വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പോളിഷ്‌ ബ്രദറെൻകാർ”—അവർ പീഡിപ്പിക്കപ്പെട്ടത്‌ എന്തുകൊണ്ട്‌?

“പോളിഷ്‌ ബ്രദറെൻകാർ”—അവർ പീഡിപ്പിക്കപ്പെട്ടത്‌ എന്തുകൊണ്ട്‌?

“പോളിഷ്‌ ബ്രദറെൻകാർ”അവർ പീഡിപ്പിക്കപ്പെട്ടത്‌ എന്തുകൊണ്ട്‌?

‘പോളിഷ്‌ ബ്രദറെൻകാർ’ എന്ന്‌ അറിയപ്പെട്ടിരുന്ന ഒരു ചെറിയ മതവിഭാഗത്തിന്‌ 1638-ൽ പോളിഷ്‌ പാർലമെന്റിൽനിന്ന്‌ ഒരു കനത്ത പ്രഹരമേൽക്കുകയുണ്ടായി. അവരുടെ ഒരു പള്ളിയും അച്ചടിയന്ത്രവും നശിപ്പിക്കപ്പെട്ടു. റാക്കോ യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടി. അവിടെ പഠിപ്പിച്ചിരുന്ന പ്രൊഫസർമാരെ നാടുകടത്തുകയും ചെയ്‌തു.

ഇരുപതു വർഷം കഴിഞ്ഞപ്പോൾ പാർലമെന്റ്‌ ഒരു പടി കൂടി മുന്നോട്ടു പോയി, ആ വിഭാഗത്തിലെ എല്ലാ അംഗങ്ങളോടും രാജ്യം വിട്ടുപോകാൻ അത്‌ ആവശ്യപ്പെട്ടു. 10,000-മോ അതിൽ കൂടുതലോ വരുമായിരുന്നു അവരുടെ സംഖ്യ. അക്കാലത്ത്‌ യൂറോപ്പിലെ ഏറ്റവും സഹിഷ്‌ണുത ഉള്ള രാജ്യങ്ങളിൽ ഒന്നായി കരുതപ്പെട്ടിരുന്ന പോളണ്ടിൽ സ്ഥിതിവിശേഷം ഇത്ര വഷളായത്‌ എങ്ങനെയാണ്‌? അത്തരം ക്രൂരമായ പെരുമാറ്റത്തിനു തക്കതായി എന്താണ്‌ ‘പോളിഷ്‌ ബ്രദറെൻകാർ’ ചെയ്‌തത്‌?

പോളണ്ടിലെ കാൽവിനിസ്റ്റ്‌ സഭയ്‌ക്കുള്ളിൽ ഉണ്ടായ ഗുരുതരമായ ഒരു പിളർപ്പായിരുന്നു അതിനെല്ലാം തുടക്കം കുറിച്ചത്‌. ത്രിത്വോപദേശം ആയിരുന്നു ഒരു പ്രമുഖ തർക്കവിഷയം. സഭയ്‌ക്കുള്ളിലെ ഒരു പുരോഗമന വിഭാഗത്തിന്റെ നേതാക്കന്മാർ ആ ഉപദേശം തിരുവെഴുത്തു വിരുദ്ധമാണെന്നു പറഞ്ഞു തള്ളിക്കളഞ്ഞു. ഇതു സഭാനേതൃത്വത്തെ പ്രകോപിപ്പിക്കുകയും പുരോഗമന വിഭാഗം സഭയിൽനിന്നു പിരിഞ്ഞുപോകാൻ ഇടയാക്കുകയും ചെയ്‌തു.

