വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സിറിൽ ലൂക്കാറിസ്‌—ബൈബിളിനെ അമൂല്യമായി കണ്ട ഒരു വ്യക്തി

സിറിൽ ലൂക്കാറിസ്‌—ബൈബിളിനെ അമൂല്യമായി കണ്ട ഒരു വ്യക്തി

സിറിൽ ലൂക്കാറിസ്‌—ബൈബിളിനെ അമൂല്യമായി കണ്ട ഒരു വ്യക്തി

1638-ലെ ഒരു വേനൽക്കാല ദിവസം. ഒട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിന്‌ (ഇപ്പോഴത്തെ ഇസ്റ്റാൻബുൾ) അടുത്തുള്ള മാർമറ കടലിൽ മീൻ പിടിച്ചുകൊണ്ടിരുന്ന മുക്കുവന്മാർ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ജഡം കണ്ട്‌ സംഭ്രാന്തരായി. മൃതദേഹം കുറച്ചുകൂടി അടുത്തു നിരീക്ഷിച്ച അവർ ഞെട്ടിപ്പോയി. ഓർത്തഡോക്‌സ്‌ സഭയുടെ തലവൻ ആയിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസിന്റേതായിരുന്നു കഴുത്തു ഞെരിച്ചു കൊന്ന നിലയിൽ കാണപ്പെട്ട ആ ജഡം. അതേ, 17-ാം നൂറ്റാണ്ടിലെ ഒരു പ്രമുഖ മതനേതാവ്‌ ആയിരുന്ന സിറിൽ ലൂക്കാറിസിന്റേത്‌ ദാരുണമായ ഒരു അന്ത്യംതന്നെ ആയിരുന്നു.

ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ സാധാരണ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുക എന്ന തന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ചു കാണാൻ ലൂക്കാറിസ്‌ ജീവിച്ചിരുന്നില്ല. ഓർത്തഡോക്‌സ്‌ സഭ “സുവിശേഷത്തിലെ അടിസ്ഥാന വിശ്വാസങ്ങളി”ലേക്കു മടങ്ങുന്നതു കാണുക എന്ന ലൂക്കാറിസിന്റെ മറ്റൊരു സ്വപ്‌നമാകട്ടെ ഒരുകാലത്തും സാക്ഷാത്‌കരിക്കപ്പെട്ടുമില്ല. ലൂക്കാറിസ്‌ ആരായിരുന്നു? തന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന്‌ എന്തെല്ലാം പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നു?

അറിവിന്റെ അഭാവം അലട്ടുന്നു

1572-ൽ, വെനിസിന്റെ അധീനതയിൽ ആയിരുന്ന ക്രീറ്റിലെ കാൻഡിയയിലാണ്‌ (ഇപ്പോഴത്തെ ഇരാക്ലിയോ) സിറിൽ ലൂക്കാറിസ്‌ ജനിച്ചത്‌. നല്ല പ്രാപ്‌തികൾ ഉണ്ടായിരുന്ന അദ്ദേഹം ഇറ്റലിയിലെ വെനിസിലും പജവയിലുമാണു വിദ്യാഭ്യാസം നേടിയത്‌. തുടർന്ന്‌ അദ്ദേഹം ഇറ്റലിയിലും മറ്റു ചില രാജ്യങ്ങളിലും ഉടനീളം സഞ്ചരിച്ചു. സഭയ്‌ക്കുള്ളിലെ വിഭാഗീയ പോരാട്ടങ്ങളിൽ മടുപ്പു തോന്നിയ അദ്ദേഹം യൂറോപ്പിലെ മതനവീകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഒരുപക്ഷേ അദ്ദേഹം, അന്നു കാൽവിനികവാദം വലിയ സ്വാധീനം ചെലുത്തിയിരുന്ന ജനീവയും സന്ദർശിച്ചിരിക്കാം.

തന്റെ പോളണ്ട്‌ സന്ദർശനത്തിൽ, ഓർത്തഡോക്‌സ്‌ സഭയിലെ പുരോഹിതന്മാരുടെയും അൽമായരുടെയും ആത്മീയസ്ഥിതി തികച്ചും ശോചനീയമാണെന്നു ലൂക്കാറിസ്‌ മനസ്സിലാക്കി. അറിവിന്റെ അഭാവമായിരുന്നു അതിനു കാരണം. അലക്‌സാൻഡ്രിയയിലും കോൺസ്റ്റാന്റിനോപ്പിളിലും ഉള്ള ചില പള്ളികൾ, തിരുവെഴുത്തുകൾ വായിച്ചിരുന്ന അൾത്താരകൾ പോലും നീക്കം ചെയ്‌തിരിക്കുന്നതായി കണ്ട്‌ അദ്ദേഹം ഞെട്ടിപ്പോയി!

