‘ക്രിസ്‌തുവിന്റെ മനസ്സ്’ അറിയൽ
‘ക്രിസ്‌തുവിന്റെ മനസ്സ്’ അറിയൽ
“കർത്താവിന്റെ [“യഹോവയുടെ,” NW] മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്‌തുവിന്റെ മനസ്സുള്ളവർ ആകുന്നു.”—1 കൊരിന്ത്യർ 2:16.
1, 2. തന്റെ വചനത്തിൽ യേശുവിനെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നത് ഉചിതമാണെന്ന് യഹോവ കണ്ടു?
യേശു കാഴ്‌ചയ്‌ക്ക് എങ്ങനെയുള്ളവൻ ആയിരുന്നു? അവന്റെ മുടിയുടെ നിറം എന്തായിരുന്നു? തൊലിയുടെയും കണ്ണുകളുടെയും നിറമോ? അവന് എത്ര ഉയരമുണ്ടായിരുന്നു? എത്രമാത്രം തൂക്കമുണ്ടായിരുന്നു? യേശുവിനെ കുറിച്ച്, യാഥാർഥ്യത്തിനു നിരക്കുന്നതും യാഥാർഥ്യത്തിന് ഒട്ടും നിരക്കാത്തതുമായ അനേകം കലാസൃഷ്ടികൾ നൂറ്റാണ്ടുകളിൽ ഉടനീളം ഉണ്ടായിട്ടുണ്ട്. ചിലർ അവനെ പുരുഷത്വവും ഊർജസ്വലതയും ഉള്ളവനായി ചിത്രീകരിച്ചപ്പോൾ മറ്റു ചിലർ അവനെ ഊർജസ്വലത ഇല്ലാത്തവനും ദുർബലനുമായാണു ചിത്രീകരിച്ചത്.
2 എന്നാൽ, ബൈബിൾ യേശുവിന്റെ ബാഹ്യമായ ആകാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പകരം യേശുവിനെ കുറിച്ച് അതിനെക്കാൾ വളരെയേറെ പ്രധാനപ്പെട്ട മറ്റൊന്ന്, അതായത് യേശു ഏതു തരം വ്യക്തി ആണെന്നുള്ള സംഗതി, വെളിപ്പെടുത്തുന്നത് ഉചിതമാണെന്ന് യഹോവ കണ്ടു. യേശുവിന്റെ വാക്കുകളും പ്രവൃത്തികളും മാത്രമല്ല, പിന്നെയോ അവയുടെ പിന്നിലെ ആഴമായ വികാരങ്ങളും ചിന്താരീതിയും സുവിശേഷ വിവരണങ്ങൾ വെളിപ്പെടുത്തുന്നു. അപ്പൊസ്‌തലനായ പൗലൊസ് ‘ക്രിസ്‌തുവിന്റെ മനസ്സ്’ എന്നു വിളിച്ച സംഗതിയിലേക്കു ചുഴിഞ്ഞുനോക്കാൻ ആ നാല് നിശ്വസ്‌ത വിവരണങ്ങൾ നമ്മെ സഹായിക്കുന്നു. (1 കൊരിന്ത്യർ 2:16) നാം യേശുവിന്റെ ചിന്തകളും വികാരങ്ങളും വ്യക്തിത്വവും അടുത്തറിയുന്നതു പ്രധാനമാണ്. എന്തുകൊണ്ട്? കുറഞ്ഞത് രണ്ടു കാരണങ്ങളാൽ.
3. ക്രിസ്‌തുവിന്റെ മനസ്സ് അടുത്തറിയുന്നത് നമുക്ക് എന്ത് ഉൾക്കാഴ്‌ച പ്രദാനം ചെയ്യും?
ലൂക്കൊസ് 10:22) ‘യഹോവ എങ്ങനെയുള്ളവൻ ആണെന്നറിയാൻ എന്നെ നോക്കിയാൽ മതി’ എന്നായിരുന്നു ഫലത്തിൽ യേശു പറഞ്ഞത്. (യോഹന്നാൻ 14:9) അതുകൊണ്ട് യേശുവിന്റെ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് സുവിശേഷങ്ങൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ പഠിക്കുമ്പോൾ നാം ഫലത്തിൽ യഹോവയുടെ ചിന്തകളെയും വികാരങ്ങളെയും കുറിച്ചു തന്നെയാണു പഠിക്കുന്നത്. ദൈവത്തോട് അടുത്തു ചെല്ലാൻ അത്തരം അറിവു നമ്മെ സഹായിക്കുന്നു.—യാക്കോബ് 4:8.
3 ഒന്നാമതായി ക്രിസ്‌തുവിന്റെ മനസ്സ്, യഹോവയാം ദൈവത്തിന്റെ മനസ്സ് എങ്ങനെയുള്ളതാണ് എന്നതിനെ കുറിച്ച് ഒരു ധാരണ നൽകുന്നു. യേശു തന്റെ പിതാവിനെ വളരെ അടുത്ത് അറിഞ്ഞിരുന്നു, അതുകൊണ്ട് ഇങ്ങനെ പറയാൻ അവനു കഴിഞ്ഞു: “പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.” (4. ക്രിസ്‌തുവിനെ പോലെ തന്നെ പ്രവർത്തിക്കുന്നതിന്, നാം ആദ്യം എന്തു പഠിക്കേണ്ടതുണ്ട്, എന്തുകൊണ്ട്?
