നമുക്ക് യഹോവയുടെ സംഘടന ആവശ്യമാണ്
നമുക്ക് യഹോവയുടെ സംഘടന ആവശ്യമാണ്
“എനിക്കു ദൈവത്തിൽ വിശ്വാസമുണ്ട്, എന്നാൽ മതത്തിൽ വിശ്വാസമില്ല” എന്ന് ആളുകൾ പറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഒരിക്കൽ ഉത്സാഹപൂർവം പള്ളിയിൽ പോയിരുന്നെങ്കിലും തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മതം പരാജയപ്പെട്ടതു നിമിത്തം നിരാശരായിത്തീർന്ന ആളുകൾ മിക്കപ്പോഴും സമാനമായ അഭിപ്രായങ്ങൾ പറയാറുണ്ട്. മതസംഘടനകളാൽ പൊതുവെ നിരാശരാണെങ്കിലും അനേകരും ഇപ്പോഴും ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഒരു സഭയോടോ സംഘടനയോടോ യാതൊരു ബന്ധവുമില്ലാതെ സ്വന്തമായ രീതിയിൽ ദൈവത്തെ ആരാധിക്കുന്നതാണു മെച്ചമെന്ന് അവർ കരുതുന്നു.
ഇക്കാര്യത്തിൽ ബൈബിൾ എന്താണു പറയുന്നത്? ക്രിസ്‌ത്യാനികൾ ഒരു സംഘടന എന്ന നിലയിൽ പ്രവർത്തിക്കാൻ ദൈവം ആഗ്രഹിക്കുന്നുവോ?
സംഘടിതർ ആയിരുന്നതിനാൽ ആദിമ ക്രിസ്‌ത്യാനികൾ പ്രയോജനം അനുഭവിച്ചു
പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യഹോവ തന്റെ പരിശുദ്ധാത്മാവിനെ പകർന്നത് ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ഏതാനും വിശ്വാസികളുടെമേൽ അല്ലായിരുന്നു, മറിച്ച് ‘ഒരു സ്ഥലത്ത്,’ യെരൂശലേം നഗരത്തിലെ ഒരു മാളികമുറിയിൽ, ഒന്നിച്ചു കൂടിയ ഒരു കൂട്ടം സ്‌ത്രീപുരുഷന്മാരുടെമേൽ ആയിരുന്നു. (പ്രവൃത്തികൾ 2:1) പിന്നീട് ഒരു സാർവദേശീയ സംഘടന ആയിത്തീർന്ന ക്രിസ്‌തീയ സഭ അന്നു രൂപംകൊണ്ടു. അത് ആ ആദിമ ക്രിസ്‌ത്യാനികൾക്ക് ഒരു യഥാർഥ അനുഗ്രഹമെന്നു തെളിഞ്ഞു. എന്തുകൊണ്ട്? കാലക്രമത്തിൽ “ഭൂലോകത്തിൽ ഒക്കെയും” ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുക എന്ന സുപ്രധാനമായ ഒരു നിയമനം അവർക്കു നൽകപ്പെട്ടിരുന്നു എന്നതാണ് ഒരു സംഗതി. (മത്തായി 24:14) പുതുതായി പരിവർത്തനം ചെയ്യപ്പെട്ടവർക്ക് സഭയിലെ പരിചയസമ്പന്നരായ സഹവിശ്വാസികളിൽ നിന്നു പ്രസംഗവേല നടത്തുന്ന വിധം പഠിക്കാൻ കഴിഞ്ഞു.
പെട്ടെന്നുതന്നെ രാജ്യസന്ദേശം യെരൂശലേമിന്റെ അതിരുകൾ കടന്ന് ബഹൂദൂരം വ്യാപിച്ചു. പൊ.യു. 62-നും 64-നും ഇടയ്‌ക്ക് പത്രൊസ് അപ്പൊസ്‌തലൻ “പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർ”ത്തിരുന്ന ക്രിസ്‌ത്യാനികൾക്ക് തന്റെ ആദ്യ ലേഖനം എഴുതി. ആ പ്രദേശങ്ങൾ എല്ലാം ഇപ്പോഴത്തെ ടർക്കിയിൽ ആണ്. (1 പത്രൊസ് 1:1) കൂടാതെ പാലസ്‌തീൻ, ലബനോൻ, സിറിയ, സൈപ്രസ്, ഗ്രീസ്, ക്രേത്ത, ഇറ്റലി എന്നിവിടങ്ങളിലും വിശ്വാസികൾ ഉണ്ടായിരുന്നു. പൊ.യു. 60-61-ൽ പൗലൊസ് കൊലൊസ്സ്യർക്ക് എഴുതിയപ്രകാരം, സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷി”ക്കപ്പെടുകയുണ്ടായി.—കൊലൊസ്സ്യർ 1:23.
