വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഉണർന്നിരിപ്പിൻ”

“ഉണർന്നിരിപ്പിൻ”

“ഉണർന്നിരിപ്പിൻ”

“നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ.”—മത്തായി 24:42.

1. ദീർഘകാലമായി യഹോവയുടെ സേവനത്തിൽ തുടരുന്ന അവന്റെ ദാസീദാസന്മാർ തങ്ങളുടെ അർപ്പിത സേവനത്തെ കുറിച്ച്‌ എന്തു വിചാരിക്കുന്നു? ഒരു ഉദാഹരണം പറയുക.

യഹോവയെ ദീർഘകാലമായി സേവിക്കുന്ന അവന്റെ ദാസീദാസന്മാരിൽ പലരും സത്യം പഠിച്ചത്‌ യുവപ്രായത്തിലാണ്‌. വിലയേറിയ ഒരു മുത്ത്‌ കണ്ടെത്തിയപ്പോൾ അതു വാങ്ങാനായി തനിക്കുള്ള സകലതും വിറ്റ വ്യാപാരിയെ പോലെ, ഉത്സുകരായ ആ ബൈബിൾ വിദ്യാർഥികൾ തങ്ങളെത്തന്നെ ത്യജിച്ചുകൊണ്ട്‌ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. (മത്തായി 13:45, 46; മർക്കൊസ്‌ 8:34) ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തി കാണാൻ തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുന്നതു സംബന്ധിച്ച്‌ അവർക്ക്‌ എന്തു തോന്നുന്നു? അവർ ഖേദിക്കുന്നില്ല! ഏതാണ്ട്‌ 60 വർഷത്തെ സമർപ്പിത ദൈവസേവനത്തിനു ശേഷം പിൻവരുന്ന പ്രകാരം പറഞ്ഞ എ. എച്ച്‌. മാക്‌മില്ലനോട്‌ അവർ യോജിക്കുന്നു: “എന്റെ വിശ്വാസത്തിൽ തുടരാൻ ഞാൻ മുമ്പെന്നത്തേതിലും ദൃഢചിത്തനാണ്‌. അത്‌ എന്റെ ജീവിതത്തെ അർഥവത്താക്കിയിരിക്കുന്നു. ഭാവിയെ നിർഭയം അഭിമുഖീകരിക്കാൻ അത്‌ ഇപ്പോഴും എന്നെ സഹായിക്കുന്നു.”

2. (എ) യേശു തന്റെ അനുഗാമികൾക്ക്‌ കാലോചിതമായ ഏതു ബുദ്ധിയുപദേശം നൽകി? (ബി) ഈ ലേഖനത്തിൽ നാം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?

2 നിങ്ങളെ സംബന്ധിച്ചോ? നിങ്ങളുടെ പ്രായം എത്രയായിരുന്നാലും, യേശുവിന്റെ പിൻവരുന്ന വാക്കുകൾ പരിചിന്തിക്കുക: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ.” (മത്തായി 24:42) ആ ലളിതമായ പ്രസ്‌താവനയിൽ ഗഹനമായൊരു സത്യം അടങ്ങിയിട്ടുണ്ട്‌. ഈ ദുഷ്ട വ്യവസ്ഥിതിയുടെ മേലുള്ള ന്യായവിധി നടപ്പാക്കാനായി കർത്താവ്‌ ഏതു ദിവസത്തിൽ വരുമെന്നു നമുക്ക്‌ അറിയില്ല. നാം അത്‌ അറിയേണ്ട ആവശ്യവുമില്ല. യേശുവിന്റെ വരവിങ്കൽ ഖേദിക്കേണ്ടിവരുന്ന വിധത്തിലായിരിക്കരുത്‌ നമ്മുടെ ജീവിതം. ഉണർന്നിരിക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കുന്ന ഏതു ദൃഷ്ടാന്തങ്ങൾ നാം ബൈബിളിൽ കാണുന്നു? യേശു അതിന്റെ ആവശ്യകതയെ ഉദാഹരിച്ചത്‌ എങ്ങനെ? ഈ അഭക്ത ലോകത്തിന്റെ അന്ത്യനാളുകളിലാണ്‌ നാം ജീവിച്ചിരിക്കുന്നത്‌ എന്നതിന്‌ എന്തു തെളിവുണ്ട്‌?

ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം

3. ഇന്ന്‌ അനേകരും നോഹയുടെ നാളിലെ ആളുകളെ പോലെ ആയിരിക്കുന്നത്‌ എങ്ങനെ?

