വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപകട മേഖലയിൽ നിന്ന്‌ അകന്നു നിൽക്കുക!

അപകട മേഖലയിൽ നിന്ന്‌ അകന്നു നിൽക്കുക!

അപകട മേഖലയിൽ നിന്ന്‌ അകന്നു നിൽക്കുക!

ആസന്നമായ അഗ്നിപർവത സ്‌ഫോടനങ്ങളെ കുറിച്ചു നിരീക്ഷണങ്ങൾ നടത്തുകയും സൂചനകൾ വിലയിരുത്തി ആളുകൾക്ക്‌ അതു സംബന്ധിച്ചു മുന്നറിയിപ്പു നൽകുകയും ചെയ്യുക എന്നതാണ്‌ അഗ്നിപർവത ശാസ്‌ത്രജ്ഞരുടെ ജോലി. (ഫൂഗെൻ അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ, ആളുകൾ അപകട മേഖലയിലേക്കു കടക്കാതിരിക്കാൻ പൊലീസിന്‌ ശ്രമിക്കേണ്ടിവന്നു.) സമാനമായി, ബൈബിൾ വിദ്യാർഥികൾ ഈ “വ്യവസ്ഥിതിയുടെ സമാപനത്തിന്റെ” അടയാളങ്ങൾ നിരീക്ഷിച്ച്‌ ആസന്നമായിരിക്കുന്ന അപകടത്തെ കുറിച്ചു മറ്റുള്ളവർക്കു മുന്നറിയിപ്പു നൽകുന്നു.—മത്തായി 24:3, NW.

ആസന്നമായിരിക്കുന്ന ഒരു ആഗോള വിപത്തിനെ കുറിച്ചു മുന്നറിയിപ്പു നൽകുന്ന മത്തായി 24-ാം അധ്യായത്തിൽ, അതിനു തൊട്ടു മുമ്പു നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്‌ ഇങ്ങനെ വർണിച്ചിരിക്കുന്നതു നമുക്കു വായിക്കാനാകും: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. . . . കള്ളപ്രവാചകൻമാർ പലരും വന്നു അനേകരെ തെററിക്കും. അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്‌നേഹം തണുത്തുപോകും. . . . രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:7-14.

ഈ പ്രവചനത്തിന്റെ ഇപ്പോഴത്തെ നിവൃത്തിയെ കുറിച്ചു വിവേചിച്ചറിയാൻ നാം വാർത്താ വിശകലന വിദഗ്‌ധർ ആയിരിക്കേണ്ടതില്ല. 1914 മുതൽ പ്രത്യേകിച്ചും നാം അതിന്റെ നിവൃത്തി അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്‌. രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഒട്ടനവധി ആഭ്യന്തര യുദ്ധങ്ങൾക്കും പ്രാദേശിക കലഹങ്ങൾക്കും വംശീയവും മതപരവുമായ പോരാട്ടങ്ങൾക്കും ഈ നൂറ്റാണ്ടു സാക്ഷ്യം വഹിച്ചിരിക്കുന്നു. അത്തരം യുദ്ധങ്ങളുടെയും അതുപോലെ പ്രകൃതി ദുരന്തങ്ങളുടെയും ഫലമായി ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും മനുഷ്യവർഗത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഭൂകമ്പങ്ങൾ അനവധി ആളുകളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. ദുരുദ്ദേശ്യങ്ങളുള്ള മത നേതാക്കന്മാരും അന്ധമായി അവരെ അനുഗമിക്കുന്നവരും അടങ്ങിയ വ്യക്തിപൂജാ പ്രസ്ഥാനങ്ങൾ കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്നു. “അധർമ്മം പെരുകുന്നതു” നിമിത്തം ആളുകൾ സ്‌നേഹം കാണിക്കാൻ വിമുഖത കാട്ടുന്നു; അതേ, അയൽസ്‌നേഹം ഇന്നു നന്നേ വിരളമായിരിക്കുന്നു.

