വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരുക്കമുള്ള ഹൃദയത്തോടെ യഹോവയെ അന്വേഷിക്കൽ

ഒരുക്കമുള്ള ഹൃദയത്തോടെ യഹോവയെ അന്വേഷിക്കൽ

ഒരുക്കമുള്ള ഹൃദയത്തോടെ യഹോവയെ അന്വേഷിക്കൽ

ഇസ്രായേല്യ പുരോഹിതനായിരുന്ന എസ്രാ, ന്യായപ്രമാണത്തിന്റെ ഒരു പ്രമുഖ ഗവേഷകനും പണ്ഡിതനും പകർപ്പെഴുത്തുകാരനും ഉപദേഷ്ടാവും ആയിരുന്നു. ഇന്ന്‌ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, അവൻ മുഴു ഹൃദയത്തോടെയുള്ള സേവനത്തിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ്‌. അതെങ്ങനെ? വ്യാജ ദൈവങ്ങളെക്കൊണ്ടു നിറഞ്ഞിരുന്ന, ഭൂതാരാധനയിൽ ആമഗ്നമായിരുന്ന ബാബിലോണിൽ ആയിരുന്നപ്പോഴും അവൻ തന്റെ ദൈവിക ഭക്തി മുറുകെ പിടിച്ചു.

എസ്രായുടെ ദൈവിക ഭക്തി യദൃച്ഛയാ ഉണ്ടായതല്ല. അവൻ അതിനായി അധ്വാനിച്ചിരുന്നു. വാസ്‌തവത്തിൽ, താൻ ‘യഹോവയുടെ ന്യായപ്രമാണം പരിശോധിക്കാനും അനുഷ്‌ഠിക്കാനും ഹൃദയത്തെ ഒരുക്കിയിരുന്നു’ എന്ന്‌ അവൻ നമ്മോടു പറയുന്നു.—എസ്രാ 7:10, NW.

എസ്രായെ പോലെതന്നെ, സത്യാരാധനയെ ദ്വേഷിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്ന ഇന്നത്തെ യഹോവയുടെ ജനവും യഹോവ തങ്ങളോട്‌ ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു. തന്നിമിത്തം, “യഹോവയുടെ ന്യായപ്രമാണം പരിശോധിക്കാനും അത്‌ അനുഷ്‌ഠിക്കാനും” വേണ്ടി നമ്മുടെ ഹൃദയത്തെ, നമ്മുടെ ചിന്തകളും മനോഭാവങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഒക്കെ ഉൾപ്പെടുന്ന ആന്തരിക മനുഷ്യനെ, ഒരുക്കാൻ കഴിയുന്ന മാർഗങ്ങൾ നമുക്കു പരിശോധിക്കാം.

നമ്മുടെ ഹൃദയത്തെ ഒരുക്കൽ

‘ഒരുക്കുക’ എന്നതിന്റെ അർഥം ‘ചില ഉദ്ദേശ്യങ്ങൾക്കായി മുന്നമേ തയ്യാർ ചെയ്‌ക, ഒരു പ്രത്യേക ഉപയോഗത്തിനോ പ്രവർത്തനത്തിനോ നടപടിക്കോ വേണ്ടി സജ്ജമാക്കുക’ എന്നാണ്‌. നിങ്ങൾ ദൈവവചനത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനം നേടുകയും ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും ചെയ്‌തിരിക്കുന്നെങ്കിൽ നിങ്ങളുടെ ഹൃദയം തീർച്ചയായും ഒരുക്കപ്പെട്ടിരിക്കുന്ന ഒരു അവസ്ഥയിൽ ആണെന്നു തെളിയും. വിതക്കാരനെ കുറിച്ചുള്ള തന്റെ ഉപമയിൽ യേശു പരാമർശിച്ച “നല്ല നില”ത്തോട്‌ അതിനെ താരതമ്യം ചെയ്യാനും സാധിക്കും.—മത്തായി 13:18-23.

