വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു?

നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു?

നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു?

അയാൾ അഹങ്കാരി ആയിരുന്നു. ഒരു ഉന്നത ഗവൺമെന്റ്‌ സ്ഥാനത്തു നിയമിതനായ അയാൾ തനിക്കു ലഭിച്ച മുഖസ്‌തുതിയിലും പ്രശംസയിലും അത്യധികം ആഹ്ലാദിച്ചു. എന്നാൽ അയാൾക്ക്‌ അത്തരമൊരു ബഹുമാനം നൽകാൻ ഒരു ഉദ്യോഗസ്ഥൻ വിസമ്മതിച്ചു. അത്‌ അയാളെ വല്ലാതെ അസഹ്യപ്പെടുത്തി. അഹങ്കാരിയായ അയാൾ, മറ്റേ ഉദ്യോഗസ്ഥന്റെ വംശത്തിൽപ്പെട്ടവരായി ആ സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന സകലരെയും നശിപ്പിച്ചുകൊണ്ടു പകരം വീട്ടാൻ തന്ത്രങ്ങൾ മെനഞ്ഞു. സ്വന്തം പ്രാമുഖ്യത സംബന്ധിച്ച എത്ര വികലമായ വീക്ഷണം!

പേർഷ്യൻ രാജാവായിരുന്ന അഹശ്വേരോശിന്റെ രാജസദസ്സിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഹാമാൻ ആയിരുന്നു തന്ത്രങ്ങൾ മെനഞ്ഞ ആ മനുഷ്യൻ. അവന്റെ ശത്രുതയ്‌ക്കു പാത്രമായതോ, മൊർദ്ദെഖായി എന്ന ഒരു യഹൂദനും. വംശഹത്യ നടത്താൻ ഹാമാൻ തീരുമാനിച്ചത്‌ അങ്ങേയറ്റം കടുത്ത ഒരു നടപടി ആയിരുന്നെങ്കിലും, അഹങ്കാരം എത്രത്തോളം അപകടകരവും തിക്തഫലങ്ങൾ ഉളവാക്കുന്നതും ആയിത്തീരാമെന്ന്‌ അതു കാണിക്കുന്നു. അവന്റെ ധാർഷ്ട്യം നിമിത്തം മറ്റുള്ളവർ മാത്രമല്ല പ്രതിസന്ധിയിലായത്‌, അവൻതന്നെ പരസ്യമായി അപമാനിതനാകുകയും ഒടുവിൽ വധിക്കപ്പെടുകയും ചെയ്‌തു.—എസ്ഥേർ 3:1-9; 5:8-14; 6:4-10; 7:1-10.

അഹങ്കാരം സത്യാരാധകരെയും ബാധിച്ചേക്കാം

നാം ‘ദൈവസന്നിധിയിൽ താഴ്‌മയോടെ നടക്കണ’മെന്ന്‌ യഹോവ ആവശ്യപ്പെടുന്നു. (മീഖാ 6:8) തങ്ങളെപ്പറ്റിത്തന്നെ ഒരു എളിയ വീക്ഷണം പുലർത്താൻ പരാജയപ്പെട്ടവരെ കുറിച്ചുള്ള നിരവധി വിവരണങ്ങൾ ബൈബിളിൽ ഉണ്ട്‌. അത്‌ അവർക്കു പ്രശ്‌നങ്ങളും വ്യസനവും കൈവരുത്തി. ആ ദൃഷ്ടാന്തങ്ങളിൽ ചിലതു പരിചിന്തിക്കുന്നത്‌, സന്തുലിതമല്ലാത്ത ചിന്താഗതിയുടെ ബുദ്ധിശൂന്യതയും അപകടവും മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

