വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗിലെയാദ്‌ ‘ഭൂമിയുടെ അറ്റത്തോളം’ മിഷനറിമാരെ അയയ്‌ക്കുന്നു

ഗിലെയാദ്‌ ‘ഭൂമിയുടെ അറ്റത്തോളം’ മിഷനറിമാരെ അയയ്‌ക്കുന്നു

ഗിലെ​യാദ്‌ ‘ഭൂമി​യു​ടെ അറ്റത്തോ​ളം’ മിഷന​റി​മാ​രെ അയയ്‌ക്കു​ന്നു

വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ അര നൂറ്റാ​ണ്ടി​ല​ധി​ക​മാ​യി മിഷന​റി​മാ​രെ അയച്ചു​വ​രു​ന്നു. 1999 സെപ്‌റ്റം​ബർ 11-ന്‌ ഗിലെ​യാ​ദി​ന്റെ 107-ാമത്തെ ക്ലാസ്സ്‌ ബിരുദം നേടി. 11 രാജ്യ​ങ്ങ​ളിൽ നിന്നുള്ള 48 വിദ്യാർഥി​കൾ ഈ ക്ലാസ്സിൽ ഉണ്ടായി​രു​ന്നു. അവർക്ക്‌ 24 രാജ്യ​ങ്ങ​ളി​ലേക്കു നിയമനം ലഭിച്ചു. സ്വർഗാ​രോ​ഹ​ണ​ത്തി​നു മുമ്പുള്ള യേശു​വി​ന്റെ അവസാന വാക്കുകൾ നിവർത്തി​ക്കു​ന്ന​തിൽ ശ്രദ്ധേ​യ​മായ പങ്കുവ​ഹി​ച്ചി​ട്ടുള്ള ആയിര​ക്ക​ണ​ക്കി​നു മിഷന​റി​മാ​രോട്‌ അവരും ചേരും. തന്റെ ശിഷ്യ​ന്മാർ, ‘ഭൂമി​യു​ടെ അറ്റത്തോ​ളം [തന്റെ] സാക്ഷികൾ ആകും’ എന്ന്‌ അവൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു.—പ്രവൃ​ത്തി​കൾ 1:8.

ന്യൂ​യോർക്കി​ലെ പാറ്റേ​ഴ്‌സ​ണി​ലുള്ള മനോ​ഹ​ര​മായ വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ലാ​യി​രു​ന്നു മഹത്തായ ആ ബിരു​ദ​ദാന ചടങ്ങു നടന്നത്‌. ബന്ധുക്ക​ളും ഉറ്റ സുഹൃ​ത്തു​ക്ക​ളും അതിഥി​ക​ളും ഹാജരാ​യി​രു​ന്നതു ബിരുദം നേടുന്ന വിദ്യാർഥി​കളെ അത്യധി​കം സന്തോ​ഷി​പ്പി​ച്ചു. ഓഡി​യോ, വീഡി​യോ സംവി​ധാ​ന​ങ്ങ​ളി​ലൂ​ടെ പരിപാ​ടി ആസ്വദിച്ച ബ്രുക്ലിൻ, വാൾക്കിൽ സമുച്ച​യ​ങ്ങ​ളിൽ ഉണ്ടായി​രു​ന്നവർ ഉൾപ്പെടെ മൊത്തം ഹാജർ 4,992 ആയിരു​ന്നു.

യഹോ​വ​യെ​യും അയൽക്കാ​ര​നെ​യും വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ക

ഭരണസം​ഘ​ത്തി​ലെ ഒരു അംഗവും ബിരു​ദ​ദാന ചടങ്ങിന്റെ അധ്യക്ഷ​നു​മാ​യി​രുന്ന ക്യാരി ബാർബർ നടത്തിയ പ്രാരംഭ പ്രസം​ഗ​ത്തി​ന്റെ വിഷയം, ‘യഹോ​വ​യു​ടെ പക്ഷത്ത്‌ ഉള്ളവൻ ആർ?’ എന്നതാ​യി​രു​ന്നു. മോ​ശെ​യു​ടെ കാലത്തെ ഇസ്രാ​യേ​ല്യർ അക്കാര്യ​ത്തിൽ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​യി​രു​ന്നു എന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു. യഹോ​വ​യു​ടെ പക്ഷത്തു വിശ്വ​സ്‌ത​ത​യോ​ടെ നില​കൊ​ള്ളാ​ഞ്ഞ​തി​ന്റെ ഫലമായി നിരവധി ഇസ്രാ​യേ​ല്യർക്കു മരുഭൂ​മി​യിൽ ജീവൻ നഷ്ടമായ കാര്യം ബിരുദം നേടുന്ന ക്ലാസ്സി​നെ​യും ഹാജരാ​യി​രുന്ന മറ്റുള്ള​വ​രെ​യും അദ്ദേഹം ഓർമി​പ്പി​ച്ചു. വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്ക്‌ ഇരകളായ അവർ “ഭക്ഷിപ്പാ​നും കുടി​പ്പാ​നും ഇരുന്നു കളിപ്പാൻ എഴു​ന്നേ​ററു.” (പുറപ്പാ​ടു 32:1-29) അതേ അപകടത്തെ കുറിച്ചു തന്നെ ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു മുന്നറി​യി​പ്പു നൽകി: “നിങ്ങളു​ടെ ഹൃദയം അതിഭ​ക്ഷ​ണ​ത്താ​ലും മദ്യപാ​ന​ത്താ​ലും ഉപജീ​വ​ന​ചി​ന്ത​ക​ളാ​ലും ഭാര​പ്പെ​ട്ടി​ട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണി​പോ​ലെ വരാതി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾവിൻ.”—ലൂക്കൊസ്‌ 21:34-36.

