മൂന്നാം സഹസ്രാബ്ദം തുടങ്ങുന്നത് എപ്പോൾ?
മൂന്നാം സഹസ്രാബ്ദം തുടങ്ങുന്നത് എപ്പോൾ?
മൂന്നാം സഹസ്രാബ്ദം തുടങ്ങുന്നതു 2000-ാം ആണ്ടിലല്ല മറിച്ച്, 2001-ാം ആണ്ടിലാണ് എന്ന അവകാശവാദം നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു പരിധി വരെ ആ അവകാശവാദം ശരിയാണ്. ചിലർ ഒരിക്കൽ വിചാരിച്ചിരുന്നതു പോലെ, പൊ.യു.മു. 1 എന്ന് ഇപ്പോൾ അറിയപ്പെടുന്ന വർഷത്തിലാണ് യേശു ജനിച്ചതെങ്കിൽ, രണ്ടാം സഹസ്രാബ്ദത്തിന് അന്ത്യം കുറിക്കുന്നതു നിശ്ചയമായും 2000 (1999 അല്ല) ഡിസംബർ 31-ഉം മൂന്നാം സഹസ്രാബ്ദത്തിനു നാന്ദി കുറിക്കുന്നത് 2001 ജനുവരി 1-ഉം ആയിരിക്കും. a എന്നാൽ, യേശുക്രിസ്തു ജനിച്ചതു പൊ.യു.മു. 1-ൽ അല്ല എന്ന സംഗതി ഇന്നു മിക്കവാറും എല്ലാ പണ്ഡിതന്മാരും സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ, അവൻ ജനിച്ചത് എന്നാണ്?
യേശു ജനിച്ചത് എന്നാണ്?
യേശു കൃത്യമായും ഏതു ദിവസമാണു ജനിച്ചത് എന്നു ബൈബിൾ വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും, അവൻ ജനിച്ചത് ‘ഹെരോദാ രാജാവിന്റെ കാലത്ത്’ ആണെന്ന് അതു പറയുന്നുണ്ട്. (മത്തായി 2:1) പൊ.യു.മു. 4-ാം ആണ്ടിൽ ഹെരോദാവ് മരിച്ചെന്നും തന്മൂലം യേശു ജനിച്ചത് അതിനു മുമ്പ്—ഒരുപക്ഷേ പൊ.യു.മു. 5-ലോ 6-ലോ—ആണെന്നും നിരവധി ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു. ഹെരോദാവിന്റെ മരണത്തെ കുറിച്ചുള്ള ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസിന്റെ പ്രസ്താവനകളെയാണു തങ്ങളുടെ നിഗമനങ്ങൾക്ക് അടിസ്ഥാനമായി അവരെടുക്കുന്നത്. b
ജോസീഫസ് പറയുന്നതനുസരിച്ച്, ഹെരോദാ രാജാവു മരിക്കുന്നതിനു തൊട്ടു മുമ്പു ചന്ദ്രഗ്രഹണം ഉണ്ടായി. പൊ.യു.മു. 4 മാർച്ച് 11-നു നടന്ന ഒരു ഭാഗിക ചന്ദ്രഗ്രഹണത്തെ തെളിവായി എടുത്തുകാട്ടിക്കൊണ്ട്, ഹെരോദാവ് മരിച്ചത് ആ വർഷമായിരിക്കണം എന്നു ബൈബിൾ പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പൊ.യു.മു. 1 ജനുവരി 8-ന് ഒരു പൂർണ ചന്ദ്രഗ്രഹണവും ഡിസംബർ 27-നു ഭാഗിക ചന്ദ്രഗ്രഹണവും സംഭവിച്ചിരുന്നു. പൊ.യു.മു. 1-ൽ നടന്ന ഒരു ചന്ദ്രഗ്രഹണത്തെയാണോ അതോ പൊ.യു.മു. 4-ൽ നടന്ന ചന്ദ്രഗ്രഹണത്തെയാണോ
