വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നെതർലൻഡ്‌സിൽ എല്ലാത്തരം ആളുകളെയും സഹായിക്കുന്നു

നെതർലൻഡ്‌സിൽ എല്ലാത്തരം ആളുകളെയും സഹായിക്കുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

നെതർലൻഡ്‌സിൽ എല്ലാത്തരം ആളുകളെയും സഹായിക്കുന്നു

അസാധാരണ വിശ്വാസം പ്രകടമാക്കിയ ഒരു വ്യക്തിയായിരുന്നു അബ്രാഹാം. “വിളിക്കപ്പെട്ടാറെ” അബ്രാഹാം ദൈവത്തിന്റെ വാക്കുകൾ അനുസരിച്ച്‌ “എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. കുടുംബസമേതം സ്വദേശം വിട്ട അബ്രാഹാം, ശേഷിച്ച നൂറു വർഷക്കാലം ‘വാഗ്‌ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ പാർത്തു.’—എബ്രായർ 11:8, 9.

സമാനമായി ഇന്ന്‌, യഹോവയുടെ സാക്ഷികളിൽ അനേകർ സുവാർത്താ ഘോഷകരുടെ ആവശ്യം അധികമുള്ളിടത്തു സേവിക്കാനായി മറ്റൊരു രാജ്യത്തേക്കു മാറിത്താമസിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. മറ്റു ചിലർ, തങ്ങളുടെ രാജ്യത്തു കുടിയേറിപ്പാർത്തിട്ടുള്ള വിദേശികൾക്കു സാക്ഷ്യം നൽകാനായി അവരുടെ ഭാഷ പഠിച്ചിരിക്കുന്നു. പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്ന പ്രകാരം, ഈ നല്ല മനോഭാവം നെതർലൻഡ്‌സിൽ “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ” തുറന്നിരിക്കുന്നു. അവിടത്തെ 1 കോടി 50 ലക്ഷം ആളുകളിൽ 10 ലക്ഷം പേരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്‌.—1 കൊരിന്ത്യർ 16:8, 9, പി.ഒ.സി. ബൈബിൾ.

□ ഒരു മുൻ കുങ്‌ ഫൂ പരിശീലകനായ ബാറാം മധ്യപൂർവ ദേശക്കാരനാണ്‌. ഒരു ബൈബിളും ചില വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിനു ലഭിച്ചു. താൻ സത്യം കണ്ടെത്തിയതായി ഒരു മാസത്തിനുള്ളിൽ ബാറാമിനു ബോധ്യമായി. ഒരു സാക്ഷി അദ്ദേഹത്തെയും ഭാര്യയെയും ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ, അവരെ ബൈബിൾ പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു പ്രശ്‌നം നേരിട്ടു—ആ സാക്ഷിക്ക്‌ അവരുടെ ഭാഷ വശമില്ലായിരുന്നു. അവർ ആംഗ്യങ്ങളിലൂടെ—അവരുടെതന്നെ വാക്കുകളിൽ പറഞ്ഞാൽ, “കയ്യും കാലും ഉപയോഗിച്ച്‌”—ആണ്‌ ആശയവിനിമയം നടത്തിയിരുന്നത്‌. ക്രമേണ, ബാറാമിനും ഭാര്യക്കും തങ്ങളുടെ മാതൃഭാഷയിലുള്ള ഒരു സഭ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന്‌, അവർ ദ്രുതഗതിയിൽ പുരോഗമിച്ചു. ബാറാം ഇപ്പോൾ സ്‌നാപനമേറ്റ ഒരു പ്രസാധകനാണ്‌.

□ ഡച്ചുകാരായ പയനിയർ ദമ്പതികൾ, ഒരു സൂപ്പർമാർക്കറ്റിനു മുമ്പിൽ നിൽക്കുകയായിരുന്ന ഒരു ഇന്തൊനീഷ്യക്കാരനെ സമീപിച്ചു. തന്റെ ഭാഷയിൽ ആ ദമ്പതികൾ സംസാരിച്ചത്‌ അയാളെ വിസ്‌മയഭരിതനാക്കി. തുടർന്ന്‌, അദ്ദേഹത്തെ വീട്ടിൽ ചെന്നു കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. 20-ലധികം വർഷം അദ്ദേഹം റഷ്യയിൽ ആയിരുന്നെന്നും അവിടെവെച്ച്‌ ഒരു ഗൈനക്കോളജിസ്റ്റ്‌ ആയിത്തീർന്നുവെന്നും ആ പയനിയർ ദമ്പതികൾ മനസ്സിലാക്കി. ഒരു നിരീശ്വരവാദിയാണെന്ന്‌ അവകാശപ്പെട്ടിരുന്നെങ്കിലും താൻ ഓരോ തവണ പ്രസവമെടുക്കുമ്പോഴും ഇങ്ങനെ അതിശയം കൂറിയിരുന്നതായി അദ്ദേഹം സമ്മതിച്ചു പറഞ്ഞു: “മനുഷ്യ ശരീരം എത്രയോ മികവുറ്റതാണ്‌! എന്തൊരു അത്ഭുതം!” ബൈബിൾ പഠിക്കാമെന്ന്‌ അദ്ദേഹം സമ്മതിച്ചു. ഉടൻതന്നെ, മനുഷ്യരെ കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടെന്ന്‌ അദ്ദേഹത്തിനു ബോധ്യപ്പെട്ടു. (1 പത്രൊസ്‌ 5:6, 7) ഇപ്പോൾ അദ്ദേഹം സ്‌നാപനമേറ്റ ഒരു സാക്ഷിയാണ്‌, ആംസ്റ്റർഡാമിലെ ഇന്തൊനീഷ്യൻ സഭയോടൊത്തു സഹവസിക്കുന്നു.

□ ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ റോട്ടർഡാമിൽ ദിവസേന കപ്പൽത്തുറയിൽ എത്തുന്ന വ്യത്യസ്‌ത ഭാഷക്കാരോടു സുവിശേഷിക്കുന്നതിൽ ഒരു കൂട്ടം പയനിയർമാർ പ്രാവീണ്യം നേടിയിരിക്കുന്നു. ഉത്സാഹികളായ ഈ സുവിശേഷകരുടെ പ്രവർത്തനഫലമായി ഒരു കപ്പിത്താനും ഒരു കപ്പൽ ഉദ്യോഗസ്ഥനും ഒരു മുൻ അംഗരക്ഷകനും ഉൾപ്പെടെ നിരവധി കപ്പൽ ജോലിക്കാർ സത്യം സ്വീകരിക്കാൻ ഇടയായി. ഇപ്പോൾ അവരും ദൈവരാജ്യ സുവാർത്ത ലോകമെമ്പാടും എത്തിക്കുന്നതിൽ പങ്കുവഹിക്കുന്നു.—മത്തായി 24:14.

ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ള യഹോവയുടെ സാക്ഷികളെ പോലെതന്നെ നെതർലൻഡ്‌സിലെ സാക്ഷികളും സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും ഉള്ളവരോടു സുവാർത്ത ഘോഷിക്കുന്നതിൽ തങ്ങളുടെ പങ്കു നിർവഹിക്കാൻ ദൃഢചിത്തരാണ്‌.—വെളിപ്പാടു 14:6.