വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഥോസ്‌ പർവതം—ഒരു “വിശുദ്ധ പർവത”മോ?

അഥോസ്‌ പർവതം—ഒരു “വിശുദ്ധ പർവത”മോ?

അഥോസ്‌ പർവതം—ഒരു “വിശുദ്ധ പർവത”മോ?

ഇരുപ​ത്തി​രണ്ടു കോടി​യി​ല​ധി​കം വരുന്ന ഓർത്ത​ഡോ​ക്‌സ്‌ സഭാം​ഗ​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം, ഉത്തര ഗ്രീസി​ലെ നിമ്‌നോ​ന്നത പ്രദേ​ശ​മായ അഥോസ്‌ പർവതം “ഓർത്ത​ഡോ​ക്‌സ്‌ ക്രിസ്‌തീയ ലോക​ത്തി​ലെ അതിവി​ശുദ്ധ പർവത​മാണ്‌.” അവരി​ല​നേ​കർക്കും “വിശുദ്ധ പർവത”മായ അഥോ​സി​ലേ​ക്കുള്ള തീർഥാ​ടനം ഒരു സ്വപ്‌ന സാക്ഷാ​ത്‌കാ​ര​മാണ്‌. ഈ “വിശുദ്ധ പർവത”ത്തിന്റെ പ്രത്യേ​കത എന്താണ്‌? അതിന്‌ ഇത്ര പ്രാധാ​ന്യം കൈവ​ന്നത്‌ എങ്ങനെ? ആത്മീയ മാർഗ​ദർശ​ന​ത്തി​നും സത്യാ​രാ​ധ​ന​യ്‌ക്കു​മാ​യി ദൈവ​ഭ​യ​മു​ള്ളവർ ഈ “പർവത”ത്തിലേ​ക്കാ​ണോ നോ​ക്കേ​ണ്ടത്‌?

“വിശു​ദ്ധ​പർവ്വതം” എന്ന പ്രയോ​ഗം ബൈബി​ളിൽ ഉണ്ട്‌ എന്നതു ശരിതന്നെ. അത്‌ സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ വിശു​ദ്ധ​വും നിർമ​ല​വും ഉന്നതവു​മായ ആരാധ​ന​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദാവീദ്‌ രാജാവ്‌ ഉടമ്പടി​പ്പെ​ട്ടകം പുരാതന യെരൂ​ശ​ലേ​മി​ലേക്കു കൊണ്ടു​വ​ന്ന​പ്പോൾ സീയോൻ പർവതം ഒരു ‘വിശുദ്ധ പർവതം’ ആയിത്തീർന്നു. (സങ്കീർത്തനം 15:1; 43:3; 2 ശമൂവേൽ 6:12, 17) മോരീ​യാ പർവത​ത്തിൽ ശലോ​മോ​ന്റെ ആലയം പണിയ​പ്പെ​ട്ട​ശേഷം ആലയ പ്രദേ​ശ​വും ‘സീയോ​ന്റെ’ ഭാഗമാ​യി​ത്തീർന്നു; തന്മൂലം, സീയോൻ ദൈവ​ത്തി​ന്റെ “വിശു​ദ്ധ​പർവ്വ​തമാ”യി നില​കൊ​ണ്ടു. (സങ്കീർത്തനം 2:6; യോവേൽ 3:17) ദൈവ​ത്തി​ന്റെ ആലയം യെരൂ​ശ​ലേ​മിൽ ആയിരു​ന്ന​തി​നാൽ ചില​പ്പോ​ഴൊ​ക്കെ ആ നഗര​ത്തെ​യും ‘വിശുദ്ധ പർവതം’ എന്നു വിളി​ച്ചി​രു​ന്നു.—യെശയ്യാ​വു 66:20; ദാനീ​യേൽ 9:16, 20.

ഇന്നത്തെ കാര്യ​മോ? അഥോസ്‌ പർവതം—അല്ലെങ്കിൽ വേറെ ഏതെങ്കി​ലും പർവതം—ദൈവത്തെ സ്വീകാ​ര്യ​മായ വിധത്തിൽ ആരാധി​ക്കു​ന്ന​തിന്‌ ആളുകൾ കയറി​ച്ചെ​ല്ലേണ്ട “വിശുദ്ധ പർവതം” ആണോ?