കാൽവിനിസ്റ്റുകൾ ആ വിമതരെ ആരിയൂസുകാർ * എന്നാണു വിളിച്ചിരുന്നത്‌. എന്നാൽ, ആ പുതിയ വിഭാഗത്തിലെ അംഗങ്ങൾ, ക്രിസ്‌ത്യാനികൾ അല്ലെങ്കിൽ ‘പോളിഷ്‌ ബ്രദറെൻകാർ’ എന്ന പേരു സ്വീകരിക്കാനാണ്‌ ഇഷ്‌ടപ്പെട്ടത്‌. സോക്കിനിയന്മാർ എന്നും അവർ അറിയപ്പെട്ടിരുന്നു. സെർവറ്റസിന്റെ ഒരു ഇറ്റാലിയൻ അനുഗാമി ആയിരുന്ന ലൈല്യൂസ്‌ സോക്കിനൂസിന്റെ പേരിൽ നിന്നാണ്‌ ആ പേര്‌ വന്നത്‌. അദ്ദേഹത്തിന്റെ അനന്തരവനായ ഫൗസ്റ്റസ്‌ സോക്കിനൂസ്‌ പോളണ്ടിലേക്കു വരുകയും പ്രസ്‌തുത പ്രസ്ഥാനത്തിൽ ഒരു പ്രമുഖൻ ആയിത്തീരുകയും ചെയ്‌തു.

പുതിയ സഭയ്‌ക്കു വളരുന്നതിനായി “ശാന്തവും ഏകാന്തവുമായ സ്ഥലം” നൽകാൻ അക്കാലത്തെ ഒരു പോളിഷ്‌ പ്രഭുവായ യാൻ ഷെന്യെൻസ്‌കി ശ്രമിക്കുകയുണ്ടായി. പോളണ്ടിലെ രാജാവ്‌ നൽകിയ പ്രത്യേക പദവി വിനിയോഗിച്ചുകൊണ്ട്‌ ഷെന്യെൻസ്‌കി റാക്കോ എന്ന പട്ടണം സ്ഥാപിച്ചു. അതാണ്‌ പിന്നീട്‌ പോളണ്ടിലെ സോക്കിനിയൻ പ്രസ്ഥാനത്തിന്റെ ആസ്ഥാനം ആയിത്തീർന്നത്‌. ആരാധനാ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള നിരവധി അവകാശങ്ങൾ ഷെന്യെൻസ്‌കി റാക്കോവിലെ പൗരന്മാർക്കു നൽകി.

കൊത്തുപണിക്കാരും വൈദ്യന്മാരും ഔഷധനിർമാതാക്കളും മറ്റു പട്ടണക്കാരും വ്യത്യസ്‌ത സമുദായങ്ങളിൽ നിന്നുള്ള മാന്യവ്യക്തികളും ഈ പുതിയ പട്ടണത്തിലേക്ക്‌ ആകർഷിതരായി. കൂടാതെ പോളണ്ട്‌, ലിത്വാനിയ, ട്രാൻസിൽവേനിയ, ഫ്രാൻസ്‌, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിൽ നിന്നുള്ള മതശുശ്രൂഷകരും അവിടേക്ക്‌ കൂട്ടം കൂട്ടമായി വന്നെത്തി. എന്നിരുന്നാലും, അവിടെ എത്തിയ പുതിയ എല്ലാവരുമൊന്നും സോക്കിനിയൻ വിശ്വാസങ്ങൾ സ്വീകരിച്ചില്ല; അങ്ങനെ തുടർന്നുള്ള മൂന്നു വർഷക്കാലം, അതായത്‌ 1569 മുതൽ 1572 വരെ, റാക്കോ അന്തമില്ലാത്ത ദൈവശാസ്‌ത്ര ചർച്ചകളുടെ ഒരു വേദി ആയിത്തീർന്നു. എന്തായിരുന്നു അതിന്റെ ഫലം?

