വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അഭികാമ്യ വസ്‌തുക്കൾ’ യഹോവയുടെ ഭവനത്തിൽ നിറയുന്നു

‘അഭികാമ്യ വസ്‌തുക്കൾ’ യഹോവയുടെ ഭവനത്തിൽ നിറയുന്നു

‘അഭികാമ്യ വസ്‌തുക്കൾ’ യഹോവയുടെ ഭവനത്തിൽ നിറയുന്നു

“ഞാൻ [യഹോവ] സകല ജനതകളെയും ഇളക്കും, അങ്ങനെ സകല ജനതകളിലെയും അഭികാമ്യ വസ്‌തുക്കൾ അകത്തു വരേണ്ടതാണ്‌; ഞാൻ ഈ ഭവനത്തെ മഹത്ത്വംകൊണ്ടു നിറയ്‌ക്കും.”—ഹഗ്ഗായി 2:7, Nw.

1. ഒരു അടിയന്തിര ഘട്ടത്തിൽ നാം ആദ്യം നമ്മുടെ പ്രിയപ്പെട്ടവരെ കുറിച്ചു ചിന്തിക്കുന്നത്‌ എന്തുകൊണ്ട്‌?

നിങ്ങളുടെ വീട്ടിൽ എന്തെല്ലാം അഭികാമ്യ വസ്‌തുക്കളാണ്‌ ഉള്ളത്‌? നിങ്ങൾക്ക്‌ ആഡംബര ഗൃഹോപകരണങ്ങളും അത്യാധുനിക കമ്പ്യൂട്ടറും പുതിയ കാറുമൊക്കെ ഉണ്ടോ? നിങ്ങളുടെ വീട്ടിൽ ഇവയെല്ലാം ഉണ്ടെങ്കിലും, ഏറ്റവും വിലപ്പെട്ടത്‌ നിങ്ങളുടെ കുടുംബാംഗങ്ങൾ ആണെന്നു നിങ്ങൾ സമ്മതിക്കില്ലേ? ഒരു രാത്രിയിൽ നിങ്ങളുടെ വീടിനു തീപിടിച്ചത്‌ അറിഞ്ഞ്‌ നിങ്ങൾ ഞെട്ടിയുണരുന്നു എന്നു കരുതുക. രക്ഷപ്പെടാൻ ഏതാനും മിനിട്ടുകളേ ഉള്ളൂ! നിങ്ങൾ എന്തിനെ കുറിച്ച്‌ ആയിരിക്കും ആദ്യം ചിന്തിക്കുക? ഗൃഹോപകരണങ്ങൾ, കമ്പ്യൂട്ടർ, കാർ എന്നിവയെ കുറിച്ചോ, അതോ നിങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചോ? തീർച്ചയായും നിങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചായിരിക്കും നിങ്ങൾ ആദ്യം ചിന്തിക്കുക. കാരണം ആളുകൾ വസ്‌തുക്കളെക്കാൾ വളരെ വിലപ്പെട്ടവരാണ്‌.

2. യഹോവയുടെ സൃഷ്ടിയുടെ വ്യാപ്‌തിയെ കുറിച്ച്‌ എന്തു പറയാവുന്നതാണ്‌, അതിൽ ഏതായിരുന്നു യേശുവിന്‌ ഏറ്റവും പ്രിയങ്കരം?

2 ഇനി, യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിനെയും കുറിച്ചു ചിന്തിക്കുക. “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ”ത്‌ യഹോവയാണ്‌. (പ്രവൃത്തികൾ 4:24) “വിദഗ്‌ധ ശില്‌പി”യായ തന്റെ പുത്രൻ മുഖാന്തരമാണ്‌ യഹോവ മറ്റു സകലവും സൃഷ്‌ടിച്ചത്‌. (സദൃശവാക്യങ്ങൾ 8:30, 31, NW; യോഹന്നാൻ 1:3; കൊലൊസ്സ്യർ 1:15-17) യഹോവയും യേശുക്രിസ്‌തുവും തീർച്ചയായും സകല സൃഷ്ടികളെയും വിലമതിക്കുന്നു. (ഉല്‌പത്തി 1:31 താരതമ്യം ചെയ്യുക.) എന്നാൽ ഈ സൃഷ്ടികളിൽ വെച്ച്‌ അവർക്ക്‌ ഏറ്റവും വിലപ്പെട്ടത്‌ എന്താണെന്നാണു നിങ്ങൾ കരുതുന്നത്‌—വസ്‌തുക്കളോ അതോ ആളുകളോ? ജ്ഞാനത്തിന്റെ മൂർത്തിമദ്‌ഭാവം എന്നനിലയിൽ യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.” അല്ലെങ്കിൽ, വില്യം എഫ്‌. ബെക്കിന്റെ പരിഭാഷ പറയുന്നതുപോലെ യേശു “മനുഷ്യരോടൊത്ത്‌ ആനന്ദിച്ചു.”

3. ഹഗ്ഗായി മുഖാന്തരം യഹോവ പ്രവചിച്ചത്‌ എന്ത്‌?

3 യഹോവ ആളുകൾക്കു വലിയ വില കൽപ്പിക്കുന്നു എന്നത്‌ തർക്കമറ്റ സംഗതിയാണ്‌. പൊ.യു.മു. 520-ൽ തന്റെ പ്രവാചകനായ ഹഗ്ഗായിയിലൂടെ അവൻ പ്രഖ്യാപിച്ച പ്രാവചനിക വാക്കുകളിൽ അതിന്റെ ഒരു സൂചന കാണാവുന്നതാണ്‌. യഹോവ ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ സകല ജനതകളെയും ഇളക്കും; സകല ജനതകളിലെയും അഭികാമ്യ വസ്‌തുക്കൾ അകത്തു വരേണ്ടതാണ്‌; ഞാൻ ഈ ഭവനത്തെ മഹത്ത്വംകൊണ്ടു നിറയ്‌ക്കും. . . . ഈ ഭവനത്തിന്റെ മഹത്ത്വം മുമ്പിലത്തേതിന്റേതിനെക്കാൾ കൂടുതൽ ആയിരിക്കും.”—ഹഗ്ഗായി 2:7, 9, NW.

