വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എന്റെ സങ്കേതവും ബലവും

യഹോവ എന്റെ സങ്കേതവും ബലവും

ജീവിത കഥ

യഹോവ എന്റെ സങ്കേതവും ബലവും

മാഴ്‌സെൽ ഫിൽറ്റോ പറഞ്ഞപ്രകാരം

“നീ അയാളെ വിവാഹം ചെയ്‌താൽ കണിശമായും ജയിലിൽ പോകേണ്ടിവരും.” എന്റെ ഭാവി വധുവിനോട്‌ അങ്ങനെയാണ്‌ ആളുകൾ പറഞ്ഞത്‌. അവർ അങ്ങനെ പറഞ്ഞതിന്റെ കാരണം ഞാൻ വിശദീകരിക്കാം.

കത്തോലിക്കരുടെ ശക്തികേന്ദ്രം ആയിരുന്ന, കാനഡയിലെ ക്വിബെക്‌ പ്രവിശ്യയിൽ 1927-ലാണു ഞാൻ ജനിച്ചത്‌. ഏകദേശം നാലു വർഷത്തിനു ശേഷം, യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകയായ സേസിൽ ഡ്യൂഫൂർ, മോൺട്രിയോൾ നഗരത്തിലുള്ള ഞങ്ങളുടെ വീട്ടിൽ പതിവായി വരാൻ തുടങ്ങി. അക്കാരണത്താൽ ആ സഹോദരിയെ ഞങ്ങളുടെ അയൽക്കാർ പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. വാസ്‌തവത്തിൽ, ബൈബിൾ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരിൽ പൊലീസുകാർ ആ സഹോദരിയെ പലവട്ടം അറസ്റ്റു ചെയ്യുകയും അവരോടു മോശമായി പെരുമാറുകയും ചെയ്‌തിരുന്നു. തന്മൂലം, അധികം താമസിയാതെ ഞങ്ങൾ യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ അർഥം മനസ്സിലാക്കി: “എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.”—മത്തായി 24:9.

അക്കാലത്ത്‌ ഒരു ഫ്രഞ്ച്‌-കനേഡിയൻ കത്തോലിക്കാ കുടുംബം തങ്ങളുടെ മതം ഉപേക്ഷിക്കുന്നത്‌ പലർക്കും ചിന്തിക്കാൻകൂടി വയ്യാത്ത ഒരു കാര്യമായിരുന്നു. എന്റെ മാതാപിതാക്കൾ ഒരിക്കലും യഹോവയുടെ സാക്ഷികൾ ആയില്ലെങ്കിലും, കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ ബൈബിളിനു ചേർച്ചയിൽ അല്ലെന്ന്‌ അവർ മനസ്സിലാക്കിയിരുന്നു. തന്മൂലം, സാക്ഷികളുടെ സാഹിത്യങ്ങൾ വായിക്കാൻ അവർ മക്കളായ ഞങ്ങൾ എട്ടു പേരെയും പ്രോത്സാഹിപ്പിച്ചു. മാത്രമല്ല, ഞങ്ങളിൽ ചിലർ ബൈബിൾ സത്യത്തിനായി നിലപാടു സ്വീകരിച്ചപ്പോൾ അവർ പിന്തുണ നൽകുകയും ചെയ്‌തു.

ദുഷ്‌കര സമയങ്ങളിൽ ഉറച്ച നിലപാടു സ്വീകരിക്കുന്നു

1942-ൽ, സ്‌കൂൾ വിദ്യാർഥി ആയിരിക്കെതന്നെ ഞാൻ ബൈബിൾ പഠിക്കുന്നതിൽ ശരിക്കും താത്‌പര്യമെടുക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികൾ ആദിമ ക്രിസ്‌ത്യാനികളുടെ മാതൃക പിൻപറ്റിക്കൊണ്ട്‌ യുദ്ധങ്ങളിൽ ഏർപ്പെടാഞ്ഞതു നിമിത്തം അവരുടെ പ്രവർത്തനത്തിന്‌ അന്നു കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. (യെശയ്യാവു 2:4; മത്തായി 26:52) അപ്പോൾ കൊടുമ്പിരിക്കൊണ്ടിരുന്ന രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്‌ എന്റെ മൂത്ത ജ്യേഷ്‌ഠനായ റൊളാനെ, കുറ്റവാളികളെക്കൊണ്ട്‌ പണിയെടുപ്പിച്ചിരുന്ന തൊഴിൽപ്പാളയത്തിൽ ഇട്ടിരുന്നു.

