വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ സേവിക്കുന്നതിന്‌ ലളിതമായ ജീവിതം നയിക്കുന്നു

യഹോവയെ സേവിക്കുന്നതിന്‌ ലളിതമായ ജീവിതം നയിക്കുന്നു

ജീവിത കഥ

യഹോവയെ സേവിക്കുന്നതിന്‌ ലളിതമായ ജീവിതം നയിക്കുന്നു

ക്ലാര ഗെർബെർ മോയർ പറഞ്ഞ പ്രകാരം

എനിക്കിപ്പോൾ 92 വയസ്സായി. നടക്കാൻ നന്നേ ബുദ്ധിമുട്ടാണ്‌. പക്ഷേ എന്റെ ഓർമശക്തിക്ക്‌ തെല്ലും മങ്ങലേറ്റിട്ടില്ല. കുട്ടിക്കാലം മുതൽ യഹോവയെ സേവിക്കാനുള്ള പദവി ലഭിച്ചതിൽ ഞാനെത്ര നന്ദിയുള്ളവളാണെന്നോ! ആർഭാടങ്ങളില്ലാത്ത, ലളിതമായ ഒരു ജീവിതം നയിച്ചത്‌, ഞാൻ അമൂല്യമായി കരുതുന്ന ആ പദവിയിൽ തുടരാൻ എന്നെ എന്തുമാത്രമാണ്‌ സഹായിച്ചത്‌ എന്നു പറഞ്ഞറിയിക്കാനാകില്ല.

ആയിരത്തിത്തൊള്ളായിരത്തേഴ്‌ ആഗസ്റ്റ്‌ 18-ാം തീയതി ഒഹായോവിലുള്ള അലൈയൻസിൽ അഞ്ചു കുട്ടികളിൽ മൂത്തവളായിട്ടായിരുന്നു എന്റെ ജനനം. എനിക്ക്‌ എട്ടുവയസ്സുണ്ടായിരുന്നപ്പോൾ, ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌—ഒരു മുഴുസമയ ശുശ്രൂഷകൻ സൈക്കിളിൽ ഞങ്ങളുടെ ഡയറിഫാമിലേക്കു വന്നു. വാതിൽക്കൽ വെച്ച്‌ അദ്ദേഹം എന്റെ അമ്മ ലോറാ ഗെർബെറുമായി സംസാരിച്ചു. ദുഷ്ടത അനുവദിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം അറിയാമോ എന്നദ്ദേഹം ചോദിച്ചു. അമ്മയെ സദാ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു അത്‌.

അന്നേരം വൈക്കോൽപ്പുരയിൽ ആയിരുന്ന പിതാവിനോട്‌ അനുവാദം ചോദിച്ചിട്ട്‌ അമ്മ വേദാധ്യയന പത്രികയുടെ ആറു വാല്യങ്ങൾക്കുള്ള ഓർഡർ നൽകി. അവയെല്ലാം അമ്മ അതീവ താത്‌പര്യത്തോടെയാണു വായിച്ചത്‌. താൻ മനസ്സിലാക്കിക്കൊണ്ടിരുന്ന ബൈബിൾ സത്യങ്ങൾ അമ്മയെ ആഴത്തിൽ സ്‌പർശിച്ചു. പുതുസൃഷ്ടി എന്ന ആറാമത്തെ വാല്യം പഠിച്ചുകഴിഞ്ഞതോടെ ജലനിമജ്ജനത്താലുള്ള ക്രിസ്‌തീയ സ്‌നാപനത്തിന്റെ ആവശ്യം അമ്മയ്‌ക്കു വ്യക്തമായി മനസ്സിലായി. ബൈബിൾ വിദ്യാർഥികളെ എവിടെപ്പോയി തേടിപ്പിടിക്കും എന്ന്‌ അമ്മയ്‌ക്ക്‌ അറിഞ്ഞുകൂടായിരുന്നു. അതുകൊണ്ട്‌, തന്നെ സ്‌നാനപ്പെടുത്താൻ അമ്മ ഡാഡിയോട്‌ ആവശ്യപ്പെട്ടു. അങ്ങനെ, 1916 മാർച്ച്‌ മാസത്തിൽ നല്ല തണുപ്പായിരുന്നിട്ടും ഫാമിലെ കൊച്ചരുവിയിൽ അമ്മ സ്‌നാപനമേറ്റു.

അതിനുശേഷം അധികംതാമസിയാതെ, ഒരു പ്രസംഗത്തെക്കുറിച്ചു പത്രത്തിൽ വന്ന പരസ്യം അമ്മ കാണാനിടയായി. അലൈയൻസിലെ ഡോട്ടേഴ്‌സ്‌ ഓഫ്‌ വെറ്ററൻസ്‌ ഹാളിൽ വെച്ച്‌ നടത്തപ്പെടാനിരുന്ന അതിന്റെ വിഷയം “യുഗങ്ങളുടെ ദൈവികനിർണയം” എന്നായിരുന്നു. അത്‌ അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റി. കാരണം വേദാധ്യയന പത്രികയുടെ ഒന്നാം വാല്യത്തിന്റെ ശീർഷകവും അതുതന്നെയായിരുന്നു. അങ്ങനെ, ഞങ്ങൾ സകുടുംബം കുതിരവണ്ടിയിൽ ഞങ്ങളുടെ ആദ്യത്തെ യോഗത്തിനു പോയി. പിന്നീടങ്ങോട്ട്‌, ഞായറാഴ്‌ചകളിലെയും ബുധനാഴ്‌ചകളിലെയും വൈകുന്നേരങ്ങളിൽ സഹോദരങ്ങളുടെ വീടുകളിൽ വെച്ചുനടത്തിയിരുന്ന യോഗങ്ങളിൽ ഞങ്ങൾ പതിവായി സംബന്ധിക്കാൻ തുടങ്ങി. താമസിയാതെ, ക്രിസ്‌തീയ സഭയുടെ ഒരു പ്രതിനിധി അമ്മയെ വീണ്ടും സ്‌നാപനപ്പെടുത്തി. എപ്പോഴും ഫാമിലെ പണിത്തിരക്കുകളുമായി കഴിഞ്ഞിരുന്ന ഡാഡി ക്രമേണ ബൈബിൾ പഠിക്കാൻ താത്‌പര്യം കാണിച്ചു തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം അദ്ദേഹവും സ്‌നാപനമേറ്റു.