ഒരു സന്ന്യാസ “വിശുദ്ധ പർവതം”

ആധുനിക തെസ്സ​ലൊ​നി​ക്കി​യു​ടെ തൊട്ടു കിഴക്കാ​യി ഇജിയൻ കടലി​ലേക്കു തള്ളിനിൽക്കുന്ന ഇടുങ്ങിയ ഭൂപ്ര​ദേ​ശ​ത്തി​ന്റെ അഗ്രഭാ​ഗ​മായ കൽസി​ഡസി ഉപദ്വീ​പി​ന്റെ കിഴക്കേ അറ്റത്താണ്‌ അഥോസ്‌ പർവതം സ്ഥിതി ചെയ്യു​ന്നത്‌. സമുദ്ര നിരപ്പിൽ നിന്ന്‌ 6,667 അടി ഉയരത്തിൽ കുത്തനെ പൊങ്ങി​നിൽക്കുന്ന ഗംഭീ​ര​മായ ഒരു വെൺകൽ പർവത​മാണ്‌ അത്‌.

ദീർഘ​കാ​ല​മാ​യി, പലരും അഥോ​സി​നെ ഒരു വിശുദ്ധ സ്ഥലമായി കരുതി​പ്പോ​രു​ന്നു. ഗ്രീക്ക്‌ പുരാണം അനുസ​രിച്ച്‌, ഒളിമ്പസ്‌ പർവതം തങ്ങളുടെ ഭവനം ആകുന്ന​തി​നു മുമ്പ്‌ ദേവന്മാർ അഥോ​സി​ലാ​ണു വസിച്ചി​രു​ന്നത്‌. മഹാനായ കോൺസ്റ്റ​ന്റ​യ്‌നി​ന്റെ കാല​ശേഷം (പൊ.യു. നാലാം നൂറ്റാ​ണ്ടിൽ) എപ്പോ​ഴോ ആണ്‌ അഥോസ്‌ ക്രൈ​സ്‌തവ സഭകൾക്കു വിശുദ്ധ സ്ഥലമാ​യി​ത്തീർന്നത്‌. ഒരു പുരാണ കഥ അനുസ​രിച്ച്‌, സൈ​പ്ര​സിൽ ചെന്ന്‌ ലാസറി​നെ സന്ദർശി​ക്കാ​നാ​യി സുവി​ശേ​ഷ​ക​നായ യോഹ​ന്നാ​നോ​ടൊ​പ്പം യാത്ര ചെയ്‌ത “കന്യാ” മറിയം വഴിമ​ധ്യേ പെട്ടെ​ന്നു​ണ്ടായ കൊടു​ങ്കാ​റ്റി​ന്റെ ഫലമായി അഥോ​സിൽ തങ്ങി. ആ പർവത​ത്തി​ന്റെ ഭംഗി​യിൽ ആകൃഷ്ട​യായ മറിയം, അതു തനിക്കു തരണ​മെന്ന്‌ യേശു​വി​നോട്‌ ആവശ്യ​പ്പെട്ടു. അങ്ങനെ, “വിശുദ്ധ കന്യക​യു​ടെ ഉദ്യാനം” എന്ന പേരി​ലും അഥോസ്‌ അറിയ​പ്പെ​ടാൻ ഇടയായി. ബൈസാ​ന്റൈൻ കാലഘ​ട്ട​ത്തി​ന്റെ പകുതി ആയപ്പോ​ഴേ​ക്കും ഉന്തിനിൽക്കുന്ന മുഴു പാറഭാ​ഗ​വും വിശുദ്ധ പർവതം എന്ന്‌ അറിയ​പ്പെ​ടാൻ തുടങ്ങി. 11-ാം നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോ​ടെ മോ​ണോ​മ​ക്കസ്‌ എന്ന കോൺസ്റ്റ​ന്റയ്‌ൻ ഒമ്പതാമൻ ചക്രവർത്തി​യു​ടെ കൽപ്പന​പ്ര​കാ​രം ആ പേര്‌ ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെട്ടു.