എഴുത്തു വിഭാ​ഗ​ത്തി​ലെ ജീൻ സ്‌മോ​ളി​യാണ്‌ അടുത്ത പ്രസംഗം നടത്തി​യത്‌. അദ്ദേഹം ബിരുദം നേടുന്ന വിദ്യാർഥി​ക​ളോട്‌ ഇങ്ങനെ ചോദി​ച്ചു: “നിങ്ങൾ ഒരു പാരെ​ഗോ​റിക്‌ (വേദനാ സംഹാരി) ആയിരി​ക്കു​മോ?” പാരെ​ഗോ​റിയ എന്ന ഗ്രീക്ക്‌ പദം അസ്വാ​സ്ഥ്യം ലഘൂക​രി​ക്കുന്ന ഒരു മരുന്നി​ന്റെ പേരായി ഇംഗ്ലീ​ഷിൽ ഉപയോ​ഗി​ച്ചു വരുന്നു എന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു. എന്നിരു​ന്നാ​ലും, പൗലൊസ്‌ അപ്പൊ​സ്‌തലൻ കൊ​ലൊ​സ്സ്യർ 4:11-ൽ തന്റെ സഹപ്ര​വർത്ത​കരെ വർണി​ക്കാൻ അർഥപൂർണ​മായ ഈ ഗ്രീക്ക്‌ പദം ഉപയോ​ഗി​ച്ചു. പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഈ പദം ‘കരു​ത്തേ​കുന്ന ഒരു സഹായി’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

തങ്ങളുടെ നിയമ​നങ്ങൾ കൈകാ​ര്യം ചെയ്യുന്ന കാര്യ​ത്തിൽ താഴ്‌മ​യോ​ടെ പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങൾക്കു കരു​ത്തേ​കുന്ന ഒരു സഹായി ആയിരു​ന്നു​കൊ​ണ്ടും സഹ മിഷന​റി​മാ​രോ​ടു സഹകര​ണ​വും സ്‌നേ​ഹ​വും പ്രകട​മാ​ക്കി​ക്കൊ​ണ്ടും ബിരുദം നേടുന്ന മിഷന​റി​മാർക്കു പ്രാ​യോ​ഗി​ക​മായ വിധത്തിൽ ആധുനി​ക​കാല വേദനാ സംഹാ​രി​കൾ ആയിരി​ക്കാ​നാ​കും.

“ജീവി​തത്തെ നയിക്കേണ്ട സുവർണ നിയമം” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി ഉള്ളതാ​യി​രു​ന്നു അടുത്ത പ്രസംഗം. ഭരണസം​ഘാം​ഗ​മായ ഡാനി​യേൽ സിഡ്‌ലിക്‌ ആണ്‌ ആ പ്രസംഗം നിർവ​ഹി​ച്ചത്‌. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ” എന്ന, മത്തായി 7:12-ൽ യേശു നൽകിയ ഉന്നത തത്ത്വത്തിൽ മറ്റുള്ള​വരെ ദ്രോ​ഹി​ക്കാ​തി​രി​ക്കു​ന്നതു മാത്രമല്ല അവർക്കു​വേണ്ടി ക്രിയാ​ത്മ​ക​മായ കാര്യങ്ങൾ ചെയ്യു​ന്ന​തും ഉൾപ്പെ​ടു​ന്നു എന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു.

അതു വിജയ​പ്ര​ദ​മാ​യി ചെയ്യു​ന്ന​തി​നു മൂന്നു സംഗതി​കൾ അനിവാ​ര്യ​മാണ്‌: കാണുന്ന കണ്ണ്‌, അനുക​മ്പ​യുള്ള ഹൃദയം, സഹായി​ക്കുന്ന കരങ്ങൾ. തന്റെ പ്രസംഗം സംഗ്ര​ഹി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ആർക്കെ​ങ്കി​ലും സഹായം ചെയ്യണം എന്നു തോന്നുന്ന ഉടനെ അതു ചെയ്യണം. മറ്റുള്ളവർ നമുക്കു ചെയ്‌തു​ത​രാൻ നാം ആഗ്രഹി​ക്കുന്ന കാര്യങ്ങൾ അത്യധി​കം ശ്രമം ചെലു​ത്തി​യാ​ണെ​ങ്കിൽ പോലും നാം അവർക്കു ചെയ്‌തു​കൊ​ടു​ക്കണം.” സത്യ​ക്രി​സ്‌ത്യാ​നി​ത്വം പിൻപ​റ്റാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നാ​യി മറ്റു ദേശങ്ങ​ളി​ലേക്കു പോകുന്ന മിഷന​റി​മാ​രു​ടെ കാര്യ​ത്തിൽ ഇതു വിശേ​ഷാൽ സത്യമാ​യി​രി​ക്കണം.