ദൈവത്തിന്റെ പ്രവാചകനായിരുന്ന യോനായുടെ ചിന്ത തീർത്തും അസന്തുലിതമായിത്തീർന്നു. തത്‌ഫലമായി, ദുഷ്ടരായ നീനെവേ നിവാസികൾക്ക്‌ എതിരായ ദിവ്യന്യായവിധിയെ കുറിച്ച്‌ അവർക്കു മുന്നറിയിപ്പു നൽകാൻ യഹോവ അവനെ നിയോഗിച്ചപ്പോൾ അവൻ ഒളിച്ചോടാനാണു ശ്രമിച്ചത്‌. (യോനാ 1:1-3) പിന്നീട്‌, അവന്റെ പ്രസംഗത്തിന്റെ ഫലമായി നീനെവേക്കാർ അനുതപിച്ചപ്പോൾ അവൻ നീരസപ്പെട്ടു. ആയിരക്കണക്കിനു നീനെവേക്കാരുടെ ജീവനെ കുറിച്ച്‌ അവനു കാര്യമായ, ഒരുപക്ഷേ ഒട്ടുംതന്നെ, ചിന്തയില്ലായിരുന്നു. ഒരു പ്രവാചകൻ എന്ന നിലയിലുള്ള സ്വന്തം ഖ്യാതിയിൽ മാത്രമായിരുന്നു അവനു താത്‌പര്യം. (യോനാ 4:1-3) നാം എളിമയില്ലാതെ, നമ്മെത്തന്നെ വളരെ പ്രധാനപ്പെട്ടവരായി വീക്ഷിച്ചാൽ മറ്റുള്ളവരെ കുറിച്ചും നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചും നിഷ്‌പക്ഷവും യഥാർഥവുമായ ഒരു വീക്ഷണം നിലനിർത്തുക ബുദ്ധിമുട്ടായിരിക്കും.

യഹൂദയിലെ ഒരു നല്ല രാജാവായിരുന്ന ഉസ്സീയാവിന്റെ കാര്യം പരിചിന്തിക്കുക. അവന്റെ ചിന്ത സമനിലയില്ലാത്തതായപ്പോൾ ചില പൗരോഹിത്യ ചുമതലകൾ പിടിച്ചെടുക്കാൻ അവൻ അഹങ്കാരപൂർവം ശ്രമിച്ചു. എളിമയില്ലാത്തതും അത്യന്തം ധിക്കാരപൂർവകവുമായ പ്രവൃത്തികളുടെ ഫലമായി അവന്‌ ആരോഗ്യവും ദിവ്യാംഗീകാരവും നഷ്ടമായി.—2 ദിനവൃത്താന്തം 26:3, 16-21.

യേശുവിന്റെ അപ്പൊസ്‌തലന്മാർ സമനിലയില്ലാത്ത ചിന്തയുടെ കുരുക്കിൽ അകപ്പെടുന്ന ഘട്ടത്തോളം എത്തി. വ്യക്തിഗത മഹത്ത്വത്തിലും അധികാരത്തിലും ആയിരുന്നു അവർക്ക്‌ ഏറെ താത്‌പര്യം. വലിയ പരിശോധന ഉണ്ടായപ്പോൾ അവർ യേശുവിനെ ഉപേക്ഷിച്ച്‌ ഓടിപ്പോയി. (മത്തായി 18:1; 20:20-28; 26:56; മർക്കൊസ്‌ 9:33, 34; ലൂക്കൊസ്‌ 22:24) വിനയമില്ലായ്‌മയും സ്വന്തം പ്രാധാന്യത്തെ കുറിച്ചുള്ള ചിന്തയും നിമിത്തം അവർ യഹോവയുടെ ഉദ്ദേശ്യവും അവന്റെ ഹിതത്തോടുള്ള ബന്ധത്തിൽ തങ്ങൾക്കുള്ള പങ്കും ഏതാണ്ട്‌ വിസ്‌മരിച്ച നിലയിലായി.