3 ഇന്നത്തെ ആളുകൾ പല കാര്യങ്ങളിലും നോഹയുടെ നാളിലെ സ്‌ത്രീപുരുഷന്മാരെ പോലെയാണ്‌. അക്കാലത്ത്‌ ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരുന്നു. മനുഷ്യന്റെ ഹൃദയവിചാരങ്ങൾ “എല്ലായ്‌പോഴും ദോഷമുള്ള”തായിരുന്നു. (ഉല്‌പത്തി 6:5) അനുദിന ജീവിത കാര്യങ്ങളിൽ ആയിരുന്നു മിക്കവരുടെയും മുഴു ശ്രദ്ധയും. ജലപ്രളയം വരുത്തുന്നതിനു മുമ്പ്‌, ആളുകൾക്ക്‌ അനുതപിക്കാനുള്ള ഒരു അവസരം യഹോവ കൊടുത്തു. അവരോടു പ്രസംഗിക്കാൻ അവൻ നോഹയെ നിയമിച്ചു. നോഹ അത്‌ അനുസരിച്ചു. 40-ഓ 50-ഓ, ഒരുപക്ഷേ അതിലേറെയോ, വർഷം അവൻ ഒരു “നീതിപ്രസംഗി”യായി സേവിച്ചു. (2 പത്രൊസ്‌ 2:5) എന്നാൽ, നോഹയുടെ മുന്നറിയിപ്പിൻ സന്ദേശം ആളുകൾ ഗൗനിച്ചില്ല. അവർ ഉണർന്നിരിക്കുന്നവർ ആയിരുന്നില്ല. അതുകൊണ്ട്‌ നോഹയും കുടുംബവും മാത്രമേ ഒടുവിൽ യഹോവയുടെ ന്യായവിധി നിർവഹണത്തെ അതിജീവിച്ചുള്ളൂ.—മത്തായി 24:37-39.

4. ഏത്‌ അർഥത്തിലാണ്‌ നോഹയുടെ ശുശ്രൂഷ ഒരു വിജയമായിരുന്നത്‌, നിങ്ങളുടെ പ്രസംഗ വേലയെ കുറിച്ച്‌ അതുതന്നെ പറയാവുന്നത്‌ എന്തുകൊണ്ട്‌?

4 നോഹയുടെ ശുശ്രൂഷ ഒരു വിജയമായിരുന്നോ? അനുകൂലമായി പ്രതികരിച്ചവരുടെ എണ്ണം നോക്കി ഒരു നിഗമനത്തിലെത്തരുത്‌. പ്രതികരണം എന്തുതന്നെ ആയിരുന്നെങ്കിലും, നോഹയുടെ പ്രസംഗം അതിന്റെ ഉദ്ദേശ്യം സാധിച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, തങ്ങൾ യഹോവയെ സേവിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കാൻ അത്‌ ആളുകൾക്കു വേണ്ടത്ര അവസരം നൽകി. നിങ്ങളുടെ പ്രസംഗ പ്രദേശത്തോ? അനുകൂലമായ പ്രതികരണം വളരെ കുറവാണെങ്കിലും, നിങ്ങൾ വലിയ വിജയം കൊയ്യുകയാണ്‌. എന്തുകൊണ്ട്‌? പ്രസംഗിക്കുകവഴി നിങ്ങൾ ദൈവത്തിന്റെ മുന്നറിയിപ്പു മുഴക്കുകയാണ്‌, അങ്ങനെ യേശു തന്റെ അനുഗാമികൾക്കു നൽകിയ നിയമനം നിങ്ങൾ നിവർത്തിക്കുകയാണ്‌.—മത്തായി 24:14; 28:19, 20.

ദൈവത്തിന്റെ പ്രവാചകന്മാരെ അവഗണിക്കുന്നു

5. (എ) ഹബക്കൂകിന്റെ നാളിൽ യഹൂദ്യയിൽ ഏത്‌ അവസ്ഥകൾ വ്യാപകമായിരുന്നു, ആളുകൾ അവന്റെ പ്രാവചനിക സന്ദേശത്തോടു പ്രതികരിച്ചത്‌ എങ്ങനെ? (ബി) യഹൂദജനത യഹോവയുടെ പ്രവാചകന്മാരോടു വിദ്വേഷം പ്രകടമാക്കിയത്‌ എങ്ങനെ?

5 ജലപ്രളയത്തിനു നൂറ്റാണ്ടുകൾക്കു ശേഷം, യഹൂദാ രാജ്യം ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിച്ചു. വിഗ്രഹാരാധന, അനീതി, അടിച്ചമർത്തൽ, എന്തിന്‌ കൊലപാതകം പോലും സർവസാധാരണം ആയിത്തീർന്നു. അനുതപിക്കാത്ത പക്ഷം, കൽദയരുടെ അഥവാ ബാബിലോണിയരുടെ കയ്യാൽ വലിയ ദുരിതം അനുഭവിക്കേണ്ടിവരുമെന്നു ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ യഹോവ ഹബക്കൂക്‌ പ്രവാചകനെ എഴുന്നേൽപ്പിച്ചു. (ഹബക്കൂക്‌ 1:5-7) എന്നാൽ ആളുകൾ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. ‘നൂറിലേറെ വർഷം മുമ്പ്‌ പ്രവാചകനായ യെശയ്യാവ്‌ സമാനമായ ഒരു മുന്നറിയിപ്പു മുഴക്കിയതല്ലേ, എന്നിട്ട്‌ ഇതുവരെയും ഒന്നും സംഭവിച്ചില്ലല്ലോ!’ എന്ന്‌ അവർ ചിന്തിച്ചിരിക്കാം. (യെശയ്യാവു 39:6, 7) യഹൂദ്യയിലെ പല ഉദ്യോഗസ്ഥന്മാരും പ്രസ്‌തുത സന്ദേശത്തോടു നിസ്സംഗത പുലർത്തുക മാത്രമല്ല, സന്ദേശവാഹകരോടു വിദ്വേഷം പ്രകടമാക്കുകയും ചെയ്‌തു. ഒരവസരത്തിൽ അവർ യിരെമ്യാവിനെ കൊല്ലാൻ നോക്കി. അഹീക്കാം ഇടപെട്ടില്ലായിരുന്നെങ്കിൽ അവൻ കൊല്ലപ്പെടുമായിരുന്നു. മറ്റൊരു പ്രവാചകനായ ഊരീയാവിന്റെ സന്ദേശത്തിൽ പ്രകോപിതനായ യെഹോയാക്കീം രാജാവ്‌ അവനെ കൊല്ലിച്ചു.—യിരെമ്യാവു 26:21-24.