ഏതാണ്ട്‌ അതേ സമയംതന്നെ, ഡാഡി എനിക്ക്‌ ഫ്രഞ്ച്‌ ഭാഷയിലുള്ള ഒരു പുസ്‌തകം നൽകി. അഡോൾഫ്‌ ഹിറ്റ്‌ലറുടെ സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാൻ വിസമ്മതിച്ചതു നിമിത്തം ജർമനിയിലെ സാക്ഷികൾ അനുഭവിക്കുന്ന യാതനകളെ കുറിച്ച്‌ അതിൽ വിശദീകരിച്ചിരുന്നു. * ദൃഢമായ വിശ്വസ്‌തത പുലർത്തിയ ധീരരായ ആ ആളുകളുടെ കൂട്ടത്തിൽ ചേരാൻ അത്‌ എനിക്കു പ്രചോദനമേകി. അതിനാൽ ഞാൻ, സ്വകാര്യ ഭവനങ്ങളിൽ നടത്തിയിരുന്ന സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. താമസിയാതെ പ്രസംഗവേലയിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. അറസ്റ്റു ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്‌തേക്കാം എന്ന തികഞ്ഞ ബോധ്യത്തോടെ തന്നെ ഞാൻ ആ ക്ഷണം സ്വീകരിച്ചു.

ധൈര്യത്തിനു വേണ്ടി പ്രാർഥിച്ച ശേഷം, ഞാൻ ആദ്യത്തെ വീടിന്റെ കതകിൽ മുട്ടി. ഒരു സ്‌ത്രീ ദയാപൂർവം കതകു തുറന്നു. സ്വയം പരിചയപ്പെടുത്തിയ ശേഷം ഞാൻ അവരെ 2 തിമൊഥെയൊസ്‌ 3:16 വായിച്ചു കേൾപ്പിച്ചു. അതിങ്ങനെ പറയുന്നു: ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്‌.’

“ബൈബിളിനെ കുറിച്ചു കൂടുതൽ അറിയാൻ താത്‌പര്യമുണ്ടോ?” ഞാൻ ചോദിച്ചു.

“തീർച്ചയായും,” ആ സ്‌ത്രീ മറുപടി പറഞ്ഞു.

അതിനായി, എന്നെക്കാൾ നന്നായി ബൈബിൾ അറിയാവുന്ന ഒരു സുഹൃത്തിനെ അടുത്ത തവണ കൊണ്ടുവരാമെന്നു ഞാൻ ആ സ്‌ത്രീയോടു പറഞ്ഞു. പറഞ്ഞതുപോലെ തന്നെ പിറ്റേ വാരം ഞാൻ മടങ്ങിച്ചെന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞപ്രകാരം, യഹോവയുടെ സഹായത്താലാണു നാം അതു ചെയ്യുന്നത്‌. ‘ഈ അത്യന്തശക്തി [“സാധാരണയിൽ കവിഞ്ഞ ഈ ശക്തി,” NW] നമ്മുടെ സ്വന്തം അല്ല, ദൈവത്തിന്റെ ദാനമാണ്‌’ എന്നു നാം തിരിച്ചറിയുന്നതു മർമപ്രധാനമാണ്‌.—2 കൊരിന്ത്യർ 4:7.

പെട്ടെന്നുതന്നെ പ്രസംഗപ്രവർത്തനം എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകം ആയിത്തീർന്നു. അതോടെ അറസ്റ്റുകളും ജയിൽവാസവും നിത്യസംഭവങ്ങളായി. “നീ അയാളെ വിവാഹം ചെയ്‌താൽ കണിശമായും ജയിലിൽ പോകേണ്ടിവരും” എന്ന്‌ എന്റെ ഭാവി വധുവിനോടു പറയപ്പെട്ടതിൽ തെല്ലും അതിശയിക്കാനില്ല. എന്നുവരികിലും, അത്തരം അനുഭവങ്ങൾ അത്രകണ്ടു ദുഷ്‌കരം ആയിരുന്നില്ല. കാരണം, ഒരു ദിവസത്തെ ജയിൽ വാസം കഴിയുമ്പോഴേക്കും ഏതെങ്കിലുമൊരു സഹസാക്ഷി വന്ന്‌ ഞങ്ങളെ ജാമ്യത്തിൽ ഇറക്കുമായിരുന്നു.

സുപ്രധാന തീരുമാനങ്ങൾ

1943 ഏപ്രിലിൽ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണത്തെ ഞാൻ ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി. പിന്നീട്‌, 1944-ൽ ഞാൻ ആദ്യമായി ഒരു വലിയ കൺവെൻഷനിൽ സംബന്ധിച്ചു. കാനഡയുടെ അതിർത്തിയോടു ചേർന്ന്‌, യു.എസ്‌.എ.-യിലെ ന്യൂയോർക്കിലുള്ള ബഫലോയിൽ ആയിരുന്നു കൺവെൻഷൻ. മൊത്തം 25,000 പേർ ഹാജരായിരുന്നു. അവിടെ നടന്ന പരിപാടികൾ ഒരു പയനിയർ—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകനെ അങ്ങനെയാണു വിളിച്ചിരുന്നത്‌—ആയിത്തീരാനുള്ള എന്റെ ആഗ്രഹത്തെ അരക്കിട്ടുറപ്പിച്ചു. 1945 മേയിൽ കാനഡയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളുടെ മേലുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടു. പിറ്റേ മാസം ഞാൻ പയനിയറിങ്‌ തുടങ്ങി.