ഭിന്നിച്ച ഒരു ഭവനം

സോക്കിനിയൻ പ്രസ്ഥാനം പിളർന്നു. തീവ്രവാദികൾ ഒരു പക്ഷത്തും മിതവാദികൾ മറുപക്ഷത്തും അണിനിരന്നു. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവരുടെ പൊതുവായ വിശ്വാസങ്ങൾ മറ്റുള്ളവരുടേതിൽ നിന്നു വിഭിന്നമായിരുന്നു. അവർ ത്രിത്വം തള്ളിക്കളയുകയും ശിശുസ്‌നാപനം ആചരിക്കാൻ വിസമ്മതിക്കുകയും ചെയ്‌തു; അവർ സാധാരണ ഗതിയിൽ ആയുധങ്ങൾ കൊണ്ടുനടക്കുമായിരുന്നില്ല, സർക്കാർ സ്ഥാനമാനങ്ങൾ വഹിക്കുകയും ചെയ്‌തിരുന്നില്ല. * നരകം ഒരു ദണ്ഡനസ്ഥലം ആണെന്ന വിശ്വാസം അവർ തള്ളിക്കളഞ്ഞു. ഇക്കാര്യങ്ങളിലൊന്നും അവർ പരക്കെ ഉണ്ടായിരുന്ന മതപാരമ്പര്യങ്ങൾ പിൻപറ്റിയില്ല.

കാൽവിനിസ്റ്റ്‌, കത്തോലിക്കാ വൈദികർ ഈ വിഭാഗത്തിനെതിരെ ശക്തമായ എതിർപ്പ്‌ ഇളക്കിവിട്ടു. എന്നാൽ, സിഗിസ്‌മണ്ട്‌ രണ്ടാമൻ അഗസ്റ്റസിനെയും സ്റ്റീഫൻ ബാത്തോറിയെയും പോലുള്ള പോളണ്ടുകാരായ രാജാക്കന്മാർ ഉന്നമിപ്പിച്ച മതസഹിഷ്‌ണുതയുടെ അന്തരീക്ഷം മുതലെടുത്തുകൊണ്ട്‌ സോക്കിനിയൻ മതശുശ്രൂഷകർ തങ്ങളുടെ ആശയങ്ങൾ പഠിപ്പിച്ചു.

ബുഡ്‌നിയുടെ പരിഭാഷ—ഒരു വഴിത്തിരിവ്‌

അക്കാലത്തു വളരെ പ്രചാരത്തിലുണ്ടായിരുന്ന കാൽവിനിസ്റ്റ്‌ ബൈബിൾ പരിഭാഷ പല വായനക്കാരുടെയും ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നത്‌ ആയിരുന്നില്ല. ആ പരിഭാഷ നിർവഹിച്ചത്‌ മൂല ഭാഷകളിൽനിന്ന്‌ ആയിരുന്നില്ല, പിന്നെയോ ലത്തീൻ വൾഗേറ്റിനെയും ഒരു സമകാലീന ഫ്രഞ്ച്‌ വിവർത്തനത്തെയും അടിസ്ഥാനമാക്കി ആയിരുന്നു. “മനോഹരമായ ശൈലിക്കു വേണ്ടി വിശ്വസ്‌തതയും ആശയകൃത്യതയും അവഗണിക്കപ്പെട്ടു,” ഒരു ആധികാരിക ഗ്രന്ഥം പറയുന്നു. അതിൽ തെറ്റുകൾ പലതും കടന്നുകൂടി. അതിനാൽ, ഷിമോൺ ബുഡ്‌നി എന്ന ഒരു പ്രസിദ്ധ പണ്ഡിതനെ ആ പരിഭാഷയിലെ പിശകുകൾ തിരുത്താൻ ക്ഷണിച്ചു. പഴയ പരിഭാഷ തിരുത്തുന്നതിനെക്കാൾ എളുപ്പം പുതിയ ഒരു പരിഭാഷ നിർവഹിക്കുന്നതായിരിക്കും എന്ന്‌ അദ്ദേഹം തീരുമാനിച്ചു. 1567-ൽ ബുഡ്‌നി അതിനുള്ള ശ്രമം ആരംഭിച്ചു.