6. യഹോവ ഹബക്കൂകിനെ ബലപ്പെടുത്തിയത്‌ എങ്ങനെ?

6 യഹൂദ്യയുടെ 70 വർഷ ശൂന്യാവസ്ഥ മുൻകൂട്ടിപ്പറയാൻ ദൈവത്താൽ നിശ്വസ്‌തനാക്കപ്പെട്ട യിരെമ്യാവിന്റെ സന്ദേശം പോലെതന്നെ പറയാൻ ധൈര്യം ആവശ്യമാക്കുന്നതും ജനപ്രീതിയില്ലാത്തതും ആയിരുന്നു ഹബക്കൂകിന്റെ സന്ദേശം. (യിരെമ്യാവു 25:8-11) അതുകൊണ്ട്‌, “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?” എന്നു വിലപിച്ചപ്പോഴത്തെ ഹബക്കൂകിന്റെ മനോവ്യസനം നമുക്കു മനസ്സിലാക്കാനാകും. (ഹബക്കൂക്‌ 1:2) വിശ്വാസത്തെ ബലപ്പെടുത്തുന്ന വാക്കുകളിൽ യഹോവ ഹബക്കൂകിന്‌ കരുണാപൂർവം ഉത്തരം നൽകി. അവൻ പറഞ്ഞു: “ദർശനത്തിന്നു ഒരു അവധി [“നിയമിത സമയം,” NW] വെച്ചിരിക്കുന്നു; അതു സമാപ്‌തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെററുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക്‌ 2:3) അതേ, അനീതിയും അടിച്ചമർത്തലും അവസാനിപ്പിക്കാൻ യഹോവയ്‌ക്ക്‌ ഒരു “നിയമിത സമയം” ഉണ്ടായിരുന്നു. അത്‌ താമസിക്കുന്നുവെന്നു തോന്നിയാലും, ഹബക്കൂക്‌ നിരുത്സാഹിതൻ ആകുകയോ മന്ദീഭാവം കാണിക്കുകയോ ചെയ്യരുതായിരുന്നു. മറിച്ച്‌, അനുദിനം ഒരു അടിയന്തിരതാബോധം നിലനിർത്തിക്കൊണ്ട്‌ അവൻ ‘കാത്തിരിക്ക’ണമായിരുന്നു. യഹോവയുടെ ദിവസം താമസിക്കുകയില്ലായിരുന്നു!

7. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ യെരൂശലേം ഒരിക്കൽക്കൂടെ നാശത്തിനു വിധിക്കപ്പെട്ടത്‌ എന്തുകൊണ്ട്‌?

7 യഹോവ ഹബക്കൂകിനോടു സംസാരിച്ച്‌ ഏകദേശം 20 വർഷം കഴിഞ്ഞപ്പോൾ, യഹൂദ്യയുടെ തലസ്ഥാന നഗരമായ യെരൂശലേം നശിപ്പിക്കപ്പെട്ടു. പിന്നീട്‌ അതു പുതുക്കിപ്പണിയപ്പെടുകയും ഹബക്കൂകിനെ ഏറെ വേദനിപ്പിച്ച തിന്മകളിൽ മിക്കവയും ഇല്ലായ്‌മ ചെയ്യപ്പെടുകയും ചെയ്‌തു. എന്നിരുന്നാലും, പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, ആ നഗരത്തിലെ നിവാസികളുടെ അവിശ്വസ്‌തത നിമിത്തം അതു വീണ്ടും നാശത്തിനു വിധിക്കപ്പെട്ടു. എങ്കിലും കരുണാമയനായ യഹോവ നീതിഹൃദയരായ വ്യക്തികളുടെ അതിജീവനത്തിനുള്ള കരുതൽ ചെയ്‌തു. ഇത്തവണ തന്റെ സന്ദേശം അറിയിക്കാൻ ഏറ്റവും പ്രമുഖ പ്രവാചകനായ യേശുക്രിസ്‌തുവിനെത്തന്നെ അവൻ ഉപയോഗിച്ചു. പൊ.യു. 33-ൽ യേശു തന്റെ അനുഗാമികളോട്‌ ഇങ്ങനെ പറഞ്ഞു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.”—ലൂക്കൊസ്‌ 21:20, 21.