നേതൃത്വമെടുക്കുന്നവരെ കണ്ടുമുട്ടുന്നു

വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജെ. എഫ്‌. റഥർഫോർഡ്‌ 1917 ജൂൺ 10-ാം തീയതി അലൈയൻസിലെത്തി. “രാഷ്‌ട്രങ്ങൾ യുദ്ധം ചെയ്യുന്നത്‌ എന്തുകൊണ്ട്‌?” എന്ന വിഷയത്തെക്കുറിച്ച്‌ അദ്ദേഹം പ്രസംഗിച്ചു. എനിക്കപ്പോൾ ഒമ്പതു വയസ്സാണ്‌. അനുജന്മാരായ വില്ലിയും ചാൾസും ഡാഡിയും മമ്മയുമൊത്ത്‌ ഞാനും അതു കേൾക്കാൻ പോയി. നൂറിലധികം പേരാണ്‌ അന്ന്‌ അവിടെ കൂടിവന്നത്‌. റഥർഫോർഡ്‌ സഹോദരന്റെ പ്രസംഗം കഴിഞ്ഞപ്പോൾ, ഹാജരായിരുന്നവരിൽ മിക്കവരും തന്നെ പ്രസംഗം നടന്ന കൊളംബിയ തിയേറ്ററിന്റെ പുറത്തുവെച്ച്‌ ഫോട്ടോയ്‌ക്കു പോസ്‌ ചെയ്യുകയുണ്ടായി. അതിന്റെ പിറ്റേ ആഴ്‌ച അതേ സ്ഥലത്തുവെച്ച്‌, എ. എച്ച്‌. മാക്‌മില്ലൻ “ആസന്നമായിരിക്കുന്ന ദൈവരാജ്യം” എന്ന പ്രസംഗം നടത്തി. ഞങ്ങളുടെ കൊച്ചുപട്ടണം സന്ദർശിക്കാൻ ഈ സഹോദരന്മാർ എത്തിയത്‌ ഒരു പദവിയായി ഞാൻ കാണുന്നു.

അവിസ്‌മരണീയമായ ആദ്യകാല കൺവെൻഷനുകൾ

1918-ൽ ഒഹായോവിലെ ആറ്റ്‌വോട്ടറിൽ വെച്ചു നടന്ന കൺവെൻഷനായിരുന്നു എന്റെ ആദ്യത്തെ കൺവെൻഷൻ. അലൈയൻസിൽ നിന്ന്‌ ഏതാനും കിലോമീറ്റർ ദൂരമേയുണ്ടായിരുന്നുള്ളൂ അവിടേക്ക്‌. അവിടെവെച്ച്‌, എനിക്കു സ്‌നാപനമേൽക്കാനുള്ള പ്രായമായിക്കാണുമോ എന്നു മമ്മ സൊസൈറ്റിയുടെ പ്രതിനിധിയോട്‌ ആരാഞ്ഞു. ദൈവേഷ്ടം ചെയ്യുന്നതിന്‌ ഞാൻ അപ്പോഴേക്കും സാധുവായ ഒരു സമർപ്പണം നടത്തിക്കഴിഞ്ഞിരുന്നു എന്ന്‌ എനിക്കു തോന്നി. അതുകൊണ്ട്‌, വലിയൊരു ആപ്പിൾത്തോട്ടത്തിന്‌ അരികിലുണ്ടായിരുന്ന ഒരു അരുവിയിൽ ആ ദിവസം തന്നെ സ്‌നാപനമേൽക്കാൻ എനിക്ക്‌ അനുവാദം കിട്ടി. വസ്‌ത്രം മാറ്റുന്നതിന്‌ സഹോദരങ്ങൾ ഒരു കൂടാരം കെട്ടി ഉയർത്തിയിരുന്നു. കട്ടികൂടിയ പഴയൊരു നൈറ്റ്‌ഗൗൺ ആയിരുന്നു എന്റെ സ്‌നാപനവസ്‌ത്രം.

1919 സെപ്‌റ്റംബറിൽ മമ്മയുടെയും ഡാഡിയുടെയും ഒപ്പം ട്രെയിനിൽ ഞാൻ ഒഹായോവിലെ ഇറി തടാകക്കരയിലുള്ള സാൻഡസ്‌കിയിലേക്കു യാത്ര തിരിച്ചു. അവിടെനിന്ന്‌ ഒരു കടത്തുബോട്ടിൽ കയറിയ ഞങ്ങൾ അൽപ്പ സമയത്തിനകം അവിസ്‌മരണീയമായ ആ കൺവെൻഷൻ നടക്കാനിരുന്ന സ്ഥലത്ത്‌ എത്തിച്ചേർന്നു—സീഡാർ പോയന്റിൽ. ബോട്ടിൽ നിന്നിറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കടയിൽനിന്ന്‌ എനിക്ക്‌ ഒരു ഹാംബർഗർ വാങ്ങിത്തന്നു. എന്നെ സംബന്ധിച്ചിടത്തോളം അന്നൊക്കെ അത്‌ വലിയ ഒരു കാര്യമായിരുന്നു. അതിന്റെ രുചി ഇന്നും എന്റെ നാവിൻ തുമ്പത്തുണ്ട്‌! എട്ടു ദിവസത്തെ ആ കൺവെൻഷന്റെ അത്യുച്ച ഹാജർ 7,000 ആയിരുന്നു. അന്ന്‌ മൈക്കും സ്‌പീക്കറും ഒന്നുമില്ലായിരുന്നതിനാൽ, വളരെ ശ്രദ്ധയോടെ ഇരുന്നെങ്കിൽ മാത്രമേ എനിക്കു കേൾക്കാൻ സാധിക്കുമായിരുന്നുള്ളൂ.

വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസികയായ സുവർണയുഗം (ഇപ്പോഴത്തെ ഉണരുക!) പ്രകാശനം ചെയ്‌തത്‌ ഈ കൺവെൻഷനിൽ വെച്ചാണ്‌. അതിൽ സംബന്ധിച്ചതു നിമിത്തം സ്‌കൂൾ തുറന്ന ആദ്യത്തെ ഒരാഴ്‌ച എനിക്കു ക്ലാസ്സിൽ പോകാൻ കഴിഞ്ഞില്ല. കൺവെൻഷൻ പക്ഷേ അതിനു തക്ക മൂല്യമുള്ളതായിരുന്നു. ഒരു ഒഴിവുകാല സങ്കേതമായിരുന്നു സീഡാർ പോയന്റ്‌. അവിടത്തെ റെസ്റ്ററന്റിൽ കൺവെൻഷൻ പ്രതിനിധികൾക്ക്‌ ആഹാരം പാകംചെയ്യുന്നതിന്‌ പാചകക്കാരെ ഏർപ്പാടാക്കിയിരുന്നു. എന്നാൽ, എന്തോ കാരണത്താൽ പാചകക്കാരും വിളമ്പുകാരും പണിമുടക്കി. പാചകമറിയാവുന്ന ക്രിസ്‌തീയ സഹോദരന്മാർ ഉത്സാഹപൂർവം ആ ജോലി ഏറ്റെടുത്തു. തുടർന്നിങ്ങോട്ട്‌ ദശാബ്ദങ്ങളോളം സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ആവശ്യമുള്ള ആഹാരം യഹോവയുടെ ജനം സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു.