ക്രിസ്‌ത്യാനികൾക്കു പരസ്‌പരം പ്രോത്സാഹനമേകാൻ കഴിഞ്ഞു എന്നതാണ് ഒരു സംഘടനയോടൊത്തു സഹവസിച്ചതിന്റെ രണ്ടാമത്തെ പ്രയോജനം. സഭയോടൊത്തു സഹവസിച്ചതിനാൽ ക്രിസ്‌ത്യാനികൾക്കു പ്രചോദനാത്മകമായ പ്രസംഗങ്ങൾ കേൾക്കാനും വിശുദ്ധ തിരുവെഴുത്തുകൾ ഒന്നിച്ചു പഠിക്കാനും വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന അനുഭവങ്ങൾ പങ്കുവെക്കാനും പ്രാർഥനയിൽ സഹവിശ്വാസികളോടു ചേരാനും സാധിച്ചു. (1 കൊരിന്ത്യർ 14-ാം അധ്യായം) പക്വതയുള്ള പുരുഷന്മാർക്ക് “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയി”ക്കാൻ കഴിഞ്ഞു.—1 പത്രൊസ് 5:2.
സഭാംഗങ്ങൾ എന്ന നിലയിൽ ക്രിസ്‌ത്യാനികൾ പരസ്‌പരം അടുത്ത് അറിയാനും സ്‌നേഹിക്കാനും ഇടയായി. പ്രവൃത്തികൾ 2:42; 14:27; 1 കൊരിന്ത്യർ 14:26; കൊലൊസ്സ്യർ 4:15, 16.
സഭയുമായുള്ള സഹവാസം ആദിമ ക്രിസ്‌ത്യാനികൾക്ക് ഒരു ഭാരമായി തോന്നിയതേ ഇല്ല. പകരം, അത് അവരെ കെട്ടുപണി ചെയ്യുകയും ശക്തീകരിക്കുകയുമാണു ചെയ്‌തത്.—ഒരു ഏകീകൃത ലോകവ്യാപക സഭ അഥവാ സംഘടന ആവശ്യമായിരുന്നതിന്റെ മറ്റൊരു കാരണം അത് ഐക്യം ഉന്നമിപ്പിക്കുമായിരുന്നു എന്നതാണ്. ക്രിസ്‌ത്യാനികൾ ‘യോജിപ്പിൽ സംസാരിക്കാൻ’ പഠിച്ചു. (1 കൊരിന്ത്യർ 1:10, NW) അതു മർമപ്രധാനമായിരുന്നു. സഭാംഗങ്ങൾ വ്യത്യസ്‌ത വിദ്യാഭ്യാസ-സാമൂഹിക പശ്ചാത്തലങ്ങളിൽനിന്ന് ഉള്ളവരായിരുന്നു. അവർ വ്യത്യസ്‌ത ഭാഷകൾ സംസാരിച്ചിരുന്നവരും വ്യക്തിത്വത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉള്ളവരും ആയിരുന്നു. (പ്രവൃത്തികൾ 2:1-11) ചില അവസരങ്ങളിൽ ഉദ്ദേശ്യശുദ്ധിയോടു കൂടിയ അഭിപ്രായ വ്യത്യാസങ്ങൾതന്നെ ഉണ്ടാകുമായിരുന്നു. പക്ഷേ അത്തരം അഭിപ്രായ വ്യത്യാസങ്ങൾ സഭയ്‌ക്കുള്ളിൽത്തന്നെ പരിഹരിക്കാൻ ക്രിസ്‌ത്യാനികൾക്കു സഹായം ലഭിച്ചു.—പ്രവൃത്തികൾ 15:1, 2; ഫിലിപ്പിയർ 4:2, 3.
പ്രാദേശിക മൂപ്പന്മാർക്കു കൈകാര്യം ചെയ്യാൻ സാധിക്കാഞ്ഞ ഗൗരവാവഹമായ പ്രശ്‌നങ്ങൾ പൗലൊസിനെ പോലുള്ള പക്വമതികളായ സഞ്ചാര മേൽവിചാരകന്മാരുടെ മുമ്പാകെ കൊണ്ടുവന്നിരുന്നു. ഉപദേശപരമായ സുപ്രധാന വിഷയങ്ങൾ യെരൂശലേമിലുള്ള കേന്ദ്ര ഭരണസംഘത്തിന്റെ പരിഗണനയ്‌ക്കു വിട്ടിരുന്നു. തുടക്കത്തിൽ ഈ ഭരണസംഘം യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ മാത്രം അടങ്ങിയതായിരുന്നു. പിന്നീട്, യെരൂശലേം സഭയിലെ പ്രായമേറിയ പുരുഷന്മാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അതു വിപുലീകരിച്ചു. പ്രസംഗ വേല സംഘടിപ്പിക്കാനും സേവന പദവികളിൽ പുരുഷന്മാരെ നിയമിക്കാനും ഉപദേശപരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനും ഭരണസംഘത്തിനും അതിന്റെ പ്രതിനിധികൾക്കും ഉള്ള ദൈവദത്ത അധികാരം ഓരോ സഭയും അംഗീകരിച്ചിരുന്നു. ഭരണസംഘം ഒരു പ്രശ്‌നത്തിന് തീർപ്പു കൽപ്പിച്ചപ്പോൾ സഭകൾ ആ തീരുമാനം അംഗീകരിക്കുകയും തങ്ങൾക്കു ലഭിച്ച ‘ആശ്വാസവചനത്തിൽ സന്തോഷി’ക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 15:1, 2, 28, 30, 31.