8. (എ) യേശുവിന്റെ മരണശേഷം കാലം കടന്നുപോയതോടെ ചില ക്രിസ്‌ത്യാനികൾക്ക്‌ എന്തു സംഭവിച്ചിരിക്കാം? (ബി) യെരൂശലേമിനെ കുറിച്ചുള്ള യേശുവിന്റെ പ്രാവചനിക വചനങ്ങൾ എങ്ങനെ നിവൃത്തിയേറി?

8 വർഷങ്ങൾ കടന്നുപോകവെ, യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തി എപ്പോഴായിരിക്കുമെന്ന്‌ യെരൂശലേമിലെ ചില ക്രിസ്‌ത്യാനികൾ ചിന്തിച്ചിരിക്കാം. അവരിൽ ചിലർ നിസ്സംശയമായും സഹിച്ചിട്ടുള്ള ത്യാഗങ്ങളെ കുറിച്ചു ചിന്തിക്കുക. ഉണർന്നിരിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ഫലമായി അവർ ആകർഷകമായ ബിസിനസ്‌ വാഗ്‌ദാനങ്ങൾ തള്ളിക്കളഞ്ഞിരിക്കാം. സമയം കടന്നുപോയപ്പോൾ ചിലർ മടുത്തുപോയോ? യേശുവിന്റെ പ്രവചനം ബാധകമാകുന്നത്‌ തങ്ങളുടെ തലമുറയ്‌ക്കല്ല, മറിച്ച്‌ ഏതോ ഭാവി തലമുറയ്‌ക്ക്‌ ആണെന്നും, ആയതിനാൽ തങ്ങൾ സമയം പാഴാക്കുകയാണെന്നും അവർ കരുതിയോ? പൊ.യു. 66-ൽ റോമൻ സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞപ്പോൾ യേശുവിന്റെ പ്രവചനം നിവൃത്തിയേറാൻ തുടങ്ങി. ഉണർന്നിരുന്നവർ ആ അടയാളം തിരിച്ചറിഞ്ഞു. അവർ നഗരത്തിൽനിന്നു പലായനം ചെയ്യുകയും അങ്ങനെ യെരൂശലേമിന്റെ നാശത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്‌തു.

ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം ചിത്രീകരിക്കപ്പെടുന്നു

9, 10. (എ) യജമാനൻ വിവാഹശേഷം മടങ്ങിവരുന്നത്‌ കാത്തിരുന്ന അടിമകളെ കുറിച്ചുള്ള യേശുവിന്റെ ഉപമ ചുരുക്കിപ്പറയുക. (ബി) യജമാനനു വേണ്ടി കാത്തിരിക്കുന്നത്‌ ആ അടിമകൾക്കു ബുദ്ധിമുട്ട്‌ ആയിരുന്നിരിക്കാവുന്നത്‌ എന്തുകൊണ്ട്‌? (സി) ക്ഷമയുള്ളവർ ആയിരിക്കുന്നത്‌ അടിമകൾക്കു പ്രയോജനകരമായിരുന്നത്‌ എന്തുകൊണ്ട്‌?

9 ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയവെ, യജമാനൻ വിവാഹശേഷം മടങ്ങിവരുന്നതു കാത്തിരിക്കുന്ന അടിമകളോട്‌ യേശു തന്റെ ശിഷ്യന്മാരെ ഉപമിച്ചു. ഒരു നിർദിഷ്ട രാത്രിയിൽ അവൻ മടങ്ങിവരുമെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു—എന്നാൽ ഏതു നാഴികയിൽ? രാത്രിയുടെ ആദ്യ യാമത്തിൽ? രണ്ടാം യാമത്തിൽ? മൂന്നാം യാമത്തിൽ? അത്‌ അവർക്ക്‌ അറിയില്ലായിരുന്നു. യേശു പറഞ്ഞു: “[യജമാനൻ] രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ [ഉണർന്നിരിക്കുന്നതായി] കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ.” (ലൂക്കൊസ്‌ 12:35-38) ആ അടിമകളുടെ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പ്‌ ഒന്നു സങ്കൽപ്പിച്ചു നോക്കുക. ഓരോ ശബ്‌ദവും ഓരോ ചെറിയ നിഴലനക്കവും അവരുടെ പ്രതീക്ഷ ഉണർത്തുമായിരുന്നു: ‘ഇത്‌ നമ്മുടെ യജമാനൻ ആയിരിക്കുമോ?’