4 രണ്ടാമതായി, ക്രിസ്‌തുവിന്റെ മനസ്സ് അറിയുന്നത് അവന്റെ “ചുവടുകൾ അടുത്തു പിന്തുടരാൻ” നമ്മെ സഹായിക്കുന്നു. (1 പത്രൊസ് 2:21, NW) യേശുവിനെ പിന്തുടരുന്നതിൽ, കേവലം അവന്റെ വാക്കുകൾ ആവർത്തിക്കുന്നതും പ്രവൃത്തികൾ അനുകരിക്കുന്നതുമല്ല ഉൾപ്പെട്ടിരിക്കുന്നത്. നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നതു ചിന്തകളും വികാരങ്ങളും ആയതിനാൽ, ക്രിസ്‌തുവിന്റെ ചുവടുകൾ പിന്തുടരുന്നതിന് നാം അവന് ഉണ്ടായിരുന്ന അതേ “മാനസികഭാവം” നട്ടുവളർത്തേണ്ടതുണ്ട്. (ഫിലിപ്പിയർ 2:5, NW) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ക്രിസ്‌തുവിനെ പോലെ തന്നെ പ്രവർത്തിക്കണമെങ്കിൽ, അപൂർണ മനുഷ്യർ എന്ന നിലയിൽ നമുക്കു സാധിക്കുന്നതിന്റെ പരമാവധി, അവനെ പോലെ ചിന്തിക്കാനും അവന്റെ വികാരങ്ങൾ പ്രതിഫലിപ്പിക്കാനും നാം ആദ്യം പഠിക്കണം. അതുകൊണ്ട്, സുവിശേഷ എഴുത്തുകാരുടെ സഹായത്താൽ ക്രിസ്‌തുവിന്റെ മനസ്സിലേക്ക് നമുക്കു ചുഴിഞ്ഞുനോക്കാം. യേശുവിന്റെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിച്ച ഘടകങ്ങളായിരിക്കും നാം ആദ്യം പരിചിന്തിക്കുക.
യേശുവിന്റെ മനുഷ്യപൂർവ അസ്‌തിത്വം
5, 6. (എ) സഹകാരികൾക്കു നമ്മുടെ മേൽ എന്തു സ്വാധീനം ഉണ്ടായിരുന്നേക്കാം? (ബി) ദൈവത്തിന്റെ ആദ്യജാത പുത്രൻ ഭൂമിയിൽ വരുന്നതിനു മുമ്പ് സ്വർഗത്തിൽ ഏതു സഹവാസം ആസ്വദിച്ചിരുന്നു, അതിന് അവന്റെ മേൽ എന്തു സ്വാധീനമുണ്ടായിരുന്നു?
5 അടുത്ത സഹകാരികൾക്ക് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും നന്മയ്‌ക്കായോ തിന്മയ്‌ക്കായോ സ്വാധീനിക്കാൻ കഴിയും. * (സദൃശവാക്യങ്ങൾ 13:20) ഭൂമിയിൽ വരുന്നതിനു മുമ്പ് സ്വർഗത്തിൽ യേശുവിന് ഉണ്ടായിരുന്ന സഹവാസത്തെ കുറിച്ചു ചിന്തിക്കുക. യേശുവിന്റെ മനുഷ്യപൂർവ അസ്‌തിത്വത്തെ പരാമർശിച്ചുകൊണ്ട് സുവിശേഷകനായ യോഹന്നാൻ അവനെ ദൈവത്തിന്റെ “വചനം” അഥവാ വക്താവ് എന്നു വിളിക്കുന്നു. യോഹന്നാൻ പറയുന്നു: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം [“ഒരു ദൈവം,” NW] ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.” (യോഹന്നാൻ 1:1, 2) യഹോവയ്‌ക്ക് ആരംഭം ഇല്ലാത്തതിനാൽ, വചനം “ആദിയിൽ” ദൈവത്തോടുകൂടെ ആയിരുന്നു എന്ന പ്രസ്‌താവന ദൈവത്തിന്റെ സൃഷ്ടിക്രിയകളുടെ ആരംഭത്തെ ആയിരിക്കണം നിശ്ചയമായും പരാമർശിക്കുന്നത്. (സങ്കീർത്തനം 90:2) യേശു “സർവ്വസൃഷ്ടിക്കും ആദ്യജാത”നാണ്. ആയതിനാൽ, മറ്റ് ആത്മസൃഷ്ടികളും ഭൗതിക പ്രപഞ്ചവും സൃഷ്ടിക്കപ്പെടുന്നതിനു മുമ്പേ അവൻ അസ്‌തിത്വത്തിലുണ്ടായിരുന്നു.—കൊലൊസ്സ്യർ 1:15; വെളിപ്പാടു 3:14.
6 ചില ശാസ്‌ത്രീയ കണക്കുകൂട്ടലുകൾ അനുസരിച്ച്, പ്രപഞ്ചം ഉണ്ടായിട്ട് കുറഞ്ഞത് 1,200 കോടി വർഷങ്ങളെങ്കിലും ആയി. ആ കണക്കുകൾ ഏറെക്കുറെ ശരിയാണെങ്കിൽ ദൈവത്തിന്റെ ആദ്യജാത പുത്രൻ, ആദാമിന്റെ സൃഷ്ടിക്കു മുമ്പ് കോടാനുകോടി വർഷങ്ങൾ തന്റെ പിതാവുമായി അടുത്ത സഹവാസം ആസ്വദിച്ചിട്ടുണ്ട്. (മീഖാ 5:2 താരതമ്യം ചെയ്യുക.) അങ്ങനെ ഇരുവർക്കും ഇടയിൽ ആഴമായ ഒരു ആർദ്ര ബന്ധം വളർന്നുവന്നു. ഈ ആദ്യജാത പുത്രൻ, ജ്ഞാനത്തിന്റെ വ്യക്തിരൂപം എന്ന നിലയിൽ, തന്റെ മനുഷ്യപൂർവ അസ്‌തിത്വ കാലത്ത് പിൻവരുന്ന പ്രകാരം പറയുന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: “ഞാൻ അവന്റെ അടുക്കൽ ശില്‌പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃശവാക്യങ്ങൾ 8:30) സ്‌നേഹത്തിന്റെ ഉറവായ യഹോവയുമായി എണ്ണമറ്റ വർഷങ്ങൾ അടുത്തു സഹവസിച്ചത് ദൈവപുത്രനിൽ തീർച്ചയായും ആഴമായ സ്വാധീനം ചെലുത്തി! (1 യോഹന്നാൻ 4:8) അങ്ങനെ ഈ പുത്രൻ തന്റെ പിതാവിന്റെ ചിന്തകളും വികാരങ്ങളും വഴികളും മറ്റാരെക്കാളും മെച്ചമായി മനസ്സിലാക്കുകയും അതു പ്രതിഫലിപ്പിക്കുകയും ചെയ്‌തു.—മത്തായി 11:27.
