വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുന്നറിയിപ്പിന്‌ ചെവി കൊടുപ്പിൻ!

മുന്നറിയിപ്പിന്‌ ചെവി കൊടുപ്പിൻ!

മുന്നറിയിപ്പിന്‌ ചെവി കൊടുപ്പിൻ!

കാതടപ്പിക്കുന്ന ഒരു ശബ്ദം! 1991 ജൂൺ 3-ന്‌ ആയിരുന്നു സംഭവം. ജപ്പാനിലെ ഫൂഗെൻ പർവതം ഉച്ചത്തിൽ അലറിക്കൊണ്ട്‌ അഗ്നിപർവത വാതകവും ചാരവും തുപ്പിയെറിഞ്ഞു. താഴേക്കു കുത്തിയൊഴുകിയ തിളയ്‌ക്കുന്ന ലാവ 43 പേരുടെ ജീവൻ അപഹരിച്ചു. കഷ്ടിച്ചു രക്ഷപ്പെട്ട പലർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. “വെള്ളം, വെള്ളം,” ചിലർ കേണു. പരിഭ്രാന്തരായ അഗ്നിശമന പ്രവർത്തകരും പോലീസുകാരും ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പരക്കംപാഞ്ഞു.

സ്‌ഫോടനം നടക്കുന്നതിന്‌ ഏകദേശം രണ്ടാഴ്‌ച മുമ്പ്‌ ഫൂഗെൻ കൊടുമുടിയുടെ മുകൾഭാഗത്തു ലാവ ഉറഞ്ഞുകൂടുന്നതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്‌ അധികൃതരും അവിടത്തെ നിവാസികളും അതേക്കുറിച്ചു ജാഗരൂകർ ആയിരുന്നു. ആ പ്രദേശത്തു നിന്ന്‌ ഒഴിഞ്ഞുപോകാൻ ദുരന്തത്തിന്‌ ഒരാഴ്‌ച മുമ്പുതന്നെ അധികൃതർ ആളുകൾക്കു നിർദേശം നൽകാൻ തുടങ്ങി. സ്‌ഫോടനത്തിന്റെ തലേന്ന്‌, നിരോധിത മേഖല സന്ദർശിക്കുന്നതിൽ നിന്ന്‌ പോലീസുകാർ പത്രപ്രവർത്തകരെ വിലക്കിയതുമാണ്‌. എന്നിട്ടും, ആ അഭിശപ്‌ത അപരാഹ്നത്തിൽ അപകട മേഖലയിൽ 43 പേർ ഉണ്ടായിരുന്നു, അവരെയെല്ലാം തീ തിരമാല വിഴുങ്ങി.

എന്തുകൊണ്ടാണ്‌ അവർ അപകട മേഖലയിലേക്കു പോയത്‌ അല്ലെങ്കിൽ അവിടെ തങ്ങാൻ മുതിർന്നത്‌? ഒഴിഞ്ഞുപോന്നിട്ടും തങ്ങളുടെ വസ്‌തുവകകളും വയലുകളും പരിശോധിക്കാൻ മടങ്ങിച്ചെന്ന കർഷകരായിരുന്നു അവരിൽ ചിലർ. അഗ്നിപർവതങ്ങളെ കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യം വർധിപ്പിക്കാനായി അതിനോട്‌ പരമാവധി അടുത്തുചെല്ലാൻ ശ്രമിച്ച ശാസ്‌ത്രജ്ഞന്മാർ ആയിരുന്നു മരിച്ചവരിൽ മൂന്നു പേർ. കൂടാതെ, അഗ്നിപർവതത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച്‌ ഏറ്റവും ആവേശകരമായ വാർത്ത റിപ്പോർട്ടു ചെയ്യാനുള്ള ആഗ്രഹത്താൽ നിരോധന പരിധി വകവെക്കാതെ കടന്നുചെന്ന റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും പത്രപ്രവർത്തകരെ കൊണ്ടുവന്ന മൂന്നു ടാക്‌സി ഡ്രൈവർമാരും ഡ്യൂട്ടിയിൽ ആയിരുന്ന പോലീസുകാരും സന്നദ്ധ അഗ്നിശമന പ്രവർത്തകരും മരിച്ചവരിൽ പെടുന്നു. അപകട മേഖലയിൽ ആയിരുന്നതിന്‌ അവർക്ക്‌ ഓരോരുത്തർക്കും തങ്ങളുടെതായ കാരണങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അതിന്‌ അവർ കനത്ത വില—ജീവൻ തന്നെ—ഒടുക്കേണ്ടിവന്നു.