10 യജമാനൻ വരുന്നത്‌ രാത്രിയുടെ രണ്ടാം യാമത്തിൽ—രാത്രി ഏകദേശം 9 മണി മുതൽ അർധരാത്രി 12 വരെയുള്ള സമയത്ത്‌—ആയിരുന്നെങ്കിലോ? അതിരാവിലെ മുതൽ കഠിനാധ്വാനം ചെയ്‌തിരുന്നവർ ഉൾപ്പെടെ അവന്റെ എല്ലാ അടിമകളും അവനെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കുമായിരുന്നോ? അതോ ചിലർ ഉറങ്ങിപ്പോകുമായിരുന്നോ? യജമാനൻ വരുന്നത്‌ രാത്രിയുടെ മൂന്നാം യാമത്തിൽ—അർധരാത്രി 12 മുതൽ രാവിലെ ഏകദേശം 3 വരെയുള്ള സമയത്ത്‌—ആയിരുന്നെങ്കിലോ? അവന്റെ അടിമകളിൽ ചിലർ അവൻ താമസിക്കുന്നതായി തോന്നുന്നതു നിമിത്തം നിരുത്സാഹിതർ, അതൃപ്‌തർ പോലും, ആയിത്തീരുമായിരുന്നോ? * യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നതായി കണ്ടെത്തപ്പെടുന്ന അടിമകൾ മാത്രമേ സന്തുഷ്ടരായി പ്രഖ്യാപിക്കപ്പെടുമായിരുന്നുള്ളൂ. അവർക്ക്‌ സദൃശവാക്യങ്ങൾ 13:12-ലെ വാക്കുകൾ തീർച്ചയായും ബാധകമാകുമായിരുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.”

11. ഉണർന്നിരിക്കാൻ പ്രാർഥനയ്‌ക്കു നമ്മെ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

11 യേശു വൈകുന്നതായി തോന്നുന്ന പക്ഷം ഉണർന്നിരിക്കാൻ അവന്റെ ശിഷ്യന്മാരെ എന്തു സഹായിക്കുമായിരുന്നു? അറസ്റ്റു ചെയ്യപ്പെടുന്നതിന്‌ അൽപ്പം മുമ്പ്‌ ഗെത്ത്‌ശെമന തോട്ടത്തിൽ വെച്ച്‌ യേശു തന്റെ അപ്പൊസ്‌തലന്മാരിൽ മൂന്നു പേരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പ്രലോഭനത്തിൽ അകപ്പെടാതിരിക്കേണ്ടതിന്‌ ഉണർന്നിരുന്നു നിരന്തരം പ്രാർഥിക്കുവിൻ.” (മത്തായി 26:41, NW) ആ അവസരത്തിൽ സന്നിഹിതനായിരുന്ന പത്രൊസ്‌ വർഷങ്ങൾക്കു ശേഷം സഹവിശ്വാസികൾക്കു സമാനമായ ബുദ്ധിയുപദേശം നൽകി. അവൻ ഇപ്രകാരം എഴുതി: “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ [“ജാഗ്രതയുള്ളവരും ആയിരിപ്പിൻ,” NW].” (1 പത്രൊസ്‌ 4:7) ഉള്ളുരുകിയുള്ള പ്രാർഥന വ്യക്തമായും നമ്മുടെ ക്രിസ്‌തീയ ജീവിതചര്യയുടെ ഭാഗമായിരിക്കണം. ഉണർന്നിരിക്കുന്നതിനു നമ്മെ സഹായിക്കാൻ നാം തീർച്ചയായും യഹോവയോടു നിരന്തരം യാചിക്കേണ്ടതുണ്ട്‌.—റോമർ 12:13; 1 തെസ്സലൊനീക്യർ 5:17.

12. ഊഹാപോഹം നടത്തുന്നതും ഉണർന്നിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്ത്‌?

12 “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു” എന്നും പത്രൊസ്‌ പറഞ്ഞു എന്നതു ശ്രദ്ധിക്കുക. എന്നാൽ എത്ര സമീപം? കൃത്യ ദിവസവും മണിക്കൂറും കണ്ടെത്താൻ മനുഷ്യർക്കു യാതൊരു മാർഗവുമില്ല. (മത്തായി 24:36) എന്നാൽ, ഊഹാപോഹങ്ങളിൽ മുഴുകുന്നതും അന്ത്യത്തെ കുറിച്ചുള്ള പ്രതീക്ഷയിൽ തുടരുന്നതും—ആദ്യത്തേതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല, എന്നാൽ രണ്ടാമത്തേതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യുന്നു—തമ്മിൽ വ്യത്യാസമുണ്ട്‌. (2 തിമൊഥെയൊസ്‌ 4:3, 4; തീത്തൊസ്‌ 3:9 എന്നിവ താരതമ്യം ചെയ്യുക.) നമുക്ക്‌ എങ്ങനെയാണ്‌ അന്ത്യത്തെ കുറിച്ചുള്ള പ്രതീക്ഷയിൽ തുടരാൻ കഴിയുക? അന്ത്യം അടുത്തിരിക്കുന്നു എന്നതിന്റെ തെളിവിന്‌ അടുത്ത ശ്രദ്ധ കൊടുക്കുക എന്നതാണ്‌ ഒരു മാർഗം. ആയതിനാൽ, നാം ഈ അഭക്ത ലോകത്തിന്റെ അന്ത്യനാളുകളിലാണു ജീവിക്കുന്നത്‌ എന്നു വ്യക്തമാക്കുന്ന ആറു തെളിവുകൾ നമുക്കു പരിശോധിക്കാം.

ബോധ്യം വരുത്തുന്ന ആറു തെളിവുകൾ

13. 2 തിമൊഥെയൊസ്‌ 3-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ പ്രവചനം നാം ‘അന്ത്യകാലത്താണ്‌’ ജീവിക്കുന്നതെന്ന്‌ നിങ്ങളെ ബോധ്യപ്പെടുത്തുന്നത്‌ എങ്ങനെ?