അധ്യാ​പകർ ഊഷ്‌മ​ള​മായ ഓർമി​പ്പി​ക്ക​ലു​കൾ നൽകുന്നു

ഗിലെ​യാദ്‌ അധ്യാ​പ​ക​നായ കാൾ ആഡംസ്‌ മിഷനി​മാ​രെ “വളർന്നു​കൊ​ണ്ടേ​യി​രി​ക്കു”ന്നതിനു പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഏതെല്ലാം വശങ്ങളിൽ? ഒന്നാമ​താ​യി, അറിവി​ലും അതു ശരിയാം​വണ്ണം ഉപയോ​ഗി​ക്കാ​നുള്ള കഴിവി​ലും. ബൈബിൾ വിവര​ണ​ങ്ങ​ളു​ടെ പശ്ചാത്ത​ല​വും സന്ദർഭ​വും മനസ്സി​ലാ​ക്കു​ന്ന​തി​നു ഗവേഷണം നടത്തേണ്ട വിധം ഗിലെ​യാദ്‌ സ്‌കൂ​ളിൽവെച്ചു വിദ്യാർഥി​കൾ മനസ്സി​ലാ​ക്കി. ഓരോ വൃത്താ​ന്ത​വും തങ്ങളുടെ ജീവി​തത്തെ എങ്ങനെ ബാധി​ക്ക​ണ​മെന്നു പരിചി​ന്തി​ക്കാൻ അവർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു. തുടർന്നും അതു ചെയ്യാൻ അവർ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെട്ടു.

“രണ്ടാമ​താ​യി, സ്‌നേ​ഹ​ത്തിൽ വളർന്നു​കൊ​ണ്ടേ​യി​രി​ക്കുക. പരി​പോ​ഷി​പ്പി​ക്കു​ന്നത്‌ അനുസ​രിച്ച്‌ സ്‌നേഹം വളരുന്നു. അവഗണി​ക്ക​പ്പെ​ടു​ന്ന​പക്ഷം, അത്‌ മൃതമാ​കു​ന്നു,” ആഡംസ്‌ സഹോ​ദരൻ പറഞ്ഞു. (ഫിലി​പ്പി​യർ 1:9) മിഷന​റി​മാർ എന്ന നിലയിൽ അവർ ഇപ്പോൾ വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളി​ന്മ​ധ്യേ സ്‌നേ​ഹ​ത്തിൽ വളരേ​ണ്ട​തുണ്ട്‌. മൂന്നാ​മ​താ​യി, “നമ്മുടെ കർത്താ​വും രക്‌ഷ​ക​നു​മായ യേശു​ക്രി​സ്‌തു​വി​ന്റെ കൃപയി​ലും [“അനർഹ​ദ​യ​യി​ലും,” NW] അവനെ​ക്കു​റി​ച്ചുള്ള അറിവി​ലും . . . വളര”ണം. (2 പത്രൊസ്‌ 3:18, പി.ഒ.സി. ബൈബിൾ) “തന്റെ പുത്ര​നി​ലൂ​ടെ യഹോവ പ്രകടി​പ്പി​ച്ചി​രി​ക്കുന്ന ദയയുടെ ഉത്‌കൃഷ്ട രൂപമാണ്‌ ഇത്‌,” പ്രസം​ഗകൻ പറഞ്ഞു. “ആ അനർഹ ദയയോ​ടുള്ള വിലമ​തി​പ്പിൽ നാം വളരു​മ്പോൾ, ദൈ​വേഷ്ടം ചെയ്യു​ന്ന​തി​ലും ദൈവം നമ്മെ ഏൽപ്പി​ച്ചി​രി​ക്കുന്ന വേല നിർവ​ഹി​ക്കു​ന്ന​തി​ലും നമ്മുടെ സന്തോഷം വർധി​ക്കു​ന്നു.”

മറ്റൊരു ഗിലെ​യാദ്‌ അധ്യാ​പ​ക​നായ മാർക്ക്‌ നൂമാർ “സ്‌നേ​ഹ​ത്തോ​ടെ സ്വീക​രി​ക്കുക, അപ്പോൾ നിങ്ങൾക്ക്‌ അതിനു കഴിയും” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി പ്രസം​ഗി​ച്ചു. അദ്ദേഹം ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “മിഷനറി ജീവി​ത​ത്തി​ലെ വെല്ലു​വി​ളി ഉയർത്തുന്ന സാഹച​ര്യ​ങ്ങളെ സ്‌നേ​ഹ​ത്തോ​ടെ നേരി​ടാൻ പഠിക്കുക, അപ്പോൾ നിങ്ങൾക്ക്‌ അതിനു കഴിയും. താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കു മാത്രമേ യഹോവ ശിക്ഷണം നൽകു​ന്നു​ള്ളൂ. ചില ബുദ്ധി​യു​പ​ദേ​ശങ്ങൾ അത്രതന്നെ കഴമ്പി​ല്ലാ​ത്ത​തും അലോ​സ​ര​പ്പെ​ടു​ത്തു​ന്ന​തും ന്യായ​ര​ഹി​ത​വും ആണെന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കി​ലും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും അവനു​മാ​യുള്ള ബന്ധവും അതു സ്വീക​രി​ക്കാൻ നിങ്ങളെ സഹായി​ക്കും.”