ദുരഭിമാനത്തിന്റെ ദൂഷ്യഫലങ്ങൾ

നമ്മെക്കുറിച്ചു തന്നെയുള്ള അസന്തുലിതമായ വീക്ഷണം വ്യസനഹേതു ആയേക്കാം. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ അതു താറുമാറാക്കുകയും ചെയ്‌തേക്കാം. ദൃഷ്ടാന്തത്തിന്‌, നാം ഒരു മുറിയിൽ ഇരിക്കുമ്പോൾ, ഒരു ദമ്പതികൾ പരസ്‌പരം എന്തോ അടക്കം പറഞ്ഞ്‌ പൊട്ടിച്ചിരിക്കുന്നതു നാം കാണുന്നുവെന്നിരിക്കട്ടെ. നാം നമ്മെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണെങ്കിൽ, അവർ നമ്മെ കളിയാക്കി എന്തോ പറഞ്ഞതാണെന്നു നാം തെറ്റായി നിഗമനം ചെയ്‌തേക്കാം. അതിനു മറ്റു യാതൊരു വിശദീകരണവും നൽകാൻ നമ്മുടെ മനസ്സു നമ്മെ അനുവദിച്ചെന്നു വരില്ല. അവർ മറ്റ്‌ ആരെക്കുറിച്ചു പറയാനാണ്‌ എന്നു നാം ചിന്തിച്ചേക്കാം. നാം ആകെ നിരാശരാകുകയും ആ ദമ്പതികളോട്‌ ഒരിക്കലും സംസാരിക്കില്ലെന്നു തീരുമാനിക്കുകയും ചെയ്‌തേക്കാം. അങ്ങനെ, സ്വന്തം പ്രാധാന്യത്തെ കുറിച്ചുള്ള സമനിലയില്ലാത്ത ഒരു വീക്ഷണം തെറ്റിദ്ധാരണകളിലേക്കും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം തകരുന്നതിലേക്കും നയിച്ചേക്കാം.

തങ്ങളെത്തന്നെ വളരെ പ്രധാനപ്പെട്ടവരായി വീക്ഷിക്കുന്നവർ, തങ്ങൾക്കുണ്ടെന്ന്‌ അവർ കരുതുന്ന വലിയ കഴിവുകളെയും തങ്ങളുടെ വീരകൃത്യങ്ങളെയും സ്വത്തുക്കളെയും കുറിച്ചൊക്കെ സ്ഥിരം പൊങ്ങച്ചം പറഞ്ഞുകൊണ്ട്‌ ആത്മപ്രശംസകർ ആയിത്തീർന്നേക്കാം. അല്ലെങ്കിൽ, എല്ലായ്‌പോഴും തങ്ങളെക്കുറിച്ചുതന്നെ എന്തെങ്കിലും പറഞ്ഞുകൊണ്ട്‌ അവർ സംഭാഷണത്തിൽ ആധിപത്യം പുലർത്തിയേക്കാം. അത്തരം സംസാരം യഥാർഥ സ്‌നേഹത്തിന്റെ അഭാവത്തെയാണു കാണിക്കുന്നത്‌. അതു വളരെ അസഹ്യപ്പെടുത്തുന്നതും ആയിരുന്നേക്കാം. അങ്ങനെ, ദുരഭിമാനികൾ മിക്കപ്പോഴും തങ്ങളെത്തന്നെ മറ്റുള്ളവരിൽനിന്ന്‌ അകറ്റുന്നു.—1 കൊരിന്ത്യർ 13:4, 5.

യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം പരസ്യ ശുശ്രൂഷയിൽ പരിഹസിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്‌തേക്കാം. വാസ്‌തവത്തിൽ, ആ എതിർപ്പുകളൊന്നും നമുക്ക്‌ എതിരായിട്ടല്ല മറിച്ച്‌, നമ്മുടെ സന്ദേശത്തിന്റെ ഉറവായ യഹോവയ്‌ക്ക്‌ എതിരായിട്ടാണെന്നു നാം ഓർമിക്കണം. എന്നാൽ, സ്വന്തം പ്രാധാന്യത്തെ കുറിച്ചുള്ള വികലമായ വീക്ഷണം ഗുരുതരമായ ഭവിഷ്യത്തുകൾ ഉളവാക്കിയേക്കാം. വർഷങ്ങൾക്കു മുമ്പ്‌, ഒരു സഹോദരൻ വീട്ടുകാരന്റെ ശകാരത്തെ തനിക്ക്‌ എതിരെയുള്ള ആക്ഷേപമായി വീക്ഷിച്ചുകൊണ്ട്‌ അതേ രീതിയിൽത്തന്നെ തിരിച്ചടിച്ചു. (എഫെസ്യർ 4:29) അതിൽപ്പിന്നെ, ആ സഹോദരൻ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തിട്ടില്ല. അതേ, സുവിശേഷ വേലയിൽ ആയിരിക്കുമ്പോൾ ദേഷ്യംകൊണ്ടു സമനില തെറ്റാൻ അഹങ്കാരം കാരണമായേക്കാം. നമുക്ക്‌ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം. ക്രിസ്‌തീയ ശുശ്രൂഷയിൽ പങ്കെടുക്കാനുള്ള നമ്മുടെ പദവി സംബന്ധിച്ച്‌ ഉചിതമായ വിലമതിപ്പു നിലനിറുത്താൻ നമുക്കു താഴ്‌മയോടെ യഹോവയുടെ സഹായം തേടാം.—2 കൊരിന്ത്യർ 4:1, 7; 10:4, 5.

