വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സമർപ്പണം—യഹോവയ്ക്കുള്ള ഒരു ഉത്സവം
വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സമർപ്പണം—യഹോവയ്ക്കുള്ള ഒരു ഉത്സവം
പണ്ടു മുതൽക്കേ ആനന്ദഭരിതമായ ഉത്സവങ്ങൾ സത്യാരാധനയുടെ ഭാഗമായിരുന്നിട്ടുണ്ട്. പുരാതന ഇസ്രായേലിൽ നടന്ന ചില ഉത്സവങ്ങൾ പല നാളുകൾ നീണ്ടുനിന്നു, യഹോവയുടെ ആയിരക്കണക്കിന് ആരാധകർ അതിൽ പങ്കുപറ്റുകയും ചെയ്തിരുന്നു. ശലോമോൻ നിർമിച്ച ആലയത്തിന്റെ ഉദ്ഘാടനം ഏഴു ദിവസം നീണ്ടുനിന്നു, തുടർന്ന് മുഴുവാര കൂടാരപ്പെരുന്നാളും ആഘോഷിക്കപ്പെട്ടു. യഹോവ തങ്ങളോട് ഇടപെട്ട അത്ഭുതകരമായ വിധത്തെ കുറിച്ചു ധ്യാനിക്കാൻ അത് ഇസ്രായേല്യർക്ക് അവസരമേകി. “യഹോവ . . . ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി” അവർ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.—1 രാജാക്കന്മാർ 8:66.
1999 മേയ് 17-22 തീയതികളിൽ യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള പാറ്റേഴ്സണിലെ വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന പരിപാടികൾ, പുരാതന കാലത്തെ സന്തോഷപ്രദമായ ആ ഉത്സവങ്ങളെ കുറിച്ചു സന്ദർശകരെ ഓർമിപ്പിച്ചു. ആഗോള ബൈബിൾ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി രൂപകൽപ്പന ചെയ്ത 28 കെട്ടിടങ്ങൾ ഉള്ള സമുച്ചയത്തിന്റെ സമർപ്പണത്തെ കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിപാടികളുടെ ഒരു വാരമായിരുന്നു അത്. ആ സ്മരണീയ വാരത്തിൽ, ബ്രുക്ലിനിലും വാൾക്കിലിലും പാറ്റേഴ്സണിലും ഉള്ള 5,400 ഹെഡ്ക്വാർട്ടേഴ്സ് അംഗങ്ങൾക്ക് പാറ്റേഴ്സണിലെ കെട്ടിടങ്ങളെല്ലാം ചുറ്റിക്കാണാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഈ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നിർമാണത്തിൽ പങ്കുപറ്റിയ 500-ലധികം മുൻ അംഗങ്ങളും വാച്ച് ടവർ സൊസൈറ്റിയുടെ 23 ബ്രാഞ്ചുകളിൽ നിന്നുള്ള പ്രതിനിധികളും സമീപ പ്രദേശത്തെ സഭാംഗങ്ങളും സന്ദർശകരിൽ ഉൾപ്പെട്ടിരുന്നു. മൊത്തം 8,100-ഓളം പേർ ഹാജരായി.
പ്രദർശന ചിത്രങ്ങൾ വിദ്യാഭ്യാസമേകുന്നു
ഈ വിദ്യാഭ്യാസ കേന്ദ്രത്തെ കുറിച്ചു നന്നായി മനസ്സിലാക്കുന്നതിനായി പ്രത്യേക പ്രദർശന ചിത്രങ്ങളും വിദ്യാഭ്യാസപരമായ വീഡിയോ അവതരണങ്ങളും തനിയെ ചുറ്റിനടന്നു കാണാനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. പ്രധാന ലോബിയിൽ വെച്ചിരുന്ന, യേശുവിന്റെ ഭൗമിക ശുശ്രൂഷാ കാലത്ത് യെരൂശലേമിൽ ഉണ്ടായിരുന്ന ആലയത്തിന്റെ മാതൃക സന്ദർശകരെ ഹഠാദാകർഷിച്ചു. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ആദ്യകാല ചരിത്രം, ചരിത്ര പ്രധാന കൺവെൻഷനുകൾ, സഭായോഗങ്ങൾ, ഭവന ബൈബിൾ അധ്യയനങ്ങളുടെ ആധുനിക വികാസം—വാരം തോറും അത്തരം ലക്ഷക്കണക്കിന് അധ്യയനങ്ങൾ നടത്തപ്പെടുന്നു—എന്നിവയെ കുറിച്ചും അത്തരം പ്രവർത്തനങ്ങൾക്കു വഴിതുറക്കുന്ന നിയമവിഭാഗത്തിന്റെ പ്രവർത്തനത്തെ കുറിച്ചുമൊക്കെ വിശേഷവത്കരിക്കുന്ന മറ്റു ചിത്രപ്രദർശനങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം യേശുവിന്റെ കൽപ്പനയോടുള്ള അനുസരണത്തിൽ ചെയ്യുന്ന കാര്യങ്ങളാണ്.—മത്തായി 28:19, 20.
