വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2000—ഒരു സുപ്രധാന വർഷമോ?

2000—ഒരു സുപ്രധാന വർഷമോ?

2000ഒരു സുപ്ര​ധാന വർഷമോ?

രണ്ടായി​രാം ആണ്ടിന്‌ എന്തെങ്കി​ലും പ്രത്യേ​ക​ത​യു​ണ്ടോ? മൂന്നാം സഹസ്രാ​ബ്ദ​ത്തി​ന്റെ പ്രാരംഭ വർഷമാ​യി​ട്ടാ​ണു പാശ്ചാത്യ നാടു​ക​ളിൽ പൊതു​വെ ആളുകൾ അതിനെ വീക്ഷി​ക്കു​ന്നത്‌. അതിന്റെ ആഘോ​ഷാർഥം കൊണ്ടു​പി​ടിച്ച തയ്യാ​റെ​ടു​പ്പു​കൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു. പുതിയ സഹസ്രാബ്ദ പുലരി​യി​ലേ​ക്കുള്ള സെക്കൻഡു​കൾ എണ്ണാൻ കൂറ്റൻ വൈദ്യു​ത ക്ലോക്കു​കൾ സ്ഥാപി​ച്ചു​വ​രു​ക​യാണ്‌. ‘ഗാല ന്യൂ ഇയർ ഈവ്‌’ സമൂഹ നൃത്ത പരിപാ​ടി​യും സംഘടി​പ്പി​ച്ചു​വ​രു​ന്നു. സഹസ്രാ​ബ്ദാ​ന്ത്യ​ത്തെ കുറി​ച്ചുള്ള പരസ്യ​വാ​ച​കങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ, കൊച്ചു പട്ടണങ്ങ​ളി​ലെ കടകളിൽ മുതൽ വലിയ നഗരങ്ങ​ളി​ലെ ഷോപ്പിങ്‌ കേന്ദ്ര​ങ്ങ​ളിൽ വരെ തകൃതി​യാ​യി വിൽക്ക​പ്പെ​ടു​ന്നു.

മുഴു വർഷവും നീണ്ടു നിൽക്കുന്ന ആഘോ​ഷ​ങ്ങ​ളിൽ ചെറു​തും വലുതു​മായ എല്ലാ ക്രൈ​സ്‌തവ സഭകളും പങ്കുപ​റ്റു​ന്ന​താ​യി​രി​ക്കും. വരുന്ന വർഷാ​രം​ഭ​ത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ, “റോമൻ കത്തോ​ലി​ക്കാ സഭ നടത്തുന്ന സഹസ്രാബ്ദ ജൂബിലി ആഘോഷം” എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു പരിപാ​ടി​ക്കു നേതൃ​ത്വം വഹിക്കാൻ ഇസ്രാ​യേ​ലി​ലേക്കു പോകാ​നി​രി​ക്കു​ക​യാണ്‌. അടുത്ത വർഷം ഇസ്രാ​യേൽ സന്ദർശി​ക്കാൻ പരിപാ​ടി​യി​ടുന്ന ഭക്തരും ജിജ്ഞാ​സു​ക്ക​ളും ഉൾപ്പെ​ടെ​യുള്ള വിനോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എണ്ണം 25 ലക്ഷത്തി​നും 60 ലക്ഷത്തി​നും ഇടയ്‌ക്കാ​യി​രി​ക്കു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു.

ഇത്രയ​ധി​കം ആളുകൾ ഇസ്രാ​യേൽ സന്ദർശി​ക്കാൻ പരിപാ​ടി​യി​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? വത്തിക്കാൻ ഉദ്യോ​ഗ​സ്ഥ​നായ റോജർ കർദി​നാൾ ഏച്ചെ​ഗെരി, പാപ്പായെ പ്രതി​നി​ധാ​നം ചെയ്‌തു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “2000-ാം ആണ്ട്‌ ക്രിസ്‌തു​വി​ന്റെ​യും ഈ ദേശത്തെ അവന്റെ ജീവി​ത​ത്തി​ന്റെ​യും സ്‌മരണ ആഘോ​ഷി​ക്കാ​നുള്ള വർഷമാണ്‌. തന്മൂലം, പാപ്പാ ഇവിടെ വരുന്നതു സ്വാഭാ​വി​കം മാത്രം.” 2000-ാം ആണ്ട്‌ ക്രിസ്‌തു​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? ക്രിസ്‌തു ജനിച്ച്‌ കൃത്യം 2000 വർഷം തികയുന്ന ആണ്ടാണ്‌ അതെന്നു പൊതു​വെ കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നാൽ അത്‌ അങ്ങനെ​യാ​ണോ? നാം അതു പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