1602-ൽ ലൂക്കാറിസ്‌ അലക്‌സാൻഡ്രിയയ്‌ക്കു പോയി. അവിടെവെച്ച്‌ അദ്ദേഹം തന്റെ ബന്ധുവായ മെലിറ്റിയൊസ്‌ പാത്രിയാർക്കീസിന്റെ സിംഹാസനത്തിൽ അവരോധിതനായി. തുടർന്ന്‌ അദ്ദേഹം യൂറോപ്പിലുള്ള നവീകരണ ചിന്താഗതിക്കാരായ ദൈവശാസ്‌ത്രജ്ഞന്മാരുമായി കത്തിടപാടുകൾ നടത്താൻ തുടങ്ങി. അത്തരം ഒരു കത്തിൽ, ഓർത്തഡോക്‌സ്‌ സഭ തെറ്റായ പല ആചാരങ്ങളും പുലർത്തിപ്പോരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു കത്തുകളിൽ അദ്ദേഹം, സഭ അന്ധവിശ്വാസങ്ങളുടെ സ്ഥാനത്ത്‌ ‘സുവിശേഷത്തിലെ അടിസ്ഥാന വിശ്വാസങ്ങൾ’ പിൻപറ്റേണ്ടതിന്റെയും തിരുവെഴുത്തുകളുടെ ആധികാരികതയിൽ ആശ്രയിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറഞ്ഞു.

യേശുവിന്റെയും അപ്പൊസ്‌തലന്മാരുടെയും വാക്കുകൾക്കു കൊടുത്ത അതേ പ്രാധാന്യം സഭാപിതാക്കന്മാരുടെ ആത്മീയ അധികാരത്തിനും കൽപ്പിച്ചിരിക്കുന്നത്‌ ലൂക്കാറിസിനെ ഉത്‌കണ്‌ഠാകുലനാക്കി. “മാനുഷ പാരമ്പര്യങ്ങൾക്ക്‌ തിരുവെഴുത്തുകൾക്കുള്ള അതേ പ്രാധാന്യമുണ്ടെന്ന ചിലരുടെ അഭിപ്രായത്തോട്‌ എനിക്ക്‌ ഒരിക്കലും യോജിക്കാനാവില്ല,” അദ്ദേഹം എഴുതി. (മത്തായി 15:6) ബിംബാരാധന നാശകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പുണ്യവാളന്മാ”രോടു പ്രാർഥിക്കുന്നത്‌ ഏക മധ്യസ്ഥനായ യേശുവിനോടുള്ള നിന്ദയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.—1 തിമൊഥെയൊസ്‌ 2:5.

പാത്രിയാർക്കീസ്‌ സിംഹാസനം വിൽപ്പനയ്‌ക്ക്‌

ലൂക്കാറിസിന്റെ അത്തരം ആശയങ്ങളും റോമൻ കത്തോലിക്കാ സഭയോടുള്ള അദ്ദേഹത്തിന്റെ വെറുപ്പും നിമിത്തം, ജെസ്യൂട്ടുകാരും അതുപോലെതന്നെ, കത്തോലിക്കരുമായി ചങ്ങാത്തം കൂടാൻ ആഗ്രഹിച്ചിരുന്ന ഓർത്തഡോക്‌സ്‌ സഭക്കാരും അദ്ദേഹത്തിന്‌ എതിരെ വിദ്വേഷവും പീഡനവും ഇളക്കിവിട്ടു. എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും, 1620-ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയാർക്കീസായി ലൂക്കാറിസ്‌ തെരഞ്ഞെടുക്കപ്പെട്ടു. അന്ന്‌ ഓർത്തഡോക്‌സ്‌ സഭയുടെ പാത്രിയാർക്കീസ്‌ സ്ഥാനം, ഒട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. പണം നൽകുന്നപക്ഷം ഒട്ടോമൻ ഗവൺമെന്റ്‌ ഒരു പാത്രിയാർക്കീസിനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുമായിരുന്നു.

