വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൗവനകാലം മുതൽ സ്രഷ്‌ടാവിനെ ഓർമിക്കുന്നു

യൗവനകാലം മുതൽ സ്രഷ്‌ടാവിനെ ഓർമിക്കുന്നു

ജീവിത കഥ

യൗവനകാലം മുതൽ സ്രഷ്‌ടാവിനെ ഓർമിക്കുന്നു

ഡേവിഡ്‌ ഇസ്സഡ്‌. ഹിബ്‌ഷ്‌മൻ പറഞ്ഞ പ്രകാരം

“എന്റെ മരണം അടുത്തിരിക്കുന്നു. ഞാൻ യഹോവയോടു വിശ്വസ്‌ത പാലിച്ചിരിക്കുന്നു എന്നാണ്‌ എന്റെ തികഞ്ഞ വിശ്വാസം. എന്റെ ഡേവിഡിനെ കാത്തുകൊള്ളേണമേ എന്ന്‌ ഞാൻ അവനോടു യാചിക്കുന്നു. അദ്ദേഹത്തെയും ഇത്ര നല്ലൊരു ദാമ്പത്യ ജീവിതം എനിക്കു തന്നതിനെയും പ്രതി, യഹോവേ, നിനക്കു നന്ദി. അത്‌ ഏറെ സംതൃപ്‌തിദായകവും സന്തോഷപ്രദവുമായിരുന്നു!”

എന്റെ ഭാര്യ ഹെലൻ ഡയറിയിൽ അവസാനമായി എഴുതിയ കുറിപ്പാണ്‌ അത്‌. 1992 മാർച്ചിൽ അവളുടെ ശവസംസ്‌കാര ശേഷം അതു കണ്ടെത്തിയപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ എന്തെന്ന്‌ ഒന്നു ചിന്തിച്ചു നോക്കുക. അതിന്‌ വെറും അഞ്ചു മാസം മുമ്പാണ്‌ ഹെലന്റെ മുഴുസമയ ശുശ്രൂഷയുടെ 60-ാം വാർഷികം ഞങ്ങൾ ആഘോഷിച്ചത്‌.

ഐക്യനാടുകളിലെ ഒഹായോവിലുള്ള കൊളംബസിൽ 1931-ൽ നടന്ന കൺവെൻഷനിൽ ഹെലനും ഞാനും അടുത്തടുത്തിരുന്ന ദിവസം ഇപ്പോഴും എന്റെ മനസ്സിൽ വ്യക്തമായുണ്ട്‌. ഹെലന്‌ അന്ന്‌ കഷ്‌ടിച്ച്‌ 14 വയസ്സ്‌. എന്നാൽ ആ കൺവെൻഷന്റെ പ്രാധാന്യം എന്നെക്കാൾ മെച്ചമായി അവൾ മനസ്സിലാക്കിയിരുന്നു. താമസിയാതെ, ഹെലനും അവളുടെ വിധവയായ അമ്മയും പയനിയറിങ്‌—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷയെ അങ്ങനെയാണു വിളിക്കുന്നത്‌—തുടങ്ങിയപ്പോൾ ശുശ്രൂഷയിലുള്ള അവളുടെ ഉത്സാഹം പ്രകടമായി. അവർ സുഖസൗകര്യങ്ങളുള്ള തങ്ങളുടെ വീട്‌ ഉപേക്ഷിച്ച്‌ ഐക്യനാടുകളുടെ തെക്കൻ ഗ്രാമപ്രദേശങ്ങളിൽ പോയി സുവാർത്ത പ്രസംഗിച്ചു.

എന്റെ ക്രിസ്‌തീയ പൈതൃകം

1910-ൽ എന്റെ മാതാപിതാക്കൾ രണ്ടു കൊച്ചു കുട്ടികളെയും കൊണ്ട്‌ കിഴക്കൻ പെൻസിൽവേനിയയിൽ നിന്ന്‌ സംസ്ഥാനത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗ്രോവ്‌ സിറ്റിയിലേക്കു താമസം മാറി. അവർ അവിടെ തവണവ്യവസ്ഥയിൽ പണമടച്ച്‌ തരക്കേടില്ലാത്ത ഒരു വീട്‌ വാങ്ങി. അവർ റീഫോംഡ്‌ സഭയിലെ സജീവ അംഗങ്ങളാകുകയും ചെയ്‌തു. താമസിയാതെ, ഒരു ബൈബിൾ വിദ്യാർഥിയായ വില്യം ഇവാൻസ്‌ അവരെ സന്ദർശിച്ചു—അക്കാലത്ത്‌ ബൈബിൾ വിദ്യാർഥികൾ എന്നാണ്‌ യഹോവയുടെ സാക്ഷികളെ വിളിച്ചിരുന്നത്‌. അന്ന്‌ എന്റെ അച്ഛന്‌ ഏകദേശം 25 വയസ്സുണ്ടായിരുന്നു. അമ്മ അച്ഛനെക്കാൾ അഞ്ചു വയസ്സിന്‌ ഇളയതായിരുന്നു. സൗഹൃദപ്രകൃതമുള്ള ആ വെയ്‌ൽസുകാരൻ പറഞ്ഞത്‌ അവർ ശ്രദ്ധിച്ചു കേൾക്കുകയും അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിക്കുകയും ചെയ്‌തു. പെട്ടെന്നുതന്നെ അവർ തങ്ങൾ പഠിക്കുന്ന ബൈബിൾ സത്യങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ തുടങ്ങി.