4, 5. (എ) “അഭികാമ്യ വസ്‌തുക്കൾ” എന്ന പ്രയോഗം ഭൗതിക മഹത്ത്വത്തെ പരാമർശിക്കുന്നു എന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) “അഭികാമ്യ വസ്‌തുക്ക”ളെ നിങ്ങൾ എങ്ങനെ നിർവചിക്കും, എന്തുകൊണ്ട്‌?

4 ഏത്‌ “അഭികാമ്യ വസ്‌തുക്കൾ” ആയിരുന്നു യഹോവയുടെ ഭവനത്തിൽ നിറഞ്ഞ്‌ അതിന്‌ അഭൂതപൂർവകമായ മഹത്ത്വം കൈവരുത്തുമായിരുന്നത്‌? ആഡംബരപൂർണമായ സജ്ജീകരണങ്ങളും സമൃദ്ധമായ അലങ്കാരങ്ങളും ആയിരുന്നോ? സ്വർണവും വെള്ളിയും വിലപിടിപ്പുള്ള രത്‌നങ്ങളും ആയിരുന്നോ? അവ ആയിരിക്കാൻ യാതൊരു ന്യായവുമില്ല. അതിന്‌ ഏതാണ്ട്‌ അഞ്ചു നൂറ്റാണ്ടു മുമ്പ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ട മുൻ ആലയത്തിന്റെ നിർമാണത്തിനു കോടിക്കണക്കിനു രൂപ ചെലവായി എന്ന്‌ ഓർമിക്കുക! * സ്വദേശത്തു മടങ്ങിയെത്തിയ യഹൂദന്മാരുടെ താരതമ്യേന ചെറുതായിരുന്ന ആ കൂട്ടം ഭൗതിക മഹത്ത്വത്തിന്റെ കാര്യത്തിൽ ശലോമോന്റെ ആലയത്തെ വെല്ലുന്ന ഒരു ആലയം പണിയാൻ യഹോവ തീർച്ചയായും പ്രതീക്ഷിക്കുമായിരുന്നില്ല!

5 അപ്പോൾപ്പിന്നെ യഹോവയുടെ ഭവനത്തിൽ നിറയുന്ന “അഭികാമ്യ വസ്‌തുക്കൾ” എന്താണ്‌? നിശ്ചയമായും, അത്‌ ആളുകൾ ആയിരിക്കണം. യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നത്‌, സ്‌നേഹത്താൽ പ്രേരിതരായി അവനെ സേവിക്കുന്ന ആളുകളാണ്‌, അല്ലാതെ സ്വർണവും വെള്ളിയും ഒന്നുമല്ല. (സദൃശവാക്യങ്ങൾ 27:11; 1 കൊരിന്ത്യർ 10:26) അതേ, തന്നെ സ്വീകാര്യമായി ആരാധിക്കുന്ന സകല പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും യഹോവ അമൂല്യരായി കരുതുന്നു. (യോഹന്നാൻ 4:23, 24) അവരാണ്‌ “അഭികാമ്യ വസ്‌തുക്കൾ.” ശലോമോന്റെ ആലയത്തെ അലങ്കരിച്ചിരുന്ന സകല വസ്‌തുക്കളെക്കാളും യഹോവയ്‌ക്കു വിലപ്പെട്ടത്‌ അവരാണ്‌.

6. ദൈവത്തിന്റെ പുരാതന ആലയം എന്ത്‌ ഉദ്ദേശ്യം സാധിച്ചു?

6 കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നെങ്കിലും, പൊ.യു.മു. 515-ൽ ആലയ നിർമാണം പൂർത്തിയായി. സ്വാഭാവിക യഹൂദന്മാരും പുറജാതീയ മതപരിവർത്തിതരും ഉൾപ്പെട്ട അനേകം “അഭികാമ്യ വസ്‌തുക്ക”ളെ സംബന്ധിച്ചിടത്തോളം യെരൂശലേമിലെ ആ ആലയം യേശുവിന്റെ ബലിമരണം വരെ സത്യാരാധനയുടെ ഒരു കേന്ദ്രമായി വർത്തിച്ചു. എന്നാൽ നാം കാണാൻ പോകുന്നതുപോലെ, പ്രസ്‌തുത ആലയം അതിലും വളരെ മഹോന്നതമായ ഒന്നിനെ പ്രതിനിധാനം ചെയ്‌തു.

ഒന്നാം നൂറ്റാണ്ടിലെ നിവൃത്തി

7. (എ) യെരൂശലേമിലെ ദൈവത്തിന്റെ പുരാതന ആലയം എന്തിനെ മുൻനിഴലാക്കി? (ബി) പാപപരിഹാര ദിവസത്തെ മഹാപുരോഹിതന്റെ നടപടികൾ വിവരിക്കുക.