1922 സെപ്‌റ്റംബറിൽ, ഒമ്പതു ദിവസം നീണ്ടുനിന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കുന്നതിന്‌ ഞങ്ങൾ സീഡാർ പോയന്റിൽ മടങ്ങിയെത്തി. ആ കൺവെൻഷന്റെ അത്യുച്ചഹാജർ 18,000-ത്തിലധികം ആയിരുന്നു. “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ” എന്ന്‌ റഥർഫോർഡ്‌ സഹോദരൻ ആഹ്വാനം ചെയ്‌തത്‌ ഈ കൺവെൻഷനിൽ വെച്ചായിരുന്നു. എങ്കിലും ഞാൻ അതിനൊക്കെ ഏതാനും വർഷങ്ങൾക്കു മുമ്പേ ലഘുലേഖകളും സുവർണയുഗവും വിതരണം ചെയ്‌തുകൊണ്ടുള്ള എന്റെ വ്യക്തിപരമായ ശുശ്രൂഷയ്‌ക്കു തുടക്കം കുറിച്ചിരുന്നു.

ശുശ്രൂഷയോടുള്ള വിലമതിപ്പ്‌

1918-ന്റെ ആരംഭത്തിൽ, അടുത്തുള്ള ഫാമുകളിലൊക്കെ ബാബിലോന്റെ പതനം (ഇംഗ്ലീഷ്‌) എന്ന ലഘുലേഖ വിതരണം ചെയ്യുന്നതിൽ ഞാൻ പങ്കെടുത്തു. നല്ല തണുപ്പ്‌ ആയിരുന്നതിനാൽ, കുതിരവണ്ടിയിൽ പോകുമ്പോൾ കാലിന്‌ ചൂടു കിട്ടുന്നതിന്‌ വിറകടുപ്പിൽ വെച്ചു ചൂടാക്കിയെടുത്ത ഒരു സോപ്പുകല്ല്‌ കൂടെ കൊണ്ടുപോകുമായിരുന്നു. നല്ല കട്ടിയുള്ള കോട്ടുകളും തൊപ്പികളും ഒക്കെയായിരുന്നു ഞങ്ങൾ ധരിച്ചിരുന്നത്‌. കാരണം, കുതിരവണ്ടിക്ക്‌ മേൽമൂടിയും സൈഡ്‌കർട്ടനുകളും ഉണ്ടായിരുന്നെങ്കിലും ഹീറ്റർ ഉണ്ടായിരുന്നില്ല. എന്നാലും ആ ദിനങ്ങൾ സന്തോഷം നിറഞ്ഞവയായിരുന്നു.

1920-ൽ, പൂർത്തിയായ മർമം എന്ന പുസ്‌തകത്തിന്റെ മാസികാരൂപത്തിലുള്ള ഒരു പ്രത്യേക പതിപ്പ്‌ പുറത്തിറങ്ങി. * അത്‌ ZG എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഞാനും മമ്മയും ഡാഡിയും അലൈയൻസിൽ ഇത്‌ വിതരണം ചെയ്‌തു. അന്നൊക്കെ ഞങ്ങൾ വീടുകൾ തോറും പോയിരുന്നത്‌ ഒറ്റയ്‌ക്ക്‌ ഒറ്റയ്‌ക്കായിരുന്നു. അതുകൊണ്ട്‌, ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിലും ഞാൻ തനിയെ ഒരു വീടിന്റെ പൂമുഖത്തേക്ക്‌—അവിടെയാണെങ്കിൽ കുറെപ്പേർ ഇരിപ്പുണ്ടായിരുന്നു—നട കയറിച്ചെന്നു. എന്റെ അവതരണം കേട്ടു കഴിഞ്ഞപ്പോൾ അക്കൂട്ടത്തിൽ ഒരു സ്‌ത്രീ പറഞ്ഞു: “എത്ര മനോഹരമായിട്ടാണ്‌ അവൾ ആ കൊച്ചുപ്രസംഗം നടത്തിയത്‌!” അവർ എന്റെ പക്കൽ നിന്ന്‌ ആ പ്രസിദ്ധീകരണം വാങ്ങുകയും ചെയ്‌തു. അന്ന്‌ ഞാൻ 13 ZG സമർപ്പിച്ചു. വീടുതോറുമുള്ള ശുശ്രൂഷയിൽ ഞാൻ താരതമ്യേന ദൈർഘ്യമേറിയ ഔപചാരിക അവതരണങ്ങൾ നടത്താൻ തുടങ്ങിയത്‌ അന്നായിരുന്നു.

ഞാൻ ഒമ്പതാം തരത്തിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അമ്മയ്‌ക്ക്‌ ന്യുമോണിയ പിടിപെട്ടു. ഒരു മാസത്തിലധികം കാലം അമ്മ കിടപ്പിലായി. ഏറ്റവും ഇളയ അനുജത്തി ഹേസൽ അന്നു തീരെ കുഞ്ഞാണ്‌. അതുകൊണ്ട്‌, ഫാമിലെ പണികളിൽ സഹായിക്കുന്നതിനും ഇളയ കുട്ടികളുടെ കാര്യം നോക്കുന്നതിനുമൊക്കെയായി ഞാൻ സ്‌കൂളിൽ പോക്കു നിറുത്തി. പക്ഷേ അപ്പോഴും ഞങ്ങളുടെ കുടുംബം, ബൈബിൾ സത്യം വളരെ ഗൗരവമായിട്ട്‌ എടുത്തിരുന്നു. എല്ലാ സഭായോഗങ്ങൾക്കും ഞങ്ങൾ മുടങ്ങാതെ ഹാജരാകുമായിരുന്നു.

1928-ലെ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാഘോഷ വേളയിൽ ഹാജരായിരുന്ന എല്ലാവർക്കും, “ആ ഒമ്പതു പേർ എവിടെ?” (ഇംഗ്ലീഷ്‌) എന്ന ലഘുലേഖ നൽകുകയുണ്ടായി. ലൂക്കൊസ്‌ 17:11-19 വരെയുള്ള ഭാഗങ്ങളുടെ വിശദീകരണമായിരുന്നു അതിൽ. അത്ഭുതകരമായി സുഖപ്പെടുത്തപ്പെട്ട പത്തു കുഷ്‌ഠരോഗികളിൽ ഒരാൾ മാത്രം മടങ്ങിവന്ന്‌ താഴ്‌മയോടെ യേശുവിന്‌ നന്ദി പറയുന്ന ഭാഗമാണത്‌. അത്‌ എന്റെ ഹൃദയത്തെ സ്‌പർശിച്ചു. ‘എനിക്ക്‌ എത്രമാത്രം വിലമതിപ്പുണ്ട്‌?’ എന്നു ഞാൻ സ്വയം ചോദിച്ചു.

