ദൈവം പ്രാർഥനകൾക്ക് ഉത്തരം നൽകുന്നു
ദൈവം പ്രാർഥനകൾക്ക് ഉത്തരം നൽകുന്നു
ആവർത്തിച്ചുള്ള ഹൃദയംഗമമായ പ്രാർഥനകൾകൊണ്ട് ദൈവപ്രീതി നേടിയ ഒരാളായിരുന്നു കൊർന്നേല്യൊസ്. മാത്രമല്ല, ഒരു സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള തന്റെ സ്ഥാനം അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. ബൈബിൾ പറയുന്നതനുസരിച്ച്, ദരിദ്രർക്ക് ‘വളരെ ധർമ്മം കൊടുത്തി’രുന്ന ഒരു വ്യക്തിയുമായിരുന്നു അവൻ.—പ്രവൃത്തികൾ 10:1, 2.
യഹൂദന്മാരും യഹൂദമതപരിവർത്തിതരും ശമര്യക്കാരും ഉൾപ്പെടുന്ന വിശ്വാസികളായിരുന്നു അക്കാലത്ത് ക്രിസ്‌തീയ സഭയിൽ ഉണ്ടായിരുന്നത്. പരിച്ഛേദന ഏൽക്കാഞ്ഞ ഒരു വിജാതീയനായിരുന്ന കൊർന്നേല്യൊസ് ഒരു ക്രിസ്‌തീയ സഭാംഗം അല്ലായിരുന്നു. അതിന്റെ അർഥം അവന്റെ പ്രാർഥനകൾ നിഷ്‌ഫലമായി എന്നാണോ? അല്ല. കൊർന്നേല്യൊസിനെയും അവന്റെ പ്രാർഥനാപൂർവകമായ ധർമപ്രവൃത്തികളെയും യഹോവയാം ദൈവം കണക്കിലെടുത്തു.—പ്രവൃത്തികൾ 10:4.
ദൂതമാർഗദർശനത്തിലൂടെ, കൊർന്നേല്യൊസ് ക്രിസ്‌തീയ സഭയുമായി സമ്പർക്കത്തിൽ വന്നു. (പ്രവൃത്തികൾ 10:30-33) അതിന്റെ ഫലമായി, ക്രിസ്‌തീയ സഭയിലേക്കു സ്വീകരിക്കപ്പെട്ട പരിച്ഛേദന ഏൽക്കാത്ത ആദ്യത്തെ വിജാതീയർ എന്ന പദവി അവനും അവന്റെ കുടുംബത്തിനും ലഭിച്ചു. കൊർന്നേല്യൊസിനെ സംബന്ധിച്ച ഈ വിവരണം ബൈബിളിൽ രേഖപ്പെടുത്താൻ തക്ക മൂല്യമുള്ള ഒന്നാണെന്നു യഹോവ കണ്ടു. തന്റെ ജീവിതത്തെ ദൈവത്തിന്റെ നിലവാരങ്ങളുമായി നിരക്കുന്ന വിധത്തിൽ കൊണ്ടുവരാൻ കൊർന്നേല്യൊസ് വളരെയധികം മാറ്റങ്ങൾ വരുത്തി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. (യെശയ്യാവു 2:2-4; യോഹന്നാൻ 17:16) ഏതു ജനതയിൽ പെട്ടവരാണെങ്കിലും, ഇന്നു ദൈവപ്രീതി തേടുന്നവർക്കു വലിയ പ്രോത്സാഹനം നൽകുന്നതാണ് കൊർന്നേല്യൊസിന്റെ അനുഭവം. ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.
