“കുറഞ്ഞവൻ ആയിര”മായി തീർന്നിരിക്കുന്നു
“കുറഞ്ഞവൻ ആയിര”മായി തീർന്നിരിക്കുന്നു
“കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും.”—യെശയ്യാവു 60:22.
1, 2. (എ) ഇന്ന് അന്ധകാരം ഭൂമിയെ മൂടുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ വെളിച്ചം അവന്റെ ജനത്തിന്മേൽ ക്രമാനുഗതമായി പ്രകാശിച്ചിരിക്കുന്നത് എങ്ങനെ?
“അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” (യെശയ്യാവു 60:2) ഈ വാക്കുകൾ 1919 മുതലുള്ള ഭൂമിയിലെ സ്ഥിതിവിശേഷത്തെ നന്നായി വിവരിക്കുന്നു. “ലോകത്തിന്റെ വെളിച്ച”മായ യേശുക്രിസ്‌തുവിന്റെ രാജകീയ സാന്നിധ്യത്തിന്റെ അടയാളം ക്രൈസ്‌തവലോകം തള്ളിക്കളഞ്ഞിരിക്കുന്നു. (യോഹന്നാൻ 8:12; മത്തായി 24:3) ‘അന്ധകാരത്തിന്റെ ലോകാധിപതികളുടെ’ മുഖ്യനായ സാത്താന്റെ ‘മഹാക്രോധം’ ഹേതുവായി 20-ാം നൂറ്റാണ്ട് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരവും നശീകരണാത്മകവുമായ നൂറ്റാണ്ട് ആയിത്തീർന്നു. (എഫെസ്യർ 6:12; വെളിപ്പാടു 12:12) മിക്കവരും ആത്മീയ അന്ധകാരത്തിലാണ്.
2 എന്നിട്ടും വെളിച്ചം ഇന്നു പ്രകാശിക്കുകതന്നെ ചെയ്യുന്നു. തന്റെ സ്വർഗീയ “സ്‌ത്രീ”യുടെ ഭൗമിക പ്രതിനിധികളായ, അഭിഷിക്ത ശേഷിപ്പാകുന്ന തന്റെ ദാസന്മാരുടെ മേൽ യഹോവ ‘പ്രകാശിക്കുന്നു.’ (യെശയ്യാവു 60:1, NW) 1919-ൽ ബാബിലോണിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ടതു മുതൽ ഇവർ ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുകയും ‘തങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പാകെ പ്രകാശിപ്പിക്കുകയും’ ചെയ്‌തിട്ടുണ്ട്. (മത്തായി 5:16) 1919 മുതൽ 1931 വരെയുള്ള കാലഘട്ടത്തിൽ, അവർ ബാബിലോണിയ ചിന്തയുടെ അവശേഷിക്കുന്ന ബന്ധനങ്ങൾ കൂടി പൊട്ടിച്ചെറിഞ്ഞതോടെ രാജ്യപ്രകാശത്തിന്റെ തീവ്രത ഒന്നിനൊന്നു വർധിച്ചുവന്നു. “യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും” എന്ന തന്റെ വാഗ്‌ദാനം യഹോവ നിവർത്തിച്ചതോടെ അവരുടെ എണ്ണം പതിനായിരങ്ങളായി വർധിച്ചു. (മീഖാ 2:12) 1931-ൽ യഹോവയുടെ ജനം യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചപ്പോൾ അവരുടെമേൽ ഉള്ള അവന്റെ തേജസ്സ് കൂടുതൽ വ്യക്തമായിത്തീർന്നു.—യെശയ്യാവു 43:10, 12.
3. അഭിഷിക്തർ അല്ലാത്ത മറ്റുള്ളവരുടെ മേലും യഹോവയുടെ വെളിച്ചം പ്രകാശിക്കുമെന്ന് വ്യക്തമായിത്തീർന്നത് എങ്ങനെ?
3 “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ശേഷിപ്പിന്മേൽ മാത്രമേ യഹോവ പ്രകാശിക്കുകയുള്ളോ? (ലൂക്കൊസ് ) അല്ല. 1931 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരം മറ്റൊരു കൂട്ടത്തെ ചൂണ്ടിക്കാട്ടി. 12:32യെഹെസ്‌കേൽ 9:1-11-ന്റെ നല്ലൊരു വിശദീകരണം ആ ലക്കത്തിൽ ഉണ്ടായിരുന്നു. പ്രസ്‌തുത വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന എഴുത്തുകാരന്റെ മഷിക്കുപ്പിയോടു കൂടിയ പുരുഷൻ അഭിഷിക്ത ശേഷിപ്പിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അതു വ്യക്തമാക്കി. ആ ‘പുരുഷൻ’ അടയാളം ഇടുന്നത് ആരുടെ നെറ്റികളിലാണ്? ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ‘വേറെ ആടുകളുടെ’ നെറ്റികളിൽ. (യോഹന്നാൻ 10:16; സങ്കീർത്തനം 37:29) ‘വേറെ ആടുകളുടെ’ ഈ കൂട്ടം, യോഹന്നാൻ അപ്പൊസ്‌തലൻ ദർശനത്തിൽ കണ്ട ‘സകല ജാതികളിൽനിന്നും ഉള്ള മഹാപുരുഷാരം’ ആണെന്ന് 1935-ൽ തിരിച്ചറിയിക്കപ്പെട്ടു. (വെളിപ്പാടു 7:9-14) 1935 മുതൽ ഇന്നുവരെയും മഹാപുരുഷാരത്തിന്റെ കൂട്ടിവരുത്തലിനു വളരെയേറെ ശ്രദ്ധ നൽകപ്പെട്ടിരിക്കുന്നു.
