അപ്പോക്കലിപ്സ് ഭീതി എന്തുകൊണ്ട്?
അപ്പോക്കലിപ്സ് ഭീതി എന്തുകൊണ്ട്?
“ഏതോ വിധത്തിലുള്ള ഒരു സാർവദേശീയ ശിഥിലീകരണം ആസന്നമാണെന്ന് ക്രിസ്തീയ മതമൗലികവാദികൾ പതിറ്റാണ്ടുകളായി പ്രവചിച്ചുകൊണ്ടിരിക്കുന്നു” എന്ന് ടൈം മാസികയിലെ ഒരു മത എഴുത്തുകാരനായ ഡേമിയൻ തോംപ്സൺ അഭിപ്രായപ്പെടുന്നു. “എന്നാൽ അവരെ അതിശയിപ്പിക്കുമാറ്, ഇപ്പോൾ പ്രസ്തുത സംഭവവികാസങ്ങൾ ഗൗരവമായി വീക്ഷിക്കപ്പെടുന്നുവെന്നു മാത്രമല്ല കമ്പ്യൂട്ടർ പ്രോഗ്രാം ഉണ്ടാക്കുന്നവർ, വ്യാപാര പ്രമുഖർ, രാഷ്ട്രീയക്കാർ എന്നിങ്ങനെ അവരെ പരിഹസിച്ചിരുന്ന ആളുകൾ തന്നെ അവയ്ക്കു പ്രചാരം നൽകുകയുമാണ്.” 2000-ാം ആണ്ടിലെ ലോകവ്യാപക കമ്പ്യൂട്ടർ തകർച്ച സംബന്ധിച്ച ഭയം “തികച്ചും ലൗകികരായിരുന്ന ആളുകളെ അപ്രതീക്ഷിതമായി സഹസ്രാബ്ദ വിശ്വാസികൾ ആക്കിയിരിക്കുന്നു” എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. “കൂട്ടസംഭ്രാന്തി, ഭരണരംഗത്തെ സ്തംഭനം, ഭക്ഷ്യ കലഹങ്ങൾ, അംബരചുംബികളായ കെട്ടിടങ്ങളിൽ വിമാനങ്ങൾ ഇടിച്ചു തകരൽ” എന്നിങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമെന്ന് അവർ ഭയപ്പെടുന്നു.
പൊതുവായ ഉത്കണ്ഠകൾക്കു പുറമേ, മിക്കപ്പോഴും “അപ്പോക്കലിപ്റ്റിക്” എന്നു വിളിക്കപ്പെടുന്ന അനേകം ചെറിയ മത സംഘങ്ങളുടെ അസ്വസ്ഥതാജനകമായ പ്രവർത്തനങ്ങളുമുണ്ട്. 1999 ജനുവരിയിൽ ഫ്രഞ്ച് ദിനപ്പത്രമായ ല ഫിഗാറോയിലെ, “യെരൂശലേമും അപ്പോക്കലിപ്സിന്റെ അപകട നാദങ്ങളും” എന്ന ശീർഷകത്തോടു കൂടിയ ഒരു ലേഖനം ഇങ്ങനെ പ്രസ്താവിച്ചു: “പറൂസിയയോ അപ്പോക്കലിപ്സോ പ്രതീക്ഷിച്ച് ഒലിവ് മലയിലോ അതിനു സമീപമോ നൂറിലേറെ ‘സഹസ്രാബ്ദ വിഭാഗക്കാർ’ കാത്തിരിക്കുന്നതായി [ഇസ്രായേലിലെ] സുരക്ഷാ സേന കണക്കാക്കുന്നു.”