സഭയോടു കൂടുതൽ അടുത്തായിരിക്കാൻ, അച്ഛൻ കുടുംബത്തെയും കൂട്ടി 40 കിലോമീറ്റർ അകലെയുള്ള ഷാരോൺ എന്ന പട്ടണത്തിലേക്കു താമസം മാറി. ഏതാനും മാസങ്ങൾക്കു ശേഷം, 1911-ലോ 1912-ലോ ആയിരിക്കണം, അച്ഛനും അമ്മയും സ്‌നാപനമേറ്റു. വാച്ച്‌ടവർ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്‌ ആയിരുന്ന ചാൾസ്‌ ടെയ്‌സ്‌ റസ്സലാണ്‌ അവരുടെ സ്‌നാപന പ്രസംഗം നടത്തിയത്‌. 1916 ഡിസംബർ 4-നാണ്‌ എന്റെ ജനനം. എന്റെ മാതാപിതാക്കൾക്ക്‌ അപ്പോൾത്തന്നെ നാലു കുട്ടികൾ ഉണ്ടായിരുന്നു. “മറ്റൊരു പ്രിയ സഹോദരനെ കൂടി ലഭിച്ചിരിക്കുന്നു” എന്നാണു ഞാൻ ജനിച്ചപ്പോൾ എന്നെക്കുറിച്ചു പറയപ്പെട്ടത്‌. അങ്ങനെ “പ്രിയപ്പെട്ടവൻ” എന്ന്‌ അർഥമുള്ള ഡേവിഡ്‌ എന്ന പേര്‌ എനിക്കു ലഭിച്ചു.

എനിക്കു വെറും നാല്‌ ആഴ്‌ച പ്രായമുള്ളപ്പോൾ ഞങ്ങളുടെ കുടുംബം ഒരു കൺവെൻഷനു പോയി, എന്റെ ആദ്യത്തെ കൺവെൻഷൻ! അന്നൊക്കെ, എന്റെ പിതാവും ജ്യേഷ്‌ഠന്മാരും അനേകം കിലോമീറ്ററുകൾ നടന്നാണ്‌ സഭായോഗങ്ങൾക്കു പോയിരുന്നത്‌. അമ്മ എന്നെയും പെങ്ങളെയും കൂട്ടി ട്രാമിൽ പോകുമായിരുന്നു. യോഗങ്ങൾ രണ്ടു സെഷനുകളായിട്ടാണു നടത്തിയിരുന്നത്‌, രാവിലെയും ഉച്ചകഴിഞ്ഞും. വീട്ടിലെത്തിയാൽ, വീക്ഷാഗോപുരത്തിലെയും സുവർണയുഗത്തിലെയും—ഉണരുക!യുടെ മുമ്പത്തെ പേര്‌—ലേഖനങ്ങളെ കുറിച്ചായിരുന്നു ചർച്ച.

നല്ല മാതൃകകളിൽനിന്നു പ്രയോജനം

അക്കാലത്ത്‌ സഞ്ചാര ശുശ്രൂഷകരെ പിൽഗ്രിമുകൾ എന്നാണു വിളിച്ചിരുന്നത്‌. നിരവധി പിൽഗ്രിമുകൾ ഞങ്ങളുടെ സഭ സന്ദർശിച്ചു. അവർ സാധാരണഗതിയിൽ ഒന്നോ രണ്ടോ ദിവസം ഞങ്ങളോടൊപ്പം ചെലവഴിക്കുമായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്ന അത്തരമൊരു പ്രസംഗകനാണ്‌ വാൾട്ടർ ജെ. തോൺ. ‘യൗവനകാലത്ത്‌’ തന്റെ മഹാ സ്രഷ്ടാവിനെ ഓർത്ത ഒരു വ്യക്തിയാണ്‌ അദ്ദേഹം. (സഭാപ്രസംഗി 12:1) കുട്ടിക്കാലത്ത്‌ ഞാൻ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിക്കാൻ പിതാവിന്റെ കൂടെ പോകുമായിരുന്നു. മനുഷ്യവർഗത്തിന്റെ ചരിത്രത്തെ കുറിച്ചു പ്രതിപാദിക്കുന്ന, നാലു ഭാഗങ്ങളുള്ള ഒരു ദൃശ്യ-ശ്രാവ്യ പരിപാടി ആയിരുന്നു അത്‌.

ഇവാൻസ്‌ സഹോദരനും ഭാര്യ മിരിയാമിനും കുട്ടികളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അവർ ഞങ്ങളുടെ കുടുംബത്തിന്‌ ആത്മീയ അർഥത്തിൽ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും ആയിത്തീർന്നു. ഇവാൻസ്‌ സഹോദരൻ എന്റെ പിതാവിനെ എപ്പോഴും “മകനേ” എന്നാണു വിളിച്ചിരുന്നത്‌. അദ്ദേഹവും മിരിയാമുമാണ്‌ ഞങ്ങളുടെ കുടുംബത്തിൽ സുവാർത്താ പ്രസംഗത്തിന്റെ ആത്മാവ്‌ നട്ടത്‌. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, സ്വാൻസി പ്രദേശത്തു ബൈബിൾ സത്യം എത്തിക്കുന്നതിനായി ഇവാൻസ്‌ സഹോദരൻ പല പ്രാവശ്യം വെയ്‌ൽസിൽ പോയിട്ടുണ്ട്‌. അമേരിക്കക്കാരനായ മതപ്രസംഗകൻ എന്നാണ്‌ അവിടങ്ങളിൽ അദ്ദേഹം അറിയപ്പെട്ടത്‌.

1928-ൽ, ഇവാൻസ്‌ സഹോദരൻ തന്റെ ജോലി ഉപേക്ഷിച്ച്‌ വെസ്റ്റ്‌ വിർജീനിയ മലനിരകളിൽ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. എന്റെ രണ്ടു ജ്യേഷ്‌ഠന്മാർ, 21 വയസ്സുള്ള ക്ലാരൻസും 19 വയസ്സുള്ള കാളും, അദ്ദേഹത്തിന്റെ കൂടെ പോകുമായിരുന്നു. ഞങ്ങൾ നാല്‌ ആൺകുട്ടികളും നിരവധി വർഷങ്ങൾ മുഴുസമയ ശുശ്രൂഷയിൽ ചെലവഴിക്കുകയുണ്ടായി. വാസ്‌തവത്തിൽ, യൗവനകാലത്തുതന്നെ ഞങ്ങൾ നാലാളും യഹോവയുടെ സാക്ഷികളുടെ സഞ്ചാര മേൽവിചാരകന്മാരായി സേവിച്ചു. അമ്മയുടെ ഏറ്റവും ഇളയ സഹോദരിയായ മേരി—ഇപ്പോൾ അവർക്ക്‌ 90-ന്‌ മേൽ പ്രായമുണ്ട്‌—അടുത്തയിടെ എനിക്ക്‌ ഇപ്രകാരം എഴുതി: “ഇവാൻസ്‌ സഹോദരൻ ശുശ്രൂഷയോടു കാട്ടിയ തീക്ഷ്‌ണതയെയും ഗ്രോവ്‌ സിറ്റിയിൽ നടത്തിയ സന്ദർശനത്തെയും പ്രതി നാം എത്ര നന്ദിയുള്ളവരാണ്‌!” യൗവനകാലം മുതൽ സ്രഷ്‌ടാവിനെ ഓർത്ത മറ്റൊരു വ്യക്തിയാണ്‌ എന്റെ ആന്റി മേരി.