4. യെശയ്യാവു 60:3-ൽ പരാമർശിച്ചിരിക്കുന്ന ‘രാജാക്കന്മാരും’ ‘ജാതികളും’ ആരാണ്?
4 ഇവരുടെ കൂട്ടിവരുത്തൽ യെശയ്യാ പ്രവചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശയ്യാവു 60:3) ഇവിടെ പരാമർശിച്ചിരിക്കുന്ന “രാജാക്കന്മാർ” ആരാണ്? 1,44,000-ത്തിന്റെ ശേഷിപ്പ്. സ്വർഗീയ രാജ്യത്തിൽ കൂട്ടവകാശികളായ അവരും സാക്ഷീകരണ വേലയിൽ യേശുവിനോടൊപ്പം മുൻകൈ എടുത്തിരിക്കുന്നു. (റോമർ 8:17; വെളിപ്പാടു 12:17; 14:1) അഭിഷിക്ത ശേഷിപ്പിൽ ഏതാനും ആയിരങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളൂ. എന്നാൽ ഭൗമിക പ്രത്യാശയുള്ള “ജാതികൾ” അവരെ അപേക്ഷിച്ച് ഇന്ന് എണ്ണത്തിൽ അത്യധികം പെരുകിയിരിക്കുന്നു. ഇവർ പ്രബോധനത്തിനായി യഹോവയുടെ അടുക്കലേക്കു വരുകയും മറ്റുള്ളവരെ അതിനായി ക്ഷണിക്കുകയും ചെയ്യുന്നു.—യെശയ്യാവു 2:2, 3.
യഹോവയുടെ തീക്ഷ്‌ണതയുള്ള ദാസന്മാർ
5. (എ) യഹോവയുടെ ജനത്തിന്റെ തീക്ഷ്‌ണത കുറഞ്ഞുപോയിട്ടില്ലെന്ന് ഏതു വസ്‌തുതകൾ പ്രകടമാക്കുന്നു? (ബി) 1999-ൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായിരുന്ന രാജ്യങ്ങൾ ഏതെല്ലാം? (17-20 പേജുകളിലെ ചാർട്ട് കാണുക.)
5 യഹോവയുടെ ആധുനികാല സാക്ഷികൾ 20-ാം നൂറ്റാണ്ടിൽ ഉടനീളം എന്തോരു തീക്ഷ്‌ണതയാണു പ്രകടമാക്കിയത്! സമ്മർദങ്ങൾ വർധിച്ചു വരുന്നുണ്ടെങ്കിലും, 2000-ാം ആണ്ട് സമീപിച്ചപ്പോൾ അവരുടെ തീക്ഷ്‌ണതയ്‌ക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല. “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന അവർ അപ്പോഴും വളരെ ഗൗരവമായെടുത്തിരുന്നു. (മത്തായി 28:19, 20) സുവാർത്തയുടെ, സജീവ പ്രസാധകരുടെ എണ്ണം 20-ാം നൂറ്റാണ്ടിലെ അവസാന സേവന വർഷത്തിൽ 59,12,429 എന്ന പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാനായി അവർ മൊത്തം 114,45,66,849 മണിക്കൂർ ചെലവഴിച്ചു. അവർ താത്‌പര്യക്കാരുടെ അടുത്ത് മൊത്തം 42,00,47,796 പ്രാവശ്യം മടങ്ങിച്ചെല്ലുകയും 44,33,884 സൗജന്യ ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തുകയും ചെയ്‌തു. തീക്ഷ്‌ണതയുള്ള സേവനത്തിന്റെ എത്ര ശ്രദ്ധേയമായ ഒരു രേഖ!
6. പയനിയർമാർക്കായി എന്തു പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നു, അതിനോടുള്ള പ്രതികരണം എന്തായിരുന്നു?