വീട്ടിൽ പറയത്തക്ക ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ഒന്നും ഇല്ലാതിരുന്ന സമയമായിരുന്നു അത്‌. എനിക്കായിരുന്നെങ്കിൽ, നല്ല ആരോഗ്യമുണ്ടായിരുന്നു, ബാധ്യതകൾ ഒന്നും ഉണ്ടായിരുന്നതുമില്ല. അതുകൊണ്ട്‌, വീട്ടിൽ നിന്നുപോയി പയനിയർ ശുശ്രൂഷ—മുഴുസമയ ശുശ്രൂഷ ഈ പേരിലാണ്‌ അറിയപ്പെടുന്നത്‌—ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ തീരുമാനത്തെ മാതാപിതാക്കളും പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഒടുവിൽ, എനിക്ക്‌ പയനിയറിങ്ങിനുള്ള നിയമനം ലഭിച്ചു. അങ്ങനെ, 1928 ആഗസ്റ്റ്‌ 28-ാം തീയതി രാത്രി 9 മണിയുടെ ട്രെയിനിൽ ഞാനും പയനിയർ പങ്കാളിയായിരുന്ന ആഗ്നസ്‌ ആലേറ്റയും ഞങ്ങളുടെ നിയമിത പ്രദേശത്തേക്കു തിരിച്ചു. ഒരു സ്യൂട്ട്‌കേസും ബൈബിൾ സാഹിത്യങ്ങൾ എടുക്കുന്നതിന്‌ ഒരു പുസ്‌തകസഞ്ചിയും മാത്രമേ ഞങ്ങൾക്ക്‌ ഓരോരുത്തർക്കും ഉണ്ടായിരുന്നുള്ളൂ. സ്റ്റേഷനിൽ വെച്ച്‌ ഞങ്ങളോടു യാത്ര പറയുമ്പോൾ ഡാഡിയും മമ്മയും അനുജത്തിമാരും കരയുകയായിരുന്നു. ഞങ്ങളും കരഞ്ഞുപോയി. വീണ്ടും ഒരിക്കലും അവരെ കാണാൻ കഴിയാത്തവിധം അർമഗെദോൻ അത്ര അടുത്തായിക്കഴിഞ്ഞിരുന്നു എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പിറ്റേന്നുരാവിലെ, ഞങ്ങൾ കെന്റക്കിയിലെ ബ്രുക്ക്‌സ്‌വില്ലിൽ ഉള്ള നിയമിത പ്രദേശത്ത്‌ എത്തിച്ചേർന്നു.

ഒരു ബോർഡിങ്‌ ഹൗസിൽ ചെറിയൊരു മുറി ഞങ്ങൾ വാടകയ്‌ക്കെടുത്തു. ഞങ്ങൾ തന്നെ തയ്യാറാക്കിയ സാൻഡ്‌വിച്ചും പിന്നെ ടിന്നിൽ കിട്ടുന്ന സ്‌പഗെറ്റിയുമായിരുന്നു ഞങ്ങളുടെ ആഹാരം. ശുശ്രൂഷയ്‌ക്കായി വ്യത്യസ്‌ത ദിശകളിലേക്കായിരുന്നു ഞങ്ങൾ ദിവസവും പൊയ്‌ക്കൊണ്ടിരുന്നത്‌. വീടുതോറുമുള്ള പ്രവർത്തനത്തിൽ ഞങ്ങൾ ഒറ്റയ്‌ക്ക്‌ ഒറ്റയ്‌ക്കാണ്‌ ഏർപ്പെട്ടത്‌. ബയൻഡിട്ട അഞ്ചു പുസ്‌തകങ്ങൾ 1.98 ഡോളർ സംഭാവനയ്‌ക്ക്‌ വീട്ടുകാർക്കു കൊടുക്കുമായിരുന്നു. ക്രമേണ ഞങ്ങൾ പട്ടണം മുഴുവൻ പ്രവർത്തിച്ചുതീർത്തു. ബൈബിളിൽ നല്ല താത്‌പര്യം പ്രകടമാക്കിയ അനേകരെ കണ്ടെത്തുന്നതിന്‌ ഞങ്ങൾക്കു കഴിഞ്ഞു.

ഏകദേശം മൂന്നുമാസം കൊണ്ട്‌, ബ്രുക്ക്‌സ്‌വിൽ, ഓഗസ്റ്റ എന്നിവിടങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാവരുടെയും പക്കൽ സുവാർത്ത എത്തിക്കാൻ ഞങ്ങൾക്കു സാധിച്ചു. അതുകൊണ്ട്‌ ഞങ്ങൾ, മെയ്‌സ്‌വിൽ, പാരീസ്‌, റിച്ച്‌മണ്ട്‌ എന്നീ പട്ടണങ്ങളിൽ പ്രവർത്തിക്കാനായി പോയി. തുടർന്നുള്ള മൂന്നുവർഷം കൊണ്ട്‌, സഭകളൊന്നും ഇല്ലാതിരുന്ന കെന്റക്കിയിലെ അനേകം കൗണ്ടികൾ ഞങ്ങൾ പ്രവർത്തിച്ചുതീർത്തു. ഞങ്ങളോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന്‌ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒഹായോവിൽ നിന്ന്‌ മിക്കപ്പോഴും വണ്ടിയിൽ വന്നെത്തുമായിരുന്നു. ഒരാഴ്‌ചയോ അതിൽക്കൂടുതലോ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിനു ശേഷമേ അവർ മടങ്ങുമായിരുന്നുള്ളൂ.