പരിഭാഷ നിർവഹിച്ചപ്പോൾ, ബുഡ്‌നി ഓരോ പദവും അതിന്റെ ഭിന്നരൂപങ്ങളും മുമ്പൊരിക്കലും പോളണ്ടിലാരും ചെയ്‌തിട്ടല്ലാത്ത അത്ര സമഗ്രമായി അപഗ്രഥിച്ചു. ബുദ്ധിമുട്ടുള്ള എബ്രായ പാഠഭാഗങ്ങളുടെ അക്ഷരീയ പരിഭാഷ അദ്ദേഹം മാർജിനിൽ സൂചിപ്പിച്ചു. ആവശ്യമായി വന്നപ്പോൾ അദ്ദേഹം പുതിയ വാക്കുകൾ ഉണ്ടാക്കി. മാത്രമല്ല, തന്റെ നാളിൽ ഉപയോഗത്തിലിരുന്ന ലളിതമായ പോളിഷ്‌ ഭാഷ ഉപയോഗിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്‌തു. കുറ്റമറ്റതും കൃത്യതയുള്ളതുമായ ഒരു ബൈബിൾ പരിഭാഷ വായനക്കാരന്റെ മുമ്പാകെ സമർപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ബുഡ്‌നി പരിഭാഷപ്പെടുത്തിയ മുഴു ബൈബിളും 1572-ൽ പ്രസിദ്ധീകരിച്ചു. എന്നിരുന്നാലും, അതു പ്രസിദ്ധീകരിച്ചവർ അദ്ദേഹം നിർവഹിച്ച ഗ്രീക്കു തിരുവെഴുത്തുകളുടെ പരിഭാഷയിൽ മാറ്റങ്ങൾ വരുത്തി. അതിൽ പതറാതെ, ഒരു പരിഷ്‌കൃത ഭാഷാന്തരം തയ്യാറാക്കാൻ ബുഡ്‌നി ശ്രമം തുടങ്ങി. രണ്ടു വർഷം കൊണ്ട്‌ അതു പൂർത്തിയായി. ബുഡ്‌നി നിർവഹിച്ച ഗ്രീക്കു തിരുവെഴുത്തുകളുടെ ആ മികച്ച പരിഭാഷ മുൻ പോളിഷ്‌ പരിഭാഷകളെക്കാൾ ശ്രേഷ്‌ഠമായിരുന്നു എന്നു മാത്രമല്ല, അദ്ദേഹം അതിന്റെ പല ഭാഗങ്ങളിലും യഹോവ എന്ന ദിവ്യനാമം പുനഃസ്ഥിതീകരിക്കുകയും ചെയ്‌തു.

16-ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലും 17-ാം നൂറ്റാണ്ടിന്റെ ആദ്യത്തെ മൂന്നു ദശകങ്ങളിലും, പോളിഷ്‌ ബ്രദറെൻ പ്രസ്ഥാനത്തിന്റെ തലസ്ഥാനമായ റാക്കോ ഒരു മത-ബൗദ്ധിക കേന്ദ്രം ആയിത്തീർന്നു. അവരുടെ നേതാക്കന്മാരും എഴുത്തുകാരും ലഘുലേഖകളും മറ്റു കൃതികളും അവിടെ പ്രസിദ്ധീകരിക്കുകയുണ്ടായി.