ആധുനിക ഉദാഹരണങ്ങൾ
ഇന്ത്യയിലെ ഒരു യുവസ്‌ത്രീ വളരെ സാന്ത്വനം ആവശ്യമായിരുന്ന ഒരു അവസ്ഥയിൽ ആയിരുന്നു. 21-ാം വയസ്സിൽ വിവാഹിതയായ അവർക്കു രണ്ടാമത്തെ കുട്ടി ജനിച്ച് അധികം താമസിയാതെ അവരുടെ ഭർത്താവ് മരിച്ചു. അങ്ങനെ 24-ാമത്തെ വയസ്സിൽ വിധവയായ അവർക്ക് 2 മാസം പ്രായമായ ഒരു പെൺകുഞ്ഞിനെയും 22 മാസം പ്രായമായ ഒരു ആൺകുഞ്ഞിനെയും നോക്കേണ്ട അവസ്ഥ വന്നു. തീർച്ചയായും അവർക്ക് വളരെ സാന്ത്വനം ആവശ്യമായിരുന്നു! അതിനായി അവർക്ക് എവിടേക്കു തിരിയാൻ കഴിയുമായിരുന്നു? തീർത്തും അരിഷ്‌ടാവസ്ഥയിൽ ആയിരുന്ന അവർ ഒരു രാത്രിയിൽ ഇങ്ങനെ പ്രാർഥിച്ചു, “സ്വർഗീയ പിതാവേ, അങ്ങയുടെ വചനത്താൽ എന്നെ ആശ്വസിപ്പിക്കേണമേ.”
പിറ്റേന്നു രാവിലെ അവരെ കാണാൻ ഒരാളെത്തി. അദ്ദേഹം യഹോവയുടെ സാക്ഷി ആയിരുന്നു. ആ ദിവസം അദ്ദേഹത്തിന്റെ ശുശ്രൂഷ അത്ര ആസ്വാദ്യമായിരുന്നില്ല, കാരണം സുവാർത്ത കേൾക്കാൻ അധികമാരും താത്‌പര്യപ്പെട്ടില്ല. ക്ഷീണവും നിരുത്സാഹവും തോന്നി വീട്ടിൽ പോകാൻ ഒരുങ്ങവെ, ഒരു വീടു കൂടി സന്ദർശിച്ചേക്കാമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് അദ്ദേഹം ആ യുവ വിധവയെ കണ്ടുമുട്ടിയത്. അവർ അദ്ദേഹത്തെ വീടിനുള്ളിലേക്കു ക്ഷണിക്കുകയും ബൈബിളിനെ കുറിച്ചു വിശദീകരിക്കുന്ന ഒരു പ്രസിദ്ധീകരണം സ്വീകരിക്കുകയും ചെയ്‌തു. അതിന്റെ വായനയും ആ സാക്ഷിയുമായുള്ള ചർച്ചകളും അവർക്കു വലിയ ആശ്വാസം പകർന്നു. മരിച്ചവരെ ദൈവരാജ്യത്തിൻ കീഴിൽ
ഉയിർപ്പിക്കുകയും ആ രാജ്യം ഭൂമിയെ ഒരു പറുദീസ ആക്കുകയും ചെയ്യുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തെ കുറിച്ച് അവർ പഠിച്ചു. ഏറ്റവും പ്രധാനമായി, തന്റെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകിയ ഏക സത്യദൈവമായ യഹോവയെ അവർ അറിയാനും സ്‌നേഹിക്കാനും ഇടയായി.ദക്ഷിണാഫ്രിക്കയിലെ ജോർജ് നഗരത്തിൽ താമസിക്കുന്ന ഒരു സാക്ഷിയാണ് നോര. ഒരു മാസം മുഴുവൻ സുവിശേഷ വേലയ്‌ക്കായി മാറ്റിവെക്കാൻ അവർ തീരുമാനിച്ചു. സേവനം തുടങ്ങുന്നതിനു മുമ്പ്, ബൈബിൾ പഠിക്കാൻ യഥാർഥ താത്‌പര്യമുള്ള ആരെയെങ്കിലും കണ്ടെത്താൻ തന്നെ സഹായിക്കേണമേ എന്ന് അവർ ആത്മാർഥമായി പ്രാർഥിച്ചു. അവരുടെ നിയമിതപ്രദേശത്ത് താമസിച്ചിരുന്ന ഒരു മനുഷ്യൻ, മുൻസന്ദർശന സമയത്തൊക്കെ നോരയോടു വളരെ പരുഷമായി പെരുമാറിയിരുന്നു. ധൈര്യം സംഭരിച്ച് നോര വീണ്ടും അവിടെ ചെന്നു. എന്നാൽ ആ വീട്ടിൽ പുതിയ ഒരാളാണു താമസിക്കുന്നതെന്നു മനസ്സിലാക്കിയ നോര