മിഷനറി സേവന​ത്തിൽ പല ഉത്തരവാ​ദി​ത്വ​ങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നൂമാർ സഹോ​ദരൻ ചൂണ്ടി​ക്കാ​ട്ടി. “എന്നാൽ, സ്‌നേ​ഹ​ത്തോ​ടെ അല്ലാ​തെ​യുള്ള കടമ നിർവ​ഹണം നിങ്ങളെ അതൃപ്‌ത​രാ​ക്കും. ഭക്ഷണം പാകം ചെയ്യൽ, സാധനങ്ങൾ വാങ്ങൽ, പഴങ്ങൾ കഴുകൽ, വെള്ളം തിളപ്പി​ക്കൽ എന്നിങ്ങ​നെ​യുള്ള മിഷനറി ഭവനത്തി​ലെ ജോലി​കൾ സ്‌നേഹം കൂടാ​തെ​യാണ്‌ ചെയ്യു​ന്ന​തെ​ങ്കിൽ അത്‌ ഒരു ഭാരമാ​യി​ത്തീർന്നേ​ക്കാം. സ്വയം ഇങ്ങനെ ചോദി​ക്കുക, ‘ഞാൻ ഇതു ചെയ്യു​ന്നത്‌ എന്തിനാണ്‌?’ അതിന്‌ ഉത്തരമാ​യി, ‘എന്റെ ശ്രമങ്ങൾ സഹമി​ഷ​ന​റി​മാ​രു​ടെ ആരോ​ഗ്യ​ത്തി​നും സന്തുഷ്ടി​ക്കും സംഭാവന ചെയ്യുന്നു’ എന്നു സ്വയം പറയാ​നാ​കു​മെ​ങ്കിൽ അത്തരം ജോലി​കൾ നിങ്ങൾക്ക്‌ എളുപ്പ​മാ​കും.” രത്‌ന​ച്ചു​രു​ക്കം എന്ന നിലയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ശിക്ഷണം സ്വീക​രി​ക്കു​ന്ന​തോ മിഷന​റി​വേ​ല​യോ​ടു ബന്ധപ്പെട്ട കടമകൾ നിർവ​ഹി​ക്കു​ന്ന​തോ തെറ്റി​ദ്ധാ​ര​ണകൾ കൈകാ​ര്യം ചെയ്യു​ന്ന​തോ ഒക്കെ സ്‌നേ​ഹ​പു​ര​സ്സ​ര​മാ​ണെ​ങ്കിൽ നിയമ​ന​ത്തിൽ തുടരാൻ അതു നിങ്ങളെ സഹായി​ക്കും. ‘സ്‌നേഹം ഒരുനാ​ളും ഉതിർന്നു​പോ​ക​യില്ല.’”—1 കൊരി​ന്ത്യർ 13:8.

അടുത്ത​താ​യി, സഭക​ളോ​ടൊ​പ്പം പ്രവർത്തി​ക്കവെ തങ്ങൾ ആസ്വദിച്ച ആനന്ദ​പ്ര​ദ​മായ അനുഭ​വങ്ങൾ ഗിലെ​യാദ്‌ അധ്യാ​പ​ക​നായ വാലസ്‌ ലിവറൻസി​ന്റെ അധ്യക്ഷ​ത​യിൽ വിദ്യാർഥി​കൾ പ്രകടി​പ്പി​ച്ചു കാണിച്ചു. തങ്ങളുടെ മിഷനറി പരിശീ​ല​ന​ത്തിന്‌ അനുസൃ​ത​മാ​യി അവർ വീടു​തോ​റും പോകു​ന്ന​തി​നു പുറമേ ട്രക്കുകൾ നിറു​ത്തി​യി​ട്ടി​രി​ക്കു​ന്നി​ട​ങ്ങ​ളി​ലും അലക്കു​ശാ​ല​ക​ളി​ലും റെയിൽവേ സ്റ്റേഷനു​ക​ളി​ലും മറ്റിട​ങ്ങ​ളി​ലു​മൊ​ക്കെ പ്രസം​ഗി​ച്ചു.