എന്നുവരികിലും, നമ്മുടെ ഹൃദയത്തിനു നിരന്തര ശ്രദ്ധയും ശുദ്ധീകരണവും ആവശ്യമാണ്‌. എന്തുകൊണ്ട്‌? രണ്ടു കാരണങ്ങളാൽ. ഒരു തോട്ടത്തിൽ കളകളെന്നപോലെ, ഹാനികരമായ പ്രവണതകൾ എളുപ്പം നമ്മുടെ ഹൃദയത്തിൽ വേരൂന്നിയേക്കാം എന്നതാണ്‌ ഒന്നാമത്തെ കാരണം. ജഡിക ചിന്തകളുടെ ദ്രോഹകരമായ വിത്തുകൾ എന്നത്തെക്കാളും അധികമായി സാത്താന്റെ വ്യവസ്ഥിതിയുടെ “വായു”വിൽ വിതയ്‌ക്കപ്പെടുന്ന ഈ “അന്ത്യനാളുകളിൽ” അതു വിശേഷാൽ സത്യമാണ്‌. (2 തിമൊഥെയൊസ്‌ 3:1-5; എഫെസ്യർ 2:2, NW) രണ്ടാമത്തേത്‌, നിലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധിക്കാത്തപക്ഷം, നിലം വരണ്ടുപോയേക്കാം. അങ്ങനെ അത്‌ ഉറച്ചുപോകുകയും ഫലപുഷ്ടി ഇല്ലാത്തതായിത്തീരുകയും ചെയ്‌തേക്കാം. അതുമല്ല, നിരവധി ആളുകൾ തോട്ടത്തിലൂടെ അശ്രദ്ധമായി നടന്നുപോകുകയും മണ്ണു ചവിട്ടി ഉറപ്പിക്കുകയും ചെയ്‌തേക്കാം. നമ്മുടെ ഹൃദയത്തിലെ പ്രതീകാത്മക നിലത്തിന്റെ അവസ്ഥ അതിനു സമാനമാണ്‌. നമ്മുടെ ആത്മീയ ക്ഷേമത്തിൽ താത്‌പര്യമില്ലാത്ത ആളുകൾ അതിനെ അഗണിക്കുകയോ ചവിട്ടിമെതിക്കുകയോ ചെയ്യുന്നപക്ഷം അതു ഫലപുഷ്ടി ഇല്ലാത്തതായിത്തീരും.

ആ സ്ഥിതിക്ക്‌, നാം ഓരോരുത്തരും ബൈബിളിന്റെ പിൻവരുന്ന അനുശാസനം പിൻപറ്റുന്നത്‌ എത്ര പ്രധാനമാണ്‌: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.”—സദൃശവാക്യങ്ങൾ 4:23.

നമ്മുടെ ഹൃദയമാകുന്ന ‘നില’ത്തെ ഫലപുഷ്ടിയുള്ളതാക്കുന്ന ഘടകങ്ങൾ

ആരോഗ്യകരമായ വളർച്ചയ്‌ക്ക്‌ ഉതകത്തക്കവണ്ണം നമ്മുടെ ഹൃദയത്തിന്റെ ‘നിലം’ ഫലപുഷ്ടിയുള്ളതാക്കുന്ന ചില ഘടകങ്ങൾ അല്ലെങ്കിൽ ഗുണങ്ങൾ നമുക്കു പരിശോധിക്കാം. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്ന നിരവധി സംഗതികൾ ഉണ്ടെന്നതു ശരിതന്നെ. എങ്കിലും, അതിൽ ആറെണ്ണം നമുക്കിപ്പോൾ പരിചിന്തിക്കാം: ആത്മീയ ആവശ്യം തിരിച്ചറിയൽ, താഴ്‌മ, സത്യസന്ധത, ദൈവിക ഭയം, വിശ്വാസം, സ്‌നേഹം.

“തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്ന്‌ യേശു പറഞ്ഞു. (മത്തായി 5:3, NW) വിശപ്പ്‌ ആഹാരം കഴിക്കാനുള്ള ആവശ്യത്തെ കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നതു പോലെ, ആത്മീയ ആവശ്യം സംബന്ധിച്ച ബോധം ആത്മീയ ആഹാരത്തിനായി വിശപ്പുള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കും. അത്തരം ആഹാരത്തിനായുള്ള വാഞ്‌ഛ മനുഷ്യർക്കു ജന്മസിദ്ധമാണ്‌. കാരണം, അതു ജീവിതത്തിന്‌ അർഥവും ഉദ്ദേശ്യവും പകരുന്നു. സാത്താന്റെ ലോകത്തിൽ നിന്നുള്ള സമ്മർദമോ പഠനകാര്യത്തിലെ നമ്മുടെതന്നെ അലസതയോ ഈ ആവശ്യം സംബന്ധിച്ച നമ്മുടെ ബോധത്തെ മന്ദീഭവിപ്പിച്ചേക്കാം. യേശു അതേക്കുറിച്ച്‌ ഇങ്ങനെ ഊന്നിപ്പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”.—മത്തായി 4:4.

അക്ഷരാർഥത്തിൽ പറഞ്ഞാൽ, സന്തുലിതവും ആരോഗ്യാവഹവുമായ ആഹാരം ക്രമമായി കഴിക്കുന്നതു ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കുന്നു. അടുത്ത ആഹാരത്തിനുള്ള സമയമാകുമ്പോൾ വിശപ്പുളവാക്കാനും അതു ശരീരത്തെ സഹായിക്കുന്നു. ആത്മീയ അർഥത്തിലും അതു ശരിയാണ്‌. നിങ്ങൾ പഠനത്തിൽ ഉത്സാഹമുള്ളയാൾ അല്ലെങ്കിൽ പോലും അനുദിനം ദൈവവചനം വായിക്കുകയും ക്രമമായി ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ പഠിക്കുകയും ചെയ്യുന്നത്‌ ഒരു ശീലമാക്കുന്നപക്ഷം നിങ്ങളുടെ വിശപ്പു വർധിക്കുന്നതായി നിങ്ങൾ കണ്ടെത്തും. ബൈബിൾ പഠിക്കാനുള്ള സമയത്തിനായി നിങ്ങൾ ആകാംക്ഷാപൂർവം കാത്തിരിക്കും എന്നതാണു വാസ്‌തവം. ആയതിനാൽ, പെട്ടെന്നു ശ്രമം ഉപേക്ഷിക്കരുത്‌; ആരോഗ്യാവഹമായ ആത്മീയ വിശപ്പുണ്ടാക്കിയെടുക്കാൻ കഠിനമായി ശ്രമിക്കുക.

താഴ്‌മ ഹൃദയത്തെ മൃദുവാക്കുന്നു

ഹൃദയത്തെ ഒരുക്കുന്നതിനുള്ള ഒരു സുപ്രധാന ഘടകമാണു താഴ്‌മ. കാരണം, അതു നമ്മെ പഠിപ്പിക്കപ്പെടാവുന്നവർ ആക്കുന്നു. കൂടാതെ, സ്‌നേഹപൂർവകമായ ബുദ്ധിയുപദേശവും തിരുത്തലും സസന്തോഷം സ്വീകരിക്കാൻ അതു നമ്മെ സഹായിക്കുകയും ചെയ്യുന്നു. യോശീയാ രാജാവിന്റെ നല്ല ദൃഷ്ടാന്തം പരിചിന്തിക്കുക. മോശെ മുഖാന്തരം നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അടങ്ങിയ ഒരു രേഖ അവന്റെ ഭരണകാലത്തു കണ്ടെത്തി. ന്യായപ്രമാണത്തിലെ വാക്കുകൾ കേൾക്കുകയും തന്റെ പൂർവപിതാക്കന്മാർ നിർമലാരാധനയിൽ നിന്ന്‌ എത്രയധികം വ്യതിചലിച്ചിരിക്കുന്നു എന്നു മനസ്സിലാക്കുകയും ചെയ്‌തപ്പോൾ അവൻ വസ്‌ത്രം കീറി യഹോവയുടെ മുമ്പാകെ കരഞ്ഞു. ദൈവവചനം ആ രാജാവിന്റെ ഹൃദയത്തെ അത്രമാത്രം ആഴമായി സ്‌പർശിക്കാൻ കാരണമെന്താണ്‌? അവന്റെ ഹൃദയം “മൃദു” ആയിരുന്നതിനാൽ യഹോവയുടെ വചനങ്ങൾ കേട്ടയുടനെ അവൻ സ്വയം താഴ്‌ത്തി എന്ന്‌ ആ വൃത്താന്തം പറയുന്നു. യോശീയാവിന്റെ താഴ്‌മയോടു കൂടിയ, സ്വീകാര്യക്ഷമമായ, ഹൃദയം യഹോവ ശ്രദ്ധിക്കുകയും തദനുസൃതം അവനെ അനുഗ്രഹിക്കുകയും ചെയ്‌തു.—2 രാജാക്കന്മാർ 22:11, 18-20.

