെശയ്യാവു 30:21; യോഹന്നാൻ 14:26; 1 യോഹന്നാൻ 2:15-17.
5. ദൈവവചനത്തിൽ അധിഷ്ഠിതമായ ജ്ഞാനം നമ്മെ സംരക്ഷിക്കുന്നത് ഏതു വിധങ്ങളിൽ?
5 ദൈവവചനത്തെ സ്നേഹിക്കുന്നവർ മറ്റു വിധങ്ങളിലും സംരക്ഷിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്, മയക്കുമരുന്ന് ദുരുപയോഗം, പുകയിലയുടെ ഉപയോഗം, ലൈംഗിക അധാർമികത എന്നിവയാൽ ഉളവാകുന്ന വൈകാരിക ക്ലേശങ്ങളും ശാരീരിക രോഗങ്ങളും അവർ ഒഴിവാക്കുന്നു. (1 കൊരിന്ത്യർ 5:11; 2 കൊരിന്ത്യർ 7:1) ഏഷണിയിലൂടെയോ നിർദയ സംസാരത്തിലൂടെയോ അവർ വ്യക്തി ബന്ധങ്ങൾ കളങ്കപ്പെടുത്താറില്ല. (എഫെസ്യർ 4:31) ലോകത്തിന്റെ വഞ്ചനാത്മകമായ തത്ത്വശാസ്ത്രങ്ങളിലേക്കു ചൂഴ്ന്നിറങ്ങിക്കൊണ്ട് അവർ സംശയത്തിന് ഇരകളാകുന്നതുമില്ല. (1 കൊരിന്ത്യർ 3:19) ദൈവവചനത്തെ സ്നേഹിക്കുന്നതിനാൽ, ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെയോ നിത്യജീവന്റെ പ്രത്യാശയെയോ കവർന്നെടുത്തേക്കാവുന്ന കാര്യങ്ങളിൽനിന്ന് അവർ സംരക്ഷിക്കപ്പെടുന്നു. ബൈബിളിൽ അടങ്ങിയിരിക്കുന്ന അതിശയകരമായ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിൽ അവർ വ്യാപൃതരാണ്. അതുവഴി, ‘തങ്ങളെയും തങ്ങളുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കാ’നാകുമെന്ന് അവർക്ക് അറിയാം.—1 തിമൊഥെയൊസ് 4:16.
6 ദൈവവചനത്തിൽ അധിഷ്ഠിതമായ ജ്ഞാനത്തിന് പ്രയാസ സാഹചര്യങ്ങളിൽ പോലും നമ്മെ സംരക്ഷിക്കാൻ കഴിയുന്നത് എങ്ങനെ?
6 “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” എല്ലാവരെയും, ദൈവവചനത്തെ സ്നേഹിക്കുന്നവരെ പോലും, ബാധിക്കുന്നു എന്നതു ശരിതന്നെ. (സഭാപ്രസംഗി 9:11, NW) നമ്മിൽ ചിലർ പ്രകൃതി വിപത്തുകൾക്കോ ഗുരുതരമായ രോഗങ്ങൾക്കോ അപകടങ്ങൾക്കോ അകാല മരണത്തിനോ ഇരയാകുന്നത് ഒഴിവാക്കാനാവില്ല. എന്നാൽ അപ്പോഴും നാം സംരക്ഷിക്കപ്പെടുന്നു. ദൈവവചനത്തെ ശരിയായി സ്നേഹിക്കുന്ന ഒരുവന് ശാശ്വതമായ ദ്രോഹം ചെയ്യാൻ യാതൊരു ദുരന്തത്തിനും സാധിക്കില്ല. അതുകൊണ്ട്, ഭാവിയിൽ എന്തു സംഭവിച്ചേക്കാം എന്നതിനെ കുറിച്ചു നാം അമിതമായി വ്യാകുലപ്പെടേണ്ടതില്ല. നാം ന്യായമായ മുൻകരുതലുകൾ ഒക്കെ സ്വീകരിച്ച ശേഷം, കാര്യങ്ങൾ യഹോവയുടെ കരങ്ങളിൽ വിട്ടുകൊടുക്കുകയും നമ്മുടെ സമാധാനം കവർന്നു കളയാൻ ഇന്നത്തെ ജീവിതത്തിലെ അരക്ഷിതാവസ്ഥയെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് മെച്ചം. (മത്തായി 6:33, 34; ഫിലിപ്പിയർ 4:6, 7) പുനരുത്ഥാന പ്രത്യാശയുടെയും ദൈവം “സകലവും പുതുതാക്കു”മ്പോഴത്തെ മെച്ചപ്പെട്ട ജീവിതത്തിന്റെയും സുനിശ്ചിതത്വം മനസ്സിൽപിടിക്കുക.—വെളിപ്പാടു 21:5; യോഹന്നാൻ 11:25.