യേശുവിന്റെ ഭൗമിക ജീവിതവും അവനെ സ്വാധീനിച്ച ഘടകങ്ങളും
7. ദൈവത്തിന്റെ ആദ്യജാത പുത്രൻ ഭൂമിയിൽ വരേണ്ടിയിരുന്നതിന്റെ ഒരു കാരണം എന്താണ്?
7 എന്നാൽ ദൈവപുത്രൻ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടിയിരുന്നു. കാരണം, “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ” കഴിയുന്ന ഒരു മഹാപുരോഹിതൻ ആയിത്തീരാൻ തക്കവിധം തന്റെ പുത്രനെ ഒരുക്കാൻ യഹോവ ഉദ്ദേശിച്ചിരുന്നു. (എബ്രായർ 4:15) അതിനു വേണ്ട യോഗ്യതകളിൽ എത്തിച്ചേരുക എന്നതായിരുന്നു ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ വന്നതിന്റെ ഒരു കാരണം. മാംസരക്തങ്ങളോടു കൂടിയ ഒരു മനുഷ്യൻ എന്ന നിലയിൽ ഭൂമിയിൽ വന്ന യേശുവിന്, മുമ്പ് സ്വർഗത്തിൽ ആയിരുന്നപ്പോൾ താൻ നിരീക്ഷിക്കുക മാത്രം ചെയ്‌തിട്ടുള്ള സാഹചര്യങ്ങളെയും സ്വാധീനങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. അവന് മനുഷ്യന്റെ ചിന്തകളും വികാരങ്ങളും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. ചില അവസരങ്ങളിൽ അവനു ക്ഷീണവും ദാഹവും വിശപ്പും അനുഭവപ്പെട്ടു. (മത്തായി 4:2; യോഹന്നാൻ 4:6, 7) അതിലുപരി, അവൻ എല്ലാത്തരം യാതനകളും ദുരിതങ്ങളും സഹിച്ചു. അതിലൂടെ “അനുസരണം പഠിച്ച” അവൻ മഹാപുരോഹിത ധർമം നിർവഹിക്കാൻ പൂർണമായും യോഗ്യനായിത്തീർന്നു.—എബ്രായർ 5:8-10.
8. യേശുവിന്റെ ഭൂമിയിലെ ആദ്യകാല ജീവിതത്തെ കുറിച്ചു നമുക്ക് എന്ത് അറിയാം?
8 യേശുവിന്റെ ഭൗമിക ജീവിതത്തിലെ ആദ്യകാല അനുഭവങ്ങളുടെ കാര്യമോ? അവന്റെ ബാല്യകാലത്തെ കുറിച്ചുള്ള രേഖ വളരെ ഹ്രസ്വമാണ്. മത്തായിയും ലൂക്കൊസും മാത്രമേ അവന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ വിവരിച്ചുള്ളൂ. ഭൂമിയിൽ വരുന്നതിനു മുമ്പ് യേശു സ്വർഗത്തിൽ ജീവിച്ചിരുന്നു എന്ന് സുവിശേഷ എഴുത്തുകാർക്ക് അറിയാമായിരുന്നു. അവൻ എങ്ങനെയുള്ള ഒരു മനുഷ്യൻ ആയിത്തീർന്നു എന്നതിനെ മറ്റെന്തിനെക്കാളുമുപരി സ്വാധീനിച്ചത് അവന്റെ മനുഷ്യപൂർവ അസ്‌തിത്വമായിരുന്നു. എന്നിരുന്നാലും യേശു എല്ലാ അർഥത്തിലും ഒരു മനുഷ്യൻതന്നെ ആയിരുന്നു. പൂർണൻ ആയിരുന്നെങ്കിലും അവൻ ശൈശവവും ബാല്യവും കൗമാരവും പിന്നിട്ട് പ്രായപൂർത്തിയിലേക്കു വളരേണ്ടതുണ്ടായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം അവൻ ജ്ഞാനം സമ്പാദിച്ചുകൊണ്ടേയിരുന്നു. (ലൂക്കൊസ് 2:51, 52) യേശുവിൽ വ്യക്തമായും സ്വാധീനം ചെലുത്തിയ അവന്റെ ബാല്യകാല ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്.
9. (എ) യേശു ഒരു ദരിദ്ര കുടുംബത്തിലാണു ജനിച്ചത് എന്നതിന് എന്തു സൂചനയുണ്ട്? (ബി) ഏതുതരം സാഹചര്യങ്ങളിൽ ആയിരിക്കാം യേശു വളർന്നത്?
