പ്രാർഥനയുടെ ശക്തി
പ്രാർഥനയുടെ ശക്തി
സ്ഥലം മധ്യപൂർവദേശത്തെ നാഹോർ എന്ന പട്ടണം. അവിടെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മറയാൻ തുടങ്ങുകയാണ്. എല്യേസർ എന്നു പേരുള്ള ഒരു സിറിയക്കാരൻ പത്ത് ഒട്ടകങ്ങളെയുംകൊണ്ട് ആ പട്ടണത്തിനു വെളിയിലുള്ള ഒരു കിണറ്റിൻകരയിൽ എത്തുന്നു. എല്യേസറിന് നല്ല ക്ഷീണവും ദാഹവും ഉണ്ടെന്നു വ്യക്തം. എങ്കിലും മറ്റു ചിലരുടെ ആവശ്യങ്ങളെ കുറിച്ചാണ് അവന്റെ ചിന്ത. തന്റെ യജമാനന്റെ പുത്രനു വേണ്ടി ഒരു ഭാര്യയെ കണ്ടുപിടിക്കാനാണ് ഒരു അന്യനാട്ടിൽനിന്ന് അവൻ ഇവിടെ വന്നിരിക്കുന്നത്. എന്നാൽ ആ ഭാര്യ തന്റെ യജമാനന്റെ ബന്ധുക്കളുടെ ഇടയിൽനിന്ന് ആയിരിക്കുകയും വേണം. ഈ ദുഷ്‌കരമായ ദൗത്യം അവൻ എങ്ങനെ നിർവഹിക്കും?
എല്യേസറിനു പ്രാർഥനയുടെ ശക്തിയിൽ വിശ്വാസമുണ്ട്. ശ്രദ്ധേയവും കുട്ടികളുടേതിനു സമാനവുമായ പൂർണ വിശ്വാസത്തോടെ അവൻ ദൈവത്തോട് ഈ എളിയ അപേക്ഷ നടത്തുന്നു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്‌തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ. ഇതാ, ഞാൻ കിണററിന്നരികെ നില്‌ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്‌ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്‌ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപചെയ്‌തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.”—ഉല്‌പത്തി 24:12-14.
പ്രാർഥനയുടെ ശക്തിയിലുള്ള എല്യേസറിന്റെ വിശ്വാസം പോലെതന്നെ കാര്യങ്ങൾ നടക്കുന്നു. കിണറ്റിൻകരയിൽ എത്തുന്ന ആദ്യ സ്‌ത്രീതന്നെ അബ്രാഹാമിന്റെ സഹോദരപൗത്രിയാണ്! റിബെക്കാ എന്നാണ് അവളുടെ പേര്. അവിവാഹിതയായ അവൾ ധാർമിക ശുദ്ധിയുള്ളവളും സുന്ദരിയുമാണ്. അതിശയകരമെന്നു പറയട്ടെ, എല്യേസറിനു മാത്രമല്ല അവന്റെ എല്ലാ ഒട്ടകങ്ങൾക്കും ദാഹശമനത്തിനായി അവൾ വെള്ളം കൊടുക്കുന്നു. പിന്നീട്, വീട്ടുകാരുമായി ആലോചിച്ച ശേഷം, റിബെക്കാ അബ്രാഹാമിന്റെ പുത്രനായ യിസ്‌ഹാക്കിന്റെ ഭാര്യ ആകാൻ എല്യേസറിനോടൊപ്പം ദൂരദേശത്തേക്കു പോകാൻ സമ്മതിക്കുന്നു. ദൈവം മനുഷ്യ കാര്യാദികളിൽ ഇടയ്‌ക്കൊക്കെ അത്ഭുതകരമായി ഇടപെട്ടിരുന്ന ഒരു കാലത്ത്, എല്യേസറിന്റെ പ്രാർഥനയ്‌ക്ക് എത്ര വ്യക്തവും ശ്രദ്ധേയവുമായ ഒരു ഉത്തരമാണ് കിട്ടിയത്!