“ലോകാഭിപ്രായപ്രകാരം” ‘ജ്ഞാനികളും വിവേകികളും’ ആയിരുന്നവർ മനസ്സിലാക്കാൻ പരാജയപ്പെട്ട ആത്മീയ സത്യങ്ങൾ ഗ്രഹിച്ച്‌ ബാധകമാക്കാൻ താഴ്‌മ എന്ന ഗുണം “പഠിപ്പില്ലാത്തവരും സാമാന്യരു”മായിരുന്ന യേശുവിന്റെ ശിഷ്യന്മാരെ സഹായിച്ചു. (1 കൊരിന്ത്യർ 1:26; ലൂക്കൊസ്‌ 10:21; പ്രവൃത്തികൾ 4:13) ലോകപ്രകാരം ജ്ഞാനികൾ ആയിരുന്നവർ യഹോവയുടെ വചനം കൈക്കൊള്ളാൻ ഒരുക്കമില്ലാത്തവർ ആയിരുന്നു. കാരണം, അഹങ്കാരം അവരുടെ ഹൃദയത്തെ കഠിനമാക്കിയിരുന്നു. അഹങ്കാരത്തെ യഹോവ വെറുക്കുന്നതിൽ അതിശയിക്കാനുണ്ടോ?—സദൃശവാക്യങ്ങൾ 8:13; ദാനീയേൽ 5:20.

സത്യസന്ധതയും ദൈവിക ഭയവും

“ഹൃദയം മറ്റെന്തിനേക്കാളും കാപട്യമുള്ളതാണ്‌; ശോചനീയമാംവിധം ദുഷിച്ചതുമാണ്‌. അതിനെ ആർക്കാണു മനസ്സിലാക്കാൻ കഴിയുക?” എന്ന്‌ യിരെമ്യാ പ്രവാചകൻ എഴുതി. (യിരെമ്യാവു 17:9, പി.ഒ.സി. ബൈബിൾ) ഹൃദയത്തിന്റെ കാപട്യം പല വിധങ്ങളിൽ പ്രകടമാകുന്നു. തെറ്റു ചെയ്യുമ്പോൾ സ്വയം ന്യായീകരിക്കുന്നത്‌ അതിൽ ഒരു വിധമാണ്‌. ഗൗരവാവഹമായ വ്യക്തിത്വ വൈകല്യങ്ങൾ ലഘൂകരിച്ചു കാണുന്നതാണു മറ്റൊരു വിധം. എന്നാൽ, പുരോഗമിക്കാൻ തക്കവണ്ണം നമ്മെക്കുറിച്ചു തന്നെയുള്ള യാഥാർഥ്യങ്ങൾ അംഗീകരിച്ചുകൊണ്ട്‌ കാപട്യമുള്ള ഹൃദയത്തിന്മേൽ വിജയം വരിക്കാൻ സത്യസന്ധത നമ്മെ സഹായിക്കും. പിൻവരുന്ന പ്രകാരം പ്രാർഥിച്ചപ്പോൾ സങ്കീർത്തനക്കാരൻ അത്തരം സത്യസന്ധത പ്രകടമാക്കി: “യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.” യഹോവ നടത്തുന്ന ശുദ്ധീകരണവും പരിശോധനകളും സ്വീകരിക്കാൻ തക്കവണ്ണം സങ്കീർത്തനക്കാരൻ തന്റെ ഹൃദയത്തെ ഒരുക്കിയിരുന്നു എന്നു വ്യക്തം. മോശമായ പ്രവണതകൾ തന്നിലുണ്ട്‌ എന്ന്‌ അംഗീകരിക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നിരിക്കാം.—സങ്കീർത്തനം 17:3; 26:2.