9 തെളിവ് അനുസരിച്ച് യേശു ഒരു ദരിദ്ര കുടുംബത്തിലാണു ജനിച്ചത്. അവൻ ജനിച്ച് ഏകദേശം 40 ദിവസം കഴിഞ്ഞപ്പോൾ യോസേഫും മറിയയും ആലയത്തിൽ കൊണ്ടുവന്ന വഴിപാടിൽ നിന്ന് അതു മനസ്സിലാക്കാവുന്നതാണ്. ഹോമയാഗമായി ഒരു ആട്ടിൻകുട്ടിയെയും പാപയാഗമായി ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ കൊണ്ടുവരുന്നതിനു പകരം അവർ “ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ” ആണ് കൊണ്ടുവന്നത്. (ലൂക്കൊസ് 2:24) മോശൈക ന്യായപ്രമാണം അനുസരിച്ച്, അതു ദരിദ്രർക്കു വേണ്ടിയുള്ള ഒരു കരുതലായിരുന്നു. (ലേവ്യപുസ്‌തകം 12:6-8) ആ എളിയ കുടുംബത്തിൽ ക്രമേണ അംഗസംഖ്യ വർധിച്ചു. യേശുവിന്റെ അത്ഭുതകരമായ ജനനത്തിനു ശേഷം യോസേഫിനും മറിയയ്‌ക്കും സ്വാഭാവിക രീതിയിൽ കുറഞ്ഞത് ആറു കുട്ടികൾ എങ്കിലും ജനിച്ചിരിക്കണം. (മത്തായി 13:55, 56) അതുകൊണ്ട് യേശു വളർന്നത് ഒരു വലിയ കുടുംബത്തിൽ, സാധ്യതയനുസരിച്ച് ലളിതമായ സാഹചര്യങ്ങളിൽ ആയിരുന്നു.
10. മറിയയും യോസേഫും ദൈവഭയമുള്ളവർ ആയിരുന്നെന്ന് എന്തു പ്രകടമാക്കുന്നു?
10 യേശുവിനെ നന്നായി പരിപാലിച്ച ദൈവഭയമുള്ള മാതാപിതാക്കളാണ് അവനെ വളർത്തിയത്. അവന്റെ അമ്മയായ മറിയ ഒരു ശ്രദ്ധേയ വനിതയായിരുന്നു. അവളെ അഭിവാദ്യം ചെയ്‌തുകൊണ്ട് ഗബ്രിയേൽ ദൂതൻ എന്താണ് പറഞ്ഞതെന്ന് ഓർമിക്കുക: “കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു.” (ലൂക്കൊസ് 1:28) യോസേഫും ദൈവഭക്തിയുള്ള ഒരു പുരുഷനായിരുന്നു. പെസഹായിൽ സംബന്ധിക്കുന്നതിനു വേണ്ടി അവൻ ഓരോ വർഷവും 150 കിലോമീറ്റർ യാത്രചെയ്‌ത് യെരൂശലേമിൽ പോയിരുന്നു. അതിൽ പങ്കെടുക്കാൻ പുരുഷന്മാർ മാത്രമേ ബാധ്യസ്ഥരായിരുന്നുള്ളൂ. എങ്കിലും മറിയയും പെസഹായ്‌ക്കു പോയിരുന്നു. (പുറപ്പാടു 23:17; ലൂക്കൊസ് 2:41) അത്തരം ഒരു സന്ദർഭത്തിൽ, 12-വയസ്സുകാരനായ യേശുവിനെ കാണാതായിട്ട് വളരെ നേരം അന്വേഷിച്ചു നടന്ന യോസേഫും മറിയയും അവൻ ആലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ മധ്യേ ഇരിക്കുന്നതു കണ്ടു. ഉത്‌കണ്‌ഠാകുലരായ തന്റെ മാതാപിതാക്കളോട് യേശു പറഞ്ഞു: “എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ”? (ലൂക്കൊസ് 2:49) ‘പിതാവ്’—ആ പദം ബാലനായ യേശുവിൽ ഊഷ്‌മളവും ക്രിയാത്മകവുമായ ഒരു വികാരം ഉളവാക്കിയിരിക്കണം. ഒരു സംഗതി, അവന്റെ യഥാർഥ പിതാവ് യഹോവയാണെന്ന് അവനോടു പറയപ്പെട്ടിട്ടുണ്ടാകണം. കൂടാതെ, യോസേഫ് യേശുവിന്റെ നല്ലൊരു വളർത്തു പിതാവ് ആയിരുന്നിരിക്കണം. തന്റെ പ്രിയ പുത്രനെ വളർത്താൻ പരുക്കനും ക്രൂരനുമായ ഒരുവനെ യഹോവ തീർച്ചയായും തിരഞ്ഞെടുക്കുമായിരുന്നില്ല!
11. യേശു ഏതു തൊഴിലാണ് പഠിച്ചത്, ബൈബിൾ കാലങ്ങളിൽ ആ തൊഴിൽ ചെയ്യുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നു?