7 ആരാധനയ്‌ക്കായുള്ള മഹത്ത്വമേറിയ ഒരു ക്രമീകരണത്തെ, അതായത്‌ ദൈവത്തിന്റെ ആത്മീയ ആലയത്തെ ആണ്‌ യെരൂശലേമിലെ ആലയം മുൻനിഴലാക്കിയത്‌. പൊ.യു. 29-ൽ യഹോവയാണ്‌ അതു സ്ഥാപിച്ചത്‌. അവൻ യേശുവിനെ അതിലെ മഹാപുരോഹിതനായി നിയമിച്ചു. (എബ്രായർ 5:4-10; 9:11, 12) ഇസ്രായേലിലെ മഹാപുരോഹിതന്റെ കർത്തവ്യങ്ങളും യേശുവിന്റെ പ്രവർത്തനങ്ങളും തമ്മിലുള്ള ഒരു സമാനത പരിചിന്തിക്കുക. ഓരോ വർഷവും പാപപരിഹാര ദിവസം മഹാപുരോഹിതൻ ആലയ പ്രാകാരത്തിലുള്ള യാഗപീഠത്തിന്‌ അടുത്തു ചെന്ന്‌ പുരോഹിതന്മാരുടെ പാപപരിഹാരത്തിനായി ഒരു കാളയെ യാഗം അർപ്പിച്ചിരുന്നു. എന്നിട്ട്‌, അദ്ദേഹം കാളയുടെ രക്തവുമായി ആലയത്തിൽ പ്രവേശിച്ച്‌ പ്രാകാരത്തെയും വിശുദ്ധത്തെയും തമ്മിൽ വേർതിരിച്ചിരുന്ന വാതിലും തുടർന്ന്‌ വിശുദ്ധത്തെയും അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിച്ചിരുന്ന തിരശ്ശീലയും കടന്ന്‌ അതിവിശുദ്ധത്തിൽ പ്രവേശിക്കുമായിരുന്നു. അവിടെ എത്തിക്കഴിയുമ്പോൾ മഹാപുരോഹിതൻ ആ രക്തം കൃപാസനത്തിനു (നിയമപെട്ടകം) മുന്നിൽ തളിക്കുമായിരുന്നു. തുടർന്ന്‌, അതേ നടപടിക്രമം പിൻപറ്റിക്കൊണ്ട്‌, ഇസ്രായേലിന്റെ 12 പുരോഹിതേതര ഗോത്രങ്ങളുടെ പാപപരിഹാരത്തിനായി അദ്ദേഹം ഒരു കോലാട്ടുകൊറ്റനെയും അർപ്പിച്ചിരുന്നു. (ലേവ്യപുസ്‌തകം 16:5-15) ഈ ആചരണം ദൈവത്തിന്റെ ആത്മീയ ആലയത്തോട്‌ ഏതു വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു?

8. (എ) പൊ.യു. 29-ൽ തുടങ്ങി യേശു ഏത്‌ അർഥത്തിൽ അർപ്പിക്കപ്പെട്ടു? (ബി) ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്ത്‌ ഉടനീളം യേശുവിന്‌ തന്റെ പിതാവുമായി എങ്ങനെയുള്ള ഒരു പ്രത്യേക ബന്ധമാണ്‌ ഉണ്ടായിരുന്നത്‌?

8 പൊ.യു. 29-ൽ, യേശു സ്‌നാപനം ഏൽക്കുകയും ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്‌തപ്പോൾ അവൻ ഫലത്തിൽ ദൈവഹിതമാകുന്ന യാഗപീഠത്തിൽ അർപ്പിക്കപ്പെട്ടു. (ലൂക്കൊസ്‌ 3:21, 22) തീർച്ചയായും, മൂന്നര വർഷം ദീർഘിച്ച യേശുവിന്റെ യാഗതുല്യ ജീവിതഗതിക്ക്‌ ഈ സംഭവം തുടക്കം കുറിച്ചു. (എബ്രായർ 10:5-10) ആ കാലത്ത്‌ യേശു ദൈവവുമായി ഒരു ആത്മജാത ബന്ധം ആസ്വദിച്ചു. തന്റെ സ്വർഗീയ പിതാവുമായി യേശുവിന്‌ ഉണ്ടായിരുന്ന ഈ അമൂല്യബന്ധം മറ്റു മനുഷ്യർക്കു പൂർണമായി മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. ഒരു തിരശ്ശീല അവരുടെ ഗ്രാഹ്യക്കണ്ണുകളെ മറച്ചതുപോലെ ആയിരുന്നു അത്‌, തിരുനിവാസത്തിന്റെ പ്രാകാരത്തിൽ ഉള്ളവരുടെ കാഴ്‌ചയിൽനിന്ന്‌ വിശുദ്ധത്തെ ഒരു തിരശ്ശീല മറച്ചിരുന്നതിനു സമാനമായിരുന്നു അത്‌.—പുറപ്പാടു 40:28.

9. ഒരു മനുഷ്യനായി യേശുവിന്‌ സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുമായിരുന്നില്ലാഞ്ഞത്‌ എന്തുകൊണ്ട്‌, ആ പ്രശ്‌നം പരിഹരിക്കപ്പെട്ടത്‌ എങ്ങനെ?

9 യേശു, ദൈവത്തിന്റെ ഒരു ആത്മാഭിഷിക്ത പുത്രൻ ആയിരുന്നെങ്കിലും മനുഷ്യനെന്ന നിലയിൽ അവനു സ്വർഗീയ ജീവൻ നേടാൻ കഴിയുമായിരുന്നില്ല. എന്തുകൊണ്ട്‌? എന്തെന്നാൽ, മാംസരക്തങ്ങൾക്കു ദൈവത്തിന്റെ സ്വർഗീയ രാജ്യം അവകാശമാക്കാൻ കഴിയില്ല. (1 കൊരിന്ത്യർ 15:44, 50) യേശുവിന്റെ മാനുഷ ശരീരം ഒരു തടസ്സം ആയിരുന്നതിനാൽ, അത്‌ ദൈവത്തിന്റെ പുരാതന ആലയത്തിലെ അതിവിശുദ്ധത്തിൽനിന്ന്‌ വിശുദ്ധത്തെ വേർതിരിച്ച തിരശ്ശീലയാൽ നന്നായി ചിത്രീകരിക്കപ്പെട്ടു. (എബ്രായർ 10:19) എന്നാൽ മരിച്ച്‌ മൂന്നു ദിവസം കഴിഞ്ഞപ്പോൾ ദൈവം യേശുവിനെ ഒരു ആത്മാവായി ഉയിർത്തെഴുന്നേൽപ്പിച്ചു. (1 പത്രൊസ്‌ 3:18) അപ്പോൾ അവന്‌ ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ അതിവിശുദ്ധ പ്രാകാരത്തിൽ, അതായത്‌ സ്വർഗത്തിൽ, പ്രവേശിക്കാൻ കഴിയുമായിരുന്നു. കൃത്യമായും അതുതന്നെയാണു സംഭവിച്ചതും. പൗലൊസ്‌ എഴുതുന്നു: “ക്രിസ്‌തു വാസ്‌തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.”—എബ്രായർ 9:24.