ജോസീഫസ് ഉദ്ദേശിച്ചത് എന്ന് ആർക്കും പറയാനാവില്ല. തന്നിമിത്തം, ജോസീഫസിന്റെ വാക്കുകളെ അടിസ്ഥാനപ്പെടുത്തി ഹെരോദാവ് മരിച്ചതു കൃത്യമായും ഇന്ന വർഷമാണെന്നു നമുക്കു തറപ്പിച്ചു പറയാൻ സാധിക്കില്ല. അഥവാ പറയാൻ കഴിഞ്ഞാൽ തന്നെ, കൂടുതലായ വിശദാംശങ്ങൾ ഇല്ലാതെ യേശു ജനിച്ചത് എന്നാണെന്നു നമുക്കു നിർണയിക്കാനാവില്ല.യേശുവിന്റെ ജനനത്തീയതിയെ കുറിച്ചുള്ള ഏറ്റവും ശക്തമായ തെളിവു നമുക്കു ലഭിക്കുന്നതു ബൈബിളിൽ നിന്നാണ്. യേശുവിന്റെ മച്ചുനനായ യോഹന്നാൻ സ്നാപകൻ പ്രവാചകനെന്ന നിലയിലുള്ള തന്റെ ശുശ്രൂഷ തുടങ്ങിയതു റോമാ ചക്രവർത്തി ആയിരുന്ന തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ 15-ാം ആണ്ടിൽ ആണെന്നു നിശ്വസ്ത വൃത്താന്തം പ്രസ്താവിക്കുന്നു. (ലൂക്കൊസ് 3:1, 2) തീബെര്യൊസ്, ചക്രവർത്തിയായി അവരോധിക്കപ്പെട്ടതു പൊ.യു. 14 സെപ്റ്റംബർ 15-ന് ആണെന്നു ലൗകികചരിത്രം സ്ഥിരീകരിക്കുന്നു. ആ സ്ഥിതിക്ക്, അവന്റെ വാഴ്ചയുടെ 15-ാം ആണ്ട് പൊ.യു. 28-ന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച് പൊ.യു. 29-ന്റെ രണ്ടാം പകുതിയിൽ അവസാനിക്കുമായിരുന്നു. ആ സമയത്താണു യോഹന്നാൻ തന്റെ ശുശ്രൂഷ തുടങ്ങിയത്. തെളിവനുസരിച്ച്, ആറു മാസത്തിനു ശേഷം യേശുവും തന്റെ ശുശ്രൂഷ തുടങ്ങി. (ലൂക്കൊസ് 1:24-31) ഇതും മറ്റു തെളിവുകളും ചേർത്തു പരിചിന്തിക്കുമ്പോൾ, യേശു ശുശ്രൂഷ തുടങ്ങിയതു പൊ.യു. 29-ന്റെ c ഒടുവിൽ ആണെന്നു വ്യക്തമാകുന്നു. തന്റെ ശുശ്രൂഷ തുടങ്ങുമ്പോൾ യേശുവിന് “ഏകദേശം മുപ്പതു വയസ്സായിരുന്നു” എന്നു ബൈബിൾ പറയുന്നു. (ലൂക്കൊസ് 3:23) പൊ.യു. 29-ൽ അവന് 30 വയസ്സുണ്ടായിരുന്നെങ്കിൽ അവൻ ജനിച്ചതു പൊ.യു.മു. 2-ാം ആണ്ടിലെ ശരത്കാലത്തിൽ ആയിരുന്നിരിക്കണം. പൊ.യു.മു. 2-ൽ നിന്നു രണ്ടായിരം വർഷം മുന്നോട്ട് എണ്ണുന്ന പക്ഷം (പൂജ്യം എന്ന വർഷം ഇല്ലായിരുന്നു എന്ന കാര്യം ഇത്തരുണത്തിൽ മനസ്സിൽ പിടിക്കണം; അതുകൊണ്ട്, പൊ.യു.മു. 2 മുതൽ പൊ.യു. 1 വരെ രണ്ടു വർഷമാണ് ഉള്ളത്), 1999 ശരത്കാലത്തിൽ രണ്ടാം സഹസ്രാബ്ദം അവസാനിച്ച് മൂന്നാം സഹസ്രാബ്ദം തുടങ്ങിയെന്നു നമുക്കു മനസ്സിലാകും!