അടയാളത്തിന്റെ മറ്റൊരു സവിശേഷതയായ ലോകവ്യാപക പ്രസംഗവേല ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ മാസികയുടെ പുറംതാളിൽ ശീർഷകത്തിന്റെ ഭാഗമായി, “യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്ന വാക്കുകൾ നിങ്ങൾക്കു കാണാനാകും. 132 ഭാഷകളിലായി 2.2 കോടി പ്രതികൾ വിതരണം ചെയ്യപ്പെടുന്ന വീക്ഷാഗോപുരം മുഴു നിവസിത ഭൂമിയിലും “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രഖ്യാപിക്കുന്നവർ ഉപയോഗിക്കുന്ന ഒരു സുപ്രധാന ഉപകരണമാണ്‌. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവം, ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുകയും ഒരു പറുദീസാ ഭൂമി സ്ഥാപിക്കുകയും ചെയ്യുന്ന തന്റെ സ്വർഗീയ രാജ്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നതും ആ സുവിശേഷത്തിൽ ഉൾപ്പെടുന്നു. വാസ്‌തവത്തിൽ, ദൈവം ഉടനടി നടപടി സ്വീകരിക്കും എന്നതിന്റെ അടയാളം ഇപ്പോൾ സുവ്യക്തമാണ്‌. ഈ വ്യവസ്ഥിതിയിലെ ആളുകളുടെ ജീവൻ അപകടത്തിലാണ്‌ എന്ന്‌ അതു സൂചിപ്പിക്കുന്നു.—2 തിമൊഥെയൊസ്‌ 3:1-5; 2 പത്രൊസ്‌ 3:3, 4; വെളിപ്പാടു 6:1-8 എന്നിവ താരതമ്യം ചെയ്യുക.

യഹോവയുടെ ഭയാനക ദിവസം

ന്യായവിധി നിർവഹണത്തിനുള്ള യഹോവയുടെ സമയം ആഗതമാകുമ്പോൾ എന്തു സംഭവിക്കും? അന്നു സംഭവിക്കാനിരിക്കുന്നതിനെ കുറിച്ച്‌ അവൻ തന്നെ വിശദമായി വർണിക്കുന്നതു ശ്രദ്ധിക്കൂ: “ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.”—യോവേൽ 2:30, 31.

ഏതൊരു അഗ്നിപർവത സ്‌ഫോടനത്തെക്കാളും ഭൂകമ്പത്തെക്കാളും ഭയാനകവും നാശകരവും ആയ ആ ദിവസം ആസന്നമാണ്‌. പ്രവാചകനായ സെഫന്യാവ്‌ എഴുതി: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; . . . സർവ്വഭൂമിയും അവന്റെ തീക്ഷ്‌ണതാഗ്നിക്കു ഇരയായ്‌തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.” “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല.” എങ്കിലും, ഭയജനകമായ ആ ദിവസത്തെ അതിജീവിക്കാൻ ഒരു മാർഗമുണ്ട്‌.—സെഫന്യാവു 1:14-18.

അത്‌ എന്താണെന്നു വ്യക്തമാക്കിക്കൊണ്ടു സെഫന്യാവു പറയുന്നു: “യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! . . . ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” (സെഫന്യാവു 2:2, 3) ‘യഹോവയെ അന്വേഷിക്കുകയും നീതി അന്വേഷിക്കുകയും സൌമ്യത അന്വേഷിക്കുകയും’ ചെയ്‌തുകൊണ്ടു നമുക്കു രക്ഷ പ്രാപിക്കാൻ കഴിയുന്ന ഒരു സ്ഥാനത്ത്‌ ആയിരിക്കാനാകും. എന്നാൽ, ഇന്ന്‌ ആരാണ്‌ യഹോവയെ അന്വേഷിക്കുന്നത്‌?