അനുഭ​വ​സ​മ്പ​ത്തുള്ള മിഷന​റി​മാർ ധൈര്യം പകരുന്നു

വിദേശ രാജ്യ​ങ്ങ​ളി​ലേക്കു നിയമനം ലഭിക്കു​മ്പോൾ പുതിയ മിഷന​റി​മാർ അതേക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണ​മോ? വിദേശ നിയമ​ന​ത്തി​ന്റെ വെല്ലു​വി​ളി​കളെ അവർക്കു നേരി​ടാ​നാ​കു​മോ? തങ്ങളുടെ സേവന​ത്തിൽ വിജയ​പ്ര​ദ​രാ​കാൻ പുതു​താ​യി എത്തുന്ന മിഷന​റി​മാ​രെ സഹായി​ക്കു​ന്ന​തി​നു ബ്രാഞ്ച്‌ ഓഫീ​സു​കൾ എന്താണ്‌ ചെയ്യു​ന്നത്‌? ഈ ചോദ്യ​ങ്ങൾക്കും വേറെ ചില ചോദ്യ​ങ്ങൾക്കും ഉത്തരം ലഭിക്കു​ന്ന​തിന്‌ സേവന വിഭാ​ഗ​ത്തി​ലെ സ്റ്റീവൻ ലെട്ടും എഴുത്തു വിഭാ​ഗ​ത്തി​ലെ ഡേവിഡ്‌ സ്‌പ്ലേ​നും, വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ലെ ബ്രാഞ്ച്‌ സ്‌കൂ​ളിൽ പങ്കെടു​ത്തു​കൊ​ണ്ടി​രു​ന്ന​വ​രു​മാ​യി അഭിമു​ഖം നടത്തി. അവർ സ്‌പെ​യിൻ, ഹോ​ങ്കോംഗ്‌, ലൈബീ​രിയ, ബെനിൻ, മഡഗാ​സ്‌കർ, ബ്രസീൽ, ജപ്പാൻ എന്നിവി​ട​ങ്ങ​ളി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​ക​ളിൽ സേവി​ക്കു​ന്ന​രാ​യി​രു​ന്നു.

അനുഭ​വ​സ​മ്പ​ത്തു​ള്ള ഈ യഹോ​വ​യു​ടെ ദാസന്മാർ—അവരിൽ പലരും ദശകങ്ങ​ളോ​ളം മിഷന​റി​മാർ ആയി സേവി​ച്ചി​ട്ടു​ള്ള​വ​രാണ്‌—ബിരുദം നേടുന്ന വിദ്യാർഥി​കൾക്കും അവിടെ ഉണ്ടായി​രുന്ന അവരുടെ ബന്ധുമി​ത്രാ​ദി​കൾക്കും ധൈര്യം പകർന്നു. തങ്ങളു​ടെ​യും സഹമി​ഷ​ന​റി​മാ​രു​ടെ​യും വ്യക്തി​പ​ര​മായ അനുഭ​വത്തെ അധിക​രിച്ച്‌ പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും വിജയ​പ്ര​ദ​മാ​യി കൈകാ​ര്യം ചെയ്യാ​മെന്ന്‌ അവർ വ്യക്തമാ​ക്കി. അവർ നേരി​ടുന്ന പ്രശ്‌നം വലുതാ​യി​രു​ന്നാൽ പോലും “അതു പരിഹ​രി​ക്കാൻ സാധി​ക്കും, സൊ​സൈറ്റി അതിനു നമ്മെ സഹായി​ക്കു​ന്നു,” മഡഗാ​സ്‌ക​റിൽ മിഷന​റി​യാ​യി സേവി​ക്കുന്ന റൈമോ ക്വോ​ക്കാ​നെൻ പറഞ്ഞു. “ആ നിയമനം ഞങ്ങൾ തിര​ഞ്ഞെ​ടു​ത്തതല്ല, ഞങ്ങൾക്കു ലഭിച്ച​താണ്‌. അതു​കൊണ്ട്‌, അതിൽ തുടരു​ന്ന​തി​നു കഴിവി​ന്റെ പരമാ​വധി ചെയ്യാൻ ഞങ്ങൾ തീരു​മാ​നി​ച്ചു,” ഇപ്പോൾ ബ്രസീ​ലിൽ സേവി​ക്കുന്ന ഓസ്റ്റൻ ഗുസ്റ്റാ​വ്‌സൻ പറഞ്ഞു. “അപ്പോൾത്തന്നെ മിഷന​റി​മാ​രാ​യി സേവി​ച്ചു​കൊ​ണ്ടി​രുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ സാന്നി​ധ്യ​മാണ്‌” തന്നെ സഹായി​ച്ചത്‌ എന്ന്‌ ഇപ്പോൾ ജപ്പാനിൽ സേവി​ക്കുന്ന ജെയിംസ്‌ ലിന്റൺ പറഞ്ഞു. യഹോ​വയെ സേവി​ക്കു​ന്ന​തി​നും അവന്റെ ആടുകളെ പരിപാ​ലി​ക്കു​ന്ന​തി​നും ഉള്ള സന്തോ​ഷ​പ്ര​ദ​വും സംതൃ​പ്‌തി​ദാ​യ​ക​വു​മായ ഒരു വിധമാണ്‌ മിഷനറി സേവനം.