എന്നാൽ, ശുശ്രൂഷയിലെ എന്റെ പങ്കു വർധിച്ചതോടെ കൂടെക്കൂടെ ജയിലിൽ പോകേണ്ടതായും വന്നു. ഒരിക്കൽ, എന്നെ ദീർഘകാലമായി യഹോവയെ സേവിച്ചുവന്നിരുന്ന മൈക്ക്‌ മില്ലറിനോടൊപ്പം ഒരേ തടവറയിലാക്കി. സിമന്റിട്ട തറയിലിരുന്ന്‌ ഞങ്ങൾ ദീർഘനേരം സംസാരിച്ചു. പരിപുഷ്ടിദായകമായ ആ ആത്മീയ ചർച്ച എനിക്കു വളരെ കരുത്തേകി. പിന്നീടത്‌ എന്നെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു: ‘ഞങ്ങൾക്കിടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിരിക്കുകയും ഞങ്ങൾ പരസ്‌പരം സംസാരിക്കാതിരിക്കുകയും ചെയ്‌തിരുന്നെങ്കിലോ?’ ആ പ്രിയ സഹോദരനോട്‌ ഒപ്പമുള്ള ജയിൽവാസം എന്നെ ജീവിതത്തിലെ ഉത്‌കൃഷ്ടമായ പാഠങ്ങളിലൊന്നു പഠിപ്പിച്ചു—നമുക്ക്‌ നമ്മുടെ സഹോദരങ്ങളെ ആവശ്യമാണ്‌. തന്മൂലം, നാം പരസ്‌പരം ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം, “നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്‌താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞ സ്ഥിതിയിൽ നാം ആയിത്തീരും.—ഗലാത്യർ 5:15.

1945 സെപ്‌റ്റംബറിൽ, കാനഡയിലെ ടൊറന്റോയിലുള്ള വാച്ച്‌ ടവർ സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസിൽ—ബെഥേലിൽ—സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. അവിടത്തെ ആത്മീയ പരിപാടികൾ വാസ്‌തവത്തിൽ കെട്ടുപണി ചെയ്യുന്നതും വിശ്വാസത്തെ ബലപ്പെടുത്തുന്നതും ആയിരുന്നു. പിറ്റേ വർഷം, ബ്രാഞ്ച്‌ ഓഫീസിൽ നിന്ന്‌ 40 കിലോമീറ്റർ വടക്കുള്ള ബെഥേൽ കൃഷിയിടത്തിൽ വേല ചെയ്യാൻ എനിക്കു നിയമനം ലഭിച്ചു. അവിടെ ആൻ വൊലിനെക്‌ എന്ന യുവതിയോടൊപ്പം സ്‌ട്രോബറി പറിക്കവെ, അവളുടെ സൗന്ദര്യം മാത്രമല്ല, യഹോവയോടുള്ള അവളുടെ സ്‌നേഹവും തീക്ഷ്‌ണതയും എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾ സ്‌നേഹത്തിലായി, 1947 ജനുവരിയിൽ ഞങ്ങളുടെ വിവാഹവും നടന്നു.

അടുത്ത രണ്ടര വർഷക്കാലം ഞങ്ങൾ ഒൺടേറിയോയിലെ ലണ്ടനിലും തുടർന്ന്‌, കേപ്‌ ബ്രെട്ടൻ ദ്വീപിലും പയനിയറിങ്‌ ചെയ്‌തു. അവിടെ ഒരു സഭ രൂപീകരിക്കാൻ സഹായിക്കുന്നതിനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. പിന്നീട്‌, മിഷനറി പരിശീലനത്തിനായി 1949-ൽ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 14-ാമത്തെ ക്ലാസ്സിലേക്കു ഞങ്ങൾക്കു ക്ഷണം ലഭിച്ചു.

ക്വിബെക്കിലെ മിഷനറി സേവനം

ക്വിബെക്കിൽ സുവിശേഷ പ്രവർത്തനം തുടങ്ങുന്നതിന്‌ കാനഡയിൽ നിന്നുള്ള മുൻ ഗിലെയാദ്‌ ക്ലാസ്സുകളിലെ ബിരുദധാരികൾക്കു നിയമനം ലഭിച്ചിരുന്നു. 1950-ൽ ഞങ്ങളും 14-ാമത്തെ ക്ലാസ്സിൽ നിന്നുള്ള വേറെ 25 പേരും അവരോടു ചേർന്നു. വർധിച്ച മിഷനറി പ്രവർത്തനത്തിന്റെ ഫലമായി കൊടിയ പീഡനവും ജനക്കൂട്ടത്താലുള്ള ആക്രമണവും ഞങ്ങൾക്കു നേരിടേണ്ടിവന്നു. റോമൻ കത്തോലിക്കാ സഭയുടെ നേതാക്കളായിരുന്നു അതിന്റെയെല്ലാം പിന്നിൽ.

