വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബഹുമാനിക്കൽ—ഒരു ക്രിസ്‌തീയ വ്യവസ്ഥ

ബഹുമാനിക്കൽ—ഒരു ക്രിസ്‌തീയ വ്യവസ്ഥ

ബഹുമാനിക്കൽ—ഒരു ക്രിസ്‌തീയ വ്യവസ്ഥ

ആദരണീയനെന്നു തോന്നുന്ന ഒരാൾക്കു പ്രത്യേക ശ്രദ്ധയോ ആദരവോ നൽകുക, ഒരു വ്യക്തിയുടെ ഗുണങ്ങളും നേട്ടങ്ങളും പദവിയും സ്ഥാനവും അധികാരവും തിരിച്ചറിഞ്ഞ്‌ അർഹമായ അംഗീകാരം നൽകുക എന്നിവയെല്ലാമാണ്‌ ബഹുമാനം നൽകുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. മറ്റുള്ളവരെ ബഹുമാനിക്കുക അല്ലെങ്കിൽ ആരോഗ്യാവഹമായ ഭയം പ്രകടമാക്കുക എന്ന ആശയമാണ്‌ ബൈബിൾ എഴുതപ്പെട്ട മൂല ഭാഷകളിലെ ബന്ധപ്പെട്ട പദങ്ങൾക്കും ഉള്ളത്‌. ബഹുമാനം നൽകുക എന്നത്‌ ഒരു ക്രിസ്‌തീയ കടപ്പാടാണെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. എന്നാൽ ആർക്കാണു ബഹുമാനം നൽകേണ്ടത്‌?

യഹോവയെ ബഹുമാനിക്കൽ

സ്രഷ്ടാവ്‌ എന്ന നിലയിൽ, യഹോവയാം ദൈവം ബുദ്ധിശക്തിയുള്ള തന്റെ എല്ലാ സൃഷ്ടികളുടെയും അത്യധികമായ ബഹുമാനത്തിനും ആഴമായ ആദരവിനും അർഹനാണ്‌. (വെളിപ്പാടു 4:11) അവനോടുള്ള വിശ്വസ്‌തമായ അനുസരണത്തിലൂടെ നമുക്കതു പ്രകടമാക്കാവുന്നതാണ്‌. എന്നാൽ, ആ അനുസരണം അവനോടുള്ള സ്‌നേഹത്തിലും നമ്മുടെ പ്രയോജനത്തിനായി അവൻ ചെയ്‌തിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പിലും അധിഷ്‌ഠിതമായിരിക്കണം. (1 യോഹന്നാൻ 5:3) “ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്ന്‌ ഇസ്രായേൽ ജനതയോടു യഹോവ ചോദിച്ചു. ആദരപൂർവം യഹോവയെ ബഹുമാനിക്കുന്നതിൽ അവനെ അപ്രീതിപ്പെടുത്തുന്നതു സംബന്ധിച്ച ആരോഗ്യാവഹമായ ദൈവിക ഭയം പ്രകടമാക്കുന്നതും ഉൾപ്പെടുന്നുവെന്ന്‌ ഇതു സൂചിപ്പിക്കുന്നു.—മലാഖി 1:6.

മഹാപുരോഹിതനായ ഏലിയുടെ പുത്രന്മാരായ ഹൊഫ്‌നിയും ഫീനെഹാസും അത്തരം ദൈവിക ഭയം പ്രകടമാക്കിയില്ല. തങ്ങളുടെ വലിയ യജമാനനായ യഹോവയുടെ നിയമം ലംഘിച്ചുകൊണ്ട്‌, അവന്റെ ആരാധനയ്‌ക്കായി സമാഗമന കൂടാരത്തിൽ അർപ്പിച്ചിരുന്ന യാഗങ്ങളിൽ ഏറ്റവും നല്ലത്‌ അവർ തങ്ങൾക്കായി എടുത്തു. സ്രഷ്ടാവിനു മാത്രം അവകാശപ്പെട്ടതു സ്വന്തമായെടുക്കുന്ന ഒരാൾ തീർച്ചയായും വിശുദ്ധ വസ്‌തുക്കളോടുള്ള അനാദരവാണു പ്രകടമാക്കുന്നത്‌. ഇതു ചെയ്‌ത തന്റെ പുത്രന്മാർക്കെതിരെ ശക്തമായ നടപടികൾ എടുക്കാൻ പരാജയപ്പെട്ടതിലൂടെ ഏലി, യഹോവയെക്കാൾ അധികമായി തന്റെ പുത്രന്മാരെ ബഹുമാനിച്ചു. യഹോവയ്‌ക്ക്‌ അർഹമായ ആദരവു നൽകുന്നതിൽ വരുത്തിയ വീഴ്‌ച ഏലിയുടെ കുടുംബത്തിന്മേൽ അതിദാരുണ ഫലങ്ങൾ ഉളവാക്കി.—1 ശമൂവേൽ 2:12-17, 27-29; 4:11, 18-21.