ലോബിയോടു ചേർന്നുള്ള, 1,700 പേർക്ക് സുഖമായി ഇരിക്കാവുന്ന ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ട 33 മിനിട്ടു നേരത്തെ ഒരു വീഡിയോ പ്രദർശനം സമർപ്പണ പരിപാടികൾക്ക് എത്തിച്ചേർന്ന സന്ദർശകർ ആസ്വദിച്ചു. ‘ശക്തിയാലല്ല—എന്റെ ആത്മാവിനാൽ!’ എന്നതായിരുന്നു അതിന്റെ ശീർഷകം. വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിതമായത് എങ്ങനെയെന്ന് ഈ വീഡിയോ വ്യക്തമാക്കി. 15 വർഷം നീണ്ടുനിന്ന ഈ പദ്ധതി വിജയപ്രദമാക്കാനുള്ള ശ്രമങ്ങളുടെമേൽ യഹോവയുടെ മാർഗദർശനവും അനുഗ്രഹവും പ്രകടമായ നിരവധി സന്ദർഭങ്ങൾ അഭിമുഖങ്ങളിൽ വിവരിക്കുകയുണ്ടായി. യഥാർഥ നിർമാണ പ്രവർത്തനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കുപറ്റി. 1994-ൽ, ഒരു ഘട്ടത്തിൽ നിർമാണ പ്രദേശത്ത് 526 ജോലിക്കാർ ഉണ്ടായിരുന്നു. അതിൽ 350 മുഴുസമയ സ്വമേധയാ സേവകരും 113 താത്കാലിക ജോലിക്കാരും ദിവസവും വീട്ടിൽ വന്നുപോയി സഹായഹസ്തം നീട്ടിയ 63 പേരും ഉണ്ടായിരുന്നു. വേറെ പലരും സംഭാവനകൾ നൽകി വേലയെ പിന്തുണച്ചു. യഹോവയുടെ ആത്മാവിന്റെ സഹായം കൂടാതെ ഒരിക്കലും ഇതു സാധ്യമാകുമായിരുന്നില്ല എന്ന് എല്ലാവരും തിരിച്ചറിയുന്നു.—സെഖര്യാവു 4:6.
വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തപ്പെടുന്ന വേലയുടെ മുഖ്യ ഉദ്ദേശ്യം ദിവ്യ പ്രബോധനത്തെ ഉന്നമിപ്പിക്കുകയാണെന്നു ടൂർ നടത്തിയ സകലർക്കും മനസ്സിലാക്കാൻ കഴിഞ്ഞു. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഗിലെയാദ് സ്കൂളിന്റെ പ്രവേശന കവാടത്തിൽ വെച്ചിരുന്ന ചിത്രങ്ങൾ ആ സ്കൂളിന്റെ സമ്പന്നമായ ആത്മീയ പൈതൃകവും ചരിത്രവും എടുത്തുകാട്ടി. 1943-ൽ ന്യൂയോർക്കിലെ സൗത്ത് ലാൻസിങ് കാമ്പസിൽ നടത്തപ്പെട്ട ഗിലെയാദ് സ്കൂളിന്റെ ആദ്യ ക്ലാസ്സ് മുതൽ ഇന്നോളം 7,000-ത്തിലധികം വിദ്യാർഥികൾ മിഷനറി സേവനത്തിനു പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെച്ചിരുന്ന ചിത്രങ്ങൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും സഞ്ചാര മേൽവിചാരകന്മാർക്കും വേണ്ടി അവിടെ നടത്തപ്പെടുന്ന സ്കൂളിന്റെ ദൃശ്യമേകി. 1995 നവംബറിൽ
