വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വോട്ടു ചെയ്യുന്നതിനെ യഹോവയുടെ സാക്ഷികൾ എങ്ങനെ വീക്ഷിക്കുന്നു?
ഈ കാര്യം സംബന്ധിച്ച് ഉചിതമായ കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ ദൈവദാസരെ സഹായിക്കുന്ന വ്യക്തമായ തത്ത്വങ്ങൾ ബൈബിളിൽ ഉണ്ട്. എങ്കിലും, വോട്ടെടുപ്പിന് എതിരായുള്ള എന്തെങ്കിലും തത്ത്വം ഉള്ളതായി തോന്നുന്നില്ല. ഉദാഹരണത്തിന്, തങ്ങളുടെ കോർപ്പറേഷനെ ബാധിക്കുന്ന ഒരു തീരുമാനത്തിൽ എത്തിച്ചേരാനായി അതിന്റെ ഡയറക്ടർമാർ വോട്ടെടുപ്പു നടത്തരുത് എന്നു പറയാൻ ന്യായമൊന്നും ഇല്ല. യഹോവയുടെ സാക്ഷികളുടെ സഭകളിൽ യോഗസമയങ്ങൾ, സഭാ ഫണ്ടിന്റെ ഉപയോഗം എന്നിവ സംബന്ധിച്ചു തീരുമാനത്തിൽ എത്താൻ അവർ ചിലപ്പോഴൊക്കെ കൈകളുയർത്തി വോട്ടു ചെയ്യുന്നു.
എന്നിരുന്നാലും, രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്ന കാര്യം സംബന്ധിച്ചെന്ത്? ചില ജനാധിപത്യ രാജ്യങ്ങളിൽ 50 ശതമാനത്തോളം ജനങ്ങളും തിരഞ്ഞെടുപ്പു ദിനത്തിൽ വോട്ടു ചെയ്യാൻ പോകുന്നില്ല എന്നതാണു വാസ്തവം. എന്നാൽ യഹോവയുടെ സാക്ഷികൾ മറ്റുള്ളവരുടെ വോട്ടവകാശത്തിൽ തലയിടുകയോ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾക്ക് എതിരായി എന്തെങ്കിലും പ്രചാരണ പരിപാടികൾ നടത്തുകയോ ചെയ്യുന്നില്ല. അത്തരം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നവരോട് അവർ സഹകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു. (റോമർ 13:1-7) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആർക്കെങ്കിലും അവർ വോട്ടു ചെയ്യുമോ എന്ന കാര്യത്തിൽ, ഓരോ യഹോവയുടെ സാക്ഷിയും തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെയും ദൈവത്തോടും രാഷ്ട്രത്തോടും ഉള്ള തന്റെ ഉത്തരവാദിത്വം സംബന്ധിച്ച തിരിച്ചറിവിന്റെയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നു. (മത്തായി 22:21; 1 പത്രൊസ് 3:16) ഈ തീരുമാനം എടുക്കുമ്പോൾ സാക്ഷികൾ അനേകം ഘടകങ്ങൾ പരിഗണിക്കുന്നു.
ഒന്നാമത്, യേശു തന്റെ ശിഷ്യന്മാരെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതു പോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:14, NW) യഹോവയുടെ സാക്ഷികൾ ഈ തത്ത്വം ഗൗരവമായെടുക്കുന്നു. ‘ലോകത്തിന്റെ ഭാഗമല്ലാ’ത്തതിനാൽ അവർ ലോകത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷരാണ്.—യോഹന്നാൻ 18:36, NW.
രണ്ടാമത്, തന്റെ നാളിലെ ജനങ്ങളുടെ ഇടയിൽ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ‘സ്ഥാനപതി’യാണ് താനെന്ന് എഫെസ്യർ 6:19; 2 കൊരിന്ത്യർ 5:20) ക്രിസ്തുയേശു ഇപ്പോൾ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ സിംഹാസനസ്ഥനായ രാജാവാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. സ്ഥാനപതിമാരെ പോലെ അവർ ഇതു ജനതകളോടു പ്രഖ്യാപിക്കേണ്ടതാണ്. (മത്തായി 24:14; വെളിപ്പാടു 11:15) സ്ഥാനപതികൾ നിഷ്പക്ഷരായിരിക്കാനും തങ്ങൾ അയയ്ക്കപ്പെടുന്ന രാജ്യത്തിലെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാതിരിക്കാനും പ്രതീക്ഷിക്കപ്പെടുന്നു. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്ക് അവർ വസിക്കുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ കാര്യങ്ങളിൽ കൈകടത്താതിരിക്കാൻ സമാനമായ കടപ്പാടു തോന്നുന്നു.
അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിച്ചു. (പരിഗണിക്കേണ്ട മൂന്നാമത്തെ സംഗതി, വോട്ടുചെയ്ത് ഒരു വ്യക്തിയെ അധികാരത്തിലേറ്റുന്നതിൽ ഭാഗഭാക്കാകുന്നവർ, അയാൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഉത്തരവാദികളായേക്കാം എന്നതാണ്. (1 തിമൊഥെയൊസ് 5:22, പി.ഒ.സി. ബൈബിൾ താരതമ്യം ചെയ്യുക.) ആ ഉത്തരവാദിത്വം പേറണമോ എന്ന് ക്രിസ്ത്യാനികൾ സഗൗരവം ചിന്തിക്കേണ്ടതുണ്ട്.
നാലാമത്, യഹോവയുടെ സാക്ഷികൾ തങ്ങളുടെ ക്രിസ്തീയ ഐക്യത്തിനു വലിയ വില കൽപ്പിക്കുന്നു. (കൊലൊസ്സ്യർ 3:14, NW) മതങ്ങൾ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നതിന്റെ ഫലമായി മിക്കപ്പോഴും അതിലെ അംഗങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാകുന്നു. ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ രാഷ്ട്രീയത്തിൽ ഉൾപ്പെടാതിരിക്കുകയും അങ്ങനെ തങ്ങളുടെ ക്രിസ്തീയ ഐക്യം നിലനിർത്തുകയും ചെയ്യുന്നു.—മത്തായി 12:25; യോഹന്നാൻ 6:15; 18:36, 37.
അഞ്ചാമത്തേതും അവസാനത്തേതുമായ സംഗതി, രാഷ്ട്രീയത്തിൽ ഉൾപ്പെടാത്തതു നിമിത്തം യഹോവയുടെ സാക്ഷികൾക്ക് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും പക്കൽ സംസാര സ്വാതന്ത്ര്യത്തോടെ സുപ്രധാന രാജ്യ ദൂതുമായി ചെല്ലാൻ കഴിയുന്നു എന്നതാണ്.—എബ്രായർ 10:35, NW.
മുകളിൽ വ്യക്തമാക്കിയ തിരുവെഴുത്തു തത്ത്വങ്ങളുടെ വീക്ഷണത്തിൽ, അനേകം രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യേണ്ടതില്ലെന്നു വ്യക്തിപരമായി തീരുമാനിക്കുന്നു. അങ്ങനെ തീരുമാനിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് ആ രാജ്യങ്ങളിൽ നിയമാംഗീകാരം ഉണ്ട്. പൗരന്മാർ നിർബന്ധമായും വോട്ടു ചെയ്യണമെന്നു നിയമം ആവശ്യപ്പെടുന്നെങ്കിലോ? അത്തരമൊരു സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് മനസ്സാക്ഷിപരവും ബൈബിൾ അധിഷ്ഠിതവുമായ ഒരു തീരുമാനം കൈക്കൊള്ളാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് ഓരോ സാക്ഷിയിലുമാണ്. ആരെങ്കിലും പോളിങ് ബൂത്തിൽ പോകാൻ തീരുമാനിച്ചാൽ, അത് അയാളുടെ തീരുമാനമാണ്. അയാൾ പോളിങ് ബൂത്തിൽ എന്തു ചെയ്യുന്നു എന്നത് ആ വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള കാര്യമാണ്.
1950 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 445, 446 പേജുകൾ ഇങ്ങനെ പ്രസ്താവിച്ചു: “പൗരന്മാർ വോട്ടു ചെയ്യണമെന്നു കൈസർ നിർബന്ധിതമായും ആവശ്യപ്പെടുന്ന ദേശങ്ങളിൽ . . . [സാക്ഷികൾക്ക്] തിരഞ്ഞെടുപ്പു നടക്കുന്ന സ്ഥലത്തു ചെന്ന് ബൂത്തുകളിൽ പ്രവേശിക്കാവുന്നതാണ്. ഇവിടെ വെച്ചാണ് അവർ ബാലറ്റുപേപ്പറിൽ അടയാളപ്പെടുത്തുകയോ ആരെ പിന്തുണയ്ക്കുന്നു എന്ന് എഴുതിയിടുകയോ ചെയ്യേണ്ടത്. ബാലറ്റു പേപ്പറിൽ എന്തു ചെയ്യണം എന്നത് വോട്ടർമാരുടെ തീരുമാനമാണ്. അതുകൊണ്ട് ഇവിടെ, ദൈവത്തിന്റെ മുമ്പാകെയാണ് അവന്റെ സാക്ഷികൾ അവന്റെ കൽപ്പനകൾക്ക് അനുസൃതമായും തങ്ങളുടെ വിശ്വാസത്തിനു ചേർച്ചയിലും പ്രവർത്തിക്കേണ്ടത്. ബാലറ്റു പേപ്പറിൽ എന്തു ചെയ്യണമെന്ന് അവർക്കു പറഞ്ഞുകൊടുക്കുകയെന്ന ഉത്തരവാദിത്വം ഞങ്ങൾക്കുള്ളതല്ല.”