വിശ്വസ്‌തമായി അനുസരിക്കുന്നതിലൂടെയും ഭയാദരവു പ്രകടമാക്കുന്നതിലൂടെയും യഹോവയാം ദൈവത്തെ ബഹുമാനിക്കുക എന്നു പറയുമ്പോൾ അതിൽ നമ്മുടെ വ്യക്തിപരമായ ആസ്‌തികൾ ഉപയോഗിക്കുന്നതും ഉൾപ്പെടുന്നു. സദൃശവാക്യങ്ങൾ 3:9-ൽ (NW) നാം ഇങ്ങനെ വായിക്കുന്നു: ‘നിന്റെ വിലയേറിയ വസ്‌തുക്കൾക്കൊണ്ട്‌ യഹോവയെ ബഹുമാനിക്കുക.’ ഒരു വ്യക്തിയുടെ സമയം, ഊർജം, ഭൗതിക വിഭവങ്ങൾ എന്നിവയാണ്‌ യഹോവയുടെ ആരാധന ഉന്നമിപ്പിക്കാനായി ഉപയോഗിക്കാൻ കഴിയുന്ന സംഗതികൾ.

ദൈവത്തിന്റെ പ്രതിനിധികളോടുള്ള ബഹുമാനം, അന്നും ഇന്നും

യഹോവയുടെ വക്താക്കളെന്ന നിലയിൽ പ്രവാചകന്മാർ ആദരവിന്‌ അർഹരായിരുന്നു. എന്നാൽ ഇസ്രായേല്യർ ഈ ബഹുമാനം നൽകുന്നതിനു പകരം, അവരെ വാഗ്രൂപേണയും ശാരീരികമായും ദ്രോഹിക്കുകയാണു ചെയ്‌തത്‌. ചിലരെ അവർ കൊല്ലുക പോലും ചെയ്‌തു. യഹോവയുടെ പ്രതിനിധികളോടു അവർ അനാദരവ്‌ കാണിച്ചിരുന്നു. അത്‌ ഏറ്റവുമധികം പ്രകടമായത്‌ അവന്റെ പുത്രനെ അവർ വധിച്ചപ്പോഴായിരുന്നു. യേശു ഇങ്ങനെ പറഞ്ഞിരുന്നു: “പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.” (യോഹന്നാൻ 5:23) അവർ അത്തരം കടുത്ത അനാദരവ്‌ കാണിച്ചതു നിമിത്തം പൊ.യു. 70-ൽ അവിശ്വസ്‌ത യെരൂശലേമിന്റെമേൽ യഹോവ പ്രതികാരം നടത്തി.—മർക്കൊസ്‌ 12:1-9.

ക്രിസ്‌തീയ സഭയിൽ ഉപദേഷ്ടാക്കന്മാരായി സേവിക്കുന്നവർ സഹ വിശ്വാസികളുടെ ആദരവും പിന്തുണയും അർഹിച്ചിരുന്നു. (എബ്രായർ 13:7, 17) ഈ മേൽവിചാരകന്മാർ “ഇരട്ടി മാനത്തിനു യോഗ്യ”രാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതി. സഭയ്‌ക്കുവേണ്ടി അവർ ചെയ്യുന്ന കഠിനാധ്വാനത്തെ പ്രതി അവർക്കു സ്വമേധയാ ഭൗതിക സഹായം നൽകുന്നതുപോലും ഇതിൽ ഉൾപ്പെടുന്നു. (1 തിമൊഥെയൊസ്‌ 5:17, 18) എന്നിരുന്നാലും, എല്ലാ ക്രിസ്‌ത്യാനികളും സഹ വിശ്വാസികളുടെ ആദരവിന്‌ അർഹരായിരുന്നു. പൗലൊസ്‌ കൂടുതലായി ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:10) ഓരോ ക്രിസ്‌ത്യാനിക്കും സഹ വിശ്വാസികളെക്കാൾ മെച്ചമായി സ്വന്തം കുറവുകളെക്കുറിച്ച്‌ അറിയാം. അതുകൊണ്ട്‌, മറ്റുള്ളവരോട്‌ എല്ലായ്‌പോഴും അതിയായ ആദരവും വിലമതിപ്പും പ്രകടമാക്കുകയും അവരെ നമ്മെക്കാൾ ശ്രേഷ്‌ഠരായി കണക്കാക്കുകയും ചെയ്യുന്നതാണ്‌ ഉചിതം.—ഫിലിപ്പിയർ 2:1-4.