നിങ്ങളെത്തന്നെ “നല്ല നില”മെന്നു തെളിയിക്കുക
7. താൻ പറയുന്നതു കേൾക്കാൻ വന്ന ജനക്കൂട്ടത്തോട് യേശു ഏത് ഉപമ പറഞ്ഞു?
7 ദൈവവചനത്തെ കുറിച്ച് ശരിയായ വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ ഉപമകളിൽ ഒന്നിൽ യേശു ഊന്നിപ്പറഞ്ഞു. യേശു പലസ്തീനിൽ ഉടനീളം സുവാർത്ത പ്രസംഗിച്ചപ്പോൾ ജനക്കൂട്ടങ്ങൾ അവനെ ശ്രദ്ധിക്കാൻ തടിച്ചുകൂടി. (ലൂക്കൊസ് 8:1, 4) എന്നാൽ അവരിൽ എല്ലാവരുമൊന്നും ദൈവവചനത്തെ ശരിയായി സ്നേഹിച്ചിരുന്നില്ല. അനേകരും അവൻ പറയുന്നതു കേൾക്കാൻ വന്നത്, അത്ഭുതങ്ങൾ കാണാനോ അവന്റെ അതിശയകരമായ പഠിപ്പിക്കൽ രീതി അവർ ആസ്വദിച്ചിരുന്നതുകൊണ്ടോ ആയിരുന്നു എന്നതിനു സംശയമില്ല. അതുകൊണ്ട് യേശു ജനക്കൂട്ടത്തോട് ഒരു ഉപമ പറഞ്ഞു: “വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. മററു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി. മററു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. മററു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു.”—ലൂക്കൊസ് 8:4-8.
8. യേശുവിന്റെ ഉപമയിലെ വിത്ത് എന്താണ്?
8 സുവാർത്താ പ്രസംഗത്തോടുള്ള പ്രതികരണങ്ങൾ വ്യത്യസ്തം ആയിരിക്കുമെന്ന് യേശുവിന്റെ ഉപമ പ്രകടമാക്കി. അത് ശ്രോതാവിന്റെ ഹൃദയ നിലയെ ആശ്രയിച്ചിരിക്കുമായിരുന്നു. വിതയ്ക്കപ്പെട്ട വിത്ത് “ദൈവവചന”മാണ്. (ലൂക്കൊസ് 8:11) അഥവാ, ആ ഉപമയെ കുറിച്ചുള്ള മറ്റൊരു വിവരണം പറയുന്നതുപോലെ വിത്ത് “രാജ്യത്തിന്റെ വചന”മാണ്. (മത്തായി 13:19) ദൈവവചനത്തിന്റെ വിഷയം, തന്റെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കാനും തന്റെ നാമത്തെ വിശുദ്ധീകരിക്കാനും യഹോവ ഉപയോഗിക്കുന്ന, യേശുക്രിസ്തു രാജാവായുള്ള സ്വർഗീയ രാജ്യമായതിനാൽ യേശുവിന് ആ പ്രയോഗങ്ങളിൽ ഏതും ഉപയോഗിക്കാമായിരുന്നു. (മത്തായി 6:9, 10) അതുകൊണ്ട് ഫലത്തിൽ വിത്ത്, ദൈവവചനമായ ബൈബിളിലെ സുവാർത്താ സന്ദേശമാണ്. യഥാർഥ വിതക്കാരനായ യേശുക്രിസ്തുവിനെ അനുകരിച്ച് വിത്തു വിതച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ ഈ രാജ്യ സന്ദേശത്തിന് ഊന്നൽ നൽകുന്നു. അവർക്ക് എന്തു പ്രതികരണമാണു ലഭിക്കുന്നത്?