ചില മത വിഭാ​ഗ​ങ്ങ​ളി​ലെ അംഗങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം 2000-ാം ആണ്ടിന്‌ അതി​ലേറെ പ്രാധാ​ന്യ​മുണ്ട്‌. അടുത്ത ഒന്നോ രണ്ടോ വർഷത്തി​നു​ള്ളിൽ യേശു ഒലിവു മലയിൽ മടങ്ങി​യെ​ത്തു​മെ​ന്നും വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന അർമ​ഗെ​ദോൻ യുദ്ധം മെഗി​ദ്ദോ താഴ്‌വ​ര​യിൽ അരങ്ങേ​റു​മെ​ന്നും അവർ ഉറച്ചു വിശ്വ​സി​ക്കു​ന്നു. (വെളി​പ്പാ​ടു 16:14-16) ഈ സംഭവങ്ങൾ പ്രതീ​ക്ഷിച്ച്‌, നൂറു​ക​ണ​ക്കിന്‌ അമേരി​ക്ക​ക്കാർ തങ്ങളുടെ വീടു​ക​ളും വസ്‌തു​വ​ക​ക​ളും ഒക്കെ വിറ്റ്‌ ഇസ്രാ​യേ​ലി​ലേക്കു താമസം മാറു​ക​യാണ്‌. വീടു​വി​ട്ടു പോകാൻ കഴിയാത്ത ആരെങ്കി​ലും ഉണ്ടെങ്കിൽ അവർക്കു​വേണ്ടി യേശു​വി​ന്റെ തിരി​ച്ചു​വ​രവ്‌ ടെലി​വി​ഷ​നിൽ സം​പ്രേ​ഷണം ചെയ്യാ​മെന്ന്‌—അവനെ കളറിൽ കാണാ​മെന്ന്‌—വിഖ്യാ​ത​നായ ഒരു അമേരി​ക്കൻ സുവി​ശേ​ഷകൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു!

പാശ്ചാത്യ നാടു​ക​ളിൽ, മൂന്നാം സഹസ്രാ​ബ്ദത്തെ സ്വാഗതം ചെയ്യാ​നുള്ള പരിപാ​ടി​കൾ തകൃതി​യാ​യി നടക്കുന്നു. എന്നാൽ, മറ്റു ദേശങ്ങ​ളി​ലെ മിക്ക ആളുക​ളും ഇതൊ​ന്നും കാര്യ​മാ​യെ​ടു​ക്കു​ന്നില്ല. നസറാ​യ​നായ യേശു ആയിരു​ന്നു മിശിഹാ എന്നു ലോക ജനസം​ഖ്യ​യു​ടെ ഭൂരി​ഭാ​ഗം വരുന്ന അവർ വിശ്വ​സി​ക്കു​ന്നില്ല. ക്രി.മു.-ക്രി.വ. എന്നിങ്ങനെ തീയതി കുറി​ക്കുന്ന രീതി അവർ അവശ്യം സ്വീക​രി​ക്കു​ന്നു എന്നും പറയാ​നാ​വില്ല. a ഉദാഹ​ര​ണ​ത്തിന്‌, മിക്ക മുസ്ലീ​ങ്ങ​ളും തങ്ങളു​ടേ​തായ കലണ്ടറാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. അതനു​സ​രിച്ച്‌, അടുത്ത വർഷം 1420 ആയിരി​ക്കും—2000 അല്ല. പ്രവാ​ച​ക​നായ മുഹമ്മദ്‌, മെക്കയിൽ നിന്നു മെദീ​ന​യി​ലേക്ക്‌ ഓടി​പ്പോയ തീയതി മുതലാ​ണു മുസ്ലീങ്ങൾ വർഷം കണക്കാ​ക്കു​ന്നത്‌. ലോക​മെ​മ്പാ​ടും ആളുകൾ ഇപ്പോൾ 40-ഓളം വ്യത്യസ്‌ത കലണ്ടറു​കൾ ഉപയോ​ഗി​ക്കു​ന്നുണ്ട്‌.

ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം, 2000-ാം ആണ്ടിനു പ്രത്യേ​കത ഉണ്ടായി​രി​ക്ക​ണ​മോ? 2000 ജനുവരി 1 സവി​ശേ​ഷ​ത​യുള്ള ഒരു ദിനമാ​ണോ? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ അടുത്ത ലേഖന​ത്തിൽ നിന്നു ലഭിക്കു​ന്ന​താണ്‌.

[അടിക്കു​റി​പ്പു​കൾ]

a ക്രി.മു.-ക്രി.വ. (ബി.സി-എ.ഡി.) എന്ന്‌ തീയതി കുറി​ക്കുന്ന രീതി അനുസ​രിച്ച്‌, യേശു ജനിച്ച​തെന്നു പരമ്പരാ​ഗ​ത​മാ​യി കരുത​പ്പെ​ടു​ന്ന​തി​നു മുമ്പുള്ള സമയം “ക്രി.മു.” (ക്രിസ്‌തു​വി​നു മുമ്പ്‌) എന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു; ക്രിസ്‌തു​വി​ന്റെ ജനനത്തി​നു ശേഷം സംഭവിച്ച കാര്യ​ങ്ങളെ സൂചി​പ്പി​ക്കു​മ്പോൾ “എ.ഡി.” (ആനോ ദോമി​നി—“നമ്മുടെ കർത്താ​വി​ന്റെ നാളിൽ”) എന്നു രേഖ​പ്പെ​ടു​ത്തു​ന്നു. എന്നിരു​ന്നാ​ലും, അഭിജ്ഞ​രായ ചില പണ്ഡിത​ന്മാർ “പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു മുമ്പ്‌) എന്നും “പൊ.യു.” (പൊതു​യു​ഗം) എന്നുമുള്ള മതേതര പ്രയോ​ഗം ഉപയോ​ഗി​ക്കാ​നാ​ണു താത്‌പ​ര്യ​പ്പെ​ടു​ന്നത്‌.