അപ്പോക്കലിപ്സിൽ നിന്നുള്ള “സദ്വർത്തമാനം”
അപ്പോക്കലിപ്സിൽ നിന്നുള്ള “സദ്വർത്തമാനം”
“വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു, ഭൂവാസികളോടു സദ്വർത്തമാനമായി അറിയിക്കാൻ അവന്റെ പക്കൽ ഒരു നിത്യസുവാർത്ത ഉണ്ടായിരുന്നു.”—വെളിപ്പാടു 14:6, NW.
1. യഹോവയുടെ സാക്ഷികൾ അപ്പോക്കലിപ്സ് പുസ്തകത്തിന്റെ ദിവ്യനിശ്വസ്തതയിൽ വിശ്വസിക്കുന്നുവെങ്കിലും അവർ ഒരു “അപ്പോക്കലിപ്റ്റിക് മതഭേദം” അല്ലാത്തത് എന്തുകൊണ്ട്?
പൊതുവെ ആരോപിക്കപ്പെടുന്നതു പോലെ യഹോവയുടെ സാക്ഷികൾ ഒരു “അപ്പോക്കലിപ്റ്റിക് മതഭേദ”മോ ഒരു “വിനാശദിന മതപ്രസ്ഥാന”മോ അല്ല. എന്നിരുന്നാലും അവർ അപ്പോക്കലിപ്സിനെ, അഥവാ വെളിപ്പാടു പുസ്തകത്തെ ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഭാഗമായി സ്വീകരിക്കുന്നു. വെളിപ്പാടു പുസ്തകത്തിൽ ദുഷ്ടന്മാർക്ക് എതിരായ ന്യായവിധി സന്ദേശങ്ങൾ അടങ്ങിരിക്കുന്നു എന്നതു സത്യമാണ്. എന്നാൽ ദൈവദാസന്മാരുടെ പരസ്യ സാക്ഷീകരണത്തിൽ അപ്പോക്കലിപ്സ് അഥവാ വെളിപ്പാടു ഉൾപ്പെടെയുള്ള ബൈബിൾ പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന വിസ്മയാവഹമായ പ്രത്യാശയിലാണ് അവർ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അങ്ങനെ, അതിൽ കാണപ്പെടുന്ന പ്രാവചനിക വാക്കുകളോട് അവർ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ അവയിൽനിന്ന് എന്തെങ്കിലും നീക്കിക്കളയുകയോ ചെയ്യുന്നില്ല.—വെളിപ്പാടു 22:18, 19.
സദ്വർത്തമാനം പ്രസിദ്ധമാക്കൽ
2. യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗവേലയിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന ചില തിരുവെഴുത്തുകൾ ഏവ?
2 യഹോവയുടെ സാക്ഷികളുടെ പരസ്യ ശുശ്രൂഷയ്ക്കുള്ള തിരുവെഴുത്തുപരമായ അടിസ്ഥാനമായി മിക്കപ്പോഴും പരാമർശിക്കപ്പെടുന്നത് യേശുവിന്റെ പിൻവരുന്ന പ്രസ്താവനയാണ്: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും [“പ്രസിദ്ധമാക്കപ്പെടും,” NW അടിക്കുറിപ്പ്]; അപ്പോൾ അവസാനം വരും.” (മത്തായി 24:14) എന്താണ് “രാജ്യത്തിന്റെ ഈ സുവിശേഷം”? മിക്ക യഹോവയുടെ സാക്ഷികളും വെളിപ്പാടു 20-ഉം 21-ഉം അധ്യായങ്ങളിൽ നിന്നുള്ള വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അതിന് ഉത്തരം നൽകും. അവ ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയെയും അവന്റെ രാജ്യ ഗവൺമെന്റിനെയും മരണവും വിലാപവും വേദനയും ‘ഇനി ഉണ്ടാകയില്ലാത്ത’ മനുഷ്യ സമുദായത്തെയും പരാമർശിക്കുന്നു.—വെളിപ്പാടു 20:6; 21:1, 4, 5.
3. യഹോവയുടെ സാക്ഷികളുടെ പരസ്യ ശുശ്രൂഷ ഏതു ദൗത്യത്തോടു സമാനമാണ്?
