വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്താണ്‌ വിജയത്തിലേക്കുള്ള താക്കോൽ?

എന്താണ്‌ വിജയത്തിലേക്കുള്ള താക്കോൽ?

എന്താണ്‌ വിജയത്തിലേക്കുള്ള താക്കോൽ?

പരിശ്രമശാലികളായ രണ്ടു ചെറുപ്പക്കാർ വിചിത്രമായി തോന്നിക്കുന്ന ഒരു യന്ത്രത്തെ ഒരു നിർണായക പരീക്ഷണത്തിനു വേണ്ടി പടിപടിയായി ഒരുക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന്‌, അതിശക്തമായൊരു കാറ്റ്‌ ആ ദുർബല യന്ത്രത്തെ ചുഴറ്റിയെറിഞ്ഞു. വലിയൊരു ഒച്ചയോടെ നിലത്തു വീണ അത്‌ തകർന്നു തരിപ്പണമായി. നിസ്സഹായരായ ആ ചെറുപ്പക്കാർക്കു നിരാശയോടെ അതു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. അവർ വളരെ പണിപ്പെട്ട്‌ ശ്രദ്ധാപൂർവം ഉണ്ടാക്കിയെടുത്ത ആ യന്ത്രം കുറെ തടിക്കഷണങ്ങളുടെയും ലോഹക്കഷണങ്ങളുടെയും ഒരു കൂന മാത്രമായി.

1900 ഒക്‌ടോബർ മാസത്തിൽ ആയിരുന്നു ആ സംഭവം. എന്നാൽ അത്‌, വായുവിനെക്കാൾ ഭാരമുള്ള ഒരു പറക്കൽ യന്ത്രം നിർമിക്കാനുള്ള ശ്രമത്തിൽ ഒർവിൽ റൈറ്റും വിൽബർ റൈറ്റും നേരിട്ട നിരാശാജനകമായ ആദ്യ തിരിച്ചടി ആയിരുന്നില്ല. പരീക്ഷണങ്ങൾക്കായി അവർ അതിനോടകം കുറെ വർഷങ്ങൾതന്നെ ചെലവഴിച്ചിരുന്നു, വളരെയേറെ പണവും.

എന്നാൽ, ഒടുവിൽ അവരുടെ സ്ഥിരോത്സാഹത്തിനു ഫലമുണ്ടായി. 1903 ഡിസംബർ 17-ന്‌ യു.എസ്‌.എ.-യിലെ നോർത്ത്‌ കരോലിനയിലുള്ള കിറ്റി ഹോക്കിൽ വെച്ച്‌ റൈറ്റ്‌ സഹോദരന്മാർക്ക്‌ മോട്ടർകൊണ്ടു പ്രവർത്തിക്കുന്ന, വിമാനത്തിന്റെ ഒരു ആദിമ രൂപത്തെ 12 സെക്കന്റു നേരത്തേക്കു പറപ്പിക്കാൻ കഴിഞ്ഞു. അതിന്‌ പറക്കാൻ കഴിഞ്ഞ സമയം ഇന്നത്തെ വിമാനങ്ങളുടേതിനോടുള്ള താരതമ്യത്തിൽ വളരെ കുറവായിരുന്നെങ്കിലും അത്‌ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പോന്നതായിരുന്നു!

മിക്ക ഉദ്യമങ്ങളിലും വിജയത്തിന്റെ അടിസ്ഥാനം ക്ഷമാപൂർവകമായ സ്ഥിരോത്സാഹമാണ്‌. ഒരു പുതിയ ഭാഷയിൽ വൈദഗ്‌ധ്യം നേടൽ, ഒരു തൊഴിൽ പഠിക്കൽ, ഒരു സൗഹൃദം വളർത്തിയെടുക്കൽ എന്നിങ്ങനെ മൂല്യവത്തായ മിക്കവാറും എല്ലാ കാര്യങ്ങളും സ്ഥിരപരിശ്രമത്തിലൂടെയേ നേടാനാകൂ. ഗ്രന്ഥകാരനായ ചാൾസ്‌ ടെമ്പിൾട്ടൺ പറയുന്നു: “വിജയം തൊണ്ണൂറു ശതമാനവും കഠിനാധ്വാനത്തോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.” കോളമെഴുത്തുകാരനായ ലേണാർഡ്‌ പിറ്റ്‌സ്‌ ജൂനിയർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പ്രാപ്‌തിയെയും ഭാഗ്യത്തെയും കുറിച്ചൊക്കെ നാം സംസാരിക്കുന്നു, പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നാം മിക്കപ്പോഴും അവഗണിക്കുന്നു. കഠിനാധ്വാനവും അനേകം പരാജയങ്ങളും, അതുപോലെതന്നെ മണിക്കൂറുകൾ ദീർഘിച്ച പ്രയത്‌നവും.”

അത്‌ ദീർഘകാലം മുമ്പു ബൈബിൾ പ്രസ്‌താവിച്ചതിനോടു ചേർച്ചയിലാണ്‌: “ഉത്സാഹികളുടെ കൈ അധികാരം നടത്തും.” (സദൃശവാക്യങ്ങൾ 12:24) നമ്മുടെ ശ്രമങ്ങളിൽ സ്ഥിരോത്സാഹം കാട്ടുന്നതിനെയാണ്‌ ഇവിടെ ഉത്സാഹംകൊണ്ട്‌ അർഥമാക്കുന്നത്‌. നാം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങൾ സഫലമാകുന്നതിന്‌ അത്‌ അത്യാവശ്യമാണ്‌. അപ്പോൾ എന്താണു സ്ഥിരോത്സാഹം? നമ്മുടെ ലക്ഷ്യപ്രാപ്‌തിക്കായി നമുക്ക്‌ എങ്ങനെ സ്ഥിരോത്സാഹം കാണിക്കാൻ കഴിയും? നാം ഏതു കാര്യത്തിൽ സ്ഥിരോത്സാഹം കാട്ടേണ്ടതുണ്ട്‌? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നതായിരിക്കും.

[3 ലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

U.S. National Archives photo