ഒറ്റപ്പെട്ടു കിടക്കുന്ന നിമ്‌നോ​ന്നത പ്രദേശം ആയതി​നാൽ, സന്ന്യാസ ജീവിതം നയിക്കാൻ പറ്റിയ ഒരു ഇടമായി അഥോസ്‌ വീക്ഷി​ക്ക​പ്പെ​ടു​ന്നു. നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം, അത്‌ ഗ്രീക്ക്‌, സെർബി​യൻ, റൊ​മേ​നി​യൻ, ബൾഗേ​റി​യൻ, റഷ്യൻ ഉൾപ്പെ​ടെ​യുള്ള എല്ലാ ഓർത്ത​ഡോ​ക്‌സ്‌ വിഭാ​ഗ​ങ്ങ​ളി​ലെ​യും ഭക്തരെ ആകർഷി​ച്ചി​രി​ക്കു​ന്നു. അവരെ​ല്ലാം തങ്ങളുടെ സഭകളു​ടെ​യും സമുദാ​യ​ങ്ങ​ളു​ടെ​യും പേരിൽ നിരവധി സന്ന്യാസി മഠങ്ങൾ അവിടെ സ്ഥാപി​ച്ചി​ട്ടുണ്ട്‌. അതിൽ ഏകദേശം 20 എണ്ണം ഇപ്പോ​ഴും അവി​ടെ​യുണ്ട്‌.

അഥോസ്‌ പർവതം—ഇന്ന്‌

ഇന്ന്‌ അഥോസ്‌ സ്വയം ഭരണാ​വ​കാ​ശ​മുള്ള ഒരു പ്രദേ​ശ​മാണ്‌, 1926-ലാണ്‌ അതിന്റെ ഭരണഘ​ട​ന​യ്‌ക്ക്‌ ഔദ്യോ​ഗിക അംഗീ​കാ​രം ലഭിച്ചത്‌. വർഷങ്ങ​ളാ​യി അവിടത്തെ സന്ന്യാ​സി​മാ​രു​ടെ എണ്ണം കുറഞ്ഞു​വ​ന്നി​രു​ന്നെ​ങ്കി​ലും, സമീപ വർഷങ്ങ​ളിൽ അവരുടെ എണ്ണം 2,000-ത്തിലധി​ക​മാ​യി വർധി​ച്ചി​രി​ക്കു​ന്നു.

ഓരോ സന്ന്യാസി മഠത്തി​നും അതി​ന്റേ​തായ കൃഷി​യി​ട​ങ്ങ​ളും ചാപ്പലു​ക​ളും താമസ​സൗ​ക​ര്യ​ങ്ങ​ളും ഉണ്ട്‌. സന്ന്യാ​സി​മാ​രു​ടെ ആത്യന്തിക പുണ്യ​സ്ഥലം കാരൂല്യ പ്രദേ​ശത്ത്‌, അഥോസ്‌ പർവത​ത്തി​ന്റെ അവസാന ഭാഗത്താ​യി കുത്ത​നെ​യുള്ള ഭാഗത്താണ്‌. അവിടെ ഏതാനും കുടി​ലു​ക​ളുണ്ട്‌. കെട്ടു​പി​ണ​ഞ്ഞതു പോലെ കാണ​പ്പെ​ടുന്ന നടപ്പാ​ത​ക​ളും കരിങ്കൽ പടവു​ക​ളും ചങ്ങലക​ളും പിന്നിട്ടു വേണം അവിടെ എത്താൻ. ബൈസാ​ന്റൈൻ ഘടികാ​ര​വും (അതനു​സ​രി​ച്ചു ദിവസം തുടങ്ങു​ന്നതു സൂര്യാ​സ്‌ത​മ​യ​ത്തി​ലാണ്‌) ജൂലിയൻ കലണ്ടറും (ഗ്രി​ഗോ​റി​യൻ കലണ്ടറി​നേ​ക്കാൾ 13 ദിവസം പിന്നി​ലാ​ണത്‌) ഉപയോ​ഗിച്ച്‌ അവിടത്തെ സന്ന്യാ​സി​മാർ ഇപ്പോ​ഴും തങ്ങളുടെ പ്രാചീന മതാനു​ഷ്‌ഠാ​നങ്ങൾ പതിവാ​യി പിൻപ​റ്റു​ന്നു.

