ദാനീയേലിന്റെ പുസ്‌തകം വിശദീകരിക്കപ്പെടുന്നു!
ദാനീയേലിന്റെ പുസ്‌തകം വിശദീകരിക്കപ്പെടുന്നു!
കൺവെൻഷനിൽ സംബന്ധിച്ചവർ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന 320 പേജുള്ള, പുതുതായി പ്രകാശനം ചെയ്യപ്പെട്ട പുസ്‌തകം വളരെ ആകാംക്ഷയോടെയാണു സ്വീകരിച്ചത്. ആ പുസ്‌തകത്തെ സംബന്ധിച്ച അവരുടെ അഭിപ്രായം എന്തായിരുന്നു? ചിലർ പറഞ്ഞതു പരിചിന്തിക്കുക.
“മിക്ക കൗമാരപ്രായക്കാരെയും പോലെതന്നെ, പുരാതന ചരിത്രം പഠിക്കുന്നത് എനിക്ക് അത്ര ഇഷ്‌ടമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ, ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകം ലഭിച്ചപ്പോൾ അതു വായിക്കാൻ എനിക്കു വലിയ ആവേശമൊന്നും തോന്നിയില്ല. എങ്കിലും, ഞാനതു വായിക്കാൻ തീരുമാനിച്ചു. എന്റെ മുൻ ധാരണ തീർത്തും അസ്ഥാനത്തായിരുന്നു! ഞാൻ വായിച്ചിട്ടുള്ളതിലേക്കും മികച്ച പുസ്‌തകങ്ങളിൽ ഒന്നാണ് ഇത്. വായിച്ചുതുടങ്ങിയാൽ താഴെ വെക്കാൻ തോന്നില്ല! ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവത്തെ കുറിച്ചാണു വായിക്കുന്നതെന്ന് എനിക്കു തോന്നുന്നേയില്ല. ജീവിതത്തിലാദ്യമായി, ദാനീയേലിന്റെ സ്ഥാനത്ത് സ്വയം സങ്കൽപ്പിക്കാൻ എനിക്കു കഴിഞ്ഞു. സ്വന്തം കുടുംബത്തിൽനിന്നു പിടിച്ചുകൊണ്ടു പോകപ്പെടുകയും ഒരു വിദേശ രാജ്യത്തു കഴിയേണ്ടിവരികയും കൂടെക്കൂടെ വിശ്വസ്‌തത പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ എനിക്കിപ്പോൾ ശരിക്കും ഭാവനയിൽ കാണാൻ കഴിയുന്നുണ്ട്. ഈ പുസ്‌തകത്തെ പ്രതി നിങ്ങൾക്കു വളരെ നന്ദി.”—ആന്യ.
“യഹോവയ്‌ക്കു തന്റെ ജനത്തെ ബാധിക്കുന്ന കാര്യങ്ങളുടെമേൽ പൂർണമായ നിയന്ത്രണം ഉണ്ട് എന്ന വ്യക്തമായ സന്ദേശമാണ് എന്നെ ഏറ്റവും സഹായിക്കുന്നത്. സംഭവങ്ങൾ താൻ ഉദ്ദേശിച്ചതിൽനിന്ന് അണുവിട വ്യതിചലിക്കാൻ യഹോവ അനുവദിക്കുകയില്ലെന്ന് ദാനീയേൽ കണ്ടതും വ്യാഖ്യാനിച്ചതുമായ ദർശനങ്ങളിൽ നിന്നും സ്വപ്‌നങ്ങളിൽ നിന്നും വ്യക്തമാകുന്നു. ദൈവം വരുത്താനിരിക്കുന്ന പുതിയ ലോകത്തെ കുറിച്ചുള്ള ബൈബിളിന്റെ പ്രവചനങ്ങളിലുള്ള നമ്മുടെ പ്രത്യാശയെ ബലപ്പെടുത്തുന്നതാണ് അത്.”—ചെസ്റ്റർ.