യഹോവ എന്നു കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌ യഹോവയുടെ സാക്ഷികളും അവരുടെ പ്രസംഗവേലയും ആണെന്നതിൽ സംശയമില്ല. അവരിൽ ഒരാളായിരിക്കാം നിങ്ങൾക്ക്‌ ഈ മാസിക നൽകിയത്‌. നേരായ ജീവിതം നയിക്കുന്ന ധാർമിക നിഷ്‌ഠയുള്ള പൗരന്മാരായാണ്‌ അവർ അറിയപ്പെടുന്നത്‌. “പുതിയ വ്യക്തിത്വം” ധരിക്കാൻ അവർ പരിശ്രമിക്കുന്നു, സൗമ്യത വളർത്തിയെടുക്കുന്നതും അതിൽ പെടുന്നു. (കൊലൊസ്സ്യർ 3:8-10) യഹോവയുടെ ദൃശ്യ സംഘടന, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകൾ മുഖാന്തരം പ്രദാനം ചെയ്യുന്ന പ്രബോധനത്തിന്റെ ഫലമാണ്‌ അതെന്ന്‌ അവർ സമ്മതിക്കുന്നു. തീർച്ചയായും, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ മുഴു “സഹോദരവർഗ്ഗ”ത്തോടുമൊപ്പം നിങ്ങൾക്കും രക്ഷാസ്ഥാനത്ത്‌ ആയിരിക്കാൻ കഴിയും.—1 പത്രൊസ്‌ 5:9.

ഇപ്പോൾ രക്ഷാസ്ഥാനത്ത്‌ ആയിരിക്കുക

യഹോവയെ അന്വേഷിച്ചുകൊണ്ട്‌ രക്ഷാസ്ഥാനത്ത്‌ ആയിരിക്കുന്നതിനു നാം അവന്റെ സ്‌നേഹിതർ ആയിരിക്കേണ്ടതുണ്ട്‌. അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌? ബൈബിൾ അതിന്‌ ഉത്തരം നൽകുന്നു: “ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്‌നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ്‌ 4:4) ദൈവത്തിന്റെ സ്‌നേഹിതർ ആയിരിക്കേണ്ടതിന്‌, അവനോടു മത്സരാത്മക മനോഭാവം പുലർത്തുന്ന ഇന്നത്തെ ദുഷ്ടലോകവുമായി നാം യാതൊരു വൈകാരിക അടുപ്പവും വെച്ചുപുലർത്തരുത്‌.

ബൈബിൾ നമ്മെ ഇങ്ങനെ അനുശാസിക്കുന്നു: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്‌നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:15-17) ഇന്ന്‌ ഭൂരിഭാഗം ആളുകളെയും അനിയന്ത്രിത ലൈംഗികതൃഷ്‌ണ, പണത്തോടുള്ള അത്യാഗ്രഹം, അധികാര ദുർവിനിയോഗം എന്നിങ്ങനെയുള്ള ജഡികാഭിലാഷങ്ങൾ ഭരിക്കുന്നു. എന്നാൽ, യഹോവയുടെ പക്ഷത്തായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരുവൻ അത്തരം അഭിലാഷങ്ങളെ കീഴടക്കേണ്ടത്‌ ആവശ്യമാണ്‌.—കൊലൊസ്സ്യർ 3:5-8.