6 കഴിഞ്ഞ ജനുവരിയിൽ പയനിയർമാരുടെ മണിക്കൂർ വ്യവസ്ഥയിൽ ഭരണസംഘം ഒരു ഭേദഗതി വരുത്തി. സാധാരണ-സഹായ പയനിയർമാരുടെ അണികളിൽ ചേരാൻ അനേകർ ഈ അവസരം പ്രയോജനപ്പെടുത്തി. ദൃഷ്ടാന്തത്തിന്, 1999-ലെ ആദ്യത്തെ നാലു മാസത്തിൽ നെതർലൻഡ്‌സ് ബ്രാഞ്ച് ഓഫീസിന് ഒരു വർഷം മുമ്പ് അതേ കാലയളവിൽ ലഭിച്ചതിനെക്കാൾ നാലിരട്ടി സാധാരണ പയനിയർ അപേക്ഷകൾ ലഭിച്ചു. ഘാന ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “പുതിയ പയനിയർ മണിക്കൂർ വ്യവസ്‌ഥ പ്രാബല്യത്തിൽ വന്നതോടെ, ഞങ്ങളുടെ സാധാരണ പയനിയർമാരുടെ എണ്ണം കുത്തനെ വർധിച്ചിരിക്കുന്നു.” 1999 സേവന വർഷത്തിൽ ലോകവ്യാപകമായി പയനിയർമാരുടെ എണ്ണം 7,38,343 ആയി. അത് “സൽപ്രവൃത്തികളിൽ ശുഷ്‌കാന്തി” ഉള്ളവർ ആയിരിക്കുന്നതിന്റെ അതിശയകരമായ ഒരു പ്രകടനമാണ്.—തീത്തൊസ് 2:14.
7. യഹോവ തന്റെ ദാസന്മാരുടെ തീക്ഷ്‌ണതയുള്ള പ്രവർത്തനത്തെ അനുഗ്രഹിച്ചിരിക്കുന്നത് എങ്ങനെ?
7 തീക്ഷ്‌ണതയോടെയുള്ള ഈ പ്രവർത്തനത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നുവോ? ഉവ്വ്. യെശയ്യാവിലൂടെ അവൻ പറയുന്നു: “നീ തല പൊക്കി ചുററും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.” (യെശയ്യാവു 60:4) കൂട്ടിവരുത്തപ്പെട്ട അഭിഷിക്ത ‘പുത്രന്മാരും’ ‘പുത്രിമാരും’ ഇപ്പോഴും ദൈവത്തെ തീക്ഷ്‌ണതയോടെ സേവിക്കുന്നു. കൂടാതെ, യേശുവിന്റെ വേറെ ആടുകൾ 234 രാജ്യങ്ങളിലും ദ്വീപുകളിലുമായി യഹോവയുടെ അഭിഷിക്ത ‘പുത്രീപുത്രന്മാ’രുടെ പക്ഷത്തേക്ക് ഇപ്പോൾ കൂട്ടിവരുത്തപ്പെടുകയാണ്.
‘സകല സത്‌പ്രവൃത്തിയും’
8. ഏതു ‘സത്‌പ്രവൃത്തികളിൽ’ ആണ് യഹോവയുടെ സാക്ഷികൾ കർമനിരതരായിരിക്കുന്നത്?
8 രാജ്യ സുവാർത്ത പ്രസംഗിക്കാനും ശിഷ്യരായിത്തീരാൻ താത്‌പര്യക്കാരെ സഹായിക്കാനുമുള്ള ഉത്തരവാദിത്വം ക്രിസ്‌ത്യാനികൾക്കുണ്ട്. എന്നാൽ അവർ “സകല സത്‌പ്രവൃത്തിക്കും സജ്ജരാണ്.” (2 തിമൊഥെയൊസ് 3:17, NW) അതുകൊണ്ട്, അവർ തങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടി സ്‌നേഹപൂർവം കരുതുകയും ആതിഥ്യം കാണിക്കുകയും രോഗികളെ സന്ദർശിക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ് 5:8, NW; എബ്രായർ 13:16) സ്വമേധയാ സേവകർ രാജ്യഹാൾ നിർമാണ വേല പോലുള്ള പദ്ധതികളിൽ പങ്കെടുക്കുന്നു. അതും ഒരു സാക്ഷ്യമായി ഉതകുന്നു. ടോഗോയിൽ ഒരു ഹാൾ നിർമിച്ചു കഴിഞ്ഞപ്പോൾ, ഇത്തരം പ്രവർത്തനങ്ങൾക്കായി പള്ളിക്കാർക്ക് ആളുകളെ കൂലിക്ക് എടുക്കേണ്ടതുള്ളപ്പോൾ യഹോവയുടെ സാക്ഷികൾക്ക് അതു സ്വന്തമായി ചെയ്യാൻ കഴിയുന്നത് എന്തുകൊണ്ടെന്ന് അറിയാൻ പ്രാദേശിക കരിസ്‌മാറ്റിക് പള്ളിയുടെ ഭാരവാഹികൾ ആഗ്രഹിച്ചു! രാജ്യഹാളുകൾ പണിയപ്പെടാൻ പോകുന്ന സ്ഥലത്തിനു സമീപം വീടു വാടകയ്‌ക്ക് എടുക്കാനോ പണിയാനോ ചിലർ ശ്രമിക്കുന്നു. നല്ല നിലവാരമുള്ള രാജ്യഹാളുകളുടെ നിർമാണത്തിന് അയൽവാസികളുടെ ഇടയിൽ അത്രയ്‌ക്കു ക്രിയാത്മക സ്വാധീനമുണ്ടെന്നു ടോഗോയിൽനിന്നുള്ള റിപ്പോർട്ടു പറയുന്നു.