ലൂക്കാറിസിന്റെ ശത്രുക്കൾ, പ്രത്യേകിച്ചും ജെസ്യൂട്ടുകാരും അതിപ്രബലരും ഭീതിദരുമായ പാപ്പായുടെ കോൺഗ്രിഗേറ്റിയോ ദേ പ്രോപാഗാൻഡാ ഫിദേയും (മതവിശ്വാസ പ്രചാരക സമിതി) അദ്ദേഹത്തിനെതിരെ ഏഷണി പറയുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തുകൊണ്ടിരുന്നു. “തങ്ങളുടെ ലക്ഷ്യപ്രാപ്‌തിക്കായി ജെസ്യൂട്ടുകാർ ചതി, വ്യാജാരോപണം, മുഖസ്‌തുതി, കോഴകൊടുക്കൽ—[ഒട്ടോമാൻ] ഭരണതന്ത്രജ്ഞരെ പ്രീണിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ ആയുധമായിരുന്നു അത്‌—എന്നിങ്ങനെ എല്ലാവിധ കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരുന്നു” എന്ന്‌ ക്‌യിറിലൊസ്‌ ലൂക്കാറിസ്‌ എന്ന ഗ്രന്ഥം കുറിക്കൊള്ളുന്നു. തത്‌ഫലമായി 1622-ൽ, റോഡ്‌സ്‌ ദ്വീപിലേക്കു ലൂക്കാറിസിനെ നാടുകടത്തി. ആമാസിയാ പ്രവിശ്യയിലെ ഗ്രിഗറി 20,000 വെള്ളിനാണയങ്ങൾ നൽകാമെന്ന കരാറിൽ ആ സ്ഥാനം വാങ്ങി. പക്ഷേ, പറഞ്ഞ തുക കൊടുക്കാൻ ഗ്രിഗറിക്കു കഴിഞ്ഞില്ല. തന്മൂലം, ആഡ്രിയനോപോളിലെ ആൻതിമസ്‌ ആ ഓഫീസ്‌ വാങ്ങിയെങ്കിലും പിന്നീട്‌ ആ സ്ഥാനത്തു നിന്നു രാജിവെച്ചൊഴിഞ്ഞു. അതിശയകരമെന്നു പറയട്ടെ, ലൂക്കാറിസ്‌ വീണ്ടും പാത്രിയാർക്കീസിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായി.

ഒരു ബൈബിൾ പരിഭാഷയും ദൈവശാസ്‌ത്ര ലഘുലേഖകളും പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഓർത്തഡോക്‌സ്‌ വൈദികർക്കും അൽമായർക്കും അറിവു പകരുന്നതിന്‌ ഈ അവസരം ഉപയോഗപ്പെടുത്താൻ ലൂക്കാറിസ്‌ ദൃഢനിശ്ചയം ചെയ്‌തു. അതിനായി, ഇംഗ്ലണ്ട്‌ സ്ഥാനപതിയുടെ സംരക്ഷണയിൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക്‌ ഒരു അച്ചടിയന്ത്രം കൊണ്ടുവരുന്നതിന്‌ അദ്ദേഹം ക്രമീകരണങ്ങൾ ചെയ്‌തു. എന്നാൽ, 1627-ൽ അച്ചടി യന്ത്രം എത്തിച്ചേർന്നപ്പോൾ അദ്ദേഹം അതു രാഷ്‌ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന്‌ ലൂക്കാറിസിന്റെ ശത്രുക്കൾ ആരോപണം ഉന്നയിച്ചു. ഒടുവിൽ അതു നശിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്‌തു. അതേത്തുടർന്ന്‌ ലൂക്കാറിസിന്‌ ജനീവയിലുള്ള അച്ചടിയന്ത്രങ്ങളെ ആശ്രയിക്കേണ്ടി വന്നു.