11 നസറെത്തിൽ ആയിരിക്കെ, സാധ്യതയനുസരിച്ച് മർക്കൊസ് 6:3) ബൈബിൾ കാലങ്ങളിൽ മരപ്പണിക്കാർ വീടുകൾ, ഗൃഹോപകരണങ്ങൾ (മേശ, കസേര, ബഞ്ച് എന്നിവ ഉൾപ്പെടെ), കാർഷികോപകരണങ്ങൾ എന്നിവയുടെയൊക്കെ നിർമാണത്തിൽ ഏർപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജസ്റ്റിൻ മാർട്ടർ ട്രീഫോയുമായുള്ള ചർച്ചയിൽ (ഇംഗ്ലീഷ്) യേശുവിനെ കുറിച്ച് ഇങ്ങനെ എഴുതി: “മനുഷ്യരോടൊപ്പം ആയിരിക്കെ അവൻ കലപ്പയും നുകവും ഉണ്ടാക്കുന്ന ഒരു തച്ചനായി ജോലി ചെയ്‌തു.” അത്തരം ജോലി എളുപ്പമല്ലായിരുന്നു. കാരണം പുരാതന കാലത്ത് മരപ്പണിക്കാരന് സാധ്യതയനുസരിച്ച് തടി വാങ്ങാൻ കഴിയുമായിരുന്നില്ല. അയാൾ പുറത്തു പോയി മരം കണ്ടുപിടിച്ച്, അത് വെട്ടി തടി ചുമന്നു വീട്ടിൽ കൊണ്ടുവരണമായിരുന്നു. അതുകൊണ്ട്, ഉപജീവനമാർഗം കണ്ടെത്തുന്നതിലും ഇടപാടുകൾ നടത്തുന്നതിലും കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഉൾപ്പെട്ടിരിക്കുന്ന വെല്ലുവിളികൾ യേശുവിനു പരിചിതമായിരുന്നിരിക്കണം.
തന്റെ വളർത്തു പിതാവായ യോസേഫിൽനിന്ന്, യേശു മരപ്പണി പഠിച്ചു. “തച്ചൻ” എന്ന് അറിയപ്പെടാൻ ഇടയാകുമാറ് അവൻ ആ ജോലിയിൽ വൈദഗ്‌ധ്യം നേടി. (12. യോസേഫ് യേശുവിന് മുമ്പു മരിച്ചെന്ന് എന്തു സൂചിപ്പിക്കുന്നു, യേശുവിന് അത് എന്ത് ഉത്തരവാദിത്വം കൈവരുത്തിയിരിക്കണം?
12 മൂത്ത മകൻ എന്ന നിലയിൽ യേശു കുടുംബത്തിനു വേണ്ടി കരുതുന്നതിൽ സഹായിച്ചിട്ടുണ്ടാകണം. വിശേഷിച്ചും, യേശുവിനെക്കാൾ മുമ്പ് യോസേഫ് മരിച്ചിരിക്കാൻ ഇടയുള്ളതിനാൽ. * 1900 ജനുവരി 1 ലക്കം സീയോന്റെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “യേശു ചെറുപ്പമായിരിക്കെ യോസേഫ് മരിച്ചെന്നും ആയതിനാൽ യേശു മരപ്പണി ഏറ്റെടുത്ത് കുടുംബത്തെ പോറ്റിയെന്നുമാണ് പാരമ്പര്യം. യേശുവിനെ തച്ചൻ എന്നു വിളിക്കുകയും അവന്റെ അമ്മയെയും സഹോദരങ്ങളെയും കുറിച്ചു പരാമർശിക്കുകയും അതേസമയം യോസേഫിനെ കുറിച്ചു പരാമർശിക്കാതിരിക്കുകയും ചെയ്യുന്ന തിരുവെഴുത്തു സാക്ഷ്യം പ്രസ്‌തുത ആശയത്തെ സ്ഥിരീകരിക്കുന്നതായി തോന്നുന്നു. (മർക്കൊസ് 6:3) . . . അതുകൊണ്ട്, [ലൂക്കൊസ് 2:41-49 രേഖപ്പെടുത്തിയിരിക്കുന്ന] സംഭവം നടന്ന സമയം മുതൽ സ്‌നാപന സമയം വരെയുള്ള ദീർഘമായ പതിനെട്ടു വർഷക്കാലം നമ്മുടെ കർത്താവ് സാധാരണ ജീവിത വൃത്തികളിൽ ഏർപ്പെട്ടിരിക്കാൻ വളരെ സാധ്യതയുണ്ട്.” പ്രിയപ്പെട്ട ഭർത്താവിന്റെ മരണം ഉളവാക്കുന്ന വേദന മറിയയും ഒരു പിതാവിന്റെ മരണം സൃഷ്ടിക്കുന്ന വേദന യേശു ഉൾപ്പെടെയുള്ള അവളുടെ കുട്ടികളും അറിഞ്ഞിട്ടുണ്ടാകണം.
13. തന്റെ ശുശ്രൂഷ ആരംഭിച്ചപ്പോൾ യേശുവിന് മറ്റൊരു മനുഷ്യനും ഉണ്ടായിരുന്നിട്ടില്ലാത്തത്ര ജ്ഞാനവും ഉൾക്കാഴ്‌ചയും ആഴമായ വികാരങ്ങളും ഉണ്ടായിരുന്നത് എന്തുകൊണ്ട്?