നിങ്ങൾ ഈ മാസിക ഇടയ്‌ക്കൊക്കെ വായിക്കുകയും ബൈബിൾ പ്രവചനങ്ങൾ സംബന്ധിച്ച്‌ ഇതു നൽകുന്ന വിവരങ്ങളോടു യോജിക്കുകയും ചെയ്യുന്നുണ്ടാകാം. എങ്കിലും, യഹോവയുടെ സാക്ഷികളുമായി സഹവസിക്കുക എന്ന പടി സ്വീകരിക്കാൻ നിങ്ങൾക്കു മടി തോന്നുന്നുണ്ടായിരിക്കാം. എന്നാൽ, സംഭവിക്കാനിരിക്കുന്ന ഒരു വിപത്തിൽ നിന്നു രക്ഷപ്പെടാൻ അതേക്കുറിച്ചുള്ള മുന്നറിയിപ്പു കേട്ടാൽ മാത്രം മതിയോ? ഫൂഗെൻ അഗ്നിപർവത സ്‌ഫോടനത്തോടുള്ള ബന്ധത്തിൽ നമുക്കു മനസ്സിലാക്കാൻ കഴിയുന്നതു പോലെ, മുന്നറിയിപ്പിനു ചേർച്ചയിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്‌. ആ സ്‌ഫോടനത്തെ കുറിച്ച്‌ ഏറ്റവും ആവേശകരമായ വാർത്ത റിപ്പോർട്ടു ചെയ്യുക എന്ന ലക്ഷ്യത്തിൽ അവിടേക്കു ചെന്ന 15 റിപ്പോർട്ടർമാർക്കും ഫോട്ടോഗ്രാഫർമാർക്കും ജീവൻ നഷ്ടപ്പെട്ടുവെന്ന്‌ ഓർക്കുക. മരിച്ച ഒരു ഫോട്ടോഗ്രാഫറുടെ കൈവിരൽ ക്യാമറയുടെ ഷട്ടർ ബട്ടണിൽ പിടിച്ചിരുന്നു. മരണമടഞ്ഞ ഒരു അഗ്നിപർവത ശാസ്‌ത്രജ്ഞൻ മുമ്പൊരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നു: “എന്നെങ്കിലും എനിക്കു മരിക്കേണ്ടി വരുന്നെങ്കിൽ, അത്‌ അഗ്നിപർവത മുഖത്തുവെച്ച്‌ ആയിരിക്കണം.” അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. അവരെല്ലാം തങ്ങളുടെ തൊഴിലും ലക്ഷ്യങ്ങളും സംബന്ധിച്ച്‌ അർപ്പണബോധമുള്ളവർ ആയിരുന്നു. പക്ഷേ, മുന്നറിയിപ്പിനു ചെവി കൊടുക്കാഞ്ഞതു നിമിത്തം അവർക്കു ജീവനൊടുക്കേണ്ടി വന്നു.

ഇന്ന്‌ അനേകരും, ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കാനുള്ള ദൈവത്തിന്റെ തീരുമാനത്തെ കുറിച്ചുള്ള സന്ദേശം കേൾക്കുക മാത്രമല്ല, ഒരളവോളം അതിന്റെ സത്യത തിരിച്ചറിയുകയും ചെയ്യുന്നുണ്ട്‌. ‘ഒരിക്കൽ അതു സംഭവിച്ചേക്കാം, ഏതായാലും ഇപ്പോഴൊന്നും അതു സംഭവിക്കുകയില്ല’ എന്ന്‌ അവർ പറഞ്ഞേക്കാം. ഇപ്പോൾ തങ്ങൾക്കു പ്രധാനമെന്നു തോന്നുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ അവർ സൗകര്യാർഥം, വിദൂര ഭാവിയിൽ വരാനിരിക്കുന്ന ഒന്നായാണ്‌ യഹോവയുടെ ദിവസത്തെ കാണുന്നത്‌.

ബാരൂക്കിന്‌ അത്തരമൊരു പ്രശ്‌നം ഉണ്ടായിരുന്നു. പുരാതന കാലത്തെ ഒരു പ്രവാചകൻ ആയിരുന്ന യിരെമ്യാവിന്റെ സെക്രട്ടറി എന്ന നിലയിൽ, യെരൂശലേമിനു സംഭവിക്കാനിരുന്ന ആസന്നമായ നാശത്തെ കുറിച്ചു ബാരൂക്ക്‌ ഇസ്രായേല്യർക്കു സധൈര്യം മുന്നറിയിപ്പു നൽകി. എങ്കിലും, ഒരു സന്ദർഭത്തിൽ തന്റെ നിയമനത്തോടുള്ള ബന്ധത്തിൽ അവനു മടുപ്പു തോന്നി. അപ്പോൾ യഹോവ അവനെ ഇങ്ങനെ തിരുത്തി: “നീ നിനക്കുവേണ്ടി മഹാ കാര്യങ്ങൾ അന്വേഷിക്കുന്നോ? അവ അന്വേഷിക്കരുത്‌.” സമ്പത്തോ പ്രാമുഖ്യതയോ ഭൗതിക സുരക്ഷിതത്വമോ എന്തുതന്നെ ആയിരുന്നാലും ബാരൂക്ക്‌ ‘തനിക്കായി വലിയ കാര്യങ്ങൾ ആഗ്രഹിക്കരുതായിരുന്നു.’ ഒരു കാര്യത്തിലേ അവൻ താത്‌പര്യമെടുക്കാൻ പാടുള്ളായിരുന്നു—ദൈവത്തിന്റെ പക്ഷത്തു നിലകൊള്ളാൻ ആളുകളെ സഹായിച്ചുകൊണ്ട്‌ ദൈവേഷ്ടം ചെയ്യുന്നതിൽ. തന്നിമിത്തം, അവന്‌ ‘തന്റെ ജീവനെ കൊള്ള പോലെ’ ലഭിക്കുമായിരുന്നു. (യിരെമ്യാവു 45:1-5, ഓശാന ബൈബിൾ) സമാനമായി, ‘നമുക്കായി വലിയ കാര്യങ്ങൾ അന്വേഷിക്കുന്നതിനു’ പകരം നാം യഹോവയെ ആയിരിക്കണം അന്വേഷിക്കേണ്ടത്‌, അതു നമ്മെ രക്ഷയിലേക്കു നയിക്കും.