ആദ്യമായി മിഷനറി നിയമനം ലഭിച്ച റൂയൻ നഗരത്തിൽ എത്തിച്ചേർന്ന്‌ രണ്ടു ദിവസം കഴിഞ്ഞപ്പോൾ, പോലീസുകാർ ആനിനെ അറസ്റ്റു ചെയ്‌ത്‌ അവരുടെ കാറിന്റെ പിൻസീറ്റിൽ ഇരുത്തി. അവളെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ അനുഭവം ആയിരുന്നു. കാരണം, കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലുള്ള ഒരു ചെറിയ ഗ്രാമത്തിലാണ്‌ ആൻ വളർന്നത്‌. അവിടെ അവൾ വിരളമായേ പൊലീസുകാരെ കണ്ടിട്ടുള്ളൂ. തന്മൂലം, അവൾക്കു ഭയം തോന്നിയതു തികച്ചും സ്വാഭാവികം ആയിരുന്നു. ആ സമയത്ത്‌ ഈ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി: “നീ അയാളെ വിവാഹം ചെയ്‌താൽ കണിശമായും ജയിലിൽ പോകേണ്ടിവരും.” എന്നാൽ, കാറോടിച്ചു പോകുന്നതിനു മുമ്പ്‌ പൊലീസുകാർ എന്നെയും പിടിച്ച്‌ അവരുടെ കാറിനകത്താക്കി. “ഹാവൂ, ആശ്വാസമായി!” എന്നെ കണ്ടപ്പോൾ അവൾ പറഞ്ഞു. എന്നാൽ അവൾ തികച്ചും ശാന്തയായിരുന്നത്‌ എന്നെ അതിശയിപ്പിച്ചു. “യേശുവിനെ കുറിച്ചു പ്രസംഗിച്ച അപ്പൊസ്‌തലന്മാരുടെ അനുഭവവും മറിച്ചായിരുന്നില്ലല്ലോ,” അവൾ പറഞ്ഞു. (പ്രവൃത്തികൾ 4:1-3; 5:17, 18) അന്നുതന്നെ, കുറെ സമയം കഴിഞ്ഞ്‌ ഞങ്ങൾക്കു ജാമ്യം ലഭിച്ചു.

ആ സംഭവം നടന്ന്‌ ഏകദേശം ഒരു വർഷത്തിനു ശേഷം, ഞങ്ങൾക്കു പുതുതായി നിയമനം ലഭിച്ച മോൺട്രിയോളിൽ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ, തെരുവിന്റെ ഒരു ഭാഗത്തു നിന്നു വലിയൊരു കോലാഹലം കേട്ടു. ഞാൻ നോക്കിയപ്പോൾ, ക്രുദ്ധരായ ജനക്കൂട്ടം കല്ലെറിയുന്നു. ഞാൻ ആനിനെയും കൂട്ടുകാരിയെയും സഹായിക്കാൻ ചെന്നു. ഉടനെ പൊലീസും സ്ഥലത്തെത്തി. ജനക്കൂട്ടത്തെ അറസ്റ്റു ചെയ്യുന്നതിനു പകരം ആനിനെയും കൂട്ടുകാരിയെയുമാണ്‌ അവർ അറസ്റ്റു ചെയ്‌തത്‌! തടവിലായിരിക്കെ, തങ്ങൾ യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തി അനുഭവിക്കുകയാണെന്നു പുതിയ സാക്ഷിയെ ആൻ ഓർമിപ്പിച്ചു: “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.”—മത്തായി 10:22.

ഒരു സമയത്ത്‌, തീരുമാനമാകാത്ത 1,700-ഓളം കേസുകൾ ക്വിബെക്കിൽ യഹോവയുടെ സാക്ഷികൾക്ക്‌ എതിരെ ഉണ്ടായിരുന്നു. രാജ്യദ്രോഹകരമായ പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നുവെന്നോ അനധികൃതമായി മറ്റു പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നുവെന്നോ ഞങ്ങളുടെ മേൽ കുറ്റം ആരോപിക്കുക സാധാരണമായിരുന്നു. തന്നിമിത്തം, വാച്ച്‌ ടവർ സൊസൈറ്റിയുടെ നിയമ വിഭാഗം ക്വിബെക്ക്‌ ഗവൺമെന്റിന്‌ എതിരെ കേസു കൊടുത്തു. വർഷങ്ങൾ നീണ്ടുനിന്ന നിയമയുദ്ധത്തിനു ശേഷം യഹോവയുടെ സഹായത്താൽ കാനഡയിലെ സുപ്രീം കോടതിയിൽ വലിയ രണ്ടു കേസുകളിൽ ഞങ്ങൾ വിജയിച്ചു. 1950 ഡിസംബറിൽ ഞങ്ങളുടെ സാഹിത്യങ്ങൾ രാജ്യദ്രോഹകരമല്ലെന്നു വിധിക്കപ്പെട്ടു. 1953 ഒക്‌ടോബറിൽ ലൈസൻസില്ലാതെ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള അവകാശത്തെ കോടതി ശരിവെക്കുകയും ചെയ്‌തു. അങ്ങനെ യഹോവ “സങ്കേതവും ബലവും” ആയിരിക്കുന്നതും ‘കഷ്ടങ്ങളിൽ ഏററവും അടുത്ത തുണയായിരിക്കുന്ന’തും എങ്ങനെയെന്നു ഞങ്ങൾ അനുഭവിച്ചറിഞ്ഞു.—സങ്കീർത്തനം 46:1.