ഈ ശുദ്ധീകരണ പ്രക്രിയയിൽ ശക്തമായ ഒരു സഹായിയാണ്‌ ദൈവിക ഭയം. അതിൽ “ദോഷത്തെ വെറുക്കുന്ന”ത്‌ ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 8:13) യഹോവയെ യഥാർഥത്തിൽ ഭയപ്പെടുന്ന ഒരു വ്യക്തി, യഹോവയുടെ സ്‌നേഹദയയെയും നന്മയെയും വിലമതിക്കുമ്പോൾത്തന്നെ തന്നോട്‌ അനുസരണക്കേടു കാട്ടുന്നവരെ ശിക്ഷിക്കാൻ, വധിക്കാൻ പോലും ഉള്ള അധികാരവും യഹോവയ്‌ക്കുണ്ട്‌ എന്ന സംഗതി സദാ മനസ്സിൽ പിടിക്കുന്നു. തന്നെ ഭയപ്പെടുന്നവർ തന്നെ അനുസരിക്കുകയും ചെയ്യുമെന്ന്‌ ഇസ്രായേല്യരെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞപ്പോൾ അവൻ വ്യക്തമാക്കി: “അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്‌പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.”—ആവർത്തനപുസ്‌തകം 5:29.

വ്യക്തമായും ദൈവിക ഭയം, ഭയന്നു വിറച്ചുകൊണ്ടു കീഴ്‌പെട്ടിരിക്കുന്ന ഒരു അവസ്ഥയെ അല്ല അർഥമാക്കുന്നത്‌. മറിച്ച്‌, നമ്മുടെ അത്യുത്തമ താത്‌പര്യം ഹൃദയത്തിലുള്ള സ്‌നേഹനിധിയായ സ്വർഗീയ പിതാവിനെ അനുസരിക്കുന്നതാണ്‌ അതിൽ ഉൾപ്പെടുന്നത്‌. വാസ്‌തവത്തിൽ, അത്തരം ദൈവിക ഭയം ഉന്നതി വരുത്തുന്നതു മാത്രമല്ല സന്തോഷദായകവുമാണ്‌. ആ വസ്‌തുത യേശുക്രിസ്‌തുതന്നെ നന്നായി പ്രകടമാക്കി.—യെശയ്യാവു 11:3; ലൂക്കൊസ്‌ 12:5.