ആത്മീയ​തയെ നശിപ്പി​ക്കുന്ന പകർച്ച​വ്യാ​ധി ഒഴിവാ​ക്കൽ

ഭരണസം​ഘ​ത്തി​ലെ ഒരു അംഗമായ, ഏഴാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽ നിന്ന്‌ 1946-ൽ ബിരുദം നേടിയ തിയോ​ഡർ ജാരറ്റ്‌സ്‌, “ആത്മീയ​മാ​യി ജീവി​ച്ചി​രി​ക്കു​ന്ന​തിൽ തുടരു​ന്ന​തി​ലെ വെല്ലു​വി​ളി” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി സമാപന പ്രസംഗം നടത്തി. ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും നടക്കുന്ന കൊടും​ക്രൂ​ര​ത​കളെ കുറിച്ചു പരാമർശി​ച്ചു​കൊണ്ട്‌, മനുഷ്യ​വർഗം വാസ്‌ത​വ​ത്തിൽ അതിദാ​രു​ണ​മായ ദുരന്തങ്ങൾ അനുഭ​വി​ക്കു​ക​യാ​ണെന്ന്‌ അദ്ദേഹം ചൂണ്ടി​ക്കാ​ട്ടി.

91-ാം സങ്കീർത്തനം പരാമർശി​ച്ചു​കൊണ്ട്‌, നമുക്കു ചുറ്റു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ ആത്മീയ​മാ​യി രോഗ​ഗ്ര​സ്‌ത​രാ​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌തി​രി​ക്കുന്ന “മഹാമാ​രി”യും “വിനാശ”വും ഏവയെന്നു ജാരറ്റ്‌സ്‌ സഹോ​ദരൻ തിരി​ച്ച​റി​യി​ച്ചു. ആത്മീയ​തയെ ദുർബ​ല​മാ​ക്കാ​നും നശിപ്പി​ക്കാ​നു​മാ​യി പിശാ​ചും അവന്റെ ദുഷ്ട വ്യവസ്ഥി​തി​യും യുക്തി​വാ​ദ​ത്തി​ലും ഭൗതി​ക​ത്വ​ത്തി​ലും അധിഷ്‌ഠി​ത​മായ, മഹാമാ​രി​ക്കു സമാന​മായ നുണ​പ്ര​ചാ​ര​ണങ്ങൾ ഉപയോ​ഗി​ക്കു​ന്നു. എങ്കിലും, അത്തരം പകർച്ച​വ്യാ​ധി​കൾ “അത്യു​ന്ന​തന്റെ സംരക്‌ഷ​ണ​ത്തിൽ വസിക്കു​ന്നവ”ന്റെ അടുത്തു​പോ​ലും എത്തുക​യി​ല്ലെന്ന്‌ യഹോവ നമുക്ക്‌ ഉറപ്പേ​കു​ന്നു.—സങ്കീർത്തനം 91:1-7, പി.ഒ.സി. ബൈ.

“വിശ്വാ​സ​ത്തിൽ ആരോ​ഗ്യ​മു​ള്ള​വ​രാ​യി നില​കൊ​ള്ളു​ക​യും സുരക്ഷാ സ്ഥാനത്തു തുടരു​ക​യും ചെയ്യുക എന്നതാണ്‌ നമ്മുടെ മുന്നി​ലുള്ള വെല്ലു​വി​ളി,” ജാരറ്റ്‌സ്‌ സഹോ​ദരൻ പറഞ്ഞു. “‘ആത്മീയത ഇല്ലാത്ത’ പരിഹാ​സി​കളെ പോലെ ആയിരി​ക്കാൻ നമുക്കാ​വില്ല. ആത്മീയ​ത​യി​ല്ലായ്‌മ ഇപ്പോൾ ഒരു പ്രശ്‌നം ആയിരി​ക്കു​ക​യാണ്‌. സംഘട​ന​യിൽ ഉള്ള നാം ഓരോ​രു​ത്ത​രും അതിനെ അഭിമു​ഖീ​ക​രി​ക്കു​ന്നു. നിങ്ങളു​ടെ മിഷനറി നിയമ​ന​ത്തി​ലും നിങ്ങൾ അതിനെ അഭിമു​ഖീ​ക​രി​ച്ചേ​ക്കാം.” (യൂദാ 18, 19, NW) നിയമ​ന​ങ്ങ​ളിൽ ആത്മീയത നിലനിർത്തു​ന്ന​തിൽ വിജയി​ക്കാ​നാ​കും എന്ന്‌ ബിരുദം നേടിയ മിഷന​റി​മാ​രോട്‌ അദ്ദേഹം പറഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, നിരോ​ധനം, കൊടിയ എതിർപ്പ്‌, പരിഹാ​സം, നിരീ​ശ്വ​ര​വാദ പ്രചാ​രണം, വ്യാജാ​രോ​പ​ണങ്ങൾ എന്നിവ​യ്‌ക്കു മധ്യേ റഷ്യയി​ലും ഏഷ്യയി​ലും ആഫ്രിക്കൻ ദേശങ്ങ​ളി​ലും നമ്മുടെ സഹോ​ദ​രങ്ങൾ എങ്ങനെ സഹിച്ചു നിൽക്കു​ന്നു എന്നു പരിചി​ന്തി​ക്കാൻ അദ്ദേഹം അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതിനു പുറമേ മിക്ക​പ്പോ​ഴും, വംശീയ പോരാ​ട്ട​ങ്ങ​ളും അടിസ്ഥാന വസ്‌തു​ക്ക​ളു​ടെ അഭാവ​വും നിമിത്തം ശാരീ​രിക പ്രശ്‌ന​ങ്ങ​ളും ഉണ്ടാകു​ന്നു.