9. വലിയ വിപത്തുകൾ ഉണ്ടായപ്പോൾ യഹോവയുടെ സാക്ഷികൾ പ്രതികരിച്ചത് എങ്ങനെ?
9 ചില അവസരങ്ങളിൽ മറ്റു തരത്തിലുള്ള സത്‌പ്രവൃത്തികളും ആവശ്യമായി വരുന്നു. കഴിഞ്ഞ സേവന വർഷം അനേകം രാജ്യങ്ങളിൽ വലിയ വിപത്തുകൾ ഉണ്ടായി. മിക്കപ്പോഴും സഹായവുമായി ആദ്യം രംഗത്ത് എത്തിയത് യഹോവയുടെ സാക്ഷികൾ ആയിരുന്നു. ദൃഷ്ടാന്തത്തിന്, ഹോണ്ടുറാസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മിച്ച് ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ബ്രാഞ്ച് ഓഫീസ് പെട്ടെന്നുതന്നെ അടിയന്തിര കമ്മിറ്റികൾ രൂപീകരിച്ചു. ഹോണ്ടുറാസിലെയും മറ്റനേകം രാജ്യങ്ങളിലെയും സാക്ഷികൾ വസ്‌ത്രങ്ങളും ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്‌തുക്കളും സംഭാവന ചെയ്‌തു. വീടുകൾ പുനർനിർമിക്കാനായി മേഖലാ നിർമാണ കമ്മിറ്റികൾ തങ്ങളുടെ നിർമാണ വൈദഗ്‌ധ്യങ്ങൾ ഉപയോഗിച്ചു. താമസിയാതെ തന്നെ സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ വേണ്ട സഹായങ്ങൾ വിപത്തിന് ഇരയായ സഹോദരങ്ങൾക്കു ലഭിച്ചു. ഇക്വഡോറിൽ വലിയ വെള്ളപ്പൊക്കത്തിന്റെ ഫലമായി ചില സഹോദരങ്ങളുടെ വീടുകൾ തകർന്നപ്പോൾ യഹോവയുടെ സാക്ഷികൾ സഹായത്തിനെത്തി. ആ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിൽ അവർ പ്രകടമാക്കിയ കാര്യക്ഷമത നിരീക്ഷിച്ച ശേഷം ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു: “ഈ ആളുകളെ ജോലിക്കു കിട്ടിയിരുന്നെങ്കിൽ ഞാൻ അത്ഭുതങ്ങൾതന്നെ സൃഷ്ടിക്കുമായിരുന്നു! നിങ്ങളെ പോലുള്ള ആളുകളെയാണ് ഈ ലോകത്തിനു വേണ്ടത്.” അത്തരം നല്ല വേല യഹോവയാം ദൈവത്തിനു സ്‌തുതി കരേറ്റുന്നു. അതു ‘സകലത്തിനും പ്രയോജനകരമായ നമ്മുടെ ദൈവഭക്തി’യുടെ തെളിവുമാണ്.—1 തിമൊഥെയൊസ് 4:8.
അവർ ‘മേഘം പോലെ പറന്നുവരുന്നു’
10. അഭിഷിക്തരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, യഹോവയുടെ നാമം പൂർവാധികം ഘോഷിക്കപ്പെടുന്നത് എന്തുകൊണ്ട്?
10 യഹോവ ചോദിക്കുന്നു: “മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ? ദൂരത്തുനിന്നു നിന്റെ മക്കളെ . . . കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർശീശ്‌കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു. അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷചെയ്യും.” (യെശയ്യാവു 60:8-10) യഹോവയുടെ “പ്രകാശിക്ക”ലിനോട് ആദ്യം പ്രതികരിച്ചത് അവന്റെ ‘മക്കൾ,’ അതായത് അഭിഷിക്ത ക്രിസ്‌ത്യാനികൾ ആയിരുന്നു. തുടർന്ന് “അന്യജാതിക്കാർ,” അതായത് മഹാപുരുഷാരം എത്തി. സുവാർത്ത പ്രസംഗിക്കുന്നതിൽ അവർ അഭിഷിക്ത സഹോദരന്മാരുടെ നേതൃത്വത്തിനു കീഴ്‌പെടുകയും അങ്ങനെ അവരെ വിശ്വസ്‌തമായി ശുശ്രൂഷിക്കുകയും ചെയ്യുന്നു. അഭിഷിക്തരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, യഹോവയുടെ നാമം ഭൂമിയിലെങ്ങും പൂർവാധികം ഘോഷിക്കപ്പെടുകയാണ്.