10. സ്വർഗത്തിലേക്കു മടങ്ങിപ്പോയ ഉടനെ യേശു എന്തു ചെയ്‌തു?

10 തന്റെ ജീവരക്തത്തിന്റെ വീണ്ടെടുപ്പു മൂല്യം സ്വർഗത്തിൽ യഹോവയ്‌ക്കു സമർപ്പിച്ചുകൊണ്ട്‌ യേശു തന്റെ യാഗ ‘രക്തം തളിച്ചു.’ എന്നാൽ യേശു അതിൽ കൂടുതലും ചെയ്‌തു. തന്റെ മരണത്തിന്‌ അൽപ്പം മുമ്പ്‌ അവൻ തന്റെ അനുഗാമികളോടു പിൻവരുന്നപ്രകാരം പറഞ്ഞിരുന്നു: “ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.” (യോഹന്നാൻ 14:2, 3) അതിവിശുദ്ധത്തിലേക്ക്‌ അഥവാ സ്വർഗത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ട്‌ യേശു മറ്റുള്ളവർക്ക്‌ അതിലേക്കു കടന്നുവരാനുള്ള വഴി തുറന്നു. (എബ്രായർ 6:19, 20) 1,44,000 വരുന്ന ഈ വ്യക്തികൾ ദൈവത്തിന്റെ ആത്മീയ ആലയ ക്രമീകരണത്തിൽ ഉപപുരോഹിതന്മാരായി സേവിക്കും. (വെളിപ്പാടു 7:4; 14:1; 20:6) ഇസ്രായേലിലെ മഹാപുരോഹിതൻ കാളയുടെ രക്തം എടുത്ത്‌ ആദ്യം പുരോഹിതന്മാരുടെ പാപപരിഹാരത്തിനായി അതിവിശുദ്ധത്തിലേക്കു കൊണ്ടുപോയിരുന്നതു പോലെ, യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം ആദ്യം ഈ 1,44,000 ഉപപുരോഹിതന്മാർക്കു ബാധകമാക്കപ്പെട്ടു. *

ആധുനികകാല “അഭികാമ്യ വസ്‌തുക്കൾ”

11. ഇസ്രായേലിലെ മഹാപുരോഹിതൻ ആർക്കു വേണ്ടിയാണ്‌ കോലാട്ടുകൊറ്റനെ ബലിയർപ്പിച്ചത്‌, അത്‌ എന്തിനെ മുൻനിഴലാക്കി?

11 1935-ഓടെ അഭിഷിക്തരുടെ പൊതു കൂട്ടിച്ചേർപ്പ്‌ പൂർത്തിയായതായി തോന്നുന്നു. * എന്നാൽ യഹോവ തന്റെ ഭവനത്തിന്റെ മഹത്ത്വീകരണം തീർച്ചയായും പൂർത്തിയാക്കിയിരുന്നില്ല. “അഭികാമ്യ വസ്‌തുക്കൾ” തുടർന്നും അതിലേക്കു വരാനുണ്ടായിരുന്നു. ഇസ്രായേലിലെ മഹാപുരോഹിതൻ രണ്ടു മൃഗങ്ങളെ യാഗമർപ്പിച്ചിരുന്നു എന്ന്‌ ഓർമിക്കുക—പുരോഹിതന്മാരുടെ പാപങ്ങൾക്കു വേണ്ടി ഒരു കാളയെയും പുരോഹിതേതര ഗോത്രങ്ങളുടെ പാപങ്ങൾക്കു വേണ്ടി ഒരു കോലാട്ടുകൊറ്റനെയും. പുരോഹിതന്മാർ സ്വർഗീയ രാജ്യത്തിൽ യേശുവിനോടൊപ്പം ആയിരിക്കുന്ന അഭിഷിക്തരെ ചിത്രീകരിച്ച സ്ഥിതിക്ക്‌, പുരോഹിതേതര ഗോത്രങ്ങൾ ആരെയാണു പ്രതിനിധാനം ചെയ്‌തത്‌? യോഹന്നാൻ 10:16-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പിൻവരുന്ന വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.” അതുകൊണ്ട്‌, യേശുവിന്റെ ചെരിയപ്പെട്ട രക്തം രണ്ട്‌ കൂട്ടം ആളുകൾക്കു പ്രയോജനം ചെയ്യുന്നു—ഒന്നാമത്‌, സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ പ്രത്യാശ ഉള്ളവർക്ക്‌; രണ്ടാമത്‌, ഒരു പറുദീസാ ഭൂമിയിലെ നിത്യജീവനായി നോക്കിപ്പാർത്തിരിക്കുന്നവർക്ക്‌. വ്യക്തമായും, ഈ രണ്ടാമത്തെ കൂട്ടമാണ്‌ ഹഗ്ഗായിയുടെ പ്രവചനത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന “അഭികാമ്യ വസ്‌തുക്കൾ.”—മീഖാ 4:1, 2; 1 യോഹന്നാൻ 2:1, 2.