എന്നാൽ അതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉദാഹരണത്തിന്, മൂന്നാം സഹസ്രാബ്ദത്തിന്റെ തുടക്കം, വെളിപ്പാടു പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന യേശുക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയ്ക്കു തുടക്കം കുറിക്കുമോ? ഇല്ല. മൂന്നാം സഹസ്രാബ്ദത്തിനും ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയ്ക്കും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി ബൈബിളിൽ ഒരിടത്തും പറയുന്നില്ല.
തീയതികളെ കുറിച്ച് ഊഹാപോഹം നടത്തുന്നതിനെതിരെ യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകി. തന്റെ ശിഷ്യന്മാരോട് അവൻ ഇങ്ങനെ പറഞ്ഞു: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃത്തികൾ 1:7) ക്രിസ്തുവിന്റെ സഹസ്രാബ്ദ ഭരണത്തിനു വഴിയൊരുക്കിക്കൊണ്ട് ഈ ദുഷ്ട വ്യവസ്ഥിതിയുടെ മേൽ ദൈവം ന്യായവിധി നടപ്പാക്കുന്നത് എന്നാണെന്ന് അന്നു തനിക്കുപോലും അറിയില്ലായിരുന്നു എന്ന് മുമ്പ് ഒരവസരത്തിലും യേശു വ്യക്തമാക്കിയിരുന്നു. അവൻ പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.”—മത്തായി 24:36.
ഒരു മനുഷ്യനായി പിറന്ന ദിവസം മുതൽ കൃത്യം 2,000 വർഷം കഴിയുമ്പോൾ ക്രിസ്തു മടങ്ങിവരും എന്നു പ്രതീക്ഷിക്കാൻ എന്തെങ്കിലും ന്യായമുണ്ടോ? ഇല്ല. തന്റെ ജന്മദിനം എന്നാണെന്ന് യേശുവിന് അറിയാമായിരുന്നിരിക്കണം. ആ ദിവസം മുതൽ 2,000 വർഷം എങ്ങനെ കണക്കുകൂട്ടണം എന്ന് അവനു തീർച്ചയായും അറിയാമായിരുന്നു. എന്നിട്ടും, താൻ വരുന്ന നാളും നാഴികയും സംബന്ധിച്ച് അവന് അറിഞ്ഞുകൂടായിരുന്നു. അവൻ തിരിച്ചുവരുന്ന നാൾ ഏതാണെന്നു കൃത്യമായി ചൂണ്ടിക്കാട്ടുന്നത് അത്ര എളുപ്പമുള്ള
സംഗതിയല്ലെന്നു വ്യക്തം! ‘സമയങ്ങളും കാലങ്ങളും’ പിതാവിന്റെ അധികാരത്തിലായിരുന്നൂ—ആ സമയപട്ടിക അവൻ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.കൂടാതെ, ഒരു പ്രത്യേക ഭൂപ്രദേശത്തു തനിക്കായി കാത്തു നിൽക്കാൻ യേശു തന്റെ ശിഷ്യന്മാരോടു കൽപ്പിച്ചില്ല. തന്നെയും കാത്ത് ഒരുമിച്ചുകൂടി നിൽക്കാനല്ല മറിച്ച്, സകല ജാതികളിലും ഉള്ളവരെ ശിഷ്യരാക്കിക്കൊണ്ട് ‘ഭൂമിയുടെ അററത്തോളം’ ചിതറിപ്പാർക്കാനാണ് അവൻ അവരോടു പറഞ്ഞത്. അവൻ ഒരിക്കലും ആ കൽപ്പന റദ്ദാക്കിയിട്ടില്ല.—പ്രവൃത്തികൾ 1:8; മത്തായി 28:19, 20.