ആത്മീയത ദുർബ​ല​മാ​യി​ത്തീ​രു​മ്പോൾ, “പ്രശ്‌നം എന്താ​ണെന്നു കണ്ടുപി​ടിച്ച്‌ ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം ഉപയോ​ഗിച്ച്‌ അതു പരിഹ​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌.” അതിന്‌ അദ്ദേഹം ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ നൽകി. തന്റെ പക്കലുള്ള ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രതി ദിവസ​വും വായി​ക്കാൻ യോശു​വ​യ്‌ക്കു പ്രോ​ത്സാ​ഹനം ലഭിച്ചു. (യോശുവ 1:8) യോശീ​യാ​വി​ന്റെ കാലത്തു നിയമ​പു​സ്‌തകം കണ്ടുകി​ട്ടി​യ​പ്പോൾ അതിലെ നിർദേ​ശങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ ബാധക​മാ​ക്കി​യത്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തിൽ കലാശി​ച്ചു. (2 രാജാ​ക്ക​ന്മാർ 23:2, 3) ശൈശവം മുതൽ തിമൊ​ഥെ​യൊസ്‌ വിശുദ്ധ ലിഖി​തങ്ങൾ അറിഞ്ഞി​രു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:14, 15, NW) ബെരോ​വ​ക്കാർ നല്ല കേൾവി​ക്കാർ ആയിരു​ന്നു​വെന്നു മാത്രമല്ല തിരു​വെ​ഴു​ത്തു​കൾ അനുദി​നം പരി​ശോ​ധി​ക്കു​ന്ന​വ​രും ആയിരു​ന്ന​തി​നാൽ “ഉത്തമന്മാ​രാ​യി” കണക്കാ​ക്ക​പ്പെട്ടു. (പ്രവൃ​ത്തി​കൾ 17:10, 11) ദൈവ​വ​ചനം അറിയു​ക​യും ഉപയോ​ഗി​ക്കു​ക​യും ചെയ്‌തി​രു​ന്ന​തി​ന്റെ ഉത്തമ ദൃഷ്ടാ​ന്ത​മാണ്‌ യേശു​ക്രി​സ്‌തു.—മത്തായി 4:1-11.

തന്റെ പ്രസംഗം ഉപസം​ഹ​രി​ച്ചു​കൊണ്ട്‌ ജാരറ്റ്‌സ്‌ സഹോ​ദരൻ പുതിയ മിഷന​റി​മാ​രെ ഊഷ്‌മ​ള​മാ​യി ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ഇപ്പോൾ നിങ്ങൾ മിഷനറി നിയമ​ന​ത്തിൽ ഏർപ്പെ​ടാൻ സജ്ജരാണ്‌. നിങ്ങൾ വിദേ​ശ​ത്തേക്ക്‌, അക്ഷരാർഥ​ത്തിൽ ഭൂമി​യു​ടെ വ്യത്യസ്‌ത ഭാഗങ്ങ​ളി​ലേക്ക്‌, പോകാ​നി​രി​ക്കു​ക​യാണ്‌. ആത്മീയ ജീവന്‌ എതിരായ വെല്ലു​വി​ളി​യെ നാം തരണം ചെയ്യു​ന്ന​പക്ഷം, ചെയ്യാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ നിന്നു നമ്മെ വ്യതി​ച​ലി​പ്പി​ക്കാൻ നാം ഒന്നി​നെ​യും അനുവ​ദി​ക്കു​ക​യില്ല. നിങ്ങൾ തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗി​ക്കാ​നും നിങ്ങളു​ടെ വിശ്വാ​സം അനുക​രി​ക്കു​ന്ന​തി​നു മറ്റുള്ള​വരെ പ്രചോ​ദി​പ്പി​ക്കാ​നും പോകു​ക​യാണ്‌. യഹോവ നമ്മെ ജീവനി​ലേക്കു വരുത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങൾ പഠിപ്പി​ക്കു​ന്ന​വ​രെ​യും അവൻ ജീവനി​ലേക്കു വരു​ത്തേ​ണ്ട​തി​നു ഞങ്ങൾ നിങ്ങ​ളോ​ടൊ​പ്പം പ്രാർഥി​ക്കു​ന്ന​താണ്‌. അങ്ങനെ, ലോക​വ്യാ​പ​ക​മാ​യി തേർവാഴ്‌ച നടത്തുന്ന ആത്മീയ ദുരന്ത​ത്തിൽ നിന്ന്‌ ഇനിയും ഒട്ടനവധി പേർ രക്ഷപ്പെ​ടും. ആ വലിയ ഗണവും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തിൽ നമ്മോടു ചേരും. അതിനാ​യി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കട്ടെ.”