കൺവെൻഷനുകളിൽ സംബന്ധിക്കുന്നു

1922-ൽ ഒഹായോവിലെ സീഡാർ പോയിന്റിൽ നടന്ന ചരിത്രപ്രധാനമായ കൺവെൻഷനിൽ സംബന്ധിക്കാൻ പിതാവിനും ക്ലാരൻസിനും മാത്രമേ സാധിച്ചുള്ളൂ. എന്നാൽ, 1924 ആയപ്പോഴേക്കും ഞങ്ങൾ ഒരു വാഹനം വാങ്ങി. ഞങ്ങളുടെ മുഴു കുടുംബവും ഒഹായോവിലെ കൊളംബസിൽ നടന്ന കൺവെൻഷനു പോയി. എട്ടു ദിവസം നീണ്ടുനിന്ന കൺവെൻഷൻ സമയത്ത്‌ ആഹാരത്തിനായി കുട്ടികളായ ഞങ്ങൾ സ്വന്തം സമ്പാദ്യങ്ങൾ ഉപയോഗിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. കുടുംബത്തിലെ ഓരോ അംഗവും സ്വന്തം ചെലവുകൾ വഹിക്കാൻ പഠിക്കണം എന്നതായിരുന്നു മാതാപിതാക്കളുടെ അഭിപ്രായം. അതുകൊണ്ട്‌ ഞങ്ങൾ കോഴികളെയും മുയലുകളെയും തേനീച്ചയെയുമൊക്കെ വളർത്തിയിരുന്നു. കൂടാതെ ഞങ്ങൾ ആൺകുട്ടികൾ പത്രവിതരണത്തിനും പോയിരുന്നു.

1927-ൽ കാനഡയിലെ ടൊറന്റോ കൺവെൻഷന്റെ സമയം ആയപ്പോഴേക്കും ഞങ്ങൾക്ക്‌ ആറു മാസം പ്രായമുള്ള ഒരു കൊച്ചു സഹോദരൻ കൂടി ഉണ്ടായിരുന്നു—പോൾ. വിവാഹിതയായ ഒരു ആന്റിയോടൊപ്പം വീട്ടിലിരുന്ന്‌ പോളിനെ നോക്കേണ്ട ചുമതല എന്നെ ഏൽപ്പിച്ചിട്ട്‌ മാതാപിതാക്കൾ മറ്റു കുട്ടികളോടൊപ്പം ടൊറന്റോയിലെ ആ കൺവെൻഷനു പോയി. അതിനു പ്രതിഫലമായി എനിക്ക്‌ പത്തു ഡോളർ കിട്ടി. അതുപയോഗിച്ച്‌ ഞാനൊരു പുതിയ സൂട്ട്‌ വാങ്ങി. യോഗങ്ങൾക്കു നന്നായി വസ്‌ത്രധാരണം ചെയ്യാനും വസ്‌ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഞങ്ങൾക്കു പരിശീലനം കിട്ടിയിരുന്നു.

1931-ൽ ഒഹായോവിലെ കൊളംബസിൽ നടന്ന ചരിത്രപ്രധാന കൺവെൻഷന്റെ സമയമായപ്പോഴേക്കും ക്ലാരൻസിന്റെയും കാളിന്റെയും വിവാഹം കഴിഞ്ഞിരുന്നു. അവർ ഭാര്യമാരുമൊത്ത്‌ പയനിയറിങ്‌ നടത്തുകയായിരുന്നു. ആ രണ്ടു ദമ്പതികളും താമസിച്ചിരുന്നത്‌ സ്വന്തമായി ഉണ്ടാക്കിയ ഒരു വാഹന ഭവനത്തിലായിരുന്നു. കാൾ വിവാഹം ചെയ്‌തത്‌ വെസ്റ്റ്‌ വിർജീനിയയിലുള്ള വീലിങ്ങിലെ ക്ലെയർ ഹൗസ്റ്റൺ എന്ന സഹോദരിയെ ആയിരുന്നു. അങ്ങനെയാണ്‌ ഞാനും ക്ലെയറിന്റെ ഇളയ സഹോദരിയായ ഹെലനും കൊളംബസ്‌ കൺവെൻഷന്‌ ഒന്നിച്ചിരിക്കാൻ ഇടവന്നത്‌.

മുഴുസമയ ശുശ്രൂഷ

1932-ൽ 15-ാമത്തെ വയസ്സിൽ ഞാൻ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിറ്റേ വർഷം, സൗത്ത്‌ കരോലിനയിൽ പയനിയറിങ്‌ നടത്തിക്കൊണ്ടിരുന്ന എന്റെ സഹോദരനായ ക്ലാരൻസിന്‌ ഞാൻ ഒരു പഴയ കാർ എത്തിച്ചുകൊടുത്തു. പയനിയർ സേവനത്തിന്‌ അപേക്ഷിച്ച ഞാൻ ക്ലാരൻസിന്റെയും ഭാര്യയുടെയും കൂടെ പ്രവർത്തിക്കാൻ തുടങ്ങി. അന്ന്‌, കെന്റക്കിയിലെ ഹോപ്‌കിൻസ്‌വില്ലിൽ പയനിയറിങ്‌ നടത്തുകയായിരുന്ന ഹെലന്‌ ഞാൻ ആദ്യമായി ഒരു കത്തെഴുതി. മറുപടിക്കത്തിൽ അവൾ ചോദിച്ചു: “താങ്കൾ ഒരു പയനിയറാണോ?”