13 വ്യക്തമായും, സുഖലോലുപമായ ഒരു ജീവിതം നയിക്കാൻ കഴിയുന്ന ചുറ്റുപാടിലല്ല യേശു പിറന്നുവീണത്, മറിച്ച് സാധാരണക്കാരുടെ ജീവിതം അവൻ നേരിട്ട് അനുഭവിച്ചറിഞ്ഞു. പിന്നീട്, പൊ.യു. 29-ൽ, യേശുവിന് തന്റെ ദിവ്യ നിയമനം സ്വീകരിക്കാനുള്ള സമയമായി. ആ വർഷം ശരത്‌കാലത്ത് യേശു സ്‌നാപനമേൽക്കുകയും ദൈവത്തിന്റെ ആത്മീയ പുത്രനായി ജനിപ്പിക്കപ്പെടുകയും ചെയ്‌തു. അപ്പോൾ ‘സ്വർഗം അവന് തുറക്കപ്പെട്ടു.’ അവന് അതോടെ തന്റെ മനുഷ്യപൂർവ ജീവിതം, അന്നത്തെ ചിന്തകളും വികാരങ്ങളുമെല്ലാം, ഓർമിക്കാൻ കഴിഞ്ഞെന്ന് അത് സൂചിപ്പിക്കുന്നു. (ലൂക്കൊസ് 3:21, 22, NW) അതുകൊണ്ട്, തന്റെ ശുശ്രൂഷ ആരംഭിച്ചപ്പോൾ യേശുവിന് മറ്റൊരു മനുഷ്യനും ഉണ്ടായിരുന്നിട്ടില്ലാത്തത്ര ജ്ഞാനവും ഉൾക്കാഴ്‌ചയും ആഴമായ വികാരങ്ങളും ഉണ്ടായിരുന്നു. സുവിശേഷ എഴുത്തുകാർ തങ്ങളുടെ എഴുത്തിന്റെ സിംഹഭാഗവും യേശുവിന്റെ ശുശ്രൂഷയിലെ സംഭവങ്ങൾക്കായി നീക്കിവെച്ചത് നല്ല കാരണത്തോടെ ആണ്. എന്നിട്ടും, അവൻ പറഞ്ഞതും പ്രവർത്തിച്ചതുമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. (യോഹന്നാൻ 21:25) എന്നാൽ, നിശ്വസ്‌തതയിൽ അവർ രേഖപ്പെടുത്തിയ സംഗതികൾ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യന്റെ മനസ്സിലേക്കു ചുഴിഞ്ഞുനോക്കാൻ നമ്മെ സഹായിക്കുന്നു.
വ്യക്തി എന്ന നിലയിൽ യേശു എങ്ങനെയുള്ളവൻ ആയിരുന്നു?
14. സുവിശേഷങ്ങൾ യേശുവിനെ ആർദ്രമായ ഊഷ്‌മളതയും ആഴമായ വികാരങ്ങളുമുള്ള ഒരുവനായി ചിത്രീകരിക്കുന്നത് എങ്ങനെ?
14 സുവിശേഷങ്ങളിൽ പ്രകടമായിരിക്കുന്ന യേശുവിന്റെ വ്യക്തിത്വം ആർദ്രമായ ഊഷ്‌മളതയും ആഴമായ വികാരങ്ങളുമുള്ള ഒന്നാണ്. ഒരു കുഷ്‌ഠരോഗിയോടു കാണിച്ച മനസ്സലിവ് (മർക്കൊസ് 1:40-42), പ്രതികരണമില്ലാഞ്ഞ ജനത്തെ കുറിച്ചുള്ള ദുഃഖം (ലൂക്കൊസ് 19:41, 42), അത്യാഗ്രഹികളായ പണമിടപാടുകാരോടുള്ള ധാർമിക രോഷം (യോഹന്നാൻ 2:13-17) എന്നിങ്ങനെ നാനാവിധത്തിലുള്ള വൈകാരിക പ്രതികരണങ്ങൾ അവനിൽനിന്ന് ഉണ്ടായി. സമാനുഭാവമുണ്ടായിരുന്ന യേശു കരഞ്ഞ സന്ദർഭങ്ങളുണ്ട്, അവൻ തന്റെ വികാരങ്ങളെ മറ്റുള്ളവരിൽനിന്നു മറച്ചുവെച്ചില്ല. തന്റെ പ്രിയ സുഹൃത്തായ ലാസറിന്റെ മരണത്തെ തുടർന്ന്, അവന്റെ സഹോദരിയായ മറിയ കരഞ്ഞത് യേശുവിനെ ആഴത്തിൽ സ്‌പർശിച്ചതു നിമിത്തം അവനും കരഞ്ഞു, അതും മറ്റുള്ളവരുടെ മുമ്പാകെ.—യോഹന്നാൻ 11:32-36.
15. യേശു മറ്റുള്ളവരെ വീക്ഷിക്കുകയും അവരോട് ഇടപെടുകയും ചെയ്‌ത വിധത്തിൽ അവന്റെ ആർദ്രമായ വികാരങ്ങൾ പ്രകടമായിരുന്നത് എങ്ങനെ?
15 യേശു മറ്റുള്ളവരെ വീക്ഷിക്കുകയും അവരോട് ഇടപെടുകയും ചെയ്‌ത വിധത്തിൽനിന്ന് അവന്റെ ആർദ്ര വികാരങ്ങൾ വിശേഷാൽ പ്രകടമാണ്. അവൻ ദരിദ്രരെയും മർദിതരെയും സമീപിച്ച് ‘അവരുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്താൻ’ സഹായിച്ചു. (മത്തായി 11:4, 5, 28-30) നിശ്ശബ്ദയായി വന്ന് യേശുവിന്റെ വസ്‌ത്രം തൊട്ട രക്തസ്രാവമുള്ള സ്‌ത്രീയുടെയും നിശ്ശബ്ദനായിരിക്കാൻ കൂട്ടാക്കാഞ്ഞ അന്ധയാചകന്റെയും മറ്റും കാര്യത്തിൽ പ്രകടമായതു പോലെ, ദുരിതം അനുഭവിക്കുന്നവരുടെ ആവശ്യങ്ങളോടു പ്രതികരിക്കാൻ കഴിയാത്ത വിധം തിരക്കുള്ളവൻ ആയിരുന്നില്ല യേശു. (മത്തായി 9:20-22; മർക്കൊസ് 10:46-52) യേശു മറ്റുള്ളവരിലെ നന്മ കണ്ടു, അവരെ അഭിനന്ദിച്ചു; എന്നാൽ ആവശ്യമായിരുന്നപ്പോൾ അവൻ അവരെ ശാസിക്കുകയും ചെയ്‌തു. (മത്തായി 16:23; യോഹന്നാൻ 1:47; 8:44) സ്‌ത്രീകൾക്ക് വളരെ കുറച്ച് അവകാശങ്ങൾ മാത്രമുണ്ടായിരുന്ന ഒരു കാലത്ത് ഉചിതമായ മാന്യതയോടും ആദരവോടും കൂടെയാണ് യേശു അവരോട് ഇടപെട്ടത്. (യോഹന്നാൻ 4:9, 27) സ്വന്തം വസ്‌തുവകകൾകൊണ്ട് യേശുവിനെ ശുശ്രൂഷിക്കാൻ പല സ്‌ത്രീകളും മനസ്സൊരുക്കം കാട്ടിയതു മനസ്സിലാക്കാവുന്നതേ ഉള്ളൂ.—ലൂക്കൊസ് 8:3.