മറ്റ്‌ അവിസ്‌മരണീയ കൺവെൻഷനുകൾ

1931 ജൂലൈ 24 മുതൽ 30 വരെ ഒഹായോവിലെ കൊളംബസിൽ നടന്ന കൺവെൻഷൻ തികച്ചും അവിസ്‌മരണീയമായിരുന്നു. യഹോവയുടെ സാക്ഷികൾ എന്ന ബൈബിളധിഷ്‌ഠിത പേരിൽ നാം അറിയപ്പെടുമെന്ന കാര്യം പ്രഖ്യാപിക്കപ്പെട്ടത്‌ അവിടെവെച്ചാണ്‌. (യെശയ്യാവ്‌ 43:12) അതിനുമുമ്പ്‌, ഏതുമതത്തിൽ പെട്ടവരാണ്‌ എന്ന്‌ ആളുകൾ ചോദിക്കുമ്പോഴൊക്കെ, “അന്തർദേശീയ ബൈബിൾ വിദ്യാർഥികൾ” എന്നായിരുന്നു ഞങ്ങൾ മറുപടി പറഞ്ഞിരുന്നത്‌. എന്നാൽ, അതു ഞങ്ങളെ മറ്റുള്ളവരിൽ നിന്നു വ്യക്തമായി വേർതിരിച്ചുകാണിച്ചിരുന്നില്ല. കാരണം, മറ്റു മതവിഭാഗങ്ങളോടു ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ബൈബിൾ വിദ്യാർഥികളും അന്നുണ്ടായിരുന്നു.

ആ സമയമായപ്പോഴേക്കും എന്റെ പയനിയർ പങ്കാളിയായ ആഗ്നസിന്റെ വിവാഹം കഴിഞ്ഞിരുന്നു. അങ്ങനെ ഞാൻ ഒറ്റയ്‌ക്കായി. അതുകൊണ്ട്‌, പയനിയർ പങ്കാളികളെ തേടുന്നവർ ഇന്നയിടത്തു ചെല്ലണമെന്ന അറിയിപ്പ്‌ കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അവിടെ വെച്ച്‌, ബെർത്ത ഗാർട്ടി, എൽസി ഗാർട്ടി, ബെസ്സി എൻസ്‌മിംഗർ എന്നിവരെ ഞാൻ കണ്ടുമുട്ടി. രണ്ടു കാറുകൾ ഉണ്ടായിരുന്ന അവർ നാലാമതൊരു പയനിയർ സഹോദരിയെ തേടുകയായിരുന്നു. യാതൊരു മുൻപരിചയവും ഇല്ലായിരുന്നെങ്കിലും കൺവെൻഷൻ സ്ഥലത്തു നിന്നു ഞങ്ങൾ ഒരുമിച്ചാണ്‌ മടങ്ങിയത്‌.

വേനൽക്കാലത്ത്‌ ഞങ്ങൾ പെൻസിൽവേനിയാ സംസ്ഥാനത്ത്‌ ഉടനീളം പ്രവർത്തിച്ചു. പിന്നീട്‌, ശൈത്യകാലം അടുത്തപ്പോൾ താരതമ്യേന തണുപ്പു കുറവായിരുന്ന നോർത്ത്‌ കരോലിന, വിർജീനിയ, മേരിലാൻഡ്‌ എന്നീ തെക്കൻ സംസ്ഥാനങ്ങളിലേക്ക്‌ ഞങ്ങൾ നിയമനത്തിനായി അപേക്ഷിച്ചു. വസന്തകാലം ആയപ്പോഴേക്ക്‌ ഞങ്ങൾ ഐക്യനാടുകളുടെ വടക്കു ഭാഗത്തേക്കു മടങ്ങി. അക്കാലത്തെ പയനിയർമാരെല്ലാം അങ്ങനെയായിരുന്നു ചെയ്‌തിരുന്നത്‌. ഇതേ രീതി അവലംബിച്ചിരുന്ന ജോൺ ബൂത്തും റൂഡോൾഫ്‌ അബൂളും 1934-ൽ കെന്റക്കിയിലെ ഹാസാർഡിലേക്ക്‌ പോയപ്പോൾ, ഒപ്പം റാൽഫ്‌ മോയറെയും അനുജൻ വില്ലാർഡിനെയും കൂട്ടി.

റാൽഫിനെ ഞാൻ പല പ്രാവശ്യം കണ്ടുമുട്ടിയിട്ടുണ്ടായിരുന്നെങ്കിലും 1935 മേയ്‌ 30 മുതൽ ജൂൺ 3 വരെ വാഷിങ്‌ടൺ ഡി. സി.-യിൽ നടന്ന വലിയ കൺവെൻഷനിൽ വെച്ചാണ്‌ ഞങ്ങൾ അടുത്തു പരിചയപ്പെട്ടത്‌. “മഹാസംഘ”ത്തെ അഥവാ “മഹാപുരുഷാര”ത്തെ കുറിച്ചുള്ള പ്രസംഗം നടന്നപ്പോൾ ഞാനും റാൽഫും ബാൽക്കണിയിൽ അടുത്തടുത്ത ഇരിപ്പിടങ്ങളിൽ ആണ്‌ ഇരുന്നിരുന്നത്‌. (വെളിപ്പാടു 7:9-14) അത്രയും നാൾ ഞങ്ങൾ വിശ്വസിച്ചിരുന്നത്‌, മഹാപുരുഷാരം സ്വർഗീയ പ്രത്യാശയുള്ള, എന്നാൽ 1,44,000 പേരെക്കാൾ വിശ്വസ്‌തത കുറഞ്ഞവരുടെ ഒരു കൂട്ടമാണ്‌ എന്നാണ്‌. (വെളിപ്പാടു 14:1-3) അതുകൊണ്ട്‌, എനിക്ക്‌ അവരിൽ ഒരാളാകുകയേ വേണ്ടായിരുന്നു!

അർമഗെദോനെ അതിജീവിക്കുന്ന വിശ്വസ്‌തരായ ആളുകളുടെ ഭൗമികവർഗമാണ്‌ മഹാപുരുഷാരം എന്നു റഥർഫോർഡ്‌ സഹോദരൻ വിശദീകരിച്ചപ്പോൾ പലരും അത്ഭുതപ്പെട്ടുപോയി. അതിനുശേഷം, അദ്ദേഹം മഹാപുരുഷാരത്തിൽപ്പെട്ടവരെയെല്ലാം എഴുന്നേറ്റു നിൽക്കാൻ ക്ഷണിച്ചു. ഞാൻ എഴുന്നേറ്റില്ല, പക്ഷേ റാൽഫ്‌ എഴുന്നേറ്റു നിന്നു. പിന്നീട്‌, കാര്യങ്ങൾ എനിക്കു കൂടുതൽ വ്യക്തമായി മനസ്സിലായി. അതുകൊണ്ട്‌, 1935-നു ശേഷം ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാഘോഷത്തിൽ, ചിഹ്നങ്ങളായ അപ്പത്തിലും വീഞ്ഞിലും ഞാൻ പങ്കുപറ്റിയില്ല. അമ്മ പക്ഷേ, 1957 നവംബറിൽ മരിക്കുന്നതുവരെ അപ്പവീഞ്ഞുകളിൽ പങ്കുപറ്റിയിരുന്നു.