ക്രിസ്‌തീയ തിരുവെഴുത്തുകളുടെ ഒരു പരിഭാഷ

ബൈബിളിനോടുള്ള ലൂക്കാറിസിന്റെ നിസ്സീമമായ ആദരവും അറിവു പകരാനുള്ള അതിന്റെ ശക്തിയിലുള്ള അദ്ദേഹത്തിന്റെ മതിപ്പും, സാമാന്യ ജനങ്ങൾക്ക്‌ അത്‌ ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ ഊട്ടിവളർത്തി. ബൈബിളിന്റെ മൂല ഗ്രീക്കു കയ്യെഴുത്തുപ്രതികളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ സാമാന്യ ജനങ്ങൾക്കു മനസ്സിലാകുന്നതല്ലെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട്‌ ആദ്യംതന്നെ, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ തന്റെ നാളിലെ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്താൻ മാക്‌സിമസ്‌ കാലിപോലിറ്റിസ്‌ എന്ന അഭിജ്ഞനായ ഒരു സന്യാസിയെ ലൂക്കാറിസ്‌ അധികാരപ്പെടുത്തി. 1629-ൽ ആ സന്യാസി പരിഭാഷ ആരംഭിച്ചു. എന്നാൽ, വായനക്കാർക്ക്‌ എത്രതന്നെ ദുർഗ്രഹമായിരുന്നാലും തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുന്നത്‌ അനുചിതമാണെന്ന്‌ ഓർത്തഡോക്‌സ്‌ മതത്തിലെ പലരും കരുതി. അവരെ സന്തോഷിപ്പിക്കുന്നതിനായി ലൂക്കാറിസ്‌ മൂല തിരുവെഴുത്തും ആധുനിക ഭാഷാന്തരവും സമാന്തര കോളങ്ങളിലായി അച്ചടിച്ചു. ചുരുക്കം ചില കുറിപ്പുകളേ അതിനോടു കൂടുതലായി ചേർത്തിരുന്നുള്ളൂ. കയ്യെഴുത്തുപ്രതികൾ കൈമാറി അധിക നാൾ കഴിയുന്നതിനു മുമ്പ്‌ കാലിപോലിറ്റിസ്‌ മരണമടഞ്ഞതിനാൽ ലൂക്കാറിസ്‌ തന്നെയാണ്‌ അതു വായിച്ച്‌ തെറ്റുകൾ തിരുത്തിയത്‌. 1638-ൽ ലൂക്കാറിസ്‌ മരിച്ച്‌ അധികം താമസിയാതെ ആ പരിഭാഷ അച്ചടിക്കപ്പെട്ടു.

ലൂക്കാറിസ്‌ വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും പല ബിഷപ്പുമാരും ആ പരിഭാഷയെ ശക്തമായി അപലപിച്ചു. ദൈവവചനത്തോടു ലൂക്കാറിസിനുണ്ടായിരുന്ന സ്‌നേഹം ആ ബൈബിൾ പരിഭാഷയുടെ ആമുഖത്തിൽ വ്യക്തമായിരുന്നു. ആളുകളുടെ സംസാര ഭാഷയിൽ ലഭ്യമാക്കിയ ആ ബൈബിൾ “സ്വർഗത്തിൽ നിന്നു നമുക്കു ലഭിച്ചിരിക്കുന്ന ഒരു മധുര സന്ദേശമാണ്‌” എന്ന്‌ അദ്ദേഹം എഴുതി. “[ബൈബിളിന്റെ] ഉള്ളടക്കത്തെ കുറിച്ച്‌ അറിയാനും അതുമായി പരിചയത്തിലാകാനും” അദ്ദേഹം ആളുകളെ ഉദ്‌ബോധിപ്പിച്ചു. “വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി” മനസ്സിലാക്കാൻ മറ്റൊരു മാർഗവുമില്ല എന്ന്‌ അഭിപ്രായപ്പെട്ട അദ്ദേഹം, “ദിവ്യവും പവിത്രവുമായ സുവിശേഷത്തിലൂടെ രക്ഷ പ്രാപിക്കുക” എന്ന്‌ ആഹ്വാനം ചെയ്‌തു.—ഫിലിപ്പിയർ 1:9, 10.

ബൈബിൾ പഠനത്തെ വിലക്കുകയും മൂല തിരുവെഴുത്തുകളുടെ പരിഭാഷയെ നിരാകരിക്കുകയും ചെയ്‌തവരെ ലൂക്കാറിസ്‌ ശക്തമായ ഭാഷയിൽ അപലപിച്ചു: “കാര്യങ്ങൾ മനസ്സിലാക്കാതെ വായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത്‌ കാറ്റിനോടു സംസാരിക്കുന്നതിനു തുല്യമാണ്‌.” (1 കൊരിന്ത്യർ 14:7-9 താരതമ്യം ചെയ്യുക.) ആമുഖം അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “ദിവ്യവും വിശുദ്ധവുമായ ഈ സുവിശേഷം സ്വന്തഭാഷയിൽ വായിക്കുമ്പോൾ നിങ്ങൾ അതിന്റെ വായനയിൽ നിന്നു പൂർണ പ്രയോജനം ഉൾക്കൊള്ളുക, . . . സത്‌പ്രവൃത്തിക്കായി ദൈവം നിങ്ങളുടെ പാതയെ പ്രകാശമാനമാക്കട്ടെ.”—സദൃശവാക്യങ്ങൾ 4:18.