12. അനേകം “അഭികാമ്യ വസ്‌തുക്കൾ” ഇന്ന്‌ യഹോവയുടെ ഭവനത്തിലേക്ക്‌ ആകർഷിക്കപ്പെടുന്നത്‌ എങ്ങനെ?

12 ഈ “അഭികാമ്യ വസ്‌തുക്കൾ” ഇപ്പോഴും യഹോവയുടെ ഭവനത്തിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ, പൂർവയൂറോപ്പിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മറ്റു ചില ദേശങ്ങളിലും നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെ കുറിച്ചുള്ള സുവാർത്ത വ്യാപകമായി പ്രസംഗിക്കപ്പെടാൻ അത്‌ ഇടയാക്കിയിരിക്കുന്നു. ദൈവത്തിന്റെ ആലയ ക്രമീകരണത്തിലേക്കു കടന്നുവരുന്ന അഭികാമ്യരായ ആളുകൾ എന്ന നിലയിൽ അവർ യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്‌ കൂടുതൽ ശിഷ്യന്മാരെ ഉളവാക്കാൻ ശ്രമിക്കുന്നു. (മത്തായി 28:19, 20) അപ്രകാരം ചെയ്യവെ, യഹോവയുടെ ഭവനത്തെ മഹത്ത്വപ്പെടുത്തുന്ന “അഭികാമ്യ വസ്‌തുക്കൾ” ആയിത്തീരാൻ സാധ്യതയുള്ള എല്ലാ പ്രായത്തിലും പെട്ട അനേകം വ്യക്തികളെ അവർ കണ്ടുമുട്ടുന്നു. അത്‌ എങ്ങനെ സംഭവിക്കുന്നു എന്നതിന്റെ ഏതാനും ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

13. ബൊളീവിയയിലെ ഒരു കൊച്ചു പെൺകുട്ടി രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിലുള്ള തന്റെ തീക്ഷ്‌ണത പ്രകടമാക്കിയത്‌ എങ്ങനെ?

13 ബൊളീവിയയിൽ, സാക്ഷികളായ മാതാപിതാക്കളുടെ അഞ്ചു വയസ്സുള്ള മകൾ, സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശന വാരത്തിൽ തന്റെ ടീച്ചറിനോട്‌ ഒരാഴ്‌ചത്തെ അവധിക്ക്‌ അപേക്ഷിച്ചു. എന്തുകൊണ്ട്‌? ആ പ്രത്യേക വാരത്തിൽ ഉടനീളം ശുശ്രൂഷയിൽ പങ്കെടുക്കാൻ അവൾ ആഗ്രഹിച്ചു. അത്‌ അവളുടെ മാതാപിതാക്കളെ ആശ്ചര്യപ്പെടുത്തിയെങ്കിലും, അവൾക്ക്‌ അത്തരമൊരു നല്ല മനോഭാവം ഉണ്ടായിരുന്നതിൽ അവർ സന്തോഷിച്ചു. ആ കൊച്ചു പെൺകുട്ടി ഇപ്പോൾ അഞ്ചു ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തുന്നു. ആ ബൈബിൾ വിദ്യാർഥികളിൽ ചിലർ ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നുമുണ്ട്‌. അവൾ തന്റെ സ്‌കൂളിലെ ടീച്ചറെ പോലും രാജ്യഹാളിൽ കൊണ്ടുവന്നു. ഒരുപക്ഷേ കാലാന്തരത്തിൽ, അവളുടെ ബൈബിൾ വിദ്യാർഥികളിൽ ചിലർ യഹോവയുടെ ഭവനത്തെ മഹത്ത്വപ്പെടുത്തുന്ന “അഭികാമ്യ വസ്‌തുക്ക”ളാണെന്നു തെളിഞ്ഞേക്കാം.

14. കൊറിയയിൽ, താത്‌പര്യമില്ലെന്നു തോന്നിച്ച ഒരു വ്യക്തിയുടെ കാര്യത്തിൽ ഒരു സഹോദരി കാട്ടിയ സ്ഥിരോത്സാഹം ഫലമുളവാക്കിയത്‌ എങ്ങനെ?

14 ഒരു റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കവെ, കൊറിയയിലെ ഒരു ക്രിസ്‌തീയ സഹോദരി, ഹെഡ്‌ഫോണിലൂടെ സംഗീതം കേൾക്കുകയായിരുന്ന ഒരു വിദ്യാർഥിയെ സമീപിച്ച്‌ ഇങ്ങനെ ചോദിച്ചു: “നിനക്ക്‌ ഒരു മതമുണ്ടോ?” “എനിക്ക്‌ ഒരു മതത്തിലും താത്‌പര്യമില്ല,” അവൻ പ്രതിവചിച്ചു. സഹോദരി പിന്മാറിയില്ല. “കാലം കടന്നുപോകവെ, ഒരു മതം തിരഞ്ഞെടുക്കാൻ ഒരുവൻ ആഗ്രഹിച്ചേക്കാം. എന്നാൽ മതത്തെ കുറിച്ച്‌ ഒന്നും അറിയില്ലെങ്കിൽ അയാൾ തെറ്റായ ഒന്ന്‌ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്‌” എന്ന്‌ സഹോദരി തുടർന്നു പറഞ്ഞു. വിദ്യാർഥിയുടെ മുഖഭാവത്തിൽ മാറ്റം വന്നു, സഹോദരി പറയുന്നത്‌ അവൻ താത്‌പര്യത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം കൊടുത്തിട്ട്‌, ഒരു മതം തിരഞ്ഞെടുക്കേണ്ട സമയം വരുമ്പോൾ പ്രസ്‌തുത പ്രസിദ്ധീകരണം വലിയ സഹായം ആയിരിക്കുമെന്ന്‌ ആ സഹോദരി പറഞ്ഞു. അവൻ ആ പുസ്‌തകം സസന്തോഷം സ്വീകരിച്ചു. പിറ്റേ ആഴ്‌ച ആ യുവാവ്‌ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഇപ്പോൾ അവൻ എല്ലാ സഭായോഗങ്ങൾക്കും ഹാജരാകുന്നു.