ഒരു സ്ഥിരം പങ്കാളി

റാൽഫും ഞാനും കത്തുകളിലൂടെ സമ്പർക്കം പുലർത്തുന്നതിൽ തുടർന്നു. ഞാൻ ന്യൂയോർക്കിലെ ലേക്ക്‌ പ്ലാസിഡിലും അദ്ദേഹം പെൻസിൽവേനിയയിലും ആയിരുന്നു പ്രവർത്തിച്ചിരുന്നത്‌. 1936-ൽ, അദ്ദേഹം കാറിന്റെ ഒപ്പം വലിച്ചുകൊണ്ടുപോകാവുന്ന ഒരു ചെറിയ ട്രെയ്‌ലർ (വാഹനഭവനം) നിർമിച്ചു. അദ്ദേഹം അത്‌ പെൻസിൽവേനിയയിലെ പോട്ട്‌സ്‌ടൗണിൽ നിന്ന്‌ ന്യൂ ജേഴ്‌സിയിലെ ന്യൂവാർക്കിലേക്ക്‌ കൊണ്ടുവന്നു. ഒക്ടോബർ 16 മുതൽ 18 വരെ അവിടെ ഒരു കൺവെൻഷൻ നടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട്‌ പരിപാടി തീർന്ന ശേഷം ഞങ്ങൾ കുറെ പയനിയർമാർ ചേർന്ന്‌ റാൽഫിന്റെ പുതിയ ട്രെയിലർ കാണാൻ പോയി. ഞാനും റാൽഫും ട്രെയിലറിന്‌ അകത്തു ഘടിപ്പിച്ചിരുന്ന ചെറിയ സിങ്കിന്റെ അരികിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹം അതു ചോദിച്ചത്‌, “ഈ ട്രെയിലർ ഇഷ്ടപ്പെട്ടോ?”

ഉവ്വ്‌ എന്ന അർഥത്തിൽ ഞാൻ തലയാട്ടിയപ്പോൾ അദ്ദേഹം ചോദിച്ചു, “ഇതിനകത്ത്‌ താമസിക്കാൻ തോന്നുന്നുണ്ടോ?”

“ഉം,” ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നെ മൃദുവായി ചുംബിച്ചു. ജീവിതത്തിലൊരിക്കലും എനിക്കതു മറക്കാൻ കഴിയില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം, ഞങ്ങൾക്ക്‌ വിവാഹം കഴിക്കുന്നതിനുള്ള നിയമാനുമതി ലഭിച്ചു. കൺവെൻഷൻ തീർന്നതിന്റെ പിറ്റേ ദിവസം, ഒക്ടോബർ 19-ാം തീയതി ഞങ്ങൾ ബ്രുക്ലിനിലേക്കു പോയി. അവിടെ, വാച്ച്‌ ടവർ സൊസൈറ്റിയുടെ അച്ചടി സൗകര്യങ്ങളെല്ലാം ഞങ്ങൾ ചുറ്റിനടന്നു കണ്ടു. അതിനുശേഷം, പുതിയൊരു പ്രദേശത്തേക്കു നിയമനം കിട്ടുമോ എന്നു ഞങ്ങൾ അന്വേഷിച്ചു. ഗ്രാന്റ്‌ സ്യൂട്ടർ ആയിരുന്നു പ്രദേശങ്ങൾ നിയമിച്ചു നൽകാൻ ചുമതലപ്പെട്ടയാൾ. ആരായിരിക്കും പുതിയ പ്രദേശത്തു പ്രവർത്തിക്കുന്നത്‌ എന്ന്‌ അദ്ദേഹം ചോദിച്ചു. “ഞങ്ങൾ,” റാൽഫ്‌ പറഞ്ഞു, “വിവാഹിതരാകാൻ ഞങ്ങൾക്കു സൗകര്യം ചെയ്‌തുതരാമെങ്കിൽ.”

“വൈകിട്ട്‌ 5 മണിക്കു മടങ്ങിയെത്താമെങ്കിൽ നമുക്കത്‌ ശരിയാക്കാം,” സ്യൂട്ടർ സഹോദരൻ മറുപടി നൽകി. അങ്ങനെ, ബ്രുക്ലിൻ ഹൈറ്റ്‌സിലുള്ള ഒരു സാക്ഷിയുടെ വീട്ടിൽ വെച്ച്‌ അന്നു വൈകുന്നേരം ഞങ്ങൾ വിവാഹിതരായി. ഏതാനും സുഹൃത്തുക്കളുമൊത്ത്‌ അടുത്തുള്ള ഒരു റെസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചിട്ട്‌, പൊതുവാഹനത്തിൽ ന്യൂ ജേഴ്‌സിയിലെ ന്യൂവാർക്കിലുള്ള റാൽഫിന്റെ ട്രെയിലറിലേക്കു ഞങ്ങൾ മടങ്ങി.

അതിനുശേഷം അധികംവൈകാതെ, ഞങ്ങൾ വിർജീനിയയിലുള്ള ഹിത്‌സ്‌വില്ലിലേക്കു തിരിച്ചു. അതായിരുന്നു ഞങ്ങൾ ഇരുവരുടെയും ഒന്നിച്ചുള്ള ആദ്യത്തെ നിയമിത പ്രദേശം. നോർത്തമ്പെർലൻഡ്‌ കൗണ്ടി പ്രവർത്തിച്ചു തീർത്ത ശേഷം, ഞങ്ങൾ പെൻസിൽവേനിയയിലെ ഫുൽട്ടൻ, ഫ്രാങ്ക്‌ളിൻ എന്നീ കൗണ്ടികളിലേക്കു പോയി. 1939-ൽ, റാൽഫിന്‌ മേഖലാ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള ക്ഷണം ലഭിച്ചു. അതിൽ ധാരാളം സഭകൾ മാറിമാറി സന്ദർശിക്കുന്നത്‌ ഉൾപ്പെട്ടിരുന്നു. ടെനെസി സംസ്ഥാനത്തെ സഭകളിലാണ്‌ ഞങ്ങൾ സേവനമനുഷ്‌ഠിച്ചത്‌. പിറ്റേ വർഷം ഞങ്ങളുടെ മകൻ അലൻ ജനിച്ചു. 1941-ൽ ഞങ്ങളുടെ മേഖലാ പ്രവർത്തനത്തിനു വിരാമമായി. ഞങ്ങളെ വിർജീനിയയിലെ മെരിയോണിൽ പ്രത്യേക പയനിയർമാരായി നിയമിച്ചു. അക്കാലത്ത്‌ ഞങ്ങൾക്കു മാസം 200 മണിക്കൂർ പ്രവർത്തിക്കണമായിരുന്നു.

പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നു

1943 ആയപ്പോഴേക്കും, പ്രത്യേക പയനിയർ എന്ന നിലയിലുള്ള പ്രവർത്തനം എനിക്കു നിറുത്തേണ്ടി വന്നു. ചെറിയൊരു ട്രെയിലറിൽ താമസിച്ചുകൊണ്ട്‌ ഒരു കൊച്ചുകുഞ്ഞിനെ നോക്കണം, ആഹാരം പാകംചെയ്യണം, വസ്‌ത്രം അലക്കണം, ഇതിന്റെയൊക്കെ പുറമേ പ്രത്യേക പയനിയറായി തുടരുക എന്നെ സംബന്ധിച്ചിടത്തോളം തീർത്തും അസാധ്യമായിരുന്നു. മാസം ഏകദേശം 60 മണിക്കൂർ മാത്രമേ എനിക്കു ശുശ്രൂഷയിൽ ചെലവഴിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ റാൽഫ്‌ ഒരു പ്രത്യേക പയനിയറായി തുടരുക തന്നെ ചെയ്‌തു.

1945-ൽ, ഒഹായോവിലെ അലൈയൻസിലേക്ക്‌ ഞങ്ങൾ തിരികെപോയി. ഒമ്പതുവർഷം ഞങ്ങളുടെ വീടായിരുന്ന ആ ട്രെയിലർ വിറ്റിട്ട്‌ എന്റെ മാതാപിതാക്കളുടെ കൂടെ ഞങ്ങൾ ഫാംഹൗസിൽ താമസം ആരംഭിച്ചു. അവിടത്തെ മുൻവശത്തെ മുറിയിലാണ്‌ ഞങ്ങളുടെ മകൾ റിബേക്ക ജനിച്ചത്‌. റാൽഫ്‌ പട്ടണത്തിൽ ഒരു അംശകാല ജോലി കണ്ടുപിടിച്ചു. ഒപ്പം, സാധാരണ പയനിയറിങ്ങും തുടർന്നു. ഞാനാണെങ്കിൽ, ഫാമിലെ പണികളൊക്കെ ചെയ്‌തുകൊണ്ട്‌ ഒരു പയനിയറായി തുടരാൻ റാൽഫിനെ പരമാവധി സഹായിച്ചു. എന്റെ വീട്ടുകാർ ഞങ്ങൾക്കു വീടും നിലവും വെറുതെ തരാമെന്നു പറഞ്ഞെങ്കിലും റാൽഫിന്‌ അതു സമ്മതം ആയിരുന്നില്ല. രാജ്യതാത്‌പര്യങ്ങൾ ഏറ്റവും മെച്ചമായി പിന്തുടരുന്നതിൽ നിന്ന്‌ യാതൊന്നും തന്നെ തടസ്സപ്പെടുത്താൻ റാൽഫ്‌ ഇഷ്ടപ്പെട്ടില്ല എന്നതായിരുന്നു കാരണം.

1950-ൽ ഞങ്ങൾ പെൻസിൽവേനിയയിലെ പോട്ട്‌സ്‌ടൗണിലേക്കു താമസം മാറ്റി. അവിടെ മാസം 25 ഡോളർ വാടകയ്‌ക്ക്‌ ഒരു വീട്‌ എടുത്തു. അടുത്ത 30 വർഷംകൊണ്ട്‌ വീട്ടുവാടകയിൽ ആകെ ഉണ്ടായ വർധനവ്‌ വെറും 50 ഡോളറാണ്‌. ലളിതമായ ഒരു ജീവിതം നയിക്കാൻ യഹോവ ഞങ്ങളെ സഹായിക്കുകയാണെന്നു ഞങ്ങൾക്കു തോന്നി. (മത്തായി 6:31-33) ആഴ്‌ചയിൽ മൂന്നു ദിവസം റാൽഫ്‌ ഒരു ബാർബറായി ജോലി ചെയ്‌തിരുന്നു. എല്ലാ ആഴ്‌ചയിലും ഞങ്ങൾ കുട്ടികളെ രണ്ടുപേരെയും ബൈബിൾ പഠിപ്പിക്കുകയും അവരോടൊത്ത്‌ സഭായോഗങ്ങളിൽ പങ്കെടുക്കുകയും രാജ്യസുവാർത്താ പ്രസംഗവേലയിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. പ്രാദേശിക സഭയിലെ അധ്യക്ഷ മേൽവിചാരകൻ ആയിരുന്നു റാൽഫ്‌. ലളിതമായ ജീവിതം നയിക്കാൻ ശ്രദ്ധിച്ചതുകൊണ്ട്‌ ഞങ്ങൾക്ക്‌ യഹോവയുടെ സേവനത്തിൽ വളരെയധികം ചെയ്യുന്നതിനു സാധിച്ചു.

എന്റെ പ്രിയ ഭർത്താവിന്റെ വേർപാട്‌

1981 മേയ്‌ 17. ഞങ്ങൾ രാജ്യഹാളിൽ ഒരു പരസ്യപ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ്‌ റാൽഫിന്‌ ആകെ ഒരു അസ്വസ്ഥത തോന്നിയത്‌. അദ്ദേഹം എഴുന്നേറ്റ്‌ ഹാളിന്റെ പുറകിലേക്കു പോയി. താൻ വീട്ടിലേക്കു പോകുകയാണ്‌ എന്നു കാണിച്ചുകൊണ്ടുള്ള ഒരു കുറിപ്പ്‌ അദ്ദേഹം ഒരു സേവകന്റെ കൈയിൽ എനിക്കു കൊടുത്തുവിട്ടു. റാൽഫ്‌ ഒരിക്കലും അങ്ങനെ ചെയ്യാത്തതാണല്ലോ എന്നോർത്ത്‌ ഞാൻ ആരോടോ ഉടനെതന്നെ എന്നെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനകം കടുത്ത മസ്‌തിഷ്‌കാഘാതത്തെ തുടർന്ന്‌ റാൽഫ്‌ മരിച്ചു. അന്നു രാവിലെ വീക്ഷാഗോപുര അധ്യയനം കഴിഞ്ഞപ്പോൾ റാൽഫിന്റെ മരണ വാർത്ത സഭയെ അറിയിച്ചു.