ഒരു വിശ്വാസപ്രഖ്യാപനം

ആ ബൈബിൾ പരിഭാഷ നിർവഹിക്കുന്നതിനു മുൻകൈ എടുത്തശേഷം ലൂക്കാറിസ്‌ ധീരമായ മറ്റൊരു പടി കൂടി സ്വീകരിച്ചു. 1629-ൽ ജനീവയിൽ വെച്ച്‌ അദ്ദേഹം ഒരു വിശ്വാസപ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ഓർത്തഡോക്‌സ്‌ സഭ അംഗീകരിക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷിച്ച, വിശ്വാസത്തിന്റെ വ്യക്തിപരമായ ഒരു പ്രസ്‌താവന ആയിരുന്നു അത്‌. ഓർത്തഡോക്‌സ്‌ സഭ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നതനുസരിച്ച്‌, ആ വിശ്വാസപ്രഖ്യാപനം “പൗരോഹിത്യവും വിശുദ്ധ ആചാരക്രമങ്ങളും സംബന്ധിച്ച ഓർത്തഡോക്‌സ്‌ ഉപദേശങ്ങൾ പൊള്ളയാണെന്നു പറയുകയും ബിംബാരാധനയും പുണ്യവാളന്മാരോടുള്ള പ്രാർഥനയും വിഗ്രഹാരാധനയാണെന്നു തുറന്നുകാട്ടുകയും ചെയ്യുന്നു.”

പ്രഖ്യാപനത്തിൽ 18 പ്രമാണങ്ങൾ ഉണ്ട്‌. തിരുവെഴുത്തുകൾ ദൈവനിശ്വസ്‌തമാണെന്നും അവയുടെ ആധികാരികതയ്‌ക്കു സഭയുടെ ആധികാരികതയെക്കാൾ സ്ഥാനമുണ്ടെന്നും രണ്ടാമത്തെ പ്രമാണം പ്രസ്‌താവിക്കുന്നു. അത്‌ ഇങ്ങനെ പറയുന്നു: “വിശുദ്ധ തിരുവെഴുത്തുകൾ ദൈവദത്തമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു . . . വിശുദ്ധ തിരുവെഴുത്തുകൾക്കു സഭയുടെ അധികാരത്തെക്കാൾ ഉയർന്ന സ്ഥാനമുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. മനുഷ്യരാൽ പഠിപ്പിക്കപ്പെടുന്നതിനെക്കാൾ അത്യധികം ശ്രേഷ്‌ഠമാണു പരിശുദ്ധാരൂപിയാൽ പഠിപ്പിക്കപ്പെടുന്നത്‌.”—2 തിമൊഥെയൊസ്‌ 3:16.

മധ്യസ്ഥനും മഹാപുരോഹിതനും സഭയുടെ ശിരസ്സും യേശുക്രിസ്‌തു മാത്രമാണ്‌ എന്ന്‌ എട്ടാമത്തെയും പത്താമത്തെയും പ്രമാണങ്ങൾ തറപ്പിച്ചുപറയുന്നു. ലൂക്കാറിസ്‌ ഇങ്ങനെ എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്‌തു ദൈവത്തിന്റെ വലത്തു ഭാഗത്ത്‌ ഇരിക്കുകയാണെന്നും നമുക്കുവേണ്ടി അവിടുന്ന്‌ യാചന കഴിക്കുകയാണെന്നും വിശ്വസ്‌തനും നീതിനിഷ്‌ഠനും ആയ മഹാപുരോഹിതൻ, മധ്യസ്ഥൻ എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുന്നത്‌ അവൻ മാത്രമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.”—മത്തായി 23:10.

തെറ്റിനെ ശരിയെന്നു കണക്കാക്കിക്കൊണ്ടു സഭ വഴിതെറ്റിപ്പോയേക്കാം, എന്നാൽ, വിശ്വസ്‌ത ശുശ്രൂഷകരുടെ അധ്വാനത്തിലൂടെ പരിശുദ്ധാത്മാവിന്റെ പ്രകാശം അതിനെ രക്ഷിച്ചേക്കും എന്ന്‌ 12-ാമത്തെ പ്രമാണം പ്രഖ്യാപിക്കുന്നു. ശുദ്ധീകരണസ്ഥലം കേവലം ഒരു സങ്കൽപ്പമാണെന്ന്‌ 18-ാം പ്രമാണത്തിൽ ലൂക്കാറിസ്‌ പ്രസ്‌താവിക്കുന്നു: “ശുദ്ധീകരണസ്ഥലത്തെ കുറിച്ചുള്ള സാങ്കൽപ്പിക കഥ അംഗീകരിക്കാവുന്നതല്ല.”

വിശ്വാസപ്രഖ്യാപനത്തിന്റെ അനുബന്ധത്തിൽ നിരവധി ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും അടങ്ങിയിട്ടുണ്ട്‌. ഓരോ വിശ്വാസിയും തിരുവെഴുത്തുകൾ അനുദിനം വായിക്കണമെന്നും ദൈവവചനം വായിക്കാതിരിക്കുന്നത്‌ ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്നും ലൂക്കാറിസ്‌ അനുബന്ധത്തിൽ ഊന്നിപ്പറഞ്ഞു. ഉത്തര കാനോനിക ഗ്രന്ഥങ്ങൾ നിരാകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.—വെളിപ്പാടു 22:18, 19.