ഫൂഗെൻ അഗ്നിപർവതത്തിൽ നിന്നു കുത്തിയൊലിച്ച തിളച്ചുമറിയുന്ന ലാവയിൽപ്പെട്ടു മൃതിയടഞ്ഞവരിൽ ഒരു ഡസനിലധികം പോലീസുകാരും സന്നദ്ധ അഗ്നിശമന പ്രവർത്തകരും ഉൾപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവരെ സഹായിക്കാനും രക്ഷിക്കാനും ചെന്നവരാണ്‌ അവർ. ഈ ലോകത്തെ നന്നാക്കാൻ ശ്രമിക്കുന്നതിൽ മുഴുകിയിരിക്കുന്ന സദുദ്ദേശ്യമുള്ള സ്‌ത്രീപുരുഷന്മാരോടു നമുക്ക്‌ അവരെ ഉപമിക്കാം. അവരുടെ ഉദ്ദേശ്യം നല്ലതുതന്നെ, എങ്കിലും “വളവുള്ളതു നേരെ ആക്കുവാൻ വഹിയാ.” (സഭാപ്രസംഗി 1:15) വളഞ്ഞിരിക്കുന്ന ഈ ദുഷ്ടവ്യവസ്ഥിതിയെ നേരെയാക്കാനാവില്ല. ദൈവം പൂർണമായി നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന ഒരു ലോകവ്യവസ്ഥിതിയെ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ട്‌ ഈ “ലോകത്തിന്റെ സ്‌നേഹിതൻ” ആയിരിക്കുന്നതു ബുദ്ധിയാണോ?

അപകടമേഖല വിട്ടുപോന്നശേഷം അതിനോട്‌ അടുക്കാതിരിക്കുക

അപകടത്തിൽ ആയിരിക്കുന്ന ഈ വ്യവസ്ഥിതി വിട്ട്‌ ഓടിയാൽ മാത്രം പോരാ, മുഴു “സഹോദരവർഗ്ഗ”ത്തിന്റെയും സംരക്ഷണാത്മക സഹവാസത്തിൽ തുടരുകയും വേണം. (1 പത്രൊസ്‌ 2:17) മാറ്റിപ്പാർപ്പിച്ച കർഷകരുടെ കാര്യം നമുക്കു മറക്കാതിരിക്കാം. അവർ ഫൂഗെൻ പർവതത്തിന്‌ അടുത്തുള്ള തങ്ങളുടെ വയലുകൾ പരിശോധിക്കാൻ മടങ്ങിപ്പോയി, ഒരുപക്ഷേ മുമ്പത്തെ പോലുള്ള “സാധാരണ” ജീവിതം നയിക്കാനുള്ള വ്യഗ്രതയിൽ ആയിരിക്കാം അവർ അതു ചെയ്‌തത്‌. എന്തായാലും, മടങ്ങിപ്പോകാനുള്ള അവരുടെ തീരുമാനം ജ്ഞാനപൂർവകം ആയിരുന്നില്ല എന്നു നിങ്ങൾ സമ്മതിക്കും. അവർ അപകട മേഖലയിലേക്കു കടന്നു ചെല്ലാൻ ശ്രമിച്ചത്‌ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കില്ല. ആദ്യ തവണ ചെന്നപ്പോൾ അവർ അവിടെ കുറച്ചു സമയം മാത്രമേ ചെലവഴിച്ചിട്ടുണ്ടാകൂ, അന്ന്‌ ഒന്നും സംഭവിക്കാഞ്ഞതുകൊണ്ട്‌ അടുത്ത തവണ അവർ കുറച്ചുകൂടെ സമയം ചെലവഴിച്ചിരിക്കണം, അപ്പോഴും ഒന്നും സംഭവിച്ചില്ല. പിന്നെപ്പിന്നെ, അപകട മേഖലയിലേക്കു കടന്നു ചെന്ന്‌ തങ്ങളുടെ വയലുകളിൽ സമയം ചെലവഴിക്കുന്നത്‌ അവർ ഒരു പതിവാക്കിയിരുന്നിരിക്കണം.