11. (എ) എന്ത് ഇപ്പോഴും തുടരുന്നു, 1999-ൽ അതിന്റെ ഫലം എന്തായിരുന്നു? (ബി) 1999-ൽ, ഏതു രാജ്യങ്ങളിലെ സ്‌നാപന സംഖ്യകൾ ശ്രദ്ധേയമായിരുന്നു? (17-20 പേജുകളിലെ ചാർട്ട് കാണുക.)
11 തത്‌ഫലമായി, ‘കിളിവാതിലുകളിലേക്കു പറന്നുവരുന്ന പ്രാവുകളെ’പോലെ ദശലക്ഷക്കണക്കിന് ആളുകൾ ക്രിസ്‌തീയ സഭയ്‌ക്കുള്ളിൽ അഭയം കണ്ടെത്തുന്നു. ഓരോ വർഷവും ലക്ഷങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു. ഇനിയും കൂടുതൽ പേർക്കായി വഴി തുറന്നുകിടക്കുകയാണ്. യെശയ്യാവ് പറയുന്നു: “ജാതികളുടെ സമ്പത്തിനേയും . . . നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്‌പോഴും തുറന്നിരിക്കും.” (യെശയ്യാവു 60:11) യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി കഴിഞ്ഞ വർഷം 3,23,439 പേർ സ്‌നാപനമേറ്റു. യഹോവ ഇപ്പോഴും വാതിലുകൾ അടച്ചിട്ടില്ല. “സകല ജാതികളുടെയും മനോഹരവസ്‌തു”ക്കൾ, മഹാപുരുഷാരത്തിലെ അംഗങ്ങൾ, ഇപ്പോഴും അവയിലൂടെ കൂട്ടമായി പ്രവേശിക്കുകയാണ്. (ഹഗ്ഗായി 2:7) ഇരുട്ടിനെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പ്രവേശനം നിഷേധിക്കപ്പെടുന്നില്ല. (യോഹന്നാൻ 12:46) വെളിച്ചത്തോടുള്ള തങ്ങളുടെ വിലമതിപ്പ് അവർക്കാർക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ!
പീഡനത്തിന്മധ്യേ നിർഭയർ
12. ഇരുളിനെ സ്‌നേഹിക്കുന്നവർ വെളിച്ചത്തെ കെടുത്തിക്കളയാൻ ശ്രമിച്ചിരിക്കുന്നത് എങ്ങനെ?
12 ഇരുളിനെ സ്‌നേഹിക്കുന്നവർ യഹോവയുടെ വെളിച്ചത്തെ വെറുക്കുന്നു. (യോഹന്നാൻ 3:19) ചിലർ ആ വെളിച്ചത്തെ കെടുത്തിക്കളയാൻ പോലും ശ്രമിക്കുന്നു. അത് അപ്രതീക്ഷിതമല്ല. “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ച”മായ യേശുവിനെ പോലും അവന്റെ സ്വദേശക്കാർ പരിഹസിക്കുകയും എതിർക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്‌തു. (യോഹന്നാൻ 1:9) 20-ാം നൂറ്റാണ്ടിൽ ഉടനീളം, യഹോവയുടെ വെളിച്ചത്തെ വിശ്വസ്‌തമായി പ്രതിഫലിപ്പിക്കവെ, അവന്റെ സാക്ഷികളും പരിഹസിക്കപ്പെട്ടിട്ടുണ്ട്, തടവിലാക്കപ്പെട്ടിട്ടുണ്ട്, നിരോധിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെടുക പോലും ചെയ്‌തിട്ടുണ്ട്. ഈ കഴിഞ്ഞ വർഷങ്ങളിൽ, ദൈവത്തിന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്നവരെ കുറിച്ചു ശത്രുക്കൾ മാധ്യമങ്ങളിലൂടെ നുണപ്രചരണങ്ങൾ നടത്തിയിരിക്കുന്നു. യഹോവയുടെ സാക്ഷികൾ അപകടകാരികൾ ആണെന്നും അവർക്കു വിലക്കു കൽപ്പിക്കുകയോ അവരെ നിരോധിക്കുകയോ ചെയ്യേണ്ടതാണെന്നും ആളുകളെ വിശ്വസിപ്പിക്കാൻ ചിലർ ആഗ്രഹിക്കുന്നു. എന്നാൽ അത്തരം എതിരാളികൾ വിജയിച്ചിട്ടുണ്ടോ?
13. നമ്മുടെ വേലയെ കുറിച്ചുള്ള വസ്‌തുതകൾ വിവേകപൂർവം മാധ്യമങ്ങളിൽ അവതരിപ്പിച്ചതിന് എന്തു ഫലമുണ്ടായിട്ടുണ്ട്?