മതപര​മാ​യി പ്രസക്തി​യുള്ള ഈ സ്ഥലത്തിന്റെ “മഹത്ത്വ”ത്തിന്‌ ഒരു സ്‌ത്രീ​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു എന്നു പറയ​പ്പെ​ടു​ന്നെ​ങ്കി​ലും കഴിഞ്ഞ 1,000 വർഷക്കാ​ല​മാ​യി, മനുഷ്യ​നോ മൃഗമോ ആയി​ക്കൊ​ള്ളട്ടെ, പെൺ വർഗത്തിൽപ്പെട്ട യാതൊ​ന്നി​നും ഷണ്ഡനും ദീക്ഷയി​ല്ലാ​ത്ത​വ​നും ആ ഉപദ്വീ​പി​ലൊ​രി​ട​ത്തും പ്രവേ​ശനം ഉണ്ടായി​രു​ന്നില്ല. എന്നാൽ, ഈയിടെ പുറത്തി​റ​ക്കിയ ഒരു നിയമ​പ്ര​കാ​രം, ദീക്ഷയി​ല്ലാ​ത്ത​വർക്കും പെൺ വർഗത്തിൽപ്പെട്ട ചില മൃഗങ്ങൾക്കും ഉള്ള നിരോ​ധ​ന​ത്തിൽ ഇളവു വരുത്തി​യി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, സ്‌ത്രീ​കൾ അഥോസ്‌ തീരത്തി​ന്റെ 500 മീറ്റർ അടുത്തു​പോ​ലും ചെല്ലാൻ പാടി​ല്ലെന്ന കർശന വിലക്ക്‌ ഇപ്പോ​ഴും പ്രാബ​ല്യ​ത്തി​ലുണ്ട്‌.

സകലർക്കു​മാ​യുള്ള ഒരു “വിശുദ്ധ പർവതം”

ദൈവ​ഭ​യ​മുള്ള ക്രിസ്‌ത്യാ​നി​കൾ ആരാധ​ന​യ്‌ക്കാ​യി എത്തി​ച്ചേ​രേണ്ട “വിശുദ്ധ പർവത”മാണോ അഥോസ്‌? ദൈവത്തെ ആരാധി​ക്കേ​ണ്ടതു ഗെരി​സീം പർവ്വത​ത്തിൽ ആണെന്നു വിശ്വ​സി​ച്ചി​രുന്ന ഒരു ശമര്യ​ക്കാ​രി​യോ​ടു സംസാ​രി​ക്കവെ, ദൈവത്തെ ആരാധി​ക്കു​ന്ന​തിന്‌ ഏതെങ്കി​ലു​മൊ​രു അക്ഷരീയ പർവതം നീക്കി​വെ​ക്ക​പ്പെ​ടു​ക​യില്ല എന്ന്‌ യേശു വ്യക്തമാ​ക്കി. “നിങ്ങൾ പിതാ​വി​നെ നമസ്‌ക​രി​ക്കു​ന്നതു ഈ മലയി​ലും അല്ല യെരൂ​ശ​ലേ​മി​ലും അല്ല എന്നുള്ള നാഴിക വരുന്നു” എന്ന്‌ അവൻ പറഞ്ഞു. കാരണം? “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്‌ക​രി​ക്കു​ന്നവർ ആത്മാവി​ലും സത്യത്തി​ലും നമസ്‌ക​രി​ക്കേണം.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—യോഹ​ന്നാൻ 4:21, 24.

നമ്മുടെ നാളി​ലേക്കു വിരൽചൂ​ണ്ടി​ക്കൊണ്ട്‌, “അന്ത്യകാ​ലത്തു യഹോ​വ​യു​ടെ ആലയമുള്ള,” “പർവ്വത​ങ്ങ​ളു​ടെ ശിഖര​ത്തിൽ സ്ഥാപി​ത​വും കുന്നു​കൾക്കു മീതെ ഉന്നതവു​മാ​യി​രി​ക്കു”ന്ന, ഒരു പ്രതീ​കാ​ത്മക “പർവ്വത”ത്തെ കുറിച്ച്‌ യെശയ്യാ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു. സകല ജനതക​ളി​ലും നിന്നു​ള്ളവർ ആലങ്കാ​രിക അർഥത്തിൽ അതി​ലേക്കു കയറി​ച്ചെ​ല്ലും.—യെശയ്യാ​വു 2:2, 3.