അനിവാര്യമായ ബുദ്ധിയുപദേശം സ്വീകരിക്കുന്നതിൽ നിന്ന്‌ ദുരഭിമാനം നമ്മെ തടഞ്ഞേക്കാം. കുറെ വർഷങ്ങൾക്കു മുമ്പ്‌ ഒരു മധ്യ-അമേരിക്കൻ രാജ്യത്ത്‌, ക്രിസ്‌തീയ സഭയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ഒരു കൗമാര പ്രായക്കാരൻ ഒരു പ്രസംഗം നടത്തി. സ്‌കൂൾ മേൽവിചാരകൻ അൽപ്പം ശക്തമായ ഭാഷയിൽ ബുദ്ധിയുപദേശം നൽകിയപ്പോൾ കുപിതനായ ആ യുവാവ്‌ ബൈബിൾ വലിച്ചെറിഞ്ഞിട്ട്‌ അമർത്തി ചവിട്ടിക്കൊണ്ട്‌ രാജ്യഹാൾ വിട്ടുപോയി. ഇനി അങ്ങോട്ടില്ല എന്ന നിശ്ചയത്തോടെയാണ്‌ അവൻ അവിടെനിന്ന്‌ ഇറങ്ങിയത്‌. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവൻ തന്റെ അഹങ്കാരത്തെ കീഴടക്കുകയും സ്‌കൂൾ മേൽവിചാരകനുമായി അനുരഞ്‌ജനത്തിലാകുകയും അദ്ദേഹത്തിന്റെ ബുദ്ധിയുപദേശം താഴ്‌മയോടെ സ്വീകരിക്കുകയും ചെയ്‌തു. കാലാന്തരത്തിൽ ആ ചെറുപ്പക്കാരൻ ക്രിസ്‌തീയ പക്വത പ്രാപിച്ചു.

എളിമയുടെ അഭാവവും നമുക്കുതന്നെ അമിതമായി പ്രാധാന്യം കൽപ്പിക്കുന്നതും ദൈവവുമായുള്ള നമ്മുടെ ബന്ധം തകരാൻ കാരണമായേക്കാം. സദൃശവാക്യങ്ങൾ 16:5 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു.”

നമ്മെക്കുറിച്ചു തന്നെ സമനിലയുള്ള ഒരു വീക്ഷണം

വ്യക്തമായും, നാം നമുക്കുതന്നെ അമിത പ്രാധാന്യം കൽപ്പിക്കരുത്‌ അഥവാ നമ്മെത്തന്നെ വളരെ ഗൗരവമായി എടുക്കരുത്‌. എന്നാൽ നമ്മുടെ വാക്കും പ്രവൃത്തിയും സംബന്ധിച്ച്‌ നാം ഗൗരവമുള്ളവർ ആയിരിക്കരുതെന്നല്ല അതിന്റെ അർഥം. മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും—വാസ്‌തവത്തിൽ, എല്ലാ സഭാംഗങ്ങളും—കാര്യഗൗരവമുള്ളവർ ആയിരിക്കണമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 3:4, 8, 11, NW; തീത്തൊസ്‌ 2:2) അതുകൊണ്ട്‌, ക്രിസ്‌ത്യാനികൾക്ക്‌ എളിമയും സമനിലയും കാര്യഗൗരവവും ഉള്ള ഒരു മനോഭാവം എങ്ങനെ വളർത്തിയെടുക്കാൻ കഴിയും?