അതിനു മറുപടിയായി അയച്ച കത്തിൽ—60 വർഷം കഴിഞ്ഞ്‌ മരിക്കുന്നതു വരെ ഹെലൻ അതു സൂക്ഷിച്ചുവെച്ചിരുന്നു—ഞാൻ ഇങ്ങനെ എഴുതി: “അതേ, ഞാനൊരു പയനിയറാണ്‌. എന്നെന്നും ഒരു പയനിയറായി തുടരാനും ആശിക്കുന്നു.” ആ കത്തിൽ, രാജ്യം, ലോകത്തിന്റെ പ്രത്യാശ (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകം എന്റെ നിയമന പ്രദേശത്തുള്ള വൈദികർക്കും നീതിന്യായ ഉദ്യോഗസ്ഥർക്കും വിതരണം ചെയ്‌തതിനെ കുറിച്ചു ഞാൻ ഹെലന്‌ എഴുതി.

1933-ൽ, പിതാവ്‌ എനിക്കായി വാഹനത്തിൽ ഒരു കൂടാരം ഉണ്ടാക്കിത്തന്നു. അതിനു രണ്ടര മീറ്റർ നീളവും രണ്ടു മീറ്റർ വീതിയും ഉണ്ടായിരുന്നു. നാട്ടിനിർത്തിയ വണ്ണം കുറഞ്ഞ ദണ്ഡുകളിൽ പടുത വലിച്ചുകെട്ടി ആയിരുന്നു അതിന്റെ വശങ്ങൾ നിർമിച്ചത്‌. അതിനു മുന്നിലും പിന്നിലുമായി ഓരോ ജാലകവും ഉണ്ടായിരുന്നു. പയനിയറെന്ന നിലയിൽ അടുത്ത നാലു വർഷക്കാലം ഞാൻ അതിലാണു താമസിച്ചത്‌.

1934 മാർച്ചിൽ, ക്ലാരൻസും കാളും അവരുടെ ഭാര്യമാരും ഹെലനും അവളുടെ അമ്മയും ക്ലാരൻസിന്റെ ഭാര്യാസഹോദരിയും ഞാനും, അങ്ങനെ മൊത്തം എട്ടു പേർ, കാലിഫോർണിയയിലെ ലോസാഞ്ചലസിൽ നടക്കുന്ന കൺവെൻഷനിൽ സംബന്ധിക്കാൻ പുറപ്പെട്ടു. അവരിൽ ചിലർ യാത്ര ചെയ്‌തതും ഉറങ്ങിയതും എന്റെ വാഹന-ഭവനത്തിൽ ആയിരുന്നു. ഞാൻ ഉറങ്ങിയത്‌ കാറിലാണ്‌, മറ്റുള്ളവർ വാടകയ്‌ക്കു മുറിയെടുത്തു. ഞങ്ങളുടെ കാറിന്‌ തകരാറ്‌ ഉണ്ടായിരുന്നതിനാൽ, ആറു ദിവസത്തെ കൺവെൻഷന്റെ രണ്ടാം ദിവസമാണ്‌ ഞങ്ങൾ ലോസാഞ്ചലസിൽ എത്തിച്ചേർന്നത്‌. അവിടെവെച്ചു ഹെലനും ഞാനും യഹോവയ്‌ക്കുള്ള ഞങ്ങളുടെ സമർപ്പണം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി.

ആ കൺവെൻഷനിൽ വെച്ച്‌, വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ എല്ലാ പയനിയർമാരുമായി വ്യക്തിപരമായി കൂടിക്കാഴ്‌ച നടത്തി. ഞങ്ങൾ ബൈബിൾ സത്യത്തിന്റെ ധീര പോരാളികൾ ആണെന്നു പറഞ്ഞുകൊണ്ട്‌ അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. പ്രസ്‌തുത അവസരത്തിൽ, പയനിയർമാർക്കു ശുശ്രൂഷയിൽ തുടരാൻ കഴിയേണ്ടതിന്‌ സാമ്പത്തിക സഹായം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഒരു ആജീവനാന്ത വിദ്യാഭ്യാസം

ലോസാഞ്ചലസിലെ കൺവെൻഷൻ കഴിഞ്ഞു മടങ്ങിവന്നശേഷം സൗത്ത്‌ കരോലിന, വിർജീനിയ, വെസ്റ്റ്‌ വിർജീനിയ, കെന്റക്കി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ രാജ്യസന്ദേശം എത്തിക്കുന്നതിൽ ഞങ്ങൾ മുഴുകി. വർഷങ്ങൾക്കു ശേഷം ആ കാലഘട്ടത്തെ കുറിച്ച്‌ ഹെലൻ ഇങ്ങനെ എഴുതി: “ആശ്രയത്തിനായി ഒരു സഭ ഉണ്ടായിരുന്നില്ല, സഹായിക്കാൻ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല, ഒരു അപരിചിത ദേശത്ത്‌ ആയിരിക്കുന്നതു പോലെയാണു ഞങ്ങൾക്കു തോന്നിയത്‌. എന്നാൽ അത്‌ എന്നെ ചില കാര്യങ്ങൾ പഠിപ്പിക്കുകയായിരുന്നു എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ ഒരർഥത്തിൽ സമ്പന്ന ആകുകയായിരുന്നു.”

അവൾ ചോദിച്ചു: “സ്വന്തം നാട്ടിൽനിന്നും സുഹൃത്തുക്കളിൽ നിന്നും ഒക്കെ അകലെ ആയിരിക്കുമ്പോൾ ഒരു യുവതി എങ്ങനെയാണ്‌ സമയം തള്ളിനീക്കുക? അത്‌ അത്ര മോശമായ അവസ്ഥ ആയിരുന്നില്ല. എനിക്ക്‌ മുഷിപ്പു തോന്നിയതായി ഓർക്കാൻ കഴിയുന്നില്ല. ഞാൻ ധാരാളം വായിക്കുമായിരുന്നു. ഞങ്ങളൊരിക്കലും ബൈബിൾ സാഹിത്യങ്ങളുടെ വായനയോ പഠനമോ മുടക്കിയില്ല. ഞാൻ അമ്മയോടു സഹകരിച്ചു പ്രവർത്തിച്ചു, അങ്ങനെ പണം കൈകാര്യം ചെയ്യാനും കടയിൽനിന്നു സാധനങ്ങൾ വാങ്ങാനും പഞ്ചറായ ടയറുകൾ മാറാനും പാചകം ചെയ്യാനും തുണി തയ്‌ക്കാനും സുവാർത്ത പ്രസംഗിക്കാനുമൊക്കെ ഞാൻ പഠിച്ചു. അതിനെ കുറിച്ചൊന്നും എനിക്കു തെല്ലും ഖേദമില്ല, വീണ്ടും അതെല്ലാം ചെയ്യാൻ എനിക്കു സന്തോഷമേയുള്ളൂ.”