ദൈവ​വു​മാ​യി ഒരു അംഗീ​കൃത ബന്ധമു​ണ്ടാ​യി​രി​ക്കാൻ ആഗ്രഹി​ക്കുന്ന പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും യഹോ​വയെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കാൻ ക്ഷണിക്ക​പ്പെ​ടു​ന്നു. ലോക​വ്യാ​പ​ക​മാ​യി ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ “യഹോ​വ​യു​ടെ ആലയ”ത്തിലേ​ക്കുള്ള വഴി കണ്ടെത്തി​യി​രി​ക്കു​ന്നു. മറ്റു പലരെ​യും പോലെ, അവരും അഥോ​സി​നെ കുറിച്ചു പിൻവ​രുന്ന പ്രകാരം പറഞ്ഞ ഒരു ഗ്രീക്ക്‌ അഭിഭാ​ഷ​ക​യു​ടെ വികാ​രങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു: “മതിലു​ക​ളാൽ ചുറ്റപ്പെട്ട ഇടങ്ങളി​ലോ സന്ന്യാസി മഠങ്ങളി​ലോ മാത്രമേ ആത്മീയത കണ്ടെത്താ​നാ​കൂ എന്നു ഞാൻ കരുതു​ന്നില്ല.”—പ്രവൃ​ത്തി​കൾ 17:24, 25 താരത​മ്യം ചെയ്യുക.

[31-ാം പേജിലെ ചതുരം]

ദീർഘകാലമായി മറഞ്ഞി​രുന്ന ഒരു അമൂല്യ ശേഖരം

നൂറ്റാ​ണ്ടു​ക​ളാ​യി അഥോസ്യ സന്ന്യാ​സി​മാ​രു​ടെ പക്കൽ ഒരു അമൂല്യ ശേഖരം ഉണ്ട്‌. ഏകദേശം 15,000 കയ്യെഴു​ത്തു പ്രതികൾ അതിൽ ഉൾപ്പെ​ടു​ന്നു. അവയിൽ ചിലത്‌ നാലാം നൂറ്റാ​ണ്ടി​ലേ​താണ്‌ എന്നു പറയ​പ്പെ​ടു​ന്നു. തന്മൂലം, അത്‌ ലോക​ത്തി​ലെ ഏറ്റവും വില​യേ​റിയ ശേഖര​ങ്ങ​ളിൽ പെടുന്നു. പുരാതന ചിത്ര​ര​ച​ന​കൾക്കും ബിംബ​ങ്ങൾക്കും കൊത്തി​യു​ണ്ടാ​ക്കി​യ​തും ലോഹ​ത്തിൽ തീർത്ത​തു​മായ ശിൽപ്പ​ങ്ങൾക്കും പുറമേ സുവി​ശേ​ഷ​ങ്ങ​ളു​ടെ ചില ഭാഗങ്ങ​ളും ചുരു​ളു​ക​ളും മുഴു വാല്യ​ങ്ങ​ളും സങ്കീർത്ത​ന​ങ്ങ​ളും സ്‌തോ​ത്ര​ഗീ​ത​ങ്ങ​ളും അവയിൽ ഉൾപ്പെ​ടും. ലോക​ത്തി​ലെ ഗ്രീക്ക്‌ കയ്യെഴു​ത്തു പ്രതി​ക​ളിൽ നാലി​ലൊന്ന്‌ അഥോ​സിൽ ഉള്ളതായി കണക്കാ​ക്ക​പ്പെ​ടു​ന്നു. അവയിൽ പലതും യഥോ​ചി​തം വർഗീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 1997-ൽ ആദ്യമാ​യി, തങ്ങളുടെ ഈ ശേഖര​ങ്ങ​ളിൽ ചിലത്‌ തെസ്സ​ലൊ​നി​ക്കി​യിൽ പ്രദർശി​പ്പി​ക്കാൻ സന്ന്യാ​സി​മാർ അനുമതി നൽകി.

[31-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Telis/Greek National Tourist Organization