തുടങ്ങിയ ബ്രാഞ്ച് സ്കൂൾ ഇതിനോടകം 106 രാജ്യങ്ങളിൽ നിന്നുള്ള 360 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കു മികച്ച മാർഗനിർദേശം പ്രദാനം ചെയ്തിരിക്കുന്നു.മിക്കയിടങ്ങളിലും വെറും ചിത്ര പ്രദർശനങ്ങളെക്കാൾ അധികം സന്ദർശകർക്കു കാണാൻ കഴിഞ്ഞു. ഡിപ്പാർട്ടുമെന്റുകളിലെല്ലാം യഥേഷ്ടം കടന്നുചെല്ലാനും ഓഫീസുകളും മറ്റും സന്ദർശിക്കാനും അവർക്കു സാധിച്ചു. തത്ഫലമായി അവിടെ നടക്കുന്ന വേലയെ കുറിച്ച് ആഴമായ ഗ്രാഹ്യം നേടാൻ അവർക്കു കഴിഞ്ഞു. ഓഡിയോ/വീഡിയോ സേവന വിഭാഗ കെട്ടിടം ടൂറിന്റെ ഒരു സവിശേഷതയായിരുന്നു. ബൈബിൾ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി എത്ര ഉത്കൃഷ്ടമായ സംവിധാനങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്! ശബ്ദലേഖനം നടത്തുന്നതും വീഡിയോ തയ്യാറാക്കുന്നതും എങ്ങനെയെന്നു വിജ്ഞാനപ്രദമായ നിരവധി ചിത്രങ്ങളിലൂടെയും ഹ്രസ്വമായ വീഡിയോ അവതരണങ്ങളിലൂടെയും സന്ദർശകർക്കു മനസ്സിലാക്കാൻ സാധിച്ചു. സ്റ്റേജുപകരണങ്ങളും വേഷവിധാനങ്ങളും സജ്ജീകരിക്കാനായി എത്ര ആഴമായ ഗവേഷണമാണു നടത്തപ്പെടുന്നതെന്നും അവർ മനസ്സിലാക്കി. കുറഞ്ഞ പണച്ചെലവിൽ ആണെങ്കിലും സകല വിശദാംശങ്ങൾക്കും ശ്രദ്ധ നൽകിക്കൊണ്ടു സ്റ്റേജുപകരണങ്ങൾ സജ്ജീകരിക്കുന്നത് എങ്ങനെയെന്ന് അവർക്കു കാണാനായി. തങ്ങൾ വീക്ഷിക്കുന്ന രംഗത്തു തങ്ങൾതന്നെ ആയിരിക്കുന്നതായി ആളുകൾക്കു തോന്നുമാറ് സംഗീതം ഉപയോഗിക്കപ്പെടുന്ന വിധം അവർ നേരിട്ടു കണ്ടു. 1990 മുതൽ, നാനാ ബൈബിൾ വിഷയങ്ങളെ അധിഷ്ഠിതമാക്കി 41 ഭാഷകളിലായി പത്തു വീഡിയോകൾ സൊസൈറ്റി നിർമിച്ചിട്ടുണ്ട്. കൂടാതെ, അമേരിക്കൻ ആംഗ്യഭാഷയിൽ മറ്റു വീഡിയോകളും ഉത്പാദിപ്പിച്ചിട്ടുണ്ട്.
സന്ദർശകരിൽ പലരും, ഫോട്ടോ ലാബും ആർട്ട് ഡിപ്പാർട്ട്മെന്റും കമ്പ്യൂട്ടർ പരിശീലനവും പിന്തുണയും പ്രദാനം ചെയ്യുന്ന ഇൻഫർമേഷൻ സർവീസസ് ഡിപ്പാർട്ട്മെന്റും 11,242 സഭകളുടെയും 572 സഞ്ചാര മേൽവിചാരകന്മാരുടെയും പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന സേവന വിഭാഗവും പ്രതിവർഷം 14,000 ചോദ്യങ്ങൾക്ക് ഉത്തരം പ്രദാനം ചെയ്യുന്ന എഴുത്തുകുത്തു വിഭാഗവും സന്ദർശിച്ചു. അവിടെ നിന്ന് അയയ്ക്കുന്ന ഓരോ കത്തിന്റെയും പിന്നിലെ ഗവേഷണവും ചോദ്യങ്ങൾ ഉന്നയിക്കുന്നവർ ഗൗരവാവഹമായ പ്രശ്നങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുന്നതായി തിരിച്ചറിഞ്ഞ് അവരിൽ പ്രകടമാക്കുന്ന ആത്മാർഥമായ താത്പര്യവും സന്ദർശകരിൽ മതിപ്പുളവാക്കി.