15. ജപ്പാനിലെ ഒരു പെൺകുട്ടി ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നത്‌ എങ്ങനെ, അവളുടെ ശ്രമങ്ങൾക്ക്‌ എന്തു ഫലം ലഭിച്ചിരിക്കുന്നു?

15 ജപ്പാനിലെ മെഗുമി എന്ന 12 വയസ്സുകാരി സുവാർത്ത പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ഒരു ഫലപ്രദമായ വയലായി തന്റെ സ്‌കൂളിനെ കണക്കാക്കുന്നു. അവൾക്കു നിരവധി ബൈബിൾ അധ്യയനങ്ങൾ പോലും തുടങ്ങാൻ കഴിഞ്ഞു. മെഗുമി എങ്ങനെയാണ്‌ അതൊക്കെ സാധിക്കുന്നത്‌? ഉച്ചയൂണിന്റെ സമയത്ത്‌ മെഗുമി ക്ലാസ്സിലിരുന്ന്‌ ബൈബിൾ വായിക്കുകയോ യോഗങ്ങൾക്കു തയ്യാറാകുകയോ ചെയ്യുമ്പോൾ, എന്തു ചെയ്യുകയാണെന്ന്‌ സഹപാഠികൾ പലപ്പോഴും അവളോടു ചോദിക്കും. അല്ലെങ്കിൽ, മെഗുമി ചില സ്‌കൂൾ പരിപാടികളിൽ പങ്കെടുക്കാതിരിക്കുമ്പോൾ ചില കുട്ടികൾ അതിന്റെ കാരണം അന്വേഷിക്കും. അവരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകവെ മെഗുമി ദൈവത്തിന്‌ ഒരു പേരുണ്ടെന്നും കൂട്ടിച്ചേർക്കും. അതു മിക്കപ്പോഴും അവരുടെ താത്‌പര്യത്തെ ഉണർത്തുന്നു. അപ്പോൾ അവരെ ബൈബിൾ പഠിപ്പിക്കാമെന്ന്‌ അവൾ അവരോടു പറയുന്നു. മെഗുമിക്ക്‌ ഇപ്പോൾ 20 ബൈബിൾ അധ്യയനങ്ങൾ ഉണ്ട്‌—അതിൽ 18-ഉം അവളുടെ സഹപാഠികളുമൊത്താണ്‌.

16. കാമറൂണിലെ ഒരു സഹോദരന്‌, തന്നെ പരിഹസിക്കാൻ ശ്രമിച്ച ചിലരുമായി ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ സാധിച്ചത്‌ എങ്ങനെ?

16 കാമറൂണിൽ, വഴിപോക്കർക്കു ബൈബിൾ സാഹിത്യങ്ങൾ കൊടുത്തുകൊണ്ടിരുന്ന ഒരു സഹോദരനെ ജോലിസ്ഥലത്തായിരുന്ന ഒരു കൂട്ടം പുരുഷന്മാർ തങ്ങളുടെ അടുക്കലേക്കു വിളിച്ചുവരുത്തി. ത്രിത്വത്തിലും നരകാഗ്നിയിലും ആത്മാവിന്റെ അമർത്യതയിലും വിശ്വസിക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ അവർ അദ്ദേഹത്തോടു ചോദിച്ചു. സഹോദരനെ കളിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ നമ്മുടെ സഹോദരൻ ബൈബിൾ ഉപയോഗിച്ച്‌ അവരുടെ ചോദ്യങ്ങൾക്കു മറുപടി കൊടുത്തു. തത്‌ഫലമായി, അവരിൽ മൂന്നു പേർ ബൈബിൾ പഠിക്കാനുള്ള ക്ഷണം സ്വീകരിച്ചു. അവരിൽ ഒരുവനായ ഡാനിയേൽ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ആത്മവിദ്യയോടു ബന്ധപ്പെട്ട്‌ തന്റെ പക്കലുണ്ടായിരുന്ന വസ്‌തുവകകൾ എല്ലാം അദ്ദേഹം നശിപ്പിച്ചുകളയുക പോലും ചെയ്‌തു. (വെളിപ്പാടു 21:8) ഒരു വർഷത്തിനുള്ളിൽ അദ്ദേഹം സ്‌നാപനമേറ്റു.

17. എൽ സാൽവഡോറിലെ ചില സഹോദരന്മാർ രാജ്യസന്ദേശം കേൾക്കാൻ ആദ്യം ആഗ്രഹം ഇല്ലാഞ്ഞ ഒരു മനുഷ്യനോട്‌ ബുദ്ധിപൂർവം പ്രസംഗിച്ചത്‌ എങ്ങനെ?