ഒരുക്കപ്പെട്ട ഹൃദയം തികഞ്ഞ വിശ്വാസം പ്രകടമാക്കുന്നു

യഹോവ തന്റെ വചനത്തിലൂടെ നിഷ്‌കർഷിക്കുകയോ നിർദേശിക്കുകയോ ചെയ്യുന്നതെല്ലാം ശരിയാണെന്നും അവ നമ്മുടെ അത്യുത്തമ താത്‌പര്യത്തെ മുൻനിറുത്തിയാണെന്നും ശക്തമായ വിശ്വാസം ഉള്ള ഒരു ഹൃദയത്തിന്‌ അറിയാം. (യെശയ്യാവു 48:17, 18) അത്തരം ഹൃദയമുള്ള ഒരു വ്യക്തി, സദൃശവാക്യങ്ങൾ 3:5, 6 ബാധകമാക്കുന്നതിൽ നിന്ന്‌ ആഴമായ സംതൃപ്‌തിയും സന്തുഷ്ടിയും ആസ്വദിക്കുന്നു. അവിടെ ഇങ്ങനെ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” എന്നാൽ വിശ്വാസമില്ലാത്ത ഒരു ഹൃദയം യഹോവയിൽ ആശ്രയിക്കാൻ വിമുഖത കാട്ടും; രാജ്യ താത്‌പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കത്തക്കവണ്ണം ജീവിതം ലളിതമാക്കുന്നതു പോലുള്ള ത്യാഗങ്ങൾ അതിൽ ഉൾപ്പെട്ടിരിക്കുന്നപക്ഷം വിശേഷിച്ചും. (മത്തായി 6:33) വിശ്വാസമില്ലാത്ത ഒരു ഹൃദയത്തെ യഹോവ “ദുഷ്ട”മായി വീക്ഷിക്കുന്നതു നല്ല കാരണത്തോടെയാണ്‌.—എബ്രായർ 3:12.

യഹോവയിലുള്ള നമ്മുടെ വിശ്വാസം വീട്ടിൽ സ്വകാര്യമായി ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെടെ പല മണ്ഡലങ്ങളിലും പ്രതിഫലിക്കുന്നു. ഉദാഹരണത്തിന്‌, ഗലാത്യർ 6:7-ലെ ഈ തത്ത്വം പരിചിന്തിക്കുക: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” ഈ തത്ത്വത്തിലുള്ള നമ്മുടെ വിശ്വാസം നാം ഏതു സിനിമകൾ കാണുന്നു, ഏതു പുസ്‌തകങ്ങൾ വായിക്കുന്നു, എത്രത്തോളം ബൈബിൾ പഠനത്തിൽ ഏർപ്പെടുന്നു എന്നിവയിലും നമ്മുടെ പ്രാർഥനയിലും പ്രകടമാകും. അതേ, യഹോവയുടെ വചനങ്ങൾ കൈക്കൊള്ളുന്നതിനും അവ അനുസരിക്കുന്നതിനും ഹൃദയത്തെ ഒരുക്കുന്നതിലെ മുഖ്യ ഘടകമാണ്‌ “ആത്മാവിൽ വിതെക്കുന്ന”തിനു നമ്മെ പ്രേരിപ്പിക്കുന്ന ശക്തമായ വിശ്വാസം.—ഗലാത്യർ 6:8.

സ്‌നേഹം—സർവോത്‌കൃഷ്ട ഗുണം

മറ്റേതൊരു ഗുണത്തെക്കാളും ഉപരി സ്‌നേഹം ആണ്‌ യഹോവയുടെ വചനത്തോട്‌ അനുകൂലമായി പ്രതികരിക്കുന്നതിനു നമ്മുടെ ഹൃദയമാകുന്ന നിലത്തെ ഒരുക്കുന്നത്‌. തന്മൂലം, വിശ്വാസത്തോടും പ്രത്യാശയോടും താരതമ്യപ്പെടുത്തിയപ്പോൾ പൗലൊസ്‌ അപ്പൊസ്‌തലൻ സ്‌നേഹത്തെ “സർവോത്‌കൃഷ്ട” ഗുണമെന്നു വിശേഷിപ്പിച്ചു. (1 കൊരിന്ത്യർ 13:13, പി.ഒ.സി. ബൈ.) ദൈവത്തോടുള്ള സ്‌നേഹത്താൽ നിറഞ്ഞു തുളുമ്പുന്ന ഒരു ഹൃദയം, അവനെ അനുസരിക്കുന്നതിൽ നിന്ന്‌ അതിരറ്റ സംതൃപ്‌തിയും സന്തോഷവും അനുഭവിക്കുന്നു; അതു തീർച്ചയായും, ദൈവത്തിന്റെ വ്യവസ്ഥകളിൽ നീരസം കൊള്ളുന്നില്ല. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) സമാനമായി യേശു ഇങ്ങനെ പറഞ്ഞു: “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവും അവനെ സ്‌നേഹിക്കും.” (യോഹന്നാൻ 14:23) അത്തരം സ്‌നേഹം പ്രതിഫലദായകം ആണെന്നതു ശ്രദ്ധിക്കുക. അതേ, സ്‌നേഹത്തിൽ തന്നോട്‌ അടുക്കുന്നവരെ യഹോവ ആഴമായി സ്‌നേഹിക്കുന്നു.