13 ഒന്നാമതായി, ‘അന്ത്യകാല’ത്തെ കുറിച്ചുള്ള പൗലൊസിന്റെ പ്രവചനത്തിന്റെ നിവൃത്തി നാം വ്യക്തമായി കാണുന്നു. പൗലൊസ്‌ ഇങ്ങനെ എഴുതി: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (2 തിമൊഥെയൊസ്‌ 3:1-5, 13) നമ്മുടെ നാളിൽ ഈ പ്രവചനം നിവൃത്തിയേറുന്നത്‌ നാം കാണുന്നില്ലേ? വസ്‌തുതകളെ അവഗണിക്കുന്നവർക്കു മാത്രമേ അതു നിഷേധിക്കാനാകൂ! *

14. പിശാചിനെ കുറിച്ചുള്ള വെളിപ്പാടു 12:9-ലെ വാക്കുകൾ ഇന്നു നിവൃത്തിയേറുന്നത്‌ എങ്ങനെ, അവനു പെട്ടെന്നുതന്നെ എന്തു സംഭവിക്കും?

14 രണ്ടാമതായി, വെളിപ്പാടു 12:9-ലെ പ്രവചനത്തിന്റെ നിവൃത്തി എന്ന നിലയിൽ, സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്നു പുറത്താക്കിയതിന്റെ ഫലങ്ങൾ നാം കാണുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.” ഇത്‌ ഭൂമിയിൽ മനുഷ്യവർഗത്തിനു വലിയ കഷ്ടം വരുത്തിവെച്ചിരിക്കുന്നു, വിശേഷിച്ചും 1914 മുതൽ. എന്നാൽ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടപ്പോൾ, തനിക്ക്‌ “അല്‌പകാലമേ” ഉള്ളൂ എന്ന്‌ പിശാചിന്‌ അറിയാമായിരുന്നെന്ന്‌ വെളിപ്പാടിലെ ആ പ്രവചനം കൂട്ടിച്ചേർക്കുന്നു. (വെളിപ്പാടു 12:12) ഈ കാലത്ത്‌ സാത്താൻ ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികളോടു യുദ്ധം ചെയ്യുന്നു. (വെളിപ്പാടു 12:17) അവന്റെ ആക്രമണത്തിന്റെ ഫലങ്ങൾ നാം ഇന്നു തീർച്ചയായും കണ്ടിരിക്കുന്നു. * എന്നാൽ, “ജാതികളെ [“ജനതകളെ,” NW] മേലാൽ വഞ്ചിക്കാതിരി”ക്കേണ്ടതിന്‌ സാത്താനെ പെട്ടെന്നുതന്നെ അഗാധത്തിൽ അടയ്‌ക്കും.—വെളിപ്പാടു 20:1-3.

15. നാം അന്ത്യകാലത്താണു ജീവിക്കുന്നത്‌ എന്ന്‌ വെളിപ്പാടു 17:9-11 തെളിയിക്കുന്നത്‌ എങ്ങനെ?

15 മൂന്നാമതായി, വെളിപ്പാടു 17:9-11-ലെ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന എട്ടാമത്തേതും അവസാനത്തേതുമായ ‘രാജാവിന്റെ’ കാലത്താണു നാം ജീവിക്കുന്നത്‌. ഏഴു ലോകശക്തികളെ പ്രതിനിധാനം ചെയ്യുന്ന ഏഴു രാജാക്കന്മാരെ യോഹന്നാൻ അപ്പൊസ്‌തലൻ ഇവിടെ പരാമർശിക്കുന്നു. ഈജിപ്‌ത്‌, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം, ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തി എന്നിവയാണ്‌ അവ. ആ “എഴുവരിൽനിന്ന്‌ ഉത്ഭവിക്കുന്ന എട്ടാമത്തെ രാജാ”വിനെയും [NW] യോഹന്നാൻ കാണുന്നു. അവന്റെ ദർശനത്തിലെ അവസാനത്തെ രാജാവായ ഈ എട്ടാമത്തെ രാജാവ്‌ ഐക്യരാഷ്‌ട്ര സംഘടനയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. എട്ടാമത്തെ രാജാവ്‌ “നാശത്തിലേക്കു പോകുന്നു” എന്ന്‌ യോഹന്നാൻ പറയുന്നു. അതിനു ശേഷം അവൻ യാതൊരു ഭൗമിക രാജാക്കന്മാരെ കുറിച്ചും പരാമർശിക്കുന്നില്ല. *

16. നെബൂഖദ്‌നേസർ സ്വപ്‌നത്തിൽ കണ്ട പ്രതിമയുടെ നിവൃത്തി സംബന്ധിച്ച വസ്‌തുതകൾ നാം അന്ത്യകാലത്താണ്‌ ജീവിക്കുന്നതെന്ന്‌ സൂചിപ്പിക്കുന്നത്‌ എങ്ങനെ?