3 ഈ സദ്വർത്തമാനങ്ങളുടെ ഘോഷകർ എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ വാസ്തവത്തിൽ ഒരു പ്രതീകാത്മക സ്വർഗീയ സന്ദേശവാഹകന്റെ വക്താക്കളാണ്. അവന്റെ ദൗത്യവും വെളിപ്പാടു പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു, ഭൂവാസികളോട് ഒരു സദ്വർത്തമാനമായി അറിയിക്കാൻ അവന്റെ പക്കൽ ഒരു നിത്യസുവാർത്ത ഉണ്ടായിരുന്നു.” (വെളിപ്പാടു 14:6, NW) “ലോകരാജത്വം [അഥവാ ഭരണാധിപത്യം] നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു” എന്നും “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനു”ള്ള യഹോവയുടെ നിയമിത ‘കാലം’ വന്നിരിക്കുന്നു എന്നും ഉള്ള അറിയിപ്പ് “നിത്യസുവാർത്ത”യിൽ അടങ്ങിയിരിക്കുന്നു. (വെളിപ്പാടു 11:15, 17, 18) അതു വാസ്തവത്തിൽ ഒരു സുവാർത്ത അല്ലേ?
വെളിപ്പാടിൽ അടങ്ങിയിരിക്കുന്നത്
4. (എ) വെളിപ്പാടു പുസ്തകം ഒന്നാം അധ്യായത്തിൽ ഏത് അടിസ്ഥാന സത്യങ്ങൾ വിവരിച്ചിരിക്കുന്നു? (ബി) സദ്വർത്തമാനങ്ങളിൽ നിന്നു പ്രയോജനം അനുഭവിക്കാൻ ആഗ്രഹിക്കുന്നവർ എന്തു ചെയ്യണം?
4 വെളിപ്പാടു പുസ്തകത്തിന്റെ പ്രാരംഭ അധ്യായം യഹോവയെ “അല്ഫയും ഓമേഗയും . . . ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള” ദൈവമായി ചിത്രീകരിക്കുന്നു. അത് അവന്റെ പുത്രനായ യേശുക്രിസ്തുവിനെ “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും” ആയി ചിത്രീകരിക്കുന്നു. യേശു “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവി”ക്കുന്നവനും ആണെന്നും അതു പറയുന്നു. (വെളിപ്പാടു 1:5, 6, 8) അങ്ങനെ, വെളിപ്പാടു പുസ്തകം തുടക്കത്തിൽത്തന്നെ ജീവരക്ഷാകരമായ അടിസ്ഥാന സത്യങ്ങൾ പ്രസ്താവിക്കുന്നു. തങ്ങളുടെ പക്കൽ എത്തിക്കുന്ന സദ്വർത്തമാനങ്ങളിൽ നിന്നു ‘ഭൂവാസികൾ’ പ്രയോജനം നേടണമെങ്കിൽ അവർ യഹോവയുടെ പരമാധികാരം തിരിച്ചറിയുകയും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം അർപ്പിക്കുകയും യഹോവ ക്രിസ്തുവിനെ ഉയിർപ്പിച്ചെന്നും അവൻ ഇപ്പോൾ ഭൂമിയുടെ ദൈവനിയമിത ഭരണാധിപൻ ആണെന്നും വിശ്വസിക്കുകയും വേണം.—സങ്കീർത്തനം 2:6-8.
5. വെളിപ്പാടു 2-ഉം വെളിപ്പാടു 3-ഉം അധ്യായങ്ങളിൽ ക്രിസ്തു ഏതു ധർമം നിർവഹിക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു?
5 അടുത്ത രണ്ട് അധ്യായങ്ങൾ ക്രിസ്തുയേശുവിനെ ഭൂമിയിലെ തന്റെ ശിഷ്യന്മാരുടെ സഭകളുടെ സ്നേഹവാനായ സ്വർഗീയ മേൽവിചാരകനായി ചിത്രീകരിക്കുന്നു. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഏഷ്യാ മൈനറിൽ സ്ഥിതി ചെയ്തിരുന്ന തിരഞ്ഞെടുക്കപ്പെട്ട ഏഴു ക്രിസ്തീയ സഭകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ചുരുളുകളിൽ അടങ്ങിയിരിക്കുന്ന പ്രോത്സാഹനവും ശക്തമായ ബുദ്ധിയുപദേശവും ഇന്നും ബാധകമാണ്. ‘ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു,’ അല്ലെങ്കിൽ ഞാൻ ‘നിന്റെ കഷ്ടത അറിയുന്നു’ എന്നിങ്ങനെയുള്ള വാക്കുകളോടെയാണ് മിക്കപ്പോഴും സഭകൾക്കുള്ള സന്ദേശങ്ങൾക്കു തുടക്കം കുറിച്ചിരുന്നത്. (വെളിപ്പാടു 2:2, 9) അതേ, തന്റെ ശിഷ്യന്മാരുടെ സഭകളിൽ എന്താണു സംഭവിച്ചുകൊണ്ടിരുന്നത് എന്നു ക്രിസ്തുവിനു കൃത്യമായും അറിയാമായിരുന്നു. ചില സഭകളെ അവയുടെ സ്നേഹത്തെയും വിശ്വാസത്തെയും ശുശ്രൂഷയിലെ കഠിനാധ്വാനത്തെയും സഹിഷ്ണുതയെയും തന്റെ നാമത്തോടും വചനത്തോടും ഉള്ള വിശ്വസ്തതയെയും പ്രതി അവൻ അഭിനന്ദിച്ചു. മറ്റുള്ളവയെ അവൻ ശാസിച്ചു. കാരണം അവ യഹോവയോടും അവന്റെ പുത്രനോടും ഉള്ള സ്നേഹം തണുത്തുപോകാൻ അനുവദിച്ചു, അല്ലെങ്കിൽ ലൈംഗിക അധാർമികതയിലോ വിഗ്രഹാരാധനയിലോ വിശ്വാസത്യാഗപരമായ വിഭാഗീയതയിലോ ഉൾപ്പെട്ടു.