‘ലോകാവസാന’ കാലത്ത്‌ അഥവാ “ഈ വ്യവസ്ഥിതിയുടെ സമാപന’ കാലത്ത്‌ ഉണ്ടായിരിക്കുന്ന സമാനമായ ഒരു സാഹചര്യത്തെ പരാമർശിച്ചുകൊണ്ട്‌ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല [“ഗൗനിച്ചില്ല,” NW]; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.”—മത്തായി 24:3, 38, 39.

തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതിനെ കുറിച്ച്‌ യേശു പരാമർശിച്ചതു ശ്രദ്ധിക്കുക. യഹോവയുടെ ദൃഷ്ടിയിൽ അത്തരം സംഗതികളൊന്നും അതിൽത്തന്നെ തെറ്റല്ല. അപ്പോൾ പിന്നെ തെറ്റ്‌ എന്തായിരുന്നു? നോഹയുടെ കാലത്തുണ്ടായിരുന്ന ജനങ്ങൾ “ഗൗനിച്ചില്ല.” അതായത്‌, തങ്ങളുടെ അനുദിന ജീവിതത്തിലാണ്‌ അവർ മുഴു ശ്രദ്ധയും കേന്ദ്രീകരിച്ചത്‌. അടിയന്തിരതയുടെ സമയത്ത്‌ ഒരുവന്‌ “സാധാരണ” ജീവിതം നയിക്കാനാവില്ല. ഒരിക്കൽ പിന്നിൽവിട്ട്‌ ഓടിപ്പോന്ന, അഥവാ സ്വയം അകറ്റി നിറുത്തിയ നാശയോഗ്യമായ ഈ ലോകത്തിലേക്കു മടങ്ങിപ്പോയി വീണ്ടും അതിനെ ഉപയോഗപ്പെടുത്താനുള്ള പ്രചോദനത്തിനെതിരെ പോരാടേണ്ടത്‌ ആവശ്യമാണ്‌. (1 കൊരിന്ത്യർ 7:31) ആദ്യമൊക്കെ ആരുടെയും ശ്രദ്ധയിൽ പെടാതെ, ആത്മീയ സുരക്ഷാ മേഖലയിൽ നിന്നു പുറത്തുകടക്കാനും യാതൊന്നും സംഭവിക്കാതെ അങ്ങോട്ടു മടങ്ങാനും നിങ്ങൾക്കു സാധിച്ചേക്കാം. എന്നാൽ, അതിന്റെ ഫലമായി ലോകത്തിലേക്കു മടങ്ങിപ്പോകാനും ദീർഘനേരം അവിടെ തങ്ങാനും നിങ്ങൾക്കു ധൈര്യം തോന്നാൻ ഇടയുണ്ട്‌. താമസിയാതെ, ഈ മനോഭാവം നിങ്ങളിൽ അങ്കുരിച്ചേക്കാം: “അന്ത്യം ഏതായാലും ഇന്നു വരുകയില്ല.”