13 ഇല്ല. ഉചിതമായിരുന്നിടത്ത്, വസ്‌തുതകൾ വിവരിക്കാനായി യഹോവയുടെ സാക്ഷികൾ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തത്‌ഫലമായി, പത്രമാസികകളിലും റേഡിയോയിലും ടെലിവിഷനിലും ഒക്കെ യഹോവയുടെ നാമം വ്യാപകമായി പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു. അതിനു പ്രസംഗവേലയിൽ നല്ല ഫലം ഉണ്ടായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഡെന്മാർക്കിലെ ഒരു ദേശീയ ടെലിവിഷൻ പരിപാടി “ഡാനീഷുകാരുടെ വിശ്വാസം ക്ഷയിക്കുന്നതിന്റെ കാരണം” എന്ന വിഷയത്തെ കുറിച്ചുള്ളതായിരുന്നു. അതിൽ മറ്റുള്ളവരോടൊപ്പം യഹോവയുടെ സാക്ഷികളുമായും അഭിമുഖം നടത്തി. ആ പരിപാടി വീക്ഷിച്ച ഒരു സ്‌ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആർക്കാണ് ദൈവാത്മാവ് ഉണ്ടായിരുന്നതെന്നു വളരെ വ്യക്തമായിരുന്നു.” അവരുമായി ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു.
14. എതിരാളികൾ അസ്വസ്ഥതയോടെ പെട്ടെന്നുതന്നെ എന്തു തിരിച്ചറിയാൻ നിർബന്ധിതരാകും?
14 ഈ ലോകത്തിലുള്ള പലരും തങ്ങളെ എതിർക്കുമെന്നു യഹോവയുടെ സാക്ഷികൾക്ക് അറിയാം. (യോഹന്നാൻ 17:14) എങ്കിലും, യെശയ്യാവിന്റെ പ്രവചനം അവരെ ബലിഷ്‌ഠരാക്കുന്നു: “നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്‌കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.” (യെശയ്യാവു 60:14) തങ്ങൾ ഫലത്തിൽ ദൈവത്തിന് എതിരായിട്ടാണു പോരാടിക്കൊണ്ടിരുന്നതെന്ന് ആ എതിരാളികൾ പെട്ടെന്നുതന്നെ അസ്വസ്ഥതയോടെ തിരിച്ചറിയേണ്ടിവരും. അത്തരമൊരു പോരാട്ടത്തിൽ ആർക്കു വിജയിക്കാനാകും?
15. യഹോവയുടെ സാക്ഷികൾ ‘ജാതികളുടെ പാൽ കുടിക്കുന്നത്’ എങ്ങനെ, അത് അവരുടെ പഠിപ്പിക്കലിലും പ്രസംഗവേലയിലും പ്രതിഫലിച്ചിരിക്കുന്നത് എങ്ങനെ?
15 യഹോവ തുടർന്ന് ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: ‘ഞാൻ നിന്നെ നിത്യമാഹാത്മ്യം ആക്കിത്തീർക്കും. നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നു നീ അറിയും.’ (യെശയ്യാവു 60:15, 16) അതേ, യഹോവ തന്റെ ജനത്തിന്റെ രക്ഷകനാണ്. അവനിൽ ആശ്രയിച്ചാൽ അവർ ‘നിത്യം’ ജീവിക്കും. സത്യാരാധനയുടെ ഉന്നമനത്തിനായി ലഭ്യമായ ചില മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർ “ജാതികളുടെ പാൽ കുടിക്കും.” ദൃഷ്ടാന്തത്തിന്, കമ്പ്യൂട്ടറിന്റെയും വാർത്താവിനിമയ സാങ്കേതിക വിദ്യയുടെയും ജ്ഞാനപൂർവകമായ ഉപയോഗം വീക്ഷാഗോപുരവും ഉണരുക!യും യഥാക്രമം 121-ഉം 62-ഉം ഭാഷകളിൽ ഏകകാലികമായി പ്രസിദ്ധീകരിക്കാൻ സഹായിച്ചിരിക്കുന്നു. പുതിയലോക ഭാഷാന്തരം പുതിയ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താൻ ഉതകുന്ന ഒരു പ്രത്യേക കമ്പ്യൂട്ടർ പ്രോഗ്രാം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത്തരം പരിഭാഷ ഏറെ സന്തോഷം കൈവരുത്തുന്ന ഒരു സംഗതിയാണ്. 1999-ൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ക്രൊയേഷ്യൻ പരിഭാഷ പ്രകാശനം ചെയ്‌തപ്പോൾ സന്തോഷത്താൽ ആയിരങ്ങളുടെ കണ്ണുകൾ നിറഞ്ഞു. പ്രായമായ ഒരു സഹോദരൻ പറഞ്ഞു: “ഞാൻ ഈ ബൈബിളിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ഇനി എനിക്ക് സമാധാനത്തോടെ മരിക്കാം!” പുതിയലോക ഭാഷാന്തരം മുഴുവനായോ ഭാഗികമായോ 34 ഭാഷകളിൽ ലഭ്യമാണ്. അതിന്റെ വിതരണം ഇപ്പോൾ 10 കോടി കവിഞ്ഞിരിക്കുന്നു.