ആ മാസം, റാൽഫ്‌ അപ്പോൾത്തന്നെ 50 മണിക്കൂറിലധികം ശുശ്രൂഷയിൽ ചെലവഴിച്ചിട്ടുണ്ടായിരുന്നു. ഒരു പയനിയർ എന്ന നിലയിൽ അദ്ദേഹം 46 വർഷത്തിലധികം കാലം മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചു. അദ്ദേഹം ബൈബിളധ്യയനം നടത്തിയിട്ടുള്ള നൂറിലധികം ആളുകൾ ക്രമേണ യഹോവയുടെ സ്‌നാപനമേറ്റ സാക്ഷികളായിത്തീർന്നു. വർഷങ്ങളിലുടനീളം ഞങ്ങൾ നടത്തിയ ത്യാഗങ്ങൾക്കു തക്ക മൂല്യമുള്ളതായിരുന്നു ഞങ്ങൾക്കു ലഭിച്ച ആത്മീയ അനുഗ്രഹങ്ങൾ.

പദവികൾക്കു നന്ദിയുള്ളവൾ

കഴിഞ്ഞ 18 വർഷമായി ജീവിതയാത്രയിൽ ഞാൻ തനിച്ചാണ്‌. യോഗങ്ങൾക്കു ഹാജരായിക്കൊണ്ടും മറ്റുള്ളവരോട്‌ സുവാർത്ത പ്രസംഗിക്കുന്നതിൽ എന്റെ പരമാവധി ചെയ്‌തുകൊണ്ടും ദൈവവചനം പഠിച്ചുകൊണ്ടും ഞാൻ സമയം ചെലവഴിക്കുന്നു. ഇപ്പോൾ ഞാൻ ‘മുതിർന്ന പൗരന്മാർ’ക്കുള്ള ഒരു റിട്ടയർമെന്റ്‌ അപ്പാർട്ട്‌മെന്റിലാണ്‌ താമസിക്കുന്നത്‌. തീരെ കുറച്ചു വീട്ടുസാമാനങ്ങൾ മാത്രമേ എനിക്കുള്ളൂ, ടെലിവിഷൻ ഞാൻ വേണ്ടെന്നു വെച്ചു. എങ്കിലും എന്റെ ജീവിതം ധന്യമാണ്‌, ആത്മീയമായി സമ്പന്നവും. എന്റെ മാതാപിതാക്കളും രണ്ടു സഹോദരന്മാരും മരണം വരെ യഹോവയെ വിശ്വസ്‌തമായി സേവിച്ചു. എന്റെ അനുജത്തിമാർ രണ്ടുപേരും സത്യത്തിന്റെ പാതയിൽ വിശ്വസ്‌തതയോടെ നടക്കുന്നതിൽ തുടരുന്നു.

എന്റെ മകൻ അലൻ ഒരു ക്രിസ്‌തീയ മൂപ്പനായി സേവിക്കുന്നതു കാണുന്നതിലെ വലിയ സന്തോഷം എനിക്കുണ്ട്‌. രാജ്യഹാളുകളിലും സമ്മേളനഹാളുകളിലും വേനൽക്കാല കൺവെൻഷൻസ്ഥലങ്ങളിലും മൈക്കും മറ്റു ശബ്ദസജ്ജീകരണങ്ങളും ഘടിപ്പിക്കുന്നതിൽ അവൻ വർഷങ്ങളായി ഒരു പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്‌. അവന്റെ ഭാര്യ ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുന്നു. അവരുടെ രണ്ട്‌ ആൺമക്കളും മൂപ്പന്മാരാണ്‌. എന്റെ മകൾ റിബേക്ക കാരെസ്‌, യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിനിൽ ഉള്ള ലോകാസ്ഥാനത്ത്‌ സേവിച്ച നാലുവർഷം ഉൾപ്പെടെ മുഴുസമയ ശുശ്രൂഷയിൽ 35-ലധികം വർഷം ചെലവഴിച്ചിരിക്കുന്നു. കഴിഞ്ഞ 25 വർഷമായി അവളും ഭർത്താവും ഐക്യനാടുകളുടെ വിവിധഭാഗങ്ങളിൽ സഞ്ചാരവേലയിൽ ഏർപ്പെടുന്നു.

ഒളിച്ചുവെച്ചിരിക്കുന്നതും എന്നാൽ കണ്ടുപിടിക്കാൻ കഴിയുന്നതുമായ നിധി പോലെ ആണ്‌ രാജ്യം എന്ന്‌ യേശു പറയുകയുണ്ടായി. (മത്തായി 13:44) അനേക വർഷങ്ങൾക്കു മുമ്പുതന്നെ എന്റെ വീട്ടുകാർ ആ നിധി കണ്ടെത്തിയതിൽ ഞാൻ നന്ദിയുള്ളവളാണ്‌. തെല്ലും ഖേദമില്ലാതെ, ദൈവത്തോടുള്ള 80-ലധികം വർഷത്തെ സമർപ്പിത ജീവിതത്തിലേക്കു പിന്തിരിഞ്ഞുനോക്കാൻ കഴിയുന്നത്‌ എന്തൊരു പദവിയാണ്‌! എന്റെ ജീവിതയാത്ര ഒരിക്കൽക്കൂടെ ആവർത്തിക്കാൻ എനിക്കാകുമെങ്കിൽ, ഇതുവരെ ജീവിച്ചതുപോലെ തന്നെയേ ഞാൻ വീണ്ടും ജീവിക്കൂ. കാരണം, ‘ദൈവത്തിന്റെ കാരുണ്യം [“സ്‌നേഹദയ,” NW] ജീവനെക്കാൾ കാമ്യമാണ്‌.’—സങ്കീർത്തനം 63:3, പി.ഒ.സി. ബൈബിൾ.

[അടിക്കുറിപ്പുകൾ]

^ ഖ. 17 വേദാധ്യയന പത്രികയുടെ ഏഴാമത്തെ വാല്യമായിരുന്നു പൂർത്തിയായ മർമം. ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ ആയിരുന്നു ആദ്യത്തെ ആറു വാല്യങ്ങളും എഴുതിയത്‌. റസ്സലിന്റെ മരണത്തിനു ശേഷമാണ്‌ പൂർത്തിയായ മർമം പ്രസിദ്ധീകരിക്കപ്പെട്ടത്‌.

[23-ാം പേജിലെ ചിത്രം]

1917-ൽ, ഒഹായോവിലെ അലൈയൻസിൽ വെച്ച്‌ ഞങ്ങൾ റഥർഫോർഡ്‌ സഹോദരന്റെ പ്രസംഗം കേട്ടു

[23-ാം പേജിലെ ചിത്രം]

റാൽഫിനോടൊപ്പം അദ്ദേഹം നിർമിച്ച ട്രെയിലറിനു മുന്നിൽ

[24-ാം പേജിലെ ചിത്രം]

എന്റെ രണ്ടു മക്കളോടൊപ്പം ഇന്ന്‌