എല്യേസറിന്റെ പ്രാർഥനയിൽനിന്നു നമുക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അവന്റെ ശക്തമായ വിശ്വാസവും താഴ്‌മയും മറ്റുള്ളവരുടെ ആവശ്യങ്ങളിലുള്ള നിസ്വാർഥമായ താത്‌പര്യവും അതിൽ നിഴലിക്കുന്നു. മനുഷ്യരോട് യഹോവ ഇടപെടുന്ന വിധത്തോട് എല്യേസറിനുള്ള കീഴ്‌പെടലിനെയും അവന്റെ പ്രാർഥന വെളിപ്പെടുത്തുന്നു. ദൈവത്തിന് അബ്രാഹാമിനോടുള്ള പ്രത്യേക താത്‌പര്യത്തെയും അവൻ മുഖാന്തരം മുഴു മനുഷ്യവർഗത്തിനും ലഭിക്കാനിരിക്കുന്ന ഭാവി അനുഗ്രഹങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ വാഗ്‌ദാനത്തെയും കുറിച്ച് എല്യേസറിനു നന്നായി അറിയാമായിരുന്നു. (ഉല്‌പത്തി 12:3) അതുകൊണ്ട്, “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ” എന്നു പറഞ്ഞുകൊണ്ടാണ് എല്യേസർ തന്റെ പ്രാർഥന തുടങ്ങിയത്.
അനുസരണമുള്ള സകല മനുഷ്യരെയും അനുഗ്രഹിക്കുമായിരുന്ന ആ അബ്രാഹാമ്യ സന്തതി യേശുക്രിസ്‌തു ആയിരുന്നു. (ഉല്‌പത്തി 22:18) നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ദൈവം തന്റെ പുത്രൻ മുഖാന്തരം മനുഷ്യവർഗത്തോട് ഇടപെടുന്ന വിധത്തെ നാം താഴ്‌മയോടെ അംഗീകരിക്കേണ്ടതുണ്ട്. യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.”—യോഹന്നാൻ 15:7.
ഫിലിപ്പിയർ 4:6, 7, 13, NW) അതിനർഥം പൗലൊസിന്റെ എല്ലാ പ്രാർഥനകൾക്കും ഉത്തരം ലഭിച്ചു എന്നാണോ? നമുക്കു നോക്കാം.
യേശുവിന്റെ ഈ വാക്കുകളുടെ സത്യത ശരിക്കും അനുഭവിച്ചറിഞ്ഞ ഒരാളായിരുന്നു അവന്റെ അനുഗാമിയായിരുന്ന പൗലൊസ് അപ്പൊസ്‌തലൻ. പ്രാർഥനയിൽ അവനുണ്ടായിരുന്ന വിശ്വാസം ഒരിക്കലും അസ്ഥാനത്തായില്ല. എല്ലാ ആകുലതകളും ദൈവത്തിൽ അർപ്പിക്കാൻ സഹ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ച പൗലൊസ് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “ബലം നൽകുന്നവൻ ഹേതുവായി എനിക്കു സകലത്തിനും ശക്തിയുണ്ട്.” (എല്ലാ അപേക്ഷകൾക്കും ഉത്തരം ലഭിക്കുന്നില്ല
നിസ്വാർഥമായി ശുശ്രൂഷയിൽ ഏർപ്പെട്ട പൗലൊസിന് ‘ജഡത്തിലെ ശൂലം’ എന്ന് അവൻതന്നെ വിശേഷിപ്പിച്ച ഒരു കഷ്‌ടം ഉണ്ടായിരുന്നു. (2 കൊരിന്ത്യർ 12:7) ശത്രുക്കളും ‘കള്ളസഹോദരൻമാരും’ വരുത്തിവെച്ച മാനസികവും വൈകാരികവുമായ ക്ലേശമായിരുന്നിരിക്കാം ഈ കഷ്‌ടം. (2 കൊരിന്ത്യർ 11:26; ഗലാത്യർ 2:4) അല്ലെങ്കിൽ, ദീർഘകാലമായി ഉണ്ടായിരുന്ന ഒരു നേത്രരോഗം ആയിരുന്നിരിക്കാം അത്. (ഗലാത്യർ 4:15) ആ കഷ്‌ടം എന്തുതന്നെ ആയിരുന്നാലും, ഈ ‘ജഡത്തിലെ ശൂല’ത്തിന് പൗലൊസിന്റെ മേൽ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫലമാണ് ഉണ്ടായിരുന്നത്. “അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു” എന്ന് അവൻ എഴുതി. എന്നാൽ, പൗലൊസിന്റെ അപേക്ഷപ്രകാരം ആ കഷ്‌ടം നീങ്ങിക്കിട്ടിയില്ല. പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാനുള്ള ശക്തിപോലെ, അതിനോടകംതന്നെ ദൈവത്തിൽനിന്നു ലഭിച്ചിരുന്ന ആത്മീയ പ്രയോജനങ്ങൾ മതി എന്നായിരുന്നു പൗലൊസിനു കിട്ടിയ മറുപടി. മാത്രമല്ല, ദൈവം അവനോട് ഇങ്ങനെയും പറഞ്ഞു: “എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.”—2 കൊരിന്ത്യർ 12:8, 9.
എല്യേസറിന്റെയും പൗലൊസിന്റെയും ദൃഷ്‌ടാന്തങ്ങളിൽനിന്നു നമുക്ക് എന്താണു പഠിക്കാനുള്ളത്? യഹോവയെ താഴ്‌മയോടെ സേവിക്കാൻ ശ്രമിക്കുന്നവരുടെ പ്രാർഥനകൾ അവൻ തീർച്ചയായും കേൾക്കുന്നു. എന്നാൽ അവരുടെ അപേക്ഷകൾ എപ്പോഴും അവൻ നിവർത്തിച്ചുകൊടുക്കും എന്ന് ഇതിന് അർഥമില്ല. കാരണം, കാര്യങ്ങൾ സംബന്ധിച്ചു ദൈവത്തിനു ഒരു ദീർഘകാല വീക്ഷണമാണ് ഉള്ളത്. നമുക്ക് ഏറ്റവും ഉത്തമമായിരിക്കുന്നത് എന്തെന്ന് നമ്മെക്കാൾ അറിയാവുന്നത് അവനാണ്. എന്നിരുന്നാലും അതിലും പ്രധാനപ്പെട്ട സംഗതി, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന തന്റെ പ്രഖ്യാപിത ഉദ്ദേശ്യത്തിനു ചേർച്ചയിൽ അവൻ എപ്പോഴും പ്രവർത്തിക്കുന്നു എന്നതാണ്.
ആത്മീയ സൗഖ്യമാക്കലിന്റെ സമയം
തന്റെ പുത്രനായ യേശുവിന്റെ, ഭൂമിമേലുള്ള സഹസ്രാബ്‌ദ ഭരണകാലത്ത് മനുഷ്യവർഗത്തിന്റെ ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ രോഗങ്ങളും സൗഖ്യമാക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്യുന്നു. (വെളിപ്പാടു 20:1-3; 21:3-5) ആത്മാർഥതയുള്ള ക്രിസ്‌ത്യാനികൾ ആ വാഗ്‌ദത്ത ഭരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതിനെ യാഥാർഥ്യമാക്കാനുള്ള ദൈവത്തിന്റെ പ്രാപ്‌തിയിൽ അവർക്കു പൂർണ വിശ്വാസമുണ്ട്. അത്ഭുതകരമായ സൗഖ്യമാക്കലുകൾ അവർ ഇന്നു പ്രതീക്ഷിക്കുന്നില്ലെങ്കിലും, ആശ്വാസത്തിനും പീഡാനുഭവങ്ങളെ സഹിച്ചുനിൽക്കാനുള്ള ശക്തിക്കും വേണ്ടി അവർ ദൈവത്തോടു പ്രാർഥിക്കുന്നു. (സങ്കീർത്തനം 55:22) രോഗം വരുമ്പോൾ, തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള ഏറ്റവും മികച്ച ചികിത്സ ലഭിക്കാനായി അവർക്കു ദൈവത്തിന്റെ മാർഗനിർദേശത്തിനു വേണ്ടി പ്രാർഥിക്കാവുന്നതാണ്.