അവരുടെ സഹസ്രാബ്ദ പ്രതീക്ഷകൾ ഛിന്നഭിന്നമാകുമോ?
എന്നിരുന്നാലും, ചില മത മൗലികവാദികൾ വലിയ പ്രതീക്ഷയോടെയാണു 2000-ാം ആണ്ടിലേക്ക് ഉറ്റുനോക്കുന്നത്. അടുത്ത ഏതാനും മാസങ്ങളിൽ വെളിപ്പാടു പുസ്തകത്തിലെ ചില ഭാഗങ്ങൾ അക്ഷരീയമായി നിവൃത്തിയേറും എന്ന് അവർ വിശ്വസിക്കുന്നു. ആ നിവൃത്തിയിൽ തങ്ങൾക്കു വ്യക്തിപരമായ ഒരു പങ്ക് ഉള്ളതായി അവർ കരുതുന്നു. ഉദാഹരണത്തിന്, വെളിപ്പാടു 11:3, 7, 8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിലേക്ക് അവർ വിരൽ ചൂണ്ടുന്നു. രണ്ടു സാക്ഷികൾ “അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ” പ്രവചിക്കുന്നതിനെ കുറിച്ച് അതു പറയുന്നു. സാക്ഷ്യം നൽകി കഴിയുമ്പോൾ ആ രണ്ടു സാക്ഷികളും, ആഴത്തിൽ നിന്നു പുറത്തുവരുന്ന ഒരു ക്രൂര വന്യമൃഗത്താൽ കൊല്ലപ്പെടുന്നു.
1998 ഡിസംബർ 27-ലെ ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ പറയുന്ന പ്രകാരം, ഒരു മതവിഭാഗത്തിന്റെ നേതാവ്, “ഭൂമിയുടെ നാശത്തെ കുറിച്ചും കർത്താവിന്റെ വരവിനെ കുറിച്ചും പ്രഖ്യാപിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ആ രണ്ടു സാക്ഷികളിൽ ഒരാൾ താനാണെന്നും തുടർന്ന്, യെരൂശലേമിലെ തെരുവുകളിൽ താൻ സാത്താനാൽ വധിക്കപ്പെടുമെന്നും തന്റെ അനുയായികളോടു പറഞ്ഞിരിക്കുന്നു.” ഇസ്രായേലിലെ അധികൃതർ സ്വാഭാവികമായും ഉത്കണ്ഠാകുലരാണ്. ചില തീവ്രവാദികൾ തങ്ങളുടേതായ വിധത്തിൽ ആ പ്രവചനത്തിനു “നിവൃത്തി” വരുത്താൻ—ഒരു സായുധ പോരാട്ടം ഇളക്കിവിട്ടുകൊണ്ടു പോലും—ശ്രമിച്ചേക്കാം എന്ന് അവർ ഭയപ്പെടുന്നു! എന്നാൽ, തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനു ദൈവത്തിനു മനുഷ്യന്റെ “സഹായം” ആവശ്യമില്ല. ബൈബിളിലെ എല്ലാ പ്രവചനങ്ങളും ദൈവം നിർണയിച്ചിരിക്കുന്ന സമയത്തും ദൈവം നിർണയിച്ചിരിക്കുന്ന വിധത്തിലും നിവൃത്തിയേറും.