9. (എ) വഴിയരികിലും (ബി) പാറമേലും (സി) മുള്ളിനിടയിലും വീഴുന്ന വിത്തുകൾ യഥാക്രമം എന്തിനെ ചിത്രീകരിക്കുന്നു?
9 കുറെ വിത്ത് വഴിയരികിൽ വീണ് ചവിട്ടപ്പെടുമെന്ന് യേശു പറഞ്ഞു. രാജ്യ സത്യത്തിനു ഹൃദയത്തിൽ വേരൂന്നാൻ കഴിയാത്തവണ്ണം മറ്റു കാര്യങ്ങളിൽ അത്യധികം വ്യാപൃതരായിരിക്കുന്ന ആളുകളെ അതു പരാമർശിക്കുന്നു. അവർക്കു ദൈവവചനത്തോടു സ്നേഹം വളർത്തിയെടുക്കാൻ കഴിയുന്നതിനു മുമ്പ് “അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു.” (ലൂക്കൊസ് 8:12) കുറെ വിത്ത് പാറമേൽ വീഴുന്നു. ബൈബിൾ സന്ദേശത്തിൽ ആകൃഷ്ടരായെങ്കിലും തങ്ങളുടെ ഹൃദയങ്ങളെ സ്വാധീനിക്കാൻ അതിനെ അനുവദിക്കാത്ത ആളുകളെ അതു പരാമർശിക്കുന്നു. എതിർപ്പുകൾ ഉണ്ടാകുകയോ ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാൻ ബുദ്ധിമുട്ടാണെന്നു കണ്ടെത്തുകയോ ചെയ്യുമ്പോൾ, വേരില്ലാത്തതിനാൽ അവർ “പിൻവാങ്ങിപ്പോ”കുന്നു. (ലൂക്കൊസ് 8:13) വചനം കേൾക്കുന്നുവെങ്കിലും “ഈ ജീവിതത്തിലെ ഉത്കണ്ഠകൾക്കും ധനത്തിനും സുഖഭോഗങ്ങൾക്കും” അടിമപ്പെടുന്നവരും ഉണ്ട്. മുള്ളുകളുടെ ഇടയിൽ അകപ്പെട്ടുപോകുന്ന ചെടികളെ പോലെ അവസാനം അവർ “പൂർണമായി ഞെരുക്കപ്പെടുന്നു.”—ലൂക്കൊസ് 8:14, NW.
10, 11. (എ) നല്ല നിലം ആരെ ചിത്രീകരിക്കുന്നു? (ബി) ദൈവവചനത്തെ നമ്മുടെ ഹൃദയത്തിൽ ‘സംഗ്രഹിക്കാൻ’ നാം എന്തു ചെയ്യണം?