രോഗശാന്തിക്കു വേണ്ടി പ്രാർഥിക്കാൻ ചില മതങ്ങൾ രോഗികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതിനായി, യേശുവും അപ്പൊസ്‌തലന്മാരും നിർവഹിച്ച അത്ഭുതകരമായ സൗഖ്യമാക്കലുകളിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്. എന്നാൽ, അത്തരം അത്ഭുതങ്ങൾ ഒരു പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടിയാണ് നടത്തപ്പെട്ടത് എന്നോർക്കണം. ക്രിസ്‌തു, മിശിഹാ ആണെന്നും ഇനി മുതൽ ദൈവപ്രീതി ഉള്ളത് യഹൂദ ജനതയ്‌ക്കല്ല, മറിച്ച് ക്രിസ്‌തീയ സഭയ്‌ക്കാണെന്നും തെളിയിക്കാൻ അവ ഉതകി. പുതുതായി സ്ഥാപിതമായ ക്രിസ്‌തീയ സഭയുടെ വിശ്വാസം ബലപ്പെടുത്താൻ അത്ഭുത വരങ്ങൾ അക്കാലത്ത് ആവശ്യമായിരുന്നു. ആദിമ ക്രിസ്‌തീയ സഭ വേരുറച്ചു കഴിഞ്ഞപ്പോൾ അത്ഭുതകരമായ ആ വരങ്ങൾ ‘നീങ്ങിപ്പോയി.’—1 കൊരിന്ത്യർ 13:8, 11.
ഈ നിർണായക നാളുകളിൽ, സുപ്രധാനമായ ആത്മീയ സൗഖ്യമാക്കൽ നടത്താൻ യഹോവ തന്റെ ആരാധകരെ വഴിനടത്തുകയാണ്. ശേഷിച്ചിരിക്കുന്ന ഈ സമയത്ത് പിൻവരുന്ന ആഹ്വാനത്തോട് ആളുകൾ അടിയന്തിരമായി പ്രതികരിക്കേണ്ടതുണ്ട്: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:6, 7.
ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്താ പ്രസംഗത്തിലൂടെ അനുതാപമുള്ള പാപികളുടെ ഈ ആത്മീയ സൗഖ്യമാക്കൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. (മത്തായി 24:14) ജീവരക്ഷാകരമായ ഈ വേല നിർവഹിക്കാൻ യഹോവയാം ദൈവം തന്റെ ദാസന്മാരെ ശക്തീകരിക്കുന്നു. ഇപ്പോഴത്തെ ദുഷ്‌ട വ്യവസ്ഥിതിയുടെ അന്ത്യം വരുന്നതിനു മുമ്പ്, പാപങ്ങൾ സംബന്ധിച്ച് അനുതപിക്കാനും യഹോവയുമായി ഒരു അംഗീകൃത ബന്ധത്തിലേക്കു വരാനും പ്രസ്‌തുത വേലയിലൂടെ അവൻ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുകയാണ്. അത്തരം ആത്മീയ രോഗശാന്തി ലഭിക്കാൻ ആത്മാർഥമായി പ്രാർഥിക്കുകയും ഈ സൗഖ്യമാക്കൽ വേല നിർവഹിക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുകയും ചെയ്യുന്ന സകലർക്കും ഉത്തരം ലഭിക്കുകതന്നെ ചെയ്യുന്നു.
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്യേസറും റിബെക്കായും/The Doré Bible Illustrations/Dover Publications