അനുബന്ധത്തിലെ നാലാം ചോദ്യം ഇതാണ്‌: “വിഗ്രഹങ്ങളെ നാം എങ്ങനെ വീക്ഷിക്കണം?” ലൂക്കാറിസ്‌ ഇങ്ങനെ ഉത്തരം നൽകുന്നു: ‘ദിവ്യവും പവിത്രവുമായ തിരുവെഴുത്തുകൾ നമ്മെ അതേക്കുറിച്ചു പഠിപ്പിക്കുന്നുണ്ട്‌. അത്‌ ഇങ്ങനെ വ്യക്തമാക്കുന്നു: ‘ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്‌കരിക്കരുത്‌.’ [പുറപ്പാടു 20:4, 5] നാം സൃഷ്ടിയെ അല്ല മറിച്ച്‌, സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ, അവനെ മാത്രമേ പൂജിക്കാവൂ. . . . [വിഗ്രഹങ്ങളെ] ആരാധിക്കുന്നതും പൂജിക്കുന്നതും വിശുദ്ധ തിരുവെഴുത്തുകൾ വിലക്കുന്നതിനാൽ . . . നാം അതിനെ നിരാകരിക്കുന്നു. അല്ലാത്തപക്ഷം, സ്രഷ്ടാവും നിർമിതാവുമായവനെ ആരാധിക്കുന്നതിനു പകരം നാം വർണങ്ങളെയും കലാസൃഷ്ടിയെയും ജന്തുക്കളെയുമൊക്കെ ആരാധിക്കുന്നുവെന്നു വന്നേക്കാം.”—പ്രവൃത്തികൾ 17:29.

താൻ ജീവിച്ചിരുന്ന ആത്മീയ അന്ധകാര യുഗത്തിൽ തെറ്റുകൾ പൂർണമായി വിവേചിച്ചറിയാൻ ലൂക്കാറിസിനു കഴിഞ്ഞിരുന്നില്ലെങ്കിലും, * ബൈബിളിനെ സഭോപദേശങ്ങളുടെ ആധികാരിക ഉറവിടമായി കണക്കാക്കാനും അതിലെ പഠിപ്പിക്കലുകളെ കുറിച്ച്‌ ആളുകളെ ബോധവാന്മാർ ആക്കാനും അദ്ദേഹം പ്രശംസാർഹമായ ശ്രമങ്ങൾ നടത്തി.

വിശ്വാസപ്രഖ്യാപനം പ്രസിദ്ധീകരിച്ചതോടെ ലൂക്കാറിസിന്‌ എതിർപ്പിന്റെ പുതിയ അലകളെ നേരിടേണ്ടി വന്നു. 1633-ൽ, ബെരിയ (ഇപ്പോഴത്തെ അലെപ്പോ) നഗരാധിപനും ലൂക്കാറിസിനോടു വ്യക്തിപരമായി ശത്രുത വെച്ചുപുലർത്തിയ ആളുമായിരുന്ന സിറിൽ കോൻടാറി, ജെസ്യൂട്ടുകാരുടെ പിന്തുണയോടെ പാത്രിയാർക്കീസ്‌ സ്ഥാനത്തിനായി ഒട്ടോമൻകാരോടു വിലപേശാൻ തുടങ്ങി. എന്നിരുന്നാലും, പണം നൽകാൻ കോൻടാറിക്കു കഴിയാതെ വന്നതിനാൽ ആ പദ്ധതി പൊളിഞ്ഞു. ലൂക്കാറിസ്‌ വീണ്ടും ആ സ്ഥാനത്തു തുടർന്നു. പിറ്റേ വർഷം തെസ്സലൊനീക്യയിലെ അത്തനേഷ്യസ്‌, പാത്രിയാർക്കീസ്‌ സ്ഥാനത്തിനായി ഏകദേശം 60,000 വെള്ളിനാണയങ്ങൾ നൽകി. വീണ്ടും ലൂക്കാറിസ്‌ സ്ഥാനഭ്രഷ്ടനായി. എങ്കിലും, ഒരു മാസത്തിനകം അദ്ദേഹത്തിന്‌ ആ സ്ഥാനം തിരികെ ലഭിച്ചു. അതിനോടകം സിറിൽ കോൻടാറി 50,000 വെള്ളിനാണയങ്ങൾ സ്വരുക്കൂട്ടിയിരുന്നു. ഇത്തവണ ലൂക്കാറിസിനെ റോഡ്‌സ്‌ ദ്വീപിലേക്കു നാടുകടത്തി. എന്നാൽ, ആറു മാസത്തിനു ശേഷം സുഹൃത്തുക്കളുടെ സഹായത്താൽ അദ്ദേഹം വീണ്ടും പാത്രിയാർക്കീസ്‌ സ്ഥാനത്ത്‌ അവരോധിതനായി.