ശ്രദ്ധേയമെന്നു പറയട്ടെ, ക്വിബെക്കിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം ഞാൻ പയനിയറിങ്‌ തുടങ്ങിയ 1945-ൽ 356 ആയിരുന്നത്‌ ഇപ്പോൾ 24,000-ത്തിലധികം ആയിരിക്കുന്നു! അതു പിൻവരുന്ന ബൈബിൾ പ്രവചനത്തിൽ പറഞ്ഞിരുന്നതു പോലെ തന്നെയാണ്‌: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാ നാവിനെയും നീ കുററം വിധിക്കും.”—യെശയ്യാവു 54:17.

ഫ്രാൻസിലെ ഞങ്ങളുടെ പ്രവർത്തനം

1959 സെപ്‌റ്റംബറിൽ എനിക്കും ആനിനും ഫ്രാൻസിലെ പാരീസ്‌ ബെഥേലിൽ സേവിക്കാൻ ക്ഷണം ലഭിച്ചു. അവിടെ അച്ചടിയുടെ മേൽനോട്ടം വഹിക്കാനുള്ള നിയമനം ആയിരുന്നു എന്റേത്‌. 1960 ജനുവരിയിൽ ഞങ്ങൾ അവിടെ എത്തുന്നതിനു മുമ്പു വരെ അച്ചടി നടത്തിയിരുന്നതു പുറത്തുള്ള ഒരു അച്ചടി ശാലയിലാണ്‌. അന്ന്‌ ഫ്രാൻസിൽ വീക്ഷാഗോപുരം നിരോധിക്കപ്പെട്ടിരുന്നതിനാൽ ഓരോ മാസവും 64 പേജുള്ള ചെറുപുസ്‌തകം ആയിട്ടാണു ഞങ്ങൾ അത്‌ അച്ചടിച്ചിരുന്നത്‌. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക വാർത്താപത്രിക എന്നാണ്‌ ആ ചെറുപുസ്‌തകം അറിയപ്പെട്ടിരുന്നത്‌. അതതു മാസം സഭകളിൽ പഠിക്കാനുള്ള അധ്യയന ലേഖനങ്ങൾ അതിൽ അടങ്ങിയിരുന്നു. ഫ്രാൻസിൽ പ്രസംഗവേല നടത്തിയിരുന്നവരുടെ എണ്ണം 1960-ൽ 15,439 ആയിരുന്നെങ്കിൽ 1967 ആയപ്പോഴേക്കും അത്‌ 26,250 ആയി വർധിച്ചു.

പിൽക്കാലത്ത്‌, മിക്ക മിഷനറിമാർക്കും മറ്റു സ്ഥലങ്ങളിലേക്കു നിയമനം ലഭിച്ചു. ചിലർക്ക്‌ ഫ്രഞ്ചു സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മറ്റു ചിലർക്ക്‌ വീണ്ടും ക്വിബെക്കിലേക്കും ആയിരുന്നു നിയമനം. അസുഖം മൂലം ആനിനു ശസ്‌ത്രക്രിയ നടത്തേണ്ടിയിരുന്നതിനാൽ ഞങ്ങൾ ക്വിബെക്കിലേക്കു മടങ്ങി. മൂന്നു വർഷത്തെ വൈദ്യ ചികിത്സയ്‌ക്കു ശേഷം ആൻ ആരോഗ്യം വീണ്ടെടുത്തു. തുടർന്ന്‌ സർക്കിട്ട്‌ വേലയ്‌ക്ക്‌, ആത്മീയ പ്രോത്സാഹനം പ്രദാനം ചെയ്യുന്നതിന്‌ ഓരോ വാരവും വ്യത്യസ്‌ത സഭകൾ സന്ദർശിക്കുന്നതിന്‌ എനിക്കു നിയമനം ലഭിച്ചു.