16 നാലാമതായി, നെബൂഖദ്‌നേസർ സ്വപ്‌നത്തിൽ കണ്ട പ്രതിമയുടെ പാദങ്ങളാൽ ചിത്രീകരിക്കപ്പെടുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്‌. മനുഷ്യ രൂപത്തിലുള്ള ഒരു കൂറ്റൻ പ്രതിമയെ കുറിച്ചുള്ള ആ നിഗൂഢ സ്വപ്‌നം ദാനീയേൽ പ്രവാചകൻ വ്യാഖ്യാനിച്ചു. (ദാനീയേൽ 2:36-43) പ്രതിമയുടെ ലോഹങ്ങൾകൊണ്ടുള്ള നാലു ഭാഗങ്ങൾ, തല (ബാബിലോണിയൻ സാമ്രാജ്യം) മുതൽ കാൽപ്പാദങ്ങളും വിരലുകളും (ഇന്നു ഭരിക്കുന്ന ഗവൺമെന്റുകൾ) വരെയുള്ള ഭാഗങ്ങൾ, വ്യത്യസ്‌ത ലോകശക്തികളെ പ്രതിനിധാനം ചെയ്യുന്നു. ആ പ്രതിമ പ്രതിനിധാനം ചെയ്‌ത എല്ലാ ലോകശക്തികളും അസ്‌തിത്വത്തിൽ വന്നു. പ്രതിമയുടെ കാലുകളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന കാലത്താണു നാം ഇപ്പോൾ ജീവിക്കുന്നത്‌. അതിനു ശേഷം മറ്റു ശക്തികൾ ഏതെങ്കിലും വരുന്നതിനെ കുറിച്ചു യാതൊരു പരാമർശവുമില്ല. *

17. നാം അന്ത്യകാലത്താണു ജീവിക്കുന്നത്‌ എന്നതിനു നമ്മുടെ രാജ്യപ്രസംഗ പ്രവർത്തനം കൂടുതലായ തെളിവു നൽകുന്നത്‌ എങ്ങനെ?

17 അഞ്ചാമതായി, ഈ വ്യവസ്ഥിതിയുടെ അവസാനത്തിനു തൊട്ടുമുമ്പ്‌ നടക്കുമെന്ന്‌ യേശു പറഞ്ഞ ആഗോള പ്രസംഗവേല നിർവഹിക്കപ്പെടുന്നതായി നാം കാണുന്നു. യേശു പ്രസ്‌താവിച്ചു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) ഇന്ന്‌ ആ പ്രവചനം അഭൂതപൂർവമായ ഒരു അളവിൽ നിവൃത്തിയേറുകയാണ്‌. പ്രവർത്തനം നടന്നിട്ടില്ലാത്ത ചില പ്രദേശങ്ങൾ ഇപ്പോഴും ഉണ്ടെന്നുള്ളത്‌ ശരിയാണ്‌. എന്നാൽ ബൃഹത്തായ പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ യഹോവയുടെ തക്ക സമയത്ത്‌ അവിടെ തുറക്കപ്പെട്ടേക്കാം. (1 കൊരിന്ത്യർ 16:9) എന്നിരുന്നാലും, ഭൂമിയിലുള്ള സകലർക്കും വ്യക്തിപരമായി ഒരു സാക്ഷ്യം ലഭിക്കുന്നതു വരെ ദൈവം കാത്തിരിക്കുമെന്നു ബൈബിൾ പറയുന്നില്ല. മറിച്ച്‌, യഹോവയ്‌ക്കു തൃപ്‌തിയാകുവോളം സുവാർത്ത പ്രസംഗിക്കപ്പെടണം. അപ്പോൾ അവസാനം വരും.—മത്തായി 10:23 താരതമ്യം ചെയ്യുക.

18. മഹോപദ്രവം തുടങ്ങുമ്പോൾ ചില അഭിഷിക്തരുടെ കാര്യത്തിൽ തെളിവ്‌ അനുസരിച്ച്‌ എന്തു സത്യമായിരിക്കും, അത്‌ എങ്ങനെ നിർണയിക്കാൻ കഴിയും?

18 ആറാമതായി, ക്രിസ്‌തുവിന്റെ യഥാർഥ അഭിഷിക്ത ശിഷ്യന്മാരുടെ എണ്ണം കുറഞ്ഞുവരികയാണ്‌. എന്നാൽ മഹോപദ്രവം തുടങ്ങുമ്പോൾ അവരിൽ ചിലർ ഭൂമിയിൽ ഉണ്ടായിരിക്കുമെന്നു തെളിവുകൾ വ്യക്തമാക്കുന്നു. ശേഷിപ്പിൽ മിക്കവരും വളരെ പ്രായമുള്ളവരാണ്‌. യഥാർഥ അഭിഷിക്തരുടെ എണ്ണം വർഷം തോറും കുറഞ്ഞുവരികയുമാണ്‌. എന്നാൽ, മഹോപദ്രവത്തെ പരാമർശിച്ചുകൊണ്ട്‌ യേശു ഇപ്രകാരം പ്രസ്‌താവിച്ചു: “ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ [“തിരഞ്ഞെടുക്കപ്പെട്ടവർ,” NW] നിമിത്തമോ ആ നാളുകൾ ചുരുങ്ങും.” (മത്തായി 24:21, 22) അപ്പോൾ തെളിവ്‌ അനുസരിച്ച്‌, മഹോപദ്രവം തുടങ്ങുമ്പോൾ ക്രിസ്‌തുവിന്റെ ‘തിരഞ്ഞെടുക്കപ്പെട്ടവരിൽ’ ചിലർ ഭൂമിയിൽ ഉണ്ടായിരിക്കും. *

ഭാവി എന്തു കൈവരുത്തും?