“നിങ്ങൾ ദാനീയേൽ എന്ന കഥാപാത്രത്തിനു ജീവൻ പകർന്ന വിധം എനിക്കു വളരെ ഇഷ്‌ടമായി. അവന്റെ ആകുലതകളും ബുദ്ധിമുട്ടുകളുമൊക്കെ നിങ്ങൾ ചിത്രീകരിച്ച വിധത്തിലൂടെ അവനുമായി കൂടുതൽ പരിചയത്തിലായതു പോലെ എനിക്കു തോന്നി. യഹോവ അവനെ വളരെ അഭികാമ്യനായ വ്യക്തിയായി കണ്ടത് എന്തുകൊണ്ടെന്ന് എനിക്കു മെച്ചമായി മനസ്സിലാക്കാൻ കഴിഞ്ഞു. പരിശോധനകളും പീഡനങ്ങളും ഉണ്ടായപ്പോൾ അവന്റെ ആകുലത തന്നെക്കുറിച്ചുതന്നെ ആയിരുന്നില്ല. അവൻ ഏറ്റവും പ്രാധാന്യം കൊടുത്തത് യഹോവയ്‌ക്കും അവന്റെ മനോഹര നാമത്തിനും ആയിരുന്നു. പ്രസ്‌തുത ആശയങ്ങൾ വ്യക്തമായി വിശദീകരിച്ചതിനു നന്ദി.”—ജോയി.
“ഞങ്ങൾ കാത്തിരുന്നത് ഇതിനു വേണ്ടിയാണ്! വാസ്‌തവത്തിൽ ദാനീയേലിന്റെ പുസ്‌തകത്തിലെ ഇത്രയധികം വിവരങ്ങൾ നമുക്കോരോരുത്തർക്കും ബാധകമാകുന്നതാണ് എന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. ആ പുസ്‌തകം ലഭിച്ച അന്നു രാത്രിതന്നെ അതിന്റെ നല്ലൊരു ഭാഗം ഞാൻ വായിച്ചുതീർത്തു. ഇടയ്‌ക്കു വായന നിറുത്തി ആ പുസ്‌തകത്തെ പ്രതി യഹോവയ്‌ക്കു പ്രാർഥനയിൽ നന്ദി പറയാൻ പോലും ഞാൻ പ്രേരിതനായിത്തീർന്നു.”—മാർക്ക്.
“അഞ്ചും മൂന്നും വയസ്സു പ്രായമുള്ള ഞങ്ങളുടെ കുട്ടികളുടെമേൽ ഇതിന് ഇത്രയധികം സ്വാധീനം ഉണ്ടായിരിക്കുമെന്നു ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല. . . . എന്റെ ബൈബിൾ കഥാ പുസ്‌തകത്തിലെ അവരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ദാനീയേലും ഹനന്യാവും മീശായേലും അസര്യാവും. ദാനീയേൽ പ്രവചനം പുസ്‌തകത്തിലെ വിവരങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചതിലേറെ അവരെ സ്വാധീനിച്ചിരിക്കുന്നു. ഈ ചെറു പ്രായത്തിൽ പോലും നീതിനിഷ്‌ഠരായ ആ യുവ പുരുഷന്മാരുടെ വികാരങ്ങൾ അവർക്കു മനസ്സിലാക്കാൻ കഴിയുന്നതു പോലെ തോന്നുന്നു. നമ്മുടെ കുട്ടികൾക്കുള്ള എത്ര നല്ല മാതൃകാപാത്രങ്ങളാണ് അവർ! നിങ്ങൾ എത്ര മികച്ച ഒരു ഉപകരണമാണു ഞങ്ങൾക്കു നൽകിയിരിക്കുന്നത്! നന്ദി, വളരെ നന്ദി!”—ബെഥേൽ.
“ആ എബ്രായ യുവാക്കൾ തങ്ങളുടെ വിശ്വാസത്തിന്റെ പരിശോധനകൾ അഭിമുഖീകരിച്ച സമയത്ത് അവരോടൊപ്പം ആയിരുന്നതു പോലെ എനിക്കു തോന്നി. സ്വന്ത വിശ്വാസം പരിശോധിച്ചു നോക്കാൻ അത് എനിക്കു പ്രോത്സാഹനമേകി. ‘നിങ്ങൾ എന്തു ഗ്രഹിച്ചു?’ എന്ന ശീർഷകത്തിലുള്ള പുനരവലോകന ചതുരം ഓരോ അധ്യായത്തിലെയും ഉള്ളടക്കം മനസ്സിൽ പതിയാൻ സഹായിക്കുന്നതായിരുന്നു. വിശിഷ്‌ടമായ ഈ പുസ്‌തകത്തെ പ്രതി വളരെ നന്ദി.”—ലിഡിയ.