അവർ വിദ്യാഭ്യാസം ഉന്നമിപ്പിച്ചു

1600 എന്ന വർഷം ആയപ്പോഴേക്കും റാക്കോയിൽ ഒരു അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടതിനാൽ പോളിഷ്‌ ബ്രദറെൻകാരുടെ പ്രസിദ്ധീകരണ വേലയുടെ ആക്കം വർധിച്ചു. ആ അച്ചടിയന്ത്രത്തിനു ചെറിയ ലേഖനങ്ങളും വലിയ പുസ്‌തകങ്ങളും നിരവധി ഭാഷകളിൽ ഉത്‌പാദിപ്പിക്കാൻ കഴിയുമായിരുന്നു. ഒരു അച്ചടികേന്ദ്രം എന്ന നിലയിൽ റാക്കോ യൂറോപ്പിലെ ഏറ്റവും മികച്ച അച്ചടിശാലകളോടു കിടപിടിക്കുന്നതായിരുന്നു. അടുത്ത 40 വർഷംകൊണ്ട്‌ ഈ അച്ചടിയന്ത്രത്തിൽ 200 പ്രസിദ്ധീകരണങ്ങളെങ്കിലും അച്ചടിക്കപ്പെട്ടതായി കരുതപ്പെടുന്നു. പോളിഷ്‌ ബ്രദറെൻകാരുടെ വകയായി അടുത്തുതന്നെ ഉണ്ടായിരുന്ന ഒരു കടലാസു ഫാക്‌ടറി ഈ സാഹിത്യങ്ങളുടെ ഉത്‌പാദനത്തിനായി ഉയർന്ന ഗുണമേന്മയുള്ള കടലാസ്‌ പ്രദാനം ചെയ്‌തിരുന്നു.

തങ്ങളുടെ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യം പോളിഷ്‌ ബ്രദറെൻകാർ പെട്ടെന്നുതന്നെ മനസ്സിലാക്കി. അതിനായി 1602-ൽ അവർ റാക്കോ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു. പോളിഷ്‌ ബ്രദറെൻകാരുടെ പുത്രന്മാരും അതുപോലെതന്നെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായ ആൺകുട്ടികളും അവിടെ പഠിച്ചിരുന്നു. ആ യൂണിവേഴ്‌സിറ്റി ഒരു ദൈവശാസ്‌ത്ര സെമിനാരി ആയിരുന്നെങ്കിലും, മതം ആയിരുന്നില്ല അവിടെ പഠിപ്പിച്ചിരുന്ന ഏക വിഷയം. വിദേശ ഭാഷകൾ, സദാചാരസംഹിത, സാമ്പത്തികശാസ്‌ത്രം, ചരിത്രം, നിയമം, യുക്തിചിന്ത, പ്രകൃതിശാസ്‌ത്രങ്ങൾ, ഗണിതശാസ്‌ത്രം, വൈദ്യം, കായികപരിശീലനം തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. ആ യൂണിവേഴ്‌സിറ്റിയിൽ വലിയൊരു ഗ്രന്ഥശാലയും ഉണ്ടായിരുന്നു. പ്രാദേശികമായി നടത്തിയ അച്ചടിയുടെ ഫലമായി, അതിലെ പുസ്‌തകങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു.

17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പോളിഷ്‌ ബ്രദറെൻകാരുടെ അഭിവൃദ്ധി അനവരതം തുടരുമെന്നതു പോലെ കാണപ്പെട്ടു. എങ്കിലും, സംഭവിച്ചത്‌ അതായിരുന്നില്ല.

സഭയും രാഷ്‌ട്രവും തിരിച്ചടിക്കുന്നു

പോളിഷ്‌ സയൻസ്‌ അക്കാദമിയിലെ സ്‌ബിഗ്‌നിയെവ്‌ ഒഗൊനൊഫ്‌സ്‌കി ഇങ്ങനെ വിശദീകരിക്കുന്നു: “17-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ ഒടുവിൽ പോളണ്ടിലെ ആരിയൂസുകാരുടെ അവസ്ഥ പെട്ടെന്നു വഷളാകാൻ തുടങ്ങി.” കത്തോലിക്കാ വൈദികരുടെ വർധിച്ച ഇടപെടലാണ്‌ അതിനു കാരണം. പോളിഷ്‌ ബ്രദറെൻകാരെ അപകീർത്തിപ്പെടുത്താൻ അപവാദപ്രചരണവും അപലപനവും ഉൾപ്പെടെ വൈദികർ സാധ്യമായ എല്ലാ മാർഗവും അവലംബിച്ചു. പോളണ്ടിലെ മാറിവന്ന രാഷ്‌ട്രീയ സാഹചര്യം അവരുടെ ആക്രമണത്തിനു കൂടുതൽ കരുത്തേകി. പോളണ്ടിലെ പുതിയ രാജാവായ സിഗ്‌മൂണ്ട്‌ മൂന്നാമൻ വാസ, പോളിഷ്‌ ബ്രദറെൻകാരുടെ ഒരു ശത്രു ആയിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമികളും, പ്രത്യേകിച്ച്‌ ജോൺ രണ്ടാമൻ കാസിമിർ വാസ, പോളിഷ്‌ ബ്രദറെൻകാരെ തുരത്താനുള്ള കത്തോലിക്കാ സഭയുടെ ശ്രമങ്ങളെ പിന്തുണച്ചു.