നാം അപൂർണരാണെന്നും തനിക്കെതിരെ പതിവായി പാപം ചെയ്യുന്നവരാണെന്നും യഹോവ അറിയുന്നു. എങ്കിലും, അവൻ നമ്മിൽ നിന്ന്‌ അകന്നിരിക്കുന്നില്ല. തന്റെ ദാസന്മാരിൽ യഹോവ അന്വേഷിക്കുന്നത്‌, “പൂർണ്ണഹൃദയ”മാണ്‌, മനസ്സൊരുക്കത്തോടെ അവനെ സേവിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കുന്ന ‘നല്ല മനസ്സു’തന്നെ. (1 ദിനവൃത്താന്തം 28:9) ഹൃദയത്തിൽ നല്ല ഗുണങ്ങൾ നട്ടുവളർത്താനും അങ്ങനെ ആത്മാവിന്റെ ഫലങ്ങൾ പ്രകടിപ്പിക്കാനും ശ്രമവും സമയവും വേണ്ടിവരുമെന്ന കാര്യം യഹോവയ്‌ക്ക്‌ അറിയാം. (ഗലാത്യർ 5:22, 23) തന്മൂലം അവൻ നമ്മോടു ക്ഷമിക്കുന്നു, “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:14) അതേ മനോഭാവം പ്രതിഫലിപ്പിച്ച യേശു ഒരിക്കലും തന്റെ ശിഷ്യന്മാരെ അവരുടെ തെറ്റുകളെ പ്രതി പരുഷമായി വിമർശിച്ചില്ല. മറിച്ച്‌, അവൻ ക്ഷമാപൂർവം അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണു ചെയ്‌തത്‌. യഹോവയുടെയും യേശുവിന്റെയും അത്തരം സ്‌നേഹവും ദയയും ക്ഷമയും അവരെ പൂർവാധികം സ്‌നേഹിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ?—ലൂക്കൊസ്‌ 7:47; 2 പത്രൊസ്‌ 3:9.

ആഴത്തിൽ വേരൂന്നിയ കള സമാനമായ ശീലങ്ങൾ പിഴുതുകളയുന്നതോ ഉറച്ച മൺകട്ടയ്‌ക്കു സമാനമായ ചില പ്രവണതകൾ ഉടച്ചു കളയുന്നതോ ചിലപ്പോഴെല്ലാം ദുഷ്‌കരമായി തോന്നുന്നെങ്കിൽ കുണ്‌ഠിതപ്പെടുകയോ നിരുത്സാഹപ്പെടുകയോ അരുത്‌. പകരം, യഹോവയുടെ ആത്മാവിനായി ഉള്ളുരുകി യാചിക്കുകയും “പ്രാർത്ഥനയിൽ ഉററിരി”ക്കുകയും ചെയ്‌തുകൊണ്ട്‌ പുരോഗതി വരുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. (റോമർ 12:13) യഹോവയുടെ മനസ്സോടെയുള്ള സഹായത്താൽ, ‘അവന്റെ ന്യായപ്രമാണം പരിശോധിക്കുകയും അത്‌ അനുഷ്‌ഠിക്കുകയും’ ചെയ്യുന്ന കാര്യത്തിൽ എസ്രായെ പോലെ നിങ്ങളും വിജയിക്കും.

[31-ാം പേജിലെ ചിത്രം]

ബാബിലോണിൽ ആയിരുന്നപ്പോഴും എസ്രാ തന്റെ ദൈവിക ഭക്തി മുറുകെ പിടിച്ചു

[29-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Garo Nalbandian