കുടുംബാംഗങ്ങൾ പരസ്‌പരം ബഹുമാനിക്കുന്നു

കുടുംബത്തലവനായ ഭർത്താവിനോടു ഭാര്യ ആരോഗ്യാവഹമായ ഭയം അഥവാ ആഴമായ ബഹുമാനം കാണിക്കേണ്ടതാണ്‌. (എഫെസ്യർ 5:33) ദൈവത്തിന്റെ ക്രമീകരണത്തിൽ പുരുഷന്‌ നൽകപ്പെട്ടിരിക്കുന്ന പ്രാമുഖ്യതയോടുള്ള യോജിപ്പിലാണത്‌. സ്‌ത്രീയല്ല പുരുഷനാണ്‌ ആദ്യം സൃഷ്ടിക്കപ്പെട്ടത്‌, അവൻ “ദൈവത്തിന്റെ പ്രതിമയും തേജസ്സും” ആണ്‌. (1 കൊരിന്ത്യർ 11:7-9; 1 തിമൊഥെയൊസ്‌ 2:11-13) ഭർത്താവിനോട്‌ ആഴമായ ബഹുമാനം ഉണ്ടായിരുന്ന ഒരു സ്‌ത്രീയുടെ മികച്ച ഒരു ഉദാഹരണമാണ്‌ സാറ. അവൾ പ്രകടിപ്പിച്ച ആദരവ്‌ ഹൃദയത്തിൽ നിന്നുള്ളതായിരുന്നു. കാരണം, സാറ തന്റെ ഭർത്താവിനെ “യജമാനൻ” എന്നാണ്‌ വിളിച്ചത്‌. മറ്റാളുകൾ കേൾക്കെ മാത്രമല്ല, മറിച്ച്‌, അവളുടെ ‘ഉള്ളിന്റെ ഉള്ളിൽ’ പോലും.—1 പത്രൊസ്‌ 3:1, 2, 5, 6; ഉല്‌പത്തി 18:12, NW.

അതേസമയം, ഭർത്താക്കന്മാരോട്‌ ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിച്ചിരിക്കുന്നു: “അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്‌ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ്‌ 3:7) ക്രിസ്‌തുവിന്റെ കൂട്ടവകാശികൾ എന്ന നിലയിൽ തങ്ങളുടെ ഭാര്യമാർക്കു തങ്ങളോടൊപ്പം തുല്യ സ്ഥാനമുണ്ടെന്നും അവർ പുരുഷന്മാരെക്കാൾ ശക്തി കുറഞ്ഞവർ ആയതിനാൽ അവരോടു ബഹുമാനത്തോടെ പെരുമാറണമെന്നും ഉള്ള വസ്‌തുത ആത്മാഭിഷിക്തരായ ഭർത്താക്കന്മാർ കണക്കിലേടുക്കേണ്ടതുണ്ടായിരുന്നു.—ഗലാത്യർ 3:28.