റാക്കോയിലെ ചില വിദ്യാർഥികൾ ഒരു കുരിശിനെ മനപ്പൂർവം നിന്ദിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നപ്പോൾ സ്ഥിതിഗതികൾ ഏറ്റവും വഷളായി. ഈ സംഭവം പോളിഷ്‌ ബ്രദറെൻ പ്രസ്ഥാനത്തിന്റെ ആസ്ഥാനം നശിപ്പിക്കുന്നതിനുള്ള ഒരു മറ ആയിത്തീർന്നു. റാക്കോ യൂണിവേഴ്‌സിറ്റിയുടെ അധികാരി യൂണിവേഴ്‌സിറ്റിയെയും അവിടത്തെ അച്ചടിപ്രവർത്തനത്തെയും പിന്താങ്ങുകവഴി ‘ദുഷ്‌ടത വ്യാപിപ്പിക്കുക’യാണെന്ന്‌ പാർലമെന്റ്‌ കോടതി മുമ്പാകെ ആരോപിക്കപ്പെട്ടു. ബ്രദറെൻകാർ അട്ടിമറി പ്രവർത്തനങ്ങളിലും മദിരോത്സവങ്ങളിലും അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതായും ആരോപണം ഉയർന്നു. റാക്കോ യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടാനും അച്ചടിശാലയും പോളിഷ്‌ ബ്രദറെൻകാരുടെ പള്ളിവകയായുള്ള സ്വത്തുക്കളും നശിപ്പിക്കാനും പാർലമെന്റ്‌ തീരുമാനിച്ചു. പട്ടണം വിട്ടുപോകാൻ അതിലെ വിശ്വാസികൾക്ക്‌ ഉത്തരവു ലഭിച്ചു. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർമാരെ രാജ്യത്തുനിന്നു പുറത്താക്കി. അവർ അവിടേക്കു മടങ്ങിവന്നാൽ വധിക്കപ്പെടുമായിരുന്നു. പോളിഷ്‌ ബ്രദറെൻകാരിൽ ചിലർ സൈലിഷിയ, സ്ലൊവാക്യ തുടങ്ങിയ കൂടുതൽ സുരക്ഷിതമായ മേഖലകളിലേക്കു മാറിപ്പാർത്തു.

പോളിഷ്‌ ബ്രദറെൻകാർ മൂന്നു വർഷത്തിനുള്ളിൽ തങ്ങളുടെ സ്വത്തുക്കൾ വിറ്റ്‌ വിദേശ രാജ്യങ്ങളിലേക്കു മാറിത്താമസിച്ചുകൊള്ളണമെന്ന്‌ 1658-ൽ പാർലമെന്റ്‌ ഉത്തരവിട്ടു. പിന്നീട്‌, ആ കാലയളവ്‌ രണ്ടു വർഷമാക്കി ചുരുക്കി. ആ കാലയളവിനു ശേഷം പ്രസ്‌തുത വിശ്വാസം വെച്ചുപുലർത്തുന്ന ഏതൊരാളും വധിക്കപ്പെടുമായിരുന്നു.