16. യേശുവിനു ജീവിതത്തെയും ഭൗതിക വസ്‌തുക്കളെയും കുറിച്ചു സമനിലയോടു കൂടിയ ഒരു വീക്ഷണം ഉണ്ടായിരുന്നെന്ന് എന്തു പ്രകടമാക്കുന്നു?
16 യേശുവിന് ജീവിതത്തെ കുറിച്ചു സമനിലയോടു കൂടിയ ഒരു വീക്ഷണം ഉണ്ടായിരുന്നു. ഭൗതിക വസ്‌തുക്കൾ ആയിരുന്നില്ല അവനു പ്രധാനം. ഭൗതികമായി അവനു വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു. തനിക്കു “തല ചായിപ്പാൻ ഇടം ഇല്ല” എന്ന് അവൻ പറഞ്ഞു. (മത്തായി 8:20) അതേസമയം, യേശു മറ്റുള്ളവരുടെ സന്തോഷം വർധിപ്പിച്ചു. സംഗീതവും പാട്ടും ഉല്ലാസവുമൊക്കെ സർവസാധാരണമായിരുന്ന അക്കാലത്തെ ഒരു വിവാഹവിരുന്നിൽ യേശു സംബന്ധിച്ചത് അവിടത്തെ സന്തോഷം കെടുത്തിക്കളയാൻ ആയിരുന്നില്ലെന്നു വ്യക്തമാണ്. വാസ്‌തവത്തിൽ അവിടെവെച്ചാണ് അവൻ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചത്. വീഞ്ഞു തീർന്നുപോയപ്പോൾ അവൻ വെള്ളത്തെ, “മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന” ഒരു പാനീയമായ ഒന്നാന്തരം വീഞ്ഞാക്കി മാറ്റി. (സങ്കീർത്തനം 104:15; യോഹന്നാൻ 2:1-11) അങ്ങനെ ആഘോഷ പരിപാടികൾ തുടരാൻ കഴിഞ്ഞു, വധൂവരന്മാർ നാണക്കേടിൽനിന്നു രക്ഷപ്പെട്ടു. കൂടാതെ, യേശു തന്റെ ശുശ്രൂഷയിൽ ദീർഘനേരം കഠിനാധ്വാനം ചെയ്‌ത ഒട്ടനവധി അവസരങ്ങളെ കുറിച്ചും ബൈബിൾ പരാമർശിക്കുന്നു. അവന്റെ സമനിലയോടു കൂടിയ വീക്ഷണത്തിന്റെ കൂടുതലായ തെളിവാണത്.—യോഹന്നാൻ 4:34.
17. യേശു ഒരു മികച്ച ഉപദേഷ്ടാവ് ആയിരുന്നതിൽ അതിശയിക്കാനില്ലാത്തത് എന്തുകൊണ്ട്, അവന്റെ പഠിപ്പിക്കലുകളിൽ എന്തു പ്രകടമായിരുന്നു?
17 യേശു ഒരു മികച്ച ഉപദേഷ്‌ടാവ് ആയിരുന്നു. അവന്റെ പഠിപ്പിക്കലുകളിൽ മിക്കവയും തനിക്കു നന്നായി അറിയാവുന്ന അനുദിന ജീവിത യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിച്ചു. (മത്തായി 13:33; ലൂക്കൊസ് 15:8) അവന്റെ പഠിപ്പിക്കൽ രീതി അതുല്യമായിരുന്നു—അത് ഏറ്റവും വ്യക്തവും ലളിതവും പ്രായോഗികവും ആയിരുന്നു. എന്നാൽ കൂടുതൽ പ്രധാനം അവൻ എന്തു പഠിപ്പിച്ചു എന്നതാണ്. യഹോവയുടെ ചിന്തകളും വികാരങ്ങളും വഴികളും തന്റെ ശ്രോതാക്കൾക്കു നന്നായി വ്യക്തമാക്കി കൊടുക്കണമെന്നുള്ള ഹൃദയംഗമമായ ആഗ്രഹം അവന്റെ പഠിപ്പിക്കലുകളിൽ പ്രകടമായിരുന്നു.—യോഹന്നാൻ 17:6-8.
18, 19. (എ) യേശു തന്റെ പിതാവിനെ വാക്കുകളിലൂടെ വരച്ചു കാട്ടുന്നത് എങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതായിരിക്കും?