17 എൽ സാൽവഡോറിലുള്ള ഒരാൾ, സാക്ഷികൾ വരുന്നതു കാണുമ്പോൾ തന്റെ കടിക്കുന്ന പട്ടിയെ വീടിന്റെ വാതിലിനു മുന്നിൽ കെട്ടിയിടുമായിരുന്നു. സാക്ഷികൾ പോയിക്കഴിയുമ്പോൾ അയാൾ പട്ടിയെ വീടിന്‌ ഉള്ളിലേക്കു കൊണ്ടുപോകും. സഹോദരങ്ങൾക്ക്‌ ഒരിക്കലും അയാളോടു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം അവർ മറ്റൊരു രീതി പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. തങ്ങൾ പറയുന്നത്‌ അയാൾക്കു കേൾക്കാൻ കഴിയുമെന്നു മനസ്സിലാക്കിക്കൊണ്ട്‌ അവർ പട്ടിയോടു സാക്ഷീകരിക്കാൻ തീരുമാനിച്ചു. അവർ വീടിന്റെ അടുത്തു വന്ന്‌ പട്ടിയോടു നമസ്‌കാരം പറഞ്ഞിട്ട്‌ അതിനോടു സംസാരിക്കാൻ അവസരം കിട്ടിയതിൽ സന്തോഷിക്കുന്നു എന്ന്‌ അറിയിച്ചു. ആരും കോപിഷ്‌ഠരാകാത്ത എന്തിന്‌, മൃഗങ്ങൾ പോലും സമാധാനത്തിൽ വസിക്കുന്ന ഒരു പറുദീസ ഭൂമിയിൽ വരുമെന്ന്‌ അവർ അതിനോടു പറഞ്ഞു. എന്നിട്ട്‌ മര്യാദപൂർവം പട്ടിയോടു യാത്ര പറഞ്ഞ്‌ അവർ തിരിച്ചു നടന്നു. എന്നാൽ അതിശയകരമെന്നു പറയട്ടെ, അപ്പോൾ അയാൾ വീടിനു പുറത്തു വന്നു. തന്നോടു സംസാരിക്കാൻ സാക്ഷികൾക്ക്‌ ഒരിക്കലും അവസരം നൽകാഞ്ഞതിന്‌ അദ്ദേഹം ക്ഷമ ചോദിച്ചു. മാസികകൾ സ്വീകരിച്ച അദ്ദേഹത്തിന്‌ പെട്ടെന്നുതന്നെ ഒരു ബൈബിൾ അധ്യയനവും ആരംഭിച്ചു. ഇപ്പോൾ ആ മനുഷ്യൻ നമ്മുടെ ഒരു സഹോദരനാണ്‌—“അഭികാമ്യ വസ്‌തു”ക്കളിൽ ഒന്നുതന്നെ!

“ഭയപ്പെടേണ്ടാ”

18. പല ക്രിസ്‌ത്യാനികളും ഏതെല്ലാം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു, എന്നാൽ യഹോവ തന്റെ ആരാധകരെ വീക്ഷിക്കുന്നത്‌ എങ്ങനെ?

18 സുപ്രധാനമായ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നിങ്ങൾക്ക്‌ ഒരു പങ്കുണ്ടോ? ഉണ്ടെങ്കിൽ, അതു തീർച്ചയായും ഒരു വലിയ പദവിയാണ്‌. ‘അഭികാമ്യ വസ്‌തുക്കളെ’ യഹോവ തന്റെ ഭവനത്തിലേക്ക്‌ ആകർഷിക്കുന്നത്‌ ഈ വേലയിലൂടെയാണ്‌. (യോഹന്നാൻ 6:44) ഇടയ്‌ക്കൊക്കെ നിങ്ങൾക്ക്‌ അൽപ്പം ക്ഷീണമോ നിരുത്സാഹമോ തോന്നിയേക്കാമെന്നതു ശരിതന്നെ. ചിലർക്ക്‌—യഹോവയുടെ വിശ്വസ്‌ത ദാസന്മാരിൽ ചിലർക്കു പോലും—തങ്ങൾ വിലകെട്ടവരാണെന്ന തോന്നലും ചിലപ്പോഴൊക്ക ഉണ്ടായേക്കാം. എന്നാൽ മടുത്തുപോകരുത്‌! യഹോവ തന്റെ ആരാധകരിൽ ഓരോരുത്തരെയും അഭികാമ്യരായി വീക്ഷിക്കുന്നു. അവനു നിങ്ങളുടെ രക്ഷയിൽ ആഴമായ താത്‌പര്യമുണ്ട്‌.—2 പത്രൊസ്‌ 3:9.

19. യഹോവ ഹഗ്ഗായിയിലൂടെ എന്തു പ്രോത്സാഹനം നൽകി, ആ വാക്കുകൾ നമുക്ക്‌ ശക്തിയുടെ ഒരു ഉറവ്‌ ആയിരിക്കുന്നത്‌ എങ്ങനെ?

19 എതിർപ്പോ മറ്റ്‌ അസുഖകരമായ സാഹചര്യങ്ങളോ നിമിത്തം നിരുത്സാഹം തോന്നുമ്പോൾ, സ്വദേശത്തു മടങ്ങിയെത്തിയ യഹൂദന്മാരോടുള്ള യഹോവയുടെ വാക്കുകൾ നമുക്കു ശക്തി പകർന്നേക്കാം. ഹഗ്ഗായി 2:4-6-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‌വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്‌തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.” ശക്തരായിരിക്കാൻ യഹോവ നമ്മെ ഉദ്‌ബോധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്‌, പകരം ശക്തി നേടാൻ അവൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. എങ്ങനെ? അവനിൽ നിന്നുള്ള പിൻവരുന്ന ആശ്വാസ വാക്കുകൾ ശ്രദ്ധിക്കുക: ‘ഞാൻ നിങ്ങളോടുകൂടെ ഉണ്ട്‌.’ അതേ, എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിട്ടാലും, യഹോവ നമ്മോടൊപ്പം ഉണ്ട്‌ എന്ന തിരിച്ചറിവ്‌ നമ്മുടെ വിശ്വാസത്തെ എത്രയധികം ബലപ്പെടുത്തുന്നു!—റോമർ 8:31.

20. ഇന്ന്‌ ഏതു വിധത്തിലാണ്‌ അഭൂതപൂർവകമായ മഹത്ത്വം യഹോവയുടെ ഭവനത്തിൽ നിറയുന്നത്‌?