വോട്ടു ചെയ്യാൻ പോകണമെന്ന് ഒരു ക്രിസ്തീയ സ്ത്രീയോട് അവിശ്വാസിയായ അവളുടെ ഭർത്താവ് കർശനമായി ആവശ്യപ്പെടുന്നെങ്കിലോ? ക്രിസ്ത്യാനികൾ ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പെട്ടിരിക്കുന്നതുപോലെ, അവൾ തന്റെ ഭർത്താവിനു കീഴ്പെട്ടിരിക്കുന്നു. (എഫെസ്യർ 5:22; 1 പത്രൊസ് 2:13-17) തന്റെ ഭർത്താവിനെ അനുസരിച്ച് അവൾ പോളിങ് ബൂത്തിൽ പോകുന്നെങ്കിൽ അത് അവളുടെ വ്യക്തിപരമായ തീരുമാനമാണ്. ആരും അവളെ വിമർശിക്കാൻ പാടില്ല.—റോമർ 14:4 താരതമ്യം ചെയ്യുക.
വോട്ടു ചെയ്യണം എന്നു നിയമം അനുശാസിക്കാത്ത, എന്നാൽ വോട്ടു ചെയ്യാൻ പോകാത്തവരുടെ നേരെ ആളുകൾ പക വെച്ചുപുലർത്തുകയോ ഒരുപക്ഷേ അവരെ ശാരീരികമായി ആക്രമിക്കുകയോ ചെയ്തേക്കാവുന്ന, ഒരു രാജ്യത്തിലെ കാര്യമോ? നിയമപരമായി വോട്ടു ചെയ്യാൻ കടപ്പാടില്ലെങ്കിലും പോളിങ് ബൂത്തിൽ പോയില്ല എന്നതിന്റെ പേരിൽ ഏതെങ്കിലും വിധത്തിൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നേക്കാവുന്ന വ്യക്തികളുടെ കാര്യത്തിലെന്ത്? ഇത്തരം സാഹചര്യങ്ങളിൽ ഒരു ക്രിസ്ത്യാനി വ്യക്തിപരമായി തീരുമാനം എടുക്കേണ്ടതാണ്. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.”—ഗലാത്യർ 6:5.
തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ രാജ്യത്ത് ചില യഹോവയുടെ സാക്ഷികൾ പോളിങ് ബൂത്തിൽ പോകുകയും മറ്റു ചിലർ പോകാതിരിക്കുകയും ചെയ്യുന്നതു കാണുമ്പോൾ ഇടറിപ്പോയേക്കാവുന്ന വ്യക്തികൾ ഉണ്ടായിരുന്നേക്കാം. ‘യഹോവയുടെ സാക്ഷികൾ ഏകാഭിപ്രായം ഉള്ളവരല്ല’ എന്ന് അവർ പറഞ്ഞേക്കാം. എന്നിരുന്നാലും, വ്യക്തികളുടെ മനസ്സാക്ഷി ഉൾപ്പെടുന്ന ഇത്തരം സാഹചര്യങ്ങളിൽ യഹോവയാം ദൈവത്തിന്റെ മുമ്പാകെ ക്രിസ്ത്യാനികൾ സ്വയം തീരുമാനങ്ങൾ എടുക്കേണ്ടതാണെന്ന് ആളുകൾ തിരിച്ചറിയണം.—റോമർ 14:12.
വ്യത്യസ്ത സാഹചര്യങ്ങളിൽ യഹോവയുടെ സാക്ഷികൾ വ്യക്തിപരമായി എന്തുതന്നെ തീരുമാനിച്ചാലും തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷതയും സംസാര സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാൻ അവർ ദത്തശ്രദ്ധരാണ്. ഏതു സാഹചര്യത്തിലും, തങ്ങളെ ശക്തിപ്പെടുത്താനും തങ്ങൾക്കു ജ്ഞാനം പകർന്നു തരാനും യാതൊരു പ്രകാരത്തിലും വിശ്വാസത്തിന്റെ കാര്യത്തിൽ അനുരഞ്ജനപ്പെടാതിരിക്കാൻ തങ്ങളെ സഹായിക്കാനുമായി അവർ യഹോവയിൽ ആശ്രയിക്കുന്നു. അങ്ങനെ അവർ സങ്കീർത്തനക്കാരന്റെ വാക്കുകളിൽ ഉറച്ച വിശ്വാസം പ്രകടമാക്കുന്നു: “നീ എന്റെ പാറയും കോട്ടയും ആകുന്നു; നിന്റെ നാമം നിമിത്തം നീ എന്നെ വഴിനടത്തി പരിപാലിക്കും.”—സങ്കീർത്തനം 31:3, NW.