ആഫ്രിക്കയിൽ മിഷനറി സേവനം

ഏതാനും വർഷങ്ങൾക്കു ശേഷം, 1981-ൽ ഇപ്പോഴത്തെ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കായ സയറിലേക്കു നിയമനം ലഭിച്ചതു ഞങ്ങളെ അത്യന്തം സന്തോഷഭരിതരാക്കി. അവിടത്തെ ആളുകൾ ദരിദ്രരും പല വിധത്തിലും യാതനകൾ അനുഭവിക്കുന്നവരും ആയിരുന്നു. ആ സമയത്ത്‌ അവിടെ 25,753 സാക്ഷികൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന്‌ ആ സംഖ്യ 1,13,000 ആയിത്തീർന്നിരിക്കുന്നു. 1999-ൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിന്‌ 4,46,362 പേർ ഹാജരായി!

1984-ൽ ഒരു പുതിയ ബ്രാഞ്ച്‌ ഓഫീസ്‌ പണിയുന്നതിനു ഞങ്ങൾ സർക്കാർ വകയായ 500 ഏക്കർ ഭൂമി വാങ്ങി. പിന്നീട്‌, 1985 ഡിസംബറിൽ തലസ്ഥാന നഗരിയായ കിൻഷാസയിൽ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ നടത്തപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 32,000 പേർ അതിനു ഹാജരായി. അതോടെ, സയറിൽ വൈദികരുടെ ഒത്താശയോടെയുള്ള എതിർപ്പുകളും രൂക്ഷമായി. സയറിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കുന്ന ഒരു കത്ത്‌ 1986 മാർച്ച്‌ 12-ന്‌ ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾക്കു ലഭിച്ചു. യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളുടെയും മേൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ആ കത്തിൽ ഒപ്പിട്ടത്‌ അന്നത്തെ പ്രസിഡന്റായിരുന്ന പരേതനായ മൊമ്പുട്ടൂ സേസേ സേക്കോ ആയിരുന്നു.

പെട്ടെന്നുള്ള ആ സംഭവവികാസം നിമിത്തം ഞങ്ങൾ ഈ ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കേണ്ടിയിരുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) കിൻഷാസയിൽവെച്ചു പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിന്‌ കടലാസും മഷിയും ഫിലിമും അച്ചടി പ്ലേറ്റുകളും രാസവസ്‌തുക്കളും വിദേശത്തു നിന്നു കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ ഞങ്ങൾ കണ്ടെത്തി. സ്വന്തമായ ഒരു വിതരണ സംവിധാനത്തിനും ഞങ്ങൾ രൂപം കൊടുത്തു. ശരിക്കും സംഘടിതമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഞങ്ങളുടെ ഈ സംവിധാനം ഗവൺമെന്റ്‌ തപാൽ വകുപ്പിനെക്കാൾ മെച്ചമായിത്തീർന്നു!

പോലീസ്‌ ആയിരക്കണക്കിനു സാക്ഷികളെ അറസ്റ്റു ചെയ്‌തു, പലരെയും മൃഗീയമായി പീഡിപ്പിച്ചു. എങ്കിലും, ചുരുക്കം ചിലരൊഴികെ എല്ലാവരുംതന്നെ അത്തരം ദുഷ്‌പെരുമാറ്റങ്ങൾ സഹിച്ച്‌ വിശ്വസ്‌തരായി നിലകൊണ്ടു. എന്നെയും അറസ്റ്റു ചെയ്‌ത്‌ ജയിലിലിട്ടു. തന്മൂലം, സഹോദരങ്ങൾക്കു ജയിലുകളിൽ അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകൾ എനിക്കു നേരിൽ കാണാൻ കഴിഞ്ഞു. രഹസ്യ പോലീസും ഗവൺമെന്റ്‌ അധികൃതരും എല്ലാ വിധങ്ങളിലും ഞങ്ങളുടെമേൽ സമ്മർദം ചെലുത്തി. എങ്കിലും, യഹോവ എല്ലായ്‌പോഴും പോംവഴി കണ്ടെത്താൻ ഞങ്ങളെ സഹായിച്ചു.—2 കൊരിന്ത്യർ 4:8, NW.

ഒരു ബിസിനസുകാരന്റെ പണ്ടകശാലയിൽ ഞങ്ങൾ 3,000 കാർഡ്‌ബോർഡു പെട്ടികളിലായി സാഹിത്യങ്ങൾ ഒളിപ്പിച്ചുവെച്ചിരുന്നു. എന്നാൽ, അവിടത്തെ ഒരു ജോലിക്കാരൻ അതേക്കുറിച്ചു രഹസ്യ പോലീസിനു വിവരം നൽകിയതിനെ തുടർന്ന്‌ അവർ ആ ബിസിനസുകാരനെ അറസ്റ്റു ചെയ്‌തു. അയാളെ തടവിലേക്കു കൊണ്ടുപോകുന്ന വഴിക്ക്‌, കാറിൽ വരുകയായിരുന്ന എന്നെ അവർ യാദൃച്ഛികമായി കണ്ടു. സാഹിത്യങ്ങൾ അവിടെ സൂക്ഷിക്കാൻ ക്രമീകരണം ചെയ്‌തതു ഞാനാണെന്ന്‌ ആ ബിസിനസുകാരൻ പോലീസുകാരോടു പറഞ്ഞു. പൊലീസുകാർ വണ്ടി നിറുത്തി എന്നെ ചോദ്യം ചെയ്‌തു. ആ ബിസിനസുകാരന്റെ പണ്ടകശാലയിൽ നിയമവിരുദ്ധ സാഹിത്യങ്ങൾ സൂക്ഷിച്ചുവെച്ചതായി എന്റെമേൽ കുറ്റം ചുമത്തി.