ചില സോക്കിനിയന്മാർ നെതർലൻഡ്‌സിൽ താമസമാക്കുകയും അവിടെ തങ്ങളുടെ അച്ചടിപ്രവർത്തനം തുടരുകയും ചെയ്‌തു. 18-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ട്രാൻസിൽവേനിയയിൽ ഒരു സഭ പ്രവർത്തിക്കുകയുണ്ടായി. അവർ വാരത്തിൽ മൂന്നു യോഗങ്ങൾ വരെ നടത്തിയിരുന്നു. ആ യോഗങ്ങളിൽ അവർ സങ്കീർത്തനങ്ങൾ ആലപിക്കുകയും പ്രസംഗങ്ങൾ നടത്തുകയും തങ്ങളുടെ ഉപദേശങ്ങൾ വിശദീകരിക്കാൻ തയ്യാറാക്കിയ വേദപാഠം വായിക്കുകയും ചെയ്‌തിരുന്നു. സഭയുടെ വിശുദ്ധി നിലനിർത്താൻ സഹവിശ്വാസികളെ തിരുത്തുകയും പ്രബോധിപ്പിക്കുകയും ആവശ്യമെങ്കിൽ പുറത്താക്കുകയും ചെയ്‌തിരുന്നു.

പോളിഷ്‌ ബ്രദറെൻകാർ ദൈവവചന വിദ്യാർഥികൾ ആയിരുന്നു. അവർ ചില അമൂല്യ സത്യങ്ങൾ കണ്ടെത്തുകയും അവ മറ്റുള്ളവരുമായി നിസ്സങ്കോചം പങ്കുവെക്കുകയും ചെയ്‌തു. ഒടുവിൽ, യൂറോപ്പിന്റെ നാനാ ഭാഗങ്ങളിലേക്കു ചിതറിക്കപ്പെട്ട അവർ തങ്ങളുടെ ഐക്യം നിലനിർത്തുക ഒന്നിനൊന്നു ബുദ്ധിമുട്ടാണെന്നു കണ്ടെത്തി. കാലാന്തരത്തിൽ, പോളിഷ്‌ ബ്രദറെൻ സമൂഹം അസ്‌തിത്വത്തിൽനിന്നു തിരോഭവിച്ചു.

[അടിക്കുറിപ്പുകൾ]

^ ഖ. 5 പിതാവിനെക്കാൾ താണ സ്ഥാനമേ യേശുവിനുള്ളൂ എന്നു വാദിച്ച ഒരു അലക്‌സാണ്ട്രിയൻ പുരോഹിതൻ ആയിരുന്നു ആരിയൂസ്‌ (പൊ.യു. 250-336). പൊ.യു. 325-ലെ നിഖ്യാ കൗൺസിൽ അദ്ദേഹത്തിന്റെ വീക്ഷണം തള്ളിക്കളയുകയുണ്ടായി.—1989 ജൂൺ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 27-ാം പേജ്‌ കാണുക.

^ ഖ. 9 1988 നവംബർ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 19-ാം പേജിലുള്ള “സോക്കിനിയന്മാർ—അവർ ത്രിത്വം തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ട്‌?” എന്ന ലേഖനം കാണുക.

[23-ാം പേജിലെ ചിത്രം]

ഈ വീട്‌ ഒരു സോക്കിനിയൻ മതശുശ്രൂഷകന്റേത്‌ ആയിരുന്നു

[23-ാം പേജിലെ ചിത്രം]

മുകളിൽ: റാക്കോ ഇന്ന്‌; “ആരിയൂസ്‌ വാദ”ത്തിന്റെ അവസാന കണികയും തുടച്ചുനീക്കാനായി 1650-ൽ സ്ഥാപിക്കപ്പെട്ട മഠമാണ്‌ വലത്ത്‌; താഴെ: പോളിഷ്‌ ബ്രദറെൻകാരുമായി കലഹം ഉണ്ടാക്കാൻ കത്തോലിക്കാ വൈദികർ ഈ സ്ഥലത്ത്‌ ഒരു കുരിശ്‌ സ്ഥാപിച്ചു

[21-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Title card of Biblia nieświeska by Szymon Budny, 1572