അതിശയിച്ചുപോയി. അവിടെ താമസിച്ചിരുന്ന സ്‌ത്രീയുടെ പേര് നോളിൻ എന്നായിരുന്നു. നോളിനും അവളുടെ അമ്മയും ബൈബിൾ മനസ്സിലാക്കുന്നതിനുള്ള സഹായത്തിനായി പ്രാർഥിക്കുന്നുണ്ടായിരുന്നു. “അവരെ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞപ്പോൾ അവർ എത്രയധികം സന്തോഷിച്ചെന്നോ!” നോര വിശദീകരിക്കുന്നു. നോളിനും അവളുടെ അമ്മയും സത്വരം പുരോഗതി പ്രാപിച്ചു. പിന്നീട് അവർ ഇരുവരും ആത്മീയ രോഗശാന്തി വരുത്തുന്ന പ്രവർത്തനത്തിൽ നോരയോടൊപ്പം പങ്കെടുക്കാൻ തുടങ്ങി.
പ്രാർഥനയുടെ ശക്തി പ്രകടമാക്കുന്ന മറ്റൊരു ദൃഷ്‌ടാന്തമാണ് ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബർഗ് എന്ന നഗരത്തിൽ താമസിക്കുന്ന ഡെനിസിന്റെയും ഭാര്യ കാരോളിന്റെയും അനുഭവം. വർഷം 1996. ഒരു ശനിയാഴ്‌ച രാത്രിയിൽ അവരുടെ ദാമ്പത്യബന്ധം തകരുമെന്ന അവസ്ഥയിലായി. അവസാന പരിഹാരമാർഗം എന്ന നിലയിൽ തങ്ങളുടെ പ്രശ്‌നത്തെ കുറിച്ചു ദൈവത്തോടു പ്രാർഥിക്കാൻ അവർ തീരുമാനിച്ചു. ആ രാത്രി വളരെ വൈകുംവരെ അവർ പ്രാർഥിക്കുന്നതിൽ തുടർന്നു. പിറ്റേന്നു രാവിലെ 11 മണിക്ക് യഹോവയുടെ സാക്ഷികളിൽ രണ്ടു പേർ അവരുടെ വീട്ടുവാതിൽക്കൽ മുട്ടി. ഡെനിസാണ് കതകു തുറന്നത്. താൻ ഭാര്യയെ വിളിച്ചുകൊണ്ടുവരുന്നതു വരെ കാത്തുനിൽക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. സാക്ഷികളെ അകത്തു കയറ്റിയാൽ അവരെ ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഡെനിസ് കാരോളിനോടു പറഞ്ഞു. അപ്പോൾ അവൾ, തങ്ങൾ കഴിഞ്ഞ ദിവസം ദൈവത്തോടു പ്രാർഥിച്ച കാര്യം സൂചിപ്പിച്ചിട്ട്, ഒരുപക്ഷേ ഇത് ആ പ്രാർഥനയ്‌ക്കുള്ള ദൈവത്തിന്റെ ഉത്തരം ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതുകൊണ്ട് സാക്ഷികളെ വീടിനുള്ളിലേക്കു ക്ഷണിച്ചു. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിൽനിന്ന് ആ ദമ്പതികൾക്ക് അവർ ബൈബിൾ അധ്യയനം ആരംഭിച്ചു. തങ്ങൾ പഠിച്ച കാര്യങ്ങളിൽ ഡെനിസും കാരോളും അതിയായി സന്തോഷിച്ചു. അന്ന് ഉച്ചതിരിഞ്ഞ് അവർ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിലെ യോഗത്തിൽ ആദ്യമായി സംബന്ധിച്ചു. ബൈബിളിൽനിന്നുള്ള അറിവ് ഉപയോഗിച്ച് ഡെനിസും കാരോളും തങ്ങളുടെ ദാമ്പത്യ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്തി. ഇപ്പോൾ അവർ യഹോവയുടെ സ്‌നാപനമേറ്റ സന്തുഷ്‌ട സ്‌തുതിപാഠകരാണ്, തങ്ങളുടെ ബൈബിളധിഷ്‌ഠിത വിശ്വാസങ്ങൾ മറ്റുള്ളവരുമായി പതിവായി പങ്കിടുകയും ചെയ്യുന്നു.