തങ്ങളെക്കുറിച്ചു തന്നെ സമനിലയിലുള്ള ഒരു വീക്ഷണം പുലർത്തിയ വ്യക്തികളുടെ പ്രോത്സാഹജനകമായ അനേകം ദൃഷ്ടാന്തങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു. താഴ്‌മ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തമാണ്‌ അവയിൽ മുന്തിനിൽക്കുന്നത്‌. തന്റെ പിതാവിന്റെ ഹിതം ചെയ്യാനും മനുഷ്യവർഗത്തിനു രക്ഷ കൈവരുത്താനും വേണ്ടി ദൈവപുത്രനായ അവൻ തന്റെ മഹോന്നത സ്വർഗീയ സ്ഥാനം മനസ്സോടെ ഉപേക്ഷിച്ച്‌ ഭൂമിയിൽ വന്ന്‌ വെറുമൊരു മനുഷ്യനായിത്തീർന്നു. അപമാനവും അധിക്ഷേപവും നിന്ദാകരമായ മരണവും അഭിമുഖീകരിക്കേണ്ടി വന്നിട്ടും അവൻ ആത്മനിയന്ത്രണവും മാന്യതയും ഉള്ളവനായി നിലകൊണ്ടു. (മത്തായി 20:28; ഫിലിപ്പിയർ 2:5-8; 1 പത്രൊസ്‌ 2:23, 24) യേശുവിന്‌ അതൊക്കെ ചെയ്യാൻ കഴിഞ്ഞത്‌ എങ്ങനെയാണ്‌? അവൻ പൂർണമായും യഹോവയിൽ ആശ്രയിച്ചു, ദൈവേഷ്ടം ചെയ്യാൻ അവൻ ദൃഢനിശ്ചയം ചെയ്‌തിരുന്നു. യേശു ഉത്സാഹപൂർവം ദൈവവചനം പഠിച്ചു, ഉള്ളുരുകി പ്രാർഥിച്ചു, ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്‌തു. (മത്തായി 4:1-10; 26:36-44; ലൂക്കൊസ്‌ 8:1; യോഹന്നാൻ 4:34; 8:28; എബ്രായർ 5:7) യേശുവിന്റെ ദൃഷ്ടാന്തം പിൻപറ്റുന്നതു നമ്മെക്കുറിച്ചു തന്നെ സമനിലയോടുകൂടിയ ഒരു വീക്ഷണം വളർത്തിയെടുക്കാനും നിലനിർത്താനും നമ്മെ സഹായിക്കും.—1 പത്രൊസ്‌ 2:21.

ശൗലിന്റെ പുത്രനായ യോനാഥാന്റെ മികച്ച ദൃഷ്ടാന്തവും പരിചിന്തിക്കുക. പിതാവിന്റെ അനുസരണക്കേടു നിമിത്തം യോനാഥാന്‌ ശൗലിന്റെ പിൻഗാമി എന്ന നിലയിൽ രാജാവാകാനുള്ള അവസരം നഷ്ടമായി. (1 ശമൂവേൽ 15:10-29) ആ നഷ്ടം യോനാഥാനിൽ വിദ്വേഷം ഉളവാക്കിയോ? തന്റെ സ്ഥാനത്തു ഭരണം നടത്താൻ പോകുകയായിരുന്ന യുവാവായ ദാവീദിനോട്‌ അവന്‌ അസൂയ തോന്നിയോ? യോനാഥാനു ദാവീദിനെക്കാൾ ഏറെ പ്രായവും സാധ്യതയനുസരിച്ച്‌ വർധിച്ച അനുഭവജ്ഞാനവും ഉണ്ടായിരുന്നെങ്കിലും, അവൻ എളിമയും താഴ്‌മയും ഉള്ളവനായി യഹോവയുടെ ക്രമീകരണത്തിനു കീഴ്‌പെടുകയും ദാവീദിനെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുകയും ചെയ്‌തു. (1 ശമൂവേൽ 23:16-18) ദൈവഹിതം സംബന്ധിച്ചു വ്യക്തമായ ഒരു കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കുകയും അതിനു കീഴ്‌പെടാൻ സന്നദ്ധരായിരിക്കുകയും ചെയ്യുന്നത്‌ “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാ”തിരിക്കാൻ നമ്മെ സഹായിക്കും.—റോമർ 12:3.