20 യഹോവ തന്റെ ജനത്തോടൊപ്പം ഉണ്ടെന്ന്‌ അവൻ വ്യക്തമായും തെളിയിച്ചിരിക്കുന്നു. തീർച്ചയായും അത്‌ അവൻ പ്രവാചകനായ ഹഗ്ഗായിയിലൂടെ മുൻകൂട്ടി പറഞ്ഞതുപോലെ തന്നെയാണ്‌: “ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും. . . ഈ സ്ഥലത്തു ഞാൻ സമാധാനം നല്‌കും.” (ഹഗ്ഗായി 2:9) ഇന്ന്‌ ഏറ്റവും അധികം മഹത്ത്വം കാണാൻ കഴിയുന്നത്‌ തീർച്ചയായും യഹോവയുടെ ആത്മീയ ആലയത്തിലാണ്‌. ഓരോ വർഷവും ലക്ഷക്കണക്കിന്‌ ആളുകൾ ആണ്‌ സത്യാരാധനയിലേക്ക്‌ ആകർഷിക്കപ്പെടുന്നത്‌. അവർ ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുന്നു. ഈ പ്രക്ഷുബ്‌ധ ലോകത്തിൽ പോലും അവർ സമാധാനം ആസ്വദിക്കുന്നു. അതിനെ വെല്ലുന്ന സമാധാനം ദൈവത്തിന്റെ പുതിയ ലോകത്തിൽ മാത്രമേ കാണുകയുള്ളൂ.—യെശയ്യാവു 9:6, 7; ലൂക്കൊസ്‌ 12:42.

21. നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?

21 അർമഗെദ്ദോനിൽ ജനതകളെ ഇളക്കാനുള്ള യഹോവയുടെ സമയം സമീപിച്ചിരിക്കുന്നു. (വെളിപ്പാടു 16:14, 16) അതുകൊണ്ട്‌ ജീവൻ രക്ഷിക്കാൻ കൂടുതൽ പേരെ സഹായിക്കുന്നതിന്‌ ശേഷിച്ച സമയം നമുക്ക്‌ ഉപയോഗിക്കാം. നാം ശക്തരും യഹോവയിൽ പൂർണമായി ആശ്രയിക്കുന്നവരും ആയിരിക്കട്ടെ. വേല പൂർത്തിയായിരിക്കുന്നു എന്ന്‌ യഹോവ പറയുന്നതു വരെ, അവന്റെ വലിയ ആത്മീയ ആലയത്തെ ഇനിയും കൂടുതൽ “അഭികാമ്യ വസ്‌തുക്ക”ളാൽ നിറച്ചുകൊണ്ട്‌ അതിലെ നമ്മുടെ ആരാധന തുടരാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ശലോമോന്റെ ആലയ നിർമാണത്തിനായി സംഭാവന ചെയ്യപ്പെട്ട തുക ഇന്നത്തെ മൂല്യം അനുസരിച്ച്‌ ഏകദേശം 4,000 കോടി ഡോളർ വരുമായിരുന്നു. നിർമാണ പ്രവർത്തനം കഴിഞ്ഞ്‌ മിച്ചമുണ്ടായിരുന്ന വസ്‌തുവകകൾ ആലയ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു.—1 രാജാക്കന്മാർ 7:51.

^ ഖ. 10 ഇസ്രായേലിലെ മഹാപുരോഹിതനിൽനിന്നു വ്യത്യസ്‌തനായി, യേശു പാപരഹിതനായിരുന്നു. അതുകൊണ്ട്‌, അവനു പാപപരിഹാരത്തിന്റെ ആവശ്യമില്ലായിരുന്നു. എന്നാൽ അവന്റെ സഹപുരോഹിതന്മാർ പാപഗ്രസ്‌ത മനുഷ്യവർഗത്തിൽ നിന്ന്‌ വിലയ്‌ക്കു വാങ്ങപ്പെട്ടവർ ആയതിനാൽ പാപികളാണ്‌.—വെളിപ്പാടു 5:9, 10.

^ ഖ. 11 1998 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-22 പേജുകൾ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

യഹോവയ്‌ക്ക്‌ ഭൗതിക വസ്‌തുക്കളെക്കാൾ വിലപ്പെട്ടത്‌ എന്താണ്‌?

യേശുവിന്റെ ചൊരിയപ്പെട്ട രക്തം ഏതു രണ്ടു കൂട്ടങ്ങൾക്കു പ്രയോജനം ചെയ്യുന്നു?

യഹോവയുടെ ഭവനത്തെ മഹത്ത്വംകൊണ്ടു നിറയ്‌ക്കേണ്ടിയിരുന്ന “അഭികാമ്യ വസ്‌തുക്കൾ” ആരാണ്‌?

ഹഗ്ഗായിയുടെ പ്രവചനം ഇന്ന്‌ നിവൃത്തിയേറുന്നു എന്നതിന്‌ എന്ത്‌ തെളിവുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

യഹോവയുടെ പുരാതന ആലയത്തിന്റെ ആലങ്കാരിക അർഥം നിങ്ങൾക്ക്‌ അറിയാമോ?

അതിവിശുദ്ധം

തിരശ്ശീല

വിശുദ്ധം

മണ്ഡപം

യാഗപീഠം

പ്രാകാരം

[17-ാം പേജിലെ ചിത്രം]

മഹാപുരോഹിതൻ പുരോഹിതന്മാരുടെ പാപങ്ങൾക്കായി ഒരു കാളയെയും ഇസ്രായേലിലെ പുരോഹിതേതര ഗോത്രങ്ങളുടെ പാപങ്ങൾക്കായി ഒരു കോലാട്ടുകൊറ്റനെയും യാഗം അർപ്പിച്ചിരുന്നു

[18-ാം പേജിലെ ചിത്രം]

ലോകവ്യാപക രാജ്യപ്രസംഗ വേല ജനലക്ഷങ്ങളെ യഹോവയുടെ ഭവനത്തിലേക്ക്‌ ആകർഷിക്കുന്നു