10 ഒടുവിൽ, നല്ല നിലത്തു വീഴുന്ന വിത്തുമുണ്ട്. “ഉത്തമവും നിർമ്മലവുമായ ഹൃദയ”ത്തോടെ രാജ്യ സന്ദേശം സ്വീകരിക്കുന്ന ആളുകളെ അതു സൂചിപ്പിക്കുന്നു. താൻ ഈ ഗണത്തിൽ പെടുന്നുവെന്നു വിശ്വസിക്കാൻ സ്വാഭാവികമായും നാം എല്ലാവരും ആഗ്രഹിക്കും. എന്നാൽ ആത്യന്തികമായി, ദൈവത്തിന്റെ വീക്ഷണമാണ് പ്രാധാന്യം അർഹിക്കുന്നത്. (സദൃശവാക്യങ്ങൾ 17:3; 1 കൊരിന്ത്യർ 4:4, 5) നമുക്ക് ‘ഉത്തമവും നിർമ്മലവുമായ ഹൃദയം’ ഉണ്ടെന്നുള്ളത്, ഇപ്പോൾ മുതൽ നമ്മുടെ മരണം വരെയുള്ള അല്ലെങ്കിൽ ദൈവം ഈ ദുഷ്ടവ്യവസ്ഥിതിക്ക് ഒരു അവസാനം വരുത്തുന്നതു വരെയുള്ള നമ്മുടെ പ്രവൃത്തികളാൽ നാം തെളിയിക്കേണ്ട ഒന്നാണെന്ന് അവന്റെ വചനം പറയുന്നു. രാജ്യ സന്ദേശത്തോടുള്ള നമ്മുടെ ആദ്യ പ്രതികരണം ക്രിയാത്മകമായിരിക്കുന്നത് നല്ലതുതന്നെ. എന്നാൽ ഉത്തമവും നിർമലവുമായ ഹൃദയമുള്ളവരാണ് ദൈവവചനം സ്വീകരിച്ച് “സംഗ്രഹിച്ചു . . . സഹിഷ്ണുതയോടെ ഫലം പുറപ്പെടുവിക്കു”ന്നത്.—ലൂക്കൊസ് 8:15, NIBV.
11 ദൈവവചനത്തെ നമ്മുടെ ഹൃദയത്തിൽ സംഗ്രഹിക്കാനുള്ള ഫലപ്രദമായ ഏക മാർഗം സ്വകാര്യമായും സഹവിശ്വാസികളോട് ഒപ്പവും അതു വായിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ്. യേശുവിന്റെ യഥാർഥ അനുഗാമികളുടെ ആത്മീയ താത്പര്യങ്ങൾക്കായി കരുതാൻ നിയമിക്കപ്പെട്ടിരിക്കുന്ന സരണിയിലൂടെ ലഭ്യമാകുന്ന ആത്മീയ ആഹാരത്തിൽനിന്നു പൂർണപ്രയോജനം നേടുന്നത് ഇതിൽ ഉൾപ്പെടുന്നു. (മത്തായി 24:45-47) അത്തരം മാർഗത്തിലൂടെ ദൈവവചനത്തെ തങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിക്കുന്നവർ ‘സഹിഷ്ണുതയോടെ ഫലം പുറപ്പെടുവിക്കാൻ’ സ്നേഹത്താൽ പ്രേരിപ്പിക്കപ്പെടുന്നു.
12. നാം സഹിഷ്ണുതയോടെ പുറപ്പെടുവിക്കേണ്ട ഫലം എന്ത്?
12 നല്ല നിലത്ത് എന്തു ഫലമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്? സാധാരണഗതിയിൽ, വിത്തുകൾ അതേ തരം വിത്തുകളുള്ള ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളായി വളരുന്നു. തുടർന്ന് ആ വിത്തുകൾ വിതറി കൂടുതൽ ഫലം ഉത്പാദിപ്പിക്കാനാകും. സമാനമായി, ഉത്തമവും നിർമലവുമായ ഹൃദയം ഉള്ള ആളുകളിൽ വചനമാകുന്ന വിത്ത് വളർന്ന് മറ്റുള്ളവരുടെ ഹൃദയങ്ങളിൽ വിത്തു വിതയ്ക്കാൻ കഴിയുന്ന ഘട്ടത്തോളം അവർ ആത്മീയമായി പുരോഗതി പ്രാപിക്കാൻ ഇടയാക്കുന്നു. (മത്തായി 28:19, 20) അവരുടെ വിതയ്ക്കൽ വേലയുടെ മുഖമുദ്രയാണ് സഹിഷ്ണുത. വിതയ്ക്കലിൽ സഹിഷ്ണുതയ്ക്കുള്ള പ്രാധാന്യം പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യേശു പ്രകടമാക്കി: “എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:13, 14.