പ്രാർഥിക്കാൻ യോഗ്യനല്ലെന്ന് തോന്നുന്നെങ്കിലോ?
മോശമായ ഒരു ജീവിതം നയിക്കുന്നതിനാൽ, തങ്ങൾ പ്രാർഥിക്കാൻ യോഗ്യരല്ല എന്ന് ആത്മാർഥഹൃദയരായ ചിലർ കരുതാറുണ്ട്. അത്തരം ഒരു മനുഷ്യനെ, നിന്ദിതനായ ഒരു ചുങ്കക്കാരനെ കുറിച്ചുള്ള കഥ യേശുക്രിസ്‌തു പറയുകയുണ്ടായി. ആലയപ്രാകാരത്തിൽ പ്രവേശിച്ച ആ മനുഷ്യൻ, ആളുകൾ സാധാരണ പ്രാർഥിക്കാറുള്ള സ്ഥലത്തേക്കു വരാൻ താൻ അയോഗ്യനാണെന്നു വിചാരിച്ചു. അവൻ “ദൂരത്തു നിന്നുകൊണ്ടു . . . മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.” (ലൂക്കൊസ് 18:13) യേശു പറയുന്നതനുസരിച്ച്, ആ മനുഷ്യന്റെ പ്രാർഥന ദൈവം കേട്ടു. യഥാർഥ അനുതാപമുള്ള പാപികളോട് യഹോവയാം ദൈവം തീർച്ചയായും കൃപ കാണിക്കുന്നുവെന്നും അവരെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്നും അത് വ്യക്തമാക്കുന്നു.
പോൾ എന്നു പേരുള്ള ഒരു ദക്ഷിണാഫ്രിക്കൻ യുവാവിന്റെ കാര്യം പരിചിന്തിക്കുക. ബാലൻ ആയിരുന്നപ്പോൾ അവൻ തന്റെ മാതാവിന്റെ കൂടെ ക്രിസ്‌തീയ യോഗങ്ങൾക്കു പോകുമായിരുന്നു. എന്നാൽ, ഹൈസ്‌കൂളിൽ എത്തിയപ്പോൾ യഹോവയുടെ വഴികൾ പിൻപറ്റാത്ത യുവജനങ്ങളുമായി
അവൻ സഹവസിക്കാൻ തുടങ്ങി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അവൻ വർണവിവേചനത്തെ പ്രോത്സാഹിപ്പിച്ചിരുന്ന മുൻ ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിന്റെ സൈന്യത്തിൽ ചേർന്നു. അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായി അവന്റെ കാമുകി അവനുമായുള്ള ബന്ധം ഉപേക്ഷിച്ചു. അസംതൃപ്‌തമായ തന്റെ ജീവിതം അവനെ തീർത്തും വിഷാദമഗ്നനാക്കി. “വർഷങ്ങളായി ഞാൻ യഹോവയോട് ആത്മാർഥമായി പ്രാർഥിക്കാറില്ലായിരുന്നെങ്കിലും, ഒരു ദിവസം രാത്രി ഞാൻ സഹായത്തിനായി അവനോടു പ്രാർഥിച്ചു,” പോൾ പറയുന്നു.