പത്ര റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും കാത്ത്‌ അവിടെ നിന്നിരുന്ന മൂന്നു ടാക്‌സി ഡ്രൈവർമാരെ കുറിച്ചും ചിന്തിക്കുക. അഗ്നിപർവതത്തിൽ നിന്നു കുത്തിയൊലിച്ചെത്തിയ ലാവ അവരെയും വിഴുങ്ങി. ലോകത്തിലേക്കു മടങ്ങാൻ ധൈര്യം കാട്ടുന്നവരെ അനുഗമിക്കാൻ ഇന്നു ചിലർ ഒരുമ്പെട്ടേക്കാം. എന്തുതന്നെ കാരണം ഉണ്ടായിരുന്നാലും, പ്രലോഭനത്തിനു വഴങ്ങി അപകട മേഖലയിലേക്കു മടങ്ങുന്നത്‌ ഒട്ടും ബുദ്ധിയായിരിക്കില്ല.

ഫൂഗെൻ അഗ്നിപർവത സ്‌ഫോടനത്തിൽ അകപ്പെട്ടവരെല്ലാം സുരക്ഷാ പരിധി വകവെക്കാതെ അപകട മേഖലയ്‌ക്ക്‌ ഉള്ളിൽ കടന്നവരായിരുന്നു. ആ പർവതം എപ്പോഴെങ്കിലും പൊട്ടിത്തെറിക്കും എന്ന്‌ അവർക്ക്‌ അറിയാമായിരുന്നെങ്കിലും അന്ന്‌ അതു സംഭവിക്കുമെന്ന്‌ അവരാരും കരുതിയില്ല. ഈ വ്യവസ്ഥിതിയുടെ സമാപനത്തിന്റെ അടയാളങ്ങൾ നിരീക്ഷിക്കുന്ന പലർക്കും യഹോവയുടെ ദിവസം വരുമെന്ന്‌ അറിയാമെങ്കിലും ഉടനെയൊന്നും അതു വരില്ല എന്നാണ്‌ അവർ കരുതുന്നത്‌. ആ ദിവസം ഒരു കാരണവശാലും “ഇന്ന്‌” ആയിരിക്കുകയില്ല എന്നു പോലും ചിലർ വിചാരിക്കുന്നു. അത്തരം മനോഭാവം അത്യന്തം അപകടകരമാണ്‌.

“[യഹോവയുടെ] ദിവസമോ കള്ളനെപ്പോലെ വരും” എന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ മുന്നറിയിപ്പു നൽകി. തന്മൂലം നാം ജാഗരൂകരായി ‘ദൈവദിവസത്തിന്റെ വരവു കാത്ത്‌ അവൻ നമ്മെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടിരിക്കണം.’ (2 പത്രൊസ്‌ 3:10-14) ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തിനു ശേഷം ദൈവരാജ്യത്തിൻ കീഴിൽ ഒരു പറുദീസാ ഭൂമി സ്ഥാപിതമാകും. എന്തൊക്കെ കാരണങ്ങൾ ഉണ്ടായിരുന്നാലും, അപകട മേഖലയിലേക്കു കടന്നുചെല്ലാൻ നമുക്ക്‌ ഒരിക്കലും പ്രലോഭിതർ ആകാതിരിക്കാം. കാരണം, യഹോവയുടെ ദിവസം വരുന്നത്‌ നാം ലോകത്തിലേക്കു തിരികെ കാലെടുത്തുവെക്കുന്ന അന്നായിക്കൂടെന്നില്ലല്ലോ.

അതുകൊണ്ട്‌, യഹോവയുടെ ജനത്തോടൊപ്പം സുരക്ഷാ മേഖലയിൽ പ്രവേശിച്ച്‌ അവരോടൊപ്പം അവിടെത്തന്നെ കഴിയുക.

[7-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ ജനത്തോടൊപ്പം സുരക്ഷാ മേഖലയിൽ പ്രവേശിച്ച്‌ അവരോടൊപ്പം അവിടെത്തന്നെ കഴിയുക

[4-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Iwasa/Sipa Press