‘സകല സൽപ്രവൃത്തിയിലും ഫലം കായ്ക്കൽ’
13. ഫലം കായ്ക്കലിനെ ദൈവവചനത്തെ കുറിച്ചുള്ള പരിജ്ഞാനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പൗലൊസ് എന്തു പ്രാർഥിച്ചു?
13 ഫലം പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യം പൗലൊസ് അപ്പൊസ്തലനും പറഞ്ഞു. അവൻ ഫലം കായ്ക്കുന്നതിനെ ദൈവവചനവുമായി ബന്ധപ്പെടുത്തി. തന്റെ സഹവിശ്വാസികൾ ‘പൂർണ്ണപ്രസാദത്തിന്നായി കർത്താവിനു യോഗ്യമാകുംവണ്ണം നടന്ന്, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും [യഹോവയുടെ] ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞ് സകല സൽപ്രവൃത്തിയിലും ഫലം കായ്ക്കാൻ’ അവൻ പ്രാർഥിച്ചു.—കൊലൊസ്സ്യർ 1:10; ഫിലിപ്പിയർ 1:9-11.
14-16. പൗലൊസിന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ, ദൈവവചനത്തെ സ്നേഹിക്കുന്നവർ എന്തു ഫലങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു?
14 അങ്ങനെ, ബൈബിൾ പരിജ്ഞാനം നേടുന്നതല്ല ആത്യന്തിക ലക്ഷ്യം എന്ന് പൗലൊസ് വ്യക്തമാക്കി. പകരം, ദൈവവചനത്തോടുള്ള സ്നേഹം ‘സകല സൽപ്രവൃത്തിയിലും ഫലം കായ്ച്ചു’കൊണ്ട് ‘കർത്താവിനു യോഗ്യമാകുംവണ്ണം നടക്കാൻ’ നമ്മെ പ്രേരിപ്പിക്കുന്നു. എന്ത് സത്പ്രവൃത്തി? ഈ അന്ത്യകാലത്ത് ക്രിസ്ത്യാനികൾക്കുള്ള മുഖ്യ നിയമനം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുക എന്നതാണ്. (മർക്കൊസ് 13:10) കൂടാതെ, ദൈവവചനത്തെ സ്നേഹിക്കുന്നവർ ഈ വേലയെ പിന്താങ്ങുന്നതിന് പതിവായി സാമ്പത്തിക സഹായം നൽകാൻ പരമാവധി ശ്രമിക്കുന്നു. “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്നു തിരിച്ചറിഞ്ഞുകൊണ്ട് ഈ പദവിയിൽ അവർ ആനന്ദിക്കുന്നു. (2 കൊരിന്ത്യർ 9:7) രാജ്യപ്രസംഗ വേലയ്ക്കു മാർഗനിർദേശം നൽകുന്ന നൂറിലേറെ ബെഥേലുകളുടെ പ്രവർത്തന ചെലവ് വഹിക്കാൻ അവരുടെ സംഭാവനകൾ ഉപകരിക്കുന്നു. ചില ബെഥേലുകളിൽ ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു. വലിയ ക്രിസ്തീയ കൺവെൻഷനുകളുടെയും അതുപോലെതന്നെ സഞ്ചാര മേൽവിചാരകന്മാരെയും മിഷനറിമാരെയും മറ്റു മുഴുസമയ സുവിശേഷകരെയും അയക്കുന്നതിന്റെയും ചെലവുകൾ വഹിക്കാനും അവരുടെ സംഭാവനകൾ പ്രയോജനപ്പെടുന്നു.