എളിമയും താഴ്‌മയും പ്രകടമാക്കുന്നതിന്റെ മൂല്യം യേശു പഠിപ്പിച്ചു. ആ ആശയം വ്യക്തമാക്കാനായി, യേശു തന്റെ ശിഷ്യന്മാരോട്‌ ഒരു വിവാഹ സദ്യയിൽ പങ്കെടുക്കുമ്പോൾ “മുഖ്യാസനത്തിൽ” ഇരിക്കരുതെന്നു പറഞ്ഞു. കാരണം, കൂടുതൽ വിശിഷ്ടനായ ഒരു അതിഥി വരുന്നപക്ഷം, ഏറ്റവും അപ്രധാനമായ ഇരിപ്പിടത്തിലേക്കു മാറേണ്ടിവരുന്നതിന്റെ നാണക്കേട്‌ അവർ സഹിക്കേണ്ടി വരുമായിരുന്നു. ഉൾപ്പെട്ടിരുന്ന പാഠം നന്നായി വ്യക്തമാക്കിക്കൊണ്ട്‌ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്‌ത്തപ്പെടും; തന്നെത്താൻ താഴ്‌ത്തുന്നവൻ ഉയർത്തപ്പെടും.” (ലൂക്കൊസ്‌ 14:7-11) യേശുവിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തുകൊണ്ട്‌ ‘താഴ്‌മ ധരിക്കുന്നത്‌’ ജ്ഞാനമാണ്‌.—കൊലൊസ്സ്യർ 3:12; 1 കൊരിന്ത്യർ 1:31.

സമനിലയുള്ള വീക്ഷണത്തിന്റെ അനുഗ്രഹങ്ങൾ

എളിമയും താഴ്‌മയും ഉള്ള ഒരു മനോഭാവം ഉണ്ടായിരിക്കുന്നത്‌ തങ്ങളുടെ ശുശ്രൂഷയിൽ യഥാർഥ സന്തോഷം കണ്ടെത്താൻ യഹോവയുടെ ദാസന്മാരെ സഹായിക്കുന്നു. മൂപ്പന്മാർ ‘ആട്ടിൻകൂട്ടത്തോട്‌ ആർദ്രതയോടെ പെരുമാറിക്കൊണ്ട്‌’ താഴ്‌മ പ്രകടമാക്കുമ്പോൾ മറ്റുള്ളവർക്ക്‌ അവരെ സമീപിക്കുക എളുപ്പമായിരിക്കും. (പ്രവൃത്തികൾ 20:28, 29) അപ്പോൾ സഭയിലുള്ള എല്ലാവർക്കും മൂപ്പന്മാരോടു സംസാരിക്കാൻ വളരെ സ്വാതന്ത്ര്യം തോന്നുകയും അവർ മൂപ്പന്മാരുടെ സഹായം തേടുകയും ചെയ്യും. അങ്ങനെ സഭ സ്‌നേഹത്തിന്റെയും ഊഷ്‌മളതയുടെയും പരസ്‌പര വിശ്വാസത്തിന്റെയും ആത്മാവിൽ ഏകീഭവിക്കാനിടയാകും.

നമ്മെത്തന്നെ വളരെ വളരെ പ്രധാനപ്പെട്ടവരായി വീക്ഷിക്കാതിരിക്കുന്നത്‌ നല്ല സുഹൃത്തുക്കളെ സമ്പാദിക്കാൻ നമ്മെ സഹായിക്കുന്നു. ഒരു മത്സരാത്മാവു വളർത്തിയെടുക്കുകയും പ്രവൃത്തിയിലോ ഭൗതിക വസ്‌തുക്കളുടെ കാര്യത്തിലോ മറ്റുള്ളവരെക്കാൾ മികച്ചു നിൽക്കാൻ ശ്രമിക്കുകയും ചെയ്യാതിരിക്കാൻ എളിമയും താഴ്‌മയും നമ്മെ സഹായിക്കും. കൂടുതൽ പരിഗണനയുള്ളവർ ആയിരിക്കാൻ ഈ ദൈവിക ഗുണങ്ങൾ നമ്മെ സഹായിക്കും. അങ്ങനെ നാം, ആശ്വാസവും പിന്തുണയും ആവശ്യമായിരിക്കുന്നവർക്ക്‌ അവ നൽകാൻ കൂടുതൽ അനുയോജ്യമായ ഒരു സ്ഥാനത്തായിത്തീരും. (ഫിലിപ്പിയർ 2:3, 4) സ്‌നേഹവും ദയയും അനുഭവിച്ചറിയാൻ കഴിയുമ്പോൾ ആളുകൾ പൊതുവെ നന്നായി പ്രതികരിക്കുന്നു. അത്തരം നിസ്വാർഥമായ ബന്ധത്തിലല്ലേ ശക്തമായ സൗഹൃദം അധിഷ്‌ഠിതമായിരിക്കേണ്ടത്‌? നമുക്കുതന്നെ അമിത പ്രാധാന്യം കൽപ്പിക്കാതെ എളിമയുള്ളവർ ആയിരിക്കുന്നത്‌ എന്തൊരു അനുഗ്രഹമാണ്‌!—റോമർ 12:10.