കുട്ടികളോടുള്ള ബന്ധത്തിൽ മാതാപിതാക്കൾ ദൈവത്തിന്റെ പ്രതിനിധികളാണ്‌. അവർക്ക്‌ അവരെ പരിശീലിപ്പിക്കാനും ശിക്ഷിക്കാനും മാർഗനിർദേശം നൽകാനും ഉള്ള അധികാരമുണ്ട്‌. അതുകൊണ്ട്‌ മാതാപിതാക്കൾ ആദരവിനും ബഹുമാനത്തിനും അർഹരാണ്‌. (എഫെസ്യർ 6:1-3) മാതാപിതാക്കളോട്‌ അനുസരണവും ബഹുമാനവും കാണിക്കേണ്ടത്‌ കുട്ടിക്കാലത്ത്‌ മാത്രമല്ല. ആവശ്യമായി വരുന്നപക്ഷം അവർക്കുവേണ്ടി സ്‌നേഹപുരസ്സരമായി കരുതിക്കൊണ്ട്‌ മുതിർന്ന ശേഷവും നാം അതു ചെയ്യേണ്ടതാണ്‌. ക്രിസ്‌തീയ സഭയിൽ, വൃദ്ധരും സഹായം ആവശ്യമുള്ളവരുമായ തന്റെ മാതാപിതാക്കൾക്കുവേണ്ടി കരുതുകയും ആ വിധത്തിൽ അവരെ ബഹുമാനിക്കുകയും ചെയ്യാത്ത ഒരുവനെ വിശ്വാസമില്ലാത്ത ഒരുവനെക്കാൾ അധമനായി കണക്കാക്കിയിരുന്നു. (1 തിമൊഥെയൊസ്‌ 5:8) അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതിയതനുസരിച്ച്‌, ഭൗതികമായി കരുതാൻ പ്രാപ്‌തരായ മക്കളോ കൊച്ചു മക്കളോ ഉണ്ടായിരുന്ന വിധവമാരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം സഭ ഏറ്റെടുക്കേണ്ടതില്ലായിരുന്നു.—1 തിമൊഥെയൊസ്‌ 5:4.

ഭരണാധികാരികളോടും സഭയ്‌ക്കു പുറത്തുള്ളവരോടുമുള്ള ബഹുമാനം

ഉന്നതാധികാരികൾക്കും ആദരവ്‌ അല്ലെങ്കിൽ ബഹുമാനം നൽകേണ്ടതാണ്‌. ഒരു ക്രിസ്‌ത്യാനി അത്തരം ബഹുമാനം കാണിക്കുന്നത്‌ പ്രീതി നേടാനല്ല, മറിച്ച്‌ അത്‌ ദൈവേഷ്ടം ആയതുകൊണ്ടാണ്‌. വ്യക്തികൾ എന്ന നിലയിൽ അവർ നീതികെട്ടവരായിരിക്കാം. (പ്രവൃത്തികൾ 24:24-27 താരതമ്യം ചെയ്യുക.) എന്നാൽ, അവർ വഹിക്കുന്ന ഉത്തരവാദിത്വ സ്ഥാനത്തോടുള്ള ആദരവു നിമിത്തമാണ്‌ അവർക്കു ബഹുമാനം നൽകുന്നത്‌. (റോമർ 13:1, 2, 7; 1 പത്രൊസ്‌ 2:13, 14) സമാനമായി, തങ്ങളുടെ നിയമിത വേല ആദരവോടെ നിർവഹിക്കുകയും ദൈവനാമത്തിന്മേൽ നിന്ദ വരുത്താതിരിക്കുകയും ചെയ്‌തുകൊണ്ട്‌ അടിമകൾ യജമാനന്മാരെ പൂർണ ബഹുമാനത്തിന്‌ യോഗ്യരായി കണക്കാക്കണമായിരുന്നു.—1 തിമൊഥെയൊസ്‌ 6:1.

ഒരു ക്രിസ്‌ത്യാനിയോടു തന്റെ പ്രത്യാശയ്‌ക്കുള്ള ന്യായം ആരെങ്കിലും ആവശ്യപ്പെട്ടാൽ, “സൌമ്യതയും ഭയഭക്തിയും പൂണ്ടു” അദ്ദേഹം ഉത്തരം നൽകുന്നു. ആളുകൾ അധിക്ഷേപകരമായ ചോദ്യങ്ങൾ ഉന്നയിച്ചേക്കാമെങ്കിലും ഒരു ക്രിസ്‌ത്യാനി അസ്വസ്ഥനാകുകയോ ദേഷ്യപ്പെടുകയോ നീരസപ്പെടുകയോ ചെയ്യാതെ തന്റെ ന്യായങ്ങൾ ശാന്തമായി അവതരിപ്പിക്കും. മനുഷ്യ ഭയത്താൽ വിറയ്‌ക്കുന്നില്ലെങ്കിലും, യഹോവയാം ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്‌തുവിന്റെയും മുമ്പാകെ എന്നപോലെ ക്രിസ്‌ത്യാനികൾ ആഴമായ ആദരവു പ്രകടമാക്കും.—1 പത്രൊസ്‌ 3:14, 15.