അക്കാലത്ത്‌ ഹെലന്റെ അമ്മയ്‌ക്കു നല്ലൊരു വീട്‌ ഉണ്ടായിരുന്നെങ്കിലും, ചെറിയൊരു വാഹന-ഭവനത്തിൽ താമസിക്കുന്നതിൽ അവർ ഇരുവരും തൃപ്‌തിപ്പെട്ടു. 1937-ൽ ഒഹായോവിലെ കൊളംബസിൽ നടന്ന കൺവെൻഷനു ശേഷം, ഹെലന്റെ അമ്മയുടെ ആരോഗ്യം വഷളായതിനെ തുടർന്ന്‌ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ്‌ വിർജീനിയയിലെ ഫിലിപ്പിയിൽ തന്റെ നിയമനത്തിൽ തുടരവെ, 1937 നവംബറിൽ അവർ മരണമടഞ്ഞു.

വിവാഹവും തുടർന്നുള്ള സേവനവും

1938 ജൂൺ 10-ന്‌, വെസ്റ്റ്‌ വിർജീനിയയിലെ വീലിങ്ങിന്‌ അടുത്തുള്ള എംഗ്രോവിൽ ഹെലൻ ജനിച്ച വീട്ടിൽവെച്ചുതന്നെ ലളിതമായ ഒരു ചടങ്ങോടെ ഞാനും ഹെലനും തമ്മിലുള്ള വിവാഹം നടന്നു. ഞാൻ ജനിക്കുന്നതിന്‌ വർഷങ്ങൾക്കു മുമ്പ്‌ ഞങ്ങളുടെ കുടുംബത്തിനു സത്യം നൽകിയ ഞങ്ങളുടെ പ്രിയ ഇവാൻസ്‌ സഹോദരനാണു വിവാഹ പ്രസംഗം നടത്തിയത്‌. വിവാഹശേഷം, കിഴക്കൻ കെന്റക്കിയിൽ പയനിയറിങ്‌ തുടരാൻ ഞാനും ഹെലനും തീരുമാനിച്ചു. എന്നാൽ, പെട്ടെന്നുതന്നെ സഞ്ചാരവേലയ്‌ക്കു ക്ഷണിക്കപ്പെട്ടപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. പശ്ചിമ കെന്റക്കിയിലും ടെനസ്സിയുടെ ചില ഭാഗങ്ങളിലുമുള്ള യഹോവയുടെ സാക്ഷികളുടെ കൂട്ടങ്ങളെ ശുശ്രൂഷയിൽ സഹായിക്കാനായി സന്ദർശിക്കുന്നത്‌ ഈ വേലയിൽ ഉൾപ്പെട്ടിരുന്നു. ഞങ്ങൾ സന്ദർശിച്ച സ്ഥലങ്ങളിൽ ആകെക്കൂടി അന്ന്‌ 75 രാജ്യഘോഷകരെ ഉണ്ടായിരുന്നുള്ളൂ.

അക്കാലത്ത്‌, പലരുടെയും മനസ്സിൽ ദേശീയവികാരം ആളിപ്പടർന്നിരുന്നു. ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം എന്നെ ജയിലിലാക്കാനുള്ള സാധ്യത ഉണ്ടെന്നു ഞാൻ കരുതിയിരുന്നു. (യെശയ്യാവു 2:4) എന്നിരുന്നാലും, ഞാൻ സുവാർത്താ പ്രസംഗത്തിൽ ഏർപ്പെട്ടിരുന്നതിനാൽ മുഴുസമയ ശുശ്രൂഷയിൽ തുടരുന്നതിനുള്ള അനുമതി റിക്രൂട്ടിങ്‌ ഓഫീസിൽനിന്ന്‌ എനിക്കു ലഭിച്ചു.

സഞ്ചാര ശുശ്രൂഷ തുടങ്ങിയപ്പോൾ, ഞങ്ങളുടെ ചെറുപ്രായം എല്ലാവരുടെ ഇടയിലും ഒരു സംസാരവിഷയം ആയിരുന്നു. കെന്റക്കിയിലെ ഹോപ്‌കിൻസ്‌വില്ലിൽ വെച്ച്‌ ഒരു ക്രിസ്‌തീയ സഹോദരി ഹെലനെ ഗാഢമായി ആശ്ലേഷിച്ച ശേഷം ഇങ്ങനെ ചോദിച്ചു: “എന്നെ ഓർമയുണ്ടോ?” അവരുടെ ഭർത്താവ്‌ നടത്തിയിരുന്ന കടയിൽവെച്ച്‌ 1933-ൽ ഹെലൻ അവർക്കു സാക്ഷ്യം നൽകിയിരുന്നു. അവർ ഒരു സൺഡേ-സ്‌കൂൾ അധ്യാപിക ആയിരുന്നു. എന്നാൽ ഹെലൻ കൊടുത്ത പുസ്‌തകം വായിച്ചശേഷം, ബൈബിൾ വിരുദ്ധ ആശയങ്ങൾ പഠിപ്പിച്ചതിന്‌ അവർ കുട്ടികളോടു ക്ഷമ ചോദിച്ചു. തുടർന്ന്‌, പള്ളിയിൽനിന്നു രാജിവെച്ച അവർ തന്റെ പ്രദേശത്തുള്ളവരോട്‌ ബൈബിൾ സത്യങ്ങൾ പറയാൻ തുടങ്ങി. ഞാനും ഹെലനും പശ്ചിമ കെന്റക്കിയിൽ മൂന്നു വർഷത്തോളം സേവിച്ച അവസരത്തിൽ ആ സഹോദരിയും ഭർത്താവും ഞങ്ങളെ അവരുടെ വീട്ടിൽ താമസിപ്പിച്ചു.

