ക്രിസ്തുമസ്സ് പൗരസ്ത്യ ദേശങ്ങളിൽ
ക്രിസ്തുമസ്സ് പൗരസ്ത്യ ദേശങ്ങളിൽ
• ഏകദേശം ഇരുന്നൂറു വർഷം മുമ്പ് കൊറിയക്കാരനായ ഒരു പ്രമുഖ പണ്ഡിതൻ ചൈനയിലെ ബെയ്ജിംഗ് സന്ദർശിച്ചു. ഒരു കത്തീഡ്രലിന്റെ മച്ചിലെ ഒരു ഛായാചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കിയ അദ്ദേഹം കണ്ടത്, മറിയയുടെ മടിയിൽ ഉണ്ണിയേശുവിനെ ഇരുത്തിയിരിക്കുന്ന ഒരു രംഗമാണ്. ആശ്ചര്യജനകമായ ആ ഛായാചിത്രത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“രോഗബാധിതൻ എന്നു തോന്നിക്കുന്ന അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിയെ ഒരു സ്ത്രീ മടിയിൽ ഇരുത്തിയിരുന്നു. അവൾക്കു തല ഉയർത്തിപ്പിടിക്കാൻ ത്രാണി ഇല്ലാത്തതായി തോന്നിച്ചു. മകന്റെ ദയനീയാവസ്ഥ അവൾക്കു സഹിക്കാവതായിരുന്നില്ല. അവർ ഇരിക്കുന്നതിന്റെ വളരെ പിന്നിലായി അനേകം ആത്മാക്കളും ചിറകുള്ള കുട്ടികളും പറന്നു നടക്കുന്നുണ്ടായിരുന്നു. മുകളിൽ മച്ചിലിരിക്കുന്ന അവരെ സൂക്ഷിച്ചു നോക്കിയപ്പോൾ, ഏതു നിമിഷവും അവർ എന്റെമേൽ വീഴും എന്ന് എനിക്കു തോന്നിപ്പോയി. സംഭ്രാന്തനായ ഞാൻ അവരെ പിടിക്കാനായി കൈ നീട്ടി.”
യൂറോപ്പിലെ മതനവീകരണത്തിന്റെ തുടക്കത്തിനും മധ്യയുഗത്തിലെ ഇരുണ്ട കാലഘട്ടത്തിനും ദീർഘനാളുകൾക്കു ശേഷമാണ് ആ സംഭവം നടന്നത്. എങ്കിലും, പൗരസ്ത്യ ദേശത്തെ മിക്കവർക്കും ആ ഛായാചിത്രം പോലെ തന്നെ അപരിചിതമായിരുന്നു ക്രിസ്ത്യാനിത്വവും. എന്നാൽ, ഇന്ന് ആ സ്ഥിതിവിശേഷത്തിന് എത്രയോ മാറ്റം സംഭവിച്ചിരിക്കുന്നു! ഓരോ ക്രിസ്തുമസ്സ് കാലത്തും ഉണ്ണിയേശുവിനെ ചിത്രീകരിക്കുന്ന രംഗങ്ങൾ എവിടെയും കാണാനാകും. അത്തരം രംഗങ്ങൾ പൗരസ്ത്യ നാടുകളിൽ ഇപ്പോൾ ഒരു പുതുമയല്ല. ഇക്കാര്യത്തിൽ അവിടത്തെ തെരുവുകൾ ഇപ്പോൾ യൂറോപ്പിലെ തെരുവുകൾ പോലെതന്നെ തോന്നിക്കുന്നു.
1998-ലെ ക്രിസ്തുമസ്സിന് ഒരു മാസം മുമ്പ്, അതായത് നവംബർ 25-നു വൈകുന്നേരം, പാരീസിലെ പ്രസിദ്ധ തെരുവായ ഷാൻസേലിസേ ഇരു വശങ്ങളിലും നിരനിരയായുള്ള 300 മരങ്ങളിൽ തൂക്കിയിരിക്കുന്ന 1,00,000-ത്തിലധികം ബൾബുകളുടെ പ്രകാശത്താൽ പ്രഭാപൂരിതമായി. സമാനമായി, കൊറിയയിലെ വാണിജ്യകേന്ദ്രമായ സോളിലെ ഒരു തെരുവിൽ ഒരു പ്രമുഖ ഡിപ്പാർട്ടുമെന്റ് സ്റ്റോർ സ്ഥാപിച്ച കൂറ്റൻ ക്രിസ്തുമസ്സ് മരം ആ തലസ്ഥാന നഗരിയെ രാത്രി മുഴുവൻ പ്രകാശത്തിൽ കുളിപ്പിച്ചു. താമസിയാതെ, അവിടത്തെ തെരുവുകൾ ക്രിസ്തുമസ്സ് അലങ്കാരങ്ങൾ കൊണ്ടു നിറഞ്ഞു.