“നിങ്ങളുടെ കയ്യിൽ അതേ പോലുള്ള പുസ്‌തകം ഉണ്ടോ?” ഞാൻ ചോദിച്ചു.

“ഉണ്ട്‌,” അവർ മറുപടി പറഞ്ഞു.

“അതൊന്നു കാണിക്കാമോ?” ഞാൻ ചോദിച്ചു.

പുസ്‌തകത്തിന്റെ ഒരു പ്രതി അവർ എന്റെ കയ്യിൽ തന്നു. അതിന്റെ അകത്തെ താളിൽ ‘വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി അമേരിക്കൻ ഐക്യനാടുകളിൽ അച്ചടിച്ചത്‌’ എന്ന്‌ ഇംഗ്ലീഷിൽ എഴുതിയിരുന്നതു ഞാൻ അവരെ കാണിച്ചു കൊടുത്തു.

“നിങ്ങളുടെ കയ്യിലിരിക്കുന്ന പുസ്‌തകം അമേരിക്കക്കാരുടേതാണ്‌, അതു സയറിന്റെയല്ല,” ഞാൻ അവരെ ഓർമിപ്പിച്ചു. “നിങ്ങളുടെ ഗവൺമെന്റ്‌ നിരോധിച്ചിരിക്കുന്നതു സയറിലുള്ള യഹോവയുടെ സാക്ഷികളുടെ നിയമ സംഘടനയെയാണ്‌, അല്ലാതെ ഐക്യനാടുകളിലുള്ള വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയെ അല്ല. തന്മൂലം, ഈ പ്രസിദ്ധീകരണങ്ങൾ കൈകാര്യം ചെയ്യുന്നതു വളരെ സൂക്ഷിച്ചുവേണം.”

അറസ്റ്റു ചെയ്യാനുള്ള കോടതിയുത്തരവ്‌ ഇല്ലാഞ്ഞതിനാൽ അവർ എന്നെ പോകാൻ അനുവദിച്ചു. അന്നു രാത്രിതന്നെ രണ്ടു ട്രക്കുകളുമായി ഞങ്ങൾ ആ പണ്ടകശാലയിൽ ചെന്ന്‌ സാഹിത്യങ്ങളെല്ലാം അവിടെ നിന്നു നീക്കം ചെയ്‌തു. പിറ്റേന്നു പോലീസുകാർ അവിടെ ചെന്നപ്പോൾ സാഹിത്യങ്ങൾ ഒന്നും കണ്ടെത്താനായില്ല, അത്‌ അവരെ ചൊടിപ്പിച്ചു. അതിനോടകം, എന്നെ അറസ്റ്റു ചെയ്യുന്നതിനു കോടതിയുത്തരവു ലഭിച്ചതിനാൽ അവർ എനിക്കുവേണ്ടി വലവീശി, ഒടുവിൽ എന്നെ പിടിക്കുകയും ചെയ്‌തു. പക്ഷേ അവരുടെ പക്കൽ കാർ ഇല്ലാഞ്ഞതിനാൽ ഞാൻ സ്വയം വണ്ടിയോടിച്ചാണു കോടതിയിലേക്കു പോയത്‌! വേറൊരു സാക്ഷിയും എന്നോടൊപ്പം പോന്നു. അതുകൊണ്ട്‌, എന്റെ കാർ കണ്ടുകെട്ടുന്നതിനു മുമ്പ്‌ അദ്ദേഹത്തിന്‌ അതു തിരികെ കൊണ്ടുപോരാൻ സാധിച്ചു.

എട്ടു മണിക്കൂർ നേരത്തെ വിചാരണയ്‌ക്കു ശേഷം, എന്നെ നാടുകടത്താൻ തീരുമാനമായി. എന്നാൽ, നിരോധനം ഏർപ്പെടുത്തിയിരുന്ന സയറിലെ യഹോവയുടെ സാക്ഷികളുടെ സംഘടനയുടെ ആസ്‌തികൾ വിറ്റ്‌ പണമാക്കി മാറ്റാൻ ഗവൺമെന്റ്‌ എന്നെ ചുമതലപ്പെടുത്തിയ കത്തിന്റെ ഒരു കോപ്പി ഞാൻ അവരെ കാണിച്ചു. തന്മൂലം, ബെഥേലിൽ എന്റെ പ്രവർത്തനം തുടരാൻ എനിക്ക്‌ അനുമതി ലഭിച്ചു.