ഉയർന്ന ധാർമിക നിലവാരങ്ങൾ
16, 17. (എ) യഹോവയുടെ ഉന്നത നിലവാരങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും അതു ജീവത്‌പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) യുവജനങ്ങൾക്ക് ലോകത്താലുള്ള കളങ്കം ഒഴിവാക്കാനാകുമെന്ന് ഏത് അനുഭവം പ്രകടമാക്കുന്നു?
16 യേശു പറഞ്ഞു: “തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു.” (യോഹന്നാൻ 3:20) നേരേമറിച്ച്, വെളിച്ചത്തിൽ വർത്തിക്കുന്നവർ യഹോവയുടെ ഉന്നത നിലവാരങ്ങൾ പ്രിയപ്പെടുന്നു. യെശയ്യാവ് മുഖാന്തരം യഹോവ ഇങ്ങനെ പറയുന്നു: “നിന്റെ ജനമൊക്കെയും നീതിമാന്മാരാകും.” (യെശയ്യാവു 60:21എ) ലൈംഗിക അധാർമികത, നുണ പറയൽ, അത്യാഗ്രഹം, അഹങ്കാരം എന്നിവ സർവസാധാരണം ആയിരിക്കുന്ന ഒരു ലോകത്തിൽ നീതിനിഷ്‌ഠമായ നിലവാരങ്ങൾ നിലനിറുത്തുന്നത് ഒരു വെല്ലുവിളിയാണ്. ദൃഷ്ടാന്തത്തിന്, ചില രാജ്യങ്ങളിൽ സാമ്പത്തികരംഗം സത്വരം അഭിവൃദ്ധി പ്രാപിക്കുന്നു. പണമേ ശരണം എന്നൊരു ചിന്തയിലേക്ക് ആളുകൾ വ്യതിചലിച്ചു പോകുക വളരെ എളുപ്പമാണ്. എന്നാൽ പൗലൊസ് ഈ മുന്നറിയിപ്പു നൽകി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” (1 തിമൊഥെയൊസ് 6:9) വളരെ പ്രധാനപ്പെട്ട കാര്യങ്ങളായ ക്രിസ്‌തീയ സഹവാസം, വിശുദ്ധ സേവനം, ധാർമിക തത്ത്വങ്ങൾ, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവ ബലികഴിച്ചുകൊണ്ട് ഒരുവൻ വ്യാപാര സംരംഭങ്ങളിൽ അത്യധികം മുഴുകുന്നത് എത്ര ദാരുണമാണ്!
17 തങ്ങളുടെ സമപ്രായക്കാർ മിക്കവരും മയക്കുമരുന്നു ദുരുപയോഗത്തിലും അധാർമികതയിലും ഏർപ്പെടുമ്പോൾ നീതിനിഷ്‌ഠമായ നിലവാരങ്ങൾ കാത്തുസൂക്ഷിക്കുക എന്നത് യുവജനങ്ങൾക്കു വിശേഷാൽ വെല്ലുവിളിയായിരിക്കാം. സുരിനാമിൽ, സുമുഖനായ ഒരു ആൺകുട്ടി ഒരു 14-കാരിയെ സമീപിച്ച്, ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രലോഭിപ്പിച്ചു. വിവാഹബന്ധത്തിനു പുറത്തുള്ള അത്തരം പ്രവർത്തനങ്ങളെ ബൈബിൾ വിലക്കുന്നു എന്നു വിശദീകരിച്ചുകൊണ്ട് അവൾ ആ ക്ഷണം പ്രവൃത്തികൾ 15:28, 29) ശരിയായതിനു വേണ്ടി ഉറച്ച നിലപാടു സ്വീകരിക്കുന്ന തങ്ങളുടെ ഇടയിലെ യുവജനങ്ങളെ കുറിച്ച് യഹോവയുടെ സാക്ഷികൾക്കു വളരെ അഭിമാനമുണ്ട്. ആ യുവജനങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും വിശ്വാസം യഹോവയാം ദൈവത്തിന്റെ നാമത്തിനു ‘മഹത്ത്വം’ കരേറ്റുന്നു.—യെശയ്യാവു 60:21.
നിരസിച്ചു. സ്‌കൂളിലെ മറ്റു പെൺകുട്ടികൾ അവളെ പരിഹസിച്ചു. ആ ചെറുപ്പക്കാരനോടൊപ്പം കിടപ്പറ പങ്കിടാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സമ്മർദം ചെലുത്തി അവളുടെ മനസ്സുമാറ്റാനും അവർ ശ്രമിച്ചു. എന്നിട്ടും ആ യുവതി തന്റെ തീരുമാനത്തിൽ ദൃഢമായി ഉറച്ചുനിന്നു. ഏതാനും ആഴ്‌ചകൾ കഴിഞ്ഞപ്പോൾ, ആ യുവാവിന് എയ്‌ഡ്‌സ് വൈറസ് ഉള്ളതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു, അവന് രോഗം മൂർച്ഛിച്ചിരുന്നു. ‘പരസംഗം വർജ്ജിക്കാ’നുള്ള യഹോവയുടെ കൽപ്പന അനുസരിച്ചതിൽ ആ പെൺകുട്ടി സന്തോഷിച്ചു. (യഹോവ വർധനവു നൽകിയിരിക്കുന്നു
18. (എ) യഹോവ തന്റെ ജനത്തിനായി എത്ര വലിയ കാര്യങ്ങളാണു ചെയ്‌തിരിക്കുന്നത്? (ബി) വളർച്ച ഇനിയും തുടരും എന്നതിന് എന്തു തെളിവുണ്ട്, വെളിച്ചത്തിൽ നിലകൊള്ളുന്നവർക്ക് മഹത്തായ എന്തു പ്രതീക്ഷകളാണു മുന്നിലുള്ളത്?