എന്നിരുന്നാലും, ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ ലൂക്കാറിസ്‌ ഉപജാപ പ്രവർത്തനങ്ങൾ നടത്തുന്നതായി 1638-ൽ ജെസ്യൂട്ടുകാരും ഓർത്തഡോക്‌സുകാരും ചേർന്ന്‌ അദ്ദേഹത്തിനെതിരെ കുറ്റമാരോപിച്ചു. ഇത്തവണ ഒട്ടോമൻ സാമ്രാജ്യത്തിന്റെ സുൽത്താൻ അദ്ദേഹത്തിന്‌ വധശിക്ഷ വിധിച്ചു. 1638 ജൂലൈ 27-നു ലൂക്കാറിസിനെ അറസ്റ്റു ചെയ്‌ത്‌ നാടുകടത്താൻ എന്ന വ്യാജേന ഒരു ചെറിയ വള്ളത്തിൽ കയറ്റി കൊണ്ടുപോയി. കടലിൽ എത്തിയ ഉടനെ ലൂക്കാറിസിനെ കഴുത്തുഞെരിച്ചു കൊന്നു. തീരത്തോടു ചേർന്ന്‌ അദ്ദേഹത്തിന്റെ മൃതദേഹം മറവുചെയ്‌തെങ്കിലും പിന്നീടതു പുറത്തെടുത്ത്‌ കടലിലെറിഞ്ഞു. മുക്കുവന്മാർ അതു കണ്ടെത്തി, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മൃതദേഹം വീണ്ടും സംസ്‌കരിച്ചു.

നമുക്കുള്ള പാഠം

“പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ആത്മീയ അന്ധകാരത്തിന്റെ കുണ്ടിൽ ആണ്ടുപോയിരുന്ന വൈദികന്മാരെയും അൽമായരെയും പ്രബുദ്ധരാക്കുകയും അവരുടെ അറിവു വർധിപ്പിക്കുകയും ചെയ്യുകയായിരുന്നു [ലൂക്കാറിസിന്റെ] പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്‌ എന്ന കാര്യം അവഗണിച്ചുകൂടാ” എന്ന്‌ ഒരു പണ്ഡിതൻ പ്രസ്‌താവിക്കുന്നു. നിരവധി സംഗതികൾ ലൂക്കാറിസിന്റെ ഉദ്ദേശ്യ സാക്ഷാത്‌കാരത്തിനു പ്രതിബന്ധം സൃഷ്ടിച്ചു. അഞ്ചു തവണ അദ്ദേഹം പാത്രിയാർക്കീസ്‌ സിംഹാസനത്തിൽ നിന്നു നീക്കം ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹം മരിച്ച്‌ മുപ്പത്തിനാലു വർഷം കഴിഞ്ഞപ്പോൾ യെരൂശലേമിലെ ഒരു സുന്നഹദോസ്‌ അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ മതനിന്ദാപരമെന്നു മുദ്രകുത്തി പുറന്തള്ളി. തിരുവെഴുത്തുകൾ “എല്ലാവരുമൊന്നും വായിച്ചുകൂടാ. മറിച്ച്‌, ഉചിതമായ ഗവേഷണത്തിനു ശേഷം ആത്മാവിന്റെ ആഴമേറിയ കാര്യങ്ങളിലേക്കു ചുഴിഞ്ഞു നോക്കുന്നവർ”—അതായത്‌, വിദ്യാസമ്പന്നരെന്ന്‌ അവകാശപ്പെടുന്ന വൈദികവർഗം—“മാത്രമേ അതു വായിക്കാവൂ” എന്ന്‌ അവർ പ്രഖ്യാപിച്ചു.