നിങ്ങൾ ഒരു അപകട മേഖലയിലാണോ?

നമ്മിൽ എല്ലാവരുമൊന്നും ഒരു സജീവ അഗ്നിപർവതത്തിന്റെ അടുത്തല്ലായിരിക്കാം താമസിക്കുന്നത്‌. എന്നുവരികിലും, നാമൊരു ആഗോള വിപത്തിനെ, മുഴു ഗോളവും അപകട മേഖല ആയിരിക്കുന്ന ഒരു വിപത്തിനെ തന്നെ, അഭിമുഖീകരിക്കുകയാണെങ്കിലോ? വിശ്വസനീയമായ പ്രവചനങ്ങളുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഗ്രന്ഥം ലോകവ്യാപകമായ ഒരു ദുരന്തത്തെ കുറിച്ചു പിൻവരുന്ന പ്രകാരം വർണിച്ചുകൊണ്ടു നമുക്കു മുന്നറിയിപ്പു നൽകുന്നു: ‘സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിക്കും.’ (മത്തായി 24:29, 30) “ഭൂമിയിലെ സകലഗോത്രങ്ങ”ളെയും ബാധിക്കുന്ന സാർവത്രിക വ്യാപ്‌തിയുള്ള ആകാശീയ പ്രതിഭാസങ്ങളെ കുറിച്ചാണ്‌ ഇവിടെ വർണിച്ചിരിക്കുന്നത്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മെ ഓരോരുത്തരെയും ബാധിക്കുന്ന ഒരു വിപത്തിനെയാണ്‌ ഈ പ്രവചനം പരാമർശിക്കുന്നത്‌.

ആശ്രയയോഗ്യമായ ആ പ്രവചനഗ്രന്ഥം ബൈബിളാണ്‌. രസകരമെന്നു പറയട്ടെ, മേൽപ്പരാമർശിച്ച തിരുവെഴുത്തിന്റെ സന്ദർഭം ആഗോള വിപത്തിലേക്കു നയിക്കുന്ന സംഭവങ്ങളെ കുറിച്ചു വിശദമായി വർണിക്കുന്നുണ്ട്‌. ഉറഞ്ഞുകൂടിയ ലാവയും അഗ്നിപർവത സ്‌ഫോടനം നടക്കാനിരിക്കുന്നതിന്റെ മറ്റു സൂചനകളും ഷിമാബാരാ പ്രദേശത്തെ ഒരു അപകട മേഖലയായി വേർതിരിക്കുന്നതിനു നഗരാധികൃതർക്കു കാരണങ്ങൾ നൽകിയതു പോലെതന്നെ, ജാഗരൂകർ ആയിരിക്കാനും അതിജീവനത്തിനു വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ബൈബിൾ നമുക്കു കാരണങ്ങൾ നൽകുന്നു. ഫൂഗെൻ അഗ്നിപർവത ദുരന്തത്തിൽ നിന്നു നമുക്ക്‌ ഒരു പാഠം പഠിക്കാനാകും. മാത്രമല്ല, ഭാവിയിൽ സംഭവിക്കാനിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കാനും അതു നമ്മെ സഹായിക്കും.

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

COVER: Yomiuri/Orion Press/Sipa Press

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Yomiuri/Orion Press/Sipa Press