വെളിപ്പാടു പുസ്തകം “അടയാളങ്ങളാൽ” (NW) ആണ് എഴുതപ്പെട്ടത്. വെളിപ്പാടു 1:1 പറയുന്നതനുസരിച്ച്, വേഗത്തിൽ സംഭവിക്കാനിരിക്കുന്നത് “തന്റെ ദാസന്മാ”ർക്കു (മൊത്തം ലോകത്തിനല്ല) വെളിപ്പെടുത്താനാണ് യേശു ആഗ്രഹിച്ചത്. വെളിപ്പാടു പുസ്തകം മനസ്സിലാക്കാൻ ക്രിസ്തുവിന്റെ ദാസന്മാർക്ക് അഥവാ അനുഗാമികൾക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആവശ്യമാണ്. തന്നെ പ്രസാദിപ്പിക്കുന്നവർക്കാണ് യഹോവ അതു നൽകുന്നത്. വെളിപ്പാടു പുസ്തകം അക്ഷരീയമായി മനസ്സിലാക്കാനാണു പ്രതീക്ഷിക്കപ്പെടുന്നതെങ്കിൽ അവിശ്വാസികൾക്കും അതു വായിച്ചു മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയാകുമ്പോൾ, അതു മനസ്സിലാക്കാനായി ക്രിസ്ത്യാനികൾ പരിശുദ്ധാത്മാവിനു വേണ്ടി പ്രാർഥിക്കേണ്ടതിന്റെ ആവശ്യമില്ല.—മത്തായി 13:10-15.
ബൈബിൾ തെളിവുകൾ അനുസരിച്ച്, യേശുവിന്റെ ജനനം മുതലുള്ള മൂന്നാം സഹസ്രാബ്ദം 1999 ശരത്കാലത്താണു തുടങ്ങുന്നതെന്നും ആ നാളിനോ 2000 ജനുവരി 1-നോ 2001 ജനുവരി 1-നോ ഒന്നും യാതൊരു പ്രത്യേകതയും ഇല്ലെന്നും നാം കണ്ടുകഴിഞ്ഞു. എന്നിരുന്നാലും, ക്രിസ്ത്യാനികൾ അങ്ങേയറ്റം തത്പരർ ആയിരിക്കുന്ന ഒരു സഹസ്രാബ്ദം ഉണ്ട്. അതു മൂന്നാം സഹസ്രാബ്ദം അല്ലെങ്കിൽപ്പിന്നെ ഏതു സഹസ്രാബ്ദമാണ്? ഈ പരമ്പരയിലെ അവസാന ലേഖനം ഉത്തരം നൽകും.
[അടിക്കുറിപ്പുകൾ]
a 5-ാം പേജിൽ കൊടുത്തിരിക്കുന്ന “2000-ഓ 2001-ഓ?” എന്ന ശീർഷകത്തിലുള്ള ചതുരം കാണുക.
b ഈ പണ്ഡിതന്മാരുടെ കാലഗണന അനുസരിച്ച്, 1995-ലോ 1996-ലോ മൂന്നാം സഹസ്രാബ്ദം തുടങ്ങിയിരിക്കണം.
c കൂടുതലായ വിശദാംശങ്ങൾക്കു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1, പേജ് 1094-5 കാണുക.