അതേ, ഒന്നാം നൂറ്റാണ്ടിൽ യഹോവ ഒരു സംഘടനയെ ഉപയോഗിച്ചു. എന്നാൽ ഇന്നോ?
ഇന്ന് നമുക്ക് ഒരു സംഘടന ആവശ്യമാണ്
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ ഇന്ന് യഹോവയുടെ സാക്ഷികളും രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നിയമനം ഗൗരവമായി എടുക്കുന്നു. ഈ വേല നിർവഹിക്കാനായി അവർ ബൈബിളുകളും ബൈബിൾ പഠന സഹായികളും വിതരണം ചെയ്യുന്നു. അതിനു സംഘാടനം ആവശ്യമാണ്.
ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ ശ്രദ്ധാപൂർവം തയ്യാറാക്കുകയും കൃത്യതയ്‌ക്കു വേണ്ടി പരിശോധിക്കുകയും ചെയ്‌തിട്ട്, അവ അച്ചടിച്ച് സഭകൾക്കു കയറ്റി അയയ്‌ക്കേണ്ടതുണ്ട്. തുടർന്ന്, വായിക്കാൻ ആഗ്രഹിക്കുന്നവരുടെ പക്കൽ ആ പ്രസിദ്ധീകരണങ്ങൾ എത്തിക്കാൻ ഓരോ ക്രിസ്‌ത്യാനിയും സ്വമേധയാ മുന്നോട്ടുവരണം. ഈ വിധത്തിൽ രാജ്യസന്ദേശം കോടിക്കണക്കിന് ആളുകളുടെ പക്കൽ എത്തിച്ചേർന്നിരിക്കുന്നു. സുവാർത്താ പ്രസംഗകർ തങ്ങളുടെ വേല ചിട്ടയോടെ ചെയ്യാൻ ശ്രമിക്കുന്നു. പ്രദേശത്തിന്റെ ചില ഭാഗങ്ങൾ കൂടെക്കൂടെ പ്രവർത്തിക്കുകയും അതേസമയം മറ്റു ഭാഗങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നില്ലെന്ന് അവർ ഉറപ്പുവരുത്തുന്നു. ഇതിനെല്ലാം സംഘാടനം ആവശ്യമാണ്.
‘ദൈവത്തിനു മുഖപക്ഷമില്ലാ’ത്തതിനാൽ ബൈബിളും ബൈബിൾ സാഹിത്യങ്ങളും പരിഭാഷപ്പെടുത്തേണ്ടതുണ്ട്. (പ്രവൃത്തികൾ 10:34) ഈ മാസിക ഇപ്പോൾ 132 ഭാഷകളിൽ ലഭ്യമാണ്. ഇതിന്റെ കൂട്ടുമാസികയായ ഉണരുക! 83 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. ഇതിന് ലോകമാസകലം സുസംഘടിതമായ പരിഭാഷാ സംഘങ്ങൾ ആവശ്യമാണ്.
ക്രിസ്‌തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കുപറ്റുമ്പോൾ സഭാംഗങ്ങൾക്കു പ്രോത്സാഹനം ലഭിക്കുന്നു. അവിടെ അവർ ഉണർവേകുന്ന ബൈബിൾ പ്രസംഗങ്ങൾ കേൾക്കുകയും തിരുവെഴുത്തുകൾ ഒന്നിച്ചു പഠിക്കുകയും കെട്ടുപണി ചെയ്യുന്ന അനുഭവങ്ങൾ പങ്കുവെക്കുകയും സഹവിശ്വാസികളോട് ഒപ്പം പ്രാർഥനയിൽ പങ്കുകൊള്ളുകയും ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിലെ തങ്ങളുടെ സഹോദരങ്ങളെ പോലെതന്നെ അവരും സ്‌നേഹനിധികളായ സഞ്ചാര മേൽവിചാരകന്മാരുടെ സന്ദർശനങ്ങൾ ആസ്വദിക്കുന്നു. അത് അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. അങ്ങനെ, ക്രിസ്‌ത്യാനികൾ ഇന്ന് “ഒരാട്ടിൻകൂട്ടവും ഒരിടയനും” ആയിത്തീരുന്നു.—യോഹന്നാൻ 10:16.
ആദിമ ക്രിസ്‌ത്യാനികളെ പോലെതന്നെ യഹോവയുടെ സാക്ഷികളും തീർച്ചയായും പൂർണരല്ല. എന്നിട്ടും, അവർ ഐക്യത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. തത്‌ഫലമായി, രാജ്യപ്രസംഗവേല ഭൂവ്യാപകമായി നിർവഹിക്കപ്പെടുന്നു.—പ്രവൃത്തികൾ 15:36-40; എഫെസ്യർ 4:13.
[31-ാം പേജിലെ ചിത്രം]
ക്രിസ്‌ത്യാനികൾ ഇന്ന് “ഒരാട്ടിൻകൂട്ടവും ഒരിടയനും” ആയിത്തീരുന്നു