അക്കാലത്ത്‌ ഞങ്ങൾ ചെറിയ പ്രാദേശിക സമ്മേളനങ്ങൾ നടത്തിയിരുന്നു. എ. എച്ച്‌. മാക്‌മില്ലൻ അത്തരമൊരു സമ്മേളനത്തിൽ സൊസൈറ്റിയുടെ പ്രതിനിധിയായി സേവിക്കുകയുണ്ടായി. ഹെലന്റെ കുട്ടിക്കാലത്ത്‌, അവളുടെ മാതാപിതാക്കളുടെ വീട്ടിൽ അദ്ദേഹം താമസിച്ചിരുന്നു. അതുകൊണ്ട്‌, ഒരു ബെഡ്ഡ്‌ അധികമുണ്ടായിരുന്ന ഞങ്ങളുടെ അഞ്ചു മീറ്റർ നീളമുള്ള വാഹന ഭവനത്തിൽ ആ കൺവെൻഷൻ സമയത്തു താമസിക്കാൻ അദ്ദേഹം തീരുമാനിച്ചു. യൗവനം മുതൽ അദ്ദേഹവും മഹാ സ്രഷ്‌ടാവിനെ ഓർത്തിരുന്നു. 1900-ാമാണ്ടിൽ തന്റെ 23-ാം വയസ്സിലാണ്‌ അദ്ദേഹം തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചത്‌.

1941 നവംബറിൽ സഞ്ചാര മേൽവിചാരകന്മാരുടെ പ്രവർത്തനം താത്‌കാലികമായി നിറുത്തിവെച്ചപ്പോൾ കെന്റക്കിയിലെ ഹാസാർഡിൽ ഒരു പയനിയറായി എനിക്കു നിയമനം ലഭിച്ചു. വീണ്ടും ഞങ്ങളുടെ പ്രവർത്തനം എന്റെ സഹോദരൻ കാളിന്റെയും ഭാര്യ ക്ലെയറിന്റെയും കൂടെ ആയി. ഹെലന്റെ സഹോദരപുത്രനായ ജോസഫ്‌ ഹൗസ്റ്റൺ അവിടെ ഞങ്ങളോടൊപ്പം ചേർന്ന്‌ പയനിയറിങ്‌ ആരംഭിച്ചു. 50 വർഷത്തോളം അദ്ദേഹം മുഴുസമയ ശുശ്രൂഷയിൽ ഉണ്ടായിരുന്നു. യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഹെഡ്‌ക്വാർട്ടേഴ്‌സിൽ വിശ്വസ്‌ത സേവനത്തിൽ തുടരവെ, 1992-ൽ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്ന്‌ അദ്ദേഹം മരിച്ചു.

1943-ൽ കണെറ്റിക്കട്ടിലെ റോക്ക്‌വില്ലിൽ ഞങ്ങൾക്കു നിയമനം ലഭിച്ചു. വളരെ വ്യത്യസ്‌തമായ ഒരു സാഹചര്യമായിരുന്നു അവിടുത്തേത്‌. കാരണം ഹെലനും ഞാനും പ്രസംഗപ്രവർത്തനം നടത്തി പരിചയിച്ചത്‌ തെക്കൻ പ്രദേശങ്ങളിലായിരുന്നു. റോക്ക്‌വില്ലിൽ ഹെലൻ ആഴ്‌ചതോറും 20-ലധികം ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തി. ക്രമേണ, ഞങ്ങൾ രാജ്യഹാളിനായി ഭേദപ്പെട്ട ഒരു മുറി വാടകയ്‌ക്കെടുത്തു. അങ്ങനെ ഒരു ചെറിയ സഭയ്‌ക്കുള്ള അടിസ്ഥാനം ഇടപ്പെട്ടു.

റോക്ക്‌വില്ലിൽ സേവിക്കവെ, ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിലുള്ള വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ അഞ്ചാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. ഓബ്രി ബിവെൻസും ഭാര്യ ബെർഥയും ഞങ്ങളുടെ സഹപാഠികൾ ആയിരിക്കുമെന്ന്‌ അറിഞ്ഞപ്പോൾ ഞങ്ങൾ വളരെ സന്തോഷിച്ചു, കെന്റക്കിയിൽ പയനിയറിങ്‌ ചെയ്യുന്ന കാലം മുതലേ അവർ ഞങ്ങളുടെ സ്‌നേഹിതർ ആയിരുന്നു.

സ്‌കൂളും ഞങ്ങളുടെ പുതിയ നിയമനവും

ഞങ്ങൾ ചെറുപ്പമായിരുന്നെങ്കിലും, ഞങ്ങളുടെ സഹപാഠികളിൽ മിക്കവരും ഞങ്ങളെക്കാൾ ഇളയവരായിരുന്നു. അതേ, അവർ സ്രഷ്‌ടാവിനെ യൗവനകാലത്ത്‌ ഓർക്കുകയായിരുന്നു. ഞങ്ങൾക്കു ബിരുദം ലഭിച്ചത്‌ 1945 ജൂലൈയിൽ ആണ്‌. അപ്പോൾ രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായിരുന്നു. മിഷനറി നിയമനത്തിനായി കാത്തിരിക്കവെ, ഞങ്ങൾ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഫ്‌ളാറ്റ്‌ബുഷ്‌ സഭയോടൊത്തു പ്രവർത്തിച്ചു. ഒടുവിൽ, 1946 ഒക്‌ടോബർ 21-ന്‌ ബിവെൻസ്‌ ദമ്പതികൾ ഉൾപ്പെടെ മറ്റ്‌ ആറ്‌ സഹപാഠികളോടൊപ്പം ഞങ്ങൾ പുതിയ നിയമനപ്രദേശമായ ഗ്വാട്ടിമാലയിലെ ഗ്വാട്ടിമാല നഗരത്തിലേക്കു വിമാനം കയറി. അക്കാലത്ത്‌, ആ മധ്യ അമേരിക്കൻ രാജ്യത്തെമ്പാടുമായി കേവലം 50-ൽ താഴെ യഹോവയുടെ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ.