19, 20. ഉണർന്നിരിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും ഇന്നു മുമ്പെന്നത്തേതിലും അടിയന്തിരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ഭാവി നമുക്ക്‌ എന്തു കൈവരുത്തും? ആവേശകരമായ നാളുകളാണു മുന്നിൽ ഉള്ളത്‌. “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു” എന്ന്‌ പൗലൊസ്‌ മുന്നറിയിപ്പു നൽകി. ലോകപ്രകാരം ജ്ഞാനികളായി കാണപ്പെടുന്നവരെ പരാമർശിച്ചുകൊണ്ട്‌ അവൻ പറയുന്നു: “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ . . . അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും.” ആയതിനാൽ പൗലൊസ്‌ തന്റെ വായനക്കാരെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.” (1 തെസ്സലൊനീക്യർ 5:2, 3, 6) സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മാനുഷ സംഘടനകളിലേക്കു നോക്കുന്നവർ തീർച്ചയായും യാഥാർഥ്യത്തെ അവഗണിക്കുകയാണ്‌. അത്തരം ആളുകൾ ഗാഢനിദ്രയിലാണ്‌!

20 ഈ വ്യവസ്ഥിതിയുടെ നാശം നമ്മെ അതിശയിപ്പിക്കുമാറ്‌ അത്ര പെട്ടെന്നായിരിക്കും സംഭവിക്കുക. ആയതിനാൽ, യഹോവയുടെ ദിവസത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുക. ‘അതു താമസിക്കയില്ല’ എന്ന്‌ ദൈവംതന്നെ ഹബക്കൂകിനോടു പറഞ്ഞു! ഉണർന്നിരിക്കുന്നത്‌ മുമ്പൊരിക്കലും ഇത്രയധികം അടിയന്തിരമായിരുന്നിട്ടില്ല.

[അടിക്കുറിപ്പുകൾ]

^ ഖ. 10 ഒരു നിർദിഷ്‌ട സമയത്ത്‌ കണ്ടുമുട്ടാമെന്ന്‌ യജമാനൻ തന്റെ അടിമകളോടു പറഞ്ഞിരുന്നില്ല. അക്കാരണത്താൽ, തന്റെ പോക്കുവരവിനെ കുറിച്ച്‌ അവരെ അറിയിക്കാനോ താൻ പ്രത്യക്ഷത്തിൽ വൈകിയതിന്റെ കാരണം സംബന്ധിച്ച്‌ അവർക്ക്‌ ഒരു വിശദീകരണം നൽകാനോ അവൻ ബാധ്യസ്ഥനല്ലായിരുന്നു.

^ ഖ. 13 ഈ പ്രവചനത്തെ കുറിച്ചുള്ള വിശദമായ ചർച്ചയ്‌ക്ക്‌, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊസൈററി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായം കാണുക.

^ ഖ. 14 കൂടുതൽ വിവരങ്ങൾക്ക്‌, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 180-6 പേജുകൾ കാണുക.

^ ഖ. 15 വെളിപാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!, 251-4 പേജുകൾ കാണുക.

^ ഖ. 16 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 4-ാം അധ്യായം കാണുക.

^ ഖ. 18 ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമ അനുസരിച്ച്‌, മഹോപദ്രവ സമയത്തു മനുഷ്യപുത്രൻ മഹത്ത്വത്തോടെ വന്ന്‌ ന്യായവിധി നടത്തുന്നു. ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർക്കു പിന്തുണ നൽകിയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അവൻ ആളുകളെ ന്യായം വിധിക്കുന്നത്‌. ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർ എല്ലാവരും ഭൗമിക രംഗം വിട്ടുപോയിട്ട്‌ ദീർഘകാലം കഴിഞ്ഞാണ്‌ ന്യായവിധി നടക്കുന്നതെങ്കിൽ ന്യായവിധിക്കുള്ള ഈ അടിസ്ഥാനം നിരർഥകമായിരിക്കും.—മത്തായി 25:31-46.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾക്ക്‌ ഉണർന്നിരിക്കാൻ നമ്മെ സഹായിക്കാനാകും?

• ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യകത യേശു ഉദാഹരിച്ചത്‌ എങ്ങനെ?

• നാം അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്നു വ്യക്തമാക്കുന്ന ആറു തെളിവുകൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രങ്ങൾ]

എ. എച്ച്‌. മാക്‌മില്ലൻ ആറു പതിറ്റാണ്ടുകളോളം യഹോവയെ വിശ്വസ്‌തമായി സേവിച്ചു

[10-ാം പേജിലെ ചിത്രം]

യേശു തന്റെ ശിഷ്യന്മാരെ ഉണർന്നിരുന്ന അടിമകളോടു താരതമ്യം ചെയ്‌തു