6. 4-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനം എന്തു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നു?
6 4-ാം അധ്യായം യഹോവയാം ദൈവത്തിന്റെ സ്വർഗീയ സിംഹാസനത്തിന്റെ ഭയാദരജനകമായ ഒരു ദർശനം പ്രദാനം ചെയ്യുന്നു. അത് യഹോവയുടെ സാന്നിധ്യത്തിന്റെ മഹത്ത്വത്തെയും അവൻ ഉപയോഗിക്കാനിരിക്കുന്ന സ്വർഗീയ ഭരണ സംവിധാനത്തെയും കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം നൽകുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്ര സിംഹാസനത്തിനു ചുറ്റുമുള്ള സിംഹാസനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്ന കിരീടമണിഞ്ഞ ഭരണാധികാരികൾ യഹോവയുടെ മുമ്പാകെ കുമ്പിട്ട് ഇപ്രകാരം ഘോഷിക്കുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
7. (എ) ഭൂമിയിലെ നിവാസികളോട് എന്തു ചെയ്യാൻ ദൂതൻ പറയുന്നു? (ബി) നമ്മുടെ വിദ്യാഭ്യാസ വേലയുടെ ഒരു പ്രധാന ഭാഗം എന്താണ്?
7 ഇത് ഇന്നത്തെ ആളുകൾക്ക് എന്തെങ്കിലും അർഥമാക്കുന്നുണ്ടോ? തീർച്ചയായും ഉണ്ട്. സഹസ്രാബ്ദ രാജ്യത്തിൻ കീഴിൽ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവർ ‘ആകാശമദ്ധ്യേ പറക്കുന്ന ദൂതൻ’ ഘോഷിക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കണം: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” (വെളിപ്പാടു 14:6, 7) യഹോവയുടെ സാക്ഷികൾ നടത്തുന്ന ബൈബിൾ വിദ്യാഭ്യാസ വേലയുടെ പ്രധാന ഉദ്ദേശ്യങ്ങളിൽ ഒന്ന്, യഹോവയെ അറിയാനും ആരാധിക്കാനും അവന്റെ സൃഷ്ടികർതൃത്വം തിരിച്ചറിയാനും അവന്റെ നീതിനിഷ്ഠമായ പരമാധികാരത്തിനു സ്വമനസ്സാലെ കീഴ്പെടാനും ‘ഭൂവാസികളെ’ സഹായിക്കുക എന്നതാണ്.
ബഹുമാന യോഗ്യനായ കുഞ്ഞാട്
8. (എ) വെളിപ്പാടു 5-ഉം വെളിപ്പാടു 6-ഉം അധ്യായങ്ങളിൽ ക്രിസ്തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) സദ്വർത്തമാനങ്ങൾ ശ്രദ്ധിക്കുന്ന സകലർക്കും ഈ ദർശനത്തിൽ നിന്ന് എന്തു പഠിക്കാനാകും?
8 അടുത്ത രണ്ട് അധ്യായങ്ങൾ—5-ഉം 6-ഉം—യേശുക്രിസ്തുവിനെ ഏഴു മുദ്രകളുള്ള ഒരു ചുരുൾ തുറന്ന് നമ്മുടെ നാളിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രതീകാത്മക ഭാഷയിൽ വെളിപ്പെടുത്താൻ യോഗ്യനായി കണ്ടെത്തപ്പെട്ട ഒരു കുഞ്ഞാടായി ചിത്രീകരിക്കുന്നു. (യോഹന്നാൻ 1:29 താരതമ്യം ചെയ്യുക.) ഈ പ്രതീകാത്മക കുഞ്ഞാടിനോടു സ്വർഗീയ ശബ്ദങ്ങൾ ഇങ്ങനെ പറയുന്നു: “പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു.” (വെളിപ്പാടു 5:9, 10) ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ, സകല വംശങ്ങളിലും പെട്ട ചില ആളുകൾ അവനോടൊപ്പം സ്വർഗത്തിൽ ആയിരിക്കാനും ‘ഭൂമിയുടെ മേൽ വാഴാനും’ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ ദർശനം നമ്മെ പഠിപ്പിക്കുന്നു. (വെളിപ്പാടു 1:5, 6 താരതമ്യം ചെയ്യുക.) അവരുടെ ക്ലിപ്ത സംഖ്യ വെളിപ്പാടു പുസ്തകത്തിൽ മറ്റൊരിടത്തു വെളിപ്പെടുത്തിയിരിക്കുന്നു.
9. 6-ാം അധ്യായത്തിൽ ക്രിസ്തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
9 മറ്റൊരു ദർശനത്തിൽ, “ജയിക്കുന്നവനായും ജയിപ്പാനായും” വെള്ളക്കുതിരപ്പുറത്തു കിരീടം ധരിച്ചു പുറപ്പെടുന്ന ഒരു സഞ്ചാരിയായി ക്രിസ്തുവിനെ ചിത്രീകരിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, അപ്പോക്കലിപ്സിലെ മറ്റു മൂന്നു കുതിരക്കാരാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദുഷ്ഫലങ്ങളെ അവൻ നിർവീര്യമാക്കും. ആ കുതിരക്കാരുടെ തീവ്ര സവാരി 1914 എന്ന നിർണായക വർഷം മുതൽ മനുഷ്യവർഗത്തിന്മേൽ യുദ്ധവും ക്ഷാമവും മരണവും വരുത്തിവെച്ചിരിക്കുന്നു. (വെളിപ്പാടു 6:1-8) മനുഷ്യവർഗത്തിന്റെ രക്ഷയിലും യഹോവയുടെ വിസ്മയാവഹമായ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയിലും ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തുവിനുള്ള അതുല്യമായ പങ്ക് യഹോവയുടെ സാക്ഷികളുടെ ബൈബിൾ പഠിപ്പിക്കൽ വേലയിലെ ഒരു മുഖ്യ വിഷയമാണ്.
10. (എ) വെളിപ്പാടു 7-ാം അധ്യായത്തിൽ ഏതു സുപ്രധാന വിവരം അടങ്ങിയിരിക്കുന്നു? (ബി) രാജത്വം സ്വീകരിക്കുന്നവരെ കുറിച്ച് ക്രിസ്തു എന്തു പറഞ്ഞു?
10 7-ാം അധ്യായത്തിൽ അടങ്ങിയിരിക്കുന്നത് തീർച്ചയായും സദ്വർത്തമാനങ്ങളാണ്. കുഞ്ഞാടിന്റെ പിതാവിൽനിന്നു രാജത്വം സ്വീകരിക്കുന്ന, ‘ചെറിയ ആട്ടിൻകൂട്ടം’ എന്ന് യേശു വിളിച്ച ഗണത്തിന്റെ എണ്ണം വെളിപ്പാടു പുസ്തകത്തിൽ മാത്രമേ നാം കാണുന്നുള്ളൂ. (ലൂക്കൊസ് 12:32; 22:28-30) യഹോവയാം ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ അവരെ മുദ്രയിട്ടിരിക്കുന്നു. (2 കൊരിന്ത്യർ 1:21, 22) വെളിപാടു ലഭിച്ച യോഹന്നാൻ അപ്പൊസ്തലൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “മുദ്രയേററവരുടെ എണ്ണവും ഞാൻ കേട്ടു; . . . മുദ്രയേററവർ നൂററിനാല്പത്തിനാലായിരം പേർ.” (വെളിപ്പാടു 7:4) ഈ കൃത്യമായ എണ്ണം പിന്നീട് ഒരു അധ്യായത്തിൽ സ്വർഗീയ സീയോൻ മലയിൽ കുഞ്ഞാടിനോടുകൂടെ വാഴാൻ “ഭൂമിയിൽനിന്നു വിലെക്കു വാങ്ങിയി”രിക്കുന്നവരുടെ മൊത്തം എണ്ണമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 14:1-4) ക്രൈസ്തവ ലോകത്തിലെ സഭകൾ ഈ സംഖ്യക്ക് അവ്യക്തവും അയുക്തവുമായ വിശദീകരണങ്ങളാണ് നൽകുന്നത്. എന്നിരുന്നാലും, രസാവഹമായി, ബൈബിൾ പണ്ഡിതനായ ഇ. ഡബ്ലിയു. ബുള്ളിങ്ങർ അതിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “ലളിതമായ വസ്തുത ഇതാണ്: ഇതേ അധ്യായത്തിൽ തന്നെയുള്ള അനിശ്ചിത സംഖ്യക്കു വിപരീതമായി ഒരു നിശ്ചിത സംഖ്യ ഉപയോഗിച്ചിരിക്കുന്നു.”
11. (എ) വെളിപ്പാടു 7-ാം അധ്യായത്തിൽ ഏതു സദ്വർത്തമാനങ്ങൾ കാണാവുന്നതാണ്? (ബി) “മഹാപുരുഷാര”ത്തിലെ അംഗങ്ങളുടെ മുന്നിൽ ഏതു പ്രതീക്ഷകളാണ് ഉള്ളത്?
11 ഏത് അനിശ്ചിത സംഖ്യയെ ആയിരുന്നു ബുള്ളിങ്ങർ പരാമർശിച്ചത്? 9-ാം വാക്യത്തിൽ യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം . . . നില്ക്കുന്നതു ഞാൻ കണ്ടു.” (വെളിപ്പാടു 7:9) ഈ മഹാപുരുഷാരത്തിൽ പെടുന്നത് ആരാണ്? ദൈവമുമ്പാകെ ഇപ്പോൾ അവരുടെ നില എന്താണ്? ഭാവി അവർക്ക് എന്തു കൈവരുത്തും? അപ്പോക്കലിപ്സ് നൽകുന്ന ഉത്തരം ഭൂവാസികൾക്ക് ഒരു സുവാർത്തയാണ്. നാം ഇങ്ങനെ വായിക്കുന്നു: “ഇവർ മഹാകഷ്ടത്തിൽനിന്നു [“മഹോപദ്രവത്തിൽനിന്നു,” NW] വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള വിശ്വാസം ഹേതുവായി അവർ “മഹോപദ്രവത്തിൽ” സംരക്ഷിക്കപ്പെടും. ക്രിസ്തു അവരെ “മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.” (വെളിപ്പാടു 7:14-17) അതേ, ഇന്നു ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്ന ഈ എണ്ണമറ്റ പുരുഷാരത്തിന്റെ ഭാഗമായിത്തീരാൻ കഴിയും. രാജാവായ യേശുക്രിസ്തുവിന്റെ പ്രജകൾ എന്ന നിലയിൽ അവർ അവന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്തു ഭൂമിയിലെ നിത്യജീവനിലേക്കു നയിക്കപ്പെടും. ഇതു സുവാർത്തയല്ലേ?
“അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ”
12, 13. (എ) വെളിപ്പാടു 8 മുതൽ 19 വരെയുള്ള അധ്യായങ്ങളിൽ എന്ത് അടങ്ങിയിരിക്കുന്നു? (ബി) അത്തരം പ്രവചനങ്ങൾ ആത്മാർഥഹൃദയരെ അസഹ്യപ്പെടുത്തേണ്ടത് ഇല്ലാത്തത് എന്തുകൊണ്ട്?
12 അപ്പോക്കലിപ്സ്, അഥവാ വെളിപ്പാടു പുസ്തകം ഭീതിദമായ വിനാശം മുൻകൂട്ടിപ്പറയുന്ന ഒരു പുസ്തകമായി അറിയപ്പെടാനുള്ള പ്രധാന കാരണം 8 മുതൽ 19 വരെയുള്ള അധ്യായങ്ങൾ ആണ്. സാത്താന്റെ വ്യവസ്ഥിതിയുടെ വ്യത്യസ്ത ഘടകങ്ങൾക്ക് എതിരായുള്ള അതിശക്തമായ ന്യായവിധി സന്ദേശങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു. ആ ന്യായവിധി സന്ദേശങ്ങൾ കാഹള നാദങ്ങൾ, ബാധകൾ, ദിവ്യകോപത്തിന്റെ കലശങ്ങൾ എന്നിവയാൽ പ്രതീകവൽക്കരിക്കപ്പെട്ടിരിക്കുന്നു. ആദ്യം വ്യാജമതങ്ങൾക്കും (“മഹതിയാം ബാബിലോൻ”) തുടർന്ന് വന്യമൃഗങ്ങളാൽ പ്രതീകവൽക്കരിക്കപ്പെടുന്ന അഭക്ത രാഷ്ട്രീയ വ്യവസ്ഥകൾക്കും എതിരായി ഈ ന്യായവിധികൾ നടപ്പാക്കപ്പെടും.—വെളിപ്പാടു 13:1, 2; 17:5-7, 15, 16. a
13 സാത്താനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയുടെ പരിസരത്തേക്കു വലിച്ചെറിഞ്ഞുകൊണ്ട് സ്വർഗത്തെ ശുദ്ധീകരിക്കുന്നതിനെ കുറിച്ച് ഈ അധ്യായങ്ങൾ വിവരിക്കുന്നു. ഇത് 1914 മുതലുള്ള അഭൂതപൂർവമായ ലോകാരിഷ്ടതകൾക്കുള്ള ഒരേയൊരു യുക്തിസഹമായ വിശദീകരണം നൽകുന്നു. (വെളിപ്പാടു 12:7-12) സാത്താന്റെ ഭൗമിക ദുഷ്ട വ്യവസ്ഥിതിയുടെ നാശവും അവ പ്രതീകാത്മക ഭാഷയിൽ വർണിക്കുന്നു. (വെളിപ്പാടു 19:19-21) പ്രകമ്പനം കൊള്ളിക്കുന്ന അത്തരം സംഭവങ്ങൾ ആത്മാർഥഹൃദയരായ ആളുകളെ ഞെട്ടിക്കണമോ? വേണ്ട. കാരണം, ദൈവത്തിന്റെ ന്യായവിധികൾ നടപ്പാക്കവെ, സ്വർഗീയ സംഘം ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “ഹല്ലെലൂയ്യാ! [“യാഹിനെ സ്തുതിപ്പിൻ,” NW] രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു . . . അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.”—വെളിപ്പാടു 19:1, 2.
14, 15. (എ) ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം നീതി കൈവരുത്തുന്നത് എങ്ങനെ? (ബി) അപ്പോക്കലിപ്സിന്റെ ഈ ഭാഗം ആത്മാർഥഹൃദയരായ ആളുകൾക്കു സന്തോഷിക്കാനുള്ള ഒരു കാരണം ആയിരിക്കേണ്ടത് എന്തുകൊണ്ട്?
14 ഭൂമിയെ നശിപ്പിക്കുന്നവർ നീക്കം ചെയ്യപ്പെടാതെ യഹോവ നീതിനിഷ്ഠമായ ഒരു വ്യവസ്ഥിതി കൊണ്ടുവരില്ല. (വെളിപ്പാടു 11:17, 18; 19:11-16; 20:1, 2) എന്നാൽ, ഏതെങ്കിലും മനുഷ്യനോ രാഷ്ട്രത്തിനോ അതു ചെയ്യാനുള്ള അധികാരമോ ശക്തിയോ ഇല്ല. അതു നീതിപൂർവകമായി ചെയ്യാൻ യഹോവയ്ക്കും അവന്റെ നിയമിത രാജാവും ന്യായാധിപനുമായ ക്രിസ്തുയേശുവിനും മാത്രമേ സാധിക്കൂ.—2 തെസ്സലൊനീക്യർ 1:6-9.
15 ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യം അപ്പോക്കലിപ്സ് വളരെ വ്യക്തമായി പ്രകടമാക്കുന്നു. ഈ വസ്തുത, ഇപ്പോൾ ‘നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന’ സ്ത്രീപുരുഷന്മാർക്കു സന്തോഷിക്കാനുള്ള ഒരു കാരണം ആയിരിക്കണം. (യെഹെസ്കേൽ 9:4) സദ്വർത്തമാന ദൂതൻ നൽകിയ ആഹ്വാനത്തിനു ശ്രദ്ധ കൊടുക്കേണ്ടതിന്റെ അടിയന്തിരത ഇത് അവരിൽ ഉളവാക്കണം. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ദൈവത്തെ ഭയപ്പെ[ടുവിൻ] . . . അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ.” (വെളിപ്പാടു 14:7) “ദൈവകല്പനകൾ പാലിക്കയും യേശുവിന്നു സാക്ഷ്യം വഹിക്കയും ചെയ്യുന്ന” യഹോവയുടെ സാക്ഷികളോടൊപ്പം അത്തരം ആളുകൾ യഹോവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യട്ടെ.—വെളിപ്പാടു 12:17, ഓശാന ബൈബിൾ.
മഹത്ത്വപൂർണമായ സഹസ്രാബ്ദ വാഴ്ച
16. (എ) ക്രൈസ്തവ ലോകത്തിലെ സഭകൾ സഹസ്രാബ്ദ പ്രത്യാശ തള്ളിക്കളഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (ബി) മാതൃകാ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
16 വെളിപ്പാടു പുസ്തകത്തിന്റെ 20 മുതൽ 22 വരെയുള്ള അധ്യായങ്ങളിൽ സഹസ്രാബ്ദ പ്രത്യാശയ്ക്കുള്ള തിരുവെഴുത്തുപരമായ അടിസ്ഥാനം അടങ്ങിയിരിക്കുന്നു. സ്വർഗത്തിലെയും ഭൂമിയിലെയും നിത്യസന്തുഷ്ടിയ്ക്കു നാന്ദി കുറിക്കുന്ന ആയിരം-വർഷ കാലഘട്ടത്തെ കുറിച്ച് സ്പഷ്ടമായി പറയുന്ന ബൈബിളിലെ ഏക ഭാഗം ഇതാണ്. ക്രൈസ്തവ ലോകത്തിലെ സഭകൾ സഹസ്രാബ്ദ പ്രത്യാശ തള്ളിക്കളഞ്ഞിരിക്കുന്നു. സഭയുടെ ഉപദേശം അനുസരിച്ച്, നീതിമാന്മാർ സ്വർഗത്തിലും ദുഷ്ടന്മാർ നരകത്തിലും പോകുന്നതിനാൽ അവരെ സംബന്ധിച്ചിടത്തോളം പറുദീസാ ഭൂമി അപ്രസക്തമാണ്. ക്രൈസ്തവ ലോക സഭകളിലെ മിക്ക അംഗങ്ങളുടെയും കാര്യത്തിൽ, ദൈവത്തിന്റെ “ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന് അപേക്ഷിച്ചുകൊണ്ടുള്ള മാതൃകാ പ്രാർഥനയ്ക്ക് അതിന്റെ മുഴു അർഥവും നഷ്ടമായിരിക്കുന്നു. (മത്തായി 6:10) എന്നാൽ യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ അത് അങ്ങനെയല്ല. യഹോവയാം ദൈവം ഭൂമിയെ സൃഷ്ടിച്ചത് “വ്യർത്ഥമായിട്ടല്ല” മറിച്ച് ‘പാർപ്പിനാണെന്ന്’ അവർ ഉറച്ചു വിശ്വസിക്കുന്നു. (യെശയ്യാവു 45:12, 18) അങ്ങനെ, പുരാതന പ്രവചനവും മാതൃകാ പ്രാർഥനയും സഹസ്രാബ്ദത്തെ കുറിച്ചുള്ള അപ്പോക്കലിപ്റ്റിക് പ്രത്യാശയും തീർച്ചയായും പരസ്പര യോജിപ്പിലാണ്. തന്റെ ആയിരം-വർഷ വാഴ്ചക്കാലത്തു സ്വർഗത്തിലെപ്പോലെ തന്നെ ഭൂമിയിലും യഹോവയുടെ ഇഷ്ടം നടപ്പാകുന്നു എന്ന് ക്രിസ്തു ഉറപ്പുവരുത്തും.
17. ‘ആയിരമാണ്ടിനെ’ അക്ഷരീയമായി എടുക്കേണ്ടതാണെന്ന് എന്തു പ്രകടമാക്കുന്നു?
17 വെളിപ്പാടു 20-ാം അധ്യായത്തിലെ ആദ്യത്തെ ഏഴു വാക്യങ്ങളിൽ ‘ആയിരമാണ്ട്’ എന്ന പ്രയോഗം ആറു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. മൂല ഗ്രീക്കു ഭാഷയിൽ അത് നാലു പ്രാവശ്യം നിശ്ചയോപപദത്തോട് (ഇംഗ്ലീഷിൽ “the”) ഒപ്പമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന വസ്തുത ശ്രദ്ധേയമാണ്. അത് അനിശ്ചിതമായ ഒരു ദീർഘകാലഘട്ടത്തെയല്ല മറിച്ച് ഒരു അക്ഷരീയ സഹസ്രാബ്ദത്തെ പരാമർശിക്കുന്നു എന്ന് ഇതു പ്രകടമാക്കുന്നു. ക്രൈസ്തവ ലോകത്തിലെ മിക്ക ഭാഷ്യകാരന്മാരും അവകാശപ്പെടുന്നതുപോലെ അത് ഒരു അനിശ്ചിത കാലഘട്ടമല്ല. സഹസ്രാബ്ദ കാലത്ത് എന്തു സംഭവിക്കും? ഒന്നാമതായി, ആ മുഴു കാലഘട്ടത്തേക്കും സാത്താൻ നിഷ്ക്രിയൻ ആക്കപ്പെടുന്നു. (വെളിപ്പാടു 20:1-3; എബ്രായർ 2:14 താരതമ്യം ചെയ്യുക.) അത് എത്ര മഹത്തായ ഒരു സുവാർത്തയാണ്!
18. (എ) സഹസ്രാബ്ദത്തെ ഒരു ന്യായവിധി ‘ദിവസം’ എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്? (ബി) ആയിരം വർഷത്തിന്റെ അവസാനം എന്തു സംഭവിക്കും?
18 “ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴു”ന്നവർക്കു “ന്യായവിധിയുടെ അധികാരം” കൊടുത്തിരിക്കുന്നതിനാൽ ഈ കാലഘട്ടം വാസ്തവത്തിൽ ഒരു ആയിരവർഷ ന്യായവിധി ‘ദിവസം’ ആണ്. (വെളിപ്പാടു 20:4, 6; പ്രവൃത്തികൾ 17:31-ഉം 2 പത്രൊസ് 3:8-ഉം താരതമ്യം ചെയ്യുക.) മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുകയും “മഹോപദ്രവ”ത്തിലെ അതിജീവകരോടൊപ്പം അന്നത്തെ അവരുടെ പ്രവൃത്തികൾ അനുസരിച്ച് നീതിനിഷ്ഠമായി ന്യായം വിധിക്കപ്പെടുകയും ചെയ്യും. (വെളിപ്പാടു 20:12, 13) ആയിരം വർഷത്തിന്റെ അവസാനത്തിൽ മനുഷ്യവർഗത്തെ അന്തിമമായി പരിശോധിക്കാൻ സാത്താനെ ഹ്രസ്വകാലത്തേക്കു സ്വതന്ത്രനാക്കും. തുടർന്ന് അവനും അവന്റെ ഭൂതങ്ങളും അവനെ അനുഗമിക്കുന്ന ഭൂമിയിലെ എല്ലാ മത്സരികളും എന്നേക്കുമായി നശിപ്പിക്കപ്പെടും. (വെളിപ്പാടു 20:7-10) ആ പരിശോധനയെ അതിജീവിക്കുന്നവരുടെ പേരുകൾ “ജീവപുസ്തകത്തിൽ” ശാശ്വതമായി എഴുതപ്പെടും. ഒരു പറുദീസാ ഭൂമിയിൽ യഹോവയെ സേവിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ട് അവർ എന്നേക്കും സന്തുഷ്ടരായി ജീവിക്കും.—വെളിപ്പാടു 20:14, 15; സങ്കീർത്തനം 37:9, 29; യെശയ്യാവു 66:22, 23.
19. (എ) വെളിപ്പാടു പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന വിസ്മയാവഹമായ വാഗ്ദാനങ്ങൾ നിസ്സംശയമായും നിവൃത്തിയേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതായിരിക്കും?
19 അപ്പോക്കലിപ്സിൽ വിവരിച്ചിരിക്കുന്ന സദ്വർത്തമാനങ്ങളാണ് ഇവ. അവ പൊള്ളയായ മനുഷ്യ വാഗ്ദാനങ്ങൾ അല്ല. യോഹന്നാൻ അപ്പൊസ്തലൻ എഴുതി: “സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.” (വെളിപ്പാടു 21:5) ഈ സദ്വർത്തമാനങ്ങളുടെ നിവൃത്തിയിൽ പങ്കുപറ്റുന്നതിന് നാം എന്തു ചെയ്യണം? ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കു വെളിപ്പാടു പുസ്തകത്തിൽ ധാരാളം ബുദ്ധിയുപദേശങ്ങൾ ഉണ്ട്. അടുത്ത ലേഖനം പ്രകടമാക്കാൻ പോകുന്നതു പോലെ, അത്തരം ബുദ്ധിയുപദേശങ്ങൾ പിൻപറ്റുന്നതു നമുക്ക് അതിരറ്റ സന്തുഷ്ടി കൈരുത്തും, ഇന്നും, എന്നേക്കും.
[അടിക്കുറിപ്പുകൾ]
a വെളിപ്പാടു പുസ്തകത്തെ കുറിച്ചുള്ള ഒരു സമഗ്ര വിശദീകരണത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ 1988-ൽ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം കാണുക.
പുനരവലോകന ആശയങ്ങൾ
□ വെളിപ്പാടു 4 മുതൽ 6 വരെയുള്ള അധ്യായങ്ങളിൽ, സദ്വർത്തമാനങ്ങളുടെ സുപ്രധാന ഭാഗമായ ഏത് അടിസ്ഥാന സത്യങ്ങൾ കാണപ്പെടുന്നു?
□ വെളിപ്പാടു ഏഴാം അധ്യായത്തിൽ ഏതു സദ്വർത്തമാനങ്ങൾ കാണാവുന്നതാണ്?
□ വെളിപ്പാടിൽ കാണുന്ന ന്യായവിധി സന്ദേശങ്ങൾ ആത്മാർഥ ഹൃദയരെ അസഹ്യപ്പെടുത്തേണ്ടത് ഇല്ലാത്തത് എന്തുകൊണ്ട്?
□ സഹസ്രാബ്ദം ഒരു ന്യായവിധി ‘ദിവസം’ ആയിരിക്കുന്നത് ഏതു വിധത്തിലായിരിക്കും?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
രാജാവായ യേശുക്രിസ്തു ഭൂമിയെ യുദ്ധം, ക്ഷാമം, മരണം എന്നിവയിൽനിന്ന് പൂർണമായും മുക്തമാക്കും