അങ്ങനെ, ഒരിക്കൽക്കൂടെ തങ്ങളുടെ ആട്ടിൻപറ്റത്തിനു ദൈവവചനം ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പുരോഹിതവൃന്ദം അടിച്ചമർത്തി. ബൈബിളിനു ചേർച്ചയിലല്ലാത്ത തങ്ങളുടെ വ്യാജ പഠിപ്പിക്കലുകൾക്കെതിരെ ശബ്ദമുയർത്തിയ ഒരു വ്യക്തിയെയാണ്‌ അവർ അടിച്ചമർത്തിയത്‌. അങ്ങനെ, മതസ്വാതന്ത്ര്യത്തിന്റെയും സത്യത്തിന്റെയും കൊടിയ ശത്രുക്കളുടെ ഗണത്തിൽ തങ്ങളും ഉൾപ്പെടുന്നതായി അവർ തെളിയിച്ചു. ദുഃഖകരമെന്നു പറയട്ടെ, അവരുടെ അതേ മനോഭാവം നമ്മുടെ നാളുകളിലും പല വിധങ്ങളിൽ ദൃശ്യമാണ്‌. വൈദിക പ്രചോദിതമായ ഗൂഢപദ്ധതികൾ ചിന്താസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങൾ എത്രത്തോളം മാരകമായിരുന്നേക്കാം എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഒരു ഉദാഹരണമാണ്‌ ലൂക്കാറിസിന്റെ അനുഭവം.

[അടിക്കുറിപ്പുകൾ]

^ ഖ. 24 ത്രിത്വം, മുൻനിശ്ചയം, ആത്മാവിന്റെ അമർത്യത തുടങ്ങിയ ഉപദേശങ്ങളെ വിശ്വാസപ്രഖ്യാപനത്തിൽ ലൂക്കാറിസ്‌ പിന്താങ്ങുന്നുണ്ട്‌. അവയെല്ലാം ബൈബിൾവിരുദ്ധ പഠിപ്പിക്കലുകളാണ്‌.

[29-ാം പേജിലെ ആകർഷക വാക്യം]

ബൈബിളിനെ സഭോപദേശങ്ങളുടെ ആധികാരിക ഉറവിടമായി കണക്കാക്കാനും അതിലെ പഠിപ്പിക്കലുകളെ കുറിച്ച്‌ ആളുകളെ ബോധവാന്മാരാക്കാനും ലൂക്കാറിസ്‌ പ്രശംസാർഹമായ ശ്രമങ്ങൾ നടത്തി.

[28-ാം പേജിലെ ചതുരം/ചിത്രം]

ലൂക്കാറിസും അലക്‌സാൻഡ്രിനസ്‌ കോഡക്‌സും

ബ്രിട്ടീഷ്‌ ലൈബ്രറിയുടെ അമൂല്യ ശേഖരങ്ങളിൽ ഒന്നാണ്‌ പൊ.യു. അഞ്ചാം നൂറ്റാണ്ടിലെ ഒരു ബൈബിൾ കയ്യെഴുത്തു പ്രതിയായ അലക്‌സാൻഡ്രിനസ്‌ കോഡക്‌സ്‌. സാധ്യതയനുസരിച്ച്‌, 820 താളുകൾ ഉണ്ടായിരുന്ന അതിന്റെ 773 താളുകൾ ഇന്നോളം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഈജിപ്‌തിലെ അലക്‌സാൻഡ്രിയയുടെ പാത്രിയാർക്കീസ്‌ ആയിരുന്നപ്പോൾ ലൂക്കാറിസിന്റെ പക്കൽ നിരവധി പുസ്‌തകങ്ങൾ ഉണ്ടായിരുന്നു. കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയാർക്കീസ്‌ ആയപ്പോൾ അദ്ദേഹം അലക്‌സാൻഡ്രിനസ്‌ കോഡക്‌സ്‌ തന്നോടൊപ്പം കൊണ്ടുപോന്നു. 1624-ൽ അദ്ദേഹം അത്‌ ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ്‌ ഒന്നാമന്‌ ഒരു സമ്മാനമായി തുർക്കിയിലെ ബ്രിട്ടീഷ്‌ സ്ഥാനപതിയുടെ കൈവശം കൊടുത്തയച്ചു. മൂന്നു വർഷത്തിനുശേഷം അദ്ദേഹം അതു തന്റെ പിൻഗാമിയായ ചാൾസ്‌ ഒന്നാമനു കൈമാറി.

1757-ൽ രാജാവിന്റെ റോയൽ ലൈബ്രറി, ബ്രിട്ടീഷ്‌ ജനതയ്‌ക്കു നൽകപ്പെട്ടു. അങ്ങനെ, ഈ ഉത്‌കൃഷ്ട കോഡക്‌സ്‌ ഇപ്പോൾ പുതിയ ബ്രിട്ടീഷ്‌ ലൈബ്രറിയിലെ ജോൺ റിറ്റ്‌ബ്ലാറ്റ്‌ ഗാലറിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

[കടപ്പാട്‌]

Gewerbehalle, Vol. 10

From The Codex Alexandrinus in Reduced Photographic Facsimile, 1909

[26-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Bib. Publ. Univ. de Genève