1949 ഏപ്രിലിൽ, ഞങ്ങളിൽ കുറെ മിഷനറിമാർ വലിപ്പത്തിലും പ്രാധാന്യത്തിലും ആ രാജ്യത്തെ രണ്ടാമത്തെ നഗരമായ ക്വെറ്റ്‌സാൽട്ടനാംഗോയിലേക്കു താമസം മാറ്റി. സമുദ്രനിരപ്പിൽനിന്ന്‌ 2,300 മീറ്റർ ഉയരമുള്ള ഒരു നഗരമാണ്‌ ഇത്‌. അവിടത്തെ വായു കുളിർമയുള്ളതും സ്വച്ഛവുമാണ്‌. അവിടത്തെ ഞങ്ങളുടെ പ്രവർത്തനത്തെ കുറിച്ച്‌ ഹെലൻ ഇങ്ങനെ എഴുതി: “ഡസ്സൻ കണക്കിന്‌ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സുവാർത്ത എത്തിക്കുന്നതിനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. രാവിലെ നാലു മണിക്ക്‌ എഴുന്നേറ്റ്‌ ഞങ്ങൾ ഒരു ബസ്സിൽ (അതിനു ജാലകത്തിനു പകരം ചുരുട്ടി വെക്കാവുന്ന പടുതയാണ്‌ ഉണ്ടായിരുന്നത്‌) കയറി അകലെയുള്ള ഒരു പട്ടണത്തിലേക്കു പോകുമായിരുന്നു. വൈകുന്നേരം അവിടെനിന്ന്‌ മടങ്ങുന്നതുവരെ, എട്ടു മണിക്കൂറോളം ഞങ്ങൾ സുവാർത്ത പ്രസംഗിക്കുമായിരുന്നു.” ഇന്ന്‌ ആ സ്ഥലങ്ങളിൽ പലയിടത്തും സഭകളുണ്ട്‌, ക്വെറ്റ്‌സാൽട്ടനാംഗോയിൽ തന്നെ ആറെണ്ണമാണ്‌ ഉള്ളത്‌.

താമസിയാതെ, കരീബിയൻ തീരത്തുള്ള പോർട്ടോബാരിയോസിൽ സേവിക്കുന്നതിന്‌ മിഷനറിമാർക്ക്‌ ആഹ്വാനം ലഭിച്ചു. ഗ്വാട്ടിമാലയിലെ മൂന്നാമത്തെ വലിയ നഗരമായിരുന്നു അത്‌. അഞ്ചു വർഷത്തോളം ഞങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്ന പ്രിയ സുഹൃത്തുക്കളായ ബിവെൻസ്‌ ദമ്പതികളും ആ പുതിയ പ്രദേശത്തേക്കു പോയവരിൽ പെടുന്നു. അവരെ വിട്ടുപിരിയുന്നത്‌ വേദനാകരം ആയിരുന്നു, ഞങ്ങളുടെ ജീവിതത്തിൽ അത്‌ ഒരു ശൂന്യത ഉളവാക്കി. മിഷനറി ഭവനത്തിൽ ഞാനും ഹെലനും തനിച്ചായപ്പോൾ ഞങ്ങൾ ചെറിയൊരു കെട്ടിടത്തിലേക്കു താമസം മാറി. അൽപ്പം മാറി ഉഷ്‌ണമേഖലാ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന നഗരമായ മാസാട്ടേനാംഗോയിൽ 1955-ൽ ഞാനും ഹെലനും ഒരു പുതിയ നിയമനം സ്വീകരിച്ചു. ഞങ്ങൾ അവിടെ എത്തുന്നതിനു മുമ്പ്‌, 1953-ൽ ഗിലെയാദ്‌ ബിരുദം നേടിയ എന്റെ ഏറ്റവും ഇളയ സഹോദരനും ഭാര്യ ഡളോറസുമായിരുന്നു അവിടെ സേവിച്ചിരുന്നത്‌.

1958 ആയപ്പോഴേക്കും, ഗ്വാട്ടിമാലയിൽ 700 സാക്ഷികളും 20 സഭകളും മൂന്നു സർക്കിട്ടുകളും ഉണ്ടായിരുന്നു. ഞാനും ഹെലനും വീണ്ടും സഞ്ചാരവേലയിൽ ഏർപ്പെട്ടു. സാക്ഷികളുടെ ചെറിയ കൂട്ടങ്ങളും പല സഭകളും സന്ദർശിക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു. ക്വെറ്റ്‌സാൽട്ടനാംഗോയിൽ ഉള്ള ഒരു സഭയും ഞങ്ങൾ സന്ദർശിച്ചിരുന്നു. പിന്നീട്‌, 1959 ആഗസ്റ്റിൽ ഞങ്ങളെ ഗ്വാട്ടിമാല നഗരത്തിലേക്കു മടക്കിവിളിച്ചു. അവിടെ ഞങ്ങൾ ബ്രാഞ്ച്‌ ഓഫീസിലാണു താമസിച്ചത്‌. എനിക്കു ബ്രാഞ്ചിൽ നിയമനം കിട്ടി. ഹെലൻ 16 വർഷം കൂടി മിഷനറി സേവനത്തിൽ തുടർന്നു. അതിനു ശേഷം, ഹെലനും ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കാൻ തുടങ്ങി.

കൂടുതലായ അനുഗ്രഹങ്ങൾ

യഹോവയുടെ സേവനത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാൻ ആണെന്നു വർഷങ്ങൾക്കു മുമ്പ്‌ എനിക്കു തോന്നിയിരുന്നു. ഇപ്പോഴാണെങ്കിൽ, ഏറ്റവും പ്രായമുള്ള വ്യക്തി ഞാൻ ആണെന്നാണ്‌ എനിക്കു മിക്കപ്പോഴും തോന്നുന്നത്‌. 1996-ൽ ന്യൂയോർക്കിലെ പാറ്റേഴ്‌സണിൽ നടന്ന ബ്രാഞ്ച്‌ സ്‌കൂളിൽ സംബന്ധിച്ചപ്പോഴും എനിക്ക്‌ അങ്ങനെ തോന്നുകയുണ്ടായി. യൗവനകാലത്ത്‌ മുതിർന്നവരിൽനിന്നു ഞാൻ സഹായം സ്വീകരിച്ചിട്ടുള്ളതു പോലെ, സ്രഷ്‌ടാവിനെ തങ്ങളുടെ യൗവനത്തിൽ ഓർക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങളെ സഹായിക്കുകയെന്ന പദവി സമീപ ദശകങ്ങളിൽ എനിക്കു ലഭിച്ചിട്ടുണ്ട്‌.