18 അതേ, യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുകയും വഴിനയിക്കുകയും ശക്തീകരിക്കുകയും ചെയ്‌തുകൊണ്ട് അവരുടെമേൽ വെളിച്ചം ചൊരിയുന്നു. “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും [“ഒരു ശക്തമായ ജനത,” NW] ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും” എന്നുള്ള യെശയ്യാവിന്റെ വാക്കുകളുടെ നിവൃത്തി 20-ാം നൂറ്റാണ്ടിൽ അവർ കണ്ടു. (യെശയ്യാവു 60:22) 1919-ൽ, ഒരു ചെറിയ കൂട്ടം ആയിരുന്ന “കുറഞ്ഞവൻ” “ആയിര”ത്തിലധികം ആയിത്തീർന്നിരിക്കുന്നു. ആ വളർച്ചയുടെ അന്ത്യം ഇപ്പോഴും എത്തിയിട്ടില്ല! കഴിഞ്ഞ വർഷം 1,40,88,751 പേർ യേശുവിന്റെ മരണത്തിന്റെ സ്‌മാരക ആഘോഷത്തിനു ഹാജരായി. അവരിൽ അനേകരും സജീവ സാക്ഷികൾ ആയിരുന്നില്ല. അവർ ആ സുപ്രധാന ആചരണത്തിനു ഹാജരായതിൽ നാം സന്തുഷ്ടരാണ്. തുടർന്നും വെളിച്ചത്തിലേക്കു നീങ്ങാൻ നാം അവരെ ക്ഷണിക്കുന്നു. യഹോവ ഇപ്പോഴും തന്റെ ജനത്തിന്മേൽ ഉജ്ജ്വലമായി പ്രകാശിക്കുന്നു. അവന്റെ സംഘടനയിലേക്കുള്ള വാതിൽ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു. ആയതിനാൽ സകലരും യഹോവയുടെ വെളിച്ചത്തിൽ നിലകൊള്ളാൻ ദൃഢനിശ്ചയം ചെയ്യട്ടെ. ഇന്ന് അതു നമുക്ക് എത്രയേറെ അനുഗ്രഹങ്ങളാണു കൈവരുത്തുന്നത്! കൂടാതെ, ഭാവിയിൽ സമസ്‌ത സൃഷ്ടികളും യഹോവയെ സ്‌തുതിക്കുകയും അവന്റെ മഹത്ത്വത്തിന്റെ മാഹാത്മ്യത്തിൽ സന്തോഷിക്കുകയും ചെയ്യുമ്പോൾ അത് എന്തൊരു ആനന്ദമായിരിക്കും കൈവരുത്തുക!—വെളിപ്പാടു 5:13, 14.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ഈ അന്ത്യനാളുകളിൽ ആർ യഹോവയുടെ മഹത്ത്വത്തെ പ്രതിഫലിപ്പിച്ചിരിക്കുന്നു?
• യഹോവയുടെ ജനത്തിന്റെ തീക്ഷ്‌ണത കുറഞ്ഞുപോയിട്ടില്ലെന്ന് എന്തു പ്രകടമാക്കുന്നു?
• യഹോവയുടെ സാക്ഷികൾ തിരക്കോടെ ഏർപ്പെട്ടിരിക്കുന്ന ചില സത്‌പ്രവൃത്തികൾ ഏവ?
• കടുത്ത എതിർപ്പ് ഉണ്ടെങ്കിലും, എന്തു സംബന്ധിച്ചു നാം ഉറപ്പുള്ളവരാണ്?
[അധ്യയന ചോദ്യങ്ങൾ]
[17-20 പേജിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ 1999 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ട്
[15-ാം പേജിലെ ചിത്രങ്ങൾ]
ആളുകൾ ഇപ്പോഴും യഹോവയുടെ സംഘടനയിലേക്ക് ഒഴുകിയെത്തുന്നു
[16-ാം പേജിലെ ചിത്രം]
വെളിച്ചത്തെ സ്‌നേഹിക്കുന്നവർക്കായി യഹോവ വാതിൽ വിശാലമായി തുറന്നിട്ടിരിക്കുന്നതിൽ നാം സന്തോഷിക്കുന്നു