15 സത്യാരാധനയ്ക്കുള്ള കേന്ദ്രങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണികളും മറ്റു സത്പ്രവൃത്തികളിൽ ഉൾപ്പെടുന്നു. സമ്മേളന ഹാളുകളും രാജ്യഹാളുകളും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താൻ ദൈവവചനത്തോടുള്ള സ്നേഹം ദൈവാരാധകരെ പ്രേരിപ്പിക്കുന്നു. (നെഹെമ്യാവു 10:39 താരതമ്യം ചെയ്യുക.) അത്തരം കെട്ടിടങ്ങളുടെ മുന്നിൽ ദൈവനാമം പ്രത്യക്ഷപ്പെടുന്നതിനാൽ അവയുടെ അകവും പുറവും വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നതു സുപ്രധാനമാണ്. അതുപോലെതന്നെ അത്തരം ഹാളുകളിൽ ആരാധന നടത്തുന്നവർ അനിന്ദ്യർ ആയിരിക്കുകയും വേണം. (2 കൊരിന്ത്യർ 6:3) ചില ക്രിസ്ത്യാനികൾക്ക് ഇതിലും കൂടുതൽ ചെയ്യാൻ സാധിക്കുന്നു. ദാരിദ്ര്യമോ നിർമാണ വൈദഗ്ധ്യങ്ങളുടെ അഭാവമോ നിമിത്തം സഹായം ആവശ്യമുള്ള ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പുതിയ ആരാധനാ സ്ഥലങ്ങൾ നിർമിക്കുന്നതിൽ പങ്കുപറ്റുന്നതിന് ദീർഘദൂരം യാത്രചെയ്യാൻ ദൈവവചനത്തോടുള്ള സ്നേഹം അവരെ പ്രേരിപ്പിക്കുന്നു.—2 കൊരിന്ത്യർ 8:14.
16 കുടുംബ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതും സഹക്രിസ്ത്യാനികളോടു താത്പര്യം പ്രകടമാക്കുന്നതും ‘സകല സൽപ്രവൃത്തിയിലും ഫലം കായ്’ക്കുന്നതിൽ ഉൾപ്പെടുന്നു. “സഹവിശ്വാസിക”ളുടെ ആവശ്യങ്ങളോട് എളുപ്പം പ്രതികരിക്കുന്നവർ ആയിരിക്കാനും “സ്വന്തകുടുംബത്തിൽ ദൈവിക ഭക്തി ആചരി”ക്കാനും ദൈവവചനത്തോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (ഗലാത്യർ 6:10; 1 തിമൊഥെയൊസ് 5:4, 8, NW) ഇത്തരുണത്തിൽ, രോഗികളെ സന്ദർശിക്കുന്നതും കരയുന്നവരെ ആശ്വസിപ്പിക്കുന്നതും സത്പ്രവൃത്തികളാണ്. വെല്ലുവിളിപരമായ ചികിത്സാ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വ്യക്തികളെ സഹായിക്കുന്നതിൽ സഭാ മൂപ്പന്മാരും ആശുപത്രി ഏകോപന സമിതി അംഗങ്ങളും എത്ര നല്ലൊരു വേലയാണ് ചെയ്യുന്നത്! (പ്രവൃത്തികൾ 15:28, 29) ദുരന്തങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു സംഗതി. അവയിൽ ചിലത് പ്രകൃതി വിപത്തുകളാണ്. മറ്റുള്ളവ മനുഷ്യരുടെ അവിവേകത്തിന്റെ ഫലമാണ്. ദുരന്തങ്ങൾക്കും അപകടങ്ങൾക്കും ഇരയാകുന്ന സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും സത്വര ദുരിതാശ്വാസം പ്രദാനം ചെയ്യുന്ന കാര്യത്തിൽ ദൈവാത്മാവിന്റെ സഹായത്താൽ യഹോവയുടെ സാക്ഷികൾ ഭൂമിയുടെ അനേകം ഭാഗങ്ങളിൽ സത്പേരു സമ്പാദിച്ചിട്ടുണ്ട്. ദൈവവചനത്തെ സ്നേഹിക്കുന്നവർ പ്രകടമാക്കുന്ന നല്ല ഫലങ്ങളാണ് ഇവയെല്ലാം.