അപ്രകാരം പ്രാർഥിച്ച് അധികനാൾ കഴിയുന്നതിനു മുമ്പ്, പോളിന്റെ അമ്മ അവനെ ക്രിസ്‌തുവിന്റെ മരണത്തിന്റെ വാർഷിക സ്‌മാരകത്തിൽ സംബന്ധിക്കാൻ ക്ഷണിച്ചു. (ലൂക്കൊസ് 22:19) അമ്മ തന്നെ ക്ഷണിച്ചതിൽ പോൾ അതിശയിച്ചുപോയി. കാരണം, അവൻ ബൈബിളിൽ താത്‌പര്യമില്ലാത്ത വഴിപിഴച്ച ഒരു വ്യക്തി ആയിരുന്നു. “ആ ക്ഷണം എന്റെ പ്രാർഥനയ്‌ക്കുള്ള യഹോവയുടെ മറുപടിയാണെന്ന് എനിക്കു തോന്നി, അതുകൊണ്ടുതന്നെ അതിനോടു പ്രതികരിക്കേണ്ടതുണ്ടെന്നും.” അന്നു മുതൽ പോൾ എല്ലാ ക്രിസ്‌തീയ യോഗങ്ങളിലും സംബന്ധിക്കാൻ തുടങ്ങി. നാലു മാസത്തെ ബൈബിൾ അധ്യയനത്തിനു ശേഷം, അവൻ സ്‌നാപനമേൽക്കാനുള്ള യോഗ്യത നേടി. മാത്രമല്ല, അവൻ തന്റെ എൻജിനീയറിങ് പഠനം നിറുത്തി മുഴുസമയ ശുശ്രൂഷ ഒരു ജീവിതവൃത്തിയായി തിരഞ്ഞെടുത്തു. ഇന്നു പോൾ അതീവ സന്തുഷ്‌ടനാണ്, തന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് അദ്ദേഹം ഒട്ടും ദുഃഖിക്കുന്നില്ല. ഇപ്പോൾ 11 വർഷമായി അദ്ദേഹം വാച്ച് ടവർ സൊസൈറ്റിയുടെ ദക്ഷിണാഫ്രിക്ക ബ്രാഞ്ചിൽ സേവിക്കുന്നു.
തീർച്ചയായും യഹോവയാം ദൈവം പ്രാർഥനകൾക്കു കരുണാപൂർവം ഉത്തരം നൽകുകയും “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കു”കയും ചെയ്യുന്നു. (എബ്രായർ 11:6) സകല ദുഷ്‌ടതയ്‌ക്കും അറുതി വരുത്തുന്ന യഹോവയുടെ മഹാദിവസം പെട്ടെന്നുതന്നെ ആഗതമാകും. ഇന്ന്, യഹോവയുടെ ജനം സുപ്രധാനമായ സാക്ഷീകരണ വേലയിൽ സതീക്ഷ്‌ണം ഏർപ്പെടവെ ശക്തിക്കും മാർഗനിർദേശത്തിനുമുള്ള അവരുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകുന്നു. അതിന്റെ ഫലമായി, സകല ജനതകളിലും നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്നു ക്രിസ്‌തീയ സഭയിലേക്കു വരുകയും നിത്യജീവനിലേക്കു നയിക്കുന്ന ബൈബിൾ പരിജ്ഞാനത്താൽ അനുഗൃഹീതരാകുകയും ചെയ്യുന്നു.—യോഹന്നാൻ 17:3.
[5-ാം പേജിലെ ചിത്രം]
കൊർന്നേല്യൊസ് ഹൃദയംഗമമായി പ്രാർഥിച്ചതിനാൽ പത്രൊസ് അപ്പൊസ്‌തലൻ അവനെ സന്ദർശിക്കാൻ ഇടയായി
[6-ാം പേജിലെ ചിത്രങ്ങൾ]
അരിഷ്‌ട സമയങ്ങളിൽ പ്രാർഥനയിലൂടെ പലരും സഹായം കണ്ടെത്തിയിട്ടുണ്ട്
[7-ാം പേജിലെ ചിത്രങ്ങൾ]
ബൈബിൾ മനസ്സിലാക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുന്നതു നല്ലതാണ്
ദാമ്പത്യബന്ധം ബലിഷ്‌ഠമാക്കാനുള്ള സഹായത്തിനായി ഭാര്യാഭർത്താക്കന്മാർക്കു പ്രാർഥിക്കാവുന്നതാണ്