ടെലിവിഷനിലും റേഡിയോയിലും വർത്തമാനപത്രങ്ങളിലും ദിനമ്പ്രതി ക്രിസ്തുമസ്സ് പരിപാടികൾ സ്ഥാനംപിടിക്കുന്നു. ക്രിസ്തുമസ്സ് ആഘോഷം പൊടിപൊടിക്കെ തന്നെ രാജ്യത്തെ മുഴു ജനതയും വർഷാന്ത്യം കൊണ്ടാടുന്നതിലും വ്യാപൃതരാകുന്നു. സോളിലെ പള്ളികൾ—അവയുടെ എണ്ണം അനേകം സന്ദർശകരെ അതിശയിപ്പിക്കുന്നു—തിടുക്കത്തിൽ അലങ്കൃതമാകുന്നു. അങ്ങനെ, ഐക്യനാടുകൾ നവംബർ അവസാനം ഉപകാരസ്മരണാദിന ചടങ്ങുകളിൽ ഏർപ്പെട്ടിരിക്കുന്ന അതേ സമയം കൊറിയയിലും മറ്റു പൗരസ്ത്യ രാജ്യങ്ങളിലും ക്രിസ്തുമസ്സ് ജ്വരം പടർന്നുപിടിക്കുന്നു.
പൗരസ്ത്യ ദേശത്തെ മിക്ക രാജ്യങ്ങളും ക്രൈസ്തവ രാജ്യങ്ങളായി വീക്ഷിക്കപ്പെടുന്നില്ല. ഉദാഹരണത്തിന്, കൊറിയയിലെ ജനങ്ങളിൽ 26.3 ശതമാനം പേർ മാത്രമേ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരായുള്ളൂ. ഹോങ്കോംഗിൽ 7.9-ഉം തായ്വാനിൽ 7.4-ഉം ജപ്പാനിൽ വെറും 1.2-ഉം ശതമാനമേ ക്രൈസ്തവരായുള്ളൂ. പൗരസ്ത്യ ദേശങ്ങളിൽ മിക്കവരും ക്രിസ്ത്യാനിത്വം ആചരിക്കുന്നില്ലെങ്കിലും ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിനോട്
അവർക്കു വിരോധമൊന്നും ഇല്ലാത്തതായി കാണപ്പെടുന്നു. മിക്കപ്പോഴും പാശ്ചാത്യരെക്കാൾ ഇക്കാര്യത്തിൽ കൂടുതൽ താത്പര്യം പ്രകടമാക്കുന്നതു പൗരസ്ത്യരാണെന്നു പറയാം. ഉദാഹരണത്തിന്, ഹോങ്കോംഗിലെ നിവാസികളിൽ അധികവും ബുദ്ധമതക്കാരോ താവോമതക്കാരോ ആണെങ്കിലും, ഗംഭീരമായ ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് അവിടം പ്രസിദ്ധമാണ്. വെറും 0.1 ശതമാനം ക്രൈസ്തവർ ഉള്ളതായി പറയപ്പെടുന്ന ചൈനയിൽ പോലും ക്രിസ്തുമസ്സ് ദ്രുതഗതിയിൽ ജനപ്രീതിയാർജിച്ചു വരുകയാണ്.പൗരസ്ത്യ ദേശങ്ങളിൽ ആളുകൾ ഇത്ര വ്യാപകമായി ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിന്റെ കാരണം എന്താണ്? യേശുവിനെ മിശിഹായായി കരുതാത്തവർ, അവന്റെ ജന്മദിനമെന്നു ക്രൈസ്തവർ കരുതുന്ന ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിൽ പങ്കുചേരുന്നത് എന്തുകൊണ്ട്? സത്യ ക്രിസ്ത്യാനികൾ ക്രിസ്തുമസ്സിനെ കുറിച്ചുള്ള അവരുടെ വീക്ഷണം കൈക്കൊള്ളണമോ? പൗരസ്ത്യ ദേശത്തെ ഒരു പുരാതന രാജ്യമായ കൊറിയയിൽ ക്രിസ്തുമസ്സ് ജനപ്രീതിയാർജിച്ചവിധം പരിചിന്തിക്കവെ നമുക്ക് ആ ചോദ്യത്തിന് ഉത്തരം ലഭിക്കും.