18 എളുപ്പം മറന്നുപോകാത്ത വിധം, മിക്കപ്പോഴും ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച്, യേശു തന്റെ പിതാവിനെ വാക്കുകളിലൂടെ വരച്ചു കാട്ടി. മടങ്ങിയെത്തിയ തന്റെ പുത്രന്റെ അവസ്ഥ കണ്ട് അങ്ങേയറ്റം മനസ്സലിഞ്ഞ് “ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബി”ക്കുന്ന ഒരു പിതാവിനോട് യഹോവയെ ഉപമിക്കുന്നത്, അവന്റെ കരുണയെ കുറിച്ച് കേവലം സാധാരണ വാക്കുകളിൽ പറയുന്നതിനെക്കാൾ വളരെയേറെ ഹൃദയസ്‌പർശിയായിരുന്നു. (ലൂക്കൊസ് 15:11-24) സാധാരണ ജനങ്ങളെ അവമതിച്ചിരുന്ന മതനേതാക്കന്മാരുടെ കർക്കശ സംസ്‌കാരത്തെ തള്ളിക്കളഞ്ഞ യേശു, ആത്മപ്രശംസകനായ ഒരു പരീശന്റെ, മറ്റുള്ളവരെ കാണിക്കാനുള്ള പ്രാർഥനയെക്കാൾ താഴ്‌മയുള്ള ഒരു ചുങ്കക്കാരന്റെ യാചനകൾ ഇഷ്ടപ്പെടുന്ന, സമീപിക്കാവുന്നവനായ ഒരു ദൈവമാണ് തന്റെ പിതാവ് എന്നു വിശദീകരിച്ചു. (ലൂക്കൊസ് 18:9-14) ഒരു ചെറിയ കുരികിൽപോലും നിലത്തു വീഴുന്നതു അറിയുന്ന, കരുതലുള്ള ഒരു ദൈവമായി യേശു യഹോവയെ ചിത്രീകരിച്ചു. “ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ” എന്ന് പറഞ്ഞുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ ധൈര്യപ്പെടുത്തി. (മത്തായി 10:29, 31) ആളുകൾ യേശുവിന്റെ “ഉപദേശത്തിൽ വിസ്‌മയി”ക്കുകയും അവനിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്‌തതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. (മത്തായി 7:28, 29) എന്തിന്, ഒരു അവസരത്തിൽ ഒരു “വലിയ പുരുഷാരം” ഭക്ഷണം പോലും കഴിക്കാതെ ഏകദേശം മൂന്നു ദിവസം അവനോടൊപ്പം പാർത്തു!—മർക്കൊസ് 8:1, 2.
19 യഹോവ തന്റെ വചനത്തിൽ ക്രിസ്‌തുവിന്റെ മനസ്സ് വെളിപ്പെടുത്തിയിരിക്കുന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം! എന്നാൽ, നമുക്ക് എങ്ങനെയാണ് ക്രിസ്‌തുവിന്റെ മനസ്സ് നട്ടുവളർത്താനും മറ്റുള്ളവരോടുള്ള ഇടപെടലിൽ അതു പ്രകടമാക്കാനും സാധിക്കുന്നത്? അടുത്ത ലേഖനത്തിൽ അതു ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
^ ഖ. 5 സഹവാസത്തിന് ആത്മസൃഷ്ടികളുടെ മേലും സ്വാധീനമുണ്ടെന്ന് വെളിപ്പാടു 12:3, 4 സൂചിപ്പിക്കുന്നു. “നക്ഷത്രങ്ങ”ളെ അഥവാ ആത്മപുത്രന്മാരെ സ്വാധീനിച്ച് തന്റെ മത്സരാത്മക ഗതിയിൽ ചേർക്കാൻ കഴിഞ്ഞ ഒരു “മഹാസർപ്പ”മായി ആ വാക്യം സാത്താനെ ചിത്രീകരിക്കുന്നു.—ഇയ്യോബ് 38:6 താരതമ്യം ചെയ്യുക.
^ ഖ. 12 12 വയസ്സുള്ള യേശുവിനെ ആലയത്തിൽ കണ്ടെത്തിയ സന്ദർഭത്തിലാണ് യോസേഫിനെ കുറിച്ച് അവസാനമായി നേരിട്ടു പരാമർശിച്ചിരിക്കുന്നത്. യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ നടന്ന കാനായിലെ വിവാഹവിരുന്നിൽ യോസേഫ് ഉണ്ടായിരുന്നതായി യാതൊരു സൂചനയുമില്ല. (യോഹന്നാൻ 2:1-3) പൊ.യു. 33-ൽ, ക്രൂശിതനായ യേശു മറിയയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം തന്റെ പ്രിയ അപ്പൊസ്‌തലനായ യോഹന്നാനെ ഏൽപ്പിച്ചു. യോസേഫ് അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സാധ്യതയനുസരിച്ച് യേശു അപ്രകാരം ചെയ്യുമായിരുന്നില്ല.—യോഹന്നാൻ 19:26, 27.
നിങ്ങൾ ഓർമിക്കുന്നുവോ?
• നാം ‘ക്രിസ്‌തുവിന്റെ മനസ്സ്’ അടുത്തറിയുന്നതു പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
• തന്റെ മനുഷ്യപൂർവ അസ്‌തിത്വത്തിൽ യേശു ഏതു സഹവാസം ആസ്വദിച്ചിരുന്നു?
• തന്റെ ഭൗമിക ജീവിത കാലത്ത് യേശു ഏതു സാഹചര്യങ്ങളും സ്വാധീനങ്ങളും നേരിട്ട് അനുഭവിച്ചു?
• സുവിശേഷങ്ങൾ യേശുവിന്റെ വ്യക്തിത്വത്തെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
യേശു വളർന്നുവന്നത് ഒരു വലിയ കുടുംബത്തിൽ, സാധ്യതയനുസരിച്ച് എളിയ ചുറ്റുപാടുകളിൽ ആണ്
[12-ാം പേജിലെ ചിത്രങ്ങൾ]
12 വയസ്സുള്ള യേശുവിന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും യഹൂദ ഉപദേഷ്‌ടാക്കൾ അമ്പരന്നുപോയി