അധ്യക്ഷൻ ലോക​മെ​മ്പാ​ടു​മുള്ള വ്യത്യസ്‌ത രാജ്യ​ങ്ങ​ളിൽ നിന്നുള്ള ആശംസകൾ വായിച്ചു, തുടർന്ന്‌ ബിരുദം നേടുന്ന വിദ്യാർഥി​കൾക്കു ഡിപ്ലോമ നൽകാ​നുള്ള സമയമാ​യി. അതേത്തു​ടർന്ന്‌, വിദ്യാർഥി​കൾ എഴുതിയ, ഊഷ്‌മ​ള​മായ വിലമ​തിപ്പ്‌ തുളു​മ്പുന്ന ഒരു കത്തു വായിച്ചു. തങ്ങൾക്കു ലഭിച്ച സവിശേഷ പരിശീ​ല​ന​ത്തെ​യും ‘ഭൂമി​യു​ടെ അറ്റത്തോ​ളം’ മിഷന​റി​മാ​രാ​യി പോകാ​നുള്ള നിയമ​ന​ങ്ങ​ളെ​യും പ്രതി അവർ യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും എത്ര നന്ദിയു​ള്ളവർ ആയിരു​ന്നു!—പ്രവൃ​ത്തി​കൾ 1:8.

[29-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതി​വി​വര കണക്ക്‌

പ്രതിനിധീകരിച്ച രാജ്യ​ങ്ങ​ളു​ടെ എണ്ണം: 11

നിയമിക്കപ്പെട്ട രാജ്യ​ങ്ങ​ളു​ടെ എണ്ണം: 24

വിദ്യാർഥികളുടെ എണ്ണം: 48

ദമ്പതികളുടെ എണ്ണം: 24

ശരാശരി വയസ്സ്‌: 34

സത്യത്തിലായിരുന്ന ശരാശരി വർഷം: 17

മുഴുസമയ ശുശ്രൂ​ഷ​യി​ലാ​യി​രുന്ന ശരാശരി വർഷം: 12

[26-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളിൽ നിന്നു ബിരുദം നേടുന്ന 107-ാമത്തെ ക്ലാസ്സ്‌

ചുവടെ ചേർത്തി​രി​ക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനി​ന്നു പിമ്പി​ലേക്ക്‌ എണ്ണുന്നു. പേരുകൾ ഓരോ നിരയി​ലും ഇടത്തു​നി​ന്നു വലത്തോ​ട്ടു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

1. പേരാൽറ്റാ, സി.; ഹോ​ലെൻബെക്‌, ബി.; ഷോ, ആർ.; ഹസാൻ, എൻ.; മാർട്ടിൻ, ഡി.; ഹച്ചിൻസൺ, എ. 2. എഡ്‌വാർഡ്‌സ്‌, എൽ.; വിസെർ, റ്റി.; സെറൂട്ടി, ക്യൂ.; എന്റ്‌സ്‌മി​നെൻ, ജി.; ഡാലോ​യിസ്‌, എൽ.; ബാലി​യെറി, എൽ. 3. നൈറ്റ്‌, പി.; ക്രാവുസ, എ.; കസസ്‌കി, ഡി.; റോസ്‌, എം.; ഫ്രിഡെൽ, കെ.; നൈ​യെ​റ്റോ, ആർ. 4. റോസ്‌, ഇ.; ബാക്കസ്‌, റ്റി.; റ്റാലി, എസ്‌.; യോൻബെർ, ഡി.; ബെർൺഹാർട്ട്‌, എ.; പേരാൽറ്റാ, എം. 5. ഡാലോ​യിസ്‌, എ.; യോൻബെർ, ഡി.; ഡൺ, എച്ച്‌.; ഗാറ്റ്‌ലിങ്‌, ജി.; ഷോ, ജെ.; സെറൂട്ടി, എം. 6. ബാലി​യെറി, എസ്‌.; ക്രാവുസ, ജെ.; ഹോ​ലെൻബെക്‌, റ്റി.; മാർട്ടിൻ, എം.; ബെർൺഹാർട്ട്‌, ജെ.; ഹച്ചിൻസൺ, എം. 7. ബാക്കസ്‌, എ.; ഡൺ, ഒ.; ഗാറ്റ്‌ലിങ്‌, റ്റി.; വിസെർ, ബി.; നൈറ്റ്‌, പി.; ഹസാൻ, ഓ. 8. നൈ​യെ​റ്റോ, സി.; റ്റാലി, എം.; ഫ്രിഡെൽ, ഡി.; കസസ്‌കി, എ.; എഡ്‌വാർഡ്‌സ്‌ ജെ.; എന്റ്‌സ്‌മി​നെൻ, എം.