പരിഭാഷാ സേവന വിഭാഗത്തിലേക്കു സന്ദർശകരുടെ ഒരു നിരന്തര പ്രവാഹംതന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സൊസൈറ്റി പുതുതായി 102 ഭാഷകളിൽക്കൂടി ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാക്കാൻ തുടങ്ങി എന്നത് അവരെ അതിശയിപ്പിച്ചു. ലോകവ്യാപകമായി യഹോവയുടെ സാക്ഷികളിൽ ഏകദേശം 80 ശതമാനം പേരും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് ഇംഗ്ലീഷിലല്ല, മറ്റു ഭാഷകളിലാണ്. അവരുടെ ആവശ്യം നിറവേറ്റാൻ, 100 രാജ്യങ്ങളിലായി 1,700-ലധികം സ്വമേധയാ സേവകർ പരിഭാഷാരംഗത്തു പ്രവർത്തിക്കുന്നുണ്ട്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഭാഷകളിലുള്ള വീക്ഷാഗോപുരം പ്രദർശനത്തിനു വെച്ചിരുന്നു. ഇതിനോടകം പ്രസിദ്ധീകരിച്ചിരിക്കുന്ന 31 ഭാഷകളിലുമുള്ള പുതിയലോക ഭാഷാന്തരം സന്ദർശകർക്കു കാണാൻ കഴിഞ്ഞു. വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ 332 ഭാഷകളിൽ ലഭ്യമാണെന്നും ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക 219 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നും അവർ മനസ്സിലാക്കി.
ലോകവ്യാപകമായി നിയമപരമായ ശ്രദ്ധ ആവശ്യമുള്ള വിവിധ പ്രവർത്തന രംഗങ്ങളെ കുറിച്ച് നിയമവിഭാഗം സന്ദർശിച്ചവർക്കു മനസ്സിലാക്കാൻ കഴിഞ്ഞു. സാക്ഷികളുടെ ഒരു അറ്റോർണി, രക്തപ്പകർച്ച ഉൾപ്പെട്ട ഒരു കേസ് കോടതിയിൽ വാദിക്കുന്ന യഥാർഥ രംഗം അവർക്കു വീഡിയോയിൽ കാണാൻ കഴിഞ്ഞു. സുവാർത്തയുടെ പരസ്യ സാക്ഷീകരണത്തിനു വഴി തുറക്കുന്നതിന് എന്താണു ചെയ്തുവരുന്നത് എന്നും അവർക്കു മനസ്സിലാക്കാൻ സാധിച്ചു. (ഫിലിപ്പിയർ 1:7) ഈ വർഷം മാർച്ചിൽ, യു.എസ്.എ.-യിലെ ന്യൂജേഴ്സിയിലുള്ള ഓറഡെലിൽ വീടുതോറുമുള്ള പരസ്യ ശുശ്രൂഷയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന യഹോവയുടെ സാക്ഷികൾക്കു പെർമിറ്റും ബാഡ്ജും ഉണ്ടായിരിക്കണമെന്ന നിയമത്തിനു മാറ്റം വരുത്താൻ അവിടുത്തെ നഗരരക്ഷാധികാര സമിതിയോടു നിർദേശിക്കുന്ന ഫെഡറൽ കോടതി വിധിയെ കുറിച്ചും സന്ദർശകരോടു പറയപ്പെട്ടു.
സന്ദർശകർക്കു കാണാൻ ഇനിയും ഉണ്ടായിരുന്നു. കോൺക്രീറ്റ് പാളികളും മറ്റും നിർമിക്കുന്ന ശാലയിലെ ചിത്രങ്ങളും അവർ നിരീക്ഷിച്ചു. മലിനജല സംസ്കരണ പ്ലാന്റിലും പവർ ഹൗസിലും ജല ശുദ്ധീകരണ ശാലയിലും നിരവധി മെയിന്റനൻസ് ശാലകളിലും അവർ ടൂർ നടത്തി. അവരെ സംബന്ധിച്ചിടത്തോളം അതു ജീവിതത്തിലെ ഒരു സുവർണാവസരം ആയിരുന്നു.