[5-ാം പേജിലെ ചതുരം]
2000-ഓ 2001-ഓ
യേശുവിന്റെ ജനനം മുതലുള്ള മൂന്നാം സഹസ്രാബ്ദം 2001 ജനുവരി 1-ന് ആരംഭിക്കുമെന്നു ചിലർ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ഈ ദൃഷ്ടാന്തം പരിചിന്തിക്കുക. നിങ്ങൾ, 200 പേജുകളുള്ള ഒരു പുസ്തകം വായിക്കുകയാണെന്നിരിക്കട്ടെ. 200-ാം പേജിന്റെ ആരംഭത്തിൽ എത്തുമ്പോൾ നിങ്ങൾ 199 പേജുകൾ വായിച്ചു കഴിഞ്ഞിരിക്കും, ഒരു പേജ് വായിക്കാൻ അവശേഷിച്ചിട്ടുണ്ടാകും. 200-ാം പേജിന്റെ അവസാനം ആയാൽ മാത്രമേ നിങ്ങൾ ആ പുസ്തകം വായിച്ചു തീർത്തു എന്നു പറയാനാകൂ. സമാനമായി, 1999 ഡിസംബർ 31-ന്, പൊതുവെ കണക്കാക്കപ്പെടുന്ന ഇപ്പോഴത്തെ സഹസ്രാബ്ദത്തിന്റെ 999 വർഷം കൊഴിഞ്ഞുപോയിരിക്കും. സഹസ്രാബ്ദം അവസാനിക്കാൻ ഒരു വർഷം അവശേഷിച്ചിരിക്കും. ആ കണക്കനുസരിച്ച്, മൂന്നാം സഹസ്രാബ്ദം തുടങ്ങുന്നത് 2001 ജനുവരി 1-ന് ആണ്. എന്നാൽ ഈ ലേഖനം വ്യക്തമാക്കുന്നതുപോലെ, യേശു ജനിച്ചിട്ടു കൃത്യം 2,000 വർഷം ആകുന്നത് അന്നാണെന്ന് അതിന് അർഥമില്ല.
[6-ാം പേജിലെ ചതുരം]
ക്രി.മു.-ക്രി.വ. രീതിയിലുള്ള തീയതി കുറിക്കൽ വികാസം പ്രാപിച്ച വിധം
പൊ.യു. 6-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജോൺ ഒന്നാമൻ പാപ്പാ, ഈസ്റ്ററിന് ഒരു ഔദ്യോഗിക തീയതി നിശ്ചയിക്കാൻ സഭയെ സഹായിക്കുന്ന ഒരു കാലഗണനാ സമ്പ്രദായം വികസിപ്പിച്ചെടുക്കാൻ ഡയനിഷ്യസ് എക്സിഗ്യുയുസ് എന്നു പേരുള്ള ഒരു സന്യാസിയെ നിയോഗിച്ചു.
ഡയനിഷ്യസ് തന്റെ വേല തുടങ്ങി. യേശു മരിച്ച വർഷത്തിനും പിന്നിലേക്കു പോയി, അവൻ ജനിച്ചതെന്ന് അദ്ദേഹം കരുതിയ വർഷം മുതൽ മുമ്പോട്ട് അദ്ദേഹം ഓരോ വർഷവും എണ്ണാൻ തുടങ്ങി. യേശുവിന്റെ ജനനം മുതലുള്ള ഘട്ടത്തെ ഡയനിഷ്യസ് “ക്രി.വ.” (ആനോ ദോമിനി—“നമ്മുടെ കർത്താവിന്റെ വർഷത്തിൽ”) എന്ന് വിളിച്ചു. ഓരോ വർഷവും ഈസ്റ്റർ കണക്കാക്കാൻ ആശ്രയയോഗ്യമായ ഒരു മാർഗം കണ്ടെത്താൻ ശ്രമിക്കവെ, അറിയാതെതന്നെ ഡയനിഷ്യസ് ക്രിസ്തുവിന്റെ ജനനം മുതൽ മുമ്പോട്ടു വർഷങ്ങൾ എണ്ണുന്ന രീതിക്കു തുടക്കം കുറിച്ചു.
തന്റെ കണക്കുകൂട്ടലിന് ആധാരമായി ഡയനിഷ്യസ് ഉപയോഗിച്ച വർഷമല്ല യേശു ജനിച്ചത് എന്നു മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. എന്നുവരികിലും, കാലത്തിന്റെ നീരൊഴുക്കിൽ ഓരോരോ സംഭവങ്ങളും നടന്നത് എന്നാണെന്നും അവ ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും മനസ്സിക്കാൻ അദ്ദേഹം സ്ഥാപിച്ച കാലഗണനാ രീതി നമ്മെ സഹായിക്കുന്നു.