ബഹുമാനം കാണിക്കുന്നത്‌ പ്രതിഫലങ്ങൾ കൈവരുത്തുന്നു

ദൈവിക ആദരവ്‌ പ്രകടമാക്കുന്നവരെ യഹോവ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുകയും അനുഗ്രഹവും പ്രതിഫലവും നൽകിക്കൊണ്ട്‌ അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. അവൻ പറയുന്നു: “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും.” (1 ശമൂവേൽ 2:30) ദാവീദ്‌ രാജാവ്‌ യഹോവയെ വിശ്വസ്‌തമായി സേവിക്കുകയും തന്റെ ജീവിതവും ബലവും ഉപയോഗിച്ച്‌ അവനെ യഥാർഥമായി ബഹുമാനിക്കുകയും ചെയ്‌തു. കൂടാതെ, അവൻ തന്റെ വിലയേറിയ വസ്‌തുക്കളും സത്യാരാധനയുടെ ഉന്നമനത്തിനായി ഉപയോഗിച്ചു. ദാവീദിന്റെ വിശ്വസ്‌ത ഗതിയെ യഹോവ ആദരിക്കുകയും അവനുമായി ഒരു രാജ്യ ഉടമ്പടി ചെയ്‌തുകൊണ്ട്‌ അവനു പ്രതിഫലമേകുകയും ചെയ്‌തു.—2 ശമൂവേൽ 7:1-16.

ക്രിസ്‌തീയ സഭയിലെ ദൈവത്തിന്റെ പ്രതിനിധികളെ ആദരിക്കുന്നവർക്കു സ്‌നേഹപുരസ്സരമായ ഇടയവേലയിൽ നിന്നു പ്രയോജനം ലഭിക്കുന്നു. കൂടാതെ, ഈ മേൽവിചാരകന്മാർ തങ്ങളെ സംബന്ധിച്ച്‌ ‘സന്തോഷത്തോടെ’ ‘കണക്കു ബോധിപ്പിക്കു’മെന്ന ഉറപ്പും അവർക്കുണ്ട്‌. (എബ്രായർ 13:17) യഹോവയെ വിശ്വസ്‌തമായി സേവിച്ചിരിക്കുന്ന, ദരിദ്ര വിധവമാർ സഭയിൽ ആദരിക്കപ്പെടുന്നു, ഭൗതിക സഹായം ആവശ്യമായി വരുന്നപക്ഷം അവർക്ക്‌ അത്‌ ലഭിക്കുന്നു. (1 തിമൊഥെയൊസ്‌ 5:3, 9, 10) അന്യോന്യം ബഹുമാനിക്കുന്ന ഭാര്യാഭർത്താക്കന്മാർ സന്തുഷ്ടവും പ്രതിഫലദായകവുമായ വിവാഹജീവിതം ആസ്വദിക്കുകയും ബഹുമാനം കാണിക്കുന്ന കുട്ടികൾ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി നേടുകയും ചെയ്യുന്നു. (ലൂക്കൊസ്‌ 2:51, 52) അധികാരികളോടും എതിരാളികളോടുപോലും ഉള്ള ബഹുമാനം ഒരു ക്രിസ്‌ത്യാനിക്ക്‌ നല്ല മനസ്സാക്ഷി നേടിക്കൊടുക്കുകയും യഹോവയുടെ നാമത്തിനു ബഹുമതി കൈവരുത്തുകയും ചെയ്യുന്നു. എല്ലാറ്റിനുമുപരി, തങ്ങളുടെ മഹാ സ്രഷ്ടാവിന്റെ ഹിതത്തോടും ഉദ്ദേശ്യങ്ങളോടും മനസ്സോടെ ആഴമായ ബഹുമാനം കാണിക്കുന്ന സകലരെയും കാത്തിരിക്കുന്നത്‌ പൂർണമായ അവസ്ഥകളിൽ യഹോവയെ നിത്യം സേവിക്കുക എന്ന പദവിയാണ്‌.