യഹോവ ഗ്വാട്ടിമാലയിലെ തന്റെ ജനത്തിന്റെമേൽ അനുഗ്രഹങ്ങൾ ചൊരിയുന്നതിൽ തുടരുന്നു. 1999-ൽ, ഗ്വാട്ടിമാല നഗരത്തിൽ 60-ലധികം സഭകൾ ഉണ്ടായിരുന്നു. കൂടാതെ, ഗ്വാട്ടിമാലയുടെ മറ്റു ഭാഗങ്ങളിലും നിരവധി സഭകളും ദൈവരാജ്യ സുവാർത്തയുടെ ആയിരക്കണക്കിനു ഘോഷകരുമുണ്ട്‌. 53 വർഷം മുമ്പ്‌ ഞങ്ങൾ ഗ്വാട്ടിമാലയിൽ എത്തിയപ്പോൾ ഇവിടുത്തെ രാജ്യഘോഷകരുടെ എണ്ണം 50-ൽ താഴെ ആയിരുന്നുവെങ്കിൽ, ഇപ്പോഴത്‌ 19,000 കവിഞ്ഞിരിക്കുന്നു!

കൃതജ്ഞരായിരിക്കാൻ നിരവധി കാരണങ്ങൾ

ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാത്തവരായി ആരുമില്ല. എന്നാൽ നമുക്ക്‌ എപ്പോഴും ‘നമ്മുടെ ഭാരം യഹോവയുടെമേൽ വെക്കാൻ’ സാധിക്കും. (സങ്കീർത്തനം 55:22) പ്രിയപ്പെട്ടവരുടെ പിന്തുണയിലൂടെ അവൻ നമ്മെ മിക്കപ്പോഴും പരിപാലിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, മരിക്കുന്നതിന്‌ ഏതാനും വർഷം മുമ്പ്‌ ഫ്രെയിം ചെയ്‌ത ചെറിയൊരു ഫലകം ഹെലൻ എനിക്കു സമ്മാനിച്ചു. അതിൽ എബ്രായർ 6:10 ആലേഖനം ചെയ്‌തിരുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”

ഒപ്പം ഉണ്ടായിരുന്ന കുറിപ്പിൽ ഹെലൻ ഇങ്ങനെ എഴുതിയിരുന്നു: “പ്രിയനേ, എന്റെ സ്‌നേഹം മുഴുവൻ താങ്കൾക്കു തരുന്നു. മറ്റൊന്നും തരുവാൻ എന്റെ പക്കലില്ല . . . ഈ വാക്യം താങ്കളെ സംബന്ധിച്ചിടത്തോളം അർഥവത്താണ്‌, അതു താങ്കളുടെ മേശപ്പുറത്തു വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതു ഞാൻ തന്നതു കൊണ്ടല്ല, മറിച്ച്‌ താങ്കളുടെ ദീർഘമായ സേവനത്തോടുള്ള ബന്ധത്തിൽ അതു തികച്ചും അർഥവത്തായതു കൊണ്ടാണ്‌.” ഇന്നും ആ ഫലകം ഗ്വാട്ടിമാല ബ്രാഞ്ചിലെ എന്റെ ഓഫീസിലെ മേശപ്പുറത്തുണ്ട്‌.

ഞാൻ യൗവനകാലം മുതൽ യഹോവയെ സേവിച്ചിരിക്കുന്നു. ഈ വാർധക്യത്തിലും എന്റെ നിയമിത ചുമതലകൾ നിർവഹിക്കാൻ തക്ക ആരോഗ്യം ഉണ്ടായിരിക്കുന്നതിൽ ഞാൻ യഹോവയ്‌ക്കു നന്ദി പറയുന്നു. പതിവായി ബൈബിൾ വായിക്കുമ്പോൾ, ഞാൻ എന്റെ പ്രിയപ്പെട്ട ഹെലൻ അടിവരയിടാൻ സാധ്യതയുള്ള വാക്യങ്ങൾ മിക്കപ്പോഴും ശ്രദ്ധിക്കാറുണ്ട്‌. സങ്കീർത്തനം 48:14 അത്തരമൊരു വാക്യമാണെന്ന്‌ എനിക്കു തോന്നാറുണ്ട്‌: “ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.”

എല്ലാ ജനതകളിലും പെട്ടവർ മരിച്ചവരെ പുതിയ ലോകത്തിലേക്കു തിരികെ സ്വാഗതം ചെയ്യുന്ന പുനരുത്ഥാന ദിനത്തെ കുറിച്ചുള്ള പ്രത്യാശ മറ്റുള്ളവരുമായി പങ്കിടുന്നത്‌ എനിക്കു വളരെ സന്തോഷമുള്ള കാര്യമാണ്‌. അത്‌ എത്ര അത്ഭുതകരമായ ഒരു പ്രതീക്ഷയാണ്‌! യഹോവ തീർച്ചയായും “എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം” ആണെന്ന്‌ ഓർമിച്ചുകൊണ്ട്‌ അന്നു നാം എത്രയധികം സന്തോഷാശ്രുക്കൾ ആയിരിക്കും പൊഴിക്കുക!—2 കൊരിന്ത്യർ 7:6.

[25-ാം പേജിലെ ചിത്രം]

മുകളിൽ ഇടത്തുനിന്ന്‌ ഘടികാരദിശയിൽ: മമ്മി, പപ്പ, ഈവ ആന്റി, സഹോദരന്മാരായ കാളും ക്ലാരൻസും, 1910-ൽ

[25-ാം പേജിലെ ചിത്രങ്ങൾ]

ഹെലനും ഞാനും, 1947-ലും 1992-ലും