സമർപ്പണ പരിപാടി ദൈവിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നു
യഥാർഥ സമർപ്പണ പരിപാടി തുടങ്ങിയതു മേയ് 19-ന് ഉച്ചതിരിഞ്ഞ് 4:00-ന് ആയിരുന്നു. 6,929 പേർ അടങ്ങിയ ആ സന്തുഷ്ട ജനക്കൂട്ടത്തിൽ ഹെഡ്ക്വാർട്ടേഴ്സിലെ അംഗങ്ങളും സൊസൈറ്റിയുടെ അതിഥികളും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ബന്ധപ്പെടുത്തിയിരുന്ന കാനഡ ബ്രാഞ്ചിലെ 372 അംഗങ്ങളും ഉൾപ്പെട്ടിരുന്നു.
വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡണ്ടായ മിൽട്ടൺ ജി. ഹെൻഷലിന്റെ ഊഷ്മളമായ സ്വാഗത പ്രസംഗം സദസ്യരെ പുളകിതരാക്കി. തുടർന്ന്, പരിപാടിക്ക് ആധ്യക്ഷം വഹിച്ച ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്സ്, വില്യം മെയിൽഫോണ്ടിനെ പരിചയപ്പെടുത്തി. “നിർമാണ പ്രവർത്തനത്തിന്റെ സവിശേഷതകൾ” എന്ന പരിപാടി അവതരിപ്പിക്കവെ അദ്ദേഹം, വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ വികസനത്തിലും രൂപകൽപ്പനയിലും നിർമാണത്തിലും കാര്യമായ പങ്കുവഹിച്ച മൂന്നു സഹോദരന്മാരുമായി അഭിമുഖം നടത്തി. 8,700-ലധികം താത്കാലിക ജോലിക്കാർ നിർമാണ പ്രവർത്തനത്തിൽ പങ്കുപറ്റാൻ സ്വന്തം ചെലവിൽ എത്തിച്ചേർന്നതായി അഭിമുഖത്തിനിടയിൽ പറയപ്പെട്ടു. ദിവ്യ പ്രബോധനത്തിലൂടെ സാധ്യമായ ഐക്യത്തിന്റെയും ഉദാരതയുടെയും എത്ര നല്ല സാക്ഷ്യം!
തുടർന്ന്, “ഗോളവ്യാപകമായി നടക്കുന്ന ദിവ്യ പ്രബോധനം” എന്ന വിഷയത്തിലുള്ള ഒരു സിമ്പോസിയം നടത്തപ്പെട്ടു. ഭരണസംഘത്തിലെ നാലു പേരാണ് അതു നടത്തിയത്. ദിവ്യ പ്രബോധനത്തിന്റെ അടിസ്ഥാനം ദൈവവചനമായ ബൈബിൾ ആണെന്നും ‘സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരാൻ’ അതു ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു എന്നും ജോൺ ഇ. ബാർ ഊന്നിപ്പറഞ്ഞു. (കൊലൊസ്സ്യർ 1:10) ക്രിസ്തീയ സഭയുടെ ശിരസ്സായ യേശുക്രിസ്തുവിൽ തുടങ്ങി, ലോകവ്യാപക സഹോദരവർഗത്തിന്റെ ഇടയിലെങ്ങും ദിവ്യ പ്രബോധനം എങ്ങനെ ദിവ്യാധിപത്യപരമായി സംഘടിതമായ രീതിയിൽ നടക്കുന്നു എന്നു ഡാനിയൽ സിഡ്ലിക് ചർച്ച ചെയ്തു. (1 കൊരിന്ത്യർ 12:12-27) സിമ്പോസിയത്തിന്റെ അവസാനത്തെ രണ്ടു ഭാഗങ്ങൾ അവതരിപ്പിച്ചത് ഗെരിറ്റ് ലോഷും ക്യാരി ബാർബറും ആയിരുന്നു. എല്ലായിടത്തുമുള്ള ആളുകളുടെ അടുക്കൽ എത്തിച്ചേരാനും ദൈവത്തിന്റെ മാർഗത്തിൽ നടക്കാൻ അവരെ പ്രബോധിപ്പിക്കാനും ദിവ്യ ബോധനം ശുശ്രൂഷകരെ എങ്ങനെ യോഗ്യരാക്കുന്നു എന്ന് അവർ ചൂണ്ടിക്കാട്ടി.—യെശയ്യാവു 2:1-4; 2 കൊരിന്ത്യർ 3:5.