മഹത്തായ ഭാവി പ്രയോജനങ്ങൾ
17, 18. (എ) രാജ്യവിത്ത് വിതയ്ക്കുന്നതിലൂടെ എന്തു നിർവഹിക്കപ്പെടുന്നു? (ബി) ദൈവവചനത്തെ സ്നേഹിക്കുന്നവർ പെട്ടെന്നുതന്നെ ഏതു സുപ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കും?
17 രാജ്യ വിത്ത് വിതയ്ക്കുന്നത് മനുഷ്യവർഗത്തിനു വലിയ പ്രയോജനങ്ങൾ കൈവരുത്തിക്കൊണ്ടിരിക്കുന്നു. ഈ അടുത്ത കാലത്തായി ഓരോ വർഷവും 3,00,000-ത്തിലധികം ആളുകൾ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് അതു ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുന്ന ഘട്ടത്തോളം രാജ്യവിത്ത് തങ്ങളുടെ ഹൃദയത്തിൽ വേരൂന്നാൻ അനുവദിച്ചിരിക്കുന്നു. എന്തൊരു മഹത്തായ ഭാവിയാണ് അവരെ കാത്തിരിക്കുന്നത്!
18 പെട്ടെന്നുതന്നെ യഹോവയാം ദൈവം തന്റെ നാമത്തെ മഹത്വപ്പെടുത്താനായി എഴുന്നേൽക്കുമെന്ന് ദൈവവചനത്തെ സ്നേഹിക്കുന്നവർക്ക് അറിയാം. വ്യാജമത ലോകസാമ്രാജ്യമായ “മഹതിയാം ബാബിലോൻ” നശിപ്പിക്കപ്പെടും. (വെളിപ്പാടു 18:2, 8) തുടർന്ന്, ദൈവവചനത്തിനു ചേർച്ചയിൽ ജീവിക്കാൻ വിസമ്മതിക്കുന്നവർ രാജാവായ യേശുക്രിസ്തുവിനാൽ വധിക്കപ്പെടും. (സങ്കീർത്തനം 2:9-11; ദാനീയേൽ 2:44) അതേത്തുടർന്ന്, ദൈവരാജ്യം കുറ്റകൃത്യവും യുദ്ധവും മറ്റു ദുരന്തങ്ങളും ശാശ്വതമായി ഇല്ലായ്മ ചെയ്യും. വേദനയും രോഗവും മരണവും നിമിത്തം ആളുകൾ മേലാൽ ദുഃഖിക്കേണ്ടിവരില്ല.—വെളിപ്പാടു 21:3-5.
19, 20. ദൈവവചനത്തെ യഥാർഥമായി സ്നേഹിക്കുന്നവർക്ക് ഏതു മഹത്തായ പ്രത്യാശയാണുള്ളത്?