സയറിൽ സമ്മർദപൂരിതമായ നിരോധനത്തിൻ കീഴിൽ നാലു വർഷത്തെ സേവനത്തിനു ശേഷം മാരകമായ ആമാശയ അൾസർ നിമിത്തം എനിക്ക്‌ ആന്തരിക രക്തസ്രാവം ഉണ്ടായി. അതുകൊണ്ട്‌, ചികിത്സാർഥം ഞാൻ ദക്ഷിണാഫ്രിക്കയിലേക്കു പോകാൻ തീരുമാനിച്ചു. അവിടത്തെ ബ്രാഞ്ച്‌ ഓഫീസ്‌ എനിക്കു വേണ്ട പരിചരണം നൽകി, അങ്ങനെ ഞാൻ സുഖം പ്രാപിച്ചു. സയറിൽ സേവനം അനുഷ്‌ഠിച്ച എട്ടു വർഷം തികച്ചും അനുസ്‌മരണീയവും സന്തോഷകരവും ആയിരുന്നു. പിന്നീട്‌, 1989-ൽ ഞങ്ങൾ ദക്ഷിണാഫ്രിക്ക ബ്രാഞ്ചിലേക്കു മാറി. 1998-ൽ ഞങ്ങൾ ജന്മനാടായ കാനഡയിലേക്കു മടങ്ങി. അന്നു മുതൽ ഞങ്ങൾ കാനഡ ബെഥേലിലാണു സേവനം അനുഷ്‌ഠിക്കുന്നത്‌.

സേവനത്തിൽ സന്തുഷ്ടർ

54 വർഷത്തെ മുഴുസമയ സേവനത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ, എന്റെ യൗവന നാളുകൾ യഹോവയുടെ അമൂല്യ സേവനത്തിനായി ചെലവഴിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്‌. പരിശോധനാത്മകമായ നിരവധി സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ആൻ ഒരിക്കലും പരാതിപ്പെട്ടില്ല. മറിച്ച്‌, എല്ലാ പ്രവർത്തനങ്ങൾക്കും അവൾ സമ്പൂർണ പിന്തുണയേകി. യഹോവയെ അറിയാൻ ഞങ്ങൾ ഇരുവരും അനവധി ആളുകളെ സഹായിച്ചിട്ടുണ്ട്‌. അവരിൽ പലരും ഇപ്പോൾ മുഴുസമയ ശുശ്രൂഷകരാണ്‌. അവരുടെ ചില മക്കളും പേരക്കിടാങ്ങൾ പോലും നമ്മുടെ മഹാ ദൈവമായ യഹോവയെ സേവിക്കുന്നതു കാണുന്നത്‌ എത്രയോ സന്തോഷകരമായ സംഗതിയാണ്‌!

യഹോവ ഞങ്ങൾക്കു നൽകിയിരിക്കുന്ന പദവികളോടും അനുഗ്രഹങ്ങളോടും തുലനം ചെയ്യാവുന്ന യാതൊന്നും ഈ ലോകത്തിനു വാഗ്‌ദാനം ചെയ്യാനാവില്ല. ഞങ്ങൾക്കു പല പീഡനങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു എന്നതു ശരിതന്നെ, എന്നാൽ അവയെല്ലാം യഹോവയിലുള്ള ഞങ്ങളുടെ വിശ്വാസത്തെയും ആശ്രയത്തെയും ഊട്ടിയുറപ്പിക്കുകയാണു ചെയ്‌തത്‌. വാസ്‌തവമായും, അവൻ ബലമേകുന്ന ഗോപുരവും സങ്കേതവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും ആണെന്നു തെളിഞ്ഞിരിക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 9 ആ പുസ്‌തകം ആദ്യമായി പ്രസിദ്ധീകരിച്ചതു ജർമനിലാണ്‌. ക്രൊയിറ്റ്‌സ്‌റ്റ്‌സൂഗ്‌ ഗേഗൻ ഡാസ്‌ ക്രിസ്റ്റന്റം (ക്രിസ്‌ത്യാനിത്വത്തിന്‌ എതിരെയുള്ള കുരിശുയുദ്ധം) എന്നായിരുന്നു അതിന്റെ പേര്‌. ഫ്രഞ്ചിലേക്കും പോളിഷിലേക്കും പരിഭാഷപ്പെടുത്തിയ അത്‌ ഇംഗ്ലീഷിൽ ലഭ്യമായിരുന്നില്ല.

[26-ാം പേജിലെ ചിത്രങ്ങൾ]

1947-ൽ ഒരുമിച്ചു പയനിയറിങ്‌ ചെയ്യുന്നു; ഇന്ന്‌ ആനിനോടൊപ്പം

[29-ാം പേജിലെ ചിത്രം]

സയറിൽ ഞങ്ങൾ കണ്ടുമുട്ടിയ ആളുകൾ ബൈബിൾ സത്യം അതിയായി പ്രിയപ്പെടുന്നവരായിരുന്നു