ഈ വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത സ്കൂളുകൾ സദസ്യർക്കു പരിചയപ്പെടുത്തി കൊടുക്കുന്നതിന് അതിന്റെ അധ്യാപകരുമായും അതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു ചിലരുമായും അഭിമുഖങ്ങളും ചർച്ചകളും നടത്തുകയുണ്ടായി. ഗോളവ്യാപകമായി നിർവഹിക്കപ്പെടുന്ന ദിവ്യ വിദ്യാഭ്യാസ പരിപാടിയിൽ ഓരോ സ്കൂളും വഹിക്കുന്ന പങ്ക് വിശേഷവത്കരിക്കപ്പെട്ടു. ഗിലെയാദ് സ്കൂൾ, ഓരോ ബൈബിൾ പുസ്തകത്തിന്റെയും യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രത്തിന്റെയും പഠനത്തിനും മിഷനറി സേവനത്തിനായുള്ള ഒരുക്കത്തിനും ഊന്നൽ നൽകുന്നുവെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ബ്രാഞ്ച് സ്കൂൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വ്യത്യസ്ത പ്രവർത്തന രംഗങ്ങളിൽ സമഗ്രമായ പരിശീലനം നൽകുന്നു. സഞ്ചാര മേൽവിചാരകന്മാർക്കായുള്ള സ്കൂൾ ആ സഹോദരങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നതോടൊപ്പം സഭയ്ക്ക് അത്യന്തം പ്രയോജനകരമായ ആത്മീയ സഹായം പ്രദാനം ചെയ്യാൻ അവരെ സജ്ജരാക്കുകയും ചെയ്യുന്നു.
പരിപാടിയുടെ ഉപസംഹാരമായി, ഭരണസംഘാംഗം ആയിരുന്ന ലോയിഡ് ബാരി, “നമ്മുടെ മഹാസ്രഷ്ടാവിനോടൊപ്പം നിർമാണവേല നടത്തുന്നു” എന്ന വിഷയത്തിലുള്ള സമർപ്പണ പ്രസംഗം നടത്തി. സ്രഷ്ടാവായ യഹോവ തന്റെ എല്ലാ സൃഷ്ടിയിലും ആനന്ദിക്കുന്നു എന്നും തന്നോടു ചേർന്ന് ആനന്ദിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (യെശയ്യാവു 65:18) “സർവ്വവും ചമെച്ചവൻ ദൈവം” ആകയാൽ, ഈ നിർമാണ പ്രവർത്തനത്തിന്റെയെല്ലാം ആത്യന്തിക ബഹുമതി യഹോവയ്ക്കുള്ളതാണ്. (എബ്രായർ 3:4) ആ ആശയങ്ങളെല്ലാം അവതരിപ്പിച്ച ശേഷം പ്രസംഗകൻ, നമ്മുടെ മഹാസ്രഷ്ടാവായ യഹോവയ്ക്ക് വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം സമർപ്പിച്ചുകൊണ്ടു ഹൃദയസ്പർശിയായ ഒരു പ്രാർഥന നടത്തി. a
ഒരു വാരം മുഴുവൻ നീണ്ടു നിന്ന സന്തോഷഭരിതമായ ആ പരിപാടിയിൽ പങ്കെടുത്ത സകലരും ഏറെക്കാലം അത് ഓർമയിൽ സൂക്ഷിക്കും എന്നതിനു തെല്ലും സംശയമില്ല. വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം സന്ദർശിക്കാൻ നിങ്ങൾക്കു ക്രമീകരണം ചെയ്തുകൂടേ? നമ്മുടെ സ്നേഹനിധിയായ സ്രഷ്ടാവിനെ കുറിച്ച് അറിയാനും അവന്റെ നീതിനിഷ്ഠമായ പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കാനുമുള്ള നിങ്ങളുടെ ശ്രമത്തിന് അത്തരമൊരു സന്ദർശനം പ്രോത്സാഹനം ആയിരിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.
[അടിക്കുറിപ്പുകൾ]
a 1999 ജൂലൈ 2-ന് ബാരി സഹോദരൻ വിശ്വസ്തതയോടെ തന്റെ ഭൗമിക ഗതി പൂർത്തിയാക്കി. 1999 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജു കാണുക.
[10-ാം പേജിലെ ചിത്രങ്ങൾ]
ആളുകളെക്കൊണ്ട് നിറഞ്ഞ ഓഡിറ്റോറിയവും ശേഷിച്ചവരെ ഇരുത്തിയിരിക്കുന്ന ഭോജനശാലയും
[10-ാം പേജിലെ ചിത്രങ്ങൾ]
ടൂറുകൾ അത്യന്തം സന്തോഷപ്രദമായിരുന്നു