19 ദൈവവചനത്തെ സ്നേഹിക്കുന്നവർ അപ്പോൾ എത്ര മഹത്തായ സത്പ്രവൃത്തികളായിരിക്കും ചെയ്യുക! അർമഗെദോൻ അതിജീവകർ ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്ന സന്തോഷകരമായ വേല ആരംഭിക്കും. ഇപ്പോൾ ശവക്കുഴിയിൽ നിദ്രകൊള്ളുന്നവരും ദൈവം തന്റെ ഓർമയിൽ സൂക്ഷിച്ചിരിക്കുന്നവരുമായ പുനരുത്ഥാന പ്രത്യാശയുള്ള മരിച്ചവരുടെ ആവശ്യങ്ങൾക്കായി കരുതാനുള്ള പുളകപ്രദമായ പദവി അവർക്ക് ഉണ്ടായിരിക്കും. (യോഹന്നാൻ 5:28, 29) ആ സമയത്ത്, പരമാധീശ കർത്താവായ യഹോവയിൽനിന്ന് അവന്റെ മഹത്വീകരിക്കപ്പെട്ട പുത്രനായ യേശുക്രിസ്തുവിലൂടെ ഭൂമിയിലെ നിവാസികൾക്കു പൂർണതയുള്ള മാർഗനിർദേശം തുടർച്ചയായി ലഭ്യമാകും. പുതിയ ലോകത്തിലെ ജീവിതത്തിനായുള്ള യഹോവയുടെ നിർദേശങ്ങൾ വെളിപ്പെടുത്തുന്ന ‘പുസ്തകങ്ങൾ തുറക്കപ്പെടും.’—വെളിപ്പാടു 20:12.
20 യഹോവയുടെ നിയമിത സമയത്ത് വിശ്വസ്ത അഭിഷിക്ത ക്രിസ്ത്യാനികളുടെ മുഴു സംഘവും “ക്രിസ്തുവിനു കൂട്ടവകാശികൾ” എന്ന നിലയിലുള്ള തങ്ങളുടെ സ്വർഗീയ പ്രതിഫലത്തിലേക്ക് ഉയർത്തപ്പെടും. (റോമർ 8:17) ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത്, ദൈവവചനത്തെ സ്നേഹിക്കുന്ന ഭൂമിയിലുള്ള സകല മനുഷ്യരും മാനസികമായും ശാരീരികമായും പൂർണതയിലേക്ക് ഉയർത്തപ്പെടും. അന്തിമ പരിശോധനയിൽ വിശ്വസ്തരെന്നു തെളിയിച്ചു കഴിയുമ്പോൾ അവർക്കു നിത്യജീവൻ പ്രതിഫലമായി ലഭിക്കുകയും അവർ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” ആസ്വദിക്കുകയും ചെയ്യും. (റോമർ 8:20; വെളിപ്പാടു 20:1-3, 7-10) അത് എത്ര അതിശയകരമായ ഒരു സമയം ആയിരിക്കും! യഹോവ നമുക്കു നൽകിയിരിക്കുന്ന പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിരുന്നാലും ദൈവവചനത്തോടുള്ള ശാശ്വത സ്നേഹവും ദൈവിക ജ്ഞാനപ്രകാരം ജീവിക്കാനുള്ള ദൃഢനിശ്ചയവും നമ്മെ കാത്തുസംരക്ഷിക്കും. ‘നാം അതിനെ ആലിംഗനം ചെയ്യുന്നതിനാൽ’ ഭാവിയിൽ ‘അതു നമ്മെ മഹത്ത്വപ്പെടുത്തു’കയും ചെയ്യും.—സദൃശവാക്യങ്ങൾ 4:6, 8, NW.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ ദൈവവചനത്തോടുള്ള സ്നേഹം നമ്മെ സംരക്ഷിക്കുന്നതെങ്ങനെ?
□ യേശു പറഞ്ഞ ഉപമയിലെ വിത്ത് എന്താണ്, അതു വിതയ്ക്കപ്പെടുന്നത് എങ്ങനെ?
□ നാം “നല്ല നില”മാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാനാകും?
□ ദൈവവചനത്തെ സ്നേഹിക്കുന്നവർക്ക് എന്തു പ്രയോജനങ്ങൾ പ്രതീക്ഷിക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രം]
യേശുവിന്റെ ഉപമയിലെ വിത്ത് ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന സുവാർത്താ സന്ദേശത്തെ ചിത്രീകരിക്കുന്നു
[കടപ്പാട]
Garo Nalbandian
[17-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ വലിയ വിതക്കാരനെ അനുകരിക്കുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
അർമഗെദോൻ അതിജീവകർ ഭൂമിയിലെ ഫലങ്ങൾ ആസ്വദിക്കും