നമ്മെക്കുറിച്ചു സമനിലയോടുകൂടിയ ഒരു വീക്ഷണം നമുക്ക്‌ ഉണ്ടെങ്കിൽ, നാം മറ്റുള്ളവരെ വ്രണപ്പെടുത്താൻ ഇടയായാൽ തെറ്റു സമ്മതിക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും. (മത്തായി 5:23, 24) അത്‌ അനുരഞ്‌ജനം സാധ്യമാക്കുന്നു, മെച്ചപ്പെട്ട ബന്ധങ്ങളും പരസ്‌പര ബഹുമാനവും വളർത്തുന്നു. മേൽവിചാരക സ്ഥാനത്ത്‌ ആയിരിക്കുന്നവർ, ഉദാഹരണത്തിന്‌ ക്രിസ്‌തീയ മൂപ്പന്മാർ, താഴ്‌മയും എളിമയും ഉള്ളവരാണെങ്കിൽ മറ്റുള്ളവർക്ക്‌ ഏറെ നന്മ ചെയ്യാനുള്ള അവസരം അവർക്ക്‌ ഉണ്ടായിരിക്കും. (സദൃശവാക്യങ്ങൾ 3:27; മത്തായി 11:29) തന്നോടു പാപം ചെയ്‌ത വ്യക്തിയോടു ക്ഷമിക്കാൻ താഴ്‌മയുള്ളവന്‌ എളുപ്പമായിരിക്കും. (മത്തായി 6:12-15) തരം താഴ്‌ത്തപ്പെടുന്നതായി തോന്നുമ്പോൾ അയാൾ അമിതമായി പ്രതികരിക്കില്ല. മറിച്ച്‌, മറ്റു യാതൊരു വിധത്തിലും ശരിയാക്കാനാകാത്ത കാര്യങ്ങളുടെ പരിഹാരത്തിനായി അയാൾ യഹോവയിൽ ആശ്രയിക്കും.—സങ്കീർത്തനം 37:5; സദൃശവാക്യങ്ങൾ 3:5, 6.

നമ്മെക്കുറിച്ച്‌ എളിമയും താഴ്‌മയുമുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം യഹോവയുടെ പ്രീതിയും അംഗീകാരവും ആസ്വദിക്കാൻ കഴിയും എന്നതാണ്‌. “ദൈവം നിഗളികളോടു എതിർത്തുനില്‌ക്കുന്നു; താഴ്‌മയുള്ളവർക്കോ കൃപ നല്‌കുന്നു.” (1 പത്രൊസ്‌ 5:5) നാം യഥാർഥത്തിൽ ആയിരിക്കുന്നതിനെക്കാൾ മെച്ചപ്പെട്ടവരാണെന്നു ചിന്തിക്കുന്നതിന്റെ കെണിയിൽ നാം ഒരിക്കലും അകപ്പെടാതിരിക്കട്ടെ. പകരം, യഹോവയുടെ ക്രമീകരണത്തിൽ നമുക്കുള്ള സ്ഥാനം താഴ്‌മയോടെ തിരിച്ചറിയാം. ‘ദൈവസന്നിധിയിൽ താഴ്‌മയോടെ നടക്കണം’ എന്ന നിബന്ധന പാലിക്കുന്ന എല്ലാവരെയും മഹത്തായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു.

[22-ാം പേജിലെ ചിത്രം]

യോനാഥാൻ താഴ്‌മയോടെ ദാവീദിനെ പിന്തുണച്ചു