1998 ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഇയറിൽ “വിനാശദിന മതപ്രസ്ഥാനങ്ങ”ളെ കുറിച്ച് ഒരു പ്രത്യേക റിപ്പോർട്ടുണ്ട്. അതു മറ്റുള്ളവയോടൊപ്പം, ആത്മഹത്യാ
മതപ്രസ്ഥാനങ്ങളായ ഹെവൻസ് ഗേറ്റ്, പീപ്പിൾസ് ടെംപിൾ, ഓഡർ ഓഫ് ദ സോളാർ ടെംപിൾ എന്നിവയെയും, 1995-ൽ ടോക്കിയോയിലെ ഭൂഗർഭ പാതയിൽ മാരകമായ വിഷവാതക ആക്രമണം നടത്തി 12 പേരെ കൊല്ലുകയും ആയിരങ്ങൾക്കു പരിക്ക് ഏൽപ്പിക്കുകയും ചെയ്ത ഒം ഷിൻരിക്യോയെയും (പരമോന്നത സത്യം) പരാമർശിക്കുന്നു. ഈ റിപ്പോർട്ടിനെ സംക്ഷേപിച്ചുകൊണ്ട് ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ മത പ്രൊഫസർ ആയ മാർട്ടിൻ ഇ. മാർട്ടി എഴുതി: “കലണ്ടറിന്റെ പേജ് 2000-ാം ആണ്ടിലേക്കു മറിക്കുന്നതു പ്രചോദനാത്മകമാണ്—അത് എല്ലാത്തരത്തിലുള്ള പ്രവചനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പ്രചോദനമേകുമെന്നു മിക്കവാറും ഉറപ്പാണ്. ചിലത് അപകടകരം ആയിത്തീർന്നേക്കാം. അത് അലംഭാവത്തോടെ ഇരിക്കാനുള്ള ഒരു സമയം ആയിരിക്കില്ല.”അപ്പോക്കലിപ്സ് ഭീതിയുടെ ചരിത്രം
അപ്പോക്കലിപ്സ് അഥവാ വെളിപ്പാടു എന്നത് ബൈബിളിലെ അവസാനത്തെ പുസ്തകത്തിന്റെ പേരാണ്. അത് എഴുതപ്പെട്ടത് പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ഈ പുസ്തകത്തിന്റെ പ്രാവചനിക സ്വഭാവവും അത്യന്തം പ്രതീകാത്മകമായ ഭാഷയും നിമിത്തം, “അപ്പോക്കലിപ്റ്റിക്” എന്ന നാമവിശേഷണം വെളിപ്പാടു പുസ്തകം എഴുതപ്പെടുന്നതിനു ദീർഘനാൾ മുമ്പേ തുടങ്ങിയ ഒരു സാഹിത്യ രൂപത്തിനു ബാധമാകാൻ ഇടയായി. കാൽപ്പനിക പ്രതീകങ്ങൾ നിറഞ്ഞ ഈ സാഹിത്യ രൂപത്തിനു പുരാതന പേർഷ്യയുടെ കാലത്തോളമോ അതിലേറെയോ പഴക്കമുണ്ട്. അതുകൊണ്ട്, “ഈ [യഹൂദ അപ്പോക്കലിപ്റ്റിക്] സാഹിത്യത്തിൽ ഉൾപ്പെടുത്തപ്പെട്ട കാൽപ്പനിക ഘടകങ്ങൾ മിക്കവയും വ്യക്തമായ ബാബിലോണിയൻ സ്വഭാവ”മുള്ളവ ആണെന്ന് യഹൂദ വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
യഹൂദ അപ്പോക്കലിപ്റ്റിക് സാഹിത്യം പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ തഴച്ചു വളർന്നിരുന്നു. ഈ എഴുത്തുകളുടെ കാരണം വിശദീകരിച്ചുകൊണ്ട് ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ എഴുതി: “യഹൂദന്മാർ മുഴു കാലഘട്ടത്തെയും രണ്ടു യുഗങ്ങളായി വിഭജിച്ചു. പൂർണമായും ദുഷിച്ച . . . ഇപ്പോഴത്തെ യുഗം ആയിരുന്നു ഒന്ന്. . . . അതുകൊണ്ട് യഹൂദന്മാർ ഇപ്പോഴത്തെ ഈ കാര്യാദികൾ അവസാനിക്കുന്ന ഒരു സമയത്തിനായി കാത്തിരുന്നു. പൂർണമായും നല്ലതായിരിക്കേണ്ട, വരാനിരിക്കുന്ന യുഗം ആയിരുന്നു അടുത്തത്. സമാധാനവും സമ്പദ്സമൃദ്ധിയും നീതിയും കളിയാടുന്ന ദൈവത്തിന്റെ സുവർണയുഗം ആയിരുന്നു അത്. . . . ഇപ്പോഴത്തെ യുഗത്തിന്റെ സ്ഥാനത്ത് പുതിയ ഒരു യുഗം വരുമായിരുന്നത് എങ്ങനെ? മാനുഷ സംഘടനകൾക്ക് ഒരിക്കലും ആ മാറ്റം വരുത്താനാവില്ലെന്നു യഹൂദന്മാർ വിശ്വസിച്ചിരുന്നു. ആയതിനാൽ, അവർ ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലിനായി കാത്തിരുന്നു. . . . ദൈവത്തിന്റെ ആഗമന ദിനം കർത്തൃദിവസം എന്നു വിളിക്കപ്പെട്ടു. അതു പുതിയ യുഗത്തിന്റെ ഈറ്റുനോവായ ഭീതിയുടെയും നാശത്തിന്റെയും ന്യായവിധിയുടെയും ഒരു സമയം ആയിരിക്കണമായിരുന്നു. എല്ലാ അപ്പോക്കലിപ്റ്റിക് സാഹിത്യവും ഈ സംഭവങ്ങളെ കുറിച്ചു പറയുന്നു.”
അപ്പോക്കലിപ്സ് ഭീതി ന്യായീകരിക്കത്തക്കതോ?
“സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമഗെദോനെ (NW) കുറിച്ചു ബൈബിൾ പുസ്തകമായ വെളിപ്പാടു പറയുന്നു. അർമഗെദോനിൽ വെളിപ്പാടു 16:14, 16; 20:1-4) മധ്യയുഗങ്ങളിൽ ചിലർ ഈ പ്രവചനങ്ങൾ തെറ്റായിട്ടാണു മനസ്സിലാക്കിയത്. കാരണം, സഹസ്രാബ്ദം ക്രിസ്തുവിന്റെ ജനനസമയത്ത് ആരംഭിച്ചെന്നും സഹസ്രാബ്ദത്തെ തുടർന്ന് അന്തിമ ന്യായവിധി ഉണ്ടാകുമെന്നും കത്തോലിക്കാ “പുണ്യവാളൻ” ആയ അഗസ്റ്റിൻ (പൊ.യു. 354-430) പ്രസ്താവിച്ചിരുന്നു. പ്രത്യക്ഷത്തിൽ, അഗസ്റ്റിൻ സമയ ഘടകത്തിന് ഒട്ടുംതന്നെ ശ്രദ്ധ നൽകിയില്ല. എന്നാൽ 1000-ാമത്തെ വർഷം സമീപിച്ചപ്പോൾ ആശങ്ക വർധിച്ചു. ഈ മധ്യകാല അപ്പോക്കലിപ്സ് ഭീതി എത്രത്തോളം രൂക്ഷമായിരുന്നു എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായമില്ല. അത് എത്ര വ്യാപകമായിരുന്നെങ്കിലും, തീർച്ചയായും ന്യായീകരിക്കത്തക്കത് ആയിരുന്നില്ലെന്നു തെളിഞ്ഞു.
ദുഷ്ടന്മാർ നശിപ്പിക്കപ്പെടുകയും തുടർന്ന് ഒരു ആയിരം-വർഷ കാലഘട്ടത്തേക്ക് (സഹസ്രാബ്ദം എന്നും വിളിക്കപ്പെടുന്നു) സാത്താൻ അഗാധത്തിൽ അടയ്ക്കപ്പെടുകയും ക്രിസ്തു മനുഷ്യവർഗത്തെ ന്യായം വിധിക്കുകയും ചെയ്യുമെന്നും അതു പറയുന്നു. (സമാനമായി ഇന്ന്, 2000-ത്തിലോ 2001-ലോ ഭീതിദമായ ഒരു അപ്പോക്കലിപ്സ് ആഗതമാകുമെന്ന മതപരവും മതേതരവുമായ ഭയമുണ്ട്. എന്നാൽ അതിൽ എന്തെങ്കിലും കഴമ്പുണ്ടോ? ബൈബിൾ പുസ്തകമായ വെളിപ്പാടിൽ അഥവാ അപ്പോക്കലിപ്സിൽ അടങ്ങിയിരിക്കുന്ന സന്ദേശം ഭയപ്പെടേണ്ട ഒന്നാണോ അതോ നാം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ഒന്നാണോ? ദയവായി തുടർന്നു വായിക്കുക.
[4-ാം പേജിലെ ചിത്രം]
അപ്പോക്കലിപ്സിനെ കുറിച്ചു മധ്യകാലഘട്ടത്തിൽ ഉണ്ടായിരുന്ന ഭീതി ന്യായീകരിക്കത്തക്കത് ആയിരുന്നില്ലെന്നു തെളിഞ്ഞു
[കടപ്പാട]
© Cliché